TopTop
Begin typing your search above and press return to search.

ആന്ദ്രെ എസ്കോബാറിനെന്താ കാട്ടൂര്‍ കടവില്‍ കാര്യം? ഫുട്ബോളും പ്രണയവും രാഷ്ട്രീയവും പറഞ്ഞ് അര്‍ജന്‍റീന ഫാന്‍സ്

ആന്ദ്രെ എസ്കോബാറിനെന്താ കാട്ടൂര്‍ കടവില്‍ കാര്യം? ഫുട്ബോളും പ്രണയവും രാഷ്ട്രീയവും പറഞ്ഞ് അര്‍ജന്‍റീന ഫാന്‍സ്

അര്‍ജന്‍റീന ഫാന്‍സ് കാട്ടൂര്‍ കടവിന്റെ അവസാന രംഗങ്ങളില്‍ ചിത്രത്തിലെ നായകന്‍ വിപിനന്‍ എന്താണ് കുഞ്ഞിനു പേരിടുക എന്ന ആന്ദ്രെ എസ്കോബാറിന്റെ ചോദ്യത്തിന് പറയുന്ന ഉത്തരം ലിയോ ആന്ദ്രെ എന്നാണ്. ഫുട്ബോളും പ്രണയവും രാഷ്ട്രീയവും സംസാരിക്കുന്ന മിഥുന്‍ തോമസ് മാനുവലിന്റെ അര്‍ജന്‍റീന ഫാന്‍സ് കാട്ടൂര്‍ കടവ് സുഖകരമായ കാഴ്ചാനുഭവം ആണെന്ന് സംശയലേശമന്യേ പറയാന്‍ ഈ ഒരു രംഗം മാത്രം ഉദാഹരണമായി പറഞ്ഞാല്‍ മതി.

ഓം ശാന്തി ഓശാനയുടെ തിരക്കഥാകാരനായി എത്തി ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ച് ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമ അണിയിച്ചൊരുക്കി സംവിധായക കുപ്പായമണിഞ്ഞ മിഥുന്‍ മാനുവല്‍ യുവസംവിധായക നിരയിലെ വേറിട്ട സഞ്ചാരിയാണ് എന്നു ഇതിനകം തെളിയിച്ചിട്ടുണ്ട്. പരാജയപ്പെട്ട ചിത്രത്തിന് രണ്ടാം ഭാഗം ഇറക്കി സൂപ്പര്‍ ഹിറ്റ് ആക്കിയ സംവിധായകനാണ് ഇയാള്‍. ഇതിനിടയില്‍ ആന്‍ മേരി കലിപ്പിലാണ്, അലമാര എന്നീ സിനിമകള്‍ സംവിധാനം ചെയ്തുകൊണ്ട് തന്റെ വഴി പൊതുവഴിയല്ല ഇടവഴികളാണ് എന്നു തെളിയിച്ചു.

കഴിഞ്ഞ ലോകകപ്പ് വേളയില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച പ്രശസ്ത കഥാകൃത്ത് അശോകന്‍ ചരുവിലിന്റെ അര്‍ജന്‍റീന ഫാന്‍സ് കാട്ടൂര്‍ കടവിനെ അടിസ്ഥാനമാക്കിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലോകകപ്പ് കഴിഞ്ഞു മാസങ്ങള്‍ കഴിഞ്ഞു വന്ന സിനിമ കാലം തെറ്റി വന്നതാണോ എന്നൊരു ചെറിയ സംശയം തോന്നാമെങ്കിലും കൈകാര്യം ചെയ്യുന്ന വിഷയവും കഥയും ഏത് കാലത്തും സംവദിക്കുന്നത് തന്നെ.

കാളിദാസ് ജയറാം അവതരിപ്പിക്കുന്ന വിപിനനും ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്ന മെഹ്റുന്നീസയുമാണ് ചിത്രത്തിലെ നായികാ നായകന്‍മാര്‍. ഇവര്‍ ബാല്യകാല സുഹൃത്തുക്കളും പ്ലസ് ടു വരെയുള്ള സഹപാഠികളുമാണ്. പ്ലസ്ടു കഴിഞ്ഞപ്പോള്‍ വിപിനന്‍ ഐ ടി ഐയിലേക്കും മെഹ്റുന്നീസ ആര്‍ട്ട്സ് കോളേജിലേക്കും ചേരുന്നു. മെഹ്റുന്നീസ അവിടത്തെ എസ് എഫ് കെയുടെ തീപ്പൊരി നേതാവ് സഖാവ് മെഹര്‍ ആകുന്നു. ഇതിനിടയില്‍ രണ്ടു പേര്‍ക്കുമിടയില്‍ പറയാതെ വളരുന്ന പ്രണയവും എന്നാല്‍ രണ്ടു ജാതിയില്‍ പെട്ടവരായതുകൊണ്ട് അതിനു എന്തു സംഭവിക്കും എന്ന ആകാംക്ഷകളിലൂടെയുമാണ് കഥയുടെ മുഖ്യഭാഗം സഞ്ചരിക്കുന്നത്.

എന്നാല്‍ കഥയുടെ പ്രധാന പങ്കും കവരുന്നത് കാട്ടൂര്‍ക്കടവിലെ ഫുട്ബോള്‍ ഭ്രാന്തന്‍മാരുടെ ഫാന്‍ വാറാണ്. വിപിനനും സംഘവും അര്‍ജന്‍റീനന്‍ ഫാന്‍സ് ആണ്. മെഹറുവും അജയ് ഘോഷ് എന്ന കോണ്‍ഗ്രസ്സ് ബുദ്ധിജീവിയും ബ്രസീല്‍ ഫാന്‍സും. കൂടാതെ പോര്‍ച്ചുഗലിന്റെ ഒറ്റയാന്‍ ഫാന്‍സും അവിടെയുണ്ട്. 2010, 2014, 2018 ലോകകപ്പ് കാലങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. അത് അത്യാവശ്യം മനോഹരമായി തന്നെ ഛായാഗ്രാഹകന്‍ രണദിവയും സംഘവും ചിത്രീകരിച്ചിട്ടുണ്ട്. 2014 ആയപ്പോള്‍ ജെര്‍മ്മന്‍ ഫാന്‍സും കാട്ടൂരങ്ങാടിയില്‍ സജീവമായി. ഹിറ്റ്ലറുടെ പിള്ളേരോടാണ് കളി, നാസികളെ നിങ്ങള്‍ക്ക് അറിയില്ലെന്ന് അവര്‍ മറ്റുള്ളവരെ വെല്ലുവിളിച്ചു. ഇടയ്ക്കിടെ പരസ്പരം കയ്യാങ്കളിയില്‍ ഏര്‍പ്പെട്ടു. പഞ്ചായത്ത് മെംബര്‍ ഇടയ്ക്കു കയറി പലപ്പോഴും സംഘര്‍ഷത്തിന് പരിഹാരമുണ്ടാക്കി. കേരളത്തിലെ ഏതൊരു ഗ്രാമത്തെയും പോലെ ഫുട്ബോള്‍ കാട്ടൂര്‍ക്കടവിന്റെ വികാരമാണ്. ആ കാട്ടൂര്‍ക്കടവിനെ രസകരമായി അവതരിപ്പിക്കാന്‍ സംവിധായകന്‍ മിഥുന്‍ മാനുവലിന് കഴിഞ്ഞിട്ടുണ്ട്.

സിനിമയില്‍ ഹൃദയസ്പൃക്കായ രംഗങ്ങള്‍ വിപിനനും 1994ലെ ലോകകപ്പില്‍ അമേരിക്കക്കെതിരെയുള്ള മത്സരത്തില്‍ സെല്‍ഫ് ഗോളടിച്ചതിന് കൊളംബിയയിലെ ഡ്രഗ് മാഫിയ വെടിവെച്ചു കൊന്ന ആന്ദ്രെ എസ്കോബാറും തമ്മില്‍ നടത്തുന്ന സംഭാഷണങ്ങളാണ്. വിപിനന്‍ തന്റെ മാനസിക സംഘര്‍ഷങ്ങളും സന്തോഷങ്ങളും പ്രണയവും ജീവിത പ്രയാസങ്ങളുമൊക്കെ പങ്കുവെക്കുന്നത് എസ്കോബാറുമായാണ്. അത്തരം ഘട്ടങ്ങളിലെല്ലാം തന്റെ ജീവിതാനുഭവത്തിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടു വിപിനന് ഉപദേശം നല്‍കാന്‍ എസ്കോബാര്‍ ശ്രമിക്കുന്നുണ്ട്. എസ്കോബാര്‍ എങ്ങനെയാണ് അവന്റെ ജീവിതത്തിലെ ഇത്ര സ്വാധീന ശക്തിയായത് എന്നതിന് ഒരു ഉപകഥയുണ്ട്. അതിന്റെ രസം എന്തായാലും ഇവിടെ വിസ്തരിച്ചു കളയുന്നില്ല. എസ്കോബാര്‍ പ്രത്യക്ഷപ്പെടുന്ന സ്വപ്ന സദൃശ രംഗങ്ങള്‍ സിനിമയ്ക്ക് ശക്തമായ സൌന്ദര്യ തലം സമ്മാനിക്കുന്നുണ്ട്.

അര്‍ജന്‍റീന ഫാന്‍സിലെ മറ്റൊരു ഉഗ്രന്‍ കഥാപാത്രം മെഹറുന്നീസയുടെ പിതാവ് സഖാവ് ഖാദര്‍കുട്ടിയാണ്. അശോകന്‍ ചരുവില്‍ എന്ന ഇടതുപക്ഷ സഹയാത്രികന്‍ തന്റെ രാഷ്ട്രീയ വിശ്വാസത്തെ അവതരിപ്പിക്കുന്നത് ഖാദര്‍കൂട്ടിയിലൂടെയാണ്. അത് കലര്‍പ്പില്ലാതെ അവതരിപ്പിക്കാന്‍ സംവിധായകനും തയ്യാറായി എന്നിടത്താണ് സിനിമയുടെ രാഷ്ട്രീയം പ്രസക്തമാകുന്നത്.

ചില നല്ല ജീവിത മുഹൂര്‍ത്തങ്ങള്‍ക്കൊണ്ടും കൊച്ചുകൊച്ചു തമാശകള്‍ക്കൊണ്ടും ഗ്രാമീണമായ അന്തരീക്ഷം കൊണ്ടും സുന്ദരമായ കാഴ്ചാനുഭവമാണ് അര്‍ജന്‍റീന ഫാന്‍സ് കാട്ടൂര്‍കടവ്. സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം മറ്റൊരു രസകരമായ ഫുട്ബോള്‍ സിനിമ.

©

"കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ..."


Next Story

Related Stories