TopTop

ബാഹുബലി കണ്ടില്ലെങ്കില്‍ നിങ്ങള്‍ യഥാര്‍ത്ഥ സിനിമാപ്രേമിയാവില്ലെന്ന ഭാരമുണ്ടോ?

ബാഹുബലി കണ്ടില്ലെങ്കില്‍ നിങ്ങള്‍ യഥാര്‍ത്ഥ സിനിമാപ്രേമിയാവില്ലെന്ന ഭാരമുണ്ടോ?
ബാഹുബലിയെ കട്ടപ്പ എന്തിനു കൊന്നു എന്ന ആശങ്ക അതിന്റെ ഔന്നത്യത്തിൽ എത്തുമ്പോൾ, പരിണാമ ഗുപ്തിയിലേക്കെത്താൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ എന്താണ് ആ സിനിമ എന്നത് സംബന്ധിച്ച ചിന്തകൾ പ്രാധാന്യമുള്ളതാണ്. ബാഹുബലിയെ തൊടുന്ന എന്തും വാർത്തയാവുന്ന, ആദ്യ ദിന ടിക്കറ്റുകൾ മുഴുവൻ എന്നേവിറ്റു തീർന്ന ഒരിടത്ത് ബാഹുബലിയുടെ സ്വാധീനം അംഗീകരിച്ചു കൊണ്ട് മാത്രമേ അതിനെ ചുറ്റിപ്പറ്റിയുള്ള ഏതെഴുത്തിനും നിലനിൽപ്പുള്ളൂ.

ബാഹുബലി എന്ന സിനിമ കലയോ കച്ചവടമോ എന്ന ചിന്തക്ക് ഇവിടെ നിലനിൽപ്പില്ല. രണ്ടായാലും ആൾക്കാർ ആ ആഘോഷത്തെ പൂർണമായും ഏറ്റെടുത്തു കഴിഞ്ഞു. അപ്പോൾ കലയ്ക്കും കച്ചവടത്തിനുമപ്പുറം അതൊരു ഉത്സവം ആണെന്ന് പറയാം. മായക്കാഴ്ചകളിൽ ഭ്രമിച്ചിരിക്കുന്ന, അതിന് കയ്യടിച്ച് സ്വയം ലഹരി നുരയുന്ന ഒരുത്സവം. അതിനോടുള്ള താത്പര്യക്കുറവ് നിങ്ങളെ ബഹിഷ്കൃതരാക്കാം. ഒരു ആൾക്കൂട്ട ആഘോഷത്തിൽ ലയിക്കാതെ മാറി നിൽക്കുന്ന അരസികർ ആക്കാം. നമ്മൾ വഴിമാറി നടന്നാൽ അപരാധമെന്നു പറയുന്ന ഒരു ജനക്കൂട്ടത്തിന്റെ ഇടയിലേക്കാണ് ബാഹുബലിയെയും വരുന്നത്. നമുക്ക് വേണമെങ്കിൽ അതിനെ 'രാജമൗലി ബ്രില്യൻസ്' എന്ന് പറയാം. ബാഹുബലി കാണുന്നവർ - കാണാത്തവർ എന്നൊരു തരംതിരിവ് അറിഞ്ഞോ അറിയാതെയോ ഇവിടത്തെ മധ്യവർത്തിയെ നയിക്കുന്നുമുണ്ട്.

സിനിമ നമുക്ക് തരുന്ന അനുഭവമെന്താണ്. അത് തികച്ചും വ്യക്തിപരമായ ഒരു ഫീൽ ആയിരുന്നു. പക്ഷെ ഈ വ്യക്തിപരമായ അനുഭവങ്ങൾ ബ്രഹ്മാണ്ഡ സിനിമകളുടെ കാഴ്ചകളെ എത്ര കണ്ടു സ്വാധീനിക്കും. നിങ്ങളുടെ താത്പര്യം നിങ്ങളെ ഒരു ആൾക്കൂട്ടത്തിനകത്തേക്കു സുരക്ഷിതരായി കടത്തി വിടും. അല്ലാത്തപക്ഷം നിങ്ങൾ വിചിത്ര യുക്തികളാൽ ഒറ്റപ്പെടും. ബാഹുബലി ആദ്യ ഭാഗം കാണാൻ താത്പര്യം തോന്നിയിലെന്നു പറഞ്ഞവരെ കൂട്ടമായി ആക്രമിക്കുന്ന കാഴ്ച സമൂഹമാധ്യമങ്ങളിൽ മുഴുവൻ കണ്ടിരുന്നു. അത്തരത്തിൽ സമൂഹ മാധ്യമത്തിലെ കൂടി പൗരർ ആയ സ്ഥിതിക്ക് ആ ഒറ്റപ്പെടൽ ഉറക്കെ തീരുമാനിച്ചവർ എന്തായാലും പരിഹാസങ്ങൾക്കും തെറി വിളികൾക്കും വിധേയരാകുന്നുണ്ട്. അവർ മാഹിഷ്മതി രാജ്യത്ത് എത്തിയ കാലകേയർ ആണ് പലരുടെയും കണ്ണിൽ. അത്തരത്തിൽ പരിഹസിക്കപ്പെടാൻ വിധിക്കപ്പെട്ടവർ.

കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു എന്ന ആശങ്കയും  ആകാംഷയും ആണോ ബാഹുബലിയുടെ രണ്ടാം പതിപ്പിനെ ഇത്രയും വലിയ ഒരു സംഭവമാക്കിയത്? തികച്ചും സിനിമാറ്റിക് ആയ ആ ആകാംഷക്ക് മുകളിൽ നിൽക്കുന്ന നിരവധി കാര്യങ്ങൾ ഉണ്ട്. വൈകാരികമായോ യുക്തിപരമായോ നമ്മുടെ ഉള്ളിൽ തൊടുന്ന സിനിമാറ്റിക് അനുഭവം അല്ല, കുറഞ്ഞ പക്ഷം അതു മാത്രമല്ല  ബാഹുബലി. കോടിക്കണക്കുകൾ കൊണ്ടും കെട്ടിയുണ്ടാക്കിയ വമ്പൻ കാഴ്ചകൾ കൊണ്ടും ആണ് അത് ചരിത്രമായത്. സിനിമകൾ, പ്രാദേശിക സിനിമകൾ പോലും കൊടിക്കണക്കുകളുടെ വലിപ്പത്തിൽ അഭിരമിക്കുന്ന കാലത്ത് നമ്മുടെ അഭിമാനം നമ്മുടെ നാട്ടിലെ നിർമാതാക്കൾക്ക് ചെലവാക്കാൻ പറ്റുന്ന കോടികൾ തന്നെയാണ്. ആ അഭിമാനം എന്തിന്റെ നിർമിതിയാണ് എന്നൊക്കെയുള്ള ചർച്ചകൾക്ക് അവിടെ ഇടമില്ല. എന്തിന്റെ ആയാലും സിനിമ ഉണ്ടാക്കുന്ന തികച്ചും വ്യക്തിപരമായ അനുഭവങ്ങളെ ഒക്കെ പണക്കിലുക്കം കൊണ്ട് നമ്മൾ ഏറ്റെടുക്കണം എന്ന് സ്വയം കരുതുന്ന ആ അഭിമാനത്തിൽ മുങ്ങിപ്പോയി. കോടി ക്ലബ്ബുകൾ കൊണ്ട് പകരം വീട്ടി നമ്മൾ ഇന്ത്യക്കാർ വിദേശികൾക്കും ദക്ഷിണേന്ത്യക്കാർ ബോളിവുഡിനും കാണിച്ചു കൊടുക്കുകയാണ്. ഇതിൽ ഭാഗമാകാത്തവർ അത്തരത്തിൽ ദ്രോഹം ചെയ്തവരാണ്.ക്രാഫ്റ്റ് ആണോ കോടികൾ മുടക്കിയ സെറ്റുകൾ? സിനിമ എന്നത് ആർട്ടും ക്രാഫ്റ്റുമൊക്കെ ആണ് എന്നാണ് പറച്ചിൽ. വലിയ വീട്ടിലെ കല്യാണ ഘോഷം കണ്ട് കണ്ണ് തള്ളിപ്പോയവരായി നമ്മൾ തീയറ്ററിൽ ഇരിക്കുന്നു. ആ ഇരിപ്പ് ഉണ്ടാക്കുന്ന അനുഭവത്തെ ക്രാഫ്റ്റ് എന്ന് വിളിക്കാമോ. നിങ്ങൾ വിളിച്ചാലും ഇല്ലെങ്കിലും അതാണ് ബാഹുബലിയുടെ ക്രാഫ്റ്റ്. അമരേന്ദ്ര ബാഹുബലി പറന്നക്കരെ എത്തുമ്പോൾ പൂമ്പാറ്റ ചിറകുമായി കാത്തിരുന്നവൾ പ്രണയമായിരുന്നു, അതോ ഗ്രാഫിക്കൽ അത്ഭുതമോ. അതിനൊന്നും പ്രസക്തി ഇല്ല. ലാഭമുള്ള കഠിനാധ്വാനങ്ങൾ, അതിന്റെ നിറം പിടിപ്പിച്ച കഥകൾ ഒക്കെ ഉണ്ടെങ്കിൽ നിങ്ങൾ അതിനെ പുകഴ്ത്തി പറയണം എന്നത് മാറുന്ന സിനിമാ യുക്തിയുടെ മറ്റൊരു രീതിയാണ്. ഇല്ലെങ്കിൽ മേൽസൂചിപ്പിച്ച ഒറ്റപ്പെടലിന്റെ കഠിന വഴികൾ കൂടിയാവും യാത്ര. ബാഹുബലി കണ്ടില്ലെങ്കിൽ നിങ്ങൾ യഥാർത്ഥ സിനിമാ പ്രേമി ആവില്ല എന്നൊരു ഭാരത്തെ താങ്ങാൻ വയ്യാത്തവർ കൂടിയല്ലേ ടിക്കറ്റ് എടുത്തവരിൽ ചിലരെങ്കിലും.

വലിയ കൊട്ടാരങ്ങളും തിളങ്ങുന്ന ഉടുപ്പുകളുമിട്ട് ബാഹുബലി എന്തായാലും നാളെ എത്തും. കട്ടപ്പ പറയും എന്തിനാണ് അയാൾ ബാഹുബലിയെ കൊന്നതെന്ന്. കട്ടപ്പയുടെ ഓർമകളിൽ ഇപ്പോൾ നിങ്ങൾ കണ്ടു നിർത്തിയതിനേക്കാൾ സമൃദ്ധമായ, സമ്പന്നമായ മാഹിഷ്മതിയുണ്ടാവും, അവിടെ അവന്തികയേക്കാൾ സുന്ദരിയായി ദേവസേന നിങ്ങളെ പ്രലോഭിപ്പിക്കാനെത്തും. അതിനു കാത്തിരിക്കാം, ഇല്ലെങ്കിൽ നിശ്ശബ്ദരായി ഈ ഉത്സവം ദൂരെ നിന്ന് നോക്കി നിൽക്കാം. അല്ലെങ്കിൽ എതിർത്ത് ആക്രമിക്കപ്പെടാം. അത്ര മേൽ ആൾക്കൂട്ടം അതേറ്റെടുത്തു കഴിഞ്ഞു.


Next Story

Related Stories