Top

മിയ, മമ്ത, ലക്ഷ്മി പ്രിയ; നിങ്ങളുടെ വാക്കുകള്‍ സിനിമയിലേക്ക് ഇനി വരുന്ന തലമുറയോട് ചെയ്യുന്ന അപരാധം

മിയ, മമ്ത, ലക്ഷ്മി പ്രിയ; നിങ്ങളുടെ വാക്കുകള്‍ സിനിമയിലേക്ക് ഇനി വരുന്ന തലമുറയോട് ചെയ്യുന്ന അപരാധം
ഒരു പീഡനം സ്വന്തം വീട്ടിലോ വേണ്ടപ്പെട്ട ബന്ധുജനങ്ങള്‍ക്കോ അല്ലാത്തിടത്തോളം കാലം അതു മലയാളിക്കൊരു ആഘോഷമാണ്. ന്യൂസ് ചാനലുകള്‍ക്കു ആണെങ്കില്‍ കുറച്ചു ദിവസത്തേക്ക് മറ്റൊരു ന്യൂസും വേണ്ട ചര്‍ച്ച ചെയ്യാന്‍. പ്രതികരിക്കാന്‍ നിരന്നിരിക്കുന്ന സ്ഥിരം നേതാക്കന്മാര്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും ആവട്ടെ ചുമ്മാ ഇരുന്നു രക്തം തിളപ്പിക്കാനും ഘോരഘോരം പ്രസംഗിക്കാനും ഉള്ള ഒരു സുവര്‍ണാവസരം എന്നതിലുപരി ഒരു പ്രാധാന്യവും ഇതിനൊന്നും ഇല്ല.

പ്രമുഖ നടിയെ പീഡിപ്പിച്ചു എന്നതാണ് മലയാളിക്ക് ഏറ്റവും പുതിയ ആഘോഷം. അന്വേഷണത്തിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാനുള്ള ആകാംക്ഷയും കൊണ്ടാണ് നമ്മള്‍ ഇപ്പോള്‍ ഉണരുന്നത് തന്നെ. ന്യൂസ് ചാനല്‍സ് ഒരിക്കല്‍ പോലും നോക്കാത്തവര്‍ പോലും ഈ കുറച്ചു ദിവസങ്ങളായി വല്ലാത്ത ആവേശത്തോടെ ആണ് ന്യൂസ് കാണുന്നത്. അവനവന്റെ ബുദ്ധിക്കും യുക്തിക്കും സാധിക്കുന്നതിന്റെ പരമാവധിയില്‍ പൊടിപ്പും തൊങ്ങലും വച്ചു കഥകള്‍ മെനയുന്നു, ക്ലൈമാക്‌സ് ഊഹിക്കുന്നു.

പക്ഷേ അത്ഭുതപ്പെടുത്തിയ കാര്യങ്ങള്‍ ഇതൊന്നുമല്ല. നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ മലയാള സിനിമ രംഗത്ത് രൂപീകരിക്കപ്പെട്ട പെണ്‍കൂട്ടായ്മയ്‌ക്കെതിരെ സിനിമമേഖലയില്‍ തന്നെയുള്ള സ്ത്രീകള്‍ രംഗത്തു വരുന്നതാണ്. അങ്ങനെയൊരു സംഘടനയുടെ രൂപീകരണവും അതിന്റെ ഉദ്ദേശലക്ഷ്യങ്ങളും മനസിലാക്കുന്ന ആരും തന്നെ ആ സംഘടനയ്ക്ക് പിന്തുണ നല്‍കുമെന്നിരിക്കെ ചില അഭിനേത്രികള്‍ തന്നെ ആ സംഘടനയെ എതിര്‍ക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ ആശങ്ക തോന്നുകയാണ്.

കഴിഞ്ഞ ദിവസം നടി ലക്ഷ്മിപ്രിയ വളരെ വിമന്‍ ഇന്‍ സിനിമ കലക്റ്റിവ്‌നെ കുറിച്ച് വളരെ ബാലിശമായി പ്രതികരിച്ചതു കേട്ടു. ന്യൂസ് ചാനല്‍ സ്‌ക്രോളിലൂടെ ആണ് ഈ സംഘടനയെ കുറിച്ച് അറിഞ്ഞത് എന്ന് പറയുമ്പോള്‍ പുച്ഛമോ പരിഹാസമോ ഒക്കെയായിരുന്നു അവരുടെ മുഖത്ത്. ഡബ്ല്യുസിസിയെക്കുറിച്ച് മിയ എന്ന നടി പ്രതികരിച്ച രീതിയും സമാനസ്വഭാവത്തിലുള്ളതായിരുന്നു. ഓരോരുത്തരുടെയും മറ്റുള്ളവരോടുള്ള ഇടപെടല്‍ അനുസരിച്ചായിരിക്കും അവര്‍ക്ക് ഉണ്ടാവുന്ന അനുഭങ്ങള്‍ എന്ന് പറഞ്ഞത്, സ്വാഭാവദൂഷ്യം കൊണ്ടാണ് ആ നടിക്ക് അത്രയും തിക്തമായ ഒരു അനുഭവം ഉണ്ടായതെന്ന രീതിയിലെ മനസിലാക്കാന്‍ കഴിയുന്നുള്ളൂ. നമുക്ക് ചുറ്റിനും നടക്കുന്ന ലൈംഗിക ചൂഷണങ്ങള്‍ ഒന്നും ഇരയുടെ സ്വഭാവദൂഷ്യം കൊണ്ട് സംഭവിക്കുന്നതല്ല എന്ന് മനസിലാക്കാനുള്ള വിവേകം ഇവര്‍ക്കൊക്കെ എന്നുണ്ടാവുമോ എന്തോ? ഇങ്ങനെയൊരു സംഘടന ആവശ്യമെന്നു തോന്നിയവരാണ് ഡബ്ല്യുസിസി തുടങ്ങിയതെന്ന മമ്ത മോഹന്‍ദാസിന്റെ പ്രതികരണവും ഇതേ തരത്തിലുള്ള ആശങ്കയാണ് ഉണ്ടാക്കുന്നത്.മലയാള സിനിമയുടെ സ്ത്രീ സംഘടനയെ കുറിച്ച് ലക്ഷ്മിപ്രിയയും, ആശാ ശരത്തും, മംമ്ത മോഹന്‍ദാസും ഒക്കെ പറഞ്ഞത് സമാന സ്വഭാവമുള്ളത് ആയിരുന്നു. പക്ഷെ ഇരുപതു നടിമാര്‍ക്ക് മാത്രം അംഗത്വം ഉള്ള വെറുമൊരു നേരംപോക്ക് കൂട്ടായ്മ ആയി വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് കാണാന്‍ കേരളത്തിലെ സിനിമക്ക് പുറത്തുള്ള സമൂഹത്തിന് കഴിയുന്നില്ല എന്നത് ആശ്വാസകരം ആണ്. അഭിപ്രായവ്യത്യാസം ഉള്ളവര്‍ സിനിമയ്ക്കുള്ളില്‍ തന്നെ ഉള്ളവരാണെന്നത്, ആ ഇന്‍ഡസ്ട്രയിലെ പൊളിറ്റിക്‌സ് തുറന്ന് കാണിക്കുന്നു.

ഈ സംഘടന അതിന്റെ തുടക്കം മുതല്‍ ഇന്നു വരേയ്ക്കും നിലകൊള്ളുന്നത് ന്യായത്തിന്റെ ഭാഗത്താണ്. നടിയെ പീഡിപ്പിച്ച കേസിലും, യുവനടിയുടെ അനുവാദമില്ലാതെ ഡ്യൂപ്പിനെവച്ച് ശരീരഭാഗങ്ങള്‍ ഷൂട്ട് ചെയ്ത കേസിലുമൊക്കെ വിമന്‍ ഇന്‍ കളക്റ്റീവ് പ്രതികരിച്ച രീതി മലയാളി നടിമാര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്.

എനിക്ക് ഇതുവരെ ഇങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ല എന്ന് മിയ വളരെ ആത്മവിശ്വാസത്തോടെ പറയുന്നത് ശ്രദ്ധിച്ചു. പക്ഷെ ഇതൊക്കെ നാളെ സംഭവിക്കില്ല എന്ന് അതെ ആത്മവിശ്വാസത്തോടെ പറയാന്‍ അവര്‍ക്ക് കഴിയുമോ? പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍ വരെ പലതരം ചൂഷണത്തിനിരയാവുന്ന ഒരു സമൂഹത്തില്‍ ആണ് നമ്മള്‍ ജീവിക്കുന്നത്. അവരെല്ലാവരും പെരുമാറിയ രീതി കൊണ്ടോ സ്വഭാവദൂഷ്യം കൊണ്ടോ ചൂഷണത്തിന് ഇര ആയവര്‍ അല്ല എന്ന് ഈ രീതിയില്‍ പ്രതികരിക്കുന്നവര്‍ മനസിലാക്കിയെങ്കില്‍.

വിമന്‍ ഇന്‍ സിനിമ കളക്റ്റിവ് എന്ന വനിത സിനിമാ പ്രവര്‍ത്തകരുടെ സംഘടനയെ പുച്ഛിക്കുന്നവരില്‍ കൂടുതലും നടിമാര്‍ തന്നെയാണെന്നതാണ് മറ്റൊരു വിരോധാഭാസം. എന്നെ ആരും സംഘടനയില്‍ ചേര്‍ത്തില്ല എന്ന് പറഞ്ഞു പുച്ഛിക്കുന്നവര്‍ സ്വയം പരിഹാസ്യരാവുകയാണ് ചെയ്യുന്നത്. മലയാള സിനിമയിലെ പുരുഷാധിപത്യത്തിന് ഒരു കടിഞ്ഞാണ്‍ ഇടാന്‍ ഈ സംഘടനക്ക് കഴിയും എന്നത് സിനിമക്ക് പുറത്തുള്ള സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് എങ്കിലും ഉറപ്പാണ്. എന്തും 'അഡ്ജസ്റ്റ്' ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് ഇങ്ങനൊരു സംഘടനയുടെ തണല്‍ ആവശ്യം ഇല്ലായിരിക്കാം, എന്നാല്‍ അപ്പോഴും 'അഡ്ജസ്റ്റ്' ചെയ്യാന്‍ തയ്യാറല്ലാത്ത ആത്മാഭിമാനമുള്ള ചിലര്‍ക്കെങ്കിലും അവരുടെ തൊഴില്‍ മാന്യമായി ചെയ്യുവാനുള്ള അവസരം ഈ സംഘടന ഉണ്ടാക്കി കൊടുക്കുമെന്നാണ് സാമാന്യവിശ്വാസം.

എന്നെ ആദ്യമേ വിളിച്ചു ആദരിച്ചില്ല അല്ലെങ്കില്‍ ഹാരം അണിയിച്ചില്ല എന്നൊക്കെ പറയുന്നത് പോലെ ആയി പോയി ഈ നടിമാരുടെ ഒക്കെ പ്രതികരണങ്ങള്‍. ഒന്നിച്ചു നിന്നു പോരാടി നേടേണ്ട അവകാശങ്ങള്‍ ഇത്തരം വിലകുറഞ്ഞ പ്രതികരണങ്ങള്‍ വഴി ഇല്ലാതാക്കുന്നത് സിനിമയിലേക്ക് ഇനി വരുന്ന തലമുറയോട് കൂടി ചെയ്യുന്ന അപരാധം തന്നെയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories