TopTop

ഹാരി മെറ്റ് സെജല്‍: സൂപ്പര്‍സ്റ്റാര്‍ മലയാളത്തിലായാലും ഷാരൂഖ്‌ ഖാനായാലും വ്യത്യാസമില്ല; സംവിധാനം ഇംതിയാസ് അലിയാണെങ്കിലും

ഹാരി മെറ്റ് സെജല്‍: സൂപ്പര്‍സ്റ്റാര്‍ മലയാളത്തിലായാലും ഷാരൂഖ്‌ ഖാനായാലും വ്യത്യാസമില്ല; സംവിധാനം ഇംതിയാസ് അലിയാണെങ്കിലും
ഇംതിയാസ് അലി- ഷാരൂഖ് ഖാന്‍ ആരാധകര്‍ തികച്ചും വ്യത്യസ്തമായ രണ്ടു സിനിമാ ധാരകളെ സ്വീകരിക്കുന്നവരാണ്. ഈ വൈരുധ്യത്തെ തികച്ചും വിചിത്രമായ രീതിയില്‍ ഒന്നിപ്പിക്കുക എന്ന തീര്‍ത്തും ശ്രമകരും കൗതുകകരവുമായ ദൗത്യമാണ് 'ജബ് ഹാരി മെറ്റ് സെജല്‍'. തിരക്കഥയിലേയും ടൈറ്റിലിലേയും നിരവധി മാറ്റങ്ങള്‍ക്ക് ശേഷമാണ് സിനിമ റിലീസായത്. പ്രശസ്ത ഹോളിവുഡ് സിനിമ 'വെന്‍ ഹാരി മെറ്റ് സാലി'യുമായുള്ള ടൈറ്റിലിലെ സാമ്യവും ഷാരൂഖ് ഖാനും അനുഷ്‌കയും മാത്രമുള്ള വ്യത്യസ്തമായ ട്രെയിലറും ഒക്കെ ചര്‍ച്ചയായിരുന്നു. ഷാരൂഖ് ഖാന്റെ മുന്‍ സിനിമകളുടെ പരാജയത്തിന്റെ കൂടി ഭാരം പേറിയാണ് ഹാരി മെറ്റ് സെജല്‍ തീയേറ്ററിലെത്തിയത്.

പ്രണയം പ്രധാന വിഷയമായ ഒരു റോഡ് മൂവിയാണ് ജബ് ഹാരി മെറ്റ് സെജല്‍. സെജല്‍ (അനുഷ്‌ക) ഒരു തനി ഇന്ത്യന്‍ പെണ്‍കുട്ടിയാണ്. വക്കീലായ ഇവരുടെ വിവാഹമോതിരം (engagement ring) യൂറോപ്പില്‍ വച്ചു നഷ്ടപ്പെടുന്നു. അവര്‍ക്കും ഭാവി വരനും ഇത് വലിയ ആഘാതമാകുന്നു. വിവാഹത്തിനു മാസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ വീട്ടില്‍ നിന്നും പ്രതിശ്രുത വരനില്‍ നിന്നുമുള്ള വൈകാരിക സമ്മര്‍ദ്ദം താങ്ങാന്‍ പറ്റാതെ അവള്‍ വിവാഹമോതിരം അന്വേഷിച്ച് യൂറോപ്പിലെത്തുന്നു.

ഇവിടെ അവരെ സഹായിക്കാനെത്തുന്നത് ട്രാവല്‍ ഏജന്റായ ഹാരി (ഷാരൂഖ്) ആണ്. ഹാരിയും സെജലും ചേര്‍ന്ന് അവളുടെ വ്യക്തവും അവ്യക്തവുമായ ഓര്‍മകളുടെ മാത്രം സഹായത്തോടെ വിവാഹമോതിരം തേടി അലയുന്നു. വൈകാരികമായി മാത്രം കാര്യങ്ങള്‍ കാണുന്ന സെജലും പ്രായോഗികമായി മാത്രം കാര്യങ്ങള്‍ കാണുന്ന ഹാരിയും പരസ്പരം അലോസരപ്പെടുത്തിക്കൊണ്ടേ ഇരുന്നു. പിന്നീട് അവര്‍ക്കിടയില്‍ വളരെ തീവ്രമായ ഒരു വൈകാരിക ബന്ധമുണ്ടാകുന്നു. ഒരുപാട് സംഘര്‍ഷങ്ങളിലൂടെ ഹാരിയും സെജലും എങ്ങനെ ഈ ഇഴയടുപ്പത്തെ മുന്നോട്ടു കൊണ്ടു പോകുന്നു എന്നതാണ് സിനിമ.

ഇംതിയാസ് അലി സിനിമകളൊക്കെ, അല്ലെങ്കില്‍ അവയില്‍ മിക്കവാറും എണ്ണം ഏറിയും കുറഞ്ഞും പ്രണയം നിറച്ച റോഡ് മൂവികള്‍ കൂടിയാണ്. അപരിചിതരും തീര്‍ത്തും വിഭിന്ന സ്വഭാവക്കാരായ സ്ത്രീ പുരുഷന്മാരുടെ തീര്‍ത്തും അപരിചിതമായ ഇടങ്ങളിലൂടെയുള്ള യാത്ര ഹൈവേയിലും ജബ് വീ മെറ്റിലും എല്ലാമുണ്ട്. 'തമാശ'യില്‍ വളരെ മനോഹരമായ ഒരു യാത്രയുടെ മറുപുറത്താണ് രണ്ടു പേര്‍ അന്തരങ്ങളെ അറിയുന്നത്. സിനിമ തീരുമ്പോള്‍ ജ്യോഗ്രഫിക്കല്‍ സ്‌പേസ് മാത്രം അപരിചിതമാവുകയും അവര്‍ തീവ്രമായി പരസ്പരം സ്‌നേഹിക്കുകയും ചെയ്യുന്നു. സ്വപ്നം, സ്വാതന്ത്ര്യം, അതിരുകള്‍, അസ്തിത്വം ഒക്കെയാണ് അദ്ദേഹത്തിന്റെ പ്രിയ വിഷയങ്ങള്‍.

ജബ് ഹാരി മെറ്റ് സെജലിലും അതാണ് പ്രധാന വിഷയം. പക്ഷേ മറ്റു സിനിമകളില്‍ ഇല്ലാത്ത ഒരു അനിശ്ചിതത്വവും ജഡത്വവും ഇംതിയാസ് അലിയെ ബാധിച്ചതു പോലെയാണ് ഈ സിനിമ അവസാനിക്കുന്നത്.

നിര്‍വചനങ്ങളെ മറികടന്ന അല്ലെങ്കില്‍ കടക്കാന്‍ ശ്രമിക്കുന്ന സ്ത്രീ, പുരുഷ ബന്ധങ്ങളാണ് ഇംതിയാസ് അലി സിനിമകളെ വ്യത്യസ്തമാക്കിയിരുന്നത്. പോപ്പുലര്‍ ബോളിവുഡ് സിനിമകള്‍ പറഞ്ഞു വച്ച വ്യവസ്ഥാപിത പ്രണയ, വിവാഹ കഥകളെ അത് പൊളിച്ചെഴുതിയിരുന്നു. ക്രാഫ്റ്റിന് ഒപ്പം ബോളിവുഡില്‍ ആ സിനിമകള്‍ ചര്‍ച്ച ചെയ്യപ്പെട്ടത് വൈകാരികതകളെ സ്വതന്ത്രമായി വിടുന്ന അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ കൂടിയാണ്. ആ അനുഭവത്തില്‍ നിന്നു വിഭിന്നമായി 'പ്യാര്‍, ശാദി ലൈനി'ല്‍ ഒരു ടിപ്പിക്കല്‍ ബോളിവുഡ് ഷാരൂഖ് ഖാന്‍ പടമാണ് ജബ് ഹാരി മെറ്റ് സെജല്‍. പരസ്പരം സ്‌നേഹത്തോടെ ഒന്നു കൈപിടിക്കാന്‍ ഇവര്‍ ഭയക്കുന്നു. ഇത് കഥാപാത്രങ്ങളുടെ ഡീറ്റെയിലിംഗിന് അപ്പുറം സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാനു വേണ്ടിയുള്ള വിട്ടുവീഴ്ചയായി അനുഭവപ്പെട്ടു. 2017-ലെ DDLJ-യിലെ രാജും സിമ്രാനുമായി ഹാരിയും സെജലും മിക്കവാറും ഇടങ്ങളില്‍ മാറി. പൂര്‍ണതയുള്ള ഒരു ക്രാഫ്റ്റിന്റെ മികവോ അല്ലെങ്കില്‍ ഇതുവരെയുള്ള കാഴ്ചശീലങ്ങളനുസരിച്ചുള്ള ഇംതിയാസ് അലി സിനിമയായി ജബ് ഹാരി മെറ്റ് സെജല്‍ അനുഭവപ്പെട്ടില്ല.'തമാശ'യില്‍ ഉള്ളത്ര പ്രത്യക്ഷത്തിലല്ലെങ്കില്‍ പോലും നാടക-തീയേറ്ററിന്റെ സാധ്യതകള്‍ ഇംതിയാസ് അലി ഈ സിനിമയിലും ഉപയോഗിച്ചിട്ടുണ്ട്. അവിടെ മാത്രമാണ് ക്രാഫ്റ്റില്‍ ഒരു ഇംതിയാസ് അലി ടച്ച് തോന്നിയത്. അബ്‌സേഡ് തീയേറ്റര്‍ സാധ്യത എവിടെയൊക്കെയോ സിനിമയിലുണ്ട്. മോതിരം കളഞ്ഞു പോകുന്നതും തിരികെ കിട്ടുന്നതുമൊക്കെ ആ സാധ്യത ഉപയോഗിച്ചെടുത്തതാണ്. പക്ഷേ, വിട്ടുവീഴ്ചകളില്‍ ഇത്തരം സാധ്യതകള്‍ പാതിവഴിക്ക് എവിടെയോ ഇല്ലാതാവുന്നു. ക്യാമറ, എഡിറ്റിംഗ് ഒക്കെ സിനിമയ്‌ക്കൊപ്പം ഇഴഞ്ഞ് വരുന്നു.

ഇംതിയാസ് അലിയും ഷാരൂഖ് ഖാനും ചേര്‍ന്നപ്പോള്‍ രണ്ടു പേരേയും ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക് ഇത്തവണ നിരാശ മാത്രമാണ് അനുഭവിക്കാനാവുക എന്നാണ് സിനിമയുടെ ഇനീഷ്യല്‍ കളക്ഷന്‍ സൂചിപ്പിക്കുന്നത്. സിനിമയും കഥയും ക്രാഫ്റ്റും അനുഷ്‌കയും ഷാരൂഖും മോതിരം തിരഞ്ഞ് യൂറോപ്പില്‍ അലയുമ്പോള്‍ പ്രേക്ഷകര്‍ രണ്ടര മണിക്കൂര്‍ തീയേറ്ററില്‍ കഠിനമായ അസ്തിത്വ ദു:ഖത്തിലവുകയല്ലാതെ മറ്റൊന്നിനും സാധ്യതയില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories