TopTop
Begin typing your search above and press return to search.

ലിജോ ജോസ് പെല്ലിശ്ശേരി/അഭിമുഖം: യഥാര്‍ത്ഥ ജീവിതത്തില്‍ കണ്ണടയ്ക്കുന്നതിന്റെ പകുതി വൃത്തികേടേയുള്ളു സിനിമയില്‍

ലിജോ ജോസ് പെല്ലിശ്ശേരി/അഭിമുഖം: യഥാര്‍ത്ഥ ജീവിതത്തില്‍ കണ്ണടയ്ക്കുന്നതിന്റെ പകുതി വൃത്തികേടേയുള്ളു സിനിമയില്‍

ആദ്യ ചിത്രം മുതല്‍ പ്രമേയത്തിലും ആഖ്യാനത്തിലുമുളള വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. എട്ടു വര്‍ഷങ്ങള്‍ക്കിടയില്‍ നായകന്‍ മുതല്‍ ഈ മ യൗ വരെ ആറു ചിത്രങ്ങള്‍. ആമേനും ഡബിള്‍ ബാരലും അങ്കമാലി ഡയറീസും മലയാള സിനിമ കാണാത്ത പരീക്ഷണങ്ങള്‍. ഇപ്പോള്‍ ഈ മ യൗ വിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിയെ തേടിയെത്തിയിരിക്കുന്നു. ഈ മ യൗ പ്രേക്ഷകരിലേക്ക് എത്തിയിട്ടില്ലെങ്കിലും സംവിധായകന്റെ കൈയൊപ്പ് പതിഞ്ഞ ചിത്രമായിരിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയും പുരസ്‌കാര നേട്ടവും നിലപാടുകളും ലിജോ ജോസ് പെല്ലിശ്ശേരി സംസാരിക്കുന്നു.

പുരസ്‌കാര നേട്ടത്തെ കുറിച്ച്?

സന്തോഷമുണ്ട്. പക്ഷെ നമുക്ക് കിട്ടിയതിനേക്കാളൊക്കെ സന്തോഷം പോളി ചേച്ചിക്കും (പൗളി വല്‍സന്‍) രംഗനാഥനുമൊക്കെ കിട്ടിയതിലാണ് (രംഗനാഥന്‍ രവി). പിന്നെ അത് ഈ മ യൗ വിന്‍റെ ക്രൂവിനും കൂടിയുള്ള അവാര്‍ഡാണ്. ഏതായാലും സന്തോഷം.

ഈ നേട്ടം പ്രതീക്ഷിച്ചതാണോ?

അല്ല, മാത്രമല്ല പ്രതീക്ഷയോടെ സിനിമ എടുക്കാതിരിക്കുന്നതാണ് നല്ലത്. അവാര്‍ഡ് മുന്നില്‍ കണ്ട് സിനിമ എടുത്താല്‍ അതില്‍ കൃത്രിമത്വം കടന്ന് വരും. നമുക്ക് ഇഷ്ടമുള്ള സിനിമ കണ്‍വിന്‍സിംഗ് ആയ രീതിയില്‍ സത്യസന്ധമായി ആസ്വദിച്ച് എടുക്കുക. അങ്ങനെയാണ് ഓരോ സിനിമയും ചെയ്യുന്നത്.

ഈ മ യൗ എന്ന ചിത്രം?

തീരദേശത്ത് നടക്കുന്ന ഒരു മരണമാണ്, ലത്തീന്‍ കുടുംബത്തില്‍ നടക്കുന്ന മരണം. അപ്പോള്‍ അതുമായി ബന്ധപ്പെട്ട് നടക്കാന്‍ സാധ്യതയുള്ളതെല്ലാം നമ്മള്‍ കാണാന്‍ ശ്രമിച്ചിട്ടുണ്ട്. മരണം മുതല്‍ സംസ്‌കാരം വരെയുള്ള 24 മണിക്കൂറിനുള്ളിലുള്ള ഫ്രെയിമാണ് ചിത്രം, ഒരു ഇന്‍സിഡന്റല്‍ പേര്‍സ്‌പെക്ടീവ്.

കഴിഞ്ഞ വര്‍ഷത്തെ മികച്ച നടന്‍ വിനായകന്‍, ഈ വര്‍ഷത്തെ മികച്ച സ്വഭാവ നടി പൗളി, മികച്ച സംവിധായകന്‍... ഈ മ യൗ വിന്റെ ഉത്തരവാദിത്വം കൂടിയോ?

നമ്മള്‍ നമ്മുടെ ജോലി ചെയ്യുക എന്നേയുള്ളു. പ്രതീക്ഷയുടെ ഭാരം ഇല്ലാതെ ചെയ്യുകയാവും നല്ലത്. നമുക്ക് മുന്നില്‍ വരുന്ന വിഷയങ്ങളില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കുക, അതിനെ നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട രീതിയില്‍ സിനിമ ചെയ്യുക അത്രേയുള്ളു. അങ്ങനെയാണ് ഇത്രയും നാള്‍ ചെയ്തത്. അപ്പോഴല്ലേ നന്നായി ചെയ്യാനാവുക.

ഈ മ യൗ എന്നാണ് തീയേറ്ററില്‍ എത്തുക?

മെയ്, ജൂണ്‍ മാസത്തേക്കാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ചിത്രം കുറച്ച് ഫെസ്റ്റിവല്‍സിനൊക്കെ സമര്‍പ്പിച്ചിട്ടുണ്ട്. അതും കൂടി നോക്കിയിട്ടാകും അന്തിമ തീരുമാനം.

ഓരോ ചിത്രവും വേറിട്ട ശൈലി കൊണ്ട് കൂടിയാണ് ശ്രദ്ധിക്കപ്പെടുന്നത്?

അങ്ങനെയൊരു ശൈലിയൊന്നുമില്ല. ഓരോ സിനിമയും മുമ്പ് ചെയ്ത പോലെ ആവരുത് എന്ന നിര്‍ബന്ധമുണ്ട്. അത്രേയുള്ളു. പക്ഷെ വേറിട്ട രീതി എന്നതൊക്കെ പ്രേക്ഷകരുടെ വിലയിരുത്തല്‍ മാത്രമാണ്.

അങ്കമാലി ഡയറീസ് പോലുള്ള സിനിമകള്‍ ചെയ്യാനുളള പ്രചോദനം?

അതിപ്പോള്‍ മലയാളത്തില്‍ മാത്രമല്ല, മറ്റ് ഇന്‍ഡസ്ട്രികളിലും വളരെ എവിഡന്റായി നടക്കുന്ന മാറ്റമാണ്. പുതിയ പരീക്ഷണങ്ങള്‍, പുതുമുഖങ്ങള്‍, അപ്പോള്‍ ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമെന്ന നിലയില്‍, അതിന്റെ വളര്‍ച്ച ആഗ്രഹിക്കുന്ന ആള്‍ എന്ന നിലയില്‍ സ്വഭാവികമായും നമ്മളും അതിന് ആത്മാര്‍ത്ഥമായി ശ്രമിക്കും.

അങ്കമാലി ഡയറീസും പുരസ്‌കാരത്തിന് പരിഗണിച്ച പട്ടികയില്‍ ഉണ്ടായിരുന്നു. വേണ്ടത്ര അംഗീകാരം ലഭിച്ചില്ല എന്ന തോന്നലുണ്ടോ?

അതില്‍ കാര്യമില്ലല്ലോ? നമ്മള്‍ നമ്മുടെ വര്‍ക്ക് ജൂറിക്ക് സമര്‍പ്പിക്കുന്നു. അവര്‍ അവരുടെ അഭിപ്രായത്തിന് അനുസരിച്ച് തീരുമാനം എടുക്കുന്നു. നമ്മുക്ക് അതിനോട് യോജിക്കാം വിയോജിക്കാം. പക്ഷെ ആ തീരുമാനം നമ്മള്‍ അംഗീകരിക്കണം. അല്ലാതെ എനിക്ക് അവാര്‍ഡ് തരണമെന്ന് ശഠിക്കാനാകില്ല, അതിന് വേണ്ടി കലഹിക്കുന്നത് ശരിയുമല്ല. അങ്ങനെയുണ്ടെങ്കില്‍ മാത്രമേ നമ്മള്‍ സിനിമകള്‍ നല്‍കാവൂ എന്ന പക്ഷക്കാരനാണ് ഞാന്‍.

മലയാള സിനിമകളിലെ സ്ത്രീ വിരുദ്ധതയാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്?

ഒരു വര്‍ക്ക് ഓഫ് ആര്‍ട്ടിനെ നിര്‍ബന്ധമായും ആ രീതിയില്‍ കാണണം. let them free, അത് ഒരു ഫ്രീഡമാണ്, ക്രിയേറ്റിവിറ്റിയാണ്; അപ്പോള്‍ ചിന്തകളെ സെന്‍സര്‍ ചെയ്യരുത്. അതിനെ ആ രീതിയില്‍ കാണാതെ, പ്രേക്ഷകരെ സ്വാധിനിക്കും, പ്രതിഫലിക്കും എന്നൊക്കെ പറയുന്നത് മാനസിക രോഗികളാണ്. അവര്‍ social enemies ആണ്.

പക്ഷെ ഇത്തരം വാദങ്ങള്‍ ഉയരുന്നത് സിനിമ മേഖലയിലുള്ളവരില്‍ നിന്ന് തന്നെയാണ്?

അത് അവരുടെ കാഴ്ചപ്പാടാണ്; അതിന് ഉത്തരം പറയേണ്ടത് അവര്‍ തന്നെയാണ്. ആ നിലപാടിനുള്ള കാരണം പറയേണ്ടത് അവരാണ്.

ഇപ്പോള്‍ പേരിന്റെ പേരില്‍ പോലും സിനിമകള്‍ സെന്‍സര്‍ ചെയ്യപ്പെടുന്നു? പത്മാവത്, എസ് ദുര്‍ഗ പോലുള്ള സിനിമകള്‍...

അത്തരം സെന്‍സറിംഗിനോട് പൂര്‍ണമായും വിയോജിക്കുന്നു. കാരണം ഒരു റൂള്‍ ബുക്ക് വെച്ച് ഈ വാക്ക് ഉപയോഗിക്കരുത്, അങ്ങനെ ചെയ്യരുത് എന്ന് പറയുന്നത് എങ്ങനെയാണ് അംഗീകരിക്കുക. മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തില്‍ കണ്ട് നമ്മള്‍ കണ്ണടക്കേണ്ടി വരുന്നതിന്റെ പകുതി വൃത്തികേടേയുള്ളു സിനിമയില്‍.

പക്ഷെ ഇതിനെതിരെ ഒരു കളക്ടീവ് എഫേര്‍ട്ട് ആ ഇന്‍ഡസ്ട്രിയില്‍ നിന്നുണ്ടാകുന്നുണ്ടോ?

തീര്‍ച്ചയായും ഉണ്ട്. പക്ഷെ ഇതൊരു സര്‍ക്കാര്‍ ബോഡിയാണ്. അപ്പോള്‍ നമ്മള്‍ക്ക് ഒരു decision maker ആകാന്‍ കഴിയില്ല.

എസ് ദുര്‍ഗയ്ക്ക് വേണ്ട പിന്തുണ മലയാള സിനിമ നല്‍കിയോ?

തീര്‍ച്ചയായും, ഇല്ലെന്ന് ആര് പറഞ്ഞു. സനലിന് എല്ലാ പിന്തുണയും നല്‍കിയിരുന്നു, സനല്‍ നടത്തിയ പാരലല്‍ ഫെസ്റ്റിവലിന് എല്ലാ പിന്തുണയും നല്‍കിയിരുന്നു. പക്ഷെ ഹൈക്കോടതി ഉത്തരവുമായി വന്ന് ഈ ചിത്രം പ്രദര്‍ശിപ്പിക്കാനാകില്ല എന്ന് പറയുമ്പോള്‍, നിയമവശം കൂടി പരിശോധിക്കുമ്പോള്‍ നമ്മുടെ പ്രതിഷേധത്തിന്റെ ശക്തി കുറയും. പക്ഷെ ഇപ്പോള്‍ പലരും കലാകാരന്‍മാരില്ലാത്ത ലോകത്തെ പറ്റിയാണ് ചിന്തിക്കുന്നതും പറയുന്നതും. കല അത്ര പ്രധാനപ്പെട്ടതല്ല, മറ്റ് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ട് എന്നാണ് കാഴ്ചപ്പാട്. തീര്‍ച്ചയായും മറ്റ് പ്രശ്‌നങ്ങളുണ്ട്, അത് ചര്‍ച്ച ചെയ്യപ്പെടേണ്ടതും ആണ്. പക്ഷെ കലാകാരന്‍മാരില്ലാതെ, കലയില്ലാതെ എന്ത് ബന്ധമാണ് മനുഷ്യര്‍ക്കിടയില്‍ ഉണ്ടാവുക.

സിനിമ മേഖലയില്‍ സ്ത്രീ വിരുദ്ധതയുണ്ടോ?

നമുക്ക് വേറെ എന്തൊക്കെ സംസാരിക്കാനുണ്ട്. സിനിമയില്‍ മാത്രമായി സ്ത്രീ വിരുദ്ധതയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അത് സമൂഹത്തിന്റെ ഭാഗമാണ്. ആ രീതിയിലാണ് കാര്യങ്ങളെ കാണേണ്ടത് . ഇതൊന്നും ഒറ്റ ദിവസം കൊണ്ട് മാറുന്നതല്ലല്ലോ.

അടുത്ത സിനിമ?

ആലോചനയുണ്ട്. ഉടനെയുണ്ടാകും. ഇത്രയും നാള്‍ കുറച്ച് ഇടവേളയൊക്കെ എടുത്താണ് സിനിമ ചെയ്തിരുന്നത്. ഇനി അതിന് സമയമില്ല. കഴിയുന്ന അത്രയും സിനിമ ചെയ്യുക എന്നതാണ് ലക്ഷ്യം.

http://www.azhimukham.com/film-interview-with-pf-mathews-as-script-writer-of-lijo-jose-pellissery-movie-ee-ma-yau-by-amal-lal/

http://www.azhimukham.com/cinema-pauly-valsan-second-best-actress-interview-rakeshsanal/

http://www.azhimukham.com/cinema-director-lijo-jose-pellissery-interview-anuchandra/

http://www.azhimukham.com/angamaly-dairies-lijo-jose-pellissery-tony/


Next Story

Related Stories