TopTop

ചുറ്റിലുമുള്ളതെല്ലാം മരണത്തിലേക്കടുപ്പിക്കുന്ന കാര്യങ്ങളായിത്തീരുന്ന നിമിഷങ്ങൾ; നിങ്ങൾ കണ്ടിട്ടുണ്ടോ പിഹു എന്ന ഈ പെൺകുട്ടിയെ?

ചുറ്റിലുമുള്ളതെല്ലാം മരണത്തിലേക്കടുപ്പിക്കുന്ന കാര്യങ്ങളായിത്തീരുന്ന നിമിഷങ്ങൾ; നിങ്ങൾ കണ്ടിട്ടുണ്ടോ പിഹു എന്ന ഈ പെൺകുട്ടിയെ?
രണ്ടര വയസുള്ള കുട്ടിയുടെ ഒന്നര മണിക്കൂർ സിനിമ. വടകര ഫാൽക്കെ ഫിലിം തിയറ്ററിൽ വെച്ചാണ് ഇന്നലെ രാത്രി 'പിഹു ' എന്ന ബോളിവുഡ് ചിത്രം കണ്ടത്.സംവിധായകൻ വിനോദ് കാപ്രിയുടേതാണ് ചിത്രമെങ്കിലും മൈറ വിശ്വകർമ്മ എന്ന കുട്ടിയുടെ അത്ഭുതകരമായ പെരുമാറ്റമാണ് / പ്രതിഭയാണ് ഈ ചിത്രത്തിൽ നിന്ന് ഒരു നിമിഷം പോലും പുറത്തേക്ക് കണ്ണെടുക്കാതിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. അത്രമാത്രം വൈകാരികമായ താദാത്മ്യം കാണിയും ദൃശ്യവും തമ്മിലുണ്ടാക്കിക്കൊണ്ടാണ് ഈ സിനിമ ചലിക്കുന്നത്. പേടിയുടെ മുനമ്പിലിരുന്ന് മാത്രം കാണാൻ കഴിയുന്ന ഈ സിനിമ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഒരു പത്രവാർത്തയെത്തുടർന്നാണ് ഇങ്ങനെയൊരു സിനിമയെക്കുറിച്ച് സംവിധായകൻ ആലോചിച്ചതത്രെ.

തലേന്നാൾ പിറന്നാളാഘോഷിച്ച ഫ്ലാറ്റിനകത്തുനിന്ന് പ്രഭാതത്തിലേക്ക് കണ്ണു തുറക്കുന്ന, പകലിന്റെ സൗന്ദര്യങ്ങളിലേക്ക് പിച്ചവെക്കുന്ന പിഹു എന്ന പെൺകുട്ടിയിൽ നിന്നാരംഭിക്കുന്ന സിനിമ. അലങ്കോലമായിക്കിടക്കുന്ന ഫ്ലാറ്റിനകത്തുനിന്ന് മമ്മാ... മമ്മാ... എന്നു വിളിച്ചുതുടങ്ങുന്ന പിഹു ആരുടെയും പ്രതികരണമില്ലാത്തതിനെത്തുടർന്ന് ഓണായിക്കിടന്ന ടി.വി ചാനൽ മാറ്റുകയും വിശക്കുമ്പോൾ ഫ്രിഡ്ജ് തുറക്കുകയും ഗ്യാസ് ഓണാക്കുകയും അമ്മയുമായി ഉണ്ടായ വഴക്കിനിടയിൽ അച്ഛൻ ഓഫാക്കാൻ മറന്നുപോയ, ചൂടായിക്കൊണ്ടേയിരിക്കുന്ന ഇസ്തിരിപ്പെട്ടി എന്തു ചെയ്യണമെന്നറിയാതെ അതിനിടയിൽ കളിക്കുകയുയും ഉറങ്ങുകയുമൊക്കെ ചെയ്യുകയാണ്. ചുറ്റിലുമുള്ളതെല്ലാം മരണത്തിലേക്കടുപ്പിക്കുന്ന കാര്യങ്ങളായിത്തീരുന്ന നിമിഷങ്ങൾ. അകത്തെ ഈ ദുരന്തത്തെക്കുറിച്ച് പുറംലോകമറിയുന്നതുവരെയുള്ള ഒരു ദിവസത്തെ ലോകം.

സിനിമ തുടങ്ങിയ നിമിഷം മുതൽ പിഹു നമ്മുടെ കുട്ടിയായി മാറുന്നുണ്ട്. ഒരു മുറിയിൽ രണ്ടര വയസുള്ള കുട്ടി ഒറ്റപ്പെട്ടാൽ എങ്ങനെയൊക്കെ പെരുമാറുമോ അതെല്ലാം സൂക്ഷ്മമായി ആവിഷ്കരിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പക്ഷെ ഇത്ര ചെറിയ കുട്ടിക്ക് എത്ര നിർദേശം കൊടുക്കാം. തൊണ്ണൂറു മിനുറ്റുള്ള സിനിമ ഷൂട്ട് ചെയ്യാൻ ദിവസങ്ങളെടുക്കില്ലേ.!
ആ ദിവസങ്ങളിലെല്ലാം മൈറ പിഹുവായി പകർന്നാടിയതിലാണ് നാം അത്ഭുതപ്പെടുക. ശരിക്കും ഒരു അരമണിക്കൂർ ഷോർട്ട് ഫിലിമിനുള്ള കഥയാണിതിന്റേത്.അതിനെ വലിച്ച് നീട്ടി ഒന്നരയിലേക്ക് എത്തിച്ചതാണ്. എന്നിട്ടും ഒട്ടും വലിയാതെ നമ്മളീ ദൃശ്യങ്ങളെ ആകാംഷയുടെ മുൾമുനയിലിരുന്നു കൊണ്ട് തുടരുന്നത് മൈറയുടെ പെരുമാറ്റം കൊണ്ടു മാത്രമാണ്‌. ഒരൊറ്റ ആക്ടർ അതും ചെറിയ കുട്ടി.നേരത്തെ സുനിൽ ദത്തിന്റെ യാദേനിലും, ടോം ഹാർഡി പകർന്നാടിയ സ്റ്റീവൻ നൈറ്റിന്റെ ലോക്കിലുമൊക്കെ ഒരൊറ്റ അഭിനേതാവാണെങ്കിലും അതൊക്കെ വലിയവരുടെ കളിയാണ്. ഇതങ്ങനെയല്ല. കുട്ടിക്കളിയാണ്. പക്ഷെ വലിയവരേക്കാൾ നന്നായി പെരുമാറി. അവിടെയാണ് മൈറ എന്ന പെൺകുട്ടി ഞെട്ടിച്ചത്.

കിടക്കയിൽ ഉറക്കഗുളിക കഴിച്ച് ആത്മഹത്യ ചെയ്തു കിടക്കുന്ന തന്റെ അമ്മയുടെ സാന്നിധ്യത്തിൽ മരണമെന്തെന്നോ തനിക്കു മുന്നിൽ സംഭവിക്കുന്ന അത്യാഹിതങ്ങളെന്തെന്നോ ഒന്നും മനസിലാവാതെ അടച്ചിട്ട മുറിക്കകത്തു നിന്നുള്ള പിഹു എന്ന രണ്ടര വയസുകാരിയുടെ നിമിഷങ്ങളെയും ഒപ്പം അണുകുടുംബത്തിന്റെ ആന്തരിക ലോകങ്ങളെയും ഇഴപിരിച്ചെടുത്താണ് സംവിധായകൻ വളരെ റിയലിസ്റ്റിക്കായി ഈ സിനിമയുടെ കഥ പറഞ്ഞിരിക്കുന്നത്. കുട്ടിയല്ലാതെ സംഭാഷണമുള്ള മറ്റൊരു കഥാപാത്രവും ദൃശ്യത്തിലേക്ക് വരുന്നില്ല. ഒരു സിംഗിൾ ലൊക്കേഷനിലാണ് ദൃശ്യങ്ങൾ മുഴുവനും. രണ്ടായിരത്തി പതിനേഴിലെ ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഉദ്ഘാടന ചിത്രമായിരുന്നു പിഹു.റോണി സ്ക്രൂവാലയും സിദ്ധാർത്ഥ് റോയ് കപൂറും ശിൽപ ജിൻഡാലും ചേർന്ന് നിർമിച്ച ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫർ യോഗേഷ് ജൈനിയാണ്.
നേരത്തെതന്നെ സാമൂഹിക പ്രാധാന്യമുള്ള, ദേശീയ പുരസ്കാരം നേടിയ ' Can't take this shit anymore ' എന്ന ഡോക്യുമെന്ററിയുടെ സംവിധായകനും കൂടിയാണ് വിനോദ് കാപ്രി.

കേരളത്തിലെ നാട്ടിൻ പുറങ്ങളിൽ ഈ വർഷം നടത്തുന്ന എല്ലാ ചലച്ചിത്രോത്സവങ്ങളിലും സംഘാടകർക്ക് ഉദ്ഘാടന ചിത്രമായി ധൈര്യപൂർവ്വം പിഹു തിരഞ്ഞെടുക്കാം. നാട്ടിൻപുറം ഈ സിനിമ കാണട്ടെ. കാരണം തങ്ങളുടെ മുന്നിൽ മാധ്യമങ്ങളും നഗര മനുഷ്യരും വലിയ ജീവിതങ്ങളും സാഹചര്യങ്ങളുമായവതരിപ്പിക്കുന്ന ഫ്ലാറ്റു ജീവിതത്തിന്റെ ചെറുപ്പവും 'ദാരിദ്ര്യവും'എന്താണെന്നറിയാൻ നാട്ടുകാരെ പിഹു സഹായിക്കും.മാത്രമല്ല ഫെസ്റ്റിവൽ സിനിമ എന്നാൽ ജീവിതവുമായി ഇത്ര അടുപ്പമുള്ള മാധ്യമാനുഭവമാണെന്ന് പൊതുജനങ്ങൾ തിരിച്ചറിയാൻ ഈ സിനിമ ഏറെ സഹായിക്കും. ഇത്തരം സിനിമകളുടെ പ്രദർശനം ചലച്ചിത്രോത്സവങ്ങളിലേക്ക് സാധാരണ കാണികളെ അടുപ്പിക്കുന്നതിന് കാരണമായിത്തീരുമെന്നുറപ്പാണ്.ശേഷം ഏറെ ഗൗരവമുള്ള പൊളിറ്റിക്കൽ സിനിമകൾ കാണാനും അവർ ഇരുന്നുതരും. പ്രവേശന സിനിമ എന്ന നിലയിൽ ഗോവയിൽ മാത്രമല്ല എല്ലായിടവും ഈ വർഷം ഈ സിനിമയാകട്ടെ ചലച്ചിത്രോത്സവങ്ങളുടെ തെരഞ്ഞെടുപ്പ്.ട്രെയിലർ കാണാം :

Next Story

Related Stories