Top

ഓമനക്കുട്ടന്റെ വിധി ഇതാകരുത്‌: സംവിധായകന്‍ രോഹിത്/അഭിമുഖം

ഓമനക്കുട്ടന്റെ വിധി ഇതാകരുത്‌: സംവിധായകന്‍ രോഹിത്/അഭിമുഖം
എക്‌സ്പിരിമെന്റെല്‍ ടൈപ്പ് ട്രെയിലറുകളിലൂടെയാണ് അഡ്വഞ്ചര്‍ ഓഫ് ഓമനകുട്ടന്‍ എന്ന സിനിമ തുടക്കത്തിലേ പ്രേക്ഷകശ്രദ്ധ നേടുന്നതും നവാഗതനായ രോഹിത് വി.എസ് എന്ന സംവിധായകന്‍ തന്റെ കന്നിചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെടുന്നതും. ആസിഫ് അലി, ഭാവന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ റിലീസിംഗ് കഴിഞ്ഞ് സിനിമയെ കുറിച്ച് മോശമല്ലാത്ത വിധത്തിലുളള അഭിപ്രായങ്ങള്‍ പ്രതികരണങ്ങളായി ലഭിക്കുന്നതിനിടെയാണ് ഏറെ നിരാശയോടെ 'കാണണം എന്ന് ആഗ്രഹമുള്ളവര്‍ പെട്ടെന്നു കണ്ടോ... ഇപ്പോ തെറിക്കും തിയേറ്ററീന്ന്...' എന്ന പോസ്‌ററ് പ്രസ്തുത ചിത്രത്തെപ്പററി സംവിധായകന്‍ തന്നെ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നത്. ഈ പോസ്റ്റ് കണ്ട് രോഹിത്തിന് പിന്തുണയുമായി സംവിധായകനായ ബേസില്‍ ജോസഫ്, നടന്‍ അജു വര്‍ഗീസ് തുടങ്ങിയ ഒട്ടേറെ പേര്‍ രംഗത്ത് വരികയുമുണ്ടായി. രോഹിത് വി.എസിന്റെ ഈ ഫേസ്‌കുറിപ്പിനെ അടിസ്ഥാനപ്പെടുത്തിയുളള സത്യാവസ്ഥകളെ കണ്ടെത്തുകയാണ്
അനു ചന്ദ്ര
, രോഹിത് വി.എസുമായുളള അഭിമുഖത്തിലൂടെ.


അനു ചന്ദ്ര: മലയാളികള്‍ക്ക് പരിചിതമല്ലാത്ത ആവിഷ്‌കാരം അഥവാ വിഷ്വല്‍ ട്രീറ്റാണ് അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍ എന്ന സിനിമയെന്ന താങ്കളുടെ അവകാശവാദത്തെ കുറിച്ച്?

രോഹിത്: അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍ എന്ന സിനിമ ഒരു കോമിക് ആണ്. ഒരുപാട് കോമഡിയും ലൈക്കബിളായ കാര്യങ്ങളുമെല്ലാമുളള ഒരു എക്‌സ്പിരിമെന്റെല്‍ മൂവി. ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന ട്രീറ്റ്‌മെന്റ് പാറ്റേണ്‍ എന്ന് പറയുന്നത് മലയാളത്തിന് പരിചതമല്ലാത്ത രീതിയിലുളള ഒന്നാണ്. അത്‌കൊണ്ട് തന്നെ ഒരു ഫ്രെഷ്‌നസ്സ് കാഴ്ചക്കാര്‍ക്ക് കൊടുക്കുന്ന ഒന്ന് തന്നെയാണ് ഈ സിനിമ. ക്യാമറയിലാണെങ്കിലും, മെയ്ക്കിങിലാണെങ്കിലും എല്ലാത്തിലാണെങ്കിലും. മലയാള സിനിമയില്‍ കണ്ടു വരുന്ന ഒരു ഫോര്‍മുല മാറ്റണമെന്ന് വിചാരിച്ച് തുടങ്ങിയ ഒന്നൊന്നുമല്ല. ചിന്തിച്ച് വന്നപ്പോള്‍ തുടക്കം മുതലേ ഇത്തരത്തില്‍ സംഭവിച്ചതാണ്.അനു: ഇത്തരത്തില്‍ ഈ സിനിമയിലുളള താങ്കളുടെ പ്രയത്‌നത്തിന്റെ ഫലം നിഷ്ഫലമായി എന്നല്ലേ താങ്കള്‍ ഫെയ്‌സ്ബുക്ക് പോസ്‌ററിലൂടെ പറഞ്ഞു വെക്കുന്നത്?

രോഹിത്: വാസ്തവത്തില്‍ അത് ഞാന്‍ സിനിമയുടെ പ്രൊമോഷന് വേണ്ടി ഇട്ട ഒരു പോസ്റ്റ് ഒന്നുമല്ല. പറയണമെന്ന് തോന്നിയ ഒരു കാര്യം പറഞ്ഞു. വളരെ ചുരുങ്ങിയ തിയേറററുകളാണ് ഈ സിനിമയുടെ പ്രദര്‍ശനത്തിനായി ഞങ്ങള്‍ക്ക് കിട്ടിയത്. ഈ സിനിമയുടെ ഓഡിയന്‍സിന് കാണാന്‍ പറ്റുന്ന തരത്തിലുളള വളരെ ചുരുക്കം നല്ല തീയേറ്റേഴ്‌സ് മാത്രമെ കിട്ടിയുള്ളൂ, ബാക്കി കിട്ടിയതെല്ലാം മോശം തീയേറ്ററുകളായിരുന്നു. അതുകൊണ്ട് തന്നെ മോശം തീയേറ്റേറുകളില്‍ നിന്ന് കാണുന്നവര്‍ക്ക് വളരെ മോശം എക്‌സ്പീരിയന്‍സുമാണ് ചിത്രത്തെക്കുറിച്ച് ലഭിക്കുന്നത്. ആ നല്ല തീയേറ്ററുകളില്‍ നിന്ന് കണ്ടവരെല്ലാം വളരെ നല്ല അഭിപ്രായമാണ് സിനിമയെ പറ്റി പറഞ്ഞത്. അതായത് കുറച്ചു കൂടി വ്യക്തമാക്കിയാല്‍ ഇവിടത്തെ നിലവിലെ ഡിസ്ട്രിബ്യൂഷന്‍ പാറ്റേണ്‍ എല്ലാ രീതിയിലും തെറ്റാണെന്നേ പറയാന്‍ സാധിക്കൂ. അതാണ് പ്രധാന പ്രശ്‌നംഅനു: മലയാള സിനിമാ ഇന്‍ഡസ്ട്രി മൊത്തത്തില്‍ നേരിടുന്ന ഒരു പ്രശ്‌നമല്ലേ ഇത്?

രോഹിത്: അങ്ങനെ മലയാള സിനിമാ ഇന്‍ഡസ്ട്രി മൊത്തത്തില്‍ നേരിടുന്ന പ്രശ്‌നമാണെന്നൊന്നും തോന്നുന്നില്ല. ഇത് പോലൊരു സിനിമ എന്തായാലും മലയാളം സിനിമാ ഇന്‍ഡസ്ട്രിയിലാദ്യമായിട്ടാണ് വന്നിരിക്കുന്നത്. അതായത് അതിന്റെ ട്രീറ്റ്‌മെന്റ് എന്നത് സാധാരണ ഒരു മലയാള സിനിമ കഥ പറയുന്നത് പോലെയല്ല എന്നാണ് എനിക്ക് പ്രേക്ഷകരില്‍ നിന്ന് കിട്ടിയ റെസ്‌പോണ്‍സ്. അപ്പോ നല്ലൊരു തീയേറ്ററില്‍ നല്ല ഒരു സിനിമാറ്റിക് എക്‌സ്പീരയന്‍സിലിത് കണ്ടില്ലെങ്കില്‍ അത് തീര്‍ച്ചയായും ഭയങ്കര മോശമായനുഭവപ്പെടും. സിനിമ റിലീസായ അന്ന്, അതായത് ഫസ്റ്റ് ഡേ ഞാന്‍ എറണാകുളം സരിതയില്‍ നിന്ന് സിനിമ കണ്ടയാളാണ്. എനിക്ക് തന്നെ ഇഷ്ടപ്പെടാത്ത അവസ്ഥയായിരുന്നു പരിമിതികളുളള തീയേറ്ററില്‍ നിന്നുളള കാഴ്ച. അതിപ്പോ സൗണ്ട്, വിഷ്വല്‍ തുടങ്ങി എല്ലാ തരത്തിലും. പിന്നീട് ഇടപ്പളളി വനിത തിയേറററില്‍ നിന്നും നല്ല സൗകര്യങ്ങളോടെയുളള കാഴ്ചയിലാണ് തൃപ്തി ലഭിക്കുന്നത്. ആദ്യത്തെ ദിവസമൊന്നും സിനിമയെ ആരും മൈന്‍ഡ് ചെയ്തില്ലായിരുന്നു. പിന്നെ സെക്കന്‍ഡ്, തേര്‍ഡ് ഡേ ആയപ്പൊ നല്ല റിവ്യൂ കിട്ടി തുടങ്ങിയപ്പോ തീയേറ്ററിലാത്ത അവസ്ഥയായി. അതുകൊണ്ടാണ് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ അത്തരത്തിലൊരു കുറിപ്പിട്ടത്.

അനു: മോശം ദൃശ്യാനുഭവമാണ് ഇവിടത്തെ തിയേറററുകള്‍ നല്‍കുന്നതെന്നത് ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം ദുഃഖകരമല്ലേ?

രോഹിത്: ദൃശ്യാനുഭവം മാത്രല്ല. സൗണ്ട് ക്വാളിറ്റി ഒരു പ്രശ്‌നമായിരുന്നു. അത്രയേറെ സൗണ്ട്‌സിനെ കുറിച്ച് റിസര്‍ച്ച് ചെയ്താണ് ഞങ്ങളീ സിനിമ ചെയ്തത്‌. അതുകൊണ്ട് തന്നെ ഈ സിനിമക്കേറെ അനുയോജ്യമായത് മള്‍ട്ടിപ്ലെക്‌സ് തീയേറ്ററുകളാണ്. എന്നാല്‍ മള്‍ട്ടിപ്ലെക്‌സുകള്‍ സമരത്തിലായതിനാല്‍ അവിടത്തെ ക്രൗഡ്‌സ് എന്ന പ്രതീക്ഷ നഷ്ടപ്പെട്ടു. പിന്നെ എറണാകുളത്തൊന്നും രാത്രി ആറിന് ശേഷം ഒരു ഷോ പോലും കിട്ടിയിട്ടില്ല. അക്കാര്യത്തില്‍ ഒന്നും ആരെയും കുറ്റപ്പെടുത്തുന്നില്ല. ഡിസ്ട്രിബ്യൂഷന്റെ അപാകതയുടെ പ്രശ്‌നമാണതെല്ലാം.

അനു: സോഷ്യല്‍ മീഡിയയിലെ പോസ്‌ററ് വന്നതിന് ശേഷം എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയുണ്ടോ?

രോഹിത്: പോസ്‌ററ് വന്നതിന് ശേഷമാണ് സിനിമയെപ്പറ്റിയുളള ജെന്യുവിനായ പ്രതികരണങ്ങള്‍ ലഭിക്കുന്നത്. എഫ്.ബിയിലും അല്ലാതെയുമായി. എല്ലാം പോസിററീവ് പ്രതികരണങ്ങളാണ്. അതുകണ്ട് ആളുകള്‍ക്ക് സിനിമ കാണണമെന്ന ആഗ്രഹം തോന്നി സിനിമ കാണാന്‍ പോയാല്‍ നല്ലതാണ്. പക്ഷെ കാണാന്‍ സിനിമ എവിടെയും ഉണ്ടാകില്ല എന്ന അവസ്ഥയിലേക്കാണ് പോക്ക്. നല്ല രീതിയിലുള്ള ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് നല്‍കുന്നതില്‍ തിയേറററുകള്‍ പരാജയപ്പെട്ടു.

അനു: ബേസില്‍ ജോസഫ് എന്ന സംവിധായകനില്‍ നിന്നും ഇതുപോലെ നല്ല പിന്തുണയല്ലേ ലഭിച്ചത്?

രോഹിത്: തീര്‍ച്ചയായും. ആ സപ്പോര്‍ട്ടില്‍ ഞാന്‍ ഹാപ്പിയാണ്. ഒരേ സമയത്താണ് ഞങ്ങളുടെ സിനിമ ഇറങ്ങിയത്. എന്നിട്ടും എന്റെ സിനിമയെ പരിഗണിക്കുന്നു, അതിനായി സപ്പോര്‍ട്ട് ചെയ്യുന്നു എന്ന് പറഞ്ഞാല്‍ അതൊരു ഗ്രെയ്റ്റ്‌നസ്സാണ്.


അനു: ഒരുപാട് വര്‍ഷങ്ങളുടെ പ്രയത്നമായിരുന്നോ ഈ സിനിമ?

രോഹിത്: മൂന്ന് വര്‍ഷമായി ഈ സിനിമയുടെ പരിപാടികള്‍ തുടങ്ങിയിട്ട്. അതായത് 2015 മാര്‍ച്ചില്‍ ആദ്യ ഷൂട്ട് തുടങ്ങി. ഫിനാന്‍ഷ്യല്‍ ക്രൈസിസ് കാരണം അത് നിര്‍ത്തി വെച്ചു. എട്ട് മാസം കഴിഞ്ഞ് വീണ്ടും തുടങ്ങി. ഫിനാന്‍ഷ്യല്‍ ക്രൈസിസ് കാരണം വീണ്ടും നിര്‍ത്തി വെച്ചു. ഇത്തരത്തില്‍ ആറ്, ഏഴ് ഷെഡ്യൂളായി ഇങ്ങനെ നിര്‍ത്തി വെച്ച് നിര്‍ത്തി വെച്ച് അതിനിടയില്‍ കംപ്ലീറ്റ് ചെയ്തതാണ് ഈ സിനിമ.

അനു: സിനിമയിലേക്കുളള എന്‍ട്രി?

രോഹിത്: എവിടെയും അസിസ്‌ററന്റ് ആയി പ്രവര്‍ത്തിച്ച മുന്‍ പരിചയമില്ല, സിനിമയുമായി യാതൊരു ബന്ധവുമില്ല, ഇപ്പോഴും ഇന്‍ഡസ്ട്രിയുടെ ഭാഗവുമല്ല. സൈജു കുറുപ്പുമായുളള ബന്ധത്തിന്റെ പുറത്ത് സൈജുവിനെയാണ് എഴുതി പൂര്‍ത്തിയാക്കിയ സ്‌ക്രിപ്‌റ്റുമായി ഞാന്‍ ആദ്യം സമീപിക്കുന്നത്. അത് സൈജു വഴി ആസിഫിലെത്തി. അങ്ങനെയാണ് തുടക്കം. 2015-ല്‍ തുടങ്ങി 2017-ല്‍ കംപ്ലീറ്റായ വര്‍ക്കായി പിന്നീട് മാറി. എന്റെ തോട്ട് പ്രൊസ്സസ്സില്‍ വന്ന രീതിയില്‍ ഞാനത് ഡയറക്ട് ചെയ്തു. അത് തന്നെയാണോ ഡയറക്ഷന്റെ ഡെഫിനിഷന്‍ എന്നൊന്നും എനിക്കറിയില്ല. എന്റെ കഥക്ക് തിരക്കഥ തയ്യാറാക്കിയത് സമീര്‍ അബ്ദുള്‍ ആണ്.

അനു: ആര്‍ട്ടിസ്റ്റ് സപ്പോര്‍ട്ട് എങ്ങനെയായിരുന്നു?

രോഹിത്: നല്ല സപ്പോര്‍ട്ടായിരുന്നു. അത്‌കൊണ്ട് മാത്രമാണ് ഇത്രയും ഷെഡ്യൂള്‍ എടുത്തിട്ടും കംപ്ലീറ്റായത്. അവര്‍ പറ്റില്ല എന്ന് പറഞ്ഞിരുന്നെങ്കില്‍ ഈ സിനിമ ഇങ്ങനെ പുറത്തു വരില്ലായിരുന്നു.


അനു: താങ്കളെ കുറിച്ച്?

രോഹിത്: എഞ്ചിനീയറിംഗ് ബാക്ക്ഗ്രൗണ്ടാണുളളത്. പട്ടാമ്പിയാണ് നാട്. ഇപ്പോള്‍ എറണാകുളത്താണ് താമസം. എഞ്ചിനീയറിംഗ് വിട്ട് ഇപ്പോള്‍ സിനിമാ പ്രവര്‍ത്തനവുമായി ജീവിക്കുന്നു.

അനു: തീര്‍ച്ചയായും വലിയൊരു നിരാശയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. അവസാനമായി പറയാനുള്ളത്?

രോഹിത്: Sound pattern, Editing pattern, Treatment pattern എല്ലാത്തിലും വ്യത്യസ്തത ഉണ്ട്. പല മോശം തിയേറററുകളിലും പല സംഭാഷണങ്ങളും കേള്‍ക്കുന്നില്ല എന്ന പ്രശ്‌നം ഉണ്ട്. എന്നാല്‍ നല്ല തീയേറ്ററുകളില്‍ നിന്ന് കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും അതിനൊരു മാജിക്കല്‍ വോയ്‌സ് ഫീല്‍ ചെയ്യും. നല്ല തിയേറ്ററില്‍പോയാല്‍ മാത്രമേ സിനിമാറ്റിക് എക്‌സ്പീരിയന്‍സ് കിട്ടൂ. പക്ഷേ നല്ല തിയേറ്ററുകള്‍ ലഭിക്കാത്തതു കാരണം അല്ലെങ്കില്‍ ലഭിച്ചതിലെ പരിമിതി കാരണം സിനിമ അധികം ഇനി നില്‍ക്കുമെന്ന് തോന്നുന്നില്ല. സിനിമയുടെ പേര് പോലെ തന്നെ ഇത് ഓമനക്കുട്ടന്റെ പേഴ്‌സ്‌പെക്ടീവിലൂടെ പോകുന്ന ഒരു സിനിമയാണ്. ക്യാരക്ടര്‍ മൂവിയാണ്. ആ ക്യാരക്ടറിനെ തന്നെ ഫോളോ ചെയ്ത് കാണേണ്ട ഒരു മൂവി. എല്ലാവര്‍ക്കും സിനിമ ഇഷ്ടപ്പെടുമെന്നൊന്നും ഞാന്‍ വാദിക്കുന്നില്ല. ഇഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരനുഭവമാകും. അതിന് നല്ല തിയേറ്ററില്‍ പോയി തന്നെ കാണണം. സിനിമ ഹിറ്റ് ആകുമെന്ന് സാധ്യത ഉണ്ടെങ്കില്‍ ആ സാധ്യതയെ പരമാവധി എല്ലാവരും ഉപയോഗപ്പെടുത്തണം. വ്യത്യസ്തത അറിയാന്‍ തയ്യാറാവുക. അല്ലാതെ സ്‌പെസിഫിക്കായി ആരോടും ഒന്നും പറയാനില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories