Top

ആണിന്റെയുള്ളിലെ പെണ്ണും പെണ്ണിന്റെയുള്ളിലെ ആണും തീര്‍ക്കുന്ന പ്രതിസന്ധിയാണ് ഇരട്ടജീവിതം: സുരേഷ് നാരായണന്‍/അഭിമുഖം

ആണിന്റെയുള്ളിലെ പെണ്ണും പെണ്ണിന്റെയുള്ളിലെ ആണും തീര്‍ക്കുന്ന പ്രതിസന്ധിയാണ് ഇരട്ടജീവിതം: സുരേഷ് നാരായണന്‍/അഭിമുഖം
അമ്മ ഫിലിംസിന്റെ ബാനറില്‍ എം.ജി.വിജയ് നിര്‍മിച്ച് സുരേഷ് നാരായണന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ഇരട്ടജീവിതം. സമൂഹത്തിന്റെ ദൃശ്യത്തിനപ്പുറത്ത് നില്‍ക്കുന്ന ഫീമെയില്‍-മെയില്‍ ട്രാന്‍സ്ജന്‍ഡേഴ്‌സിനെ അടയാളപ്പെടുത്തുന്ന ചിത്രമാണിത്. റീലീസിങിന് തയ്യാറായി നില്‍ക്കുന്ന ഇരട്ടജീവിതമെന്ന സ്വതന്ത്ര സിനിമയുടെ സംവിധായകന്‍ സുരേഷ് നാരായണനുമായി അനു ചന്ദ്ര സംസാരിക്കുന്നു.

അനുചന്ദ്ര: എന്താണ് ഇരട്ട ജീവിതം?


സുരേഷ് നാരായണന്‍ : പല ലയറുകള്‍ ഉള്ള കഥയായാണ് ഇരട്ടജീവിതം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഈ ലയറുകളിലൂടെ പല ആളുകളുടെയും പല ജീവിതങ്ങളിലൂടെയുമാണ് സിനിമ പുരോഗമിക്കുന്നത്. രണ്ടുപെണ്‍കുട്ടികളുടെ ജീവിതത്തിലൂടെയാണ് തുടക്കത്തില്‍ കഥ കടന്നു പോകുന്നത്. ആ പെണ്‍കുട്ടികള്‍ തമ്മിലുള്ള ബന്ധവും, ആ ബന്ധങ്ങളില്‍ വരുന്ന വ്യത്യാസവും, പ്രശ്‌നങ്ങളും, ആ ബന്ധം അഭിമുഖീകരിക്കുന്ന കണ്‍സര്‍വേറ്റിവ് ആയിട്ടുള്ള മുസ്ലിം പോപ്പുലേഷന്‍ കൂടുതലുള്ള ഒരു മത്സ്യബന്ധന ഗ്രാമത്തിലെ അവരുടെ ജീവിതങ്ങളുമാണ് പ്രധാനമായ ലയര്‍. ബാക്കി ലയറുകളില്‍ ഇന്നത്തെ സാമൂഹിക ജീവിതത്തിന്റെ അവസ്ഥയും ഇന്ത്യന്‍ സര്‍ക്കാര്‍ എങ്ങനെയാണ് സാധാരണ ജനങ്ങളുടെ ജീവിതം ദുഷ്‌കരമാക്കുന്നത് എന്നുള്ളതും എല്ലാം conserve ചെയ്തിട്ടാണ് നമ്മള്‍ തിരക്കഥ ഉണ്ടാക്കാന്‍ ശ്രമിച്ചത്. രണ്ട് പെണ്‍കുട്ടികള്‍ തമ്മിലുള്ള ബന്ധം, അതില്‍ ഒരാളിലെ സ്വത്വബോധത്തില്‍ നിന്നുകൊണ്ടുള്ള തിരിച്ചറിവില്‍ അവള്‍ പുരുഷനിലേക്ക് പരിണമിക്കുന്നു. ഇതിനെ പൊതുബോധം എങ്ങനെയാണ് സ്വീകരിക്കുന്നത് എന്നതാണ് പ്രധാനവിഷയം.

അനു: സമകാലിക രാഷ്ട്രീയ വ്യവസ്ഥിതിയില്‍ ഈ സിനിമ എത്രത്തോളം പ്രസക്തമാണ്?

സുരേഷ് : അത് ഞാന്‍ പറയേണ്ടതല്ല. അടിസ്ഥാനപരമായി സിനിമ എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അത് കൊണ്ട് തന്നെ ഞാനൊരു സിനിമാക്കാരനുമല്ല. എനിക്ക് ചിലപ്പോള്‍ പാടാന്‍ തോന്നിയാല്‍ ഞാന്‍ റോഡിലിറങ്ങി പാടും. പാടിയാണ് സമരം ചെയേണ്ടത് എങ്കില്‍ പാടും. ചിലപ്പോള്‍ മുദ്രാവാക്യം വിളിക്കണമെങ്കില്‍ മുദ്രാവാക്യം വിളിക്കും. ഇതാണെന്റെ രീതി. ഇപ്പൊള്‍ സിനിമ ചെയ്യണമെന്നാണ് തോന്നിയത്. സിനിമ എന്റെ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ഇന്നത്തെ രാഷ്ട്രീയ ചുറ്റുപാടുകളില്‍ അതിനകത്ത് നിന്നു കൊണ്ട് അത്തരം അനുഭവങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. തിരക്കഥയിലും മെയ്ക്കിങ്ങിലുമെല്ലാം.

അനു: രാഷ്ട്രീയം പറയാനുള്ള മാധ്യമമാണ് സിനിമ എങ്കില്‍ സ്വന്തം സിനിമയിലൂടെ സമൂഹത്തില്‍ രേഖപ്പെടുത്താന്‍ ശ്രമിക്കുന്നതും സ്വന്തം പ്രതിഷേധങ്ങള്‍ അല്ലേ?

സുരേഷ്: അതെ തീര്‍ച്ചയായും. സമൂഹത്തോടല്ല. നമ്മുടെ പൊതുധാരണകളാണ് പ്രതിഷേധം. അവനവനെത്തന്നെ കണ്ടെത്തുകയാണ് ഓരോ കലാകാരനും അല്ലെങ്കില്‍ കലാകാരിയും ചെയ്യുന്നത്. ഈ സിനിമയെടുത്താല്‍, ആമിന എന്ന പെണ്‍കുട്ടിയുടെ അകത്ത് ഒരു ആണ് ഉണ്ടെന്ന് അവള്‍ തിരിച്ചറിയുന്ന സമയമുണ്ട്. ഇതുപോലെ അകത്ത് ആണ് ഉള്ള പെണ്‍കുട്ടികളെയും അകത്ത് പെണ്ണുള്ള ആണ്‍കുട്ടികളെയും എനിക്കറിയാം, ഞാന്‍ കണ്ടിട്ടുണ്ട്. ഇവരോടുള്ള എന്റെ സമീപനം എന്തായിരുന്നു എന്നുള്ള ഒരു പുനര്‍വായന കൂടിയാണ് ഈ സിനിമ. അല്ലെങ്കില്‍ ആമിനയെയും അവളുടെ ചുറ്റുപാടുകളെയും ഉണ്ടാക്കുമ്പോള്‍ സംഭവിച്ചിട്ടുള്ളത്.

അനു: ആമിന ന്യൂനപക്ഷങ്ങളുടെ പ്രതിനിധിയാണ്. പതിവ് കഥപറച്ചില്‍ രീതി പോലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതത്തെ, ഒരു ട്രാജഡിയായി ക്ലൈമാക്‌സില്‍ എത്തിക്കാനുള്ള ശ്രമം സംവിധായകന്‍ എന്ന നിലയില്‍ താങ്കള്‍ ഇതില്‍ കൊണ്ടുവന്നിട്ടുണ്ടോ?

സുരേഷ്: സാധാരണ സിനിമകളില്‍ നിന്നും വ്യത്യസ്തമായി ഇതില്‍ ഉള്ള കാര്യം ക്ലൈമാക്‌സ് ഇല്ലായെന്നത് തന്നെയാണ്. അതായത് ഇന്‍ഡസ്ട്രി സിനിമകളുടെ ഒരു സ്ഥിരം സ്ട്രക്ചര്‍ എന്നു പറയുന്നത് തുടക്കം, ഫോളോ ചെയ്യുന്ന ജംഗ്ഷനുകള്‍, അതിലെ ഏറ്റക്കുറച്ചിലുകള്‍, കഥാന്ത്യം എന്നിങ്ങനെയാണ്. ഈ സിനിമ 3 പെര്‍സ്പ്പെക്ടീവ് ആണുള്ളത്. സൈനു എന്നുപറയുന്ന പെണ്‍കുട്ടിയുടെ ബാല്യകാലം മുതല്‍ അവളുടെ സുഹൃത്തും അവളും തമ്മില്‍ ഉള്ള നിമിഷങ്ങള്‍, അവളുടെ ഇപ്പോഴത്തെ ജീവിതം മുതലായവ. മറ്റൊന്ന് മൊയ്തു എന്നുപറയുന്ന മത്സ്യത്തൊഴിലാളി അനുഭവിക്കുന്ന ജീവിത പ്രതിസന്ധികള്‍, അയാള്‍ക്ക് നേരിട്ടറിയാവുന്ന അനുഭവങ്ങളില്‍ നിന്നു വികസിക്കുന്ന ഒന്ന്. മറ്റൊന്ന് പുഷ്പ എന്നുപറഞ്ഞ സ്ത്രീയാണ്. അവരുടെ നാട്ടിലെ എല്ലാ പുരുഷന്മാരുടെയും രോമാഞ്ചമായ, അവരുടെ ബോധ്യങ്ങളെ പോലും മാറ്റിമറിക്കാന്‍ കഴിയുന്ന ഒരു സ്ത്രീയുടെ കാഴ്ചപ്പാട്. ഇതിലൊരു ട്രാജഡി എന്‍ഡ് വേണ്ടെന്ന് നമ്മള്‍ ആദ്യമേ കരുതിയിരുന്നു. ഈ കഥ ഉണ്ടാക്കാന്‍ പ്രേരകം അഹമ്മദ് മൊയിനുദ്ദീന്റെ ഇരട്ടജീവിതം എന്ന കഥയാണ്. ഈ കഥയില്‍ നിന്ന് 2 കഥാപാത്രങ്ങളെ എടുത്തു. കഥ വളരെ ദുരന്തപര്യവസായിയാണ്. കേരളത്തില്‍ എനിക്കു നേരിട്ടറിയാവുന്ന queers-നിടയില്‍ ഒരുപാട് ട്രാജഡികള്‍ ഉണ്ട്. വീണ്ടും ഞാന്‍ ഒരു ട്രാജഡി കൊണ്ടുവരേണ്ട എന്നുള്ളത് കൊണ്ട്, ഇപ്പോഴത്തെ പൊതുബോധം മാറും എന്നുള്ളതു കൊണ്ടും ട്രാജഡി ആയി എടുത്തില്ല.

അനു: രാഷ്ട്രീയത്തില്‍ നിന്ന് സിനിമ എന്ന ചിന്തയില്‍ എത്താന്‍ എത്ര കാലം വേണ്ടിവന്നു?

സുരേഷ്: വളരെ ചെറുപ്പം തൊട്ട് സിനിമ എന്നുള്ള ചിന്ത മനസിലുണ്ട്. ഒപ്പം ഞാന്‍ തൊണ്ണൂറുകളുടെ തുടക്കം മുതല്‍ പല സിനിമാ അംഗങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്യുകയും സഹകരിക്കുകയും പല സിനിമകളില്‍ അസിസ്റ്റ് ചെയ്യുകയുമൊക്കെ ചെയ്തു. പിന്നെ ഒരുപാട് കാലം മലയാള സിനിമയില്‍ നിന്നു മാറി ഗള്‍ഫില്‍ പോയി തിരിച്ചുവന്ന് വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുന്നു. ഏറ്റവും അവസാനമായി പ്രിയനന്ദന്റെ ശ്രേയ ചെയ്തു. പ്രിയന്‍, നെയ്ത്തുകാരന്‍ എന്ന സിനിമ ചെയ്യാന്‍ ഉള്ള ആലോചനകളൊക്കെ നടക്കുന്ന കാലം മുതലുള്ള സുഹൃദ്ബന്ധമാണ് ഞങ്ങള്‍ക്കിടയില്‍. ഒരു സിനിമാക്കാരന്‍ എന്നതിലുപരി ഒരു സുഹൃത്ത്, മുതിര്‍ന്ന സംഘാംഗം എന്ന നിലയില്‍ എല്ലാം പ്രിയന്‍ സ്വാധീനിച്ചിട്ടുണ്ട്.

അനു: കൊമേഴ്സ്യല്‍ സിനിമകള്‍ മലയാള സിനിമകളില്‍ ആധിപത്യം സ്ഥാപിക്കുന്ന ഇക്കാലത്ത് ഇത്തരത്തിലുള്ള സമാന്തര സിനിമകളോടുള്ള സര്‍ക്കാരിന്റെ നിലപാടുകളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

സുരേഷ്: മുന്‍പൊക്കെ ഐവി ശശിയുടെ സിനിമകളൊക്കെ വന്നിരുന്ന കാലത്ത്, അതിലെ സിനിമകള്‍ കച്ചവട സിനിമാവിഭാഗത്തില്‍ പെടുമ്പോഴും അന്നത്തെ സമൂഹത്തിന്റെ അകത്തുനിന്ന് കൊണ്ട് ആ സിനിമകള്‍ എല്ലാം പ്രേക്ഷകരോട് കഥ പറയുമായിരുന്നു. പക്ഷേ ഇന്ന് അത്തരത്തിലുള്ള സിനിമകളില്ല. അന്നത്തെ കാലത്ത് നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുവാനായി സര്‍ക്കാര്‍ ചെയ്തു വെച്ചിരുന്ന ഫെസിലിറ്റിയാണ് കെഎസ്എഫ്ഡിസി. പക്ഷേ ഇന്ന് കേരളാചലചിത്രവികസന കോര്‍പ്പറേഷനില്‍ ഒരു സിനിമ പാക്കേജില്‍ ചെയ്തുതീര്‍ക്കാന്‍, ആദ്യം പ്രഖ്യാപിച്ചിരുന്ന 5 ലക്ഷത്തില്‍ കൂടുതല്‍ സബ്‌സിഡിയോ ഫെസിലിറ്റീസോ ഇതുവരെ കൊടുക്കാന്‍ തയ്യാറായിട്ടില്ല. ഇതുമാത്രമല്ല പുറത്ത് ഒരു സ്റ്റുഡിയോയില്‍ 400 രൂപയാണ് മണിക്കൂറില്‍ വാടക എങ്കില്‍ ഇവിടെ KSFDC വാങ്ങുന്നത് 650 രൂപയാണ്. അതുപോലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് ഒരു നല്ല സിനിമ കാണിക്കുവാനായി, ശ്രീ പോലുള്ള തീയേറ്ററുകളില്‍ കാണിക്കുവാനായി ഒരു ചെറിയ റിഡക്ഷനോടുകൂടി കാണിക്കാം എന്നുള്ള ഒരു അവസ്ഥ ഇന്നില്ല. ഒരു കൊമേഴ്സ്യല്‍ സ്ഥലത്തുള്ള വാടകയും ലാഭവുമാണ് ഇപ്പോഴും അവര്‍ എടുക്കുന്നത്. ആ രീതിയില്‍ ഇന്‍ഡസ്ട്രി എന്ന സ്ഥലത്തേക്കാണ് സര്‍ക്കാര്‍ ഇപ്പോള്‍ കൂടുതല്‍ കോണ്‍ട്രിബ്യൂട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.

അതുപോലെ സെന്‍സറിങ് എന്ന സംഭവം, നമ്മളുടെ സിനിമ സെന്‍സര്‍ ചെയ്യേണ്ടത് യഥാര്‍ത്ഥത്തില്‍ ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തമാണ്. അത് സിനിമാക്കാരന്റെ ആവശ്യമല്ല. നാലുകൊല്ലം മുമ്പ് ഒരു ഫീച്ചര്‍ ഫിലിം സെന്‍സര്‍ ചെയ്തു വരാനായി 15,000 രൂപ മുതല്‍ 20,000 രൂപ വരെ ആണ് ചിലവ്. ഇന്ന് 45,000 മുതല്‍ 60,000 വരെ ആണ് ചിലവ്. ഇത് മുടക്കേണ്ടത് സിനിമ എടുക്കുന്നവരാണ്, സര്‍ക്കാരല്ല എന്നോര്‍ക്കണം. നല്ല സിനിമകള്‍ക്ക് കുറച്ചു കൊടുക്കുകയോ അല്ലെങ്കില്‍ തിയേറ്ററുകളില്‍ റിലീസിന് ഇല്ലാത്ത സിനിമകള്‍ക്ക് അതില്‍ എന്തെങ്കിലും വ്യത്യാസം വരുത്തുകയോ ഒന്നും ചെയ്തിട്ടില്ല. സിനിമ നമുക്ക് പണ്ട് സെന്‍സര്‍ ബോര്‍ഡില്‍ ഒരു ഡിവിഡി യില്‍ കൊണ്ട് കൊടുത്തിട്ട് അല്ലെങ്കില്‍ പ്രിന്റ് കൊണ്ടു കൊടുത്തിട്ടത് കാണിച്ചിട്ട് തിരിച്ചുമേടിക്കുവാനുള്ള സംവിധാനം ഉണ്ടായിരുന്നു. ഇന്നു പക്ഷേ അത് ക്യൂബ് എന്ന് പറയുന്ന ഒരു പ്രൈവറ്റ് കമ്പനിക്ക് നമ്മള്‍ ഒരു 50,000 രൂപ കൊടുത്തിട്ട് അവിടെ ലോഡ് ചെയ്തിട്ടുവേണം ബാക്കി ഈ പരിപാടി ചെയ്യാന്‍. അതിനായി സെന്‍സര്‍ കോസ്റ്റിന്റെ കൂടെ ഈ പറഞ്ഞ 50,000 രൂപ കൂടി കൊടുക്കണം. അപ്പോള്‍ മൊത്തത്തില്‍ ഇന്‍ഡസ്ട്രിയുടെ കച്ചവടത്തിലേക്ക് മാത്രമായി മാറുന്നു നല്ല സിനിമയെ പ്രോത്സാഹിപ്പിക്കുവാനായി ഗവണ്മെന്റുണ്ടാക്കിയ കോര്‍പ്പറേഷന്‍ മുതല്‍ സെന്‍സര്‍ വരെ.

http://www.azhimukham.com/video-eka-malayalam-movie-talksabout-bisexuality-of-transgenders/

അനു: സ്വതന്ത്ര സിനിമയില്‍ നിന്നും വാണിജ്യപരമായിട്ടുള്ള സിനിമയിലേക്കുള്ള മാറ്റം പ്രതീക്ഷിക്കാമോ?

സുരേഷ്: അത്തരത്തില്‍ ഒരു മാറ്റമുണ്ടാകില്ല. ഞാന്‍ ആലോചിക്കുന്ന സിനിമാരീതി എന്നു പറയുന്നത് ഇന്‍ഡസ്ട്രിക്ക് പുറത്തു നിന്നിട്ട് ഇന്‍ഡസ്ട്രി എന്നു വിളിക്കുന്ന ഒരു സാധനത്തിന്റെ ഒരു അഴുക്കുകളും ദേഹത്തു പറ്റാതെ സിനിമ ഉണ്ടാക്കാന്‍ പറ്റുമോ എന്നുള്ള ശ്രമമാണ്. സ്വാഭാവികമായും ഇതിന് മുന്‍പ് ഞാന്‍ ചെയ്തത് ഡോക്യുമെന്ററി ഫിലിംസ് ആണ്. ഇവിടുത്തെ വികസന നയങ്ങളുടെയും അതിന്റെ അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ വിഷയങ്ങളും ഒക്കെയാണ് ചര്‍ച്ച ചെയ്തത്. അതേ രാഷ്ട്രീയ നിലപാടുകള്‍ തന്നെയാണ് ഇനിയും തുടരാന്‍ സാധ്യത.

അ നു: സ്വതന്ത്ര സിനിമകള്‍ക്ക് നിര്‍മ്മാതാക്കളെ കണ്ടെത്തുക എന്നത് ദുഷ്‌കരമല്ലേ?

സുരേഷ്: തീര്‍ച്ചയായും, വളരെ വലിയ വെല്ലുവിളിയാണത്. സ്വാതന്ത്ര സിനിമകള്‍ ഇപ്പോള്‍ എടുക്കുന്നത് കുറച്ചു കാഷ് മുടക്കി ചെറിയ ലാഭം പ്രതീക്ഷിച്ചു സിനിമയില്‍ പൈസ ഇറക്കുന്ന വളരെ കുറച്ചു പ്രൊഡ്യൂസര്‍മാരും പിന്നെ നമ്മുടെ സുദേവനെയൊക്കെ പോലെ വേറെ രീതിയിലുള്ള പ്രൊഡക്ഷന്‍ സാധ്യതകള്‍ ഉപയോഗിക്കുന്നവരുമാണ്. അവര്‍ നാട്ടില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമെല്ലാം പൈസ പിരിച്ച് അത്രയും ചെറിയ ബഡ്ജറ്റില്‍ സിനിമ ചെയ്യുന്നു. ഈ രണ്ട് സാധ്യതകളാണ് ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്നത്. തീര്‍ച്ചയായിട്ടും ഇതിലും നിര്‍മാതാവിനെ കിട്ടാന്‍ പ്രയാസമായിരുന്നു. താരമൂല്യങ്ങളെക്കുറിച്ചാണ് സമീപിച്ചവരില്‍ പല നിര്‍മ്മാതാക്കള്‍ക്കും അറിയേണ്ടിയിരുന്നത്. ഈ സിനിമയില്‍ താരങ്ങളായിട്ട് ആരും ഇല്ല. കൂടുതലും തീയേറ്ററുകളില്‍ നിന്ന് സിനിമയില്‍ എത്തിയവരാണ്. എന്നാല്‍ എല്ലാവരും തങ്ങളുടേതായ രീതിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുള്ളവരുമാണ്. ഷെഹനാഥ് ജലാല്‍ ആണ് ചിത്രത്തിന്റ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്

http://www.azhimukham.com/transgender-activist-sheethal-shyam-speaks-about-on-new-film-aabhaasam-interview-by-anu-chandra/

Next Story

Related Stories