TopTop
Begin typing your search above and press return to search.

ആമി വരുന്നു; വര്‍ഗീയ ഫാസിസ്റ്റ് കാലത്ത് അനിവാര്യമായ ഒരു സിനിമ: കമല്‍/അഭിമുഖം

ആമി വരുന്നു; വര്‍ഗീയ ഫാസിസ്റ്റ് കാലത്ത് അനിവാര്യമായ ഒരു സിനിമ: കമല്‍/അഭിമുഖം

മലയാളിയുടെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമാകുന്ന ചിത്രമാണ് ആമി. കഥാകാരിയുടെ ജീവിതം പോലെ തന്നെ, ചിത്രീകരണത്തിന് മുമ്പ് തന്നെ വിവാദങ്ങളും സിനിമയ്‌ക്കൊപ്പം ചേര്‍ന്നു. മാധവിക്കുട്ടിയുടെ എഴുത്തും ജീവിതവും അഭ്രപാളിയിലെത്തുമ്പോള്‍ കമല സുരയ്യയിലേക്കുള്ള മതം മാറ്റമുള്‍പ്പെടെയുള്ളവ ചര്‍ച്ചയാകുമെന്നത് തന്നെയായിരുന്നു വിവാദങ്ങളെ ക്ഷണിച്ച് വരുത്തിയത്. മാധവിക്കുട്ടിയായി സംവിധായകന്‍ കമല്‍ കണ്ടെത്തിയ ബോളിവുഡ് താരം വിദ്യാ ബാലന്റെ അപ്രതീക്ഷിത പിന്‍മാറ്റവും വാര്‍ത്തകളില്‍ ഇടം പിടിച്ചു. പ്രതിസന്ധികള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ആമി ഫെബ്രുവരി 9-ന് തീയറ്ററിലെത്തുമ്പോള്‍ ചിത്രത്തിന്റെ സംവിധായകന്‍ കമല്‍ അഴിമുഖവുമായി സംസാരിക്കുന്നു

തുടക്കം മുതല്‍ വിവാദം, പ്രതിസന്ധി... പല തവണ ചിത്രീകരണം മാറ്റിവയ്‌ക്കേണ്ടി വരുന്നു... എല്ലാം തരണം ചെയ്ത് ആമി തിയേറ്ററുകളിലേക്ക് എത്തുകയാണ്...

പരീക്ഷ കഴിഞ്ഞ് റിസല്‍ട്ട് കാത്തിരിക്കുന്ന വിദ്യാര്‍ത്ഥിയെ പോലെയാണ് ഇപ്പോഴത്തെ അവസ്ഥ. കാരണം, മാധവിക്കുട്ടിയെ എല്ലാവര്‍ക്കും അറിയാം. അത്രമേല്‍ പ്രിയപ്പെട്ട എഴുത്തുകാരിയാണ് അവര്‍. ഓരോ വായനക്കാരന്റെയും മനസില്‍ അവര്‍ കണ്ട ഒരു മാധവിക്കുട്ടിയുണ്ട്. പക്ഷെ എന്റെ ചിത്രത്തിലെ മാധവിക്കുട്ടി ഞാന്‍ കണ്ട, ഉള്‍ക്കൊണ്ട, വായനയിലൂടെ അറിഞ്ഞ കഥാകാരിയാണ്. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ ചിത്രത്തെ എങ്ങനെ സ്വീകരിക്കും എന്നൊരു ആശങ്കയുണ്ട്.

അതേസമയം തന്നെ ചിത്രീകരണം പൂര്‍ത്തിയായശേഷം സിനിമ എനിക്ക് അത്രമേല്‍ സംതൃപ്തി നല്‍കുന്നുമുണ്ട്. പ്രേക്ഷകരുടെ ഭാഗത്തു നിന്നും അനുകൂല പ്രതികരണങ്ങള്‍ തന്നെ പ്രതീക്ഷിക്കുകയാണ്.

മലയാളി ആഴത്തില്‍ അറിഞ്ഞ, മനസിലാക്കിയ ഒരു കഥാകാരിയെ ചിത്രീകരിക്കുമ്പോള്‍...

മാധവിക്കുട്ടി എല്ലാം തുറന്ന് എഴുതിയിരുന്നു. അതുതന്നെയാണ് അവരോട് ഇത്രയേറെ സ്‌നേഹവും. സ്വപ്‌നവും പ്രണയവും വിരഹവും എല്ലാം, ഒളിയില്ലാതെ, മറയില്ലാതെ പറഞ്ഞു വെച്ചു. അതാണ് അവരെ വേറിട്ട് നിര്‍ത്തിയത്... സ്ത്രീകളുടെ പരമിതികളെ മാറ്റിവെച്ച്, അര്‍ഹതപ്പെട്ട സ്വാതന്ത്ര്യത്തില്‍ ജീവിച്ചു മാധവിക്കുട്ടി. യഥാര്‍ത്ഥ ജീവിതമാണോ സങ്കല്‍പ്പമാണോ സ്വപ്‌നമാണോ എഴുതിയതത്രയുമെന്ന് അവര്‍ക്ക് പോലും അറിയുമായിരുന്നില്ല. 'എന്റെ കഥ' ആത്മകഥയാണെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് സ്വപ്‌നമെന്ന് തിരുത്തി. കലര്‍പ്പിലാത്ത എഴുത്തുകാരി കാല്‍പനികമായ എഴുത്തിലൂടെ എല്ലാം സത്യമാണെന്ന് വിശ്വസിപ്പിച്ചു. അതു തന്നെയാണ് സംവിധായകന്‍ നോക്കിക്കാണുന്ന മാധവിക്കുട്ടി. സ്വപ്‌നത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയില്‍... മുഴുവന്‍ സ്വപ്‌നമായോ യാഥാര്‍ത്ഥ്യമായോ ചിത്രീകരിക്കാനാവില്ല. ആ നൂല്‍പ്പാലത്തില്‍ കൂടി തന്നെയാണ് ചിത്രത്തിലെ ആമിയുടെ സഞ്ചാരം.

ആമിയാകാന്‍ ആദ്യം കണ്ടത് വിദ്യ ബാലനെയായിരുന്നല്ലോ. അവരാ വേഷം നിരസിച്ചു. പിന്നീട് മഞ്ജു വാര്യര്‍ വന്നു. സംവിധായകന്‍ കണ്ട മാധവിക്കുട്ടിയിലേക്ക് മഞ്ജു എത്തിയോ?

ആദ്യം തന്നെ പറയട്ടെ വിദ്യാബാലന്‍ നിരസിച്ചതല്ല... പിന്‍മാറിയതാണ്. അത് കഥാപാത്രമോ കഥയോ ഇഷ്ടപ്പെടാതെ ആയിരുന്നില്ല. പകരം ചില ബാഹ്യ പ്രേരണകളാണ് അതിന് കാരണം. പക്ഷെ ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണ്. വിദ്യക്ക് വേണ്ടി കണ്ടിരുന്ന മാധവിക്കുട്ടിയല്ല മഞ്ജു ചെയ്തത്. വിദ്യ ചെയ്തിരുന്നെങ്കില്‍ അതില്‍ കുറച്ച് ലൈംഗികതയൊക്കെ കടന്ന് വരുമായിരുന്നു. ഞാന്‍ പോലും വേണ്ടത്ര ശ്രദ്ധിക്കാത്ത ഒരു പാര്‍ട്ട് ആയിരുന്നു അത്. പക്ഷെ മഞ്ജുവിലേക്ക് എത്തുമ്പോള്‍ സാധാരണ തൃശൂര്‍ക്കാരിയുടെ നാട്ടുഭാഷയില്‍ പെരുമാറുന്ന മാധവിക്കുട്ടിയെ അവതരിപ്പിക്കാനായി. മാധവിക്കുട്ടി അന്താരാഷ്ട്ര തലത്തില്‍ പോലും ശ്രദ്ധിക്കപ്പെട്ട സാഹിത്യക്കാരിയായിരുന്നെങ്കിലും അടിസ്ഥാനപരമായി അവര്‍ ഒരു സാധാരണ മലയാളി സ്ത്രീ ആയിരുന്നു. ആ പരിചിത കഥാകാരിയാവാന്‍ വിദ്യാ ബാലനെക്കാള്‍ കഴിയുന്നത് മഞ്ജുവിന് തന്നെയാണ്.

പിന്നെ എന്തുകൊണ്ട് ആദ്യം കാസ്റ്റ് ചെയ്തില്ല എന്ന് ചോദിച്ചാല്‍ മെയ്ക്ക് ഓവര്‍ ശരിയാകുമോ എന്ന് ഒരു ചെറിയ ആശയകുഴപ്പമുണ്ടായി. പക്ഷെ മഞ്ജു ശരിക്കും വിസ്മയിപ്പിച്ചു. വളരെ പെട്ടെന്ന്, രണ്ട് ദിവസത്തിനുള്ളില്‍ മഞ്ജു, മാധവിക്കുട്ടിയായി മാറി. വലിയ തിരുത്തലുകളൊന്നും വേണ്ടി വന്നില്ല. ആ തീഷ്ണതയും സങ്കീര്‍ണതയുമൊക്കെ അനായാസം ചെയ്യുന്ന മഞ്ജു എന്നെ അത്ഭുതപ്പെടുത്തി. ഇപ്പോള്‍ തിരിഞ്ഞ് ചിന്തിക്കുമ്പോള്‍ വിദ്യ പിന്‍മാറിയത് ദൈവാനുഗ്രഹമായി കാണുന്നു. ഞാന്‍ ആഗ്രഹിച്ച മാധവിക്കുട്ടിയെ കുറച്ചുകൂടി നല്ല രീതിയില്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. അതില്‍ സന്തോഷവും സമാധാനവും ഉണ്ട്. അതുകൊണ്ട് തന്നെ വിദ്യ പിന്‍മാറിയതില്‍ നഷ്ടബോധമില്ല.

വിദ്യാ ബാലന്റെ പിന്‍മാറ്റത്തിന് ശേഷവും മഞ്ജുവില്‍ എത്താന്‍ താമസിച്ചത് എന്തുകൊണ്ടായിരുന്നു?

അത് ശരിക്കും ഞാന്‍ തിരിച്ചറിയാന്‍ വൈകിയതാണ്. പക്ഷെ എന്റെ ചുറ്റുമുള്ളവര്‍ തിരിച്ചറിഞ്ഞിരുന്നു. വിദ്യ പിന്‍മാറിയപ്പോള്‍ പുതുമുഖത്തെ വരെ തിരഞ്ഞു. പിന്നീട് നിര്‍മാതാവ് തന്നെ മഞ്ജു എന്നു പറഞ്ഞപ്പോള്‍, ഒരാള്‍ (വിദ്യ ബാലന്‍) പിന്‍മാറിയ കഥാപാത്രത്തിലേക്ക് മഞ്ജു വരുമോ എന്ന ആശങ്ക. പകരക്കാരിയാണോ എന്ന് മഞ്ജു ചിന്തിക്കുമോ എന്നൊക്കെയുള്ള ഭയം മൂലം ഓരോ തവണയും ശ്രമം ഉപേക്ഷിച്ചു. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ഒരു ദിവസം മഞ്ജുവിനെ വിളിച്ച് ചോദിച്ചു. 'എന്നെ വിളിച്ചല്ലോ, സന്തോഷമായി. പലരും വിളിച്ച് ചോദിച്ചിരുന്നു കമല്‍ സര്‍ വിളിച്ചോ ആമിയിലേക്കെന്ന്'; മഞ്ജുവിന്റെ ആ വാക്കുകള്‍ ശരിക്കും എനിക്കൊരു സര്‍പ്രൈസ് ആയിരുന്നു... ബുദ്ധിമുട്ടാകുമോയെന്ന് കരുതിയാണ് ചോദിക്കാതിരുന്നത് എന്നും പറഞ്ഞപ്പോള്‍ മഞ്ജു പറഞ്ഞത്, 'മാധവിക്കുട്ടി ആയിട്ട് അഭിനയിക്കാന്‍ ഏത് നടിയാണ് ആഗ്രഹിക്കാത്തത് എന്നായിരുന്നു'. അപ്പോള്‍ നമ്മള്‍ ചെയ്യുന്നു അല്ലേ എന്ന് ചോദിച്ചു ഞാന്‍... 'സാറിന് ആത്മവിശ്വാസമുണ്ടെങ്കില്‍' എന്ന് മഞ്ജു ചിരിച്ചോണ്ട് മറുപടി പറഞ്ഞു. പിന്നെ സ്‌ക്രിപ്റ്റ് അയച്ചു കൊടുത്തു.

വിവാദങ്ങള്‍ ഏതെങ്കിലും തരത്തില്‍ സിനിമയുടെ കഥാഗതിയെ ബാധിക്കുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടുണ്ടോ?

ഇല്ല, വിവാദങ്ങള്‍ അങ്ങനെ ചിത്രത്തെ ബാധിച്ചിട്ടില്ല. ഞാന്‍ ചെയ്തത് എന്റെ സ്വപ്‌നമാണ്. പക്ഷെ വിവാദങ്ങളെ പ്രതീക്ഷിച്ചിരുന്നു. വിവാദ നായികയെ പറ്റിയുള്ള സിനിമയാകുമ്പോള്‍ വിവാദങ്ങള്‍ സ്വഭാവികമാണല്ലോ... മതത്തിന്റെയും ജാതിയുടേയും പേരില്‍ വര്‍ഗീയ ഫാസിസം പിടിമുറുക്കുന്ന കാലഘട്ടത്തിലാണ് മാധവിക്കുട്ടി അതിനെതിരെ ഒറ്റപ്പെട്ടതെങ്കിലും ശബ്ദമുയര്‍ത്തുന്നത്. അതുകൊണ്ട് തന്നെ ഈ സിനിമ കാലഘട്ടത്തിന്റെ അനിവാര്യതയാണ് എന്ന് ഞാന്‍ കരുതുന്നു. ഇപ്പോഴല്ലെങ്കില്‍ പിന്നീട് ആ സിനിമ ചെയ്യാനോ ചെയ്തിട്ടോ കാര്യമില്ല. ഇനി റിലീസാകുന്ന സമയത്ത് വിവാദങ്ങള്‍ക്ക് സാധ്യതയുണ്ട്. ഏതായാലും കാത്തിരിക്കുകയാണ്... ചിത്രം ഫെബ്രുവരി ഒമ്പതിനു തിയേറ്ററില്‍ എത്തട്ടെ.

ഇത്തരം വിവാദങ്ങള്‍ക്ക് പിന്നില്‍ ഏതെങ്കിലും തരത്തിലുളള പ്രത്യേക താല്‍പര്യം ഉണ്ടെന്ന് കരുതുന്നുണ്ടോ?

ഊഹിക്കാവുന്നതല്ലേയുളളു. വര്‍ഗീയ ഫാസിസ്റ്റികള്‍ക്ക് മാധവിക്കുട്ടിയുടെ അവസാന കാലഘട്ടങ്ങള്‍, പ്രത്യേകിച്ച് കമല സുരയ്യയിലേക്കുള്ള മാറ്റം അംഗീകരിക്കാന്‍ പറ്റില്ല. അതാണ് ഈ വിവാദങ്ങളുടെ ഒക്കെ പ്രധാന കാരണം എന്ന് തോന്നുന്നു. പക്ഷെ മാധവിക്കുട്ടിയുടെ ജീവിതം പറയുമ്പോള്‍ ഇതൊന്നും മാറ്റി നിര്‍ത്താനാവില്ല.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് കത്തി വയ്ക്കുന്ന കാലമാണ്?

വളരെ ശരിയാണ്. ഇപ്പോള്‍ പത്മാവതി സിനിമയ്ക്ക് സംഭവിച്ചത് നമ്മള്‍ കണ്ടു. പക്ഷെ പേര് മാറ്റിയതു കൊണ്ട് സിനിമയ്ക്ക് ഒരു മാറ്റവും സംഭവിക്കുന്നില്ല. പിന്നെ എന്തു നേട്ടമാണ് ഉണ്ടാകുന്നതെന്ന് മനസിലാക്കുന്നില്ല... ആമിയുടെ കാര്യത്തിലും ഇപ്പോള്‍ ഒന്നും പറയാനാകില്ല. നമ്മള്‍ക്ക് കുഴപ്പമില്ലാന്ന് തോന്നുന്ന പലതും സെന്‍സര്‍ ബോര്‍ഡിന് കുഴപ്പമായേക്കാം. അതുകൊണ്ട് വലിയ കട്ട് ഒന്നും ഉണ്ടായില്ലെങ്കില്‍ എന്റെ സ്വപ്‌ന സിനിമ അങ്ങനെ തന്നെ തിയേറ്ററില്‍ കാണാം.

ആമി പുറത്തിറങ്ങുന്നതോടെ സംവിധായകനെന്ന നിലയില്‍ കമലിന് ഉണ്ടായേക്കാവുന്ന മാറ്റം?

പ്രധാനമായും എന്റെ സിനിമ ജീവിതത്തില്‍ ഞാന്‍ ഇത്ര നന്നായിട്ട് ഹാര്‍ഡ് വര്‍ക്ക് ചെയ്ത മറ്റൊരു ചിത്രമില്ല എന്ന് തന്നെ പറയാം. മാത്രമല്ല, ഈ ചിത്രം വലിയൊരു റിസ്‌കാണെന്ന് എനിക്ക് അറിയാം... അതിന്റെ പൂര്‍ണ ഉത്തരവാദിത്വം എനിക്കാണ്. കാരണം, ഞാന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്. പ്രേക്ഷകര്‍ സ്വീകരിക്കാനും തിരസ്‌കരിക്കാനും സാധ്യതയുണ്ട്.

ആദ്യം സെല്ലുലോയ്ഡ്, ഇപ്പോള്‍ ആമി... എന്തുകൊണ്ട് ബയോപിക്?

സെല്ലുലോയ്ഡ് യാദൃശ്ചികമായി സംഭവിച്ചതാണ്. ജെ സി ഡാനിയേലിനെയും പി കെ റോസിയെയും കുറിച്ച് അറിഞ്ഞപ്പോള്‍ ആ ജീവിതങ്ങള്‍ എന്നെ സ്പര്‍ശിച്ചു. അവര്‍ അറിയപ്പെടാതെ പോകരുത് എന്ന് ആഗ്രഹിച്ചു. അവരെ രേഖപ്പെടുത്തണം എന്ന് തോന്നി. മാത്രമല്ല കുറച്ചൂടെ ആഴത്തിലുള്ളൊരു സിനിമാ അനുഭവം തന്നെയായിരുന്നു അത്. പൂര്‍ണതൃപ്തി തരുന്ന തരത്തിലുള്ള ഒരു സിനിമ. ബയോപിക് കൂടുതല്‍ വെല്ലുവിളിയുള്ളതാണ്. മാത്രമല്ല, ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു. അങ്ങനെ അടുത്തത് ആരെ കുറിച്ച് ചെയ്യാം എന്ന ആലോചനയില്‍ നിന്നാണ് മാധവിക്കുട്ടിയിലേക്കെത്തുന്നത്. മാധവിക്കുട്ടിലേക്കെത്തുമ്പോള്‍ ഇത്രയേറെ വിചിത്രമായി ജിവിച്ച വേറെ ഒരാളെ നമുക്ക് കണ്ടെത്താനാവില്ല. കലര്‍പ്പിലാത്ത എഴുത്തും ജീവിതവും, വിസ്മയിപ്പിക്കുന്ന, അത്ഭുതപ്പെടുത്തുന്ന, നമുക്ക് അവരെ അങ്ങനെ ഒറ്റവാക്കിലൊന്നും വിശേഷിപ്പിക്കാന്‍ പോലും ആവില്ല. ഏതായാലും ഞാന്‍ കണ്ട മാധവിക്കുട്ടി പൂര്‍ണ്ണ തൃപ്തിയില്‍ ചിത്രീകരിക്കാന്‍ കളിഞ്ഞിട്ടുണ്ട്. ഇനി എല്ലാം പ്രേക്ഷകരുടെ കൈയിലാണ്. ബാക്കിയൊക്കെ ചിത്രം തീയറ്ററില്‍ എത്തിയ ശേഷം പറയാം...

http://www.azhimukham.com/filmmaking-is-not-abkari-business-kamal-interview/

http://www.azhimukham.com/movie-director-kamal-speaks-on-superstars-and-new-generation/

http://www.azhimukham.com/kamal-early-cinema-life-thrasam-pnmenon-bharathan-pathmarajan-kamal-interview-saju/

http://www.azhimukham.com/aami-manjuwarrier-vidyabalan-sanghparivar-kamal-interview-saju/


Next Story

Related Stories