Top

മുരളി ഗോപി/അഭിമുഖം: പൊളിറ്റിക്കല്‍ കറക്ട്നെസില്‍ ശ്രദ്ധിച്ച് സിനിമയുണ്ടാക്കാന്‍ പറ്റില്ല; നല്ല സിനിമകള്‍ സങ്കുചിത ചിന്തകളെ അതിജീവിക്കും

മുരളി ഗോപി/അഭിമുഖം: പൊളിറ്റിക്കല്‍ കറക്ട്നെസില്‍ ശ്രദ്ധിച്ച് സിനിമയുണ്ടാക്കാന്‍ പറ്റില്ല; നല്ല സിനിമകള്‍ സങ്കുചിത ചിന്തകളെ അതിജീവിക്കും
വിശ്വവിഖ്യാതനായ നടനാണ് ഭരത് ഗോപി, ലോക സിനിമയ്ക്ക് മലയാളം നൽകിയ സംഭാവന. അദ്ദേഹത്തിൻറെ കാലശേഷം ദശാബ്ദങ്ങൾക്കിപ്പുറമാണ് മകന്‍ മുരളി ഗോപി സിനിമയിൽ തിരക്കഥാകൃത്തായും നടനായും ഗായകനായും എല്ലാം എത്തുന്നത്. ഭരത് ഗോപിയുടെ മകൻ എന്ന ടാഗ്‌ലൈനിൽ കരിയറിന്റെ തുടക്കം മുതലിങ്ങോട്ട് അദ്ദേഹം കുരുങ്ങി കിടന്നിട്ടില്ല. ആ ഇടങ്ങളെ പറ്റി, അവിടേക്കുള്ള യാത്രയെ പറ്റി, പിന്തുടരുന്ന വിവാദങ്ങളെ പറ്റി, അച്ഛനെ പറ്റി മുരളി ഗോപി, അപര്‍ണ
യുമായി സംസാരിക്കുന്നു.

അപര്‍ണ: താങ്കൾ ഒരു മുഖ്യവേഷത്തിൽ എത്തുന്ന 'കാറ്റി'ന്റെ ട്രെയിലറും മറ്റു പരസ്യങ്ങളും ജനപ്രീതി നേടുന്നു. പദ്മരാജന്റെ കഥകൾ, മകൻ അനന്ത പദ്മനാഭന്റെ തിരക്കഥ, അരുൺ കുമാർ അരവിന്ദിന്റെ സംവിധാനം, തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിൽ ഉള്ള താങ്കളുടെയും ആസിഫലിയുടേയുമെല്ലാം കഥാപാത്രങ്ങൾ. പുതുമകളും കൗതുകങ്ങളും ഒരുപാടുണ്ട്...

മുരളി ഗോപി: 'കാറ്റ്' പദ്മരാജൻ കഥകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് എഴുതപ്പെട്ട സിനിമയാണ്. അഡാപ്റ്റേഷൻ എന്ന വാക്കിനേക്കാൾ ഇൻസ്പിരേഷൻ എന്ന വാക്കാണ് ഇവിടെ ചേരുക എന്ന് തോന്നുന്നു. 70-കളിലെ കേരളത്തിൽ നടക്കുന്ന കഥയാണ് അനന്തപത്മനാഭൻ പറയുന്നത്. ആ പശ്ചാത്തലത്തെ ഒക്കെ പുനരവതരിപ്പിക്കുക എന്ന വെല്ലുവിളി വളരെ കൃത്യമായി ഉൾക്കൊണ്ട സിനിമയാണ് 'കാറ്റ്'. വളരെ റോ ആയ, ഒറിജിനൽ ആയ ഒരു സിനിമ. 'കാറ്റി'ന്റെ റോനെസ്  മുഴുവനായി ഉള്ള കഥാപാത്രമാണ് ചെല്ലപ്പൻ. ഞാൻ ഏറെ ആസ്വദിച്ചു ചെയ്ത ഒരു കാരക്റ്റർ ആണിത്.
 അപര്‍ണ: 'ടിയാൻ' ഏറെ പ്രേക്ഷക പ്രതീക്ഷയുള്ള സിനിമയായിരുന്നു. എന്നാൽ റിലീസിന് ശേഷം തീവ്ര ഹിന്ദുത്വ നിലപാടുകളുള്ള തിരക്കഥ എന്ന മട്ടിൽ നിരവധി വിമർശനങ്ങൾ ചിലയിടത്ത് നിന്നും ഉയർന്നു വന്നു.

മുരളി: ഈ വിമർശനങ്ങൾ കൃത്യമായ അജൻഡയോടു കൂടിയുള്ളതായത് കൊണ്ടും, അതിൽ യാതൊരു കഴമ്പും ഇല്ലാത്തതു കൊണ്ടും  തന്നെയാണ് അതിനോടൊന്നും പ്രതികരിക്കാത്തത്. ഈ സൊകോൾഡ് 'വിമർശകർ' ബ്രാൻഡ് ചെയ്യും പോലെ ഞാൻ ഒരു 'സംഘി' അല്ല എന്ന ഉറച്ച ബോധ്യമുള്ളത് കൊണ്ട് ഞാൻ അവയെപ്പറ്റി ഓർത്ത് വിഷമിക്കുന്നില്ല. നിശബ്ദമായി എന്റെ ആർട്ടുമായി മുന്നോട്ടു പോകുന്നു. വ്യക്തമായ ടാര്‍ഗെറ്റുമായി എനിക്കു നേരെ വന്ന വിമര്‍ശനങ്ങളാണ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനു ശേഷം തൊട്ടേ എനിക്കു നേരെ ഉണ്ടായിട്ടുണ്ട്. കണ്‍സ്ട്രക്ടീവ് ആയ വിമര്‍ശനങ്ങള്‍ ആര്‍ട്ടിനെ സഹായിക്കും. പക്ഷെ ഇത് വ്യക്തമായ ഒരു അജണ്ടയോടെ ഉണ്ടായി വരുന്ന ഒന്നാണ്. ഇതിനപ്പുറം ആ സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ ഉണ്ടെന്നതാണ് ഇത്തരം വിമര്‍ശനങ്ങളെ മറികടന്നുള്ള ആ സിനിമയുടെ സര്‍വൈവല്‍. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും അങ്ങനെയായിരുന്നു.

മറ്റൊരു കാര്യം ഇതിനോട് ചേര്‍ത്തു പറയാം എന്നു തോന്നുന്നു, സെന്‍സര്‍ ബോര്‍ഡിന്റെ വിംസ് ആന്‍ഡ് ഫാന്‍സീസിന്‌ അനുസരിച്ചാണ് ഇവിടെ സിനിമകളുടെ ഭാവി നിര്‍ണയിക്കപ്പെടുന്നത്. അത് ഒട്ടും ജനാധിപത്യപരമല്ലെന്നു മാത്രമല്ല ഏകാധിപത്യത്തിന്റെ വളരെ വ്യക്തമായ ദൃഷ്ടാന്തവുമാണ്. ടിയാന്റെ  സെൻസറിങ്ങിനിടയിൽ അതിന്റെ സംവിധായകൻ പറഞ്ഞ ഒരു കാര്യം ഞാൻ ഓർക്കുന്നു; ബീഫു കഴിക്കുന്ന മകനെ തല്ലുന്ന പോലീസുദ്യോഗസ്ഥനായ അച്ഛനും ഗോവധത്തിന് എതിരായ പ്രതിജ്ഞ പാടിപ്പിക്കുന്ന മറ്റൊരു പോലീസുദ്യോഗസ്ഥനും ഉണ്ട് ടിയാനിൽ. ഇത് ഒഴിവാക്കാൻ സെൻസർ ബോർഡിൽ നിന്ന് വലിയ സമ്മർദ്ദമുണ്ടായി. ഇല്ലെങ്കിൽ 'എ' സർട്ടിഫിക്കറ്റ് തരുമത്രെ. ഒരു പാട് ഫൈറ്റ് ചെയ്ത്, എ സർട്ടിഫിക്കറ്റിനും സമ്മതിച്ചാണ് അത് ഉൾപ്പെടുത്തിയത്.

ആ രംഗം സിനിമയുടെ പൊളിറ്റിക്കൽ ആംഗിളിൽ അത്യന്താപേക്ഷിതമാണ്. പ്രശാസനവുമായി ഇങ്ങനെ ഒരുപാട് മനം മടുപ്പിക്കുന്ന യുദ്ധങ്ങൾ നടത്തിയാണ് ഒരു സിനിമയെ തിരശീലയിൽ എത്തിക്കുന്നത്. കാഴ്ചക്കാരന് പറഞ്ഞാൽ മനസിലാവാത്ത ഒരുപാടു സമ്മർദ്ദങ്ങൾ അതിജീവിക്കേണ്ടതുമുണ്ട്. ഇതേകുറിച്ചൊന്നും ഒരു ഐഡിയയും ഇല്ലാത്തവരാണ് ഇവിടെയുള്ള സ്യൂഡോ ലിബറലുകൾ. അവർ ചാരുകസേരയിലിരുന്ന് ഒരു പുസ്തകവും  കൊണ്ട് മുഖവും മറച്ച്, പല സ്വയംകൃത നിരൂപിക്കലുകളും തട്ടിവിടും. ബുദ്ധന്റെ പുഞ്ചിരി മാത്രമാണ് ഇവർക്കുള്ള ഒരേയൊരു ഉത്തരം.

ടിയാന്‍ ഇവരൊക്കെ ആരോപിക്കുന്നതു പോലെ ഒരു സിനിമയല്ല. ആ സിനിമയിൽ പറയുന്നത് സനാതന ധർമവും ഹിന്ദുത്വവും തമ്മിലുള്ള, സത്യ ഇസ്‌ലാമും ഇസ്ളാമിസവും തമ്മിലുള്ള പ്രസക്തമായ പോരാട്ടത്തെ പറ്റിയാണ്. ടിയാൻ മതേതരത്വത്തെ കുറിച്ചുള്ള ഒരു സിനിമയാണെന്ന രീതിയിലും പഠനങ്ങൾ കണ്ടു. എന്നാൽ അതും ശരിയല്ല. ടിയാൻ സംസാരിക്കുന്നത് മത സമഭാവനയിൽ ഊന്നി കൊണ്ടാണ്. മതത്തിനകത്തു നിന്നുള്ള ഒരു റിവൈവലിൽ നിന്ന് മാത്രമേ മത തീവ്രവാദത്തെ നേരിടാനാകു... അങ്ങനെയേ യഥാർത്ഥ നവോത്ഥാനം പൂർണമായ അർത്ഥത്തിൽ സംഭവിക്കൂ. ബൗദ്ധികത തീരുന്നിടത്താണ് ജ്ഞാനം പിറക്കുന്നത്. കിഴക്കൻ  റിയലിസം (ഈസ്റ്റേൺ റിയലിസം), പടിഞ്ഞാറൻ റിയലിസം (വെസ്റ്റേൺ റിയലിസം) പോലെ ഉള്ള ഒന്നല്ല. ഇവിടെ മാജിക്കും അത്ഭുതങ്ങളും എല്ലാം റിയലിസത്തിന്റെ ഭാഗമാണ്. പടിഞ്ഞാറൻ റിയലിസത്തിന്റെ യുക്തികൾ  വെച്ച് നോക്കിയാൽ അത്തരം രേഖപ്പെടുത്തലുകളെ മനസിലാക്കാൻ ബുദ്ധിമുട്ടാണ്. ഇവിടെ പല ലിബറലുകളും പടിഞ്ഞാറൻ അളവുകോൽ വെച്ചാണ് ഈസ്റ്റേൺ റിയലിസത്തെ, ടിയാനെ, ഒക്കെ മനസിലാക്കുന്നത്. അതിന് അവരോടു പരാതിയോ പരിഭവമോ ഒന്നുമില്ല. ഇവിടത്തെ വിദ്യാഭ്യാസ രീതി അടക്കം നിരവധി പ്രായോഗിക സാഹചര്യങ്ങളാണ് അവരെ ഇത്തരം വായനയ്ക്ക് പ്രേരിപ്പിക്കുന്നത്.അപര്‍ണ: അപ്പോള്‍ താങ്കളുടെ സിനിമയിലൂടെയും അല്ലാതെയും പറഞ്ഞ സ്പിരിച്വാലിറ്റി ഹിന്ദുവിസത്തില്‍ നിന്നും ഉരുവപ്പെട്ടതാണോ?

മുരളി: ഇന്ത്യ എന്നാല്‍ ഇപ്പോഴും ഉരുവപ്പെട്ടുകൊണ്ടിരിക്കുന്ന, പരുവപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ആശയമാണ്. ഇന്ത്യ എക്കാലവും എല്ലാ ചിന്താഗതികളെയും embrace ചെയ്തിട്ടുള്ള ഒരു കരയാണ്. ഇവിടത്തെ മതങ്ങള്‍ തമ്മിലും മത ഗ്രന്ഥങ്ങള്‍ തമ്മിലും ഒരുപാട് കൊടുക്കല്‍ വാങ്ങലുകള്‍ നടന്നിട്ടുണ്ട്. ഇനിയൊരുപാട് നടക്കാനുള്ള സാധ്യതയുമുണ്ട്. ഏറ്റവും ഭംഗിയുള്ള ആത്മീയ സങ്കല്‍പ്പവും സ്ത്രീ പുരുഷ സങ്കല്‍പ്പവുമെല്ലാം ഇന്ത്യയില്‍ നിന്നുണ്ടായതാണ്. അത് ഈ കൊടുക്കൽ വാങ്ങലുകൾ കാരണം ഉണ്ടായതുമാണ്. സമവായത്തിന്റെയും ടോളറൻസിന്റെയും ഒരു വീടെന്ന നിലയിലാണ് ഞാൻ ഇന്ത്യയെ കാണുന്നത്. ഇതിൽത്തന്നെ കുടികൊള്ളുന്ന ഒന്നാണ് എന്റെ സ്പിരിച്വാലിറ്റിയും. ഇന്ത്യ ഒരു മഹത്തായ രാജ്യമായല്ല, മറിച്ച് മഹത്തായ ഒരാശയമായാണ് എന്റെ ഉള്ളിൽ നിലനിൽക്കുന്നത്. ആ ആശയത്തിന് ദേശീയത ഇല്ല. അതുകൊണ്ടു തന്നെ മരണവുമില്ല.

അപര്‍ണ: ഇത്തരം വിവാദങ്ങള്‍ കൊണ്ട് സിനിമയ്ക്കോ വ്യക്തിപരമായോ എന്തെങ്കിലും നഷ്ടങ്ങളുണ്ടെന്ന് കരുതുന്നുണ്ടോ?

മുരളി: നല്ല സിനിമകള്‍ ഇടുങ്ങിയ ചിന്താഗതികളെ അതിജീവിക്കും എന്നു തന്നെയാണ് എന്റെ വിശ്വാസം. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഒക്കെ തീയേറ്ററില്‍ നിന്ന് പുകച്ചു പുറത്തു ചാടിക്കാൻ നോക്കിയ സിനിമയാണ്. അന്ന് കാണണമെന്നാഗ്രഹിച്ചവര്‍ക്ക് ചിലപ്പോള്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. പക്ഷെ പിന്നീട് ടി.വിയിലൂടെയും ഡിവിഡിയിലൂടെയും പലരുമത് കണ്ടു. ശരിയായ ദിശയിൽ ആ സിനിമയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളിലും മറ്റും ഇപ്പോഴും നിരന്തരം ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു. മഞ്ഞപ്പിത്തം ബാധിച്ച കണ്ണുകൾ താത്കാലികം മാത്രമാണ് എന്നതാണ് ആശ്വാസം. ടിയാനെക്കുറിച്ചും ഇത്തരത്തിൽ ശരിയായ ദിശയിൽ തിരിച്ചറിയുന്ന അനേകായിരം പേരുണ്ട്. കലയ്ക്ക് അതിജീവനത്തിന് അതിന്റേതായ വഴികളും ഉണ്ട്.
പിന്നെ കലയുടെ മാർഗത്തിലൂടെ സധൈര്യം  മുന്നോട്ട് പോകുന്നവർക്ക് സമകാലീന വിമർശനങ്ങൾ നേരിടേണ്ടി വരുന്നത് സ്വാഭാവികമാണ്. പ്രശാസനത്തിന്റെ സ്വർണ്ണ കപ്പുകളിൽ ആരും വെള്ളം കുടിക്കാറില്ലല്ലോ! അത് സ്വീകരണ മുറികളിൽ ഇരുന്നു പൊടി പിടിക്കാൻ വേണ്ടി മാത്രം നിർമിച്ചവയല്ലേ?അപര്‍ണ: മലയാളിക്ക് സുപരിചിതമല്ലാത്ത ലാന്‍ഡ്‌സ്‌കേപ്പിന്റെ ഉപയോഗവും ഹിന്ദി ഭാഷയുടെ അമിതമായ കടന്നുവരവും ടിയാനെ സാധാരണ പ്രേക്ഷകരില്‍ നിന്നകറ്റിയോ?

മുരളി
: ടിയാനില്‍ ഹിന്ദി ഭാഷയുടെ അമിതമായ ഉപയോഗമുണ്ട്, ശരിയാണ്. പക്ഷെ സിനിമയുടെ പശ്ചാത്തലവും സാഹചര്യവും അത് കൃത്യമായി ആവശ്യപ്പെടുന്നുമുണ്ട്. ഇത് ഒരു കമ്മ്യൂണിക്കേഷന്‍ പ്രോബ്ലം ഉണ്ടാക്കിയേക്കാം എന്ന തോന്നലില്‍ നിന്നും അതിനെ മറികടക്കാന്‍ മലയാളത്തില്‍ ഹിന്ദി ഡയലോഗുകള്‍ ഡബ്ബ് ചെയ്യാനൊക്കെ ആലോചിച്ചിരുന്നു. പക്ഷെ അതു സിനിമയുടെ മൊത്തം ക്വാളിറ്റിയെ ബാധിക്കും. ഒരു കൃത്രിമത്വം കാണികള്‍ക്ക് അനുഭവപ്പെടുകയും ചെയ്യും. അതുകൊണ്ടു തന്നെ ആ അവസ്ഥയില്‍ ഹിന്ദി സംഭാഷണങ്ങളെ അതായിത്തന്നെ ഉപയോഗിക്കുന്നതാണ് പൂര്‍ണ്ണത എന്നു തോന്നി. അത് കാര്യഗൗരവമുള്ള പ്രേക്ഷകർ ഉൾക്കൊണ്ടു എന്ന് തന്നെ കരുതുന്നു. പിന്നെ ഹിന്ദി ഭാഷാ സ്നേഹികളുടെ അപ്രമാദിത്വവും അത് മൂലം മറ്റു ഭാഷാ സംസ്കാരങ്ങൾക്കു മേൽ നടത്തിവരുന്ന കടന്നാക്രമണവും ടിയാനിൽ പ്രതിപാദിക്കുന്നുണ്ട്. സൂക്ഷ്മമായ കണ്ണുകൾക്ക് അത് മനസിലാവും. ഹിന്ദി എന്ന ഭാഷയോടുള്ള ബഹുമാനവും സനേഹവും നിലനിർത്തി കൊണ്ടു തന്നെയാണ് ഇത് പറയപ്പെട്ടത്.

അപര്‍ണ: താങ്കളുടെ തിരക്കഥകളില്‍ എപ്പോഴും 'Insane' ആയ കഥാപാത്രങ്ങള്‍ കടന്നുവരാറുണ്ട്. മാഡ്‌നെസ്സ് ഇഷ്ടവിഷയമായി തോന്നിയിട്ടുണ്ടോ?

മുരളി: ഇന്‍സെയിനിറ്റിയെ എങ്ങനെ കാണുന്നു എന്നതിനെ അനുസരിച്ചിരിക്കുമത്. നമ്മളിലെല്ലാം ഇന്‍സെയ്ന്‍ എന്നു വിളിക്കപ്പെടാവുന്ന ഒരാളുണ്ടാവാം. സമൂഹം അയാളെ സപ്രസ്സ് ചെയ്ത് അതിന്റെ നോംസിന് അനുസരിച്ച് അഡ്ജസ്റ്റഡ് ആക്കുന്നു. അത്തരത്തിൽ മാഡ്‌നെസ്സ് എന്നത് സമൂഹത്തിന്റെ കൂടി സൃഷ്ടിയാണ്. വട്ടു ജയനുണ്ടെന്നു പറയുന്ന ഭ്രാന്ത് അയാളുടെ അവസ്ഥകളുടെയും സാഹചര്യങ്ങളുടെയും കൂടി സൃഷ്ടിയല്ലേ! അങ്ങനെ ആരുടേയും   'മാഡ്‌നെസ്സ്' അയാൾ മാത്രം നിർമിക്കുന്ന ഒന്നല്ല.

അപര്‍ണ: അതുപോലെ നന്മ/തിന്മ, കറുപ്പ്/വെളുപ്പ് എന്നിങ്ങനെ ഒരേ പാറ്റേണില്‍ പോകാതെ ഇടയ്ക്ക് ഒരു ഗ്രേ നിറത്തില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളിലൂടെയാണ് താങ്കളധികവും സംസാരിച്ചിട്ടുള്ളത് എന്നും തോന്നിയിട്ടുണ്ട്.

മുരളി: ദ കളര്‍ ഓഫ് ലൈഫ് ഈസ് പ്രീഡോമിനൻറ്റ്ലി ഗ്രേ. ജീവിതം തീർച്ചയായും ചാരനിറത്തിലാണുള്ളത്. മനുഷ്യരുടെ സ്വാഭാവികമായ കഥകളെല്ലാം ആ ചാരനിറത്തില്‍ നിന്നുകൊണ്ട് പറയുന്നവയാവും. പൂര്‍ണ്ണമായ നന്മ, തിന്മ എന്നൊക്കെ പറയുമ്പോള്‍ ആ സ്വാഭാവികത നഷ്ടപ്പെട്ടു പോവും. അങ്ങനെ ഗ്രേ നിറമുള്ള കഥാപാത്രങ്ങള്‍ സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതിനു വേണ്ടി ശ്രമങ്ങൾ ഒന്നും നടത്തുന്നില്ല. പിന്നെ അങ്ങനെ അല്ലാതെ കറുപ്പും വെളുപ്പുമായ കഥയെയും കഥാപാത്രങ്ങളെയും സൃഷ്ടിച്ച സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. ടിയാൻ അത്തരത്തിൽ ഉള്ള ഒരു സിനിമയാണ്. ആ സിനിമയിൽ മനുഷ്യാവസ്ഥകളെക്കാൾ ഊന്നൽ താത്വിക സംഘർഷങ്ങൾക്കാണ് എന്നത് കൊണ്ടാണത്.

അപര്‍ണ: ആ ചാരനിറത്തെ പൂര്‍ണ്ണമായും ആശ്രയിക്കുമ്പോള്‍ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് ഇല്ലാതായി പോവും എന്ന് തോന്നിയിട്ടുണ്ടോ?

മുരളി: ഞാന്‍ പൊളിറ്റിക്കലി കറക്ടാവാന്‍ വേണ്ടി പ്രത്യേക ശ്രമങ്ങളൊന്നും നടത്താറില്ല. പൊളിറ്റിക്കല്‍ കറക്ട്‌നെസ്സില്‍ ശ്രദ്ധിച്ച് കഥകളെയും കഥാപാത്രങ്ങളെയും സൃഷ്ടിച്ചാല്‍ അതിന്റെ സ്വാഭാവികത ഇല്ലാതാവും. ഒരു കഥയോ സന്ദര്‍ഭമോ അത്തരം ശരികള്‍ നോക്കി സംഭവിക്കുന്നതല്ലല്ലോ... അതിനെ അതായിത്തന്നെ എടുത്തു കാണിക്കുമ്പോള്‍ ഞാനാ സംജ്ഞയെ പറ്റി ശ്രദ്ധിക്കാറില്ല.അപര്‍ണ: അപ്പോള്‍ 'ഈ അടുത്ത  കാലത്ത്' ആധുനിക കേരളത്തിലെ പുരുഷ വ്യതിയാനങ്ങളുടെ കഥയാണ് എന്നൊരു വായന നടത്തിയാല്‍...

മുരളി: അത് ശരിയാണ്. പക്ഷെ അതില്‍ മൂന്നു സ്ത്രീകളുമുണ്ട്. മൂന്നു പുരുഷന്മാരുടെ കഥയെന്ന പോലെ മൂന്നു സ്ത്രീകളുടെ കൂടി കഥയാണിത്. അജയ് കുര്യനും വിഷ്ണുവും ടോം ചെറിയാനും പോലെ തന്നെ അവരുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്ന സ്ത്രീകളും കൂടിയാണ് ആ സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്നത്. ആ സ്ത്രീകളുടെ ഈ കാലത്തെ ജീവിതവും സിനിമയുടെ പ്രമേയമാണ്‌. അവരൊക്കെയും വ്യക്തിത്വമുള്ള പല വിധ സ്ട്രഗിളുകളിൽ കൂടി കടന്നു പോകുന്ന കഥാപാത്രങ്ങളാണ്. പിന്നെ ഒരു പുരുഷന്റെ അല്ലെങ്കില്‍ സ്ത്രീയുടെ കഥ എന്ന രീതിയില്‍ ഞാന്‍ സിനിമയെ സമീപിക്കാറില്ല. അത്തരം കമ്പാര്‍ട്‌മെന്റലൈസേഷന്‍ സിനിമയുടെ ടോട്ടാലിറ്റിയെ ബാധിക്കും എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. സ്ത്രീയുടെ കഥ, പുരുഷന്റെ കഥ എന്നൊന്നുമില്ല. ആ അര്‍ത്ഥത്തില്‍ ഞാനൊരു ഹ്യൂമനിസ്റ്റ് ആണ്, ഫെമിനിസ്റ്റ് അല്ലെങ്കിൽ ഷോവനിസ്റ്റ് അല്ല. അങ്ങനെ ഒരു ഹ്യൂമനിസ്റ്റ് ആയി മാത്രമേ ശരിക്കുമുള്ള മനുഷ്യാവസ്ഥകളെ പറ്റി കൃത്യമായി പറയാൻ പറ്റൂ.

അപര്‍ണ: സ്വന്തം തിരക്കഥയില്‍ അഭിനയിക്കുമ്പോഴും മറ്റൊരാളുടെ തിരക്കഥയില്‍ അഭിനയിക്കുമ്പോഴും വ്യത്യാസം തോന്നിയിട്ടുണ്ടോ?

മുരളി: ഒരു വ്യത്യാസവും ഇതുവരെ തോന്നിയിട്ടില്ല. നടനായി മാറുമ്പോള്‍ ആ കഥാപാത്രത്തെ എങ്ങനെ നന്നാക്കാം, ഏതൊക്കെ സൂക്ഷ്മാംശങ്ങളെ ശ്രദ്ധിക്കാം എന്നൊക്കെയാണ് നോക്കാറ്. അപ്പോള്‍ കണ്‍വിന്‍സിങ് ആയി എങ്ങനെ ആ കഥാപാത്രത്തെ അവതരിപ്പിക്കാം എന്നതു മാത്രമാണ് ശ്രദ്ധിക്കാറ്. അവിടെ ടെക്സ്റ്റ് പൂര്‍ണ്ണമായും ആശ്രയിക്കുന്നു, മറ്റു ഡീറ്റെയില്‍സ് പഠിക്കുന്നു... അതില്‍ എന്റെ, മറ്റൊരാളുടെ എന്ന വേര്‍തിരിവ് ഉണ്ടാവാറില്ല.

അപര്‍ണ: ഇന്ദ്രജിത്തിനെ പോലെ താങ്കളുടെ കുറെ സ്‌ക്രിപ്റ്റുകളില്‍ അഭിനയിച്ച നടന്മാര്‍ താങ്കളുടെ ഡീറ്റയിലിങ്ങിലെ സൂക്ഷ്മതകളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒരു സംവിധായകന്‍ ആകണം എന്ന് തോന്നിയിട്ടുണ്ടോ?

മുരളി: ഞാന്‍ ബേസിക്കലി ഒരു സംവിധായകനാണ് എന്ന് തോന്നുന്നു. സംവിധാനം ചെയ്യാനൊക്കെ താത്പര്യം തോന്നിയിട്ടുണ്ട്. ഇപ്പോഴല്ലെങ്കില്‍ ഏതെങ്കിലും ഒരു ഘട്ടത്തിൽ അങ്ങനെ ചെയ്യണമെന്ന് കരുതുന്നു.

അപര്‍ണ: തിരക്കഥ, അഭിനയം, പാട്ട്... ഏറ്റവും ആസ്വദിക്കുന്ന ഇടം ഏതാണ്?


മുരളി: അങ്ങനെ ചോദിച്ചാല്‍... ഇപ്പോള്‍ ഈ ഇന്റര്‍വ്യൂ പൂര്‍ണ്ണമായും ആസ്വദിക്കുന്നുണ്ട്. അതില്‍ മുഴുകുന്നു. അതു പോലെ ആ നിമിഷത്തില്‍ എന്തു ചെയ്യുന്നോ അതില്‍ മുഴുവനായും ലയിച്ചു ചെയ്യുക എന്നതാണ് എന്റെ രീതി. ഓരോ പർട്ടിക്കുലർ മോമെന്റിനെയും ആസ്വദിച്ച്, അപ്പോഴൊക്കെ ഒരു കുട്ടിയുടെ കൗതുകത്തോടെ ഞാനതിനെ ആസ്വദിക്കുന്നു. ഈയടുത്ത് എനിക്കൊട്ടും അറിയാത്ത ഡഫ് എന്ന വാദ്യോപകരണം പഠിച്ചു വായിച്ച് 'കാറ്റി'ൽ ഒരു പാട്ടുപാടി. എനിക്കിതു വരെ പരിചയമില്ലാത്ത ആ സാഹചര്യവും ഞാൻ മറ്റെല്ലാം പോലെ മുഴുകി ആസ്വദിച്ചു ചെയ്തു. എഴുതുമ്പോള്‍ പൂര്‍ണ്ണമായും കഥാപാത്രങ്ങളെ കൃത്യമായി സൃഷ്ടിക്കുന്നതിലാണ് ശ്രദ്ധ, അഭിനയിക്കുമ്പോള്‍ അതിലും... ഒന്നിനു മറ്റൊന്നിനെക്കാള്‍ പ്രാധാന്യം എന്ന് ഒരിക്കലും  പറയാന്‍ പറ്റില്ല.അപര്‍ണ: കരിയറില്‍ ഏതെങ്കിലും ഒരു സമയത്ത് ഭരത് ഗോപിയുടെ മകന്‍ എന്ന നിലയില്‍ ഒരു ഐഡന്റിറ്റി ക്രൈസിസ് ഉണ്ടായിരുന്നോ?

മുരളി: ഒരിക്കലുമുണ്ടായിട്ടില്ല. ഭരത് ഗോപി അച്ഛന്‍ എന്ന രീതിയിലും ആര്‍ട്ടിസ്റ്റ് എന്ന രീതിയിലും എന്നെ എല്ലാ സമയത്തും ഇന്‍സ്പയര്‍ ചെയ്തിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ വഴികള്‍ അനുകരിക്കാനോ ഏതെങ്കിലും തരത്തില്‍ ആ സ്വാധീനം ഉപയോഗിക്കാനോ ശ്രമിച്ചിട്ടില്ല. പതിനാറാമത്തെ വയസിലാണ് എനിക്ക് സിനിമയില്‍ നിന്നും ഒരു ഓഫര്‍ വരുന്നത്. അത് ഭരത് ഗോപിയുടെ മകന്‍ എന്ന നിലയില്‍ മാത്രമായിരുന്നു. അതുകൊണ്ടു തന്നെ ആ ഓഫര്‍ ഞാന്‍ അന്ന് തള്ളിക്കളഞ്ഞു. ആദ്യ സിനിമയായ രസികന്റെ കൂടെ എത്തുന്നത് ആ ഐഡന്റിറ്റിയില്‍ നിന്നു പുറത്തു കടന്നുകൊണ്ടാണ്, തികച്ചും ഒരു പുതുമുഖമായി... പിന്നീട് ഇന്‍ഡസ്ട്രി വിട്ട് വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരുന്ന പത്രപ്രവര്‍ത്തനത്തിലേക്ക് തിരികെ പോയി. കാലങ്ങള്‍ക്കു ശേഷം തിരിച്ചു വന്നതും തികച്ചും ഒറ്റയ്ക്കു തന്നെയാണ്. നേരത്തേ പറഞ്ഞതു പോലെ അച്ഛന്‍ ഏറ്റവും വലിയ ഇന്‍സ്പിരേഷന്‍ ആയി നില്‍ക്കുമ്പോഴും അദ്ദേഹത്താല്‍ ഒരര്‍ത്ഥത്തിലും സ്വാധീനിക്കപ്പെട്ടിട്ടില്ല.

അപര്‍ണ: 'ആമി'- ഒരു ജീവചരിത്രമെന്ന നിലയിലും സിനിമ എന്ന രീതിയിലും ആകാംക്ഷകളും വിവാദങ്ങളും പിന്തുടരുന്ന സിനിമയാണ്. അതില്‍ മാധവദാസിന്റെ റോള്‍ ചെയ്യുന്നു. എന്താണ് പറയാനുള്ളത്?

മുരളി: ഒരിക്കല്‍ കമല സുരയ്യയുടെ സഹോദരി സുലോചന നാലപ്പാട്ടിനോട് സംസാരിക്കാൻ ഇടയായി... അവര്‍ പറഞ്ഞു, 'വായിച്ചതും പറഞ്ഞതും കുറേയുണ്ടാവാം, പക്ഷെ ദാസേട്ടന്‍ വളരെ നല്ല വ്യക്തയാണ്' എന്ന്... 'ആ രീതിയിലാണോ മുരളി ഉള്‍ക്കൊണ്ടത് എന്നറിയില്ലെന്നും അതു കൂടിയറിഞ്ഞ് ചെയ്യണ'മെന്നും പറഞ്ഞു. "I will try my level best within the four walls of the screenplay, Madam'' എന്നു ഞാനും മറുപടി പറഞ്ഞു.
വളരെ ക്രിയേറ്റീവ് ആയ ഒരാളുടെ പങ്കാളിക്കുണ്ടായേക്കാവുന്ന ചില ആശയക്കുഴപ്പങ്ങള്‍ മാധവദാസിനും തുടക്കകാലത്ത് ഉണ്ടായിട്ടുണ്ടാവാം. പക്ഷെ പിന്നീട് അത് തിരിച്ചറിയുകയും അവരെ വളരെ വ്യക്തമായി പിന്തുണയ്ക്കുകയും ചെയ്ത ഒരാളാണ് അദ്ദേഹം. ആ ബന്ധത്തില്‍ മാധവദാസാണ് ബെറ്റര്‍ ഹാഫ് എന്നു പറയാം. മാധവിക്കുട്ടി എഴുതിയ കഥകളില്‍ ഉള്ള താന്‍ ഒരു ഫിക്ഷന്‍ ആണ് എന്ന് തിരിച്ചറിഞ്ഞ, അതിനെ വ്യക്തമായും ഒരു ക്രിയേറ്ററുടെ സ്വാതന്ത്ര്യമായി മനസിലാക്കിയ ഒരാള്‍. ആ മാധവദാസിനെ കൂടിയാണ് ആമിയില്‍ അവതരിപ്പിക്കുന്നത്അപര്‍ണ: ഈ സിനിമയുമായി ബന്ധപ്പെടുത്തി കൂടിയാണ് ചോദിക്കുന്നത്. ജീവിച്ചിരുന്നവരെ/ഇരിക്കുന്നവരെ പറ്റി സിനിമ ചെയ്യുമ്പോള്‍ രൂപസാദൃശ്യം വേണമെന്ന വാദത്തെ എങ്ങനെ കാണുന്നു?

മുരളി: രൂപസാദൃശ്യം വേണമെന്നു കരുതുന്നില്ല. ആ കഥാപാത്രത്തെ കൃത്യമായി കണ്‍വിന്‍സ് ചെയ്യലാണ് പ്രധാനം. ആമിയില്‍ ആദ്യം വിദ്യാബാലനെയാണ് കാസ്റ്റ് ചെയ്തിരുന്നത്. അവരുടെ പിന്മാറ്റത്തിനു ശേഷമാണ് മഞ്ജുവിലേക്ക് എത്തുന്നത്. മലയാളിയായ, കേരള പരിസരങ്ങളെ മനസിലാക്കുന്ന മഞ്ജുവിനോളം, പ്രതിഭയായ മഞ്ജുവിനോളം രൂപസാദൃശ്യമുള്ള അവരെ മറ്റൊരാൾ അവതരിപ്പിക്കുമോ എന്നത് സംശയമാണ്. അത്തരത്തില്‍ ഒരു മേക്ക് ബിലീഫ് ആണ് ബയോപിക്കുകള്‍ക്കും വേണ്ടത് എന്നാണ് കരുതുന്നത്.

അപര്‍ണ: 'ലൂസിഫര്‍' എന്ന സിനിമയ്ക്ക് താങ്കള്‍ തിരക്കഥ എഴുതുന്നു. മോഹന്‍ലാല്‍ എന്ന സൂപ്പര്‍സ്റ്റാര്‍ അഭിനയിക്കുന്ന, പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ. ഈ സൂപ്പര്‍ സ്റ്റാര്‍ഡത്തിന്റെ ആരാധകരുടെ ഭാരം തോന്നിയിട്ടുണ്ടോ?

മുരളി: ഇല്ല, അദ്ദേഹത്തിന്റെ സൂപ്പര്‍സ്റ്റാര്‍ഡത്തോടും മാര്‍ക്കറ്റ് വാല്യൂവിനോടും ഒക്കെ പൂര്‍ണ്ണമായ ബഹുമാനമുണ്ട്. പക്ഷെ അതിനു വേണ്ടി തിരക്കഥയില്‍ കോംപ്രമൈസസ് നടത്തിയിട്ടില്ല. മോഹൻലാൽ എന്ന താരത്തോടൊപ്പം നടനും കൂടി വേണ്ടി എഴുതാൻ പോകുന്ന തിരക്കഥയാണ് ലൂസിഫർ. അതുപോലെ പൃഥ്വിരാജ് എന്ന നടനിലല്ല, സംവിധായകനിലാണ് ലൂസിഫര്‍ എഴുതുമ്പോള്‍ എനിക്കു വിശ്വാസമുള്ളത്. ഈ വിശ്വാസത്തെ രണ്ടു പേരും ജസ്റ്റിഫൈ ചെയ്യും എന്ന ഉറപ്പും ഒരു തിരക്കഥാകൃത്ത് എന്ന നിലയില്‍ എനിക്കുണ്ട്. അതാണ് ആ സിനിമയ്ക്ക് പിന്നിലെ ഒരു പ്രേരക ശക്തി.

അപര്‍ണ: സിനിമാ മേഖലയിലെ പലരോടും ചോദിക്കാന്‍ ആഗ്രഹിച്ച, ചിലരോടൊക്കെ ചോദിച്ച ഒരു സംശയത്തോടെ അവസാനിപ്പിക്കുന്നു - സിനിമ ആര്‍ട്ടാണോ ക്രാഫ്റ്റാണോ?

മുരളി: സിനിമ ആര്‍ട്ടുമാണ്, ക്രാഫ്റ്റുമാണ്,  ബിസിനസുമാണ്. ആര്‍ട്ടിനും ക്രാഫ്റ്റിനും പൂർണതയ്ക്കു വേണ്ടി ശ്രമിക്കുമ്പോഴും ബിസിനസ് എലിമന്റിനെ മുഴുവനായി അവഗണിച്ച് ഒരുപാട് സിനിമകളുണ്ടാവുന്നുണ്ടോ? സിനിമയ്ക്കുള്ളിൽ നടക്കുന്ന പല യുദ്ധങ്ങളും ഒരു പ്രൊഡക്ട് എന്ന രീതിയില്‍ അതിനെ വിജയിപ്പിക്കാന്‍ കൂടിയുള്ളതല്ലേ... So, Cinema is an art, it involves craft and it definitely has a business interest.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories