സിനിമ

പെണ്ണൊരുത്തിയുടെ പബ്ലിസിറ്റി സ്റ്റണ്ടെന്ന സെന്‍കുമാര്‍ മൊഴിക്ക് കൊടുത്ത അടിയാണ് മാഡം, ഈ അറസ്റ്റ്

ബി സന്ധ്യക്ക് ഒരു സല്യൂട്ട് നല്‍കുന്നത് ആണ്‍കോയ്മയെ വെല്ലുന്ന അന്വേഷണ കൃത്യതയ്ക്കു കൂടിയാണ്

കെ എ ആന്റണി

കെ എ ആന്റണി

ഒരു നടിക്കെതിരെ ഉണ്ടായ ആക്രമണത്തിന് പിന്നിലെ യഥാര്‍ത്ഥ വില്ലനെ കണ്ടെത്തിയ ആ വനിതാ പോലീസ് ഓഫീസര്‍ക്ക് ഒരു വലിയ നമസ്‌കാരം. ബി സന്ധ്യ എന്ന ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്ക് ഒരു റെഡ് സല്യൂട്ട് നല്‍കുന്നത് ആണ്‍കോയ്മയെ വെല്ലുന്ന അന്വേഷണ കൃത്യതയ്ക്കു കൂടിയാണ്. പോരെങ്കില്‍ പെണ്ണൊരുത്തിയുടെ ‘പബ്ലിസിറ്റി സ്റ്റണ്ട്’ എന്ന് കാക്കി വിട്ട് കാവി പുതയ്ക്കും മുമ്പ് ടി.പി സെന്‍കുമാര്‍ എന്ന ഒരു അങ്കപ്പൂവനും അയാള്‍ക്കൊത്ത ഇതര പോലീസ് കങ്കാണിക്കാര്‍ക്കും ചെപ്പക്കുറ്റിക്ക് കൊടുത്ത ഒരു നല്ല അടി കൂടിയായി ഇന്നത്തെ ഈ അറസ്റ്റിനെ കാണാനാണ് എനിക്കേറെ ഇഷ്ടം.

ഈ ആണ്‍കോയ്മകള്‍ക്കിടയില്‍ പെണ്ണിനും ചിലതൊക്കെ ചെയ്തു കാണിക്കാന്‍ കഴിയും എന്ന് ഇതാദ്യമായല്ല സന്ധ്യ തെളിയിക്കുന്നത്. പണ്ട് കവിത എഴുതിയതിന്റെ പേരില്‍ ഡിപ്പാര്‍ട്ട്മെന്റില്‍ അന്വേഷണം എന്ന ഉമ്മാക്കി കാട്ടി തളര്‍ത്താന്‍ ശ്രമിച്ചവര്‍ക്ക് കൂടിയുള്ള മറുപടിയാണ് ഈ അറസ്റ്റിലുടെ സന്ധ്യ നല്‍കിയിരിക്കുന്നത്. തുടക്കം മുതല്‍ തിരക്കഥ ഏവര്‍ക്കും മനസ്സിലായിരുന്നെങ്കിലും ‘യഥാര്‍ത്ഥ വില്ല’നെ സംരക്ഷിക്കുന്നുവെന്ന കടുത്ത ആക്ഷേപത്തോട് സന്ധ്യ നല്‍കിയ മറുപടിയായി കൂടി വേണം ഇന്നത്തെ ഈ അറസ്റ്റിനെ കാണാന്‍.

സ്ത്രീയുടെ അന്തസ്സും യശ്ശസ്സും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പോലീസ്സ് ഉദ്യോഗസ്ഥ എന്ന് ഉറപ്പിച്ചു പറയുന്നത് ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒരിക്കല്‍ അവരുടെ ഒരു അഭിമുഖം എടുക്കാന്‍ പോയ വേളയില്‍ ഓരോ ചോദ്യങ്ങളോടും എത്ര കൃത്യമായും ജാഗ്രവത്തായും മറുപടി നല്‍കി എന്നത് കൊണ്ടുകൂടിയാണ്. പാപ്പിയും അപ്പച്ചനും കളിക്കുന്നവര്‍ മേയുന്ന മലയാള സിനിമാ മേഖലയില്‍ ഈ കേസിന്റെ പരിണാമ ഗുസ്തി എന്തെന്ന് ഇപ്പോള്‍ പറയാനാവില്ല.

പക്ഷെ ഒന്നുണ്ട്; നെറികെട്ട ജന്മങ്ങളുടെ തനിനിറം ഇതോടെ ഫാന്‍സ് അസോസിയേഷന്‍ എന്ന വൃത്തികെട്ട ഊച്ചാളികളും മനസ്സിലാക്കും എന്നൊരു തോന്നല്‍ വെറുതെയാണെങ്കിലും മനസ്സിന് ഒട്ടൊരു ഉത്സാഹം നല്‍കുന്നുണ്ട്. സ്വന്തമായി ഒരു അനുയായി സംഘം ഉണ്ടെങ്കില്‍ ആര്‍ക്കും, അത് സെല്ലുലോയിഡ് ഹീറോ ആണെങ്കിലും രാഷ്ട്രീയത്തിലെ പുരുഷ കേസരികള്‍ ആണെങ്കിലും ആരും തിരിച്ചുവരില്ല എന്ന് കരുതിയില്ല ഈ ഉത്സാഹം. ഈ കേസിലെ മുഖ്യപ്രതി ഒരു സ്ത്രീ ആയിരുന്നുവെങ്കില്‍ അവര്‍ എങ്ങനെ ചവിട്ടി താഴ്ത്തപ്പെടുമെന്ന വിരോധാഭാസം കൂടി കണക്കിലെടുത്താണ് ഈ ഉത്സാഹം എന്ന് കൂടി കുറിക്കട്ടെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍