TopTop

ആത്മവിശ്വാസത്തെ ഈ പേര് ചൊല്ലി വിളിച്ചോളൂ; ഗിന്നസ് പക്രു/അഭിമുഖം

ആത്മവിശ്വാസത്തെ ഈ പേര് ചൊല്ലി വിളിച്ചോളൂ; ഗിന്നസ് പക്രു/അഭിമുഖം
അമ്പിളിയമ്മാവന്‍ എന്ന തന്റെ ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പക്രു എന്ന പേര് സ്വീകരിച്ചു കൊണ്ടാണ് അജയകുമാര്‍ പ്രേക്ഷകര്‍ക്കിടയിലേക്ക് കടന്നു വരുന്നത്. പിന്നീട് കേരളാ സംസ്ഥാന അവാര്‍ഡ്, തമിഴ്‌നാട് സംസ്ഥാന അവാര്‍ഡ്, ഗിന്നസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ നിരവധി അംഗീകാരങ്ങള്‍ അജയകുമാറിനെ തേടിവരുന്നുണ്ട്. പക്രു അവിടെ നിന്ന് ഗിന്നസ് പക്രുവായി. എന്നാല്‍ കുറച്ച് കാലമായി ഗിന്നസ് പക്രു സിനിമ ലോകത്ത് നിന്ന് ഒന്ന് അകന്നു നില്‍ക്കുകയാണ്. ഗിന്നസ് പക്രുവിന് എന്തു പറ്റി എന്ന ചോദ്യത്തിനുളള മറുപടിക്കായുളള അന്വേഷണത്തില്‍ നിന്നാണ് തന്റെ പുതിയ തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചു തുടങ്ങുന്നത്. ചലച്ചിത്ര നടന്‍
ഗിന്നസ് പക്രു
വുമായി അനു ചന്ദ്ര നടത്തുന്ന അഭിമുഖം.


അനു ചന്ദ്രന്‍: പക്രുവില്‍ നിന്ന് ഗിന്നസ് പക്രുവിലേക്ക് എത്തുന്നത് വരെയുളള ബിഗ് സ്‌ക്രീനിലെ താങ്കളുടെ വലിയ തോതിലുളള ദൃശ്യതയില്‍ ഈയടുത്ത കാലത്തായി വന്ന അകല്‍ച്ച എങ്ങനെ സംഭവിച്ചു?

ഗിന്നസ് പക്രു: അത് ഒരു ഷൂട്ടിംങ് ലൊക്കേഷനില്‍ വെച്ച് സംഭവിച്ച പരിക്കു മൂലം ട്രീറ്റ്‌മെന്റിലായത് കൊണ്ട് ഉണ്ടായതാണ്. അതുകാരണം ഓട്ടം, ചാട്ടം തുടങ്ങി റിസ്‌കുളള കാര്യങ്ങളില്‍ നിന്നെല്ലാം തന്നെ ഒന്നകന്നു നില്‍ക്കേണ്ടി വന്നു. അതിനോടൊപ്പം തന്നെ മറ്റു ട്രീറ്റ്‌മെന്റുകളെല്ലാം ചെയ്യേണ്ടി വന്നു. ഇതിനിടയില്‍ രണ്ട് മൂന്ന് തമിഴ് പടങ്ങള്‍ ഒക്കെ വന്നെങ്കിലും അതില്‍ നിന്നെല്ലാം ഒന്നകന്ന് ചാനല്‍ പ്രോഗ്രാമുകളിലേക്ക് മാറി; എങ്കിലും ഇപ്പോള്‍ വീണ്ടും സിനിമകള്‍ ചെയ്ത് തുടങ്ങിയിട്ടുണ്ട്.


അനു: ചെറിയൊരു ഇടവേളക്ക് ശേഷമുളള തിരിച്ചു വരവാണ് ബിഗ് സ്‌ക്രീനിലേക്ക്. ഏറ്റെടുത്ത കഥാപാത്രങ്ങളെ കുറിച്ച്?

പക്രു: ഒരു കന്നട ചിത്രം റിലീസിന് വരാനുണ്ട്. സെന്‍ട്രല്‍ ക്യാരക്ടറാണ്. പടത്തിന്റെ പേര് ഉടന്‍ അനൗണ്‍സ് ചെയ്യും. അതില്‍ സംസാരിക്കാത്ത കഥാപാത്രമായത് കൊണ്ട് ഭാഷ ഒരു പ്രശ്‌നമില്ലായിരുന്നു. അത് പുഷ്പക വിമാനം പോലത്തെ ഒരു പരീക്ഷണ ചിത്രമാണ്. ഒരു സീരിയസ് മൂവി എന്നും പറയാം. അന്യഭാഷയില്‍ അവസാനം ചെയ്ത സിനിമയാണ് ഇത്. മലയാളത്തില്‍ ഒന്ന് രണ്ട് സിനിമകള്‍ കമ്മിറ്റ് ചെയ്തു. ഓഗസ്റ്റില്‍ തുടങ്ങാനിരിക്കുന്ന വര്‍ക്കാണ്. പിന്നെ ഈ വര്‍ഷം കുറേ നല്ല കഥാപാത്രങ്ങള്‍ ഈ റീസണ്‍ കാരണം ചെയ്യാന്‍ പറ്റിയില്ല എന്ന വിഷമവുമുണ്ട്. പിന്നെ നമ്മുടെ ചാനല്‍ പരിപാടികള്‍, സ്‌റ്റേജ് ഷോകള്‍ തുടങ്ങിയ എല്ലാമുണ്ട് ഇപ്പോള്‍. എല്ലാത്തിനുമൊപ്പം ഇപ്പൊ സാമൂഹിക പ്രവര്‍ത്തനത്തിലും സജീവമാണ്.

അനു: സാമൂഹിക പ്രവര്‍ത്തനത്തിലെ ഇടപെടലുകള്‍ എത്തരത്തിലുളള വിഷയങ്ങളെ കൈകാര്യം ചെയ്ത് കൊണ്ടാണ്?

പക്രു: കുട്ടികളുടെ വിഷയങ്ങള്‍, കുട്ടികളുടെ പഠനങ്ങള്‍ അത് പോലുള്ള മറ്റു കാര്യങ്ങള്‍. അതായത് കുട്ടികളോടൊപ്പം. കാരണമെന്താണെന്നു വെച്ചാല്‍ നമ്മുടെ സിനിമകളും പ്രോഗ്രാമുകളും ശ്രദ്ധിക്കുന്നതും നമ്മളെ ഫോളോ അപ്പ് ചെയ്യുന്നതും എല്ലാം കൊച്ചു കുട്ടികളാണ്. അപ്പോള്‍ അതുകൊണ്ട് തന്നെ അവര്‍ക്ക് മെന്റലി സപ്പോര്‍ട്ട് കൊടുക്കുക, അവരെ മോട്ടിവേറ്റ് ചെയ്യുക, സമയം കിട്ടുമ്പോഴെല്ലാം സ്കൂളുകള്‍ സന്ദര്‍ശിക്കുകയും അവരുമായി സംവദിക്കുകയും ചെയ്യുന്നുണ്ട്. അത് പോലെ തന്നെ സാമൂഹിക പ്രാധാന്യമുളള വിഷയങ്ങള്‍ അതായത് പരിസ്ഥിതിയെ കുറിച്ച്, അത് പോലെ കലയെ കുറിച്ച്, പഠനത്തോടൊപ്പം തന്നെ കല മുമ്പോട്ടു കൊണ്ട് പോകേണ്ടതിനെ കുറിച്ച്, അതിന്റെ പ്രാധാന്യത്തെ കുറിച്ച്, സമൂഹ നന്മക്ക് കുട്ടികള്‍ക്ക് എന്തെല്ലാം ചെയ്യാനുളള കാര്യങ്ങളെ കുറിച്ചെല്ലാം സംസാരിക്കുന്നു.

അനു: താങ്കളിലെ താരപദവി, ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കുട്ടികളുമായുളള സംവാദത്തെ സ്വാധീനിക്കുന്നില്ലെ?

പക്രു: ഞാന്‍ കുട്ടികളുടെ അടുത്ത് പോയി ആദ്യം പറയുന്ന കാര്യം, കുട്ടികള്‍ക്കെല്ലാം തന്നെ എന്തെങ്കിലും ഒരു കഴിവ് ഉണ്ടാകുമല്ലൊ; ആ കഴിവിനെ പരമാവധി പരിപോഷിക്കുക, അതിനിപ്പോള്‍ കുറവുകള്‍ ഒരു തടസ്സമല്ല എന്ന കാര്യമാണ്. നമ്മള്‍ സ്‌കൂളുകളില്‍ പോയും അതുപോലെ കുട്ടികളുമായി നേരിട്ട് സംവദിക്കുമ്പോഴും എല്ലാം തന്നെ അവര്‍ ഒരു ജീവിച്ചിരിക്കുന്ന ഉദാഹരണമായി നമ്മളെ കാണുകയും അത് ജീവിതത്തിലേക്ക് പകര്‍ത്താന്‍ സാധിച്ചാല്‍ അവര്‍ക്കത് ഒരു ഉപകാരമാവും എന്നുളള ഒരു ലക്ഷ്യമാണതില്‍ കാണുന്നത്. പിന്നെ മറ്റൊരു കാര്യം എന്താണെന്നു വെച്ചാല്‍ എന്റെ സിനിമകളൊക്കെ ഭൂരിപക്ഷം കാണുന്നത് കുട്ടികളായത് കൊണ്ടും അവരിലൊരാളായാണ് അവരെന്നെ കാണുന്നത്. അത്തരത്തില്‍ ഒരാള്‍ തന്നെ വന്ന് നിന്ന് തന്റെ അനുഭവങ്ങളും നേരിടേണ്ടി വന്ന അനുഭവസമ്പത്തുകളും ഡയറക്ടായി പറയുമ്പോള്‍ അവര്‍ക്കത് വലിയൊരു പ്രചോദനം ആകുന്നെന്ന് അവരുടെ മുഖത്ത് നിന്നും കയ്യടിയില്‍ നിന്നും അവരുടെ തുടര്‍ന്നുളള പ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം നമുക്ക് മനസ്സിലാകുന്നുണ്ട്. ഞാനത് ഏറ്റെടുക്കാനുളള ഏറ്റവും പ്രധാന കാരണം മുതിര്‍ന്ന ആളുകള്‍ പല ധാരണകളും വെച്ച് പുലര്‍ത്തി അവരതിനോട് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുകയാണ്. ഇനി അതില്‍ നിന്ന് വലിയൊരു മാറ്റം വേണമെങ്കില്‍ ഇപ്പോഴുള്ള കുട്ടികളെ എല്ലാ കാര്യങ്ങളും മനസ്സിലാക്കണം. കൃത്യമായ ട്രാക്കിലാണ് ആ കുട്ടികള്‍ എങ്കില്‍ അത് രാജ്യത്തിനൊരുപാട് ഉപകാരപ്പെടും.


അനു: താങ്കളവര്‍ക്ക് ഒരു പ്രചോദനം ആകുക എന്ന രീതിയിലേക്ക് കാര്യങ്ങള്‍ ഏറ്റെടുക്കുന്നു?

പക്രു: അവരെന്നില്‍ നിന്ന് അത്തരത്തിലുളള ഒരു ഇന്‍സ്പിരേഷന്‍ കണ്ടെത്തുകയാണെങ്കില്‍ എന്നതാണ് ആദ്യ കാര്യം. കാരണം എല്ലാവര്‍ക്കും എല്ലാവരെയും ഇന്‍സ്പൈര്‍ ചെയ്യാന്‍ പറ്റില്ല. എനിക്ക് ഇന്‍സ്പിരേഷന്‍ തോന്നിയ വ്യക്തിയില്‍ ചിലപ്പോള്‍ താങ്കള്‍ക്കങ്ങനെ ഉണ്ടാകണമെന്നില്ല. പക്ഷേ എന്നെ ഒരു പ്രത്യേക ഉദ്ദേശ്യത്തോടെ ആയിരിക്കും സ്‌ക്കൂളിലെ അധ്യാപകരും അധികൃതരും ക്ഷണിക്കുന്നത്. അപ്പോള്‍ ആ ചെല്ലുന്ന സമയത്ത് എനിക്ക് എന്നാല്‍ കഴിയാവുന്ന കുറേ അനുഭവങ്ങളും കാര്യങ്ങളും ഒക്കെ അവര്‍ക്കു പറഞ്ഞു കൊടുക്കുമ്പോള്‍ അതില്‍ നിന്നവര് ഒരു പ്രചോദനം ഉള്‍ക്കൊളളുന്നു എന്ന വിശ്വാസത്തോടെയാണ് കാര്യങ്ങള്‍ ചെയ്യുന്നത്.

അനു: കുട്ടികള്‍ക്ക് പ്രചോദനമാകാന്‍ വിധത്തില്‍ ശാരീരിക പരിമിതികളില്‍ നിന്ന് കൊണ്ട് തന്നെ താങ്കള്‍ക്ക് സാധിക്കുന്നതിന് പുറകിലെ ആത്മവിശ്വാസത്തിന് പ്രേരകം?

പക്രു: അത് തീര്‍ച്ചയായും അമ്മ തന്നെയാണ്. അമ്മ ആണെന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തിട്ടുളളത്. കാരണം ഞാന്‍ പലയിടങ്ങളിലും പറഞ്ഞിട്ടുണ്ട്, ഇത്തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളുളള കുട്ടികളെ മറച്ചു വെക്കാതെ അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇറക്കി വിടുക എന്ന്. അവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനും അവര്‍ക്കവരിലുളള കഴിവുകളെ പ്രോത്സാഹിപ്പിക്കാനും രക്ഷിതാക്കളാണാദ്യം ഏറ്റവും അധികം പിന്തുണ കൊടുക്കേണ്ടത്. കാരണം കുട്ടികളെക്കാളധികം അപകര്‍ഷതാബോധം രക്ഷിതാക്കള്‍ക്കുണ്ടായാല്‍ അവര്‍ക്കതൊരിക്കലും ഗുണപ്രദമാവുകയില്ല. സമൂഹത്തിനൊരിക്കലുമവരെ കൊണ്ടൊരു ഗുണമുണ്ടാകില്ല. അവരെന്നും ആ മറവില്‍ തന്നെ, ആ ഇരുണ്ട ഇടനാഴിയില്‍ തന്നെ അവന്റെ ജീവിതം തീര്‍ക്കും. അങ്ങനെ തീരാന്‍ പാടില്ല. കാരണം ഇങ്ങനെ വയ്യാതെ വരുന്ന ഓരോ കുട്ടിയും നമ്മുടെ രാജ്യത്തിന് വേണ്ടപ്പെട്ടവനാണെന്നും അവനെ മുമ്പിലേക്ക് കൊണ്ട് വരുമ്പോഴാണ് സമൂഹത്തിന് ഗുണമുണ്ടാവുക എന്നു തിരിച്ചറിയുക. ഞാന്‍ പറയുന്നത് വികലാംഗനെന്ന പദം പോലും ഉപയോഗിക്കാന്‍ പാടില്ലെന്നതാണ്. ഇപ്പോ ഭിന്നശേഷി എന്ന പദമാക്കി മാറ്റി അത്.

അനു: വികലാംഗനെന്ന പദത്തെ ഇത്രയേറെ അരികുവത്കരിക്കേണ്ടതുണ്ടോ?

പക്രു: തീര്‍ച്ചയായും. ഇതില്‍ വികലമായ ഒരു അംഗം എന്ന് പറയുന്ന ഒരു സംഭവമുണ്ട്. അതിനേക്കാള്‍ കുഴപ്പം പിടിച്ച ഒരു സംഭവമാണ് വികലമായ മനസ്സുളളവര്‍. വികലമായ ശരീരമുളളയാളെ സമൂഹത്തിന് സഹിക്കാനാകും, പക്ഷേ വികലമായ മനസ്സുളളവരെ സമൂഹത്തിന് സഹിക്കാനാകില്ല. അപ്പോ പറഞ്ഞു വരുന്നത് അങ്ങനെയുളള ആ വികലമെന്ന പദം മാറ്റി അല്‍പം കൂടി ആത്മവിശ്വാസം കൊടുക്കുന്ന തരത്തിലുള്ള പേരാണ് ഭിന്നശേഷി. അത് വളരെ നല്ല ഒരു കാര്യമാണ്.


അനു:
താങ്കളിലെ കലാകാരന് ലഭിച്ച അംഗീകാരങ്ങള്‍ വലുതാണ്. ഒരുപക്ഷേ സിനിമാലോകത്തെ മറ്റേതൊരു നടനും ലഭിക്കാതെ പോയ അംഗീകാരങ്ങള്‍ വരെ..

പക്രു: അദ്ഭുതദ്വീപിന് കേരളാ സംസ്ഥാന അവാര്‍ഡ്, ഠിഷ്യം എന്ന സിനിമക്ക് തമിഴിലെ മികച്ച സഹനടനുളള സംസ്ഥാന അവാര്‍ഡ്, ഇതിനോടടുത്താണ് ഗിന്നസ്സിലിടം പിടിക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാതെ ലോട്ടറി പോലെ മൂന്ന് അവാര്‍ഡുകള്‍ നമ്മളെ തേടി വന്നു. അതൊക്കെ കിട്ടിയപ്പോള്‍ ഒരുപാടു പേര്‍ ചോദിച്ചു ഇനിയെന്ത് കഥാപാത്രമാണ് നീ ചെയ്യാന്‍ പോകുന്നത്, ഇനിയെന്തെല്ലാം ചെയ്യുമെന്നൊക്കെ. ഗിന്നസ്സ് കിട്ടിയപ്പോള്‍ ഒരുപാട് ആളുകള്‍ കരുതി എനിക്കൊരുപാട് പൈസ, ഡസന്‍ കണക്കിന് സമ്മാനമായി കിട്ടി എന്നൊക്കെ. അത് വെച്ച് പലരും വിളിച്ച് ചോദിച്ചു എത്ര കിട്ടി എന്നൊക്കെ. പക്ഷേ ഇത് വാസ്തവത്തില്‍ ഒരു സര്‍ട്ടിഫിക്കറ്റ് ആണ്. നമ്മുടെ ഇവിടെയാണെങ്കില്‍ പ്രൈസ് മണി ഉളളതിനെയാണ് ആളുകള്‍ അംഗീകരിക്കുന്നത്.

അനു: തമാശകളെ ചേര്‍ത്തു പിടിക്കുന്ന കഥാപാത്രങ്ങളാണ് കൂടുതലായും ചെയ്തത്. മറ്റൊരു തരത്തില്‍ വൈകാരികമായ അഭിനയസാധ്യതകളെ മലയാള സിനിമ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തിയില്ല എന്ന് കരുതുന്നുണ്ടോ?

പക്രു:  ഇല്ല. സിനിമയില്‍ എന്നെ പോലൊരാള്‍ക്ക് കിട്ടാവുന്നതില്‍ വെച്ചേററവും നല്ല കഥാപാത്രങ്ങളാണ് കിട്ടിയതെല്ലാം. അദ്ഭുതദ്വീപല്‍ വളരെ സ്‌ട്രോങ് ആയിട്ടുളള, കരുത്തനായ ഒരു കഥാപാത്രമായിരുന്നു. അതിനകത്ത് ഹ്യൂമര്‍, ഫൈറ്റ്, തമാശ, റൊമാന്‍സ്, സെന്റിമെന്റ്‌സ് എല്ലാം ഉണ്ടായിരുന്നു. അതിന് ശേഷം വളരെ വ്യത്യസ്തമായ കഥാപാത്രവുമായി മൈ ബിഗ് ഫാദറിലെത്തി. അതിലെ പ്രായം, പക്വത എല്ലാം അഭിനയിച്ചു ഫലിപ്പിക്കുക എന്നത് വെല്ലുവിളിയായിരുന്നു. അങ്ങനെ എനിക്ക് തോന്നുന്നു അഞ്ചോളം സിനിമകളില്‍ മെയിന്‍ ക്യാരക്ടറായി ചെയ്തു. അതിനിടയില്‍ 'കുട്ടിയും കോലു'മെന്ന സിനിമ സംവിധാനം ചെയ്തു. ലോകത്തിലെ ഏറ്റവും ചെറിയ സംവിധായകനെന്ന ലിംക വേള്‍ഡ് ഓഫ് റെക്കോഡ് കിട്ടി. ഇനിയും സംവിധാനം ചെയ്യണം ഭാവിയില്‍. എനിക്ക് തോന്നുന്നു ഞാനെന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം കുറച്ച് കൂടി സാധ്യതയുളള മേഖല സംവിധാനമാണെന്ന്. കാരണം എന്നെ തേടി വരുന്ന കഥാപാത്രങ്ങളില്‍ പരിമിതി ഉണ്ടായെന്നു വരാം. പക്ഷേ സംവിധാനത്തില്‍ ആ പ്രശ്‌നമില്ല. എന്ത് ഇഷ്ടപ്പെടുന്നോ അത് ചെയ്യാം.

അനു: ആദ്യ സിനിമ മുതല്‍ ഇത് വരെ എത്തി നില്‍ക്കുന്നു. താങ്കളെന്ന വ്യക്തിയില്‍ വന്ന മാറ്റം

പക്രു: പ്രായം കൂടും തോറും അതിന്റെതായ പക്വത ഉണ്ടാകും. നമ്മളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ നമ്മളില്‍ നിന്ന് പലതും ഇഷ്ടപ്പെടും. അതിനനുസരിച്ച് ഉളള മാറ്റങ്ങള്‍ നമ്മളിലുമുണ്ടാകും. ഇപ്പൊ സാധ്യതകളുളള കഥാപാത്രങ്ങള്‍ക്കായേ വിളിക്കൂ, ആ കഥാപാത്രങ്ങള്‍ക്ക് സ്റ്റാന്‍ഡ് ഉണ്ട്, റിയാലിറ്റി ഷോയിലൊക്കെ ജഡ്ജ് ചെയ്യാന്‍ പറ്റുന്നു. അതെല്ലാം മാറ്റങ്ങളാണ്.


അനു: ഉയരക്കുറവ് നേരിടുന്നവരെ സംബന്ധിച്ചിടത്തോളം താങ്കളവരില്‍ വലിയ സ്വാധീനം ചെലുത്താന്‍ തീര്‍ച്ചയായും സാധ്യത ഉണ്ടല്ലൊ?

പക്രു: അദ്ഭുതദ്വീപിനൊക്കെ ശേഷവും അവരുടെയൊക്കെ പ്രധാനപ്പെട്ട ഒരാളായാണ് അവരെല്ലാമെന്നെ ഇപ്പോഴും കാണുന്നത്. ആ സിനിമക്ക് ശേഷം ഞാനാണ് ആദ്യം വിവാഹം കഴിച്ചതും. വിദ്യാഭ്യാസം, കലാപരമായ, മാനസികമായ പ്രോത്സാഹനം പോലെ തന്നെ എന്റെഅമ്മയാണ് ഭാര്യയേയും കണ്ടെത്തി തരുന്നത്. അതിന് ശേഷം അതിലുള്ള മിക്കവരുടെയും വിവാഹം കഴിഞ്ഞു. അവരൊക്കെ സന്തോഷപൂര്‍വം ജീവിക്കുന്നു. ഒരു കാലത്ത് ഉയരം കുറഞ്ഞ ആളുകള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ, അവരൊക്കെ കുടുംബ ജീവിതം നയിക്കുമോ തുടങ്ങിയ ചോദ്യങ്ങളാല്‍ പെണ്ണ് പോലും കിട്ടാതിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം മാറി. ഇപ്പോള്‍ ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ മുഴുവനായി ഏറ്റെടുത്ത് സുഖമായി ജീവിക്കുന്നവരുമുണ്ട്. പിന്നെ വേണ്ട കാര്യമെന്താണെന്ന് വെച്ചാല്‍ പൊക്കക്കുറവ് ഉളളവര്‍ക്ക് ചില ആനുകൂല്യങ്ങള്‍ നല്‍കുക എന്നതാണ്. ജോലി, വിദ്യാഭ്യാസം, സാമ്പത്തിക വരുമാനം, അവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസം, ക്യൂ നില്‍ക്കാതിരിക്കാതിരിക്കാനുളള അവസരം സൃഷ്ടിക്കുക തുടങ്ങിയവ. ഒരു ഭരണസംവിധാനം വരുത്തുന്നതില്‍ നമ്മുടെയൊക്കെ വോട്ട് വാങ്ങുന്നുണ്ട്; എങ്കില്‍ അതിനനുസരിച്ചുളള അവകാശങ്ങും ഞങ്ങള്‍ക്ക് ലഭിക്കേണ്ടതല്ലേ...

അനു: മറ്റു വിശേഷങ്ങള്‍?

പക്രു: അമ്മ, ഭാര്യ ഗായത്രി, മകള്‍ ദീപ്തി കീര്‍ത്ത ഇവരോടൊപ്പം സുഖമായിരിക്കുന്നു. ഭാര്യ ഗായത്രി ഇപ്പോള്‍ ഡിസൈനര്‍ സ്റ്റിച്ചിംങ് എന്ന ബിസിനസ് സംരംഭവുമായി തിരക്കിലാണ്. കൂടെ പിന്തുണയുമായി ഞാനുമുണ്ട്. മകള്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്നു. പഠിപ്പിച്ചു, വിദ്യാഭ്യാസം തന്നു, കലാപരമായ പ്രോത്സാഹനം തന്നു അതിനപ്പുറത്തേക്ക് മററുളളവരെ പോലെ തന്നെ ജീവിക്കാന്‍ ഉളള ഒരു സ്വയം പര്യാപ്തതക്ക് പ്രേരകമായ അമ്മയോടും കുടുംബത്തോടുമൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories