TopTop
Begin typing your search above and press return to search.

സിനിമാക്കാരേ, നിങ്ങളെ മുഴുവനായി വിഴുങ്ങുകയാണ് ഈ ബാഹുബലികള്‍

സിനിമാക്കാരേ, നിങ്ങളെ മുഴുവനായി വിഴുങ്ങുകയാണ് ഈ ബാഹുബലികള്‍

കട്ടപ്പ ബാഹുബലിയെ കൊന്നോ തിന്നോ എന്നതൊന്നുമല്ല വിഷയം, മറിച്ച് ഇത്തരം ബ്രഹ്മാണ്ഡസിനിമകൾ മൊത്തം ഇന്ത്യൻ സിനിമയെ തന്നെ വിഴുങ്ങിക്കളഞ്ഞേക്കാം എന്നൊരു തിരിച്ചറിവ് മറ്റാർക്കുമില്ലെങ്കിലും, നിങ്ങൾക്കെങ്കിലും ഉണ്ടാകുന്നത് നന്നായിരിക്കും പൊന്നു സിനിമാക്കാരേ...

ഇന്ത്യയിൽ മൊത്തം ഏതാണ്ട് 6500 തീയേറ്ററിലാണ് ബാഹുബലി റിലീസായത്. അതിൽ തന്നെ മൾട്ടിപ്ലക്സ് തീയേറ്ററുകളിൽ മുഴുവനായും തന്നെ ഈ സിനിമയാണ് കളിക്കുന്നത്. ഇന്ത്യയിൽ ആകെയൂളളത് 2200-ഓളം മൾട്ടിപ്ലക്സ് തീയേറ്ററുകൾ മാത്രമാണെന്ന് ഓർക്കണം. അതായത്, ചെറുസിനിമകൾക്കൊന്നും തീയേറ്റർ കിട്ടാത്തവിധം ബാഹുബലി ഇന്ത്യ മുഴുവൻ തകർത്തോടിക്കൊണ്ടിരിക്കുന്നു. ഈ സിനിമ അടുത്ത ഒരു മാസത്തേക്കെങ്കിലും തീയേറ്ററിൽ നിൽക്കും, അല്ലെങ്കിൽ ആളും കാശുമിറക്കി അത് നിർത്താനുളള വിദ്യയും സിനിമ പിടിച്ചവർക്കറിയാം. അതോടെ ഇനി ഒരു മാസത്തേക്ക് ചെറുസിനിമകൾക്ക് തീയേറ്റർ കിട്ടിയാൽ കിട്ടി എന്നേ പറയാനാകൂ. ഇനിയിപ്പൊ, എങ്ങിനെയെങ്കിലും റിലീസ് ചെയ്താൽ തന്നെ ആളു കേറണമെങ്കിൽ വമ്പൻ പരസ്യമിറക്കണം, അല്ലെങ്കിൽ അതുപോലെ ഏതെങ്കിലും സൂപ്പർസ്റ്റാറിനെ അഭിനയിപ്പിക്കണം.

ജനത്തിനെ സംബന്ധിച്ചിടത്തോളം ആഘോഷമാണ് സിനിമ. അതിനവരെ കുറ്റം പറയാൻ പറ്റില്ല. പലവിധ മാനസികസംഘർഷങ്ങളിലും പ്രതീക്ഷയറ്റും ജീവിക്കുന്ന കോടാനുകോടി മനുഷ്യർക്ക് ചിലപ്പോഴെങ്കിലും ഒന്ന് ആർത്തു ചിരിക്കാനും ഉളളു തുറന്ന് കരയാനും തനിക്ക് എല്ലാക്കാലത്തും അപ്രാപ്യമായ പലതും മറ്റൊരാൾ ചെയ്തു കാണിക്കുന്നത് കണ്ടെങ്കിലും തൃപ്തിപ്പെടാനും ഉളള ഒരു സാധ്യതയാണ് സിനിമ. സിനിമ നിർമ്മിക്കൽ മാത്രമല്ല, സിനിമ കാണലും, സിനിമക്ക് പോകലും എല്ലാം സംഘപ്രവർത്തനമാണ്. ഒറ്റക്കിരിക്കുമ്പോഴുളള സംഘർഷങ്ങളെ കുടഞ്ഞെറിയാനാണ് ജനം കൂട്ടായി തീയേറ്ററുകളിൽ പോകുന്നത്. പ്രതീക്ഷാനിർഭരമായി കാര്യമായൊന്നും അവശേഷിച്ചിട്ടില്ലാത്ത സമൂഹത്തിൽ, സിനിമ തരുന്ന മതിവിഭ്രമങ്ങളുടെ പുറത്താണ് കുറെപ്പേർ ജീവിച്ചിരിക്കുന്നതു തന്നെ. ഈ ആൾക്കൂട്ടങ്ങളാണ് ഏതൊരു മാസ് സിനിമയുടേയും ടാർജറ്റ്.

നൂറുകണക്കിന് മനുഷ്യർ ഭരണകൂടത്തിന്റെ നടപടികൾ മൂലവും അല്ലാതെയും കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു നാട്ടിൽ, ജനിച്ചു വീഴുന്ന ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ പോഷകാഹാരവും വിദ്യാഭ്യാസവും കിട്ടാതെ ജീവിക്കേണ്ടി വരുന്ന നാട്ടിൽ, വരൾച്ച മൂലം ജനം നട്ടം തിരിയുകയും വെളളം കിട്ടാൻ കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ടി വരികയും ചെയ്യുന്ന കൊടും വേനലിൽ പോലും, ഇത്തരം വിഷയങ്ങളെയൊക്കെ അപ്രധാനമാക്കി, കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിന് എന്ന ചോദ്യം മുന്നിലേക്ക് തളളി വരുന്നുണ്ടെങ്കിൽ നമ്മുടെ മാനസികനിലക്ക് എന്തോ തകരാറുണ്ട് എന്ന് തന്നെ പറയേണ്ടിവരും. ഒന്നാലോചിച്ചാൽ, ഈ ഹിസ്റ്റീരിയ വളർത്തുന്നതിൽ ഭരണകൂടത്തിനും മാധ്യമങ്ങൾക്കും ഗൂഢമായ താത്പര്യമുളള കച്ചവടമാണ് ഇതെന്നു കൂടി മനസിലാവും.

അതുകൊണ്ടു തന്നെ സിനിമക്കാരേ, നിങ്ങളെഴുതി വയ്ക്കുന്ന അതിമനോഹരമായ സ്ക്രിപ്റ്റുകൾ ഇവിടെ ഇനി വെളിച്ചം കാണാൻ പോകുന്നില്ല. പട്ടിണിയും വൃദ്ധരും കുട്ടികളും ആദിവാസികളും ഭരണകൂടധ്വംസനങ്ങളും ഒന്നും ഇനി സിനിമകളിൽ കടന്നു വരാൻ പോകുന്നില്ല. ഇനി നടക്കാൻ പോകുന്നത് കച്ചവടം മാത്രമാണ്, കോടികൾ എറിഞ്ഞുളള കച്ചവടം. 50 കോടി എറിഞ്ഞ് 100 കോടി പിടിക്കുക, 100 എറിഞ്ഞ് 500 പിടിക്കുക, 500 എറിഞ്ഞ് 1000 പിടിക്കുക എന്ന കച്ചവടം. ഈ കച്ചവടത്തിൽ ആര് ആരെ കൂടുതൽ വിഡ്ഢികളാക്കും എന്നേ അറിയാനുളളൂ.

ഏതെങ്കിലും ആദിവാസിയുടേയോ ദളിതന്റേയോ ഭൂമി നഷ്ടപ്പെടുന്നവരുടെയോ ചിത്രങ്ങൾ നിങ്ങൾ എഴുതിവെച്ച സ്ക്രിപ്റ്റുകളിൽ ഉണ്ടെങ്കിൽ അത് മായ്ചു കളഞ്ഞേക്കുക. അഥവാ, ഇനി നിങ്ങൾ എടുത്താൽ തന്നെ ജനത്തെ കാണിക്കാമെന്ന് പ്രതീക്ഷിക്കണ്ട. ബ്രഹ്മാണ്ഡചിത്രങ്ങള്‍ തീയേറ്റർ ഒഴിഞ്ഞാൽ സൂപ്പർസ്റ്റാർ ചിത്രങ്ങൾ വരും. അതുകഴിയുമ്പോഴേക്കും വീണ്ടും ബ്രഹ്മാണ്ഡൻ വരും. എല്ലാവരും മത്സരിക്കുന്നത് നൂറു കോടി ക്ലബിലേക്കാണ്. അവിടെ എന്ത് ആദിവാസി, എന്ത് ദളിതൻ, ഏത് ഭരണകൂടം. വില്പനക്ക് സാധ്യതയുളളതേ ഇനി സിനിമയാകൂ, അത് രാജ്യസ്നേഹമെങ്കിലത്, നോട്ടു നിരോധനമെങ്കിലത്, ഇനിയിപ്പൊ ദളിതന്റെ കഥ പറഞ്ഞാലും അതൊരു സൂപ്പർസ്റ്റാർ ദളിതനായിരിക്കും.

ഇന്ത്യൻ ചെറുസിനിമകളെ, പ്രാദേശികഭാഷാ സിനിമകളെ നൂറു കോടി സിനിമകൾ തിന്നു കൊണ്ടിരിക്കുകയാണെന്ന് മറ്റാരും തിരിച്ചറിഞ്ഞില്ലെങ്കിലും സിനിമാക്കാരെങ്കിലും തിരിച്ചറിയുന്നത് നന്നായിരിക്കും. ഇത്തരം ചെറു സിനിമകളും പ്രാദേശിക സിനിമകളുമാണ് ഇന്ത്യൻ യാഥാർത്ഥ്യങ്ങളെ സത്യസന്ധമായി അഭിമുഖീകരിക്കുന്നത്. അത്തരം സിനിമകളുടെ നിലനിൽപ്പ് പൂർണമായും അസാധ്യമാക്കുന്ന തരത്തിലാണ് ബ്രഹ്മാണ്ഡസിനിമകൾ കുതിക്കുന്നത്. മറ്റാർക്കും ഓപ്ഷൻ തന്നെ നൽകാത്തവിധം ഇന്ത്യയിലെ മൊത്തം തീയേറ്ററുകൾ വിലക്കെടുക്കാൻ മാത്രം ഭീമൻമാരാണവർ. നെഗറ്റീവായ ഒരു റിവ്യൂ പോലും വരാത്ത വിധം മാധ്യമങ്ങളെയും അവർ കാശു കൊടുത്ത് വരുതിയിലാക്കിയിട്ടുണ്ട്. മുൻവർഷത്തിൽ മികച്ച ഇന്ത്യൻ സിനിമയായതു പോലെ ഇത്തവണയും അവാർഡു കമ്മിറ്റി ബാഹുബലിക്കു വേണ്ടി തന്നെ തുല്യം ചാർത്തിയേക്കാം.

ബ്രഹ്മാണ്ഡ സിനിമകൾക്ക് കയ്യടിക്കുമ്പോൾ അവസാനത്തെ രക്ഷാധികാരിയും മരിച്ചു കൊണ്ടിരിക്കുകയാണെന്നതു കൂടി മനസിലാക്കുന്നത് നന്നായിരിക്കും.

(രാംദാസ് ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories