TopTop

പാലാക്കാരന്‍ അജി മാത്യുവിന്റെ സാര്‍വലൌകിക ചക്രവാളങ്ങള്‍

പാലാക്കാരന്‍ അജി മാത്യുവിന്റെ സാര്‍വലൌകിക ചക്രവാളങ്ങള്‍
ഇയ്യോബിന്‍റെ പുസ്തകം എന്ന ചിത്രം പുറത്ത് വന്നു മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തു വരുന്ന അമല്‍ നീരദ് സിനിമ എന്ന നിലയ്ക്ക് അല്‍പ്പം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് സിഐഎ-കോമ്രേഡ് ഇന്‍ അമേരിക്ക. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കാന്‍ സിഐഎയുടെ നേതൃത്വത്തില്‍ അമേരിക്ക ശ്രമിക്കുന്നു എന്ന് ഈയിടെ പിണറായി വിജയന്‍ പറഞ്ഞു എന്ന വാര്‍ത്ത പലര്‍ക്കും ഒരു തമാശയായാണ് അനുഭവപ്പെട്ടതെങ്കിലും ഓര്‍മ്മകളുണ്ടായിരിക്കുന്നതു കൊണ്ട് തന്നെ സിനിമയുടെ സിഐഎ എന്ന പേര് അല്പം കൌതുകം ഉണര്‍ത്തിയിരുന്നു. അതേസമയം കമ്മ്യൂണിസത്തെയും ഒരു മലയാളിയുടെ ജീവിതലോകത്തെയും കുറിച്ചുള്ള അന്വേഷണങ്ങള്‍ നടത്തുന്ന ഒരു സിനിമയായി സിഐഎയെ കാണുമ്പോള്‍ പേരിനും ഒരു രാഷ്ട്രീയ മാനം കൈവരുന്നുണ്ട്. കേരളത്തിന്‍റെ ജനാധിപത്യവത്ക്കരണത്തെ പിറകോട്ടടിച്ച വിമോചന സമരത്തിന്‌ പിന്നില്‍ സിഐഎക്ക് പങ്കുണ്ടായിരുന്നു എന്നതിനെ കുറിച്ച് പല തെളിവുകളും പുറത്തു വന്നതാണല്ലോ. കോമ്രേഡ്, അമേരിക്ക എന്നീ വാക്കുകള്‍ ഒരുമിച്ച് വരുന്നത് പല തരത്തിലുള്ള കണക്കു കൂട്ടലുകളും സിനിമയെ കുറിച്ച് നടത്തപ്പെടാന്‍ ഇടയായിട്ടുണ്ടാവും.

കാമുകിയെ തേടി അമേരിക്കയില്‍ പോയ ഒരു സഖാവിന്‍റെ അമേരിക്കയിലെ ജീവിതമല്ല സിഐഎ പറയുന്നത്. അതിനാല്‍ തന്നെ അറബിക്കഥയിലെ ക്യൂബ മുകുന്ദനെ പോലെ ഗള്‍ഫില്‍ ജോലിക്ക് പോകുന്ന തരത്തിലുള്ള ഒരു സഖാവും അല്ല ഇതിലെ അജി മാത്യു എന്ന സഖാവ്. രതീഷ് രാധാകൃഷ്ണന്‍ ഒരു ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്, "The Communist party in Kerala has played a significant role in structuring the everyday life of the Malayalee even though it was not in power for long stretches of time". ക്യൂബ മുകുന്ദനെ സംബന്ധിച്ചിടത്തോളം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് തന്‍റെ നിത്യജീവിതത്തിന്‍റെ താളത്തെ നിയന്ത്രിച്ചിരുന്നത് എങ്കില്‍ അജി മാത്യുവിനെ സംബന്ധിച്ചിടത്തോളം കമ്മ്യൂണിസം എന്ന ആശയമാണ് നിത്യജീവിതത്തെ നിയന്ത്രിക്കുന്നത് എന്ന് നമുക്ക് കാണാന്‍ കഴിയും. അതേസമയം ക്യൂബ മുകുന്ദനുമായി ചിലയിടങ്ങളില്‍ ചില  സാമ്യതകള്‍ ഉണ്ട്, അജി മാത്യുവിനും മറ്റു ചില കഥാപാത്രങ്ങള്‍ക്കും. അവ ഈ കുറിപ്പിന്‍റെ പിന്നീട് വരുന്ന ഭാഗങ്ങങ്ങളില്‍ വിശദീകരിക്കുന്നതായിരിക്കും.

ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രീകരണം പ്രതീക്ഷിച്ച സമയത്ത് തീരാതിരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം തന്നെ റിലീസ് ചെയ്യാന്‍ പറ്റാതെ പോയ സിനിമയാണ് ഇത് എന്ന് നമുക്കറിയാം. അല്ലെങ്കില്‍ ഈ അടുത്ത കാലത്ത് ഇറങ്ങിയ 'കമ്മ്യൂണിസ്റ്റ് ചിത്ര'ങ്ങളില്‍ മൂന്നാമത്തേതായി വരുന്ന ഒരു സിനിമ ആവില്ലായിരുന്നു സിഐഎ. അതേസമയം തന്‍റെ സിനിമ ഒരു രാഷ്ട്രീയ സിനിമ അല്ല, മറിച്ച് ഒരു 'coming of age romance' ചിത്രം ആണെന്ന് അമല്‍ നീരദ് വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് അവസാനം പുറത്തു വന്ന ചിത്രത്തിന്‍റെ ഏക ടീസറില്‍ ക്യാമ്പസ് രാഷ്ട്രീയ പശ്ചാത്തലം കടന്നു വരുന്നുണ്ടെങ്കിലും പിന്നീടുള്ള ചിത്രത്തിന്‍റെ പ്രമോഷനുകളിലെല്ലാം, അതും പോസ്റ്ററുകളിലൂടെ മാത്രം നടത്തിയവ, സിഐഎയെ ഒരു പ്രണയ ചിത്രമായി അവതരിപ്പിക്കാനാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ ശ്രമിച്ചത്. “How far will you go for love?” എന്ന ടാഗ് ലൈനും ഇത് തന്നെയാണ് സൂചിപ്പിച്ചത്. എന്നാല്‍ പ്രണയവും രാഷ്ട്രീയവും ഒരേപോലെ കോര്‍ത്തിണക്കിയ ഒരു സിനിമയായാണ് സിഐഎ അനുഭവപ്പെട്ടത്. അതേസമയം നായകന്‍റെ പ്രണയത്തെയും രാഷ്ട്രീയത്തെയും ഇന്‍ഫോം ചെയ്യുന്നത് ഒരേ ഘടകങ്ങള്‍ ആണോ എന്നതില്‍ സംശയമുണ്ട്‌. നായകന്‍റെ പ്രണയവും അതിന്‍റെ വ്യാപ്തിയും ആവിഷ്കരിക്കുന്നതില്‍ സിനിമക്ക് അല്‍പ്പം വീഴ്ച പറ്റിയിട്ടുണ്ട്. അതുകൊണ്ടായിരിക്കണം കുറച്ചു പ്രേക്ഷകര്‍ക്കെങ്കിലും സിനിമയുടെ രണ്ടാം പകുതിയില്‍ തുടര്‍ച്ച മുറിഞ്ഞതായി തോന്നിയത്.

“അതായിരിക്കണമെടാ ഒരു കമ്മ്യൂണിസ്റ്റ്” എന്ന്, നല്ല കമ്മ്യൂണിസ്റ്റ്-ചീത്ത കമ്മ്യൂണിസ്റ്റ് എന്ന ദ്വന്ദങ്ങളുടെ സൃഷ്ടിയിലൂടെ ഉത്ബോധിപ്പിക്കുന്ന ഒരു 'രാഷ്ട്രീയ സിനിമ'യല്ല സിഐഎ.  നിത്യജീവിതത്തിന്‍റെ തലത്തില്‍ അല്ലെങ്കില്‍ സബ്ജക്ടിവിറ്റിയുടെ തലത്തില്‍ ആണ് ഈ സിനിമയിലെ രാഷ്ട്രീയത്തെ അന്വേഷിക്കേണ്ടത്‌. അഥവാ അജി മാത്യു എന്ന പാലാക്കാരന്‍ 'കുട്ടി സഖാവി'ന്‍റെ ജീവിത ലോകങ്ങള്‍ എന്തിനാലാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത് എന്നും അതില്‍ കമ്മ്യൂണിസം എന്ന സാര്‍വദേശീയ ഭാവനയ്ക്കുള്ള പങ്ക് എന്ത് എന്നും അന്വേഷിക്കുന്ന ഒരു സിനിമയായി സിഐഎയെ വായിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. യഥാര്‍ത്ഥ കമ്മ്യൂണിസം, കമ്മ്യൂണിസത്തിന്‍റെ അപചയം തുടങ്ങി കമ്മ്യൂണിസം പ്രമേയമായി വരുമ്പോള്‍ സിനിമകള്‍ സ്ഥിരമായി കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍ നിന്ന് വിട്ടു നിന്നുകൊണ്ട് കമ്മ്യൂണിസം അനുഭവതലത്തില്‍ മനസിലാക്കാനുള്ള ഒരു ശ്രമമായി ഈ ചിത്രത്തെ കാണാം. അതേസമയം തന്നെ അവസരോചിതമായി കമ്മ്യൂണിസ്റ്റ് ആക്ഷേപഹാസ്യവും കടന്നു വരുന്നുണ്ട്, സന്ദേശം സിനിമയിലെ പോലെ കാരിക്കേച്ചര്‍ സ്വഭാവത്തില്‍ അല്ലെങ്കിലും.

ചില നായകന്മാര്‍ യാഥാര്‍ത്ഥ്യമാണ് എന്ന വാചകവുമായി, ചരിത്രത്തിലെ എക്കാലത്തെയും റിയല്‍ ഹീറോകളില്‍ ഒരാളായി ഇപ്പോഴും ഒരുപാട് പേര്‍ കരുതുന്ന കാള്‍ മാര്‍ക്സിന് തന്‍റെ 199-മത് ജന്മദിനത്തില്‍ സമര്‍പ്പിച്ചു കൊണ്ടാണ് ചിത്രം തുടങ്ങുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് എന്ന് അവകാശപ്പെടുന്ന സിനിമ 2015-ല്‍ അന്നത്തെ ധനകാര്യ മന്ത്രി 'കോരസാറി'നെതിരെ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ മുതലായ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിലെ, സമരക്കാരെ തല്ലിച്ചതച്ച പോലീസിനു നേര്‍ക്ക്‌, മുഖം ചെ ഗുവേരയുടെ ചിത്രമുള്ള തുണി കൊണ്ട് പാതി മറച്ച് പോലീസിനു നേരെ പെട്രോള്‍ ബോംബ്‌ എറിയുന്ന ആളായിട്ടാണ് അജി മാത്യു എന്ന പാലക്കാരന്‍ ഹീറോയെ അവതരിപ്പിക്കുന്നത്. ഈ രംഗം മറ്റ് സിമാകളിലും ആവര്‍ത്തിച്ചിട്ടുള്ളതാണ് എന്ന് ഇതിനോടകം ആരോപണം ഉണ്ടെങ്കിലും ആഗോള തലത്തില്‍ നടക്കുന്ന സമരങ്ങളുടെ പ്രതിഫലനം ഈ ചിത്രത്തിലും കാണാന്‍ സാധിക്കുന്നു എന്ന നിലയില്‍ ഈ രംഗത്തെ നമുക്ക് വായിക്കാം. പ്രത്യേകിച്ച്, അതിരുകള്‍ക്കപ്പുറത്തേക്ക് പോകുന്ന മാനവികതയുടെ കഥ കൂടിയാണ് ഈ സിനിമയുടെ രണ്ടാം ഭാഗം പറയുന്നത് എന്നതു കൂടി കണക്കിലെടുക്കുമ്പോള്‍. നായകന്‍റെ ഇന്ട്രോയോടൊപ്പം വരുന്ന കേരളമണ്ണിനായി എന്ന് തുടങ്ങുന്ന ഗാനം ആധുനിക കേരളത്തിനായി പ്രവര്‍ത്തിച്ച ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കുള്ള സ്‌തുത്യുപഹാരം എന്നതോടൊപ്പം തന്നെ ഇന്നത്തെ ഇടതുപക്ഷത്തിനുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. അതേസമയം തന്നെ കോട്ടയം ജില്ലാപഞ്ചായത്ത്‌ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ സിപിഎം കോര സാറിന്‍റെ പാര്‍ട്ടിയെ 'സഹായിച്ചതു'മായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, സിനിമയിലെ കഥ നടക്കുന്ന സമയത്ത് കോര സാറിനെ ട്രോളിയവരെ തിരിഞ്ഞു കടിക്കുന്ന സമയത്താണ് ഈ ചിത്രം ഇറങ്ങിയത് എന്നത് കൌതുകമുണര്‍ത്തുന്ന യാദൃശ്ചികതയായി.ചെഗുവേരയും കമ്മ്യൂണിസ്റ്റ് ഐകണോഗ്രാഫിയും
Let me say, at the risk of seeming ridiculous, that the true revolutionary is guided by great feelings of love. ― Ernesto Che Guevara

ചിത്രത്തില്‍ അജി മാത്യുവിനൊപ്പമോ അതിനു മുന്‍പോ ആയിത്തന്നെ അവതരിപ്പിക്കപ്പെടുന്ന ഒരു 'കഥാപാത്ര'മാണ് ചെ ഗുവേര. ആദ്യ സീനുകളില്‍ സമരം നടക്കുന്നതിനിടയില്‍ 'കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാവില്ല' എന്ന് മലയാളത്തില്‍ എഴുതിയ, ചെ ഗുവേരയുടെ മുഖമുള്ള ടീ ഷര്‍ട്ടിട്ട ഒരാളെ കാണാം. മാത്രമല്ല അജി മാത്യുവിന്‍റെ മുറിയിലും മറ്റു പലയിടത്തുമായി ചെഗുവേര വന്നു പോയ്ക്കൊണ്ടിരിക്കുന്നു. എന്നാല്‍ അത് കേവലം ചെ ഗുവേര ചിത്രം കാണിക്കാന്‍ വേണ്ടി മാത്രം കാണിക്കുന്നതല്ല എന്ന് നമുക്ക് പിന്നീട് മനസിലാകും. മുന്നറിയിപ്പ് എന്ന സിനിമയില്‍ ചെ ഗുവേര ടീ ഷര്‍ട്ടിട്ട് വരുന്ന പയ്യനോട് ഇതാരാണെന്ന് ചോദിക്കുമ്പോള്‍ ഒരു പ്രമുഖ ഡിവൈഎഫ്ഐ നേതാവാണ്‌ എന്ന് പറയിപ്പിക്കുന്നുണ്ട് ആ സിനിമയുടെ സംവിധായകന്‍. ചെ ഗുവേര എത്രത്തോളം ചിഹ്നവല്‍ക്കരിക്കപ്പെട്ടു എന്നും ഒരു empty signifier ആയി മാറി എന്നും കാണിക്കാനാവണം അങ്ങനെ ഒരു സംഭാഷണത്തിലൂടെ തിരക്കഥാകൃത്ത്‌ ഉദ്ദേശിച്ചിട്ടുണ്ടാവുക. അതേസമയം കേരളത്തിലെ യുവതലമുറക്ക് എന്താണ് ചെ ഗുവേര? അല്ലെങ്കില്‍ ചെ ഗുവേരയും അജി മാത്യു എന്ന പാലാക്കാരനും തമ്മില്‍ എന്ത് ബന്ധം?

കേരളത്തിലെ ഒരു ബിജെപി നേതാവിന് ചെ ഗുവേര, ആക്രമണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്ന ഒരു ഐക്കണ്‍ ആണെങ്കില്‍ വേറെ ചിലര്‍ക് ചെ ഗുവേര ചരിത്രത്തിലെ ഏറ്റവും വലിയ കാമുകനായിരിക്കാം. ഒരര്‍ത്ഥത്തില്‍ കാമുകനായ ചെ ഗുവേരയാണ് തന്‍റെ കാമുകിയെ തേടി ഇത്ര ദൂരം യാത്ര ചെയ്യാന്‍ അജി മാത്യുവിനെ പ്രേരിപ്പിക്കുന്നത് എന്ന് നമുക്ക് വായിച്ചെടുക്കാം. ചെ ഗുവേര എന്നത് ലോകമെമ്പാടും ഉള്ള യുവാക്കള്‍ക്കും പ്രചോദനമായ ഒരു ഐക്കണ്‍ കൂടിയാണ്. അതുകൊണ്ടാണ് കഫ്ഫിയ അണിഞ്ഞ ചെ ഗുവേര മുസ്ലിം യൂത്ത് കൌണ്ടര്‍ കള്‍ച്ചറിന്‍റെ ഭാഗമാവുന്നതും. 'കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാവില്ല' എന്ന ഹെമിംഗ്വേയുടെ  കിഴവനും കടലും എന്ന നോവലിലെ സാന്റിയാഗോയുടെ വാക്കുകള്‍ ചെ ഗുവേരയുടെതായാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഒന്നു രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് മഞ്ഞ പതിറ്റടി എന്ന തന്‍റെ ചെറുകഥയില്‍ എന്‍എസ് മാധവന്‍ ഇതേ വാചകം ചെ ഗുവേരയുടെ പേരില്‍ ആട്രിബ്യൂട്ട് ചെയ്തത് ഓര്‍ക്കുന്നു.

സിനിമയില്‍ തുടക്കത്തില്‍ പെട്രോള്‍ ബോംബുമായി വരുന്ന, മുഖം പാതി മറച്ച അജി മാത്യു ഒരുവേള പാലസ്തീനിലെയും മറ്റും വിപ്ലവകാരികളെ ഓര്‍മിപ്പിക്കുന്നുമുണ്ട്. ലെബനനില്‍ വെച്ച് അമേരിക്കന്‍ ടാങ്കറിന്‍റെ ദിശയില്‍ കല്ലെറിയുന്ന എഡ്വാര്‍ഡ്‌ സൈദ്‌, ബാങ്ക്സിയുടെ പൂക്കള്‍ എറിയുന്ന വിപ്ലവകാരി ഇവയും ഓര്‍മയില്‍ വരാം.

അരവിന്ദന്‍റെ വാസ്തുഹാര എന്ന സിനിമയെ കുറിച്ചുള്ള തന്‍റെ വിമര്‍ശനത്തില്‍ എന്‍എസ് മാധവന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്, എങ്ങനെയാണ് ചിഹ്നങ്ങളോടുള്ള പരിപൂര്‍ണ വിധേയത്വം അഥവാ 'ലെഫ്റ്റ് ടച്ചുകള്‍' ഈ സിനിമയില്‍ മുഴച്ചു നില്‍ക്കുന്നത് എന്ന്. തന്‍റെ വാദത്തിനുദാഹരണമായി മാധവന്‍ ചൂണ്ടിക്കാണിക്കുന്നത് നിമിഷങ്ങളോളം ക്യാമറ അരിവാള്‍ ചിത്രത്തിന്‍റെ ഒരു ചുവര്‍ ചിത്രത്തിലേക്ക് തുറിച്ചു നോക്കുന്ന സീന്‍ ആണ്. സിഐഎയില്‍ പലയിടത്തായി ലെഫ്റ്റ് ഐക്കണുകള്‍ വരുന്നുണ്ടെങ്കിലും അവ മുഴച്ചു നില്‍ക്കുന്ന വിധത്തില്‍ അല്ല, മറിച്ച് സിനിമയുടെ സ്വാഭാവികതയുമായി ഒത്തു പോവുന്ന വിധത്തിലാണെന്ന് കാണാം. പുലര്‍കാലേ നായകന്‍ വഴിയരികിലെ തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ അവിടെ  കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പടത്തിനടുത്ത് വിളക്ക് കത്തിച്ചു വെച്ചിരിക്കുന്നതും (അതേസമയം തന്നെ അമ്പലത്തില്‍ നിന്ന് പ്രാര്‍ഥനയും കേള്‍ക്കുന്നുണ്ട്) ഭക്ഷണം കഴിച്ച് കഴിഞ്ഞതിനു ശേഷം പറ്റുപുസ്തകത്തില്‍ കണക്കെഴുതാന്‍ തന്‍റെ ബൊളീവിയന്‍ ഡയറി എവിടെ എന്ന് ചോദിക്കുന്നതും  മുഴച്ചു നില്‍ക്കലായല്ല മറിച്ച്, ഈ വ്യക്തികളെ സംബന്ധിച്ച്  കമ്മ്യൂണിസ്റ്റ് ഇമേജിനറി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് കാണിക്കാനുള്ള സിനിമയുടെ ശ്രമമാണ്.

കമ്മ്യൂണിസം കോമിക് ബുക്ക്രീതിയില്‍?
സിനിമയില്‍ ഒരിടത്ത് തന്‍റെ കാമുകിയായ സാറയുടെ, കമ്മ്യൂണിസം എന്താണ് എന്ന ചോദ്യത്തിന് അജി മാത്യു കൊടുക്കുന്ന ഉത്തരം, ഫേസ്ബുക്കിലും മറ്റും രണ്ടു പശുവിന്‍റെ ഉദാഹരണം വെച്ച് കമ്മ്യൂണിസം വിശദീകരിച്ചു കൊടുക്കുന്ന തരത്തിലുള്ള ഒരുത്തരമാണ്. ഇവിടെ തന്നെയാണ് അജി മാത്യുവിനെ സംബന്ധിച്ചിടത്തോളം കമ്മ്യൂണിസം എന്നത് ഏതങ്കിലും പാര്‍ട്ടിയോ അല്ലെങ്കില്‍ താന്‍ പുസ്തകങ്ങളില്‍ വായിച്ചിരിക്കാന്‍ ഇടയുള്ള ഉദ്ധരണികളോ അല്ല, മറിച്ച് തന്‍റെ അനുഭവ തലത്തിലുള്ള, തന്‍റെ ജീവിതലോകം നിര്‍മിക്കുന്നതിലുള്ള ഒരു വികാരമായി മാറുന്നത്.  അവിടെയാണ് മലയാളിയുടെ ജീവിത ലോകങ്ങളും സാമൂഹ്യഭാവനയും നിര്‍മിച്ചതില്‍ കമ്മ്യൂണിസത്തിനുള്ള പങ്കിനെ കുറിച്ചുള്ള അന്വേഷണത്തിന് പ്രസക്തിയേറുന്നതും.

പ്രണയവും വിപ്ലവവും
റോസ ലക്സംബര്‍ഗിന്‍റെ കത്തുകളടങ്ങിയ പുസ്തകത്തെ കുറിച്ചുള്ള ഒരു കുറിപ്പില്‍, അവര്‍ക്ക് ജീവിതത്തെയും വിപ്ലവത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകളെ വിവിയന്‍ ഗോര്‍ണിക്ക്  ഇങ്ങനെ അതരിപ്പിക്കുന്നു: "If people give up sex and art while making the revolution, they’d produce a world more heartless than the one they were setting out to replace." ഗോര്‍ണിക്ക് എഴുതുന്നുണ്ട്: "Rosa Luxemburg wanted it all: books and music, sex and art, evening walks and the revolution." മദ്യപിച്ച് ഭ്രാമാവസ്ഥയില്‍ മാര്‍ക്സ്, ലെനിന്‍, ചെ ഗുവേര എന്നിവരോട് തന്‍റെ പ്രണയത്തെ കുറിച്ച് പറയുമ്പോള്‍ അജി മാത്യു പറയുന്നുണ്ട്, പോളിറ്റ് ബ്യൂറോ അറിയാത്ത ഒരു രഹസ്യമായി ഇതിനെ സൂക്ഷിക്കണം എന്ന്. പ്രണയത്തെക്കുറിച്ചും മറ്റും പല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്കുമുള്ള 'മുരടന്‍ സമീപന'ത്തെ സംവിധായകന്‍ ഇതിലൂടെ ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കുന്നു. അതോടൊപ്പം തന്നെ രാത്രി പത്തു മണിയാവുമ്പോഴേക്ക് വീട്ടില്‍ എത്തിയില്ലെങ്കില്‍ വീടിനു വെളിയില്‍ കിടക്കേണ്ടി വരുന്ന ലോക്കല്‍ കമ്മറ്റി സെക്രട്ടറി ചില കമ്മ്യൂണിസ്റ്റ് ആണത്തങ്ങളെ പൊളിക്കാനും ശ്രമിക്കുന്നുണ്ട്.

പ്രണയവും മൂലധനവും എന്ന മാര്‍ക്സിന്‍റെയും ജെന്നിയുടെയും പ്രണയത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകവും ചെ ഗുവേരയും എല്ലാം പ്രണയവും അതിനു വേണ്ടിയുള്ള സാഹസിക യാത്രകളും വിപ്ലവ പ്രവര്‍ത്തനം തന്നെയാണ് എന്ന് പറഞ്ഞു വെക്കാനുള്ള സിനിമയുടെ ശ്രമത്തിലേക്കുള്ള പടികള്‍ ആണ്.

കമ്മ്യൂണിസവും ഹീറോയിസവും
ബ്രെതോള്‍ട് ബ്രെഹ്ത്തിന്‍റെ ഗലീലിയോ എന്ന നാടകത്തില്‍ ഗലീലിയോട് ആന്ദ്രിയ എന്ന തന്‍റെ ഒരു വിദ്യാര്‍ഥി പറയുന്നു: “Unhappy is the land that breeds no hero.” അതിനു മറുപടിയായി ഗലീലിയോ പറയുന്നുണ്ട്: “Unhappy is the land that needs a hero.”

തങ്ങളുടെ അയല്‍ക്കാരായ തമിഴന്മാരെയും തെലുങ്കന്മാരെയും അപേക്ഷിച്ച് താരാരാധന ഇല്ലാത്ത ആളുകളാണ് തങ്ങള്‍ എന്ന് മലയാളികള്‍ പൊതുവേ മേനി നടിക്കാറുണ്ട്. എന്നാല്‍ രാഷ്ട്രീയ നേതാക്കള്‍ താരാരാധനയ്ക്ക് പാത്രമാവുന്നതിന്‍റെ അല്ലെങ്കില്‍ വിഗ്രഹങ്ങള്‍ ആവുന്നതിന്‍റെ ഉദാഹരണങ്ങള്‍ നമ്മുടെ മുന്‍പില്‍ ഒരു പാടുണ്ട്. ഇത് ഒരു പക്ഷെ കേരളത്തിലെ കമ്മ്യൂണിസത്തിന്‍റെ constitutive element ആണ് എന്ന് വേണമെങ്കില്‍ നമുക്ക് പറയാം. സഖാവ് കൃഷ്ണപിള്ളയും 'സഖാവ് കൃഷ്ണനും' എല്ലാം ഹീറോകള്‍ ആയാണല്ലോ നമ്മുടെ മനസ്സില്‍ നില്‍ക്കുന്നത്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയെക്കുറിച്ച് എലിസബത്ത്‌ ആങ്കര്‍ നിരീക്ഷിക്കുന്നുണ്ട്; ഒരു മെലോഡ്രാമാറ്റിക്ക് ആഖ്യാനത്തിന്‍റെ ഒരുപാട് അംശങ്ങള്‍ മാനിഫെസ്റ്റോയില്‍ ഉണ്ടെന്ന്. ലോകത്തെ, ഹീറോകളും വില്ലന്മാരും എന്ന രണ്ടു ദ്വന്ദ്വത്തിലെക്ക് ഒതുക്കുന്നു മാനിഫെസ്റ്റോ. ഇത്തരം ഒരു ആഖ്യാനത്തിലൂടെ ഒരു ഹീറോയെ നിര്‍മിച്ചെടുക്കുന്നു. ആദ്യകല കമ്മ്യൂണിസ്റ്റ് മെലോഡ്രാമ സിനിമകളില്‍ ഇത്തരത്തിലുള്ള ഹീറോയുടെ നിര്‍മിതി കാണാം. ഈ സിനിമയില്‍ നായകനെ നിര്‍മിക്കുന്നതും തിന്മകള്‍ക്കെതിരെ പ്രതികരിക്കുന്നവനായും, അത് പാലയിലായാലും പലസ്തീനിലായാലും, മാനവിക മൂല്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്നവനും ആയാണ്. മെക്സിക്കോ അതിര്‍ത്തി കടക്കാനുള്ള യാത്രയില്‍ തങ്ങളെ ആക്രമിക്കാന്‍ വരുന്നവര്‍ക്ക് നേരെ അവരുടെ തന്നെ തോക്കുപയോഗിച്ച്  വെടിയുതിര്‍ക്കുമ്പോള്‍ അജി മാത്യുവിന് ഫിദല്‍ കാസ്ട്രോയുമായി രൂപസാദൃശ്യം ഉണ്ടാവുന്നത് കേവലം യാദൃശ്ചികമല്ല.അജി മാത്യുവും സാര്‍വലൌകികതയുടെ ചക്രവാളങ്ങളും
അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തിലുള്ള ചൈനക്കാരനെ കാണുമ്പോള്‍ ആവേശം കൊള്ളുന്ന അജി മാത്യുവും ക്യുബ മുകുന്ദനും തമ്മില്‍ സാമ്യതകളേറെ ഉണ്ട്. എന്തിനു മഹത്തായ ചൈന വിട്ടു പോന്നു എന്ന ചോദ്യത്തില്‍ ഒരു മധുര മനോജ്ഞ ചൈന സങ്കല്പം കാത്തു സൂക്ഷിക്കുന്ന ഒരാളായി അജി മാത്യുവിനെ നമുക്ക് കാണാന്‍ പറ്റും. അതെ സമയം സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് ചൈന വിട്ടത് എന്ന് ചൈനക്കാരനെക്കൊണ്ട് പറയിക്കുന്നതിലൂടെ ചൈനയിലെ കമ്മ്യൂണിസത്തിന്‍റെ അവസ്ഥ എന്താണ് എന്നതിനെ കുറിച്ചുള്ള മറ്റു കാഴ്ച്ചപ്പാടുകളിലെക്കും സിനിമ ശ്രദ്ധ ക്ഷണിക്കുന്നു.

ചായക്കടകളും വായനശാലകളും എങ്ങനെയാണ് ഒരു ആധുനിക പൊതു ഇടം രൂപീകരിക്കുന്നതില്‍ വഹിച്ച പങ്ക് എന്ന് പല നിരീക്ഷകരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആ നിരീക്ഷണം മനസ്സില്‍ വച്ചുകൊണ്ട് വായിക്കുകയാണെങ്കില്‍ ആസാദ് ഹോട്ടല്‍ എന്ന ചായക്കടയ്ക്കും ഇഎംഎസ് വായനശാലയ്ക്കും അജി മാത്യുവിന്‍റെ ജീവിതത്തിലുള്ള സ്ഥാനം നമുക്ക് മനസിലാക്കാന്‍ പറ്റും. ഒരു തിരിച്ചു വരവിന്റെ സമയത്ത് ജോമോനോട് ആസാദ് ഹോട്ടലില്‍ ഒരു ബെഞ്ച് പിടിച്ചിടാനാണ് അജി മാത്യു പറയുന്നതെന്നോര്‍ക്കുക.

അമേരിക്കയിലേക്ക് പോകുന്ന അജി മാത്യുവിന് മലയാളത്തില്‍ കത്തെഴുതി കൊടുക്കുന്ന ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഒരു പക്ഷെ ചിരിയുണര്‍ത്തിയേക്കാം. എന്നാല്‍ കമ്മ്യൂണിസം എന്ന സാര്‍വലൌകികതയുടെ ഭാഷയാണ് ആ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ നിര്‍ണയിക്കുന്നത് എന്ന് കാണാം. അമേരിക്കയില്‍ ചെന്നിട്ട് എന്താവശ്യമുണ്ടെങ്കിലും എന്നെ വിളിക്കണം എന്ന് ലോക്കല്‍ സെക്രട്ടറി പറയുന്നത് കേവലം തമാശയ്ക്ക് ചേര്‍ത്തത് മാത്രമായി കാണാന്‍ കഴിയില്ല.  രതീഷ് രാധാകൃഷന്‍ മുന്നോട്ട് വെക്കുന്ന 'പ്രദേശത്തിന്‍റെ ലോകങ്ങള്‍' എന്ന പരികല്‍പ്പനയുടെ അടിസ്ഥാനത്തില്‍ ഇതിനെ വായിക്കാം എന്ന് തോന്നുന്നു.

നിക്ക്വാരാഗയില്‍ എത്തിയപ്പോള്‍ അവിടെ ഒരു ചുവന്ന കൊടി കാണുന്നത് അജി മാത്യുവിനെ സന്തോഷിപ്പിക്കുന്നത്, സാര്‍വലൌകികതയുടെ ഒരു ഭാഷ ആ ചുവന്ന കൊടി സമ്മാനിക്കുന്നതു കൊണ്ടാണ്.

മുകുന്ദനെ ദുബായിലേക്ക് പറഞ്ഞയയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ മുകുന്ദനെ കണ്‍വിന്‍സ് ചെയ്യിക്കാന്‍ വേണ്ടി പറയുന്നുണ്ട്, അവിടുത്തെ പ്രവാസി ജോലിക്കാരുടെ പ്രശ്നങ്ങള്‍ പഠിക്കാനും അവരുടെ ഇടയില്‍ കമ്മ്യൂണിസം പ്രചരിപ്പിക്കാനും ഉള്ള ഒരവസരം ആയിരിക്കും എന്ന്. സിഐഎയില്‍ നിക്കരാഗ്വ, ഹോണ്ടുറാസ്, മെക്സിക്കോ എന്നീ രാജ്യങ്ങളിലൂടെയുള്ള യാത്ര നായകനെ സംബന്ധിച്ചിടത്തോളം അതിരുകളില്ലാത്ത ലോകത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കൂടുതല്‍ ഉറപ്പിക്കുന്നതാവുന്നു. അമേരിക്കയിലേക്ക് എത്തിപ്പെടാനുള്ള യാത്രയില്‍ കൂടെയുള്ളവരില്‍ ഒരു പാകിസ്ഥാനിയും ഒരു ശ്രീലങ്കക്കാരന്‍ തമിഴനെയും കാണാം. ഈ ശ്രീലങ്കക്കാരന്‍ വല്ല പുലിയുമാണോ എന്ന ഒരു 'മലയാളി ആശങ്ക' അജി മാത്യുവില്‍ കാണാം.  അജി മാത്യുവിനോടുള്ള ഇഷ്ട്ത്തിനു പുറത്തു അയാളുടെ കൂടെ അമേരിക്കയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയയാള്‍ വഴിയരികില്‍ വീണു പോകുന്നത് നാം കാണുന്നുണ്ട്. പാകിസ്ഥാനിയായ ആളുടെ നിസ്കാരം കാണിക്കുന്നതിലും മറ്റും കൃത്യമായ രാഷ്ട്രീയം പുലര്‍ത്തുന്നുണ്ട് സിനിമ. അത് കോമ്രേഡ്ഷിപ്പിന്‍റെയും മാനവികതയുടെയും രാഷ്ട്രീയമാണ്. ലോകമെമ്പാടുമുള്ള അഭയാര്‍ഥികള്‍ക്കായി ഈ സിനിമ സമര്‍പ്പിക്കുന്നതിലും ആ രാഷ്ട്രീയം പ്രകടമാണ്. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളെ ആവിഷ്കരിക്കുന്നതിലൂടെ ലോക തലത്തിലുള്ള കുടിയേറ്റക്കാരുടെ ലോകം കാണിക്കാന്‍ സിനിമക്കാവുന്നുണ്ട്. അതോടൊപ്പം തന്നെ ചുറ്റിലും ഉയരുന്ന മതിലുകളെ കുറിച്ചും. സിനിമയുടെ ആദ്യ ഭാഗത്ത് അസഹിഷ്ണുതയെ കുറിച്ച് പരാമര്‍ശിക്കുന്ന അതേ രാഷ്ട്രീയം തന്നെയാണ് അതിരുകളില്ലാത്ത ലോകത്തെ കുറിച്ചുള്ള പാട്ടിലും കാണുന്നത്.

അമേരിക്കയില്‍ അല്ലെങ്കില്‍ എന്താണ് കാണാനുള്ളത് എന്ന് പറയുമ്പോഴും പറ്റുമെങ്കില്‍ ട്രംപിനെ ജയിപ്പിക്കാതിരിക്കാന്‍ നോക്കണം എന്ന് കസിനോടു പറഞ്ഞ് ആസാദ് ഹോട്ടലിലെ ബെഞ്ചിലേക്ക് തിരിച്ചു പോകുന്ന നായകന്‍ ആഗോള തലത്തിലുള്ള സംഭവവികാസങ്ങളാല്‍ തന്‍റെ രാഷ്ട്രീയത്തിന് ഒന്നുകൂടി തീക്ഷ്ണതയേറിയവനായാണ് തിരിച്ചു പോവുന്നത്. ഇടതുപക്ഷ രാഷ്ട്രീയം എങ്ങനെയാണ് സ്വയം നവീകരിക്കേണ്ടത് എന്നതിനെ കുറിച്ച് ഇടതുപക്ഷ അനുഭാവി ആയി കരുതപ്പെടുന്ന സംവിധായകനുള്ള കാഴ്ച്ചപ്പാടുകളായിരിക്കാം ഇതില്‍ കാണുന്നത്. ഇതില്‍ പ്രണയ പരാജയവും സ്വപ്നങ്ങളുടെ പരാജയവും ഒക്കെയുണ്ട്. അത് 'കോര സാര്‍' വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിലോ ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആവുന്നതിലോ ഒതുങ്ങുന്ന നിരാശ അല്ല. പക്ഷെ ഈ പരാജയങ്ങള്‍ക്കപ്പുറത്തും കമ്മ്യൂണിസം എന്ന ഡിസയര്‍ ജീവിതത്തിന്‍റെ മുന്നോട്ടുള്ള യാത്രയെ സ്വാധീനിക്കുന്ന ഒരാളാവുന്നു അജി മാത്യു എന്ന സഖാവ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories