സിനിമാ വാര്‍ത്തകള്‍

കമ്മാരസംഭവം; കേരളം എന്ന കോണക കീറിലെ കിളിത്തട്ടു കളിക്ക് നില്‍ക്കരുതായിരുന്നുവെന്ന് അനന്തപദ്മാനഭന്‍

ബ്രാന്‍ഡ് ചെയ്ത് പണ്ടാരമടക്കി നിര്‍വൃതി കൊള്ളുന്ന ഉത്പതിഷ്ണുക്കള്‍ ഇതൊന്നും അര്‍ഹിക്കുന്നില്ല

കമ്മാരസംഭവത്തെ പുകഴ്ത്തി എഴുത്തുകാരനും സിനിമ രചയിതാവുമായ അനന്തപദ്മനാഭന്‍. കമ്മാരസംഭവം പോലൊരു ദൃശ്യാഖ്യാനം മലയാളത്തില്‍ ഇതാദ്യമാണെന്നു പറയുന്ന അനന്തപദ്മാനഭന്‍ അതിനൊപ്പം തന്നെ കേരളത്തിലെ പ്രേക്ഷകരേയും വിമര്‍ശിക്കുന്നുണ്ട്. കമ്മാര സംഭവം ഹിന്ദിയിലോ തമിഴിലോ ചെയ്താല്‍ മതിയായിരുന്നുവെന്നും കേരളം എന്ന കോണക കീറിലെ കളിത്തട്ടു കളിക്കു നില്‍ക്കരുതായിരുന്നുവെന്നും അണിയറക്കാരോട് പറയുകയാണ് അനന്തപദ്മനാഭന്‍. കമ്മാരസംഭവം എന്ന ചിത്രം വരുംകാലം ചര്‍ച്ച ചെയ്യുമെന്നുമാണ് പത്മരാജന്റെ പുത്രനായ അനന്തപദ്മാനാഭന്റെ നിഗമനം.

അനന്തപദ്മനാഭന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

ആദ്യമേ പറയട്ടെ, ഈ ചിത്രം എന്നെ ആകര്‍ഷിച്ചതിനു പിന്നില്‍ അതിലെ കഥാകാരനുമായുള്ള സൗഹൃദം ഒട്ടുമേ സ്വാധീനിച്ചിട്ടില്ല. ഇഷ്ടമില്ലാത്തതിനെ മുഖത്തു നോക്കി വിമര്‍ശിക്കാനുള്ള ഒരു ആര്‍ജവം കാണിച്ചിട്ടുള്ളത് കൊണ്ട് കൂടിയാവാം ഞങ്ങള്‍ അടുപ്പക്കാരായി തുടരുന്നത്. മാത്യു അര്‍ണോള്‍ഡ് പറഞ്ഞിട്ടുള്ള, PERSONAL PREJUDICE എന്റെ അഭിപ്രായത്തില്‍ വരാതെ ഞാന്‍ ശ്രദ്ധിക്കാറുണ്ട് . ഏതെങ്കിലും ഒരു മുരളി ഗോപി ചിത്രത്തെ പറ്റിയുള്ള ആദ്യ പൊതുമധ്യ അഭിപ്രായവെളിപ്പെടുത്താല്‍/ FB POST ഉം ആണിത്.

കമ്മാരസംഭവം പോലൊരു ദൃശ്യാഖ്യാനം മലയാളത്തില്‍ ഇതാദ്യം ആണ്. 1995 ലെ IFFK ല്‍ പ്രദര്‍ശിപ്പിച്ച THE UNDERGROUND ( EMIL KUSTURICA) എന്നില്‍ ഏല്പിച്ച സുഖമുള്ള വെള്ളിടിക്ക് സമാനമാണ് ഇതിന്റെ IMPACT. ഇത് ചരിത്രത്തിന് നേരെ മാത്രമല്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ പഞ്ചാംഗ/തലക്കുറി നിര്‍മാണങ്ങള്‍ക്കു പിന്നിലെ കൂര്‍മ ബുദ്ധികള്‍ക്കും, അഭിനവ പടനായകനിര്‍മാണങ്ങള്‍ക്കും, ഇന്ത്യന്‍ BIOPIC കളിലെ പൊള്ളവീര്യങ്ങള്‍ക്കു നേരെയുമുള്ള ആക്ഷേപ ചിരിയാണ്. കഥപറച്ചിലിലെ BRILLIANCE നെ പറ്റി പറയും മുന്‍പേ ഇങ്ങനെ കുഴക്കുന്ന ഒരു തിരനാടക രചനയെ അഭ്രത്തില്‍ ആക്കി കാട്ടിയ സംവിധാന മിടുക്കിനെ പുകഴ്ത്തണം. ഇതിനായി കോടികള്‍ ചിലവഴിച്ചു യാഥാര്‍ഥ്യമാക്കിയ നിര്‍മാതാവിനെ വന്ദിക്കണം. ഏതു രാഷ്ട്ര നിര്‍മാണങ്ങള്‍ക്കു പിന്നിലും തമസ്‌കരിക്കപ്പെടുന്ന REAL HEROES ന്റെ ജീവത്യാഗങ്ങള്‍ക്കും, ഏതു പഴുതിലൂടെയും കെട്ടി ഉയര്‍ത്തപ്പെടുന്ന നായകബിംബങ്ങള്‍ക്കും നേരെയുള്ള കണ്‍ നിറഞ്ഞ മുഖം കോട്ടി ചിരിയാണ് ഇത്.

രണ്ടു കാര്യങ്ങളില്‍ കുറെ കൂടി ശ്രദ്ധ ചെലുത്താം ആയിരുന്നു. ഒന്ന് ഒന്നാം പാതിയിലെ ആഖ്യാനം ഒന്ന് കൂടി കാച്ചികുറുക്കി ഒരര മണിക്കൂര്‍ ഒഴിവാക്കാമായിരുന്നു . പിന്നെ സിദ്ധാര്‍ത്ഥിന് പകരം ടോവിനോയോ, സ്വാതന്ത്ര്യം അര്‍ധരാത്രിയിലെ നായകനോ ഒക്കെ ആകാം ആയിരുന്നു. ഈ ചിത്രം വരും കാലം ചര്‍ച്ച ചെയ്യും.

ഒരു കാര്യം കൂടി എന്റെ സുഹൃത്തുക്കള്‍ ആയ സംവിധായകനോടും എഴുത്തുകാരനോടും പറയാന്‍ തോന്നുന്നു. നിങ്ങള്‍ ഈ ചിത്രം ചെയ്യേണ്ടി ഇരുന്നത് ഹിന്ദിയിലോ കുറഞ്ഞ പക്ഷം തമിഴില്‍ എങ്കിലുമോ ആയിരുന്നു. ഇവിടെ ഈ കേരളം എന്ന കോണക കീറിലെ കിളിത്തട്ടു കളിക്ക് നില്‍ക്കരുതായിരുന്നു. BRAND ചെയ്തു പണ്ടാരമടക്കി നിര്‍വൃതി കൊള്ളുന്ന ഉത്പതിഷ്ണുക്കള്‍ ഇതൊന്നും അര്‍ഹിക്കുന്നില്ല.
PROUD OF YOU DEARS!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍