Top

പൈപ്പിന്‍ ചുവട്ടിലെ പ്രണയം ഇവിടെയൊരു രാഷ്ട്രീയ പ്രശ്നമാണ്

പൈപ്പിന്‍ ചുവട്ടിലെ പ്രണയം ഇവിടെയൊരു രാഷ്ട്രീയ പ്രശ്നമാണ്
ലവകുശക്ക് ശേഷം നീരജ് മാധവ് നായകനായി വരുന്ന ചിത്രമാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയം. റിലീസിന് മുമ്പെ ഗാനങ്ങളും ടീസറുകളും നല്‍കിയ വലിയ പ്രതീക്ഷകളില്‍ നിന്നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. പണ്ടാരതുരുത്ത് എന്നറിയപ്പെടുന്ന ഒരു തുരുത്തിനെ പശ്ചാത്തലമാക്കി നവാഗതനായ ഡോമിന്‍ ഡിസില്‍വ തമാശയവും പ്രണയവുമൊക്കെ പറയുമ്പോഴും ഈ ചിത്രത്തിലൂടെ ശക്തമായി വിരല്‍ ചൂണ്ടുന്നത് ജല ദൗര്‍ലഭ്യത സാധാരണക്കാരന്റെ ജീവിതത്തില്‍ തീര്‍ക്കുന്ന ദുരിതങ്ങളിലേക്കാണ്.

പണ്ടാരത്തുരുത്തിലെ ജനങ്ങള്‍ക്കിടയില്‍ പിണക്കങ്ങളും സങ്കടങ്ങളും കൂടിച്ചേരലുകളും ഉണ്ട്, പൈപ്പിന്‍ ചുവട്ടിലെ കാത്തിരിപ്പുകള്‍ ഉണ്ട്, അവിടെ പ്രണയങ്ങള്‍ മൊട്ടിടുന്നുണ്ട്. എന്നാല്‍ ഇതേ പണ്ടാരതുരുത്തിലുള്ളവര്‍ക്ക് നേരിടേണ്ടി വരുന്നത് നിരവധി പ്രശ്‌നങ്ങളാണ്. ആ പ്രശ്നങ്ങള്‍ കാലിക പ്രസക്തവുമാണ്.

നൂറോളം കുടുംബങ്ങള്‍ ആണ് അവിടത്തെ താമസക്കാര്‍. ജലക്ഷാമവും ദുരിതങ്ങളും ഇല്ലായ്മകളും മാത്രം അനുഭവിക്കപ്പെടാന്‍ വിധിക്കപ്പെടുമ്പോഴും ഉള്ളറിഞ്ഞു സ്‌നേഹിക്കാന്‍ സാധിക്കുന്ന, സ്‌നേഹം മാത്രം നല്‍കാന്‍ കഴിയുന്നവരാണ് അവിടെയുള്ളത്. ജോലിക്കും, വിദ്യാഭ്യാസത്തിനും, സമ്പത്തിനും അപ്പുറത്തേക്ക് കുടിവെള്ളം മുടങ്ങാതെ കിട്ടുന്ന ഒരു നാടെന്ന സ്വപ്നത്തെ മുന്‍നിര്‍ത്തി കൊണ്ട് മാത്രം അവിടത്തെ അച്ഛനമ്മമാര്‍ പെണ്മക്കളെ തുരുത്തിനു പുറത്ത് കല്യാണം കഴിച്ചയക്കാനാണ് ആഗ്രഹിക്കുന്നത്.

തിരിച്ച് അതുപോലെ തുരുത്തിലെ ചെറുപ്പക്കാര്‍ക്ക് പെണ്ണ് കിട്ടാനും പ്രയാസമാണ്. ഇതിനിടയിലാണ് ഒരേ തുരുത്തിലെ താമസക്കാരായ ഗോവിന്ദന്‍കുട്ടിയും ടീനയും പ്രണയിക്കുന്നത്. വ്യത്യസ്ത മതസ്ഥരായ അവരെ ഒന്നിപ്പിക്കുവാന്‍ അവിടെ തടസ്സപ്പെടുത്തുന്നത് മതമല്ല. വിവാഹാനന്തരവും വെള്ളം കിട്ടാതെ പൈപ്പിന്‍ ചുവട്ടില്‍ തന്നെ കുടവുമായി നിന്നു നരകിക്കേണ്ടി വരുമല്ലോ എന്ന ചിന്തയാണ്. കഥാഗതിയില്‍ ഒരിടത്തു വെച്ച് ഇതേ ജലത്തിന്റ് പേരില്‍ ഒരു ജീവന്‍ വരെ നഷ്ടപ്പെടുന്ന അവസ്ഥയില്‍ നിന്നാണ് അവിടത്തുകാര്‍ വ്യത്യസ്ത സമര മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്. അത് ശ്രദ്ധിക്കപ്പെടുന്നതോടെ പൈപ്പിന്‍ ചുവട്ടിലെ പ്രണയം വിജയിക്കുന്നു.ഒരു സമകാലിക പ്രശ്നം പറയുവാനായി പതിവ് ശൈലിയായ സമാന്തര സിനിമകള്‍ വിട്ട് ജനപ്രീയ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി എന്നത് ചിത്രത്തെ പ്രേക്ഷകരോടടുപ്പിച്ചു നിര്‍ത്തുന്നു. കഥയുടെ ഗൗരവം നഷ്ടപ്പെടാത്ത വിധത്തില്‍ ഹാസ്യത്തില്‍ കഥ അവതരിപ്പിക്കുന്ന രീതിയാണ് സംവിധായകന്‍ ഉപയോഗപ്പെടുത്തിയത്. അതില്‍ അദ്ദേഹം വിജയിച്ചു എന്നുതന്നെ പറയാം.

നീരജ് മാധവ്, ശരത് അപ്പാനി, അജു വര്‍ഗീസ്, റീബ മോണിക്ക, സുധി കോപ്പ, ധര്‍മജന്‍ ബോള്‍ഗാട്ടി, ഇന്ദ്രന്‍സ് തുടങ്ങിയവരുടെ മികച്ച പ്രകടനമാണ് ചിത്രത്തില്‍ ഉടനീളം കാണുവാന്‍ സാധിക്കുന്നത്.അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ താരനിരയും ഈ ചിത്രത്തിലെ തന്നെയാകണം.ഗോവൂട്ടി എന്നറിയപ്പെടുന്ന ഗോവിന്ദന്‍കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നീരജിന്റെ ഇത് വരെയുള്ള അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം ഈ പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിലേതാണെന്നുറപ്പിക്കാം. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിനു ശേഷം റീബ മോണിക്ക നായികയായി എത്തുന്ന ചിത്രം കൂടിയാണിത്.

ടീന എന്ന കഥാപാത്രത്തിലേക്ക് എത്തി ചേരുവാനായി റീബയ്ക്ക് എളുപ്പത്തില്‍ സാധിച്ചു എന്നതും എടുത്തുപറയേണ്ടതാണ്. അത് പോലെ തന്നെ എടുത്തു പറയേണ്ട പ്രകടനമാണ് അയ്യപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുധി കോപ്പ. ഗംഭീര പ്രകടനമാണ് ഈ സിനിമയില്‍ കാഴ്ച വെച്ചിരിക്കുന്നത്. രമ്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രുതി ജയന്റെ പ്രകടനവും മികവുറ്റതായിരുന്നു. അങ്കമാലി ഡയറീസിലൂടെ വന്ന ഈ നടി കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. അജു വര്‍ഗീസിന്റെ കഥാപാത്രവും തിയറ്ററില്‍ ചിരിയലകള്‍ ഉയര്‍ത്തുന്നു. അപ്പനി രവിയുടെ കീടവും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ജാഫര്‍ ഇടുക്കിയും ഇന്ദ്രന്‍സും ഒക്കെ നമുക്കിടയിലൊരാളെന്നപോലെ ആണെന്ന് തോന്നിപ്പിക്കുന്ന പ്രകടനമാണ് ഈ ചിത്രത്തില്‍ സമ്മാനിച്ചത്.

കായല്‍ പശ്ചാത്തലത്തിന്റെ അനുഭവവേദ്യമായ കാഴ്ചകള്‍ പകര്‍ത്തുന്നതില്‍ പവി കെ. പവന്റെ ഛായാഗ്രഹണം സിനിമയുടെ മാറ്റ്കൂട്ടുന്നു. ബിജിപാല്‍ ഈണം പകര്‍ന്ന ഗാനങ്ങളും പശ്ചാത്തല സംഗീതവും അതിമനോഹരം. നാടകീയ സംഭാഷണങ്ങള്‍ക്കോ പ്രകടനങ്ങള്‍ക്കോ സിനിമയില്‍ സ്ഥാനമില്ല. രണ്ടു മണിക്കൂറോളം പ്രേക്ഷകരെ പണ്ടാരത്തുരുത്തില്‍ നിര്‍ത്തുമ്പോഴും അത് ഒരുതരത്തിലും വിരസമായി പ്രേക്ഷകരെ ബാധിക്കുന്നില്ല എന്നതാണ് സിനിമയുടെ പൂര്‍ണ്ണ വിജയം.


Next Story

Related Stories