TopTop
Begin typing your search above and press return to search.

മലയാളിയെ സിനിമ കാണാന്‍ പഠിപ്പിച്ച അടൂര്‍

മലയാളിയെ സിനിമ കാണാന്‍ പഠിപ്പിച്ച അടൂര്‍
മലയാള സിനിമയുടെ അന്താരാഷ്ട്ര വിലാസം ഈ മൂന്നക്ഷരങ്ങളായി മാറിയിട്ട് ഇപ്പോള്‍ 45 വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. ജെ.സി ഡാനിയേല്‍ പുരസ്ക്കാരം ഈ ചലച്ചിത്ര പ്രതിഭയ്ക്ക് നല്‍കാന്‍ അര നൂറ്റാണ്ടോളം കാത്തിരിക്കേണ്ടി വന്നു എന്നത് ആശ്ചര്യകരമാണ്. അരനൂറ്റാണ്ട് എന്നു എടുത്തുപറയാന്‍ കാരണമുണ്ട്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം കഴിഞ്ഞു നാട്ടിലെത്തിയ അടൂരും കൂട്ടരും ചേര്‍ന്ന് 1965-ല്‍ സ്ഥാപിച്ച ചിത്രലേഖ ഫിലിം സൊസെറ്റിയാണ് ലോക സിനിമയെ കേരളീയ ഗ്രാമങ്ങളിലേക്ക് കൊണ്ടുവരുന്നതിന് തുടക്കം കുറിച്ചതും അടൂരിന്റെ ആദ്യ സിനിമയായ സ്വയംവരം നിര്‍മ്മിച്ചതും. ചലചിത്ര പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍ തന്നെ ആദ്യത്തേയും ചിലപ്പോള്‍ അവസാനത്തെയും ചലച്ചിത്ര സഹകരണ പ്രസ്ഥാനമായിരിക്കാം ചിത്രലേഖ.

1972ല്‍ 123 മിനുട്ട് ദൈര്‍ഘ്യമുള്ള സ്വയംവരം എന്ന ചിത്രത്തോടെയായിരുന്നു കഥാചിത്ര രംഗത്തെ അടൂരിന്റെ കാല്‍വെപ്പ്. അവിടുന്നിങ്ങോട്ട് 45 വര്‍ഷങ്ങള്‍ക്കിടയില്‍ 13 കഥാചിത്രങ്ങള്‍ മാത്രമേ അടൂര്‍ ചെയ്തിട്ടുള്ളൂ എങ്കിലും മലയാളിയുടെ കാഴ്ചാശീലങ്ങളെ അട്ടിമറിക്കുകയും നവീകരിക്കുകയും ചെയ്ത സിനിമകളായിരുന്നു അവയെല്ലാം. “പ്രമേയത്തിലും ആശയത്തിലും സ്വയംവരം പ്രദര്‍ശിപ്പിച്ച മൌലികത അദ്ദേഹത്തിന്റെ പിന്നീടുള്ള എല്ലാ സിനിമകളിലും ദൃശ്യമായി" എന്ന് പ്രശസ്ത സംവിധായകന്‍ ശ്യാം ബെനഗല്‍ ‘എ ഡോര്‍ ടു അടൂര്‍’ എന്ന പുസ്തകത്തിലെഴുതിയത് അതുകൊണ്ടാണ്. “മനുഷ്യ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകള്‍ കൈകാര്യം ചെയ്യാന്‍, ചരിത്രവും പാരമ്പര്യവും സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങളും സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അടൂരിന് അസാധാരണമായ കഴിവുണ്ട്" എന്ന് ബെനഗല്‍ തുടരുന്നു. വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘര്‍ഷങ്ങളിലെ സങ്കീര്‍ണതകളെ ഇത്ര ലളിതമായി ആഖ്യാനം ചെയ്ത മറ്റൊരു സംവിധായകന്‍ മലയാളത്തില്‍ ഉണ്ടാകില്ല എന്നത് തീര്‍ച്ച.

പക്ഷേ മലയാള സിനിമ അടൂരിനോട് കടപ്പെട്ടിരിക്കുന്നത് അദ്ദേഹം ചെയ്ത സിനിമകളുടെ പേരില്‍ മാത്രമായി ചുരുക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന നീതികേടായിരിക്കും. സിനിമ കാണാന്‍ പഠിക്കണം എന്ന സിദ്ധാന്തം മലയാളി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ ആദ്യമായി വെച്ച ചലച്ചിത്ര പ്രവര്‍ത്തകന്‍ കൂടിയാണ് അദ്ദേഹം. സിനിമ എടുക്കാന്‍ എന്തെങ്കിലും പഠിക്കേണ്ടതുണ്ടോ എന്നു ചിന്തിച്ചിരുന്ന കാലത്താണ് സിനിമ കാണാന്‍ പഠിപ്പിക്കാന്‍ ചിത്രലേഖാ ഫിലിം സോസെറ്റിയുമായി അടൂരും സംഘവും എത്തിയത്. അത് മലയാളിയുടെ സിനിമ കാഴ്ചാ ശീലങ്ങളെയും ഭാവുകത്വത്തെയും മാറ്റിമറച്ച ഫിലിം സോസെറ്റി പ്രസ്ഥാനത്തിന്റെ ഉദയം ചെയ്യലിന് കാരണമായി. കേരളീയ ഗ്രാമങ്ങളില്‍ പോലും ഫെല്ലിനിയും കുറസോവയും ഗൊദാര്‍ദും ത്രൂഫോയും നമ്മുടെ റെയും ഘട്ടക്കുമൊക്കെ സുപരിചിതരായി.

[caption id="attachment_81931" align="aligncenter" width="550"] സ്വയംവരം[/caption]

യഥാര്‍ത്ഥത്തില്‍ അന്ന് ടാക്കീസുകളില്‍ നിറഞ്ഞോടിക്കൊണ്ടിരുന്ന മുഖ്യധാര താര കേന്ദ്രീകൃത സിനിമകളെ പൊളിക്കുക എന്ന കലാപരമായ ലക്ഷ്യം മാത്രമായിരുന്നില്ല ഫിലിം സൊസേറ്റി പ്രസ്ഥാനത്തിനുണ്ടായിരുന്നത്. അത് സ്വാതന്ത്ര്യത്തിന് ശേഷം നടപ്പാക്കിയ നെഹ്രൂവിയന്‍ വികസന സങ്കല്പങ്ങളിലുള്ള നിരാശയും കമ്യൂണിസ്റ്റ് പ്രസ്ഥാനം നേരിടുന്ന പ്രതിസന്ധികളും ഒക്കെ കൂടി സൃഷ്ടിച്ച വിമത യുവത്വത്തിന്റെ പുതിയ വഴിത്താരകള്‍ തേടാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയായിരുന്നു. പിന്നീട് ദേശീയ അടിയന്തരാവസ്ഥയുടെ പ്രഖ്യാപനത്തോടെ അതിന്റെ ഉച്ചസ്ഥായില്‍ എത്തുകയും ചെയ്തു. മലയാള സിനിമയുടെ തുടക്കക്കാരന്റെ പേരിലുള്ള പുരസ്കാരം ഇപ്പോള്‍ നല്‍കുമ്പോള്‍ അടൂര്‍ ഓര്‍മ്മിക്കപ്പെടേണ്ടത് അത്തരമൊരു രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനത്തിനു തുടക്കം കുറിച്ചവരില്‍ ഒരാള്‍ എന്ന പേരില്‍ കൂടി ആയിരിക്കണം.

1970-കളുടെ ഒടുവിലും 80-കളിലും ഉച്ചപ്പടങ്ങള്‍ എന്ന പേരില്‍ മുഖ്യധാര വിതരണ പ്രദര്‍ശന സംവിധാനത്തിനകത്ത് നൂണ്‍ ഷോകളായി പ്രദര്‍ശിപ്പിക്കട്ടെ സിനിമകളുടെ നിര്‍മ്മാണത്തിലേക്ക് നയിച്ച സാഹചര്യമൊരുക്കിയത് ഈ ഫിലിം സോസെറ്റി പ്രസ്ഥാനമായിരുന്നു. പിഎ ബക്കര്‍ (മണിമുഴക്കം, കബനി നദി ചുവന്നപ്പോള്‍) പവിത്രന്‍ (യാരോ ഒരാള്‍), ടിവി ചന്ദ്രന്‍ (ആലീസിന്റെ അന്വേഷണം) കെ ആര്‍ മോഹനന്‍ (അശ്വഥാമാവ്) കെ പി കുമാരന്‍ (അതിഥി) എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ ആ കാലത്ത് നിര്‍മ്മിക്കപ്പെട്ടു. ഇവരില്‍ കെ ആര്‍ മോഹനന്‍ ഒഴിച്ച് എല്ലാവരുടെയും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും സര്‍വ്വകലാശാലയും ഫിലിം സൊസൈറ്റികളായിരുന്നു. ജോണ്‍ എബ്രഹാം ഒരു അഗ്രഗാമിയായി ഇവരുടെയൊപ്പം നിറഞ്ഞു നിന്നു. ഇത്തരം സമാന്തര നിര്‍മ്മാണ സംരംഭങ്ങളാണ് കേരള ചലചിത്ര വികസന കോര്‍പ്പറേഷന്‍, കേരള ചലചിത്ര അക്കാദമി, കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നിവയുടെ സ്ഥാപനത്തിലേക്കും നയിച്ചത്.

ഇന്നിപ്പോള്‍ പ്രേക്ഷക പങ്കാളിത്തം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രോത്സവങ്ങളില്‍ ഒന്നായി ഗണിക്കപ്പെടുന്ന കേരള അന്തരാഷ്ട്ര ചലച്ചിത്രോത്സവം അതിന്റെ 21 എഡിഷന്‍സ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു. ലോകസിനിമയിലെ ചലനങ്ങളെ അപ്പപ്പോള്‍ തന്നെ നല്ല സിനിമയെ സ്നേഹിക്കുന്നവരുടെ മുന്‍പില്‍ എത്തിക്കുന്നതില്‍ ഐഎഫ്എഫ്കെ വിജയമാണെന്നതില്‍ ആര്‍ക്കെങ്കിലും എതിരഭിപ്രായം ഉണ്ടെന്ന് തോന്നുന്നില്ല. ഫിലിം സൊസൈറ്റി പ്രസ്ഥാനം ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലും സംഘടിപ്പിച്ച ചലച്ചിത്രോത്സവങ്ങളുടെ വലിയ രൂപമാണ് ഐഎഫ്എഫ്കെ. അത് ഇന്നീ കാണുന്ന രൂപത്തിലാക്കാന്‍ ചലചിത്ര അക്കാദമിയുടെ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ അടൂര്‍ നല്കിയ സംഭാവനകളും വിലമതിക്കാനാവാത്തതാണ്.

സിനിമ കാണാന്‍ പഠിക്കണം എന്ന് 1960-കളില്‍ പറഞ്ഞത് ഇപ്പോഴും അടൂര്‍ ആവര്‍ത്തിക്കുന്നു എന്നത് നമ്മള്‍ സ്വയം വിമര്‍ശനാത്മകമായി കാണേണ്ടുന്ന ഒന്നു കൂടിയാണ്. കേരള ചലച്ചിത്രോത്സവത്തില്‍ പ്രതിനിധികളുടെ ഭാഗത്ത് നിന്നും അനഭിലഷണീയമായ ചില പ്രവണതകള്‍ കണ്ടപ്പോഴാണ് അടൂര്‍ നിശിതമായ ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് ഡെലിഗേറ്റ് പാസ് കൊടുക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരണം എന്നുവരെ അടൂര്‍ പറഞ്ഞു. സിനിമ പ്രദര്‍ശനത്തിനിടയില്‍ തിയറ്ററില്‍ നിന്നിറങ്ങിപ്പോവുക, പകുതിയില്‍ വന്നു കയറുക, അപശബ്ദങ്ങള്‍ ഉണ്ടാക്കുക്കുക എന്നിവയൊക്കെ ഒരു ചലചിത്ര ഉപാസകനെ സംബന്ധിച്ചിടത്തോളം സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.

തന്റെ ചലചിത്രജീവിതത്തെ കുറിച്ച് ഒരിക്കല്‍ അടൂര്‍ പറഞ്ഞത് അതുകൊണ്ടു കൂടിയാണ് പ്രസക്തമാകുന്നത്; “ഇത് എന്റെ ജീവിതമാണ്. ഒരു പക്ഷേ ഇത് മാത്രമാണ് എന്റെ ജീവിതം”

പിന്‍കുറിപ്പ്: 1984ല്‍ ഇറങ്ങിയ മുഖാമുഖം എന്ന സിനിമയുടെ പേരില്‍ അടൂരിനെ നിശിതമായി വിമര്‍ശിച്ച ഇടതുപക്ഷത്തിന്റെ ഭരണകാലത്ത് തന്നെ അദ്ദേഹത്തിന് പരമോന്നത സിനിമാ പുരസ്കാരം കിട്ടി എന്നത് ചരിത്രത്തിന്റെ ഒരു കാവ്യ നീതി കൂടിയാകാം.

Next Story

Related Stories