TopTop
Begin typing your search above and press return to search.

പ്രിയപ്പെട്ട മിഥുൻ മാനുവേൽ, എസ്കോബാറിന്റെ മരണത്തിൽ നിന്ന് നിങ്ങളെന്താണ് പഠിച്ചത്?

പ്രിയപ്പെട്ട മിഥുൻ മാനുവേൽ, എസ്കോബാറിന്റെ മരണത്തിൽ നിന്ന്  നിങ്ങളെന്താണ് പഠിച്ചത്?

മലയാളി ഉടനീളം മലയാളിയല്ല. അയാൾ ഒരേസമയം പലമകളാണ്. എന്നാൽ ഫുട്ബോളിലും സിനിമയിലും പലപ്പോഴും അയാൾ ലാറ്റിനമേരിക്കക്കാരനാണ്.

ദേശീയതയുടെയും വംശീയതയുടെയും വെടിമരുന്ന് രാജ്യത്തെ മറ്റേതിടങ്ങളിൽ ആളിക്കത്തിയാലും അതിനെല്ലാം മീതെ സാർവദേശീയ മാനവികതയുടെ കൊടി വലിച്ചുകെട്ടി തങ്ങളുടെ ശരീരത്തെയും മനസിനെയും പല കലർപ്പുകളിൽ മുക്കിയെടുത്ത് മലയാളിക്ക് നിൽക്കാൻ കഴിയുന്നത് അയാൾ ഉടനീളം മലയാളിയല്ലാത്തതുകൊണ്ടുകൂടിയാണ്. ആ മലയാളിക്കേ, അയാൾക്ക് ഒട്ടുമേ പരിചിതമല്ലാത്ത ഒരിടത്ത് ഒരെസ്കോബാർ വെടിയേറ്റു വീഴുമ്പോൾ നെഞ്ചിൻകൂടു പൊട്ടൂ.

ആന്ദ്രേ എസ്കോബാർ സാൽഡാറിയാഗ, മയക്കുമരുന്നിന്റെയും അധോലോകത്തിന്റെയും കെണിയിൽപ്പെട്ട കൊളംബിയയെ തന്റെ മാന്ത്രിക ബൂട്ടുകൊണ്ട് കരകയറ്റിയ മിശിഹ. കൊളംബിയൻ ഫുട്ബോളിന്റെ മാത്രമല്ല കൊളംബിയ എന്ന രാജ്യത്തിന്റെതന്നെ രക്ഷകൻ. 1994 ജൂൺ 22ന് അമേരിക്കയിലെ കാലിഫോർണിയയിൽ വെച്ച് യുഎസ് മിഡ്ഫീൽഡർ ജോൺ ഹാർക്ക്സിന്റെ ക്രോസ് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിൽ വിജയിക്കാനാകാതെ പന്ത് സെൽഫ് ഗോളായി വലയിൽക്കയറുമ്പോൾ നിസ്സഹായനായി നോക്കി നിൽക്കേണ്ടിവന്ന എക്കാലത്തെയും പരാജയപ്പെട്ട മിശിഹ.!

1998 ലെ ലോകകപ്പായപ്പോഴേക്കും നാലിൽ നിന്നും മുപ്പത്തിനാലിലേക്ക് കൊളംബിയ മൂക്കുകുത്തി വീണു. 2010 ആയപ്പോഴേക്കും കൊളംബിയയിലെ പതിനെട്ടു ക്ലബുകളിൽ പതിനാലും പാപ്പരായി പ്രഖ്യാപിക്കപ്പെട്ടു. അതായത് ആന്ദ്രെയുടെ 94 ലോകകപ്പിലെ സെൽഫ്ഗോളോടെ ആ സ്റ്റേഡിയത്തിൽ മുഴങ്ങിയത് യു.എസ്.എ യുടെ വിജയകാഹളമായിരുന്നില്ല. കൊളംബിയൻ ഫുട്ബോളിന്റെ മരണമണിയായിരുന്നു. ഫുട്‌ബോളില്ലാത്ത കൊളംബിയയ്ക്ക് എസ്കോബാറിനെ വേണ്ടായിരുന്നു. സെൽഫ് ഗോളിൽ കൊളംബിയൻ ഫുട്ബോൾ മരിച്ച് കൃത്യം പതിനൊന്നാം ദിവസം ആന്ദ്രേ എസ്കോബാർ ഹംബർട്ടോ കാർലോസ് മുനോസിന്റെ വെടിയേറ്റു വീണു. ആ രാത്രിയിലാണ് മിഥുൻ മാനുവലിന്റെ കാട്ടൂർക്കടവ് എസ്കോബാറിന് ഒപ്പീസ് ചൊല്ലിത്തരാൻ പാതിരാത്രി പള്ളിമേടയിൽ തട്ടിവിളിക്കുന്ന മലയാളിയിൽ 'അർജന്റീന ഫാൻസ് കാട്ടൂർക്കടവ് ' ആരംഭിക്കുന്നത്. ആ രാത്രി കാട്ടൂർക്കടവ് കൊളംബിയ ആയിരുന്നു. എന്നാൽ തുടർന്നുണ്ടാക്കിയ ദൃശ്യങ്ങളെല്ലാം കാറ്റുപോയ പന്തു കൊണ്ടുള്ള കളിയായിരുന്നു.

അതെ,എസ്കോബാർ ഒരു സൂചനയാണ്. ലോകഫുട്ബോളിന് മാത്രമല്ല കോടിക്കണക്കിന് ജനതയുടെ പ്രതീക്ഷയെ നെഞ്ചേറ്റി കളത്തിലിറങ്ങുന്നവർക്കെല്ലാം എസ്കോബാർ ഒരു സൂചനയാണ്. തോറ്റാലും സെൽഫ് ഗോളടിച്ച് തോൽക്കരുതെന്ന്. വലിയ കളികൾ കളിക്കുമ്പോൾ ചില മിനിമം ജാഗ്രതകളുണ്ടാകേണ്ടതുണ്ടെന്ന വലിയ സൂചന.

പ്രിയപ്പെട്ട മിഥുൻ മാനുവേൽ തോമസ്, ചില ലാറ്റിനമേരിക്കൻ കാഴ്ചാശീലങ്ങളും രുചികളുമായാണ് ഫുട്ബോൾ കാണാനും സിനിമ കാണാനും ഇന്നത്തെ മലയാളി ഇരിക്കുന്നത്. എസ്കോബാറിനെ കൊളംബിയ വെടിവെച്ചു കൊല്ലുന്നതിനു മുമ്പ് അദ്ദേഹത്തെ മലയാളി കൂക്കി വിളിച്ചു കൊന്നിട്ടുണ്ട്.!

ബ്രസീലിന്റെയും അർജന്റീനയുടെയുമൊക്കെ പിഴവേതുമില്ലാത്ത ലാറ്റിനമേരിക്കൻ ഫുട്ബോൾസൗന്ദര്യത്താൽ ഉൻമത്തനാക്കപ്പെട്ട മലയാളിയാണയാൾ. അങ്കമാലി ഡയറിയും, നൈജീരിയൻ സുഡാനിയും, കുമ്പളങ്ങി രാത്രിയും നിരന്തരമായി ലാറ്റിനമേരിക്കൻ സൗന്ദര്യം കാണിച്ച് കാണിച്ച് ഇങ്ങനെ കൊതിപ്പിക്കുന്നതുകൊണ്ടാകണം നിങ്ങളുടെ സെൽഫ്ഗോൾ നേരംപോക്ക് കണ്ട് പതിനൊന്നാം നാൾവരെ കാത്തുനിൽക്കാൻ ക്ഷമയില്ലാതെ എനിക്കെഴുന്നേറ്റുനിന്ന് കൂക്കിവിളിക്കേണ്ടി വന്നത്.

കളിയുടെ രസംകെടുമ്പോൾ കളിയറിയാവുന്ന ഫുട്ബോൾ പ്രേമികൾ എഴുന്നേറ്റു പോയിക്കളയും. അടുത്ത പാതിയിലെങ്കിലും കളി ചൂടുപിടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ചിലർ പിന്നെയും കാത്തിരിക്കും. കളിപ്രേമികളല്ലാത്ത മറ്റുചിലർ എന്തുകളിച്ചാലും നോക്കിയിരിക്കും. വിരലിലെണ്ണാവുന്ന ഈ മൂന്നാം തരക്കാർക്കൊപ്പമിരുന്നാവണം ഞാനീ പടം കണ്ടത്. തോൽവിയും ജയവും അവരിൽ യാതൊരു വികാര വിക്ഷോഭങ്ങളും ഉണ്ടാക്കാനിടയില്ല. പ്രതീക്ഷയുടെ തരിമ്പെങ്കിലും ബാക്കിയുള്ള ഒരു സിനിമാപ്രേമിയെയെങ്കിലും കൊട്ടകയിൽ ബാക്കി വെക്കാനാവാത്ത ഈ സെൽഫ് ഗോൾ വലിയ പിഴയാണ് മാനുവൽ. വലിയ പിഴ.

താങ്കൾക്കൊപ്പം കളി പഠിച്ചവർ ആവോളം പ്രൊഫഷണലിസമാർജിച്ച് താങ്കളുടെ തെരുവിൽ കൂറ്റൻ കട്ടൗട്ടുയർത്തിക്കെട്ടുമ്പോൾ മൈതാനത്തിലിരുന്ന് നെഞ്ചിലടിച്ച് കരയേണ്ടിവരുന്നത് എന്തൊരു ദുരന്തമാണ്.

മിഥുൻ മാനുവൽ തോമസിന്റെ അഞ്ചാമത്തെ സിനിമയാണിത്. അതിൽ ആടുജീവിതം വിളമ്പി സ്വീകരിക്കപ്പെട്ടതിന്റെ ആത്മവിശ്വാസത്തിലാകാം മലയാളിയുടെ ഫുട്ബോൾ ഭ്രമത്തെ കേന്ദ്രമാക്കി അദ്ദേഹം കാട്ടൂർക്കടവുണ്ടാക്കിയത്. പക്ഷെ കാട്ടൂർ ജീവിതത്തിന്റെ കാട്ടിക്കൂട്ടലുകളായി ഈ സിനിമാ ദൃശ്യങ്ങളോരോന്നും. നാലു സിനിമകൾ കൊണ്ട് മലയാളി പ്രേക്ഷകരുടെ ഭാവുകത്വത്തെ പുതുക്കി എന്ന തെറ്റിദ്ധാരണയുടെ പുറത്തല്ല ഈ സിനിമ കണ്ടത്. മറിച്ച് മലയാളത്തിലെ ശ്രദ്ധേയനായ കഥാകൃത്ത് അശോകൻ ചരുവിലിന്റെ കഥ എങ്ങനെ ദൃശ്യവൽക്കരിച്ചു എന്നറിയാൻ കൂടിയായിരുന്നു. കാരണം ആ കഥയിൽ മലയാളിയുടെ ജീവിതമുണ്ട്. അതേസമയം സംവിധായകന്റെ മുൻസിനിമകളിലൊന്നും അതില്ലെന്നുമറിയാം.!

അതെല്ലാം ആൾക്കൂട്ടത്തിന്റെ നേരം പോക്കിനുവേണ്ടിയൊരുക്കിയതാണെന്നുമറിയാം. പക്ഷെ ഇതങ്ങനെയാകരുതായിരുന്നു മിഥുൻ. കാരണം കേരളത്തിലെ ഓരോ ഗ്രാമത്തിനും ഫുട്ബോൾ ഫാൻസും അനുഭവങ്ങളുമായി വലിയൊരു ജീവിതമുണ്ട്. ഫുട്ബോളിനു മാത്രമല്ല, ക്രിക്കറ്റിനും അങ്ങനെ തന്നെ. 1983 എന്ന സിനിമയിൽ ക്രിക്കറ്റിലൂടെ കടന്നുപോയ സമീപകാല മലയാളിയുടെ ദേശ ജീവിതവും മനോജീവിതവും നന്നായി അടയാളപ്പെടുത്താൻ എബ്രിഡ്ഷൈൻ എന്ന സംവിധായകന് കഴിഞ്ഞിരുന്നു. ജനപ്രിയ സിനിമയുടെ ചേരുവകൾ ചേർത്തൊരുക്കിയതാണെങ്കിലും പ്രാദേശിക സിനിമ എന്ന നിലയിൽ ദേശീയ തലത്തിൽവരെ അത് ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിൽ ഒട്ടൊക്കെ ഈ ദേശത്തിന്റെ ജീവചരിത്രമുണ്ട്. കാണികളുടെ ആത്മകഥകളുണ്ട്. എന്നാൽ അർജന്റീന ഫാൻസിലെ സംഭാഷണങ്ങളിലും ക്രിയകളിലുമൊന്നും ഈ ജീവിതം കാണാൻ കഴിഞ്ഞില്ല. അതാണ് ഈ സിനിമയുണ്ടാക്കിയ വലിയ നിരാശ. അപാരമായ ചരിത്രപഥത്തിലേക്കൊന്നും എത്തിക്കണമെന്നല്ല പറയുന്നത്. മിനിമം ആൻമരിയ എന്ന മുൻ സിനിമയോട് കാണിച്ച ആത്മാർത്ഥതയെങ്കിലും കാട്ടൂർക്കടവിനോട് സംവിധായകന് കാണിക്കാമായിരുന്നു. താങ്കളുൾപ്പെടെ ജീവിച്ചുപോയ സമീപകാലത്തിന്റെ ആത്മാശത്തെ പ്രത്യക്ഷമായെങ്കിലും അല്പം ആവിഷ്കരിക്കണമായിരുന്നു.

കാട്ടൂർക്കടവിലെ സംഭാഷണങ്ങളിൽ നിറയുന്ന വിപരീതങ്ങൾ കോമാളിത്തമുണ്ടാക്കാൻ എഴുതിയതാണെങ്കിലും പലപ്പോഴും വംശീയതയും സ്ത്രീവിരുദ്ധതയും കൊണ്ട് നിറയുന്നുണ്ടവ. മാത്രമല്ല ദൃശ്യങ്ങളിലെല്ലാം മലയാളത്തിലെ മുൻകാല സിനിമകളോട് പരക്കെ സാദൃശ്യവും കാണാം. പരുക്കേറ്റുവരുന്ന നായകനോട് എന്തുപറ്റി എന്നു ചോദിക്കുമ്പോൾ 'ഇതിൽക്കൂടുതലിനിയെന്തു പറ്റാനാ' എന്ന ജഗതിസ്റ്റൈൽ മറുപടിയും, പ്രസംഗത്തിനിടയിൽ 'ഞാനിപ്പം എന്താ പറഞ്ഞേ ' എന്ന് കഴുത്തുഞെട്ടിച്ചുള്ള ഇന്നസെന്റ് ശൈലിയുടെ മിമിക്രിയും, നായികയെ നോക്കി പാതിരാത്രി ഏണിവെച്ച് പുരയ്ക്കു മുകളിലെ ജനാലവശം പ്രത്യക്ഷപ്പെടുന്ന നടനും, ചില സന്ദർഭങ്ങളുമൊക്കെ ക്ലീഷേകളിൽ വളിക്കുന്നുണ്ട്. സിനിമയിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന എക്സോബാറിനെ ചേർത്തു നിർത്തിയൊരുക്കിയ ഫാന്റസിയാണ് ഇടയ്ക്കെങ്കിലും മടുപ്പ് മാറ്റിയത്. അതുപോലെ 'ഈന്തോല പൊട്ടിച്ചിരിക്കണ്, പനയോല നിന്ന് ചിരിക്കണ്, ദീപങ്ങൾ കത്തിജ്ജ്വലിക്കണ്' എന്ന ഗാനരംഗവും ആസ്വദിച്ചിരിക്കാം. എന്തായാലും സമീപകാലം മലയാളിയുടെ കാഴ്ചയിലും കേൾവിയിലുമുണ്ടായിക്കൊണ്ടിരിക്കുന്ന ഒരു വലിയ ലോകമുണ്ട്. ആ ലോകത്തിലേക്കോ ചരിത്രത്തിലേക്കോ തുറക്കാതെപോയ കണ്ണുകളാണ് ഈ സംവിധായകന്റെതെന്ന് തീർച്ച.

ജീവിതത്തിന്റെ പരമാവധി ഏത് കളി/കലയിലുമുണ്ടാകണമെന്നാണ്. എന്നാൽപ്പോലും അവർ ഒറ്റയ്ക്കായിപ്പോകുന്ന ലോകമാണിത്. എക്സോബാറിനെപ്പോലെ കളിക്കുമ്പോഴും ജയിക്കുമ്പോഴും അവർ ഒറ്റയ്ക്കല്ല. പക്ഷെ തോൽക്കുമ്പോൾ, തോൽക്കുമ്പോൾമാത്രം അവർ എപ്പോഴും ഒറ്റയ്ക്കാണ്.!

സിനിമയിൽ സംവിധായകനാണ് എല്ലാവരെയും കൂടെ നടത്തുന്നത്, നടത്തേണ്ടത്. അയാൾ കാണുന്നതാണ് ക്യാമറാമാൻ കാണുന്നത്. അയാൾ കേൾക്കുന്നതാണ് ചുറ്റുമുള്ളവർ കേൾക്കുന്നത്. കൂടെ പണിയെടുത്തവരെല്ലാം അങ്ങനെതന്നെ. ഇവിടെ ഒരാളുടെ നോട്ടം തെറ്റിയതുകൊണ്ടാവാം കാട്ടൂർക്കടവിൽ മറ്റൊന്നും നോക്കാനില്ലാതെപോയത്. ആർട്ട് ഡയറക്ഷൻ മുതൽ ബാക്ഗ്രൗണ്ട് സ്കോറുവരെ വിസ്മയിപ്പിക്കാത്തതിനു കാരണവും അതുതന്നെയാവാം.

സിനിമയും ഫുട്ബോളുപോലെ ഒരു കളിയാണ്. തങ്ങളുടെ മാന്ത്രിക ലോകത്തേക്ക് ഗ്യാലറികളിൽ നിന്നുള്ളവരുടെ കണ്ണെത്തിക്കലിലാണ് ആ കളിയുടെ, കലയുടെ കാതൽ. അതുണ്ടായില്ലെങ്കിൽ കാണികൾ മടങ്ങും. അതുകൊണ്ടുതന്നെ ഈ സെൽഫ്ഗോളിൽ മനംനൊന്ത് നാളെയൊരു നല്ല സിനിമയുണ്ടാക്കാൻ ഈ സംവിധായകന് കഴിയട്ടെ. അപ്പോഴുണ്ടാവുന്ന ആരവങ്ങളിൽ സാധാരണ കാണി എന്നനിലയിൽ ഞാനും പങ്കുചേരാം.


Next Story

Related Stories