TopTop
Begin typing your search above and press return to search.

വെള്ളായിയപ്പന്മാര്‍ പുത്രദുഃഖത്താല്‍ വിണ്ടും വിണ്ടും മരണപ്പെടുമ്പോള്‍

വെള്ളായിയപ്പന്മാര്‍ പുത്രദുഃഖത്താല്‍ വിണ്ടും വിണ്ടും മരണപ്പെടുമ്പോള്‍

"വെള്ളായിയപ്പന്‍ യാത്ര പുറപ്പെടുമ്പോള്‍ വീട്ടില്‍നിന്നും കൂട്ടനിലവിളി ഉയര്‍ന്നു. അപ്പുറത്ത് അമ്മിണിയുടെ വീട്ടിലും അതിനുമപ്പുറത്ത് മുത്തുറാവുത്തന്‍റെ വീട്ടിലും ആളുകള്‍ ശ്രദ്ധാലുക്കളായി. വിഷാദവാന്മാരായി. ആ വീടുകള്‍ക്കുമപ്പുറത്ത് പാഴുതറയിലെ അമ്പതില്‍ ചില്വാനം കുടികളിലത്രയും ഈ വിഷാദവും സഹാനുഭൂതിയും നിറഞ്ഞു.” കടല്‍ത്തീരത്ത് എന്ന കഥ ആരംഭിക്കുന്നത് ഇങ്ങനെയാണ്.

ഏറ്റവും ആര്‍ദ്രമായ വിലാപം അമ്മയുടെയോ ഭാര്യയുടെയോ കാമുകിയുടെയോ അല്ലെന്നു തെളിയിക്കുന്നതാണ് കടല്‍ത്തിരത്ത് എന്ന കഥ. വാര്‍ദ്ധക്യം എന്ന അനാഥത്വം എപ്പോഴും തിരയുന്നത് പുത്രനെന്ന യഥാര്‍ത്ഥ്യത്തെയാണ്‌. അനാഥനായ അച്ഛന്മാര്‍ പുത്രന്മാരെ തിരഞ്ഞു മന്ത്രിമന്ദിരങ്ങളിലും കോടതികളിലും കയറിയിറങ്ങി നടന്നത് കഥയല്ലല്ലോ.

ട്വിസ്റ്റുകളും മെലോഡ്രാമകളും കൊണ്ട് നിറഞ്ഞതാണ്‌ തമിഴ് സിനിമകള്‍. അഭിനയത്തിന്‍റെ ഉത്തുംഗത്തില്‍, വികാരത്തിന്‍റെ ശോക വേലിയേറ്റത്തില്‍, പിടിച്ചിരുന്ന ജനലഴി ഒടിഞ്ഞു കൈയില്‍ വന്നുപോയതുപോലും അറിയാതെനിന്ന ‘തങ്കപതക്ക’ത്തിലെ ശിവാജിഗണേശനെ കണ്ടു വളര്‍ന്ന തമിഴ് പ്രേക്ഷകര്‍ ഇപ്പോള്‍ വെള്ളിത്തിരയ്കു പുറത്ത് നടക്കുന്ന ഒരു കഥകണ്ട് അമ്പരന്നുനില്‍ക്കുന്നു.

“കൊടി സിനിമ നിങ്ങള്‍ കണ്ടിട്ടില്ലേ? എന്‍റെ മുഖമല്ലേ കലൈചെല്‍വന്?” എന്ന് കതിരേശന്‍ എന്ന പിതാവ് ചോദിക്കുന്നത് ഒരു മുഖം കണ്ടുകൊണ്ടാണ്. തമിഴില്‍ പുതു തരംഗം സൃഷ്ടിച്ച ധനുഷ് എന്ന ഒട്ടും സിനിമാറ്റിക് അല്ലാത്ത മുഖമുള്ള താരത്തെ നോക്കിയാണ്. തമിഴ് സിനിമയില്‍ വലിയ പൊളിച്ചെഴുത്തുകള്‍ നടത്തിയ പുതു താരങ്ങളില്‍ ഏറ്റവും പ്രമുഖനെന്ന് ധനുഷിനെ വിളിക്കാം. സംവിധായകന്‍ കസ്തുരി രാജയുടെ മകനായി അറിയപ്പെടുന്ന ധനുഷ്, സ്റ്റൈല്‍ മന്നന്‍റെ മരുമകനായ, ആടുകളം എന്ന സിനിമയിലൂടെ ദേശിയ അവാര്‍ഡ് നേടിയെടുത്ത വിശേഷണങ്ങളും വിശേഷങ്ങളും കൊണ്ട് നിറയുന്ന ധനുഷ് ഒരു വശത്ത് നില്‍ക്കുമ്പോള്‍, 1985ല്‍ മധുര രാജാജി ഗവ ആശുപത്രിയില്‍ ഞങ്ങളുടെ മകനായി ജനിച്ച കലൈചെല്‍വനാണ് ധനുഷ് എന്ന താരമെന്ന് പറഞ്ഞു വന്നത് ദാരിദ്ര്യത്തിന്‍റെയും ദുരിതത്തിന്റെയും പിന്‍ബലത്തില്‍ മാത്രം ജിവിക്കുന്ന കതിരേശനും മിനാക്ഷിയുമാണ്. പിന്നെ, മാലമ്പട്ടിയെന്ന ഗ്രാമവും.

ശിവഗംഗ ബസ് സ്റ്റാന്‍റില്‍ ഒരു ടൈം കീപ്പറായി ജോലിചെയ്തിരുന്ന കതിരേശന്‍ തിരയുന്നത് പതിനാറാം വയസില്‍ സിനിമാഭ്രാന്ത്‌ കയറി നാടുവിട്ടുപോയ സ്വന്തം മകനെയായിരുന്നു. തുണിമില്ലുകളിലും പണിയാളുകള്‍ക്കിടയിലും അവനെ തിരഞ്ഞ കതിരേശന്‍ 2003ല്‍ തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെ എത്തിയ ആ മെലിഞ്ഞ പയ്യന്‍ നാടുവിട്ടുപോയ കലൈചെല്‍വന്‍ തന്നെയെന്നു പറയുന്നു. അന്ന് തുടങ്ങിയതാണ്‌ ഈ അവകാശവാദം. ആദ്യസിനിമ ഇറങ്ങിയ ഉടന്‍ ഒരു ചാനലില്‍ വന്ന അഭിമുഖത്തില്‍, തന്റെ നാട് മധുരയ്ക്കടുത്തു മേലൂരില്‍ ആണെന്ന് ധനുഷ് പറഞ്ഞതായും കതിരേശന്‍ വെളിപ്പെടുത്തുന്നു. ഒടുവില്‍ നാടിനടുത്ത് ഷുട്ടുചെയ്ത ‘ആടുകളം’ ലൊക്കേഷനില്‍ എത്തിയ കതിരേശനെ നിഷ്ക്കരുണം മാറ്റിനിര്‍ത്തിയതും ധനുഷിന്‍റെ സിനിമാക്കാരായിരുന്നു.

ഒടുവില്‍ നാടുവിട്ടുപോയ മകന്‍റെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ശരീര അടയാളങ്ങള്‍ എന്നീ തെളിവുകളുമായൊക്കെ ആ ഗ്രാമീണന്‍ കയറിയിറങ്ങുന്നത് കോടതികളിലാണ്. അതെല്ലാം നിരാകരിക്കുന്ന വിധിന്യായങ്ങളായിരുന്നു മറുപടിയായി വന്നത്. എന്നിട്ടും ഇയാള്‍ ഇതിനു പിറകെ നടക്കുന്നതെന്തിനാണ്? പണമെന്ന ഉദ്ദേശത്തിലാണെങ്കില്‍ തനിക്ക് പണം വേണ്ടന്നു കതിരേശന്‍ ആണയിട്ടു പറയുമ്പോഴാണ് കസ്തുരി രാജാ ധനുഷ് എന്ന പേരില്‍ അറിയുന്ന തന്‍റെ മകന്‍ ആര്‍ കെ വെങ്കിടേശ്വര പ്രഭുവിന്‍റെ ജനന സര്‍ട്ടിഫിക്കറ്റുമായി രംഗപ്രവേശം ചെയ്യുന്നത്. അതുതന്നെയാണ് ഇന്ന് കൂടുതല്‍ സംശയങ്ങളും യുക്തിരാഹിത്യവും നിറയ്കുന്നത്. പരസ്പര ബന്ധമില്ലാത്ത പലതും അതില്‍ നിറഞ്ഞിരിക്കുന്നുവെന്നു പറയുന്നു. ജനന തിയതി മുതല്‍ ജാതിവരെ അതില്‍ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നതായാണ് അറിയുന്നത്.

പുതിയകാലത്ത് ഒരാളുടെ ക്രെഡന്ഷ്യല്‍ തന്നെയാണ് അയാളെ സംബന്ധിച്ച വലിയ രേഖ. അതിലുടെ കടന്നു പോയ കതിരേശനെന്ന പിതാവിന്‍റെ പണം വാങ്ങാത്ത വക്കീല്‍ എതിര്‍ കക്ഷിയോടു പലതും ആവശ്യപ്പെടുന്നു. അതില്‍ സഹപാഠികളെ സംബന്ധിച്ച വിവരമെങ്കിലും നല്‍കാന്‍ അയാള്‍ പറയുന്നു. നമുക്ക് അല്പം വടക്കോട്ട്‌ പോകാം അവിടെയൊരു അന്‍പത്തിയാറിഞ്ചുകാരന്‍റെ വിദ്യാഭ്യാസത്തെ സംബന്ധിച്ച രേഖകളെല്ലാം ഒരു യുണിവേര്‍സിറ്റിയില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. അതല്ലെങ്കില്‍ അത് വിവരവകാശ പരിധിയില്‍ വരില്ലെന്ന് പറയുന്നു. കൂടെ ക്ലാസിലിരുന്നു പരിക്ഷയെഴുതിയവരോ പഠിച്ചവരോ ആയി ആരുമില്ലെന്ന് അറിയുന്നു. ഏകാന്തപഥികന്മാരുടെ വിദ്യാലയങ്ങള്‍ കൊണ്ട് നമ്മുടെ രാജ്യം നിറയുമോ? അപ്പോള്‍ പിന്നെ ആ പഴുത് അടയുമെന്നുള്ളത് തിര്‍ച്ച.

എന്തായാലും കതിരേശന്‍ എന്ന നാട്ടിന്‍പുറത്തുകാരന് എത്തിപ്പിടിക്കാവുന്നതിനപ്പുറമാണ് ധനുഷെന്ന താരം. അതുതന്നെയാണ് പുതിയ കേസ് തള്ളിക്കൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ വിധിയും തെളിയിക്കുന്നത്. വെള്ളായിയപ്പന്മാര്‍ പുത്രദുഃഖത്താല്‍ വിണ്ടും വിണ്ടും മരണപ്പെട്ടുകൊണ്ടേയിരിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories