TopTop
Begin typing your search above and press return to search.

വയലന്‍സിന്റെ ദേവരാട്ടം, ഗൗതം കാർത്തിക്കിന്റെ ആക്ഷൻ കൂത്താട്ടം...

വയലന്‍സിന്റെ ദേവരാട്ടം, ഗൗതം കാർത്തിക്കിന്റെ ആക്ഷൻ കൂത്താട്ടം...

പരിധികളില്ലാത്ത വടിവാൾ വയലന്‍സിനെ സിനിമയിൽ മുഷിപ്പിക്കൽ കൂടാതെ ആവിഷ്കരിക്കുക എന്നത് ചില്ലറക്കാര്യമല്ല. നൂറോ ആയിരമോ വട്ടം പറഞ്ഞ് പഴകിയ ഫോര്‍മുല പടങ്ങളെ പുതിയ കുപ്പായമിട്ടു പ്രേക്ഷകനെക്കൊണ്ട് ആസ്വദിപ്പിക്കുക എന്നതും ചെറിയ കാര്യമല്ല. അങ്ങനെ വച്ച് നോക്കുമ്പോൾ ദേവരാട്ടം എന്ന തമിഴ് സിനിമ സംവിധാനം ചെയ്ത എം മുത്തയ്യയെ അഭിനന്ദിക്കാതെ രക്ഷയില്ല. ഒട്ടും വെറുപ്പിക്കൽ കൂടാതെ രണ്ടുമണിക്കൂർ പത്തുമിനിറ്റ് തിയേറ്ററിൽ ഇരിക്കാവുന്ന വിധം ടൈറ്റ് ആയിട്ടാണ് അദ്ദേഹം ദേവരാട്ടം തയ്യാറാക്കിയിരിക്കുന്നത്.

കുട്ടിപ്പുലി, മരുത്, കൊമ്പൻ, കൊടിവീരൻ എന്നിവയാണ് ഇതുവരെ സംവിധാനം ചെയ്തിരിക്കുന്ന സിനിമകൾ. വൻ ഫ്രഷ്നസ് ഒന്നുമില്ലെങ്കിലും അവ ഉദ്ദേശിക്കുന്ന പ്രേക്ഷകരെ നന്നായി ആസ്വദിപ്പിച്ച സിനിമകൾ ആയിരുന്നു എല്ലാം തന്നെ എന്നുകാണാം.. (പ്രകൃതിസ്നേഹികൾ പ്ലീസ് സ്റ്റെപ്പ് ബാക്ക്). ഇത്തവണ സീനിയർ നടന്മാരെ വിട്ട് ഗൗതം കാർത്തിക്കിനെ ആണ് ടിയാൻ തന്റെ മാസ് മസാല പൊളിച്ചെടുക്കലുകൾക്ക് മുന്നിൽ നിർത്തിയിരിക്കുന്നത്.

അതുകൊണ്ട് തന്നെ ടിക്കറ്റെടുക്കുമ്പോൾ ആ കായി നഷ്ടമാകുമോ എന്ന് നല്ല ടെൻഷൻ ഉണ്ടായിരുന്നു. മണിരത്നം മെനക്കെട്ടിട്ട് പോലും ചെക്കനെ പ്രേക്ഷകരെക്കൊണ്ട് ഇമ്പ്രസ് ചെയ്യിപ്പിക്കാനായിട്ടില്ല. ആക്ഷൻ ഫിലിം പോയിട്ട് കാണാൻ മെനയുള്ള ഒരു പെർഫോമൻസ് പോലും ഗൗതമൻ ഇതുവരെ പുറത്തെടുത്തിട്ടില്ല. അങ്ങനെ ഉള്ളവന് മധുരൈ റൂറൽ ആക്ഷൻ ഹീറോയുടെ ലോക്കൽ കോസ്റ്റ്യും ഇട്ട് കൊടുത്ത് വടിവാൾ കയ്യിൽ വച്ചുകൊടുത്തതായി പോസ്റ്ററിൽ കണ്ട് പടത്തിന് കേറുന്നവന്റെ അവസ്ഥ ഊഹിക്കാമല്ലോ..

പക്ഷെ, ചെക്കന്റെ മേഖല ഇതായിരുന്നു എന്ന് ദേവരാട്ടം കണ്ട് കഴിയുമ്പോഴാണ് മനസിലാവുക. വെട്രി എന്ന വടിവാൾ വയലന്റ് വക്കീൽ ഹീറോയെ കുറ്റം പറയാനാവാത്ത വിധം ഗൗതം കാർത്തിക് ഗംഭീരമാക്കിയിരിക്കുന്നു. ആക്ഷനിൽ പയ്യൻസ് ചീറും ചിരുത്തൈ ആണ്. മുത്തയ്യയ്ക്ക് ചേർന്ന കോമ്പിനേഷൻ. ഒരുപക്ഷേ കാർത്തിക് എന്ന നടൻ കരിയറിൽ മുഴുവൻ പയറ്റിയിട്ടും പൂർണമായും സാക്ഷാത്കരിക്കാനാവാത്ത ഒരു മോഹമാണ് ആക്ഷൻ ഹീറോ ആവുക എന്നത്. മകൻ അക്കാര്യത്തിൽ കരിയറിന്റെ ആദ്യപാദത്തിൽ തന്നെ വിജയമാവുന്ന കാഴ്ച ആണ് ദേവരാട്ടം.

പൊള്ളാച്ചിയിൽ ഈയിടെ ഏറെ വിവാദമായിരുന്ന ലൈംഗിക പീഡന കേസാണ് മുത്തയ്യ മധുരയുടെ പശ്ചാത്തലത്തിലേക്ക് പറിച്ച് നട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ മനഃസാക്ഷിയുള്ളവർ സിനിമയിൽ കാണുന്ന ഏത് വയലന്‍സിലും ന്യായീകരണം കണ്ടെത്തും. കാരണം അനീതിക്കെതിരെയുള്ള വണ്‍മാന്‍ ആർമി ആണല്ലോ നായകൻ. കുടുംബപാശവും സെന്റിമെന്റസും പ്രണയവും ഉത്സവവും ഡപ്പാംകുത്തും എല്ലാം കറക്റ്റ് അളവിൽ ബ്ലെൻഡ് ചെയ്യുമ്പോൾ ദേവരാട്ടത്തിന് വിജയമാവാതെ തരമില്ല.

ആറു ചേച്ചിമാർക്ക് അനിയനായിട്ടാണ് വെട്രി ജനിക്കുന്നത്. ചേച്ചിമാരും അളിയന്മാരും ഒക്കെ ചേർന്ന് കൂട്ടുകുടുംബമായിട്ടാണ് അവരുടെ വാസം. അതിൽ ചിലരൊക്കെ ചേച്ചിമാരെന്ന നിലയിൽ അല്ല അമ്മമാരെ പോലെ തന്നെയാണ് അവനു ബന്ധം. എല്ലാവരും ചേർന്ന് പഠിപ്പിച്ചു വക്കീലാക്കിയെങ്കിലും കോടതി മുഖാന്തിരമല്ലാതെ സ്വന്തം നിലയിൽ വടിവാൾ കയ്യിലെടുത്ത് നിയമം നടപ്പിലാക്കാനായിരുന്നു ഓന് താല്പര്യം. അതിനിടയിലേക്ക് മധുര അടക്കിവാഴുന്ന കൊടുമ്പാവി ഗണേശൻ എന്ന വില്ലന്റെയും എം എൽ എ യുടെയും മക്കളും സെക്ഷ്വൽ അസോൾട്ടും ക്കെ കടന്നു വരുന്നതോടെ സംഗതി എരമ്പും..

എന്ത് പറയുന്നു എന്നല്ല എങ്ങനെ പറയുന്നു എന്നാണല്ലോ ഇത്തരം പടങ്ങളുടെ ആസ്വാദ്യതയ്ക്ക് മാനദണ്ഡം. ടൈറ്റ് പാക്ഡ് ആയ സ്ക്രിപ്റ്റ്, നായകന്റെ എനർജി ലെവൽ, വില്ലന്റെ (ഫെഫ്‌സി വിജയൻ) ഞെരിപ്പ് എന്നിവ ദേവരാട്ടത്തിന്റെ ഹൈലൈറ്റ് ആണ്. കാര്യങ്ങൾ പ്രവചനീയമാണ് എന്നത് ഇത്തരം സിനിമകൾക്ക് ഒരു നെഗറ്റീവ് ആണെന്ന് തോന്നുന്നില്ല. പക്ഷേ ഗൗതമിന് ജോഡിയായി മഞ്ജിമ മോഹനെ പോലൊരു സീറോ എനർജി ലേഡിയെ കൊണ്ടുവന്നു എന്നത് മുത്തയ്യയ്ക്ക് സംഭവിച്ച വൻ പാളിച്ച തന്നെയാണ്.

തിരിച്ചിറങ്ങുമ്പോൾ വെറുതെ കാൽക്കുലേറ്റു ചെയ്ത് നോക്കി, എഴുപതുകാരൻ സ്‌ക്രീനിൽ ആക്ഷൻ ഹീറോ ആവുന്നത് കണ്ടിരിക്കുമ്പോഴും മുപ്പതുകാരൻ ആക്ഷൻ ഹീറോ ആവുന്നത് കണ്ടിരിക്കുമ്പോഴും നമ്മുടെ മനോനിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ..

Read More: ടൈം മാഗസിനില്‍ മോദിയെ വിമര്‍ശിക്കുന്ന കവര്‍ സ്‌റ്റോറി വന്നപ്പോള്‍ റിപ്പോര്‍ട്ടര്‍ക്ക് സംഭവിച്ചത്


Next Story

Related Stories