TopTop
Begin typing your search above and press return to search.

145 ദിവസം ഓടിയ അടൂര്‍ സിനിമ; മലയാളി മറക്കരുത് ഈ ചരിത്രം-അടൂര്‍ ഗോപാലകൃഷ്ണന്‍/അഭിമുഖം/ഭാഗം1

145 ദിവസം ഓടിയ അടൂര്‍ സിനിമ; മലയാളി മറക്കരുത് ഈ ചരിത്രം-അടൂര്‍ ഗോപാലകൃഷ്ണന്‍/അഭിമുഖം/ഭാഗം1

ലോക ഭൂപടത്തില്‍ മലയാള സിനിമയെ അടയാളപ്പെടുത്തിയ സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. മലയാള സിനിമയുടെ ശൈശവവും ബാല്യവും അടൂരിന്റെ ബാല്യ കാലവും ഏറെക്കുറേ കടന്നു പോയത് ഒരേ കാലയളവിലാണ് എന്നു പറയാം. അതുകൊണ്ട് തന്നെ മലയാള സിനിമയുടെ ചരിത്രഘട്ടങ്ങള്‍ക്ക് സാക്ഷിയായ ഒരാള്‍ കൂടിയാണ് അദ്ദേഹം. നാടകത്തെ ഭ്രാന്തമായി സ്നേഹിക്കുകയും ഒടുവില്‍ ചലച്ചിത്ര കലയില്‍ തന്റെ മുദ്ര പതിപ്പിക്കുകയും ചെയ്ത അടൂരിന്റെ സൃഷ്ടികള്‍ കേരള സമൂഹത്തിന്റെ പരിണാമഘട്ടങ്ങളുടെ അടയാളപ്പെടുത്തല്‍ കൂടിയാണ്. സിനിമ എടുക്കാന്‍ പഠിക്കണം എന്നതിനോടൊപ്പം സിനിമ കാണാനും പഠിക്കണം എന്നു മലയാളിയെ ബോധ്യപ്പെടുത്തിയ അടൂരിന്റെ ചലച്ചിത്ര ജീവിതത്തിലൂടെ ഒരു യാത്ര.

'ആദ്യമായി കണ്ട് അത്ഭുതപ്പെട്ടിട്ടുള്ള സിനിമകള്‍ എല്ലാം തമിഴ് പടങ്ങള്‍'

കൃത്യമായി ആദ്യം കണ്ട സിനിമ ഏതാണ് എന്നെനിക്കോര്‍മ്മയില്ല. ബാലന്‍ കണ്ടിട്ടുണ്ട്. എന്റെ അമ്മാവന് രണ്ടു മൂന്നു തിയറ്ററുകള്‍ ഉണ്ടായിരുന്നു. അതിലൊരു തിയറ്ററില്‍ പോയിട്ടാണ് ബാലന്‍ കണ്ടത്. കാര്യമായിട്ട് ആ സിനിമയെ കുറിച്ച് എനിക്കൊന്നും ഓര്‍മ്മയില്ല. അവസാന ഭാഗത്ത് ബാലനെ വെടിവെക്കുന്നുണ്ട്. വെടിവെക്കുമ്പോള്‍ അയാള്‍ വെടികൊണ്ട് വടിപോലെ നില്‍ക്കുന്ന ദൃശ്യം എന്റെ മനസില്‍ ഇപ്പോഴുമുണ്ട്. അത് മാത്രമേ ഓര്‍മ്മയുള്ളൂ. ആ സമയത്തൊക്കെ വളരെ അപൂര്‍വ്വമായിട്ടേ സിനിമകള്‍ ഉണ്ടായിരുന്നുള്ളൂ. 50കളില്‍ കൂടുതലും കളിച്ചിരുന്നത് തമിഴ് പടങ്ങളാണ്. ആയിരം തലൈവാങ്ങിയ അപൂര്‍വ്വ ചിന്താമണി. പിന്നെ ഓര്‍മ്മയുള്ള ഒരു പടം ഹരിദാസാണ്. തമിഴില്‍ വളരെ പോപ്പുലറായിരുന്നു. അതില്‍ അത്ഭുതത്തോടെ കണ്ടിരുന്ന ഒരു സീനുണ്ട്. മുറിച്ചുകളഞ്ഞ കാല്‍ പറന്നു വന്നിട്ട് ഹരിദാസിന്റെ കാലില്‍ വന്നു ചേരും. ആദ്യമായിട്ട് കണ്ട് അത്ഭുതപ്പെട്ടിട്ടുള്ള സിനിമകള്‍ എല്ലാം തമിഴ് പടങ്ങളാണ്. അന്ന് തിരുവിതാംകൂറില്‍ കാണിച്ചോണ്ടിരുന്നത് തമിഴ് പടങ്ങളായിരുന്നു. 50 കളില്‍ കുഞ്ചാക്കോയും സുബ്രഹ്മണ്യവും ഒക്കെയായിരുന്നു മലയാള സിനിമയെ വ്യവസായമാക്കി വളര്‍ത്തിക്കൊണ്ടുവന്നത്. ആ കാലത്ത് വ്യത്യസ്തമായി വന്ന പടങ്ങള്‍ രാമു കാര്യാട്ടിന്റെ പടങ്ങളായിരുന്നു. രാരിച്ചന്‍ എന്ന പൌരന്‍, നീലക്കുയില്‍ തുടങ്ങിയവ.

നാടക ഭ്രാന്തും ശങ്കരപ്പിള്ള സാറും

പന്തളത്ത് പഠിക്കുന്ന കാലത്തും സ്കൂളില്‍ പഠിക്കുന്ന കാലത്തും നാടകങ്ങള്‍ ചെയ്തിരുന്നു. ഗാന്ധിഗ്രാമില്‍ പഠിക്കാന്‍ പോയപ്പോഴും കലാ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം ലഭിച്ചിരുന്നു. സന്ദര്‍ഭവശാല്‍ ജി ശങ്കരപ്പിള്ള സാര്‍ ഞാന്‍ ചെല്ലുന്ന വര്‍ഷം തന്നെ മലയാളം അദ്ധ്യാപകനായി അവിടെ വന്നു. സാറിന്റെ ചുമതലയില്‍ വലിയൊരു ലൈബ്രറി പ്രവര്‍ത്തിച്ചിരുന്നു. ഗാന്ധി ഗ്രാമില്‍ വന്നതിനു ശേഷമാണ് ഇംഗ്ലീഷിലുള്ള നാടകങ്ങള്‍ വായിക്കാന്‍ തുടങ്ങിയത്. വലിയ നാടകങ്ങളുടെ ശേഖരം തന്നെ അവിടെ ഉണ്ടായിരുന്നു. ശരിക്കും ഞാന്‍ നാടകത്തിന്റെ അതോറിറ്റി ആയിക്കൊണ്ടിരിക്കുകയായിരുന്നു. ശങ്കരപ്പിള്ള സാര്‍ ഞങ്ങള്ക്ക് ഒരു മാതൃകാപുരുഷന്‍ ആയിരുന്നു. നാടകക്കാരന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലുമൊക്കെ. സാര്‍ ഉണ്ടാക്കിയ നാടക സംഘത്തില്‍ ഞാന്‍ അംഗമായിരുന്നില്ല. പക്ഷേ സാര്‍ എഴുതിയ നാടകങ്ങള്‍ എല്ലാം എനിക്ക് വായിക്കാന്‍ തരും. വായിച്ചു അഭിപ്രായം പറയാന്‍ വേണ്ടിയാണ് തരുന്നത്. അതൊരു നല്ല കാലമായിരുന്നു. ഞാന്‍ അപ്പോഴും നാടകങ്ങള്‍ എഴുതുകയും അവധിക്കാലത്ത് നാട്ടിലൊക്കെ വന്നു അവതരിപ്പിക്കുകയും ചെയ്യുമായിരുന്നു.

പൂനയിലേക്ക്

ഗാന്ധി ഗ്രാമിലെ പഠനം കഴിഞ്ഞ ഉടനെ നാഷണല്‍ സാമ്പിള്‍ സര്‍വ്വേയില്‍ ജോലി കിട്ടി. ഒന്നൊന്നര വര്‍ഷം ജോലി ചെയ്തു. അപ്പോഴേക്കും അത് മടുത്തു. അങ്ങനെയാണ് ഉപരിപഠനത്തിന് പോകാന്‍ തീരുമാനിക്കുന്നത്. നാടകത്തില്‍ പഠിക്കാനായിരുന്നു താത്പര്യം. സ്കൂള്‍ ഓഫ് ഡ്രാമയില്‍ പോകാന്‍ ഒരു പ്രതിബന്ധം ഉണ്ടായിരുന്നത് ഹിന്ദിയില്‍ ആയിരുന്നു അവരുടെ ഇന്‍സ്ട്രക്ഷന്‍ എന്നതായിരുന്നു. ഹിന്ദി തീയറ്റര്‍ ചെയ്യാന്‍ എനിക്കു താത്പര്യം ഉണ്ടായിരുന്നില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് യാദൃശ്ചികമായി പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ കോഴ്സിന്റെ പരസ്യം കാണുന്നത്. 61ല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയിരുന്നു. ഫസ്റ്റ് ബാച്ച് ക്ലാസ് ആരംഭിക്കുകയും ചെയ്തു. 61ലാണ് ഞാന്‍ പരസ്യം കാണുന്നത്. അത് 62ലേക്കുള്ള ബാച്ചിലേക്കായിരുന്നു. സ്ക്രീന്‍ പ്ലേ റൈറ്റിംഗ് ആന്ഡ് ഡയറക്ഷന്‍ എന്ന കോഴ്സിന്‍ ഞാന്‍ അപേക്ഷിച്ചു. എന്നെ ആകര്‍ഷിച്ചത് സ്ക്രീന്‍ പ്ലേ റൈറ്റിംഗ് എന്ന വശമായിരുന്നു. പ്ലേ റൈറ്റിംഗ് പോലെ ആയിരിക്കും എന്നു കരുതിയിട്ടാണ് ഞാന്‍ അപേക്ഷിക്കുന്നത്. ഫിലിം ഡയറക്ടര്‍ ആകുക എന്നൊന്നും അന്ന് മോഹമുണ്ടായിരുന്നില്ല. ടെസ്റ്റും ഇന്‍റര്‍വ്യൂവും എല്ലാം കഴിഞ്ഞപ്പോള്‍ എനിക്കു ഫസ്റ്റ് റാങ്ക് കിട്ടി. ഫസ്റ്റ് റാങ്കിന്റെ ഗുണം എന്താണെന്ന് വെച്ചാല്‍ ആകെയുള്ള ഒരു സ്കോളര്‍ഷിപ്പ് ഫസ്റ്റ് റാങ്കുകാരനാണ്. അതെനിക്ക് കിട്ടി. 75 രൂപയാണ്. അതുകൊണ്ട് നാട്ടിലെ ജോലി അനായാസം റിസൈന്‍ ചെയ്യാന്‍ കഴിഞ്ഞു എന്നതായിരുന്നു ഗുണം.

സിനിമ ഫെയ്ഡ് ഇന്നും നാടകം ഫെയ്ഡ് ഔട്ടും ആകുന്ന കാലം

അവിടെ ചേര്‍ന്ന് ആദ്യത്തെ കൊല്ലവും സിനിമയെ പറ്റിയല്ല കൂടുതല്‍ വായിച്ചത്. നാടകങ്ങളായിരുന്നു. വെയിറ്റിംഗ് ഫോര്‍ ഗോദോ ഒക്കെ ഇറങ്ങുന്ന കാലമാണ്. അത് ഞാന്‍ ഗാന്ധി ഗ്രാമില്‍ പഠിക്കുമ്പോഴേ വായിച്ചിരിക്കുന്നു. ആ ഒരു കൊല്ലം എനിക്ക് സിനിമ ഫെയ്ഡ് ഇന്നും നാടകം ഫെയ്ഡ് ഔട്ടും ആകുന്ന കാലമായിരുന്നു.

ഘട്ടക്ക്: രക്തത്തില്‍ സിനിമയുള്ള ആള്‍

രണ്ടാമത്തെ കൊല്ലമായപ്പോഴേക്കും വളരെ പ്രഗത്ഭരായിട്ടുള്ള അദ്ധ്യാപകര്‍ അവിടെ വന്നു. ഋത്വിക് ഘട്ടക്ക് സംവിധാനം പതിപ്പിക്കുന്ന അദ്ധ്യാപകനായിട്ടും വൈസ് പ്രിന്‍സിപ്പലും ആയിട്ടാണ് ജോയിന്‍ ചെയ്തത്. കുറെ പടങ്ങളൊക്കെ ചെയ്തു പരാജയപ്പെട്ട് ജോലിയൊന്നും ഇല്ലാതിരിക്കുംപോഴാണ് ഘട്ടക്കിനെ റെയാണ് ഇന്ദിരാഗാന്ധിയുടെ അടുത്ത് ശുപാര്‍ശ ചെയ്യുന്നത്. ഇന്ദിരാ ഗാന്ധി അന്ന് ഐ ആന്ഡ് ബി മിനിസ്റ്റര്‍ ആണ്. സതീഷ് ബഹാദൂര്‍ ഫിലിം അപ്രീസിയേഷന്‍ പ്രൊഫസറായിട്ട് വന്നു. സ്ക്രീന്‍ പ്ലേ റൈറ്റിംഗിന്റെ അദ്ധ്യാപകനായി ആര്‍ എസ് ബോധി വന്നു. ഇവരൊക്കെ വലിയ ബ്രില്ല്യന്റ് ആയ ആളുകളാണ്. അവരുടെ ശിക്ഷണം എനിക്ക് വളരെ ഉപയോഗപ്പെട്ടു. ഘട്ടക്കിന്റെ പ്രത്യേകതയായി ഞാന്‍ കാണുന്നത് അദ്ദേഹം സ്വന്തം ചിത്രങ്ങള്‍ കാണിച്ചിട്ട് അത് എന്തിനെടുത്തു എങ്ങനെ എടുത്തു എന്നു പറയുമായിരുന്നു. അത് വല്യ ലേണിംഗ് ആയിരുന്നു. ചിലപ്പോഴൊക്കെ റേയുടെ പടങ്ങളും എടുത്തു കാണിക്കുമായിരുന്നു. അപരാജിതയിലും മറ്റുമുള്ള ചില ഭാഗങ്ങള്‍ കാണിച്ചിട്ട് ദി ഈസ് ഗ്രേറ്റ് സിനിമ എന്നു പറയുമായിരുന്നു. പൊതുജനങ്ങള്‍ അറിഞ്ഞിരുന്നത് ഘട്ടക്കും റെയും ശത്രുക്കള്‍ എന്നാണ്. അവര്‍ക്ക് മ്യൂച്വല്‍ ആയിട്ട് അഡ്മിറേഷനാണ്. രക്തത്തില്‍ സിനിമയുള്ള ആള്‍ എന്നാണ് റേ ഘട്ടക്കിനെ കുറിച്ച് പറഞ്ഞിട്ടുള്ളത്.

പഥേര്‍ പാഞ്ചാലിയും കഥാപുരുഷനും

ലൂമിയറും മെല്ലിസും അടക്കമുള്ള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകള്‍ മുഴുവന്‍ കണ്ടു കൊണ്ടാണ് പഠിക്കുന്നത്. അത് ന്യൂ വേവിന്റെ സമയമായിരുന്നു. 57-58 കലാത്താണ് കുറെ അധികം ഫ്രെഞ്ച് പടങ്ങള്‍ കാന്‍ ഫെസ്റ്റിവലില്‍ ന്യൂ വേവ് ഫിലിംസ് എന്ന പേരില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്. കഹേദു സിനിമയിലെ എഴുത്തുകാരായിരുന്നു അവരെല്ലാവരും. അവര്‍ നടത്തിയത് വലിയ വിപ്ലവമായിരുന്നു. അങ്ങനെ ന്യൂ വേവ് വരെയുള്ള സിനിമകള്‍ കാണാനും ഓരോ സിനിമയും എന്തുകൊണ്ട് നന്നായി എന്ന തരത്തില്‍ വിശകലനം ചെയ്യാനും ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിലൂടെ സാധിച്ചു. പഥേര്‍ പാഞ്ചാലി ഒക്കെ ഞങ്ങളുടെ ടെക്സ്റ്റ് ബുക്കായിരുന്നു. അത് ശബ്ദത്തോടെ കാണും. ശബ്ദമില്ലാതെ കാണും. പിന്നെ മ്യൂസിക് മാത്രമായിട്ടോ ഡയലോഗ് മാത്രമായിട്ടോ കേള്‍ക്കും. അങ്ങനെ പലരീതിയില്‍ അനലൈസ് ചെയ്താണ് പഠിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും ഫിലിം ആര്‍ക്കൈവ്സും ചേര്‍ന്ന് നടത്തുന്ന ഫിലിം അപ്രീസിയേഷന്‍ കോഴ്സില്‍ കഥാപുരുഷന്‍ കാണിച്ചു. എന്നെയും ക്ഷണിച്ചിരുന്നു. ഞാന്‍ ചെല്ലുന്നതിന്റെ തലേ ദിവസം പടം കണ്ടിരുന്നു. സതീഷ് ബഹാദൂര്‍ എന്നെ ഇന്‍ട്രോഡ്യൂസ് ചെയ്തുകൊണ്ട് പറഞ്ഞത് ഇതുവരെ ഞാന്‍ പഥേര്‍പാഞ്ചാലി ആയിരുന്നു പഠിപ്പിക്കുന്നത്. ഇനി കഥാപുരുഷനായിരിക്കും പഠിപ്പിക്കുക. എനിക്കു കിട്ടാവുന്ന ഏറ്റവും വലിയ ട്രിബ്യൂട്ട് ആയിരുന്നു അത്.

ചിത്രലേഖ: മലയാളി സിനിമ കാണാന്‍ പഠിക്കുന്നു

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടിട്ടാണ് തിരുവനന്തപുരത്ത് വന്ന ഉടനെ ഫിലിം സൊസേറ്റി മൂവ്മെന്‍റ് എന്ന നിലയില്‍ ചിത്രലേഖ ഫിലിം സൊസേറ്റി ആരംഭിക്കുന്നത്. 1965 ജൂലൈയില്‍. ഗാന്ധി ഗ്രാമില്‍ എന്റെ കൂടെ പഠിച്ചിരുന്ന കുളത്തൂര്‍ ഭാസ്ക്കരന്‍ നായരും ഞാനുമാണ് മെയിന്‍ ആയിട്ട് അതില്‍ ഉണ്ടായിരുന്നത്. കൂട്ടത്തില്‍ സിനിമയെ സംബന്ധിച്ചുള്ള ഒരു പ്രസിദ്ധീകരണം ആരംഭിക്കാനും തീരുമാനിച്ചു. ചിത്രലേഖ ഫിലിം സുവനീര്‍ ആദ്യത്തെ സീരിയസ് പബ്ലിക്കേഷനാണ്. ബല്‍രാജ് സാഹ്നി, ഘട്ടക്ക് അങ്ങനെ വളരെ പ്രധാനപ്പെട്ട പല ആളുകളുടെയും ലേഖനങ്ങള്‍ അതില്‍ വന്നിരുന്നു. അത് പ്രസിദ്ധീകരിച്ചു കൊണ്ടാണ് നമ്മള്‍ തുടങ്ങുന്നത്. അന്ന് ഞങ്ങള്‍ക്ക് മൂന്നു ഉദ്ദേശങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഒന്നു ഫിലിം സോസെറ്റി ഒരു പ്രസ്ഥാനമായിട്ട് കേരളത്തില്‍ വളര്‍ത്തുക. രണ്ട്, സിനിമയെ പറ്റിയുള്ള പ്രസിദ്ധീകരണം ഇറക്കുക. മൂന്നാമത്തേത് ഫിലിം പ്രൊഡ്യൂസ് ചെയ്യുക. ചിത്രലേഖയിലെ പ്രധാനപ്പെട്ട ആളുകള്‍ എല്ലാം തന്നെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച ആളുകളാണ്. സൌണ്ട് എഞ്ചിനീയര്‍ ദേവദാസ്, മേലാറ്റൂര്‍ രവിവര്‍മ്മ, ലത്തീഫ് ഇങ്ങനെ നാലഞ്ചു പേര്‍ ചേര്‍ന്നിട്ടാണ് തുടങ്ങിയത്. സജീവമായിട്ട് പ്രവര്‍ത്തിച്ചത് ഞാനും ഭാസ്ക്കരന്‍ നായരും ആയിരുന്നു.

ആദ്യത്തെ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍

അന്ന് നടന്ന മറ്റൊരു പ്രധാനപ്പെട്ട സംഭവം ആള്‍ ഇന്ത്യാ റൈറ്റേഴസ് കോണ്‍ഫറന്‍സ് ആ വര്‍ഷം ഡിസംബറിലും ജനുവരിയിലുമായി കേരളത്തില്‍ നടന്നു. ആലുവയില്‍. അതിനു നേതൃത്വം കൊടുത്തത് എം ഗോവിന്ദന്‍, സി എന്‍ ശ്രീകണ്ഠന്‍ നായര്‍, എം കെ കെ നായര്‍ തുടങ്ങിയവരായിരുന്നു. എനിക്ക് ഇവരുമായിട്ടൊക്കെ നല്ല ബന്ധമുണ്ടായിരുന്നു. ഇതിനെ കുറിച്ചുള്ള ആലോചനകള്‍ നടക്കുമ്പോള്‍ എം ഗോവിന്ദന്‍ ചോദിച്ചു ഇതോടൊപ്പം നമുക്കൊരു ഫിലിം ഫെസ്റ്റിവല്‍ നടത്തിക്കൂടേ. എനിക്കു ഇതിലുള്ള പരിചയം ആറ് മാസം ഫിലിം സൊസേറ്റി നടത്തിയതാണ്. പ്രൊപ്പോസല്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പിന്നെ ഞാന്‍ അധികമൊന്നും ആലോചിച്ചില്ല. തീര്‍ച്ചായായിട്ടും നടത്താമെന്ന് പറഞ്ഞു. എംബസികളുമായി കുറച്ചു റിലേഷന്‍ ഉണ്ടാക്കികഴിഞ്ഞിട്ടുണ്ടായിരുന്നു. അവര്‍ക്കൊക്കെ എഴുതി. രണ്ട് ഇന്ത്യന്‍ പടങ്ങള്‍ അടക്കം 21 പടങ്ങള്‍ കിട്ടി. ഘട്ടക്കിന്റെയും റേയുടെയുമായിരുന്നു ഇന്ത്യന്‍ പടങ്ങള്‍. ഞാന്‍ ഇത് നടത്താമെന്ന് പറയാനുള്ള പ്രധാന കാരണം അത് വരെ സിനിമ എന്നു പറഞ്ഞാല്‍ അവജ്ഞയോടെയാണ് ആളുകള്‍ കണ്ടിരുന്നത്. സിനിമ കണ്ടിട്ട് ഇറങ്ങുന്നത് കള്ള് ഷാപ്പില്‍ നിന്നും തലയില്‍ മുണ്ടിട്ട് ഇറങ്ങുന്നത് പോലെയാണ് എന്നു ഏതോ ഒരു കവി ആ കാലത്ത് എഴുതിയിട്ടുണ്ടായിരുന്നു. സിനിമയ്ക്കു കിട്ടിയിരുന്ന സ്ഥാനം അതായിരുന്നു. അതൊന്നു മാറ്റി എടുക്കണം. അങ്ങനെയാണ് ഈ അവസരം ഉപയോഗിക്കാന്‍ തീരുമാനിച്ചത്. ഫിലിം സൊസേറ്റികള്‍ നമ്മുടെ നാട്ടില്‍ പ്രചരിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗം കൂടി ആയി ഞാന്‍ ഇതിനെ കണ്ടു. കേരളത്തില്‍ അന്ന് ഒന്‍പത് ജില്ലകളാണ് ഉള്ളത്. ഈ ഒന്‍പത് ജിലകളുടെയും തലസ്ഥാനത്ത് സിനിമ കാണിക്കാന്‍ തീരുമാനിച്ചു. പിന്നീട് നാഗര്‍കോവിലും ഉള്‍പ്പെടുത്തി. ഈ പത്തു സ്ഥലത്തും ഒരേ സമയം സിനിമ നടക്കുകയായിരുന്നു. ഒരു സ്ഥലത്തു ഒരു ഷോ കഴിഞ്ഞാല്‍ ഉടന്‍ തന്നെ രണ്ടാമത്തെ ഷോയ്ക്കുള്ള പടം വന്നു കഴിഞ്ഞു. അപ്പോഴേക്കും മറ്റേത് അടുത്ത സ്ഥലത്തു പൊയ്ക്കഴിഞ്ഞിരിക്കും. ഇങ്ങനെ ഒരേ സമയത്ത് കേരളം മുഴുവന്‍ ഈ ഫെസ്റ്റിവല്‍ നടക്കുകയാണ്. ആദ്യത്തെ ഇന്‍റര്‍നാഷണല്‍ ഫെസ്റ്റിവല്‍ കേരളം മുഴുവന്‍ കാണുകയാണ്. അത് ഒരു ചരിത്ര സംഭവമായിരുന്നു. അതിന്റെ ഭാഗമായി ഇറക്കിയ ബുക്ക് ലെറ്റില്‍ ഞാന്‍ എഴുതി. ഈ ഫെസ്റ്റിവല്‍ നടന്ന എല്ലാ ഇടത്തും ഇത് കഴിഞ്ഞ ഉടനെ ഒരു ഫിലിം സോസെറ്റി ഉണ്ടാകണം. ഇതിന് വേണ്ടി പ്രാദേശികമായി പ്രവര്‍ത്തിച്ച നിരവധി പേര്‍ ഉണ്ടായിരുന്നു. അവരെയൊക്കെ പ്രേരിപ്പിച്ചുകൊണ്ട് ഫിലിം സൊസെറ്റികള്‍ സ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം. അങ്ങനെ നാഗര്‍കോവില്‍ ഉള്‍പ്പെടെ പത്തു സ്ഥലത്തും ഫിലിം സൊസെറ്റി ഉണ്ടായി. അതിനുള്ള സഹായം ഞങ്ങള്‍ ചെയ്തു കൊടുത്തു. ആദ്യമായിട്ട് ഫിലിം സൊസെറ്റി പ്രസ്ഥാനത്തെ കുറിച്ച് ഒരു എഡിറ്റോറിയല്‍ കേരള ഭൂഷണത്തില്‍ സി എന്‍ ശ്രീകണ്ഠന്‍ നായര്‍ എഴുതി. ഇങ്ങനെ വലിയൊരു ത്രസ്റ്റ് നമ്മുടെ സ്വാധീനം ഉപയോഗിച്ച് ചെയ്തു. അങ്ങനെ അതിനു ഫലം ഉണ്ടായി. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നൂറില്‍ ആധികം ഫിലിം സോസെറ്റികള്‍ ഉണ്ടായി. ചെറായി പോലുള്ള നാട്ടിന്‍പുറങ്ങളില്‍ പോലും വളരെ കാര്യമായി ഫിലിം സോസെറ്റി പ്രവര്‍ത്തിച്ചു. അവിടെയൊക്കെ വള്ളത്തില്‍ വേണമായിരുന്നു ഫിലിം ബോക്സുകള്‍ എത്തിക്കാന്‍. 1965 മുതല്‍ 75 വരെയുള്ള കാലത്താണ് ഇത് നടക്കുന്നതു. തിരുവനന്തപുരത്ത് ശ്രീകുമാര്‍ തിയറ്ററില്‍ ലാന്‍ഡ് ഓഫ് ദി എയ്ഞ്ചല്‍സ് എന്ന പടം കാണിച്ചിട്ടാണ് ഫിലിം സൊസെറ്റി ആരംഭിച്ചത്. അന്നത്തെ ഗവര്‍ണ്ണര്‍ ആയിരുന്ന ഭഗവാന്‍ സഹായി ആയിരുന്നു ഉദ്ഘാടനം ചെയ്തത്.

രണ്ടര ലക്ഷം കൊണ്ട് പൂര്‍ത്തിയാക്കിയ സ്വയംവരം ബോക്സോഫീസ് ഹിറ്റ്

1972ലാണ് എന്റെ സിനിമ വരുന്നത്. 65ല്‍ പാസായി വന്നെങ്കിലും ഞാന്‍ ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു ചെയ്തുകൊണ്ടിരുന്നത്. സിനിമ എടുക്കുക എന്നു പറയുന്നതു വലിയ പ്രയാസമായിരുന്നു. അതിനിടയില്‍ അലസിപ്പോയ ഒരു ശ്രമം പോലും ഉണ്ടായിരുന്നു. കാമുകി എന്നു പറഞ്ഞിട്ടു. അതിന്റെ നിര്‍മ്മാതാവിന്റെ കയ്യില്‍ കാശില്ലാതായ്യിട്ടാണ് അത് മുടങ്ങിപ്പോയത്. അന്ന് നമ്മള്‍ ഉള്‍പ്പെടെയുള്ളവരുടെ ധാരണ പടം കുറച്ചു ഷൂട്ട് ചെയ്തിട്ട് വിതരണക്കാരെ കാണിക്കുക. ബാക്കി അവര്‍ ഫിനാന്‍സ് ചെയ്യും എന്നായിരുന്നു. പക്ഷേ അതൊക്കെ തെറ്റിദ്ധാരണയായിരുന്നു എന്നു പിന്നീട് മനസിലായി. വിതരണക്കാര്‍ക്ക് വേണ്ടത് ഇത്തരം സിനിമ അല്ല. അങ്ങനെ ഒരുപാട് പാഠങ്ങള്‍ നമ്മള്‍ പഠിച്ചു. ഒന്നു ഒരു നിര്‍മ്മാതാവിന്റെ കയ്യില്‍ പടം പൂര്‍ത്തിയാക്കാനുള്ള പണം ഉണ്ടെങ്കില്‍ മാത്രമേ സിനിമാ ശ്രമം നടത്താവൂ. രണ്ടാമത്തേത് പണം മുടക്കാന്‍ വരുന്നവര്‍ക്ക് സിനിമ നിര്‍മ്മിക്കാന്‍ മുടക്കിയ പണം പോയാലും വഴിയാധാരമാകരുത്. അതിനുള്ള ത്രാണി ഉള്ളവര്‍ ആയിരിക്കണം

കാമുകി കഴിഞ്ഞു അഞ്ചാറ് വര്‍ഷം കഴിഞ്ഞിട്ടാണ് നാഷണല്‍ ഫിലിം കോര്‍പ്പറേഷന് സ്വയംവരത്തിന്റെ പ്രൊപ്പോസല്‍ അയക്കുന്നത്. പടത്തിന്റെ ബജറ്റ് രണ്ടര ലക്ഷം രൂപ ആയിരുന്നു. അവരുടെ ടേംസ് അനുസരിച്ചു മൂന്നില്‍ രണ്ട് അവര്‍ തരും. ബാക്കി നമ്മള്‍ എടുക്കണം. അങ്ങനെ രണ്ടര ലക്ഷം രൂപയ്ക്കാണ് സ്വയംവരം ചെയ്തത്. സ്വയംവരം ഒരു രീതിയില്‍ ചരിത്രം സൃഷ്ടിച്ച പടമായിരുന്നു. എടുത്ത ഉടനെ ഞങ്ങള്‍ റിലീസ് ചെയ്യാന്‍ നോക്കി. ആദ്യം വിതരണം ചെയ്യാം എന്നേറ്റിരുന്ന ആള്‍ പെട്ടെന്നു പിന്‍മാറുകയായിരുന്നു. പിന്നീട് ഞങ്ങള്‍ തന്നെ പത്തോ പന്ത്രണ്ടു പ്രിന്‍റുകള്‍ എടുത്തു റിലീസ് ചെയ്തു. ചില തിയറ്ററുകളില്‍ ഒന്നോ രണ്ടോ ആഴ്ച ഓടി. മൊത്തത്തില്‍ പടം ഫ്ലോപ്പായി എന്ന ഇംപ്രഷന്‍ ആണ് ഉണ്ടായത്. ചരമക്കുറിപ്പ് എഴുതാന്‍ ആളുകള്‍ റെഡിയായിരിക്കുകയായിരുന്നു. നമ്മുടെ ശ്രമമൊക്കെ പരാജയപ്പെട്ടു എന്നു കരുതി വിഷമിച്ചിരിക്കുന്ന സമയത്താണ് ദേശീയ അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. നാഷണല്‍ അവാര്‍ഡിന്റെ ചരിത്രത്തില്‍ പ്രധാനപ്പെട്ട എല്ലാ അവാര്‍ഡും കിട്ടിയ മറ്റൊരു പടമുണ്ടായിട്ടില്ല. മികച്ച ഫിലിമിന്, സംവിധായകന്, ക്യാമറമാന്, നടിക്ക്.. ഇത്രയും അവാര്‍ഡുകള്‍ കിട്ടി. അങ്ങനെ വലിയ വാര്‍ത്ത വന്നു. അങ്ങനെ പടം ഒന്നു കൂടി റിലീസ് ചെയ്യുകയായിരുന്നു. റിലീസ് ചെയ്തപ്പോഴുള സ്ഥിതി എന്താണെന്ന് വെച്ചാല്‍ ഓരോ ഷോയ്ക്കും നിറച്ചു ആളുകള്‍. ടിക്കറ്റ് കിട്ടാതെ ആളുകള്‍ പോകുന്നു. രണ്ടു മൂന്നാഴ്ചകൊണ്ട് മുടക്കിയ പടം തിരിച്ചുകിട്ടി. അങ്ങനെ അത് ചരിത്രമായി.

ഇങ്ങനെ ഒരുത്തന്റെ മോന്ത കണ്ടുകൊണ്ട് ആര് തിയറ്ററില്‍ കയറും? കൊടിയേറ്റം നേരിട്ട പ്രതിസന്ധി

സ്വയംവരം വഴി ഓടിക്കിട്ടിയ പണം എല്ലാം ഞങ്ങള്‍ ഉപകരണങ്ങള്‍ വാങ്ങിക്കാന്‍ ചിലവാക്കി. അന്ന് ഷൂട്ടിംഗിനുള്ള എക്യുപ്മെന്‍റുകള്‍ മദ്രാസില്‍ പോയി വാടകയ്ക്ക് എടുത്തു കൊണ്ട് വരണം. ഞങ്ങള്‍ ഒരു ക്യാമറ വാങ്ങിച്ചു. റിക്കോര്‍ഡിംഗ് എക്യുപ്മെന്‍റ്, ലൈറ്റ്സ് എന്നിങ്ങനെ ഓരോന്നും സ്വന്തമായി വാങ്ങിച്ചു. ഒരു സ്റ്റുഡിയോ തുടങ്ങണം എന്നതായിരുന്നു ഐഡിയ. അങ്ങനെ പൈസ മുഴുവന്‍ തീര്‍ന്നു. അങ്ങനെ രണ്ടാമതൊരു പടം എടുക്കണം എന്നു വിചാരിച്ചിട്ട് നാലഞ്ചു വര്‍ഷം അങ്ങ് പോയി. അപ്പപ്പോള്‍ വേണ്ട പൈസ റെയിസ് ചെയ്തു കൊടിയേറ്റത്തിന്റെ ചിത്രീകരണം ആരംഭിച്ചു. രവിവര്‍മ്മയെ മദ്രാസില്‍ നിന്നും ഇവിടെ കൊണ്ട് വന്നു ഷൂട്ട് ചെയ്യാന്‍ പോലും പൈസ ഇല്ലാത്തതുകൊണ്ട് ഞാന്‍ തന്നെ ഷൂട്ട് ചെയ്യുകയായിരുന്നു. അതിലെ ഉത്സവത്തിന്റെ സീനൊക്കെ ഞാന്‍ എടുത്തതാണ്. പടം എടുത്തു കഴിഞ്ഞു അതിന്റെ നെഗറ്റീവുകള്‍ മദ്രാസില്‍ എ വി എം ലാബില്‍ ഏല്‍പ്പിച്ചു. പ്രോസസിംഗ് ചാര്‍ജ്ജ് ചോദിച്ചാലോ എന്നു കരുതി പിന്നീട് ഞാന്‍ അങ്ങോട്ട് പോയില്ല. ഒരു കൊല്ലം അത് അവിടെ കിടന്നു.

അതിനു പണം ഉണ്ടാക്കാന്‍ വേണ്ടി വേറൊരു ഡോക്യുമെന്ററി ചെയ്യുന്നുണ്ടായിരുന്നു. ഇടുക്കി ജല വൈദ്യുത പദ്ധതിയെപ്പറ്റി. എം എന്‍ ഗോവിന്ദന്‍ നായര്‍ ആയിരുന്നു അന്ന് മന്ത്രി. ഇന്ദിരാഗാന്ധി അതിന്റെ ഉദ്ഘാടനത്തിന് വരും. അന്ന് കേരളത്തിലെ പത്തു തിയറ്ററുകളില്‍ എങ്കിലും ഡോക്യുമെന്ററി കാണിക്കണം എന്നു ഞങ്ങളോടു പറഞ്ഞു. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു ഞങ്ങളുടെ കയ്യില്‍ കാശില്ല. ഏട്ടുപത്ത് വര്‍ഷം മുന്‍പുള്ള കോണ്‍ട്രാക്‍ടാണ്. അതിന്റെ ഷൂട്ടിംഗും കൊടിയേറ്റം പോലെ തന്നെയായിരുന്നു. ഞാനും ഒരു ക്യാമറ അസിസ്റ്റന്‍റും കൂടി ഒരു ക്യാമറയും കൊണ്ട് തിരുവനന്തപുരത്ത് നിന്നു ബസ് കയറി ഇടുക്കിയില്‍ പോയി ഇറങ്ങും. ഞാന്‍ തന്നെയാണ് ഷൂട്ട് ചെയ്യുന്നത്. റേറ്റ് റിവൈസ് ചെയ്തു തരാന്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് ആ ഡോക്യുമെന്ററി പൂര്‍ത്തിയാക്കുന്നത്. ആ വര്‍ക്കില്‍ ഞങ്ങള്‍ക്ക് ഒരു ലക്ഷം രൂപയോളം ലാഭം കിട്ടി. ആ പണം കൊണ്ടാണ് കൊടിയേറ്റം പൂര്‍ത്തിയാക്കുന്നത്.

മദ്രാസില്‍ ചെന്നപ്പോഴേക്കും കുറെ റീലൊക്കെ നഷ്ടപ്പെട്ടു. അങ്ങനെ നഷ്ടപ്പെട്ടത് രണ്ടാമത് പോയി ഷൂട്ട് ചെയ്തു. 75ല്‍ ഷൂട്ട് തുടങ്ങിയിട്ട് 79ലാണ് പൂര്‍ത്തിയാക്കുന്നത്. പ്രിന്‍റൊക്കെ എടുത്തു റിലീസ് ചെയ്യാന്‍ കൊണ്ടുവന്നപ്പോള്‍ ഒരു തിയറ്ററിനും താല്‍പ്പര്യമില്ല. ഇങ്ങനെ ഒരുത്തന്റെ മോന്ത കണ്ടുകൊണ്ട് ആര് തിയറ്ററില്‍ കയറും എന്നാണ് അവര്‍ ചോദിക്കുന്നത്. അങ്ങനെ വലിയ വിഷമമായി. അങ്ങനെ അന്വേഷിച്ച് നടന്നിട്ട് കോട്ടയത്തു ആശ എന്നു പറയുന്ന ഒരു തിയറ്ററും ഹരിപ്പാട്ട് ഒരു തിയറ്ററും കിട്ടി. രണ്ടു സ്ഥലത്താണ് പടം റിലീസ് ചെയ്യാന്‍ പറ്റിയത്. മറ്റ് പ്രിന്‍റുകള്‍ ഒക്കെ ഞങ്ങളുടെ കയ്യില്‍ ഇരിക്കുകയാണ്. സംഭവിച്ചത് എന്താണ് വെച്ചാല്‍ ഓരോ ഷോ കഴിയുമ്പോഴും ആ ഷോയുടെ ഇരട്ടി ആളുകള്‍ അടുത്ത ഷോയ്ക്ക് കയറും. അങ്ങനെ ഒരു മൂന്നു ദിവസം കൊണ്ട് കേരളം മുഴുവന്‍ വാര്‍ത്തയാകുന്നു. പടം ഭയങ്കര ഹിറ്റാണ് എന്നു പറഞ്ഞിട്ടു. ഈ തീയറ്റര്‍ തരില്ല എന്നു പറഞ്ഞവര്‍ എല്ലാം വിളിക്കാന്‍ തുടങ്ങി. അങ്ങനെ എല്ലാ തിയറ്ററുകള്‍ക്കും കൊടുത്തു. അങ്ങനെ അത്തങ്ങോട്ട് ഓടാന്‍ തുടങ്ങി. കോട്ടയത്തു ആശാ തിയറ്ററില്‍ മാത്രം 145 ദിവസം ഓടി.

അങ്ങനെയാണ് ഗോപി എന്നു പറഞ്ഞ ഒരു ആക്ടര്‍ ഉണ്ടാകുന്നത്. കൊടിയേറ്റം ഗോപി. കുറെ കാലം കഴിഞ്ഞപ്പോള്‍ കൊടിയേറ്റം ഗോപി എന്നു പറയുന്നതു അയാള്‍ക്കൊരു വിഷമം. അതുകൊണ്ടാണ് പിന്നെ പേരൊക്കെ മാറ്റി ഭരത് ഗോപി ആക്കിയത്. ഭരത് എന്ന അവാര്‍ഡ് ഗോപിക്ക് കിട്ടിയിട്ടില്ല. ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് മാത്രമേ കിട്ടിയിട്ടുള്ളൂ. ഭരത്, ഊര്‍വശി എന്നീ അവാര്‍ഡുകള്‍ ഒന്നോ രണ്ടോ വര്‍ഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഗവണ്‍മെന്‍റ് അതങ്ങ് നിര്‍ത്തി. ഭരത് കിട്ടിയിരിക്കുന്നത് പിജെ ആന്റണിക്കും ബാലന്‍ കെ നായര്‍ക്കും ആണ്. കൊടിയേറ്റത്തില്‍ മാത്രമേ ഗോപിക്ക് നാഷണല്‍ അവാര്‍ഡുമ് കിട്ടിയിട്ടുമുള്ളൂ.

(തുടരും)


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories