TopTop
Begin typing your search above and press return to search.

ഈ മൂന്ന് വർഷവും മണി ചേട്ടന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു

ഈ മൂന്ന് വർഷവും മണി ചേട്ടന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു

മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞ് നിൽക്കുന്ന നടനാണ്

കലാഭവൻ മണി. മലയാളികളുടെ ഈ ചാലകുടിക്കാരൻ ചെങ്ങാതി നമ്മളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് മൂന്ന് വർഷം കഴിയുന്നു എന്ന് പറയുമ്പോഴും. ഓരോരുത്തരും ചോദിക്കും മണിചേട്ടന് കഴിഞ്ഞ മൂന്നു വര്‍ഷവും ഇവിടെ തന്നെ ഉണ്ടായിരുന്നല്ലോ എന്ന്. അതെ കലാഭവൻ മണി ഇന്നും ഇവിടൊക്കെ തന്നെ നിറഞ്ഞു നിൽക്കുകയാണ്. അദ്ദേഹത്തിന്റെ നാടൻ പാട്ടുകളിലൂടെ, അഭിനയിച്ച ഒട്ടേറെ സിനിമകളിലൂടെ മണി ചേട്ടൻ ഇപ്പോഴും ഇവിടെ ഉണ്ട്. അദ്ദേഹത്തിന്റെ ഒരു നാടൻ പാട്ടോ , സിനിമ രംഗമോ കാണാതെ ഒരു ദിവസം പോലും കടന്ന് പോകാറില്ല എന്നുള്ളതാണ് വാസ്തവം.

ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച മണിയിലെ നടന്‍ മലയാളവും കടന്ന് അന്യ ഭാഷകള്‍ക്കും പ്രിയപ്പെട്ടവനായി. പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയേയും നാട്ടുകാരെയും മണി ഹൃദയത്തോട് ചേര്‍ത്തുവച്ചിരുന്നു. അതേസമയം മണിയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ ഇപ്പോഴും ബാക്കി നില്‍ക്കുകയാണ്.

ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ പുത്രനായ മണി തെന്നിന്ത്യൻ ഭാഷകളിലെല്ലാം പ്രിയങ്കരനായിരുന്നു.തമിഴ്, തെലുഗു മുതലായ മറ്റു തെന്നിന്ത്യൻ ഭാഷാ സിനിമകളിലും അഭിനയിച്ചുവന്നിരുന്ന ഇദ്ദേഹം കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെയാണ് കലാരംഗത്ത് സജീവമായത്. കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ടു. പിൽക്കാലത്ത് നായകനായി വളർന്നു. നാടൻ പാട്ടുകളെ ഇത്രത്തോളം ജനകീയമാക്കുന്നതിലും മണി ചേട്ടന്റെ പങ്ക് വളരെ വലതുതായിരുന്നു.നാടന്‍ പാട്ടുകളും രസമുള്ള ഈണങ്ങളും കണ്ടെടുത്ത് പുനരാവിഷ്‌കരിക്കാന്‍ ഒട്ടേറെ ശ്രമങ്ങളും അദ്ദേഹം നടത്തിയിരുന്നു.അറുമുഖൻ വെങ്കിടങ്ങ് അടക്കമുള്ള പ്രമുഖ ഗാനരചയിതാക്കൾ എഴുതിയ നാടൻ വരികളും നാടൻ ശൈലിയിൽത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജനശ്രദ്ധ നേടിയത്.

ചാലക്കുടി ഗവ.ബോയ്‌സ് ഹൈസ്‌ക്കൂളിലെ വിദ്യാർത്ഥിയായിയുന്ന മണി സ്കൂൾ കാലഘട്ടം മുതലെ അനുകരണകലയിൽ താല്പര്യമുള്ളവനായിരുന്നു. അങ്ങനെ 1987-ൽ കൊല്ലത്തു നടന്ന സംസ്‌ഥാന സ്‌കൂൾ യുവജനോൽസവത്തിൽ മോണോ ആക്‌ടിൽ ഒന്നാമനാകുവാൻ സാധിച്ചതും മണിയുടെ ജീവിതത്തിന്റെ വഴിത്തിരിവായി മാറി. സ്‌കൂൾ പഠനം തീരാറായപ്പോൾ ഓട്ടോ ഓടിക്കുവാൻ പഠിച്ച മണി പകൽ ഓട്ടോ ഡ്രൈവറും രാത്രി മിമിക്രി ആർട്ടിസ്‌റ്റുമായി. ഒടുവിൽ കലാഭവൻ മിമിക്സ് ട്രൂപ്പിൽ അംഗമായി മാറുകയും ചെയ്തു അദ്ദേഹം. ജയറാം, ദിലീപ്, നാദിർഷാ, സലിം കുമാർ തുടങ്ങിയ പിൽക്കാലത്തെ പ്രശസ്തർ പലരും കലാഭവനിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകരായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും ഇവർ ഒരുപാട് വേദികളിൽ പരിപാടികൾ അവതരിപ്പിച്ചു.

1995-ൽ സിബി മലയിൽ സംവിധാനം ചെയ്ത 'അക്ഷരം' എന്ന ചിത്രത്തിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷം ചെയ്തുകൊണ്ടാണ് മണി ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ 'സല്ലാപത്തിലാണ്' അദ്ദേഹത്തിന് ബ്രേക്ക് കിട്ടുന്നത്. തുടർന്ന്, നായകനായും വില്ലനായും സഹനടനായും ഹാസ്യതാരമായുമെല്ലാം അദ്ദേഹം ചിത്രങ്ങളിൽ തിളങ്ങി. അങ്ങനെ ഒട്ടേറെ സംവിധായകർ മണിയെ തേടിയെത്തി ദ്യാനപാലകൻ, ഭൂതക്കണ്ണാടി എന്നീ ചിത്രങ്ങളിൽ സീരിയസ് വേഷങ്ങളും അദ്ദേഹം കൈകാര്യം ചെയ്തു.

പിന്നീട് വിനയൻ എന്ന സംവിധായകനാണ് കലാഭവൻ മണിയെ നായകനിരയിലേക്കുയർത്തിയത്. വിനയൻ സംവിധാനം ചെയ്‌ത വാസന്തിയും ലക്ഷ്‌മിയും ഞാനും എന്ന ചിത്രത്തിൽ മണി നായകനായി. അന്ധഗായകനായ രാമു എന്ന കഥാപാത്രം സിനിമാപ്രേക്ഷകർ സ്വീകരിച്ചതോടെ മണിയുടെ ജീവിതത്തിലും മാറ്റങ്ങളുണ്ടായി. രാമു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് നിരവധി അംഗീകാരങ്ങൾ ലഭിച്ചു. ദേശീയ ചലച്ചിത്രപുരസ്കാരത്തിലും

കേരളസംസ്ഥാന ചലച്ചിത്ര അവാർഡിലും പ്രത്യേക ജൂറി പുരസ്കാരം നേടി.സത്യൻ ഫൗണ്ടേഷൻ അവാർഡ്, മാതൃഭൂമി അവാർഡ് അങ്ങനെ മറ്റ് അവാർഡുകളും അദ്ദേഹം സ്വന്തമാക്കി.

പ്രേക്ഷകർ ഒരിക്കലും മറക്കാത്ത 'വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും' എന്ന ചിത്രത്തിലെ ഒരു രംഗം

അതിന് ശേഷം കലാഭവൻ മണി എന്ന ഒരു താരത്തിന്റെ ഉദയത്തിനാണ് സിനിമ ലോകം സാക്ഷിയായത്. വൺമാൻ ഷോ, സമ്മർ ഇൻ ബേത്‌ലഹേം, ദില്ലിവാലാ രാജകുമാരൻ, ഉല്ലാസപ്പൂങ്കാറ്റ്, കണ്ണെഴുതി പൊട്ടും തൊട്ട്, രാക്ഷസരാജാവ്, മലയാളി മാമനു വണക്കം, വല്യേട്ടൻ, ആറാം തമ്പുരാൻ, വസന്തമാളിക എന്നീ ചിത്രങ്ങളിൽ മണി ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. കരുമാടിക്കുട്ടൻ എന്ന ചിത്രത്തിലെ മന്ദബുദ്ധിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ദി ഗ്യാങ്, ഗാർഡ്, ആകാശത്തിലെ പറവകൾ, വാൽക്കണ്ണാടി,തുടങ്ങി ഒട്ടേറെ സിനിമകളിൽ മണി നായകനായി.

മലയാളത്തിൽ മാത്രമൊതുങ്ങാതെ തമിഴിലും തെലുങ്കിലുമൊക്കെ മണി തന്റെ സാന്നിധ്യം അറിയിച്ചു. മറുമലർച്ചി, വാഞ്ചിനാഥൻ, ജെമിനി, ബന്താ പരമശിവം തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ചില തെലുങ്കു ചിത്രങ്ങളിലും മണി മികച്ച പ്രകടങ്ങൾ കാഴ്ചവെച്ചു.രജനീകാന്ത്, കമൽഹാസൻ, ഐശ്വര്യാ റായ്, വിക്രം എന്നിങ്ങനെ തെന്നിന്ത്യൻ സിനിമ ലോകത്തെ ഒട്ടുമിക്ക പ്രമുഖ താരങ്ങൾക്കൊപ്പവും മണി അഭിനയിച്ചിട്ടുണ്ട്.

നാടൻ പാട്ടുകളെ ജനകീയമാക്കുന്നതിലും മണിയുടെ പങ്ക് വളരെ വലതുതായിരുന്നു. മണിയുടെ നേതൃത്വത്തിൽ നാടൻപാട്ടുകളുടെ ശേഖരമുളള നിരവധി ഓഡിയോ കസെറ്റുകളും റിലീസുചെയ്‌തിട്ടുണ്ട്. തൂശിമ കൂന്താരോ, ആനവായിലമ്പഴങ്ങ, സ്വാമി തിന്തകത്തോം തുടങ്ങിയ കസെറ്റുകൾ ശ്രദ്ധേയമാണ്. 'കണ്ണിമാങ്ങ പ്രായത്തിൽ..' 'ഓടടേണ്ട ഓടടേണ്ട..', 'കൊളുത്തി ഷാപ്പിൽ..' ചാലക്കുടി ചന്തക്കു പോകുമ്പോൾ..' തുടങ്ങിയ നിരവധി ഗാനങ്ങൾ ഇന്നും മലയാളികൾ ഏറ്റുപാടുന്നവയാണ്. ഗാനമേള വേദികളിൽ മണി ചേട്ടന്റെ പാട്ടില്ലാതെ പറ്റില്ലെന്ന അവസ്ഥയായിരുന്നു ഒരുകാലത്ത്. ഇന്നും മണിയുടെ ഒരു പാട്ടുപോലും ഇല്ലാതെ ഗാനമേള പരിപാടികൾ ഇല്ലന്ന് തന്നെ പറയേണ്ടി വരും. അത്രമാത്രം കലാഭവൻ മണി എന്ന നാടൻ പാട്ടുകാരൻ നമുക്കിടയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നാടൻ പാട്ടുകൾക്ക് പുറമെ പഴയ സിനിമാഗാനങ്ങളുടെ പാരഡിഗാനങ്ങളുൾപ്പെടുത്തിയ നിരവധി ഓഡിയോ കസെറ്റുകൾക്കു വേണ്ടിയും മണി പാടിയിട്ടുണ്ട്

കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ

ചലച്ചിത്രരംഗത്തും മറ്റും സജീവമായി നിൽക്കുമ്പോഴാണ് 2016 മാർച്ച് 6-ന് തികച്ചും അപ്രതീക്ഷിതമായി മണി മരണത്തിന് കീഴടങ്ങിയത്. മരിയ്ക്കുമ്പോൾ 45 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. കരൾ രോഗത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിയ്ക്കേ ആയിരുന്നു അന്ത്യം. അതേ സമയം അദ്ദേഹത്തിന്റെ ശരീരത്തിൽ മാരകമായ വിഷാംശം കണ്ടെത്തുകയും ചെയ്തു. തന്മൂലം വിഷമദ്യം കുടിച്ചിട്ടാകാം അദ്ദേഹം മരിച്ചതെന്ന് ചിലർ സംശയം പ്രകടിപ്പിയ്ക്കുന്നു. അതേ സമയം, മണിയെ സുഹൃത്തുക്കൾ കൊന്നതാണെന്ന് അദ്ദേഹത്തിന്റെ അനുജനും നർത്തകനുമായ രാമകൃഷ്ണൻ പറയുകയുണ്ടായി. തുടർന്ന് ചാലക്കുടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മണിയുടെ മൃതദേഹം തൃശ്ശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ചാലക്കുടിയിലെ വീട്ടുവളപ്പിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

മണിയുടെ മരണം നടന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ദുരൂഹതകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. മൃതദേഹത്തിൽ വിഷാംശം കണ്ടെത്തിയതാണ് സംശയങ്ങൾക്ക് തുടക്കമായത്.

മണിയുടെ മരണത്തിൽ ആദ്യം സംശയം പോയത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അഭിനേതാക്കളുമായ തരികിട സാബു, ജാഫർ ഇടുക്കി എന്നിവരിലേയ്ക്കാണ്. മണി മരിയ്ക്കുന്നതിന് രണ്ടുദിവസം മുമ്പ് (മാർച്ച് 4) അദ്ദേഹത്തിന്റെ വീടിനടുത്തുള്ള ഗസ്റ്റ് ഹൗസായ പാഡിയിൽ ഒരു മദ്യവിരുന്ന് നടന്നിരുന്നു. അതിൽ മണിയുടെ സഹായികളും അദ്ദേഹത്തിന്റെ നാട്ടുകാരുമടക്കം മുപ്പതോളം ആളുകളുണ്ടായിരുന്നു. വൈകീട്ട് അഞ്ചുമണിയ്ക്ക് പാഡിയിൽ തുടങ്ങിയ മദ്യവിരുന്നിലേയ്ക്ക് ഏഴുമണിയോടെയാണ് സാബുവും ജാഫറും എത്തിച്ചേർന്നത്. രാത്രി പതിനൊന്നുമണിയ്ക്ക് സാബുവും പിന്നീട് ജാഫറും സ്ഥലം വിട്ടു. അമിതമായി മദ്യപിച്ച സാബുവിനെ കൊച്ചിയിലെത്തിയ്ക്കാൻ സ്വന്തം ഡ്രൈവറായ പീറ്ററെ മണി നിയോഗിച്ചു. പന്ത്രണ്ടുമണിയ്ക്ക് സൽക്കാരം അവസാനിച്ചു. മണിയും സുഹൃത്തുക്കളും മാത്രം പാഡിയിൽ അവശേഷിച്ചു.

പിറ്റേന്ന് (മാർച്ച് 5) രാവിലെ ഒമ്പതുമണിയോടെയാണ് മണിയ്ക്ക് രോഗം വഷളായിത്തുടങ്ങിയത്. അധികമായി രക്തം ഛർദ്ദിച്ച അദ്ദേഹത്തിന് കടുത്ത വിയർപ്പും നെഞ്ചിടിപ്പും അനുഭവപ്പെടുകയും ചെയ്തു. ആദ്യം അടുത്തുള്ള ഒരു ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ അദ്ദേഹം വിസമ്മതിച്ചതായി അദ്ദേഹത്തിന്റെ സഹായികൾ പറഞ്ഞിരുന്നു. എന്നാൽ മണിയെ ആശുപത്രിയിലെത്തിയ്ക്കാൻ തന്നെ തീരുമാനിച്ചുവെന്നാണ് അദ്ദേഹത്തിന്റെ മാനേജർ ജോബി പറയുന്നത്. താൻ ആശുപത്രിയിലെ ഒരു ഡോക്ടറെ അന്വേഷിച്ചിരുന്നുവെന്നും ജോബി പറഞ്ഞു. തുടർന്ന് ഡോക്ടർ വന്ന് പരിശോധിച്ചപ്പോഴും മണി ആശുപത്രിയിൽ പോകാൻ കൂട്ടാക്കിയില്ല. പിന്നീട് അതേ ആശുപത്രിയിലെ നഴ്സുമാരെത്തിയപ്പോഴും ചികിത്സയ്ക്ക് വിസമ്മതിച്ച മണിയെ മയക്കുമരുന്ന് കുത്തിവച്ചിറക്കിയാണ് ആശുപത്രിയിലെത്തിച്ചത്. ഈ വിവരങ്ങളൊന്നും ആദ്യം കുടുംബാംഗങ്ങളെ അറിയിച്ചിരുന്നില്ല.

ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ മണിയെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചു. കരൾ രോഗത്തിനുപുറമേ വൃക്കരോഗവും മണിയ്ക്കുണ്ടായിരുന്നു. അതിനാൽ അദ്ദേഹത്തിന് ഡയാലിസിസ് അത്യാവശ്യമായി വന്നു. എന്നാൽ ഡയാലിസിസിനിടയിൽ പെട്ടെന്ന് രക്തസമ്മർദ്ദം കുറഞ്ഞു. അതിനാൽ അത് അവസാനിപ്പിയ്ക്കേണ്ടിവന്നു. അതിന്റെ പിറ്റേന്ന് (മാർച്ച് 6) രാവിലെയാണ് മണിയുടെ ഭാര്യയും മകളും മറ്റ് ബന്ധുക്കളും മാധ്യമങ്ങളും വിവരമറിഞ്ഞത്. അന്ന് വൈകുന്നേരത്തോടെ മണിയ്ക്ക് ഹൃദയസ്തംഭനമുണ്ടാകുകയും ഏഴേകാലോടെ അന്ത്യം സംഭവിയ്ക്കുകയുമായിരുന്നു.


Next Story

Related Stories