TopTop
Begin typing your search above and press return to search.

പെണ്ണെന്നാല്‍ കണ്ണീര്; ഈ സീരിയല്‍ യുക്തിയില്‍ പാളിപ്പോയ 'ക്രോസ്‌റോഡ്' പരീക്ഷണം

പെണ്ണെന്നാല്‍ കണ്ണീര്; ഈ സീരിയല്‍ യുക്തിയില്‍ പാളിപ്പോയ ക്രോസ്‌റോഡ് പരീക്ഷണം

വിവാദമായ സോളോക്ക് ഒപ്പം തന്നെ പുറത്തിറങ്ങിയ മറ്റൊരു ആന്തോളജി സിനിമയാണ് ക്രോസ്സ്റോഡ്. പത്തു സംവിധായകരുടെ 15 മിനുട്ടോളം ദൈര്‍ഘ്യമുള്ള സിനിമകളാണ് ക്രോസ്സ്റോഡില്‍ ഉള്ളത്. ജീവിതത്തിന്റെ ക്രോസ്സ്‌റോഡില്‍ നില്‍ക്കുന്ന പത്തു സ്ത്രീകളാണ് ക്രോസ്സ്റോഡിലെ പ്രധാന കഥാപാത്രങ്ങള്‍. പോര്‍ട്മാന്റ്യു സിനിമ എന്നാണ് ക്രോസ്സ്റോഡ് അവകാശപ്പെടുന്നത്. ജീവിതത്തിലെ ഒരു നിര്‍ണായക ഘട്ടത്തില്‍ ഒരുവള്‍ എന്ത് തീരുമാനിക്കുന്നു എന്നതാണ് ഓരോ സിനിമയെയും മുന്നോട്ട് നയിക്കുന്നത്. ഈ പുതുമ ആണ് അണിയറ പ്രവര്‍ത്തകര്‍ മാര്‍ക്കറ്റ് ചെയ്യാന്‍ ഉദ്ദേശിച്ചതും. സ്ത്രീത്വത്തിന്റെ ആഘോഷം എന്നതാണ് സിനിമയുടെ സബ് ടൈറ്റില്‍. മധുപാലും ലെനിന്‍ രാജേന്ദ്രനും പോലെ പ്രശസ്ത സംവിധായകരും പുതുമുഖ സംവിധായകരും ചേര്‍ന്നാണ് ക്രോസ്സ്റോഡിലെ വിവിധ ചിത്രങ്ങള്‍ സംവിധാനം ചെയ്തത്

മധുപാലിന്റെ സംവിധാനത്തിലും പി എഫ് മാത്യൂസിന്റെ തിരക്കഥയിലും പുറത്തു വന്ന 'ഒരു രാത്രിയുടെ കൂലി' യോടെ ആണ് സിനിമ തുടങ്ങുന്നത്. പത്മപ്രിയയുടെ സീമ എന്ന ലൈംഗിക തൊഴിലാളി ആണ് ഇതിലെ കേന്ദ്രകഥാപാത്രം. വളരെ ഭീകരമായ ഒരു യാദൃശ്ചികതയെ നേരിടേണ്ടി വന്ന ഇവരുടെ ഒരു ദിവസവും അതിന്റെ പരിണാമഗുപ്തിയും ആണ് ഈ സിനിമ ചര്‍ച്ച ചെയ്യുന്നത്. നേമം പുഷ്പരാജിന്റെ 'കാവല്‍' ആണ് അടുത്ത സിനിമ. ഒരു ജവാന്റെ ഭാര്യ ആയ ആര്‍ട്ടിസ്റ്റിന്റെയും മകന്റെയും ജീവിതത്തിലെ ഒരു ദുരന്തവും അതിനെ അവര്‍ അതിജീവിക്കുന്ന വിധവും ആണ് ഈ സിനിമ. പ്രിയങ്ക നായര്‍ ആണ് കേന്ദ്രകഥാപാത്രമാകുന്നത്. നയന സൂര്യന്‍ എന്ന പുതുമുഖം സംവിധാനം ചെയ്ത 'പക്ഷികളുടെ മണ'ത്തില്‍ മൈഥിലിയും വിജയ് ബാബുവും ആണ് കേന്ദ്രകഥാപാത്രമാവുന്നത്.ഒരു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ സ്ത്രീയുടെ കുടുംബവും സ്വാതന്ത്ര്യവും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ കഥയാണ് ഈ സിനിമ പറയുന്നത്.

ബാബു തിരുവല്ല സംവിധാനം ചെയ്യുന്ന 'മൗനം' കന്യാസ്ത്രീ ആകാന്‍ നിര്‍ബന്ധിത ആയ കവിതയും പ്രണയവും ഉള്ളില്‍ പേറുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ്. ഒരു സംഭവ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എന്നവകാശപ്പെടുന്ന അശോക് ആര്‍ നാഥിന്റെ 'ബദര്‍' മതം, നന്മ ഒക്കെ തമ്മിലുള്ള സംഘര്‍ഷങ്ങളുടെ കഥ പറയുന്നു. മംമ്ത മോഹന്‍ദാസ് ആണ് പ്രധാന കഥാപാത്രം. 'മുദ്ര' നര്‍ത്തകിയായ ഗായയും ബാല്യകാല സുഹൃത്തും തമ്മിലുള്ള ആന്തരികമായ അടുപ്പത്തിന്റെ കഥയാണ്. ആല്‍ബര്‍ട്ട് സംവിധാനം ചെയ്ത ഈ സിനിമയില്‍ ഇഷാ തല്‍വാറും അഞ്ജലി നായരും കേന്ദ്രകഥാപാത്രങ്ങള്‍ ആണ്. ശശി പരവൂരിന്റെ 'ലേക്ക് ഹൌസ്' ഒരു ദുരന്ത പ്രണയ കുടുംബ കഥയാണ്. റിച്ച പനായി ആണ് പ്രധാന സ്ത്രീകഥാപാത്രമാകുന്നത്. പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന ജയരാജ് കഥ എഴുതുന്ന 'കോഡേഷ്യന്‍' വാര്‍ധക്യത്തിന്റെ ഏകാന്തതയുടെ കഥ പറയുന്നു. മലയാളത്തിലെ ഏറ്റവും പ്രായം കൂടിയ അഭിനേതാക്കളില്‍ ഒരാളായ കാഞ്ചന പ്രധാന കഥാപാത്രമാകുന്നു. അവിര റെബേക്ക സംവിധാനം ചെയ്ത 'ചെരിവ്' അറിയാത്ത സ്ഥലത്തു വാഹനം കിട്ടാതെ ഒരു നിര്‍ണായക ഘട്ടത്തില്‍ ഒറ്റക്കായ സ്ത്രീയുടെയും ഒരു ടാക്സി ഡ്രൈവറുടെയും കഥ പറയുന്നു. ശ്രിന്ദയും മനോജ് കെ ജയനും ആണ് കേന്ദ്ര കഥാപാത്രങ്ങള്‍ ആകുന്നത്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'പിന്‍പേ നടപ്പവള്‍' ആണ് അവസാന സിനിമ. അഞ്ജന ചന്ദ്രന്‍ കേന്ദ്ര കഥാപാത്രമായ ഈ സിനിമ ഗാര്‍ഹിക പീഡനത്തെ പറ്റിയാണ് സംസാരിക്കുന്നത്

ക്രോസ്സ് റോഡ് എന്ന പ്രധാന തീമിനോട് എല്ലാ സിനിമകളും നീതി പുലര്‍ത്തി എങ്കിലും ഭൂരിഭാഗം സിനിമകള്‍ക്കും ഉള്ള അമേച്വര്‍ സ്വഭാവവും എഡിറ്റിങ്ങിലെ പിഴവുകളും അതിനാടകീയത നിറഞ്ഞ സംഭാഷണങ്ങളും സിനിമയെ മടുപ്പിക്കുന്ന കാഴ്ചയാക്കി. മധുപാലിന്റെ ആദ്യ സിനിമ മാത്രമാണ് സിനിമാറ്റിക് സങ്കേതങ്ങളെ ഉപയോഗിച്ച് കൃത്യമായി സംവദിച്ച ഒരു സിനിമ. പെണ്ണ് പൊരുതണം തോല്‍ക്കരുത് എന്നൊക്കെ മകനോട് പറയുന്ന അമ്മയും ഞാന്‍ ഒരു മഹാത്യാഗം ചെയ്യുന്നു എന്ന് പറയുന്ന കന്യാസ്ത്രീ പട്ടം സ്വീകരിക്കുന്ന യുവതിയും ത്യഗത്തിന്റെ അതിപ്രസരമാകുന്ന നര്‍ത്തകിയും ഒക്കെ 80കള്‍ മുതല്‍ ക്ളീഷേ ആയി പ്രേക്ഷകര്‍ തിരിച്ചറിഞ്ഞ കഥകളാണ്. സ്ത്രീ, ത്യാഗം, നന്മ എന്നൊക്കെ പറഞ്ഞു പോകുന്ന അലക്ഷ്യവും അശ്രദ്ധവും ആയ സിനിമകള്‍ ആണ് പലതും. 'പക്ഷികളുടെ മണം' പോലുള്ള സിനിമകള്‍ സ്വാതന്ത്ര്യം പോലുള്ള തീമുകള്‍ ഏറ്റെടുക്കാന്‍ കഷ്ടപ്പെട്ടു ശ്രമിച്ചവയാണ്. അതിഭീകരമായ കൃത്രിമത്വം ഓരോ സംഭാഷണങ്ങളിലും മുഴച്ചു നിന്നു. ആര്‍ട്ട് ഹൌസ് സിനിമകളുടെ 70 കളിലെ പാറ്റേണ്‍ ആണ് ഈ സിനിമയൊക്കെ പിന്തുടരുന്നത്. പതിനഞ്ചും ഇരുപതും മിനുട്ടു മാത്രം ദൈര്‍ഘ്യം ഉള്ള സിനിമകളില്‍ കൂടുതല്‍ മെലോഡ്രാമാറ്റിക്ക് ആക്കാന്‍ മാത്രം സഹായിച്ച പാട്ടുകളും ഉണ്ട്. വലിച്ചു നീട്ടുന്ന സിനിമകളുടെ മടുപ്പ് പലപ്പോഴും ഇത് കൂട്ടി. മൂന്നു മണിക്കൂറോളം സമയമാണ് ഈ സിനിമ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നത്.

പല സിനിമകളും പിന്തുടരുന്ന പൂര്‍വ മാതൃകകള്‍ ആണ് സിനിമയെ പിന്നോട്ട് തള്ളുന്ന മറ്റൊരു ഘടകം. കാഞ്ചനയുടെ അഭിനയം കൊണ്ടും ചിലയിടങ്ങളിലെ നല്ല കാഴ്ചകള്‍ കൊണ്ടും എപ്പോഴൊക്കെയോ മനസ്സില്‍ തൊടുന്നുണ്ടെങ്കിലും 'കോഡേഷ്യന്‍' പലപ്പോഴും അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത 'ബ്രിഡ്ജി'ന്റെ ഓര്‍മ ഉണ്ടാക്കുന്നു. വാര്‍ധ്യകത്തില്‍ ഒറ്റക്കാക്കുന്ന മക്കളെയും അവതരിപ്പിക്കുന്നത് പലകുറി ആവര്‍ത്തിച്ചു പറഞ്ഞ രീതിയിലാണ്. 'ചെരിവ്' പലപ്പോഴും 'ഹാപ്പി ജേര്‍ണി' എന്ന അഞ്ജലി മേനോന്‍ സിനിമയുടെ അനുകരണമാണ്. ദുരൂഹമായ സാഹചര്യത്തെ അതിജീവിക്കാന്‍ താന്‍ മാവോയിസ്റ്റ് ആണെന്ന് പറയുന്ന സ്ത്രീ എന്ന പ്രധാന സന്ദര്‍ഭം ഒന്ന് കൊണ്ട് മാത്രം കാണുന്ന ഭൂരിഭാഗം പ്രേക്ഷകര്‍ക്കും ആ സിനിമ ഓര്‍മ വരും എന്നുറപ്പാണ്. ഇത്തരം ഒരു അനുകരണം അറിയാതെ സംഭവിച്ചതാണ് എന്ന് കരുതാന്‍ വയ്യ. ചില്ല്, വേനല്‍ പോലെ സ്ത്രീപക്ഷത്തു നിന്നു സംസാരിച്ച സിനിമകള്‍ ചെയ്ത ദേശിയ ശ്രദ്ധ നേടിയ സംവിധായകന്‍ ആണ് ലെനിന്‍ രാജേന്ദ്രന്‍. അദ്ദേഹത്തിന്റെ 'പിന്‍പേ നടന്നവള്‍' പക്ഷെ 'പാഠം ഒന്ന് ഒരു വിലാപ'ത്തിന്റെയും '22 ഫീമെയ്ല്‍ കോട്ടയ'ത്തിന്റെയും മിനിയേച്ചര്‍ കഥ പോലെ തോന്നി. നാടകം, സിനിമ, ജീവിതം ഒക്കെ ഇടകലര്‍ത്തിയ സങ്കേത രീതി അദ്ദേഹം പരീക്ഷിച്ചെങ്കിലും അത് കാണികളുമായി ഒട്ടും സംവദിച്ചില്ല എന്ന് തന്നെ പറയേണ്ടി വരും. പല സിനിമകളുടെയും കേന്ദ്ര ആശയം തന്നെ 'കേരളം കഫെ' പരീക്ഷണത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ്. 'മുദ്ര'യാവട്ടെ കഥ പറയുമ്പോഴിനെ ചില സാഹചര്യങ്ങളും ജന്‍ഡറും മാറ്റി കാണികള്‍ക്കു മുന്നില്‍ അവതരിപ്പിച്ച പോലെ തോന്നി. 'ലേക്ക് ഹൌസ്' 70 കളുടെ അവസാനത്തിലും 80 കളുടെ തുടക്കത്തിലും സമൃദ്ധമായി വന്നിരുന്ന ദുരന്ത സിനിമകളുടെ ആവര്‍ത്തനമാണ്.

സ്ത്രീ അവസ്ഥ എന്നാല്‍ ദുരന്തത്തിന്റയും ത്യാഗത്തിന്റെയും കഥകള്‍ മാത്രമാണെന്ന ധാരണ ഈ സിനിമയിലെ പല സംവിധായകരും ഉപേക്ഷിച്ചിട്ടില്ല. വ്യത്യസ്തമായ ഒരു പെണ്ണവസ്ഥയെയും കുറിച്ച് സിനിമ സംസാരിക്കുന്നില്ല. 'ഒരു രാത്രിയുടെ കൂലി' മാത്രമാണ് എന്തെങ്കിലും തരത്തില്‍ കാണികളെ അത്തരത്തില്‍ ആകര്‍ഷിക്കുന്നത്. കരയുന്ന സ്ത്രീകളെ പല സാഹചര്യങ്ങളില്‍ കാട്ടിപ്പോകുന്നതിനപ്പുറം ഒന്നും സിനിമ ബാക്കി വെക്കുന്നില്ല. 'ബദര്‍' പോലെ ഒരുപാട് വ്യഖ്യാന സാധ്യതകള്‍ ഉള്ള സിനിമകളെയും മെലോഡ്രാമ കൊണ്ട് ചുരുക്കുന്ന അവസ്ഥയാണുണ്ടായത്. ഒരു ശുഭാന്ത്യത്തിന്റെ സാധ്യതയെ 'കോഡീഷ്യനും' തള്ളിക്കളഞ്ഞു. ആകെ മെലോഡ്രാമ കുറഞ്ഞ 'ചെരിവ്' ഹാപ്പി ജേര്‍ണിയുടെ വികാലാനുകരണമായി ചുരുങ്ങി. പെണ്‍ അവസ്ഥ എന്നാല്‍ കണ്ണീരുമായി ഗതി കിട്ടാതെ അലയുക എന്ന സാധ്യത കാണിച്ചു അതിനെ വിറ്റു കാശാക്കുക്ക എന്നത് മാത്രമാണ് എന്ന സീരിയല്‍ യുക്തി മിക്ക സിനിമകളിലും മുഴച്ചു നില്‍ക്കുന്നു. അവിടെയും തന്റെ തൊഴിലിന്റെ കൂലി വാങ്ങി നടന്നു പോകുന്ന ലൈംഗിക തൊഴിലാളി മാത്രം മികച്ചു നില്‍ക്കുന്നു.

കഥാഗതിയില്‍ മാത്രമല്ല മേക്കിങ്ങിലും മിക്കവാറും സിനിമകള്‍ മെഗാ സീരിയലുകളെ ആണ് ആശ്രയിക്കുന്നത്. പെണ്ണെന്നാല്‍ കണ്ണീരാണ് എന്നൊക്കെ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നവര്‍ക്ക്, അത്തരം കണ്ണീരിനെ കാണാന്‍ ഇത്രയും സമയം ക്ഷമയോടെ ഇരിക്കാമെങ്കില്‍ ഈ സിനിമ നിങ്ങള്‍ക്കുള്ളതാണ്. അല്ലെങ്കില്‍ ഒന്നോ രണ്ടോ സിനിമകള്‍ ഒഴിച്ച് തീര്‍ത്തും പാളിപ്പോയ ഒരു പരീക്ഷണം ആണ് ക്രോസ്സ് റോഡ്.


Next Story

Related Stories