സിനിമ

ഈടയും ആടയും അല്ലാത്ത കാല്‍പനിക നിലാവെളിച്ചത്തിന്റെ ‘ഈട’

Print Friendly, PDF & Email

രാഷ്ട്രീയമെന്നാല്‍ കൊലപാതകവും അക്രമവുമാണെന്നും അവയ്ക്ക് മുകളില്‍ പറക്കേണ്ട അരാഷ്ട്രീയവും യുക്തിരഹിതവുമായ ഒന്നാണ് പ്രണയമെന്നും പറഞ്ഞ് വെക്കുന്ന മറ്റൊരു കാല്‍പനിക നിലാവെളിച്ചമാണ് ഈട

അന്ന മിനി

അന്ന മിനി

A A A

Print Friendly, PDF & Email

തികച്ചും അരാഷ്ട്രീയമായ ഒരു സിനിമയായാണ്‌ ‘ഈട’ എനിക്ക് അനുഭവപ്പെട്ടത്. യുദ്ധഭൂമിയിലെ പ്രണയം എന്നൊക്കെ കാല്‍പനികവത്ക്കരിക്കുന്നതിലൂടെ, കണ്ണൂരിനെ യുദ്ധഭൂമിയാക്കി മുദ്രകുത്തുകയും പ്രണയം യുക്തികള്‍ക്ക് നിരക്കാത്ത നിലാവെളിച്ചമാണെന്ന് അടിവരയിട്ട് ഉറപ്പിക്കുകയും ഒക്കെ ചെയ്യുന്ന ഒന്ന്.

കണ്ണൂരിനെ പൂര്‍ണമായും അക്രമരാഷ്ട്രീയത്തിന്‍റെ മാത്രം ഇടമായി ചിത്രീകരിക്കുകയാണ് ഈട. നിക്ഷിപ്തതത്പരരായ ചില ദേശീയ, അന്തര്‍ദേശീയ  മാധ്യമങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും വലതുപക്ഷ രാഷ്ട്രീയത്തിന്‍റെ സ്ഥാപിത താത്പര്യങ്ങളില്‍ ഉറച്ചതുമായ ഒരു കണ്ണൂരിന്‍റെ ചിത്രത്തെ നോര്‍മലൈസ് ചെയ്യാനാണ് സത്യത്തില്‍ സിനിമ ശ്രമിക്കുന്നത്. കണ്ണൂരിനെക്കുറിച്ച് കണ്ണൂരിന്റേതല്ലാത്ത ഒരു വായനയിലൂടെ ഇതാണ് കണ്ണൂര് എന്ന് പറഞ്ഞുവെക്കുന്നു. ഇടതുപക്ഷ രാഷ്ട്രീയം അക്രമത്തിന്റെതും അനീതിയുടെയും ആണെന്ന് മുദ്രകുത്തുമ്പോള്‍ സംഘപരിവാര്‍ രാഷ്ട്രീയത്തോട് മൃദു സമീപനമാണ് സിനിമ മുന്നോട്ട് വയ്ക്കുന്നത്. ഭാര്യയുടെ കാമുകനെ കൊല്ലാന്‍ ആഹ്വാനമിടുന്ന, വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് പാര്‍ട്ടിയെ ഉപയോഗിക്കുന്നവരാണ് സഖാക്കള്‍ എന്ന് പറയുന്നതിലൂടെ, മനോരമ പോലുള്ള വലതുപക്ഷമാധ്യമങ്ങള്‍ ആവിഷ്കരിച്ച പോപ്പുലര്‍ കണ്ണൂര്‍ നരേറ്റീവ് പിന്തുടരുകയാണ് ഈട. കണ്ണൂരിലെ രാഷ്ട്രീയാന്തരീക്ഷത്തിന്‍റെ സങ്കീര്‍ണതകളെ അതിന്‍റെ പൂര്‍ണതയോടെ അവതരിപ്പിക്കാന്‍ സിനിമയ്ക്ക് സാധിച്ചിട്ടില്ല.

പലതരത്തിലാണ് സിനിമയില്‍ ഇത് ആവിഷ്കരിക്കപ്പെടുന്നത്. കണ്ണൂരിന്‍റെ രാഷ്ട്രീയ ചരിത്രത്തെ ഒരു രീതിയിലും സ്പര്‍ശിക്കാതെ, പ്രാദേശിക പ്രശ്നങ്ങളെ മുഖവിലയ്ക്ക് എടുക്കാതെ, അകാരണമായും വാശിപ്പുറത്തും തമ്മില്‍ തല്ലി ചാവുന്ന നാടായി മാത്രം കണ്ണൂരിനെ അവതരിപ്പിച്ചിരിക്കുന്നതില്‍ രാഷ്ടീയ വിശകലനത്തിലെ പാകതക്കുറവാണ് അനുഭവപ്പെട്ടത്. സിനിമയിലെ ചിഹ്നങ്ങളുടെയും പ്രതീകങ്ങളുടെയും ആവിഷ്കാരവും ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അംഗവൈകല്യമുള്ളയാളും കുറച്ചൊക്കെ പാര്‍ട്ടിയെ വിമര്‍ശിക്കുന്നയാളുമായ സഖാവിന്‍റെ വീട്ടിലെ വി.എസ് അച്ചുതാനന്ദന്‍റെ ചിത്രവും ആലപ്പുഴയിലെ പോലെ അഹിംസാവാദികള്‍ അല്ല കണ്ണൂരിലെ പാര്‍ട്ടിക്കാര്‍ എന്ന സംഭാഷണവും ഒക്കെ വ്യക്തമായ സ്ഥാപിത താല്‍പര്യങ്ങളെ മുന്നോട്ട് വയ്ക്കുന്നു.

മുറിവുകളിലൂടെ പ്രണയത്തെ അടയാളപ്പെടുത്തുന്ന ഈട

സാധാരണ മനുഷ്യരെല്ലാം തന്നെ സമാധാനപ്രിയരായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍, നേതാക്കള്‍ ആകട്ടെ അവരെ തമ്മില്‍ തല്ലിച്ച് കൊല്ലാന്‍ ആഹ്വാനം കൊടുക്കുന്നവരും കല്യാണത്തിന് ബിരിയാണി തിന്നാന്‍ മാത്രം സ്റ്റേറ്റ്കാറില്‍ വന്ന് പോകുന്നവരും ആണത്രേ. സാധാരണക്കാരര്‍ക്ക് രാഷ്ടീയബോധമില്ല എന്നും അവര്‍ തന്‍റെ രാഷ്ട്രീയത്തിലും പ്രസ്ഥാനത്തിലും വിശ്വസിച്ചല്ല മറിച്ച്, നേതാവ് പറയുന്നത് അപ്പാടെ അനുസരിക്കുന്ന വെറും കൂലിക്കാരായാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും പറഞ്ഞു വെക്കുന്നതിലൂടെ, കണ്ണൂരിന്‍റെ തൊഴിലാളി രാഷ്ട്രീയ ഇടപെടലുകളെ അപ്പാടെ നിരാകരിക്കുകയാണ് ഈട. മാത്രമല്ല മരിച്ചവരുടെയും ജയിലില്‍ പോയവരുടെയും വീടുകളില്‍ അരിയും സാധനങ്ങളും എത്തിച്ച് കൊടുക്കുന്നിടത്ത് തീരുന്നതാണ് സിനിമയിലെ പാര്‍ട്ടി പ്രവര്‍ത്തനം.

ഇടത് കുടുംബ പശ്ചാത്തലം അവതരിപ്പിക്കുമ്പോള്‍ അതിനുള്ളില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കുള്ള സ്വാധീനം, അധികാരം, നിയന്ത്രണം എന്നിവ ചിത്രീകരിക്കുന്നുണ്ട്. എന്നാല്‍ പ്രാദേശിക-ഗ്രാമ-ഗോത്ര-കുടുംബ-വ്യക്തി വിഷയങ്ങളില്‍ പാര്‍ട്ടി, നിയന്ത്രണത്തിനു മാത്രമുള്ള ഒരു ടൂള്‍ ആണെന്ന ഇടുങ്ങിയ കാഴ്ചപ്പാടിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഇതിനൊക്കെ പുറമേ രണ്ട് ചേരികളായി തിരിഞ്ഞ കണ്ണൂരില്‍ ദു:ഖഭാരവും ഇമ്മോഷണല്‍ അത്യാചാറും എല്ലാം സംഘപരിവാറിനും, മരണമുണ്ടായാലും ‘ബോള്‍ഡ്’ ആയി നില്‍ക്കേണ്ട ഉത്തരവാദിത്തം കമ്മ്യൂണിസ്റ്റ്‌ കുടുംബാംഗങ്ങള്‍ക്കുമുണ്ട്. അതായത് മൂരാച്ചികളും ഹൃദയമില്ലാത്തവരുമായതിനാല്‍ അവര്‍ക്ക് അത്യാചാര്‍ എന്നല്ല, കരച്ചില്‍ പോലും പറഞ്ഞിട്ടില്ല എന്ന ലോജിക്കിന്‍റെ ഹാംഗ്ഓവര്‍ വിട്ടുമാറിട്ടില്ല സിനിമയ്ക്ക്.

കണ്ണൂരുകാരായ രണ്ട് യുവാക്കളുടെ പ്രണയത്തെ ആസ്പദമാക്കി മുന്നേറുന്ന ചിത്രം പുതിയ തലമുറയുടെ (അ)രാഷ്ട്രീയതയെ സാമാന്യവത്കരിക്കാനും ശ്രമിക്കുന്നു. കമ്മ്യൂണിസ്റ്റ്‌ കുടുംബത്തിലും ചുറ്റുപാടിലും വളര്‍ന്ന നായിക കണ്ണൂരിനേക്കാള്‍ മഹത്തരമായ നാടായി അമേരിക്കയേയും മൈസൂരിനേയും കാണുന്നതില്‍ ഇത് പ്രകടമാണ്. കണ്ണൂരിനെ സിനിമയില്‍ ഉടനീളം വാള്‍മുനയില്‍ നിര്‍ത്തുമ്പോള്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിന്‍റെ വിളനിലമായ മൈസൂരിനെ സമാധാനപരമായാണ് പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിക്കുന്നത്. ‘കണ്ണൂരിന്റെ അതിരുകള്‍ കടന്ന് മൈസൂരിലെ തുറന്ന ആകാശത്തിനു കീഴില്‍’ (‘ഈട’; കണ്ണൂരിന്റെ മണ്ണില്‍ എല്ലുരുക്കുന്ന പ്രണയം, പിന്നെ രാഷ്ട്രീയവും: സുനില്‍ ഗോപാലകൃഷ്ണന്‍, അഴിമുഖം) എന്നൊക്കെ നിരൂപിക്കുമ്പോള്‍ മൈസൂരിന്‍റെ ആകാശവും ഭൂമിയും മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയവും അവസ്ഥകളും ഒന്ന് പരിശോധിക്കുന്നത് നന്നാവും. പ്രേമിക്കാന്‍ പോയിട്ട് ഭക്ഷണം കഴിക്കാന്‍ വരെ പേടിക്കേണ്ട നാടാണത്.

‘ഈട’; കണ്ണൂരിന്റെ മണ്ണില്‍ എല്ലുരുക്കുന്ന പ്രണയം, പിന്നെ രാഷ്ട്രീയവും

സാങ്കേതിക മികവും സ്ത്രീകളുടെ ഇടപെടലുകളെ കുറിച്ചുള്ള സൂക്ഷ്മ നിരീക്ഷണവും പ്രശംസ അര്‍ഹിക്കുന്നു. ഇടത് കുടുംബത്തിലും രാഷ്ട്രീയത്തിലും ജാതീയമായ വ്യത്യാസം നിലനില്‍ക്കെ തന്നെ, സ്ത്രീക്ക് നിലപാടും അഭിപ്രായപ്രകടന സ്വാതന്ത്ര്യവും ഉണ്ടെന്നിരിക്കെ, സംഘപരിവാര്‍ ഇടങ്ങളില്‍ കഞ്ഞിവെക്കലിനായി മാത്രം നിയോഗിക്കപെട്ടവളാണ് സ്ത്രീയെന്ന് ഈട അഭിപ്രായപ്പെടുന്നു. തെയ്യം, സ്ത്രീക്ക് വിവാഹവും കുടുംബവും കുട്ടികളും ഉണ്ടാകുമെന്ന് നേരുമ്പോള്‍, പുരുഷന് ജോലിയും ധനലാഭവും നേരുന്നു എന്നതും തികച്ചും ശ്രദ്ധേയമാണ്.

ചുരുക്കിപ്പറഞ്ഞാല്‍ രാഷ്ട്രീയമെന്നാല്‍ അകാരണമായ കൊലപാതകവും അക്രമവുമാണെന്നും അവയ്ക്ക് മുകളില്‍ പറക്കേണ്ട അരാഷ്ട്രീയവും യുക്തിരഹിതവും ആയ ഒന്നാണ് പ്രണയമെന്നും പറഞ്ഞ് വെക്കുന്ന മറ്റൊരു കാല്‍പനിക നിലാവെളിച്ചമാണ് ഈട! എന്നാല്‍ ഈ നിലാവെളിച്ചം, മുന്‍വിധികള്‍ നിറഞ്ഞതും കണ്ണൂരിന് മേല്‍ സംഘപരിവാറിന്‍റെ സ്ഥാപിത താല്‍പര്യങ്ങളെ സംരക്ഷിക്കുന്നതും കൂടിയാണ്.

മലയാളസിനിമ പ്രണയത്തെയും അതിന്‍റെ രൂപ-ഭാവ മാറ്റങ്ങളേയും ആഘോഷിക്കുമ്പോഴും പ്രണയത്തിലും രാഷ്ട്രീയമുണ്ട് അല്ലെങ്കില്‍ പ്രണയം രാഷ്ടീയമാണ് എന്ന് തിരിച്ചറിയുന്നില്ല എന്നിടത്താണ് പ്രശ്നം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അന്ന മിനി

അന്ന മിനി

ബാംഗ്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ആന്‍ഡ് ഇകണോമിക് ചേഞ്ചില്‍ ഗവേഷക

More Posts

Follow Me:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍