UPDATES

സിനിമ

അതേ പ്രണയം, അതേ ജൈവകൃഷി; അഭിയുടെയും അനുവിന്റെയും കഥ കുറച്ച് കടുപ്പമാണ്

മായാനദിക്ക് ലഭിച്ച ജനപ്രീതി ടോവിനൊ എന്ന നടന് മലയാള സിനിമയില്‍ വളര്‍ന്നു വരുന്ന ഒരു നായകനെന്ന പ്രതീക്ഷ പ്രേക്ഷകർക്ക് നേടിത്തന്നിരുന്നു

അനു ചന്ദ്ര

അനു ചന്ദ്ര

ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ഏഷ്യയിലെ പ്രഥമ വനിതയും പ്രശസ്ത സംവിധായകനും നിർമ്മാതാവും നടനുമായ ബി ആർ പന്തലുവിന്റെ മകളുമായ ബി.ആർ വിജയലക്ഷ്മി ആദ്യമായി സംവിധാന രംഗത്തേക്ക് കടക്കുന്ന സിനിമയാണ് ‘അഭിയുടെ കഥ അനുവിന്റെയും’. പ്രണയതിന്റെ ഇന്നേവരെ കണ്ടിട്ടുള്ള കാഴ്ചകളിൽ വ്യത്യസ്തതയും യാഥാർത്ഥ്യവും ചേർത്ത് വെച്ച ഒരു മനോഹര ചിത്രം എന്ന അവകാശവാദത്തോടെയാണ് ചിത്രം റിലീസിങ്ങിനും മുൻപേ മാർക്കറ്റ് ചെയ്യപ്പെട്ടത്. ദുൽഖർ സൽമാൻ നായകനായ സോളോക്ക് ശേഷം കേരളത്തിൽ പ്രദർശനത്തിനെത്തുന്ന ദ്വിഭാഷാ ചിത്രം കൂടിയാണ് അഭിയുടെ കഥ അനുവിന്റെയും.

മലയാളത്തിലും തമിഴിലും ഒരേ സമയത്ത് പ്രദർശനത്തിനെത്തിയ ഈ ചിത്രം തമിഴിലേക്കെത്തുമ്പോൾ അഭിയും അനുവും എന്ന പേരിൽ അറിയപ്പെടുകയും അഭിയായി ടോവിനോ തോമസും, അനുവായി പിയാ ബാജ്പേയും സ്ക്രീനിൽ എത്തുന്നു. ഒരു ഇടവേളയ്ക്കുശേഷം പിയാ ബാജ്പയ് അഭിനയത്തിലേക്ക് ഈ സിനിമയിലൂടെ തിരിച്ചെത്തുന്നു എന്നതും ഒരു പ്രത്യേകതയാണ്.

ടോവിനൊ കൈകാര്യം ചെയ്യുന്ന അഭിമന്യു എന്ന അഭി (കഥാപാത്രം) മലയാളിയാണ്. ഇപ്പോൾ ചെന്നൈയിലാണ് താമസം. ബിസിനസുകാരായ മാതാപിതാക്കളുടെ സമ്പന്നകുടുംബത്തിൽ ജനിച്ച അഭി അലസനും ചെന്നൈ നഗരത്തിൽ ഒറ്റയ്ക്ക് കൃത്യതയില്ലാത്ത ജീവിതം നായിക്കുന്നവനുമാണ്. അയൽക്കാരായി പാലക്കാട്ടുകാരായ ദമ്പതിമാരുണ്ട്. അവരാണ് ഇപ്പോൾ അഭിയുടെ മാതാപിതാക്കൾ.

സോഷ്യൽ മീഡിയയിലൂടെയാണ് അഭി അനുവിനെ പരിചയപ്പെടുന്നത്. വാഗമണ്ണിന്റെ അടുത്തുള്ള ഒരു ഗ്രാമത്തിലെ കർഷകയായ പെൺകുട്ടിയാണ് അനു. കൃഷിക്കാരിയായി ജീവിക്കുന്ന അമ്മയാണ് അനുവിന്റെ പ്രചോദനം. അമ്മയുടെ സഹായത്തോടെ അനു കാർഷികവിജ്ഞാനത്തിൽ ഉന്നത പഠനം നേടി നാട്ടിൽതന്നെ സ്വന്തമായി ജൈവകൃഷി ചെയ്യുകയാണ്.

ജൈവകൃഷിയുടെ ഗുണങ്ങളെപ്പറ്റി അനു തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തുന്നത്. സോഷ്യൽ മീഡിയയിലൂടെ അനുവിന് നല്ലതും ചീത്തയുമായ പ്രതികരണങ്ങൾ ഉണ്ടാവാറുണ്ട്. അതിൽ ആകൃഷ്ടനായ അഭി തപാൽമാർഗവും ഫോൺ, ഓണ്‍ലൈൻ വഴിയും വാഗമണ്ണിലെ അവളുടെ വീട്ടിൽ എത്തിയുമെല്ലാം പ്രണയം അറിയിക്കുകയാണ്. ശേഷം നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് കഥ പൂർത്തീകരിക്കുന്നത്.

കണ്ടുമടുത്ത ക്ലീഷേകളിൽ നിന്നും വ്യത്യസ്തമായ ഒന്നുംതന്നെ പറയാനില്ലാത്ത വിധത്തിൽ തന്നെയാണ് അഭിയുടെയും അനുവിന്റെയും പ്രണയവും കഥയും സംവിധായക പറഞ്ഞുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ പ്രണയത്തിന്റെ പുതിയതായ ഫീൽ ഒന്നും തന്നെ ഈ ചിത്രത്തിൽ കാണാനില്ല. തമിഴിലേക്കുള്ള അരങ്ങേറ്റം എന്ന നിലയിൽ ടോവിനോയുടെ കന്നി സംരംഭമായ ഈ ചിത്രം ഉള്ളടക്കത്തിന്റെ വെറുപ്പിക്കലാൽ പാഴായി പോയ ഒരു സംരംഭം ആണോ എന്നതും ഒരു ചോദ്യമാണ്.

മായാനദിക്ക് ലഭിച്ച ജനപ്രീതി ടോവിനൊ എന്ന നടന് മലയാള സിനിമയില്‍ വളര്‍ന്നു വരുന്ന ഒരു നായകനെന്ന പ്രതീക്ഷ പ്രേക്ഷകർക്ക് നേടിത്തരുമ്പോൾ തന്നെ നല്ലൊരു സംവിധായകന് കീഴില്‍ അയാളിലെ നടൻ സുരക്ഷിതനാണെന്നും അല്ലാത്തപക്ഷം ഒന്നുമല്ലെന്നും ഈ സിനിമ വ്യക്തമാക്കുന്നുണ്ട്. സാധാരണ കണ്ടുമടുത്ത പ്രണയമല്ല ചിത്രത്തിലൂടെ സംവിധായക പറയാൻ ഉദ്ദേശിച്ചതെന്ന് ചിലയിടങ്ങളിൽ കണ്ടതാണെങ്കിലും ഒന്നു പറയട്ടെ, കഥയിലെ പ്രധാന ട്വിസ്റ്റ് എന്നു പറയുന്നത് വെറുപ്പിക്കലിന്റെ മാരക സംഭാവന തന്നെയാണ്.

സ്ത്രീ സംവിധായകമാരുടെ സൃഷ്ടികൾ, വീക്ഷണകോണുകൾ എല്ലാം എന്നും പുതുമ നില നിർത്തുന്നതാണ്. എന്നിട്ടും ആ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് തന്നെയാണ് ഈ സിനിമ മുമ്പോട്ട് വരുന്നത്. പതിവിൽനിന്ന് വ്യത്യസ്തമായി പിയ ബാജ്പേയിയുടെ അനുവിന് ആദ്യപകുതിയിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെങ്കിലും രണ്ടാംപകുതിയിൽ ഒരു വലിയ ക്രൂരകൃത്യം എന്നോണം തിരക്കഥ അവരിൽ നിന്ന് എന്തെല്ലാമോ ആവശ്യപ്പെടുന്നു. പിന്നീട് അവിടുന്നങ്ങോട്ട് അവരുടെ ആ ശ്രമങ്ങളാണ് കാണാൻ സാധിക്കുന്നത്. തികച്ചും കഠിനമായ ശ്രമങ്ങൾ.

മായാനദിക്ക് ശേഷമുള്ള ടോവിനൊയുടെ പ്രണയ ചിത്രത്തിനായുള്ള കാത്തിരിപ്പിനൊടുവിൽ സിനിമ വന്നപ്പോൾ അതിന്റെ ഫലം വലിയൊരു നിരാശ ആവുകയും ചെയ്തു. ഉദയ് മഹേഷ്, കെ ഷൺമുഖം എന്നിവർ ചേർന്ന് ഒരുക്കിയ സംഭാഷണങ്ങൾ പലപ്പോഴും നിരാശപ്പെടുത്തുന്നതായിരുന്നു. സുഹാസിനി രോഹിണി, പ്രഭു, മനോബാല എന്നിവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അഖിലിൻറെ ഛായാഗ്രഹണവും ധരൻ കുമാറിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ എഡിറ്റിംഗും എല്ലാം തരക്കേടില്ലാത്ത നിലവാരം നിലനിർത്തി എന്ന് പറയേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം വല്ലാത്തൊരു കഥ തന്നെയാണ് ഈ സിനിമ.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍