TopTop
Begin typing your search above and press return to search.

സിമ്രാന്‍: സിനിമയ്ക്കകത്തും പുറത്തും 'കെട്ടവള്‍' ഉണ്ടാക്കുന്ന പൊട്ടിത്തെറികള്‍

സിമ്രാന്‍: സിനിമയ്ക്കകത്തും പുറത്തും കെട്ടവള്‍ ഉണ്ടാക്കുന്ന പൊട്ടിത്തെറികള്‍

ലൈംഗിക ബന്ധത്തിനിടെ കങ്കണ റണൗത്ത് എന്തിനാണ് മുരളുന്ന ശബ്ധമുണ്ടാക്കിയത് എന്ന സെൻസർ ബോർഡിന്റെ ചോദ്യമായിരുന്നു 'സിമ്രാനെ' ആദ്യം വാര്‍ത്തകളില്‍ നിറച്ചത്. എന്തിനാണ് കഥാപാത്രങ്ങൾ അത്തരം ശബ്ദങ്ങളുണ്ടാക്കുന്നത് എന്നായിരുന്നു സെൻസർ ബോർഡ് ചെയർമാൻ പ്രസൂൺ ജോഷിയുടെ സംശയം. ഫൈറ്റ് നടക്കുന്ന രംഗങ്ങളിലെ ശബ്ദം കുറയ്ക്കുക എന്ന വിചിത്രമായ നിർദ്ദേശവും ഈ സിനിമക്കു ലഭിച്ചു. പത്തു കട്ടുകൾ നിർദ്ദേശിച്ച് സിനിമയിലെ ആവിഷ്കാര സ്വാതന്ത്ര്യമെന്ന വിഷയത്തെ വീണ്ടും ലൈംലൈറ്റിലെത്തിക്കുന്നുണ്ട് സിമ്രാൻ. എന്തായാലും ഇതൊക്കെ കഴിഞ്ഞ് പുറത്തിറങ്ങിയ ഹൻസൽ മെഹ്ത - കങ്കണ റണൗത്ത് കൂട്ടുകെറ്റിന്റെ സിമ്രാൻ ട്രെയിലറിലെ പുതുമ കൊണ്ട് തന്നെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അങ്ങനെ കങ്കണ ഒറ്റയ്ക്കു നയിക്കുന്ന സിനിമകൾക്ക് പൊതുവെ കിട്ടാറുള്ള പ്രതീക്ഷകളുടെ അമിത ഭാരം പേറി സിമ്രാൻ തീയേറ്ററിലെത്തി. ലോകമൊട്ടുക്ക് പ്രേക്ഷകരുള്ള സിമ്രാന് പക്ഷെ കേരളത്തിൽ തീയേറ്ററുകൾ കുറവാണ്

സന്ദീപ് കൗർ എന്ന ബാങ്ക് റോബറുടെ ജീവിതകഥയാണ് സിമ്രാൻ. സിമ്രാൻ എന്നത് 'പ്രഫുൽ' പൊതുവിടങ്ങളിൽ സ്വന്തം ഐഡന്റിറ്റി മറക്കാൻ നൽകുന്ന പേരാണ്. ബോളിവുഡിൽ ഏറ്റവും വിജയിച്ച പ്രണയ കഥയിലെ നായികയുടെ പേരാണ് സിമ്രാൻ . ദിൽ വാലെ ദുൽഹനിയാ ലേ ജായേംഗേയുടെ ദശാബ്ദങ്ങൾ നീണ്ട വിജയഗാഥ ഇവിടെ വലിയൊരു വാർത്തയാണ്. കുടുംബ പ്രേക്ഷകരാണ് ആ സിനിമയെ ഏറ്റെടുത്തു വിജയിപ്പിച്ചത്. ആ സിനിമയിലെ വില്ലൻ നായികയുടെ പ്രണയം തിരിച്ചറിയാത്ത അവളുടെ അച്ഛനാണ്. അതില്‍ നായികയുടെ അച്ഛന്റെ പ്രണയസംബന്ധിയായ തിരിച്ചറിവും കുറ്റബോധവും കയ്യടിച്ചു വരവേറ്റ ഇവിടുത്തെ മധ്യവർത്തി കുടുംബങ്ങളിൽ എന്താണു പ്രണയം... പ്രഫുലിന്റെ അമ്മ DDLJ കണ്ടു കയ്യടിക്കുന്നുണ്ട്. പക്ഷെ അവളുടെ പ്രണയങ്ങളെയും പ്രണയഭംഗങ്ങളെയും വെറുപ്പോടെയും ഭീതിയോടെയുമാണ് സ്വീകരിക്കുന്നത്. ഇന്ത്യൻ മധ്യവർത്തി സമൂഹത്തിലെ ഈ വൈരുധ്യത്തിന്റെ കൂടി പേരാണ് സിമ്രാൻ.

പ്രഫുൽ പട്ടേൽ (കങ്കണ ) മുപ്പതു വയസുള്ള വിവാഹമോചിതയാണ്. രക്ഷിതാക്കളോടൊപ്പം ജോർജിയയിൽ താമസിക്കുന്ന അവൾ സ്വന്തം ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും പുറകെ എന്തു വില കൊടുത്തും പായുന്നവളാണ്. വിവാഹമോചിത, സ്വന്തം സ്വാതന്ത്ര്യങ്ങളെ അറിയുന്നവൾ എന്നീ പ്രഫുലിന്റെ അവസ്ഥകൾ അവളുടെ വീട്ടുകാരിൽ നിരന്തരമായ അസ്വസ്ഥതകൾ ഉണ്ടാക്കുന്നു. ഇതിനെ മറികടന്ന് പ്രഫുൽ സ്വന്തം ആഗ്രഹങ്ങൾക്കു പുറകെ നടക്കുന്നു. ഈ വൈകാരിക സമ്മർദ്ദങ്ങൾക്കിടയിൽ പ്രഫുൽ ഒരു വൻ തുകയ്ക്കു കടപ്പെടുന്നു. അത് വീട്ടാൻ അവൾ ഒറ്റയ്ക്ക് ബാങ്ക് കൊള്ളയ്ക്കിറങ്ങുന്നു. തുടർന്നുണ്ടാവുന്ന വിചിത്ര സംഭവങ്ങളാണ് സിമ്രാൻ.

കെട്ടവനായ നായകന്മാർ മാസ് ഹീറോകളാണെങ്കിലും കെട്ടവളായ നായിക ഇവിടുത്തെ മുഖ്യധാരാ സങ്കൽപ്പങ്ങളുടെ പരിധിക്കു പുറത്താണ് ഇപ്പോഴും. ചൂതാടുന്ന, കക്കുന്ന, മദ്യപിക്കുന്ന, വൺ നൈറ്റ് സ്റ്റാന്റുകൾ ഒരുപാടുള്ള പ്രഫുൽ ആ നിലയ്ക്കുള്ള പരീക്ഷണമാണ്. ത്യാഗിയും സത്യസന്ധനുമായി തന്റെ പുറകെ നടക്കുന്നവനെ ഉപേക്ഷിച്ച് സ്വതന്ത്രയായി തന്റെ കെട്ട വഴികളിലൂടെ കുറ്റബോധമില്ലാതെ നടക്കുന്ന സൂപ്പർ ഹീറോയിനാകുന്നുണ്ട് പ്രഫുൽ പലപ്പോഴും. ഈ പരീക്ഷണത്തിന്റെ വെല്ലുവിളികളാണ് സിമ്രാന്റ് പുതുമ.

ഒരു സ്പൂഫും ത്രില്ലറുമാകാൻ മാറി മാറി ശ്രമിച്ച് പലപ്പോഴും ഇഴഞ്ഞു നീങ്ങുന്ന തിരക്കഥ സിമ്രാന്റെ പരിമിതി തന്നെയാണ്. ചിലപ്പോഴൊക്കെ വല്ലാതെ നീണ്ടുപോകുന്ന ഷോട്ടുകൾ, ക്വീനിനെ ഓർമിപ്പിക്കുന്ന ചില ക്ലീഷേ രംഗങ്ങൾ ഒക്കെ ചിലപ്പോഴൊക്കെ സിനിമയുടെ സ്വാഭാവികമായ ഒഴുക്കിനെ തടസപ്പെടുത്തുന്നു. അസാധ്യമായ സ്ക്രീൻ പ്രസൻസു കൊണ്ട് അപ്പോഴൊക്കെ കങ്കണ സിനിമയേയും തിരക്കഥയേയും മറികടന്ന് പോകുന്നുണ്ട്. സിനിമ എന്ന നിലയിലുള്ള സകല പരിമിതികളെയും സിമ്രാൻ മറികടക്കുന്നത് അങ്ങനെയാണ്.

ഇപ്പോഴും വളരെ ഉറച്ചു നിൽക്കുന്ന പല ഇന്ത്യൻ 'സംസ്കാരി' പൊയ്മുഖങ്ങളെയും നായികാ സങ്കൽപ്പങ്ങളെയും കളിയാക്കുകയും മറിച്ചിടുകയും ചെയ്ത ഒരു സിനിമയാണ് സിമ്രാൻ. ഒപ്പം സെൻസർ ബോർഡ് എന്ന അനുദിനം മോറൽ പൊലീസ് ആയി മാറുന്ന സംവിധാനത്തിനും സ്വാതന്ത്ര്യം കൊണ്ടും ആഗ്രഹങ്ങൾ കൊണ്ടും ഇതിലെ സ്ത്രീ അസ്വസ്ഥതകൾ ഉണ്ടാക്കുന്നു. ഒരുപാടു സിനിമാറ്റിക്ക് ദൗർബല്യങ്ങളുടെ ഇടയിലും ധൈര്യത്തോടെ, കുറ്റബോധമില്ലാത്ത ഒരു 'കെട്ടവളു'ടെ കഥ പറഞ്ഞ സിനിമ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories