Top

സഞ്ജു: തിരശീലയില്‍ നിന്ന് താരം ജീവിതത്തിലേക്കിറങ്ങുമ്പോള്‍

സഞ്ജു: തിരശീലയില്‍ നിന്ന് താരം ജീവിതത്തിലേക്കിറങ്ങുമ്പോള്‍
ബോളിവുഡിന്റെ വിവാദനായകൻ സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന സിനിമ ‘സഞ്ജു’ റിലീസിങിനും മുൻപേ തന്നെ രൺബീർ കപൂറിന്റെ ഞെട്ടിക്കുന്ന പ്രകടനം നിറഞ്ഞ ട്രെയിലറിലൂടെ ആകർഷകമായ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്ന ഒന്നായിരുന്നു.  ശരീരഭാഷയിലൂടെയും ഗംഭീര മേക്ക്ഓവറിലൂടെയും ചിത്രത്തിലൂടെ രൺബീർ നടത്തിയത് സഞ്ജയ് ദത്തിലേക്കുള്ള ഒരു വലിയ രൂപമാറ്റമായിരുന്നു.

ത്രീ ഇഡിയറ്റ്സ്, പികെ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം രാജ്കുമാർ ഹിരാനി ഒരുക്കുന്നഈ ചിത്രം ഇപ്പോൾ റിലീസിങിനു ശേഷം സംവിധായകന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒരെണ്ണമെന്ന നിലയിൽ കൂടിയാണ് അറിയപ്പെടുന്നത്. സഞ്ജയ് ദത്തിന്റെ ആദ്യ ചിത്രമായ റോക്കി മുതല്‍ ഖൽനായക്, മുന്നാ ഭായ് എം ബി ബി എസ് തുടങ്ങി അഭിനയജീവിതത്തിലെ വ്യത്യസ്ത വേഷങ്ങൾ രണ്ബീറിലൂടെ ഓര്‍മിപ്പിക്കുമ്പോൾ തന്നെ സിനിമയിൽ ആറു വ്യത്യസ്ത വേഷങ്ങളിലെ പകർന്നാട്ടങ്ങളാണ് രണ്‍ബീര്‍ നടത്തുന്നത്.

ചിത്രം പറഞ്ഞു തുടങ്ങുന്നത് 2013-ൽ സഞ്ജയ്‌ ദത്തിനെ കോടതി അഞ്ചു വർഷത്തേക്ക് ജയിൽ ശിക്ഷ വിധിക്കുന്നയിടത്തു നിന്നുമാണ്. അതിനു ഹേതുവെന്നു പറയപ്പെടുന്നത് ബോംബെ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അനധികൃതമായി ആയുധം കൈവശം വച്ചു എന്ന 1993-ലെ കേസാണ്. ജയിലിലേക്ക് പോകാൻ കോടതി അനുവദിച്ച ഒരുമാസത്തെ കാലയളവിൽ തന്റെ പക്ഷത്തു നിന്നുള്ള യാഥാർഥ്യങ്ങൾ ലോകത്തോട്‌ പറയണമെന്ന അഭിലാഷത്തിൽ തന്റെ കഥ സത്യസന്ധമായി എഴുതുവാൻ പ്രാപ്തയായ ഒരാളെ സഞ്ജു അന്വേഷിക്കുന്നു. ഒടുവിൽ അതിനായി സഞ്ജു സമീപിക്കുന്നത് പ്രശസ്ത എഴുത്തുകാരിയായ വിന്നിയെ ആണ്. എന്നാൽ തുടക്കത്തിൽ ആ ആവശ്യം വിന്നി നിരസിക്കുന്നുവെങ്കിലും പിന്നീട് കഥ കേൾക്കാനായി വിന്നി സഞ്ജയുടെ നിര്‍ബന്ധപ്രകാരം ഒരു മണിക്കൂർ മാറ്റി വെക്കുന്നു. അവിടെ നിന്നുമാണ് ചിത്രം പിന്നീട് ഫ്ലാഷ് ബാക്കിലേക്ക് പോകുന്നത്.

സഞ്ജയ് ദത്തിനെ അമ്മ വിളിച്ചിരുന്ന പേരായ സഞ്ജു തന്നെയാണ് ചിത്രത്തിനും നൽകിയിരിക്കുന്നത്. വൈകരികമായി ഏറെ അടുപ്പം കാത്തുസൂക്ഷിച്ചിരുന്ന സഞ്ജുവിന്റെ അമ്മ നർഗീസ്, പാൻക്രിയാസ് ക്യാൻസർ ബാധിച്ചു മരിക്കുന്നത് സഞ്ജയ് നായകനായി അരങ്ങേറിയ റോക്കി റിലീസ് ആകുന്നതിനു മൂന്നു ദിവസം മുൻപാണ്. ഈ റോക്കിയുടെ ചിത്രീകരണം തൊട്ടുള്ള താരത്തിന്റെ ജീവിതത്തിലൂടെ തന്നെയാണ് കഥ പോകുന്നതും.

ബോളിവുഡിലെ സൂപ്പർ താരങ്ങളായ സുനിൽ ദത്തിന്റെയും നർഗീസ് ദത്തിന്റെയും മകനായ സഞ്ജയ് 1981ൽ സുനിൽ ദത്ത് തന്നെ സംവിധാനം ചെയ്ത റോക്കിയിലൂടെയാണ് സിനിമയിലെത്തുന്നത്. ബോക്‌സ് ഓഫിസ് ഹിറ്റായ ആ പടം സഞ്ജയ് ദത്തിനെ ഹിറ്റ് നായകനാക്കുന്നു. അമ്മയുടെ മരണമുന്ടാക്കിയ മാനസികാഘാതത്തിനു ശേഷം പ്രണയിനി റൂബിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിക്കുക കൂടി ചെയ്തതോടെ സഞ്ജു എത്തിച്ചേരുന്നത് ലഹരിയിലേക്കാണ്.

ഇതേ കാലയളവിൽ തന്നെയാണ് സഞ്ജുവിന് കമലേഷുമായുള്ള സൗഹൃദവും ലഭിക്കുന്നത്. ലഹരി ഉപയോഗത്തെ മറികടന്ന് ജീവിതത്തിലേക്കുള്ള സഞ്ജുവിന്റെ മടങ്ങിവരവാണ് ആദ്യ പകുതിയിലൂടെ സംവിധായകൻ പറയാൻ ശ്രമിച്ചതെങ്കിൽ ലഹരിയിൽ നിന്ന് മുക്തി നേടിയ സഞ്ജുവിന്റെ ജീവിതത്തിലെ വൻ പ്രതിസന്ധികളാണ് രണ്ടാം പകുതിയില്‍ സംവിധായകൻ പറഞ്ഞിട്ടുള്ളത്.

ആദ്യ പകുതിയിൽ നിന്നും വ്യത്യസ്തമായി രണ്ടാം പകുതിയിൽ സഞ്ജുവിന്റെ ജീവിതത്തിലെ സംഭവം രണ്ട് തരത്തിൽ, രണ്ട് പേരുടെ വീക്ഷണ കോണിലൂടെയാണ് പറയുന്നത്. കമലേഷ് വിന്നിയോട് പറയുന്ന കഥയാണ് ഒന്നെങ്കിൽ മറ്റേത് സഞ്ജയ് യേർവാദ ജയിലിലെ എഫ് എം സ്റ്റേഷനിലൂടെ പറയുന്ന കാര്യങ്ങളാണ്.

മയക്കുമരുന്നിന് അടിമയായതും ജയിലിൽ പൊലീസുകാർക്കു മുന്നിൽ നഗ്നനായതും അങ്ങനെ സഞ്ജയ് ദത്തിന്റെ ജീവിതത്തിലുണ്ടായ അനുഭവങ്ങളെല്ലാം സിനിമയിൽ പുന:രവതരിപ്പിക്കുമ്പോൾ തന്നെ മകനായും സുഹൃത്തായും കാമുകനായുമൊക്കെ സഞ്ജയ് ദത്തിനെ രൺബീർ അതിമനോഹരമായി അവതരിപ്പിക്കുന്നു; എന്നാല്‍ കാഴ്ചക്കാരെ സംബന്ധിച്ചിടത്തോളം ചിത്രത്തിൽ രണ്‍ബീറിന്റെ സാന്നിധ്യം എവിടെയും അനുഭവപ്പെട്ടില്ല. പകരം ചിത്രത്തിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്നത് സഞ്ജയ് ദത്താണ്. അഭിനന്ദനാര്‍ഹമായ അഭിനയത്തികവോടെ രണ്‍ബീര്‍ കപൂർ സഞ്ജയ് ദത്തിനെ അഭ്രപാളിയിൽ അവതരിപ്പിച്ചു.

ലഹരിക്കടിമപ്പെട്ട നായകന്റെ ജീവിതവും മുംബൈ ബോംബ് സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസും നിറഞ്ഞ നായകന്റെ സംഭവ ബഹുലമായ ജീവിതം പറയുന്നത് അച്ഛനും അമ്മയും മകനും തമ്മിലുള്ള വേര്‍പിരിയാനാകാത്ത ബന്ധത്തിന്റെ തീവ്രതയിലൂടെയും, നടന്റെ ജീവിതത്തിലെ തമാശയും ഹൃദയസ്പർശിയായ അനുഭവങ്ങൾ ചേർത്ത് ഗൗരവം ഒട്ടും ചോർന്നു പോകാത്ത വിധത്തിലൊക്കെ തന്നെയാണ്. വെള്ളിത്തിരയിൽ പ്രേക്ഷകർ കണ്ട നായകനെ മാത്രമല്ല വെള്ളിത്തിരയ്ക്ക് അപ്പുറത്തെ പച്ചയായ മനുഷ്യനെ കുറിച്ചു കൂടിയാണ് സഞ്ജു പറയുന്നത്.

ഏറെക്കാലം യു.എസിലെ ലഹരി മുക്ത കേന്ദ്രത്തിൽ കഴിഞ്ഞ സഞ്ജുവിനെ സിനിമയിലേക്ക് തിരികെ കൊണ്ടുവരുന്നത് അമ്മയെ കുറിച്ചുള്ള ഓര്‍മകളാണ്. തിരിച്ചു വരവിൽ ചെയ്ത നാം, കൽനായക്, സഡക്ക് തുടങ്ങിയ ചിത്രങ്ങൾ വലിയ ഹിറ്റുമായിരുന്നു. എന്നാൽ 1993ലെ മുംബൈ സ്ഫോടന കേസിൽ അറസ്റ്റ് ചെയപ്പെട്ടതോടെ സഞ്ജയുടെ ജീവിതം വീണ്ടും മാറി. കേസിലെ പ്രതികളായ അബു സലീമിന്റെയും, റിയാസ് സിദ്ധീഖിന്റെയും കൈയിൽ നിന്ന് ആയുധങ്ങൾ കൈപ്പറ്റി എന്നതായിരുന്നു ദത്തിനെ അറസ്റ്റ് ചെയ്യാനുള്ള കാരണം.അനധികൃതമായി ആയുധം കൈവശം വെച്ചതിന്റെ പേരിൽ ടാഡ കോടതി സഞ്ജയ്ക്കെതിരെ കടുത്ത ശിക്ഷ വിധിച്ചു. ഹീറോയായി പ്രേക്ഷകർ മനസിൽ കൊണ്ട് നടന്ന സഞ്ജയ്ക്ക് ഭീകരവാദി പരിവേഷം വന്നതോടെ മുൻപിലെ സകല വാതിലുകളും കൊട്ടിയടക്കപ്പെട്ട സഞ്ജയ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്ക് വീഴുകയായിരുന്നു. ഈ നായകനെയാണ് സിനിമ നമുക്ക് പരിചയപ്പെടുത്തുന്നതും.

Also Read: ലഹരി അടിമ, പെണ്ണുപിടിയന്‍, താരം, തീവ്രവാദി…; സഞ്ജുവിന്റെ ജീവിതം ഒരു സിനിമയാണ്


ചിത്രത്തിൽ സുനിൽ ദത്തായി പരേഷ് റാവലും നർഗീസായി മനീഷ കൊയ്‌രാളയും എത്തുമ്പോൾ വിന്നിയായി അനുഷ്‌കാ ശർമ്മയും കാമുകിയായി സോനം കപൂറും ഭാര്യ മാന്യതയായി ദിയ മിർസയും എത്തുന്നു. എന്നാൽ സഞ്ജയ്‌ ദത്തിന്റെ സംഭവബഹുലമായ ജീവിതം സംവിധായകൻ പറയുമ്പോൾ തന്നെ മൂന്ന് വിവാഹം കഴിച്ച സഞ്ജയ് ദത്തിന്റെ ആദ്യ രണ്ട് ഭാര്യമാരെപ്പറ്റിയും ചിത്രത്തിൽ സംവിധായകൻ പരാമർശിക്കുന്നില്ല, അഭിനയ കാലത്തെ സഞ്ജയ് ദത്തിന്റെ സഹപ്രവർത്തകരെ കഥയിൽ ഉൾപ്പെടുത്തുന്നില്ല തുടങ്ങിയ കുറവുകളും ചിത്രത്തിന് സംഭവിച്ചിട്ടുണ്ട്. ചിത്രത്തിലെ ഗാനം മികച്ചു നിൽക്കുമ്പോൾ തന്നെ വിന്ദർ സിങ്-ശ്രേയാ ഘോഷാൽ എന്നിവർ ചേർന്ന് പാടിയ കർ ഹർ മൈദാൻ ഫത്തേ എന്ന ഗാനം ഏറെ ജനപ്രീതി നേടികഴിഞ്ഞിരിക്കുന്നു.

രണ്ടേമുക്കാൽ മണിക്കൂറു കൊണ്ട് പറയുന്ന കഥ പക്ഷപാതത്തോടെ സഞ്ജയ്‌ ദത്തിനെ ഗ്ലോറിഫൈ ചെയുന്ന ബയോ പിക്കോ, സഞ്ജയ് ദത്ത് എന്ന അമനുഷികനെയോ അല്ല നമുക്ക് പരിചയപ്പെടുത്തി തരുന്നത്. മറിച്ച് സാധാരണക്കാരന്റെ പരിമിതികൾ എല്ലാമുള്ള ഒരു മനുഷ്യനെയാണ്. രവി വർമ്മന്റെ ക്യാമറാ കാഴ്ചകൾ മികവുറ്റു തന്നെ നിൽക്കുന്നു. ചിത്രം തീർച്ചയായും ഈ അടുത്ത കാലത്തിറങ്ങിയ മികച്ച ചിത്രങ്ങളിൽ ഇതിനോടകം തന്നെ ഇടം പിടിച്ചു കഴിഞ്ഞിരിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories