TopTop

ചാതുര്‍വര്‍ണ്യത്തിന്റെ വിഴുപ്പുഭാണ്ഡം പേറുന്ന കൃത്രിമമായ വീരഗാഥ തന്നെയാണ് ബാഹുബലി

ചാതുര്‍വര്‍ണ്യത്തിന്റെ വിഴുപ്പുഭാണ്ഡം പേറുന്ന കൃത്രിമമായ വീരഗാഥ തന്നെയാണ് ബാഹുബലി


സിനിമ എന്ന കലയെക്കുറിച്ചു പറയുമ്പോള്‍ നാം പൊതുവെ രണ്ടുതരത്തിലാണ് വര്‍ഗീകരണം നടത്താറുള്ളത്. വാണിജ്യസിനിമ എന്നും കലാമൂല്യമുള്ളവ എന്നും. ഈ വര്‍ഗീകരണത്തെക്കുറിച്ചു തന്നെ എതിരഭിപ്രായങ്ങള്‍ ധാരാളം നിലനില്‍ക്കുന്നുണ്ടെങ്കിലും ഒരു പൊതു അഭിപ്രായരൂപീകരണം സാധ്യമായിട്ടില്ല. ബാഹുബലി-2 എന്ന സിനിമ മുന്‍പോട്ടു വയ്ക്കുന്ന ആശയങ്ങളെക്കുറിച്ചുള്ള വീക്ഷണത്തില്‍ വാണിജ്യമെന്നതും വലിയ പങ്കുവഹിക്കുന്നു. വാണിജ്യവിജയം എന്നതിനെ ഏതുവിധത്തിലുള്ള ഘടകങ്ങളാണ് സ്വാധീനിക്കുന്നത് എന്നുള്ളതാണ് ആലോചനാവിധേയമാക്കേണ്ടത്. ഇന്ത്യന്‍സിനിമയ്ക്ക് ലക്ഷ്യം വയ്ക്കാവുന്ന വലിയ വിജയങ്ങളിലൊന്നായി ഈ ചിത്രം മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

ദ്വന്ദ്വങ്ങള്‍ തമ്മിലുള്ള മത്സരമാണ് ഇന്ത്യന്‍ സിനിമകളുടെയും ഭൂരിഭാഗം ഇതര ഭാഷാ വാണിജ്യസിനിമകളുടെയും പ്രതിപാദ്യം. ധര്‍മം അധര്‍മവുമായി പടവെട്ടുന്നു. അവസാനം ധര്‍മത്തിനു ജയം സംഭവിക്കുന്നു. പക്ഷേ പ്രശ്‌നം ആരുടെ ധര്‍മത്തിന് എന്നതാണ്. ജനസാമാന്യത്തിന്റെ ധര്‍മത്തിനാണോ? അല്ല. ജനസാമാന്യത്തിന്റെ ധര്‍മം അല്ലെങ്കില്‍ സാര്‍വലൗകികതയാണ് നൈതികതയുടെ മുഖമുദ്ര എന്ന് പീറ്റര്‍ സിംഗര്‍ പോലെയുള്ള ചിന്തകര്‍ പറയുന്നത്. അതിന് ഈ സിനിമയില്‍ സ്ഥാനമുണ്ടോ? ഇതുപോലെയുള്ള ഒരു വിശകലനത്തിന് ബാഹുബലി-2 പോലെയുള്ള സിനിമയെ തിരഞ്ഞെടുത്തതില്‍ കാര്യമുണ്ട്. ഇതുപോലെയുള്ള ഒരു ചലച്ചിത്രം എടുക്കുവാന്‍ രാജമൗലിയും കൂട്ടരും എടുത്ത കഷ്ടപ്പാടിനെ അംഗീകരിച്ചുകൊണ്ടു പറയട്ടെ; നമ്മുടെ ഇന്ത്യന്‍ ജനസാമാന്യത്തെ ഭരിക്കുന്ന മൂല്യബോധങ്ങളുടെ തെളിവാണ് ഇതിനു കിട്ടുന്ന സ്വീകാര്യത. വിജയേന്ദ്ര പ്രസാദ് എന്ന സ്വന്തം പിതാവ് എഴുതിയ കഥയ്ക്ക് രാജമൗലിയുടെ തിരക്കഥയാണ് സിനിമയ്ക്ക് ആധാരം.


മഹിഷ്മതി എന്ന സാങ്കല്പികരാജ്യത്ത് നടക്കുന്ന കഥയാണ്. എന്നാല്‍ ഇതിന് ഇന്ത്യന്‍ ഇതിഹാസങ്ങളുമായുള്ള ബന്ധം അനിഷേധ്യമാണ്. ചാതുര്‍വര്‍ണ്യത്തിന്റെ വിഴുപ്പുഭാണ്ഡം പേറുന്ന കൃത്രിമമായ വീരഗാഥ തന്നെയാണ് ബാഹുബലി. ജന്മംകൊണ്ടല്ല, കര്‍മംകൊണ്ടാണ് ജാതിഭേദം ഉണ്ടാകുന്നത് എന്ന നവലോകസവര്‍ണ യുക്തിക്കൊന്നും ഇതില്‍ സ്ഥാനമില്ല. കാരണം ജന്മനാ തന്നെ ക്ഷത്രിയനായ ബാഹുബലിയെയും ജന്മനാ ക്ഷത്രിയനായാലും ഭീരുവായ കുമാരവര്‍മയെയും നമുക്ക് ഇതില്‍ കാണാം. ഭീരുവായ കുമാരവര്‍മയെ തന്റെ ജന്മസിദ്ധമായ ധീരതയെ കണ്ടെത്താന്‍ ബാഹുബലി സഹായിക്കുന്നുമുണ്ട്. എന്നാല്‍ ജന്മംകൊണ്ട് അടിമയും കര്‍മംകൊണ്ട് ക്ഷത്രിയനുമായ കട്ടപ്പയ്ക്ക് ക്ഷത്രിയനുള്ള അവകാശാധികാരം ലഭിക്കുന്നുമില്ല. എന്നാല്‍ ബാഹുബലിക്ക് കട്ടപ്പയോട് പിതൃനിര്‍വിശേഷമായ സ്‌നേഹവും ശിവകാമിദേവിക്ക് സഹോദരനിര്‍വിശേഷമായ സ്‌നേഹവും ഉണ്ടെന്നുള്ളതും കാണുവാന്‍ സാധിക്കും. മാനുഷികമായ കൊടുക്കല്‍ വാങ്ങലുകള്‍ (സാമൂഹികചലനാത്മകത) ഉച്ചനീചത്വങ്ങളെ കുറയ്ക്കുന്നു എന്നതിനുള്ള ദൃഷ്ടാന്തമാണിത്.ബാഹുബലി കൊട്ടാരത്തില്‍നിന്ന് ബഹിഷ്‌കൃതനായിവരുമ്പോള്‍ 'നമ്മുടെയിടയിലേക്ക് രാജാവു വരുന്നു' എന്ന ബോധമാണ് സാമാന്യജനതയെ നയിക്കുന്നത്. കാലങ്ങള്‍ക്കൊണ്ട് കൃത്രിമമായി സൃഷ്ടിച്ച ഈ ബോധത്തെ അഭിസംബോധന ചെയ്യേണ്ടത് ഇന്നിന്റെ ആവശ്യമാണ്.

സാമാന്യജനത്തിന്റെ മനസ്സിലുള്ള 'മാണിക്കിയന്‍' നായകസങ്കല്പങ്ങളും വീറും വാശിയും ധര്‍മവും അധര്‍മവും ഇവയെ ചുറ്റിപ്പറ്റിയുള്ള കഥാപരിസരവുമാണ് സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത്. സ്വതന്ത്രചിന്താഗതിയുള്ള സ്ത്രീകഥാപാത്രമായി ദേവസേന വരുമ്പോഴും അവര്‍ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രം ആരെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നുള്ളതും ചിന്തനീയമാണ്. വിജയേന്ദ്ര പ്രസാദ് കഥയെഴുതുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത് എന്തായാലും ഇന്ത്യന്‍ സാമൂഹികാവസ്ഥ തന്നെയാണെന്ന് കാണുവാന്‍ സാധിക്കും. സാമൂഹികാവസ്ഥയുടെ വിമര്‍ശനസ്വരങ്ങള്‍ ചിലയിടങ്ങളില്‍ ഉയരുന്നുണ്ടെങ്കിലും ആത്യന്തികമായി ചാതുര്‍വര്‍ണ്യ പ്രഘോഷണമാണ് ഈ സിനിമ നടത്തുന്നത്. സമകാലിക രാഷ്ട്രീയത്തെ മിത്തിക്കല്‍ പരിസരവുമായി ബന്ധിപ്പിച്ച് രചിച്ച ഗെയിം ഓഫ് ത്രോണ്‍സ് പരമ്പരയില്‍ കാണപ്പെടുന്ന സാമൂഹികവിമര്‍ശനത്തെ നമുക്ക് ഈ സിനിമയില്‍ കാണുവാന്‍ സാധിക്കില്ല. സിനിമയുടെ അവസാനം നായകന്‍ ആത്യന്തികമായി പറഞ്ഞുവയ്ക്കുന്നതും അതാണ്.
സ്വത്വബോധമുള്ള ഒരു ജനതയ്ക്ക്, ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു ജനതയ്ക്ക് സ്വയം തിരഞ്ഞെടുപ്പു നടത്താനോ നിലവിലുള്ള സാമൂഹികസാഹചര്യങ്ങളെ വിമര്‍ശനാത്മകമായി നോക്കാനോ സാധിപ്പിക്കുന്നതില്‍ ചിലയിടങ്ങളില്‍ ബാഹുബലി-2 ശ്രമിക്കാതിരിക്കുന്നില്ല. കട്ടപ്പയുടെ അടിമത്തം ഒരിക്കലും മാറുന്നില്ലെങ്കിലും ശിവകാമിയെ പേരെടുത്തു വിളിച്ച് സ്വന്തം നിലപാട് വ്യക്തമാക്കുന്നുണ്ട്. ആത്യന്തികമായി കാലങ്ങള്‍ കൊണ്ടു നിര്‍മിച്ചെടുത്ത കൃത്രിമാശയങ്ങളുടെ തടവറയിലാണെങ്കിലും പക്ഷേ ആ വിളിയില്‍ വ്യക്തിബന്ധത്തിന്റേതായ അംശം കൂടി നമുക്ക് ആരോപിക്കാന്‍ കഴിയും. ആദ്യഭാഗത്തിലെ നീതിയുക്തയായ ശിവകാമിദേവിയില്‍നിന്ന് പുത്രാഭീഷ്ടദായിനിയായ ശിവകാമിയിലേക്കുള്ള ഒരു ചാഞ്ചാട്ടത്തില്‍ നിന്നാണ് ബാഹുബലി-2 വികസിക്കുന്നത്.


സാമൂഹികസാഹചര്യങ്ങള്‍ എന്തുതന്നെയായാലും കുടുംബങ്ങളുടെ ഉള്ളിലെ കുടിപ്പകയും അസൂയയും വഞ്ചനയും നിമിത്തം അശരണരായ ആളുകള്‍, തിരഞ്ഞെടുപ്പിന് അധികാരമില്ലാത്തവര്‍ സഹിക്കേണ്ടിവരുന്ന ദുര്‍വിധികളും ഇതില്‍ കാണേണ്ടതുണ്ട്. ഒരടിമത്തത്തില്‍നിന്ന് മറ്റൊരടിമത്തത്തിലേക്കു മാറുക മാത്രമാണ് കട്ടപ്പയുടെ കഥാപാത്രം ചെയ്യുന്നത്. തിരഞ്ഞെടുപ്പിന് അധികാരമില്ലാത്തവര്‍ ആരുടെയെങ്കിലും രക്ഷാകര്‍തൃത്വത്തില്‍ നില്‍ക്കണമെന്നുള്ള നവലോകശാഠ്യമായി നമുക്ക് ഇതിനെ കാണുവാന്‍ സാധിക്കും. സ്വയം നിര്‍ണയത്തിനുള്ള കഴിവില്ലാഞ്ഞിട്ടല്ല, നൂറ്റാണ്ടുകളായിട്ടുള്ള അടിച്ചമര്‍ത്തലാണ് ഇതിന്റെ ഹേതു. കാളയെ മേയ്ക്കുന്നവനെയും പാറപണിക്കാരനെയും നിര്‍മാണത്തൊഴിലാളിയെയും ഒക്കെ തന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ സഫലീകരിക്കുന്നതിനുള്ള ഉപാധി മാത്രമായി നായകന്‍ കാണുന്നുണ്ട്. ദേവസേനയുടെ അഭിമാനത്തിന്റെ വിലയുടെ ഒരു ചെറിയ അംശം പോലും ഇവരുടെ കൂടെയുള്ള സ്ത്രീകള്‍ക്ക് കിട്ടാത്തത് ഈ സ്വയംനിര്‍ണയാവകാശത്തിന്റേതും സ്വത്തിന്റെയും അഭാവമാണ്. ചില വര്‍ഗസിദ്ധാന്തങ്ങളില്‍ കുടുങ്ങിയതുകൊണ്ടോ സാമ്പത്തികമായി ഉയര്‍ന്നതുകൊണ്ടോ മാറ്റാവുന്ന ഒരു അവസ്ഥയല്ല ഇത്. അതിന് ചരിത്രപരമായും സാമൂഹികപരമായും അപനിര്‍മാണത്തിന്റെ ആവശ്യകതയുണ്ട്. നമ്മുടെ ചരിത്ര-കര്‍മവിശ്വാസങ്ങളിലെല്ലാം
എക്‌സ്‌ക്ലൂസിവിറ്റിക്കാണ് പ്രാധാന്യം. ഈ രീതിയിലുള്ള ആസ്വാദനപരതയെ അപനിര്‍മാണംകൊണ്ടും പുനര്‍വായനകള്‍കൊണ്ടും നവീകരിക്കുകയും പുനര്‍നിര്‍മിക്കുകയും ചെയ്യുകയാണ് വേണ്ടത്. അല്ലാതെ പുരുഷസവര്‍ണാധിപത്യ മൂല്യങ്ങള്‍ പേറുന്ന സൃഷ്ടികളുടെ ആഘോഷമല്ല.


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories