TopTop
Begin typing your search above and press return to search.

തൊണ്ടിമുതല്‍ പോത്തന്‍ ചെയ്യുമെന്നു പറഞ്ഞപ്പോഴേ കാര്യങ്ങള്‍ പോസിറ്റീവായി- സജീവ്‌ പാഴൂര്‍/അഭിമുഖം

തൊണ്ടിമുതല്‍ പോത്തന്‍ ചെയ്യുമെന്നു പറഞ്ഞപ്പോഴേ കാര്യങ്ങള്‍ പോസിറ്റീവായി- സജീവ്‌ പാഴൂര്‍/അഭിമുഖം

മലയാള സിനിമയില്‍ ഒരു മാറ്റത്തിനു തുടക്കം കുറിച്ച ചലച്ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ദിലീഷ് പോത്തന്‍ എന്ന സംവിധായകന്റെ കന്നി സംരംഭം. ചിത്രം വന്‍ വിജയമായതോടെ ദിലീഷിന്റെ അടുത്ത ചിത്രത്തിനായും പ്രേക്ഷകര്‍ കാത്തിരിപ്പ് തുടങ്ങി. പ്രതീക്ഷകള്‍ ഒട്ടും തെറ്റിയില്ല. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമ തീയേറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. മാധ്യമപ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനും എഴുത്തുകാരനുമായ സജീവ്‌ പാഴൂരാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. സജീവ്‌ പാഴൂരുമായി സുജയ് രാധാകൃഷ്ണന്‍ സംസാരിക്കുന്നു.

സുജയ് രാധാകൃഷ്ണന്‍: തൊണ്ടിമുതലും ദൃക്‌സാക്ഷിയും എങ്ങനെ തുടങ്ങി?

സജീവ്‌ പാഴൂര്‍: മൂന്ന് വര്‍ഷം മുമ്പ് ഡയറക്ട് ചെയ്യാനായി എഴുതിയ കഥയാണിത്. 'പൊന്മുട്ടൈ' എന്ന പേരില്‍ തമിഴിലും മലയാളത്തിലുമായി ദ്വിഭാഷാ സിനിമയായി ചെയ്യാനായിരുന്നു ആലോചന. ബിസിനസുകാരനായ കൃഷ്ണകുമാര്‍ എന്ന കൊച്ചിയിലുള്ള സുഹൃത്തുമായി ആലോചിച്ചു. ചെറിയ ബജറ്റിലാണ് ആദ്യം ആലോചിച്ചത്. ഇന്ദ്രന്‍സും ഉര്‍വശിയുമാണ് ഇപ്പോള്‍ സുരാജും നിമിഷയും ചെയ്തിരിക്കുന്ന ദമ്പതി കഥാപാത്രങ്ങളായി ഉണ്ടായിരുന്നത്. പാലമ്മ എന്ന 45 വയസുള്ള കഥാപാത്രമായിരുന്നു ഉര്‍വശിയുടേത്. പാലക്കാട് -തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ഗ്രാമമായിരുന്നു പശ്ചാത്തലം. ഈ വിഷയം കൂടുതല്‍ നന്നായി തമിഴന്‍ അഡ്രസ് ചെയ്യുമെന്നായിരുന്നു എന്റെ വിശ്വാസം. ഇപ്പോഴും അങ്ങനെ തോന്നുന്നുണ്ട്. കൂടംകുളത്തിനടുത്ത് ഉഗുരി എന്ന സ്ഥലത്തായിരുന്നു ലൊക്കേഷന്‍. തമിഴ്‌നാട്ടില്‍ ഇലക്ഷന്‍ നടക്കുന്ന കാലം. പണമിടപാട് ഒരു പ്രശ്‌നമായിരുന്നു. പടം നീട്ടിവയ്ക്കാം എന്ന് തീരുമാനിച്ചു.

അസോസിയേറ്റ് സാജന്‍ അടക്കമുള്ള പല സുഹൃത്തുക്കളും ഇത് വലിയ പ്രോജക്ടായി ചെയ്യണമെന്ന അഭിപ്രായം മുന്നോട്ട് വച്ചു. അപ്പൊ അത് കൃഷ്ണകുമാറിന്റെ കയ്യില്‍ നില്‍ക്കില്ല. പിന്നീട് പല പ്രൊഡ്യൂസര്‍മാരേയും സമീപിച്ചു. ഞാന്‍ ജോലി ചെയ്തതിട്ടുണ്ടായിരുന്നത് മിക്കവാറും പാരലല്‍ - ആര്‍ട്ട് ഹൗസ് ഡയറക്ടര്‍മാര്‍ക്കൊപ്പമാണ്. ഷാജി എന്‍ കരുണിന്റെ സ്വപാനം, ആര്‍ ശരതിന്റെ സ്വയം തുടങ്ങിയവ. ഞാന്‍ അവാര്‍ഡ് സിനിമയുടെ ആളാണെന്നായിരുന്നു പലരും കണ്ടത്. അപ്പൊ സ്വാഭാവികമായും അവര്‍ക്ക് പേടിയുണ്ടായിരുന്നു. അങ്ങനെ പലരേയും കണ്ടും ചര്‍ച്ച ചെയ്തും രണ്ട് വര്‍ഷത്തോളം പോയി. അതിനിടെ സുധീര്‍ കരമന പറഞ്ഞിട്ട് സന്ദീപ് സേനനെ പോയി കണ്ടു. സന്ദീപിന് കഥ ഇഷ്ടപ്പെട്ടു. സന്ദീപ് അതിനിടയ്ക്ക് ഒരു തെലുങ്ക് പടത്തിന്റെ തിരക്കില്‍ പെട്ടു. അതത്ര സക്സസ് ആയില്ല. കുറച്ച് ടെന്‍ഷനായി. പിന്നീട് സന്ദീപുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. സന്ദീപ് ഈ പ്രോജക്ടിന്റെ കാര്യം മറന്ന പോലായി. സന്ദീപുമായി സംസാരിച്ചത് ഞാനും വിട്ടു. മറ്റ് പലരേയും കണ്ടു. പിന്നെ ചെയ്യാം എന്ന് വച്ച് ഞാനും മാറ്റി വച്ചു.

അതിനിടയ്ക്ക് എബ്രിഡ് ഷൈന്റെ പ്രോജക്ടുമായി പോയി. അപ്പോള്‍ വീണ്ടും സന്ദീപിന്റെ കോള്‍ വന്നു. ആ സമയത്ത് സിഎമ്മിന്റെ ഓഫീസിലാണ് ജോലി, പ്രഭാ വര്‍മയുടെ കൂടെ. വേറൊരാള്‍ ഈ സ്‌ക്രിപ്റ്റ് ഡയറക്ട് ചെയ്യാന്‍ കൊടുക്കാന്‍ താല്‍പര്യമുണ്ടോ എന്ന് സന്ദീപ് അന്വേഷിച്ചു. എനിക്കും വലിയ സമ്മതക്കുറവുണ്ടായിരുന്നില്ല. കുറച്ചുകാലമായി ഇതിങ്ങനെ ഇരിക്കാണല്ലോ. ആരാ ഡയറക്ടര്‍ എന്ന് ചോദിച്ചു. അപ്പൊ പറഞ്ഞു ദിലീഷ് പോത്തനാണ്. മഹേഷിന്റെ പ്രതികാരം മലയാളത്തില്‍ 10-15 വര്‍ഷത്തിനിടയ്ക്ക് എന്നെ ഏറ്റവുമധികം ഇന്‍സ്പയര്‍ ചെയ്ത സിനിമയാണ്. മേക്കിംഗായാലും സ്‌ക്രിപ്റ്റിംഗ് പാറ്റേണ്‍ ആയാലും. ഓരോ ഫ്രെയ്മിലും ഡയറക്ടര്‍ തിളച്ച് നില്‍ക്കുന്നുണ്ട്. അപ്പൊ, പോത്തന്‍ ചെയ്യും എന്ന് പറയുമ്പോള്‍ അത് പോസിറ്റീവായി തോന്നി. എന്റെ ഭാര്യയും എന്നോട് അത് തന്നെയാണ് പറഞ്ഞത്. ഈ സിനിമ നിങ്ങള്‍ സംവിധാനം ചെയ്യുന്നതിനേക്കാള്‍ നന്നാവും, പോത്തന് തിരക്കഥ കൊടുത്താലെന്ന്.

സ്‌ക്രിപ്റ്റ് വായിച്ച ശേഷം പോത്തന്‍ വിളിച്ചു. നമുക്ക് ഈ പടം കാസര്‍ഗോട്ടേക്ക് മാറ്റാം എന്ന് പറഞ്ഞു. കാസര്‍ഗോഡ് ഓകെയായിരുന്നു. വെള്ളത്തിന് പ്രശ്‌നമുള്ള സ്ഥലമാണ്. വെള്ളം കിട്ടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലം. പോത്തന്‍ ടൈറ്റില്‍ പറഞ്ഞു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ഞാനിങ്ങനെ പല ടൈറ്റിലുകളും ആലോചിച്ചു കൊണ്ടിരിക്കുകയാണ്. ഒരു താലിയുടെ ചിത്രവും തൊണ്ടിമുതല്‍ എന്നെഴുതിയതിന്റെ മുകളില്‍ വരച്ചിട്ടാണ് ഒരു ബോര്‍ഡില്‍ പോത്തന്‍ ടൈറ്റില്‍ എഴുതി വയ്ക്കുന്നത്. ഉര്‍വശി തീയറ്റേഴ്‌സ് അവതരിപ്പിക്കുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സംവിധാനം ദിലീഷ് പോത്തന്‍ എന്ന് പറഞ്ഞ്. മധ്യവയസ്‌ക ദമ്പതികളെ ചെറുപ്പക്കാരാക്കി മാറ്റി. വണ്‍ലൈന്‍ റെഡിയാക്കി. ഫഹദിന്റെ കാര്യം ആദ്യം തന്നെ തീരുമാനിച്ചിരുന്നു. പിന്നെ സുരാജ് വരുന്നു, രാജീവ് രവി വരുന്നു. ഓരോരുത്തരായി വരുന്നു.

സുജയ്: തിരക്കഥ ഒറ്റയ്ക്കിരുന്ന് എഴുതുന്ന രീതി വിട്ട് കൂട്ടായ ചര്‍ച്ചകളിലൂടെ ഒരു കളക്ടീവ് ക്രിയേഷനായി തിരക്കഥ രൂപപ്പെടുത്തുന്ന ശൈലി കൂടുതലായി വരുന്നു. ദിലീഷ് പോത്തന്റെ ചിത്രങ്ങളില്‍ ഇത് പ്രകടമാണ്.

സജീവ്‌: തീര്‍ച്ചയായും. ഒരു ഡെമോക്രാറ്റിക് സ്‌പേസ് സെറ്റ് ചെയ്യുന്നു. അതിനകത്താണ് ചര്‍ച്ച നടക്കുന്നത്. ഈ പടത്തിന് പുറത്തുള്ള സുഹൃത്തുക്കളില്‍ ഷൈജു ഖാലിദിനെ പോലുള്ളവരുമായൊക്കെ പോത്തന്‍ ഈ സ്‌ക്രിപ്റ്റിനെ പറ്റി ചര്‍ച്ച ചെയ്യുന്നുണ്ട്. വ്യക്തമായ സീന്‍ ക്രമീകരണമുണ്ടായിരുന്നു. ഇതിനെ പോളിഷ് ചെയ്യുകയാണ്. അതില്‍ നിന്ന് ഒരു ഡ്രാഫ്റ്റ് തയ്യാറാവുന്നു. സ്‌ക്രിപ്റ്റ് കത്തിച്ച് കളയണം എന്ന് പറഞ്ഞ രാജീവ് രവിയാണ് ചിത്രത്തിന്റെ ക്യാമറാമാന്‍. രാജീവേട്ടന്‍ പറഞ്ഞത് വളരെ ശരിയാണ്.

സുജയ്: രാജീവ് രവി ഇന്റര്‍വ്യൂവില്‍ പറഞ്ഞ ആ അഭിപ്രായം തെറ്റിദ്ധാരണകള്‍ ഉണ്ടാക്കിയിരുന്നു. സ്‌ക്രിപ്റ്റിനെ അപ്രധാനമാക്കി തള്ളിക്കളഞ്ഞു എന്ന വിമര്‍ശനമാണ് സിനിമാമേഖലയിലെ പലരും ഉയര്‍ത്തിയത്.

സജീവ്: അല്ല, അങ്ങനെയല്ല. എനിക്ക് കണ്ടന്റില്‍ വിശ്വാസമുണ്ട് എന്നും. ഇത് ഇന്ത്യന്‍ കോണ്‍ടക്‌സ്ടില്‍ എവിടെ വേണമെങ്കിലും സംഭവിക്കാവുന്ന കഥയാണ്. ഇങ്ങനെയൊരു കള്ളന്‍ ഒരു പൊലീസ് സ്റ്റേഷനില്‍ എത്തിയാല്‍ ഇതേ ഉണ്ടാകൂ. ഇന്നയിന്ന പ്രോസസിലൂടെയേ അത് കടന്നുപോകൂ എന്ന കാര്യത്തില്‍ ഒരു വ്യവസ്ഥ സൃഷ്ടിച്ചിട്ടുള്ള രീതിയുണ്ട്. ഇതിലെ കള്ളന്‍ ഒരു ട്രിക്കി ക്യാരക്ടറാണ്. അതിലേക്ക് ആര്‍ട്ടിസ്റ്റിനെ പ്ലേസ് ചെയ്യുന്ന ഒരു രീതിയുണ്ട്. ഫഹദ് അല്ലാതെ മറ്റാരെയാണ് ഈ കഥാപാത്രമായി ഇന്ന് ആലോചിക്കാനാവുക എന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. ഫഹദിന്റെ കണ്ണുകള്‍, എത്ര ഷാര്‍പ്പായാണ് ചെയ്തിരിക്കുന്നത്. ഇത് കണ്‍സീവ് ചെയ്യാന്‍ ഒരു ഡയറക്ടര്‍ വേണം. നിങ്ങള്‍ക്ക് ഇത്തരമൊരു അനുഭവമുണ്ടായാല്‍ ആ സാഹചര്യത്തില്‍ നിങ്ങള്‍ എങ്ങനെയായിരിക്കും ബിഹേവ് ചെയ്യുക, ഇത് മാത്രമാണ് പോത്തന്‍ അഭിനേതാക്കളോട് പറയുന്നത്. തുടര്‍ച്ചയായാണ് സീനുകള്‍ ഷൂട്ട് ചെയ്യുന്നത്.

സുജയ്: സിനിമ പോലെ തന്നെ ലീനീയര്‍ ശൈലിയിലാണ് ഷൂട്ടിംഗും പോയത്?

സജീവ്‌: അതെ. ഓരോ ദിവസവും നമുക്ക് സിനിമയുടെ തുടര്‍ച്ച കാണാം. സിനിമ വികസിച്ച് പൂര്‍ണരൂപത്തിലെത്തുന്നത് വരെ ഓരോ ഘട്ടവും ഞങ്ങള്‍ക്ക് കണ്ട് വിലയിരുത്താനായി. സിനിമ ഉണ്ടാക്കുകയല്ല, അത് ഉണ്ടായിവരുകയാണ് എന്ന് പോത്തന്‍ എപ്പോഴും പറയുന്നുണ്ട്. ലൈറ്റ് ബോയ്‌സ് ആയി പ്രവര്‍ത്തിച്ചവര്‍, അഭിനയിച്ച പൊലീസുകാര്‍ ഇങ്ങനെ എല്ലാവരുടേയും അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നുണ്ട്. അഭിനേതാക്കള്‍ അണ്‍കംഫര്‍ട്ടബിളാവുന്ന പ്രശ്‌നമേ പോത്തന്റെ സെറ്റിലില്ല. ടേക്ക് ശരിയായില്ലെന്ന് പറഞ്ഞോ, മറ്റെന്തെങ്കിലും കാരണം പറഞ്ഞോ പോത്തന്‍ ആരെയെങ്കിലും വഴക്ക് പറയുന്നത് കണ്ടിട്ടില്ല. അവര്‍ വളരെ റിലീഫായി, സ്വതന്ത്രരായി നില്‍ക്കുകയാണ്. അടുത്ത ദിവസം ഷൂട്ട് ചെയ്യുന്ന സീനുകളുടെ റിഹേഴ്‌സല്‍ നടക്കുന്നു. ഞാന്‍ നേരത്തെ അസോസിയേറ്റായി വര്‍ക്ക് ചെയ്ത സാഹചര്യങ്ങള്‍ വച്ചുനോക്കുമ്പോള്‍ എനിക്ക് ഒട്ടും പരിചിതമായ രീതിയായിരുന്നില്ല ഇത്.

സുജയ്: ക്രിയേറ്റീവ് ഡയറക്ടര്‍ എന്ന പുതിയൊരു സ്ഥാനം മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത ഒന്നാണ്. മഹേഷിന്റെ പ്രതികാരത്തിലൂടെ ദിലീഷ് പോത്തന്‍ - ശ്യാം പുഷ്‌കരന്‍ ടീം ഉണ്ടാക്കി വച്ച വലിയൊരു എക്‌സ്പക്‌റ്റേഷനുണ്ട്. തിരക്കഥ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ശ്യാം പുഷ്‌കരന്റെ റോളും ശ്യാമിനോടൊപ്പമുള്ള അനുഭവവും?

സജീവ്‌: ശ്യാം പുഷ്‌കരന്‍, രാജീവ് രവി. ഈ രണ്ട് തൂണുകള്‍ക്കിടയില്‍ റിലാക്‌സ്ഡ് ആയി നിന്നാണ് ഞാനീ പടം ചെയ്യുന്നത് എന്നാണ് പോത്തന്‍ പറഞ്ഞത്. രാജീവേട്ടന്‍ ഈ പടത്തിന് എന്താണോ അതിന് തുല്യം തന്നെയാണ് ശ്യാമിന്റ പങ്കും. പോത്തനും ശ്യാമുമായുള്ള ബന്ധം ഒരു സിനിമാ റിലേഷനല്ല. വളരെ അടുത്ത, സഹോദരതുല്യമായ ബന്ധമാണ്. സംഭാഷണങ്ങള്‍ പ്രധാനമായും ഞങ്ങള്‍ രണ്ട് പേരും ചേര്‍ന്നാണ് തയ്യാറാക്കിയത്. ഏറ്റവും ചെറിയ കാര്യങ്ങളെ പോലും നിരീക്ഷിക്കുകയും അതിനെ ഡീറ്റെയില്‍ ചെയ്യുകയും ചെയ്യുന്നവരുമാണ് ശ്യാമും പോത്തനും. തിരക്കഥയുടെ മോള്‍ഡിംഗിലും പോളിഷിംഗിലും ശ്യാമിന്റെ സംഭാവന വലുതാണ്. പിന്നെ ചെറിയ കാര്യങ്ങളെ പോലും സൂക്ഷമമായി നിരീക്ഷിക്കുന്ന വ്യക്തിയാണ് ശ്യാം. ഇത്തരത്തില്‍ ഡയലോഗുകളെ ഷാര്‍പ്പെന്‍ ചെയ്യും. ചെറിയൊരു കാര്യം പെട്ടെന്ന് കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന രീതിയില്‍, എന്നാല്‍ വലിയൊരു ഡയമെന്‍ഷന്‍ ഉള്ള തരത്തില്‍ ഇതിനെ പ്ലേസ് ചെയ്യുന്നതില്‍ ശ്യാമിന്റെ മിടുക്ക് എടുത്ത് പറയേണ്ടതാണ്. ഒരുപാട് വലിയ വര്‍ത്തമാനം പറയാതെ ചെറിയ സംഭവത്തിലൂടെ കാര്യങ്ങള്‍ കമ്മ്യൂണിക്കേറ്റ് ചെയ്യാം എന്നുള്ളൊരു പാറ്റേണുണ്ട്. ശ്യാം ബേസിക്കലി ഒരു ഡയറക്ടറാണ്. അയാള്‍ ഒരു സിനിമ ചെയ്താല്‍ അത് മികച്ചൊരു പടമായിരിക്കും എന്നാണ് എന്റെ ഉറച്ച വിശ്വാസം.

സുജയ്: ശ്യാം ചേര്‍ത്തലക്കാരനാണ്. ചേര്‍ത്തല പശ്ചാത്തലമായി വരുന്നത് ഇങ്ങനെയാണോ ?

സജീവ്‌: വെള്ളമുള്ള ഒരു സ്ഥലം എന്നായിരുന്നു നോക്കിയത്. അപ്പൊ ചേര്‍ത്തല കംഫര്‍ട്ടബിളാണ്. വെള്ളമുള്ള സ്ഥലത്ത് നിന്ന് അവര്‍ വെള്ളത്തിന്റെ ലഭ്യത കുറഞ്ഞ, പൊതുവെ ഡ്രൈ ആയ ഒരു പ്രദേശത്തേയ്ക്ക് പോവുകയാണ്.

സുജയ്: കാസ്റ്റിംഗിനെ കുറിച്ചാണ് എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് പൊലീസുകാരുടെ. മാത്രമല്ല, അലന്‍സിയറിന്റെ പൊലീസ് വേഷം ഹ്യൂമര്‍ കൈകാര്യം ചെയ്യുന്നതില്‍ ഉള്‍പ്പടെ സ്റ്റീരിയോടൈപ്പ് ആയി മാറാന്‍ സാധ്യതയുള്ളതായിരുന്നു.

സജീവ്‌: ശരിക്കുള്ള പൊലീസുകാരെ കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതോടെ തന്നെ ഈ പടത്തിന്റെ വലിയൊരു തീരുമാനം ശരിയാവുകയായിരുന്നു. സിനിമയെ സംബന്ധിച്ച് ഇതൊരു ഷൂട്ടിംഗ് സെറ്റാണെങ്കിലും പൊലീസുകാരെ സംബന്ധിച്ച് ഇത് പൊലീസ് സ്റ്റേഷനാണ്. അവര്‍ക്ക് കംഫര്‍ട്ടബിളായ സ്ഥലത്ത് നിന്നാണ് അവര്‍ വര്‍ക്ക് ചെയ്യുന്നത്. അവരുടെ അനുഭവങ്ങളില്‍ നിന്ന് അവര്‍ക്ക് ഒരുപാട് കോണ്‍ട്രിബ്യൂട്ട് ചെയ്യാനുണ്ട്. ഒരു പൊലീസ് സ്റ്റേഷനില്‍ പത്ത് ദിവസം പോയി ഒബ്‌സര്‍വ് ചെയ്താലും നമുക്ക് ചിലപ്പോള്‍ ക്ലാരിറ്റി കൊണ്ടുവരാന്‍ പറ്റണമെന്നില്ല. ആ ക്ലാരിറ്റി ഈ പടത്തിന് ആവശ്യമായിരുന്നു. ഈ പടത്തിലെ എഴുപത് ശതമാനത്തിലധികം സീനുകള്‍ പൊലീസ് സ്റ്റേഷനിലാണ്. പൊലീസ് സ്റ്റേഷനില്‍ പോയിട്ടുള്ളവര്‍ക്കോ ഒറിജിനല്‍ പൊലീസുകാര്‍ക്കോ ഒന്നും ഈ പടം അരോചകമായി തോന്നില്ല. നമ്മുടെ പല സിനിമകളിലേയും കോടതി സീനുകള്‍ പോലെയല്ല. കോടതിയില്‍ കൊട്ടുവടിയില്ല. ഒച്ചപ്പാടോടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള സംസാരവും അങ്ങനെ ഉണ്ടാവില്ല. അതിന് അതിന്റേതായ ചില രീതികളുണ്ട്. അല്ലാതെ സിനിമയില്‍ നമ്മള്‍ കണ്ടുശീലിച്ചിട്ടുള്ള രീതിയല്ല. പൊലീസ് സ്റ്റേഷന്‍ എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് അടുപ്പം തോന്നും. റിയല്‍ ലൈഫില്‍ നമ്മള്‍ കാണുന്ന കാര്യങ്ങള്‍. സിനിമയ്ക്ക് സമയവും കാലവുമില്ല.

സുജയ്: പൊലീസ് സ്റ്റേഷനില്‍ ഒളിക്യാമറ വച്ച പോലെ എന്ന വിലയിരുത്തലുണ്ട്.

സജീവ്‌: അതൊരു മേക്കറുടെ ബ്രില്യന്‍സാണ്. പോത്തന്റെ കയ്യില്‍ ശരിയായ ഏത് കണ്ടന്റ് കിട്ടിയാലും ഏത് പടം ചെയ്താലും അത് ആള്‍ക്കാര്‍ക്ക് അടുപ്പം തോന്നിപ്പിക്കുന്ന തരത്തിലുള്ളതായിരിക്കും. സ്വാഭാവികമായും അത് ആളുകള്‍ക്ക് ഇഷ്ടപ്പെടും. തനിക്ക് അനുഭവമില്ലാത്ത ഒരു കാര്യത്തിലേക്ക് പോകില്ലെന്നാണ് പോത്തന്‍ പറയുന്നത്. ഞാന്‍ മുണ്ടുടുക്കുമ്പോള്‍ ഒരിക്കലും താഴത്തെ തല ഒപ്പമായി നില്‍ക്കില്ല. ഇത് പോത്തന്‍ പറഞ്ഞപ്പോളാണ് ഞാന്‍ ശ്രദ്ധിക്കുന്നത്. ഇതാണ് പോത്തന്റെ ഒബ്‌സര്‍വേഷന്‍. ഇതാണ് കഥാപാത്രങ്ങളില്‍ പ്രതിഫലിക്കുന്നത്.

സുജയ്: ഫഹദിന്റെ കള്ളന്‍ കഥാപാത്രം ഒരു ഐഡന്റിറ്റിയുമില്ലാത്ത മനുഷ്യനാണ്. ഈ കഥാപാത്രം പൊന്മുട്ടയില്‍ നിന്ന് കാര്യമായി മാറിയിട്ടുണ്ടോ?

സജീവ്‌: ഇത്തരമൊരു ട്രിക്കിയായ കള്ളന്‍ കഥാപാത്രമല്ലാതിരുന്നെങ്കില്‍ ഈ സിനിമ മുന്നോട്ട് പോകില്ലായിരുന്നു. കഥാപാത്രങ്ങളുടെ പ്രായവും പശ്ചാത്തലവുമെല്ലാം മാറുന്നു എന്ന് മാത്രമാണ്. നമ്മളിങ്ങനെ നില്‍ക്കുമ്പോള്‍ ഒരാള്‍ നമ്മളെ ഇടിച്ച് ആള്‍ക്കൂട്ടത്തിലേക്ക് ഓടി മറയുന്നു. പൊന്മുട്ടൈയില്‍ തമിഴ് നടന്‍ അപ്പുക്കുട്ടിയാണ് ഈ വേഷം ചെയ്യാനിരുന്നത്. അപ്പുക്കുട്ടി പൊന്മുട്ടൈയുടെ കാര്യം എപ്പോഴും വിളിച്ച് അന്വേഷിക്കുമായിരുന്നു. ഉര്‍വശി ചേച്ചി അടക്കമുള്ളവര്‍ എനിക്ക് വേണ്ടി, ഈ പടത്തിനായി ഒരുപാട് ശ്രമിച്ചതാണ്. സുധീര്‍ കരമന, ശ്രീജിത് രവി, ഇന്ദ്രന്‍സേട്ടന്‍ ഇവരെല്ലാം ഈ പടം നടക്കണമെന്ന് ആഗ്രഹിച്ച് പല പ്രൊഡ്യൂസര്‍മാരുമായും ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ആ പ്രോജക്ട് നടന്നില്ല. പക്ഷെ ഒരു തരത്തില്‍ അത് നന്നായി എന്ന് പറയാം. ഞാന്‍ പോത്തനോട് പറഞ്ഞിട്ടുണ്ട്, ഈ പടം ഞാന്‍ സംവിധാനം ചെയ്തിരുന്നെങ്കില്‍ ഇത്ര നന്നാവില്ലായിരുന്നു എന്ന്. ഈ ചിത്രത്തിലെ രസകരമായ പല കാര്യങ്ങളും സ്‌പൊണ്ടേനിയസായി മറ്റ് പലരില്‍ നിന്നും വന്നതാണ്. പലതും നമ്മള്‍ പ്രതീക്ഷിക്കാത്തവരില്‍ നിന്നും. അത് പടത്തിലേക്ക് വന്നപ്പോള്‍ ഉണ്ടാക്കിയ ഇംപാക്ടുണ്ട്. പോത്തന്‍ ഇതിന്റെയൊരു ഹോള്‍സെയില്‍ മാര്‍ക്കറ്റാണ്.

സുജയ്: സിനിമയെ കുറിച്ച് വന്ന ചുരുക്കം ചില വിമര്‍ശനങ്ങളില്‍ ഒന്നാണ് ഫഹദിന്റെ കഥാപാത്രത്തെ ആത്യന്തികമായി നന്മയുള്ള കള്ളനായി ചിത്രീകരിച്ചു, ലെജിറ്റിമൈസ് ചെയ്ത് വിശുദ്ധനാക്കി, മുഖ്യധാരാ ചേരുവകളുമായി ഒരു കോംപ്രമൈസ് നടത്തി എന്നൊക്കെ. അവസാനം സുരാജിന്റെ കഥാപാത്രത്തിനോട് കള്ളന്‍ മാലയിരിക്കുന്ന സ്ഥലം പറഞ്ഞുകൊടുക്കുന്നുണ്ടല്ലോ ?

സജീവ്‌: നന്മയുള്ള കള്ളന്‍ എന്നൊന്നും പറയാനാവില്ല. ഇപ്പോ നമ്മളിങ്ങനെ നില്‍ക്കുമ്പോള്‍ ഒരാള്‍ നമ്മളെ ഇടിച്ചിട്ട് ആള്‍ക്കൂട്ടത്തിലേയ്ക്ക് ഓടി മറയുന്നു എന്ന് വിചാരിക്കുക, ഇവന്‍ എന്താണ്, എവിടെയാണ്, എന്തിനാണ് നമ്മളെ ഇടിച്ചത് തുടങ്ങിയ ചോദ്യങ്ങളിങ്ങനെ മനസില്‍ നില്‍ക്കും. അവന്റെ ഐഡന്റിറ്റി ട്രേസ് ചെയ്യാന്‍ വഴിയില്ല. ഇത്തരത്തില്‍ ഒരുപാട് പേരുള്ള ഒരു സൊസൈറ്റിയിലാണ് നമ്മള്‍ ജീവിക്കുന്നത്. അയാള്‍ക്കൊരു പോളിസിയുണ്ട്, അത് അയാള്‍ പറയുന്നുമുണ്ട്. അവസാനം വരെ പിടിച്ചുനില്‍ക്കുക എന്നത്. അയാള്‍ അയാളുടെ ജോലി ആസ്വദിച്ച് ചെയ്യുന്നയാളാണ്. അതിനെക്കുറിച്ച് പറയുന്നുമുണ്ട്. അയാളുടെ അതിജീവനത്തിന്‍റെ ഭാഗമാണത്. ബോണ്‍ ക്രിമിനല്‍ എന്നൊന്നില്ല. അങ്ങനെയൊരു വര്‍ഗമില്ല. ആ വാക്ക് പിശകുള്ള ഒന്നാണ്. ജനിച്ച് വീഴുന്ന ഒരു കൊച്ചിന് എന്ത് കള്ളത്തരമാണുള്ളത്. ആ കുട്ടിയെ കള്ളന്‍ പ്രസാദാക്കി മാറ്റുന്നത് ഈ സൊസൈറ്റി തന്നെയാണ്. അവന്റെ ജീവിത സാഹചര്യങ്ങളാണ് ഇത്തരത്തില്‍ രൂപപ്പെടുത്തുന്നത്. പ്രസാദും ശ്രീജയും അതുപോലെ പൊലീസുകാരുമെല്ലാം വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിന്നുള്ളവരാണ്. കുടുംബം എന്ന രൂപത്തില്‍ നിന്ന് സമൂഹം എന്ന് പറയുന്ന വലിയ രൂപത്തിലേയ്ക്ക് വരുമ്പോള്‍ ഇതിന് രണ്ടിനുമിടയില്‍ നമ്മള്‍ സ്വയം രൂപപ്പെട്ടുവരുകയാണ്. അയാളാണ് കള്ളനും കൊലപാതകിയും പൊലീസുകാരനും ഐഎഎസുകാരനുമെല്ലാം ആവുന്നത്.

സുജയ്: 'പോത്തേട്ടന്‍ ബ്രില്യന്‍സ്' വിശ്വസനീയമായ ഒരു ടാഗ് ലൈന്‍ ആയിരിക്കുന്നു...

സജീവ്‌: എന്തുകൊണ്ടാണ് ദിലീഷ് പോത്തന്റെ ചിത്രങ്ങള്‍ ആളുകള്‍ ഇഷ്ടപ്പെടുന്നത് എന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. കാര്യമായി പോസിറ്റീവ് എനര്‍ജി പ്രസരിപ്പിക്കാന്‍ കഴിയുന്ന, രസികനായ മനുഷ്യനാണ് പോത്തന്‍. ചെറിയ കാര്യങ്ങള്‍ ചെയ്തുകൊടുക്കന്നവരോട് പോലും കൃതജ്ഞത കാണിക്കുന്നയാളാണ് പോത്തന്‍. മണ്ണില്‍ നിന്നുകൊണ്ടാണ് അയാള്‍ കാര്യങ്ങള്‍ കാണുന്നത്. മനുഷ്യന്റെ ഉള്ളിലുള്ളൊരു ക്ലാരിറ്റിയുണ്ട്. നമ്മള്‍ ഒരു കള്ളത്തരം ചെയ്യുമ്പോളും പലപ്പോഴും അതിനൊരു കൃത്യതയും ഷാര്‍പ്‌നെസും ഉണ്ടാകും. ഇത്തരത്തില്‍ ക്ലാരിറ്റിയുള്ള ചിത്രങ്ങളാണ് പോത്തന്‍ ചെയ്യുന്നത്.

സുജയ്: ഒരു മലയാള സിനിമ എന്ന് പറഞ്ഞ് അന്തര്‍ദേശീയ തലങ്ങളില്‍ ധൈര്യമായി കാണിക്കാവുന്ന ഒരു ചിത്രം എന്ന് പറയാം. ഇതിനെ എങ്ങനെ കാണുന്നു?

സജീവ്‌: ലഞ്ച് ബോക്‌സ് ബോളിവുഡില്‍ നിന്നുള്ള മികച്ച ചിത്രങ്ങളിലൊന്നാണ്. അത് വാണിജ്യവിജയം നേടിയ ഒരു സിനിമയുമായിരുന്നു. മറാത്തിയില്‍ ഒരുപാട് മികച്ച പരീക്ഷണ ചിത്രങ്ങള്‍ വരുന്നു. ഇത്തരം ചിത്രങ്ങളില്‍ പലതും നിര്‍മ്മിക്കുന്നത് ആമിര്‍ ഖാനെ പോലെയുള്ളവരാണ്. ഫാന്‍ട്രി പോലുള്ള ചിത്രങ്ങളില്‍ എന്ത് രസമായാണ് രാഷ്ട്രീയം പറഞ്ഞിരിക്കുന്നത്. ചൈതന്യ തമാനെയുടെ കോര്‍ട്ട്, അതുപോലൊരു സറ്റയര്‍ ഈ അടുത്ത കാലത്ത് വന്നിട്ടില്ല. തമിഴില്‍ ജോക്കര്‍, മധുമനക്കട, കാക്കാമുട്ടൈ, വിസാരണൈ തുടങ്ങിയ ചിത്രങ്ങള്‍. കാക്കാമുട്ടൈയ്ക്കകത്ത് ആ മരം മറിഞ്ഞുവീഴുന്നത് കാണുമ്പോള്‍ നമുക്ക് തന്നെ വിഷമം തോന്നും. ആ ചേരി കാണുമ്പോള്‍ നമ്മള്‍ അവിടെയാണുള്ളത് എന്ന് തോന്നും. ഇതല്ലേ മണികണ്ഠന്‍ ചെയ്തിരിക്കുന്നത്. പോത്തനും ഇത് തന്നെയാണ് ചെയ്തിരിക്കുന്നത്. എനിക്ക് തോന്നുന്നത് പോത്തന്റെ അടുത്ത പ്ലെയ്‌സ്‌മെന്റ് ഒരു ഇന്ത്യന്‍ ഡയറക്ടര്‍ എന്ന നിലയിലായിരിക്കും.

ഈ ചിത്രത്തിന്റെ ബേസ് തോട്ട് എന്ന് പറയുന്നത് ഒരു സ്ത്രീയുടെ താലിമാല ഒരാള്‍ വിഴുങ്ങുന്നു, പിറ്റേദിവസം ഈ മാല അവര്‍ക്ക് തിരിച്ചുകിട്ടുന്നു. മാലയുടെ വെയ്റ്റില്‍ മാറ്റമില്ല. താലിയുമുണ്ട്. ഇതേ മാലയാണ് പിറ്റേ ദിവസം ഇയാള്‍ വെളിക്കിറങ്ങിയപ്പോള്‍ (മലവിസര്‍ജ്ജനം നടത്തിയപ്പോള്‍) കിട്ടിയത്. സ്വര്‍ണം തന്നെയാണ്. ഒരു മാറ്റവുമില്ല. ഒന്ന് വയറ്റിലിറങ്ങി പുറത്തുവന്നു എന്ന് മാത്രം. പക്ഷെ പിറ്റേ ദിവസം ഈ സ്ത്രീ ഈ മാല കഴുത്തിലിടുമോ ഇടാന്‍ സാധ്യതയുണ്ടോ? ഇതാണ് നമ്മുടെ ചോദ്യം. അവര്‍ക്ക് ആ മാലയോട് വല്ലാത്തൊരു അകല്‍ച്ചയുണ്ടാകുന്നു. താലിയോടുള്ള വൈകാരികമായ അടുപ്പം അതിനോടുണ്ടായിരുന്നു. കള്ളന്‍ മര്യാദക്കാരനായി, തന്നേക്കാം സാറേ എന്ന് പറഞ്ഞാല്‍ ഒരുപക്ഷേ ഈ പ്രശ്‌നം സെറ്റില്‍ ചെയ്‌തേക്കും. പക്ഷെ ഇങ്ങനെയൊരു കള്ളനാണെങ്കിലോ?

സുജയ്: ഒരു ഘട്ടത്തില്‍ ഈ വികാരപരമായ അടുപ്പം കുറയുകയും വിപണി മൂല്യമുള്ള, ജീവിതാവശ്യങ്ങള്‍ക്ക് വേണ്ടി പണം കണ്ടെത്താന്‍ സഹായിക്കുന്ന പണയ വില്‍പ്പന വസ്തു മാത്രമായി ഇത് മാറുന്നില്ലേ?

സജീവ്‌: വിലപിടിപ്പുള്ള ഒരു മെറ്റീരിയലാണത്. മെറ്റീരിയലിന്റെ തൂക്കത്തിനോ മൂല്യത്തിനോ കുറവൊന്നും വന്നിട്ടില്ല. നഷ്ടം സംഭവിച്ചത് അതുമായി ബന്ധപ്പെട്ട ഇമോഷനിലാണ്. ദൈനംദിന ജീവിതത്തില്‍ കൊണ്ടുനടക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം. മേക്കിംഗിലാണ് ഈ പടം നില്‍ക്കുന്നത്.

സുജയ്: വാണിജ്യചേരുവകളുടെ കാര്യം വച്ച് നോക്കുമ്പോള്‍ മഹേഷിന്റെ പ്രതികാരവുമായി താരതമ്യപ്പെടുത്തിയാല്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും കുറച്ചുകൂടി ഡ്രൈ ആയേക്കാവുന്ന സബ്ജക്ടായിരുന്നു. എന്നിട്ടും പ്രേക്ഷകര്‍ സ്വീകരിക്കുന്നു.

സജീവ്‌: തീയറ്ററില്‍ ഇരിക്കുന്ന ഓഡിയന്‍സിന് ബുദ്ധിമുട്ടാകാത്ത വിധത്തിലുള്ള യുക്തിസഹമായ ഇടപെടലാണ് ഇതിന് കാരണം. പല സീനുകളും ഇത്തരമൊരു റിലീഫിന്റെ ഭാഗമായി കൂടി വരുന്നതാണ്. അമ്പലത്തിലെ ഉത്സവത്തിന്റെ ആദ്യ രംഗം ഇത്തരത്തിലൊരു റിലീഫിന്റെ ഭാഗമായി ഉള്ളതാണ്. ഡ്രൈ ആയി പോയേക്കാവുന്ന രംഗങ്ങളെയെല്ലാം തന്നെ വളരെ ലോജിക്കലായി കൈകാര്യം ചെയ്തിട്ടുണ്ട്.

സുജയ്: പ്രത്യേകിച്ച് ബഹളങ്ങളോ ശബ്ദകോലാഹലങ്ങളോ ഒന്നും ഇല്ലാതെയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും രാഷ്ട്രീയം പറയുന്നത്. കാസര്‍ഗോട്ടെ സാമുദായിക, വര്‍ഗീയ, രാഷ്ട്രീയ സമവാക്യങ്ങള്‍ ചുവരെഴുത്തുകളായും കൊടി തോരണങ്ങളായും വളരെ ശാന്തമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ ആലപ്പുഴയിലെ ജാതി ബന്ധങ്ങള്‍.

സജീവ്‌: ഓരോ സിനിമയും ഓരോ തരത്തിലായിരിക്കും രാഷ്ട്രീയം പറയുക. അതിന് ബഹളം വയ്‌ക്കേണ്ട ആവശ്യമില്ല. ചൈതന്യ തമാനേയുടെ കോര്‍ട്ട് ശക്തമായി രാഷ്ട്രീയം പറഞ്ഞ ചിത്രമല്ലേ. എത്ര ശാന്തമായാണ് അത് അവതരിപ്പിച്ചത്. മാന്‍ഹോളില്‍ മരിച്ച തൊഴിലാളിയുടെ ഭാര്യയുടെ കഥാപാത്രം മാത്രം പോരെ ശക്തമായി ആ പൊളിറ്റിക്‌സ് പറയാന്‍. എന്തിനാണ് കാര്യങ്ങള്‍ പറയാന്‍ ഒച്ചയുണ്ടാക്കണം എന്ന നിര്‍ബന്ധം. അതില്ലാതെ തന്നെ വൃത്തിയായി കമ്മ്യൂണിക്കേറ്റ് ചെയ്യാമല്ലോ.

സുജയ്: ആര്‍ ശരതിന്റെ സ്വയം, ഷാജി എന്‍ കരുണിന്റെ സ്വപാനം തുടങ്ങിയ ചിത്രങ്ങള്‍ സ്വീകരിക്കപ്പെട്ടില്ല. ഓഫ് ബീറ്റ് ചിത്രങ്ങളെന്ന നിലയില്‍ വാണിജ്യവിജയം പ്രതീക്ഷിച്ചിട്ടുണ്ടാവില്ലെങ്കിലും കാര്യമായ നിരൂപക ശ്രദ്ധയും ഈ ചിത്രങ്ങള്‍ക്ക് ലഭിച്ചില്ല. എന്ത് സംഭവിച്ചു?

സജീവ്‌: രണ്ട് ചിത്രങ്ങളിലും ഞാന്‍ അസോസിയേറ്റും കോ -റൈറ്ററുമായിരുന്നു. സ്വയത്തില്‍ ശരതിന്റെ ആവശ്യപ്രകാരം സഹകരിക്കുകയായിരുന്നു. സ്വപാനത്തിന്റെ കാര്യത്തിലാണ് കൂടുതല്‍ വിഷമം തോന്നുന്നത്. വളരെ സീരിയസായി വര്‍ക്ക് ചെയ്തിട്ടുള്ള പടമായിരുന്നു. കുറേക്കൂടി ശ്രദ്ധ കിട്ടേണ്ടിയിരുന്ന സിനിമ. ചെണ്ടയുടെ കാര്യത്തിലടക്കം നല്ല രീതിയില്‍ ഹോംവര്‍ക്ക് നടത്തിയിരുന്നു. രണ്ട് വര്‍ഷത്തോളം നന്നായി പണിയെടുത്ത് ചെയ്‌തൊരു പടമായിരുന്നു. ശബ്ദലേഖനവും മിശ്രണവും എടുത്തുപറയേണ്ടതാണ്. 11.1 ഓറ ഫോര്‍മാറ്റ് മലയാള സിനിമയില്‍ ആദ്യമായി ഉപയോഗിച്ചത് ഈ ചിത്രത്തിലാണ്. ചെണ്ടയുടെ ശബ്ദം ഇത്ര ക്ലാരിറ്റിയോടെ മറ്റൊരു ചിത്രത്തിലും അവതരിപ്പിച്ചിട്ടില്ല. ഔട്ട്‌ഡോറില്‍ മുപ്പതോളം മേള വിഭാഗങ്ങള്‍, വിവിധ തായമ്പക സെറ്റുകള്‍ ഇവയൊക്കെ റെക്കോഡ് ചെയ്തിരുന്നു. ഇത്തരം റെക്കോഡിംഗിനായി മാത്രം ഏഴ് ദിവസം മാറ്റി വച്ചു. കൃഷ്ണനുണ്ണിയായിരുന്നു സൗണ്ട് ഡിസൈനര്‍. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വര്‍ക്കുകളിലൊന്നാണിത്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോയതില്‍ വലിയ വിഷമമുണ്ട്. മഴവില്ലിന്റെ വീട് എന്ന പേരില്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു സിനിമയ്ക്കായി ഷാജി എന്‍ കരുണിന് വേണ്ടി സ്‌ക്രിപ്റ്റ് എഴുതിയിരുന്നു. ഷാജി സാറിന്റെ തന്നെ കഥയാണിത്. അത് സിനിമയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഈ പ്രോജക്ട് തീരുമാനിച്ച ശേഷമായിരുന്നു സ്വപാനം ചെയ്തത്.

സുജയ്: ടി. പദ്മനാഭനന്റെ ചെറുകഥ 'കടല്‍' സിനിമയാക്കാന്‍ ഷാജി എന്‍ കരുണ്‍ തയ്യാറെടുത്തിരുന്നല്ലോ. ഈ ചിത്രത്തിന്റെ ഭാഗമായിരുന്നോ ?

സജീവ്‌:തെ കടലിന് വേണ്ടി ഞങ്ങള്‍ ലൊക്കേഷനൊക്കെ പോയി കണ്ടതാണ്. ഞാനും മുരളി എന്ന് പറയുന്ന അസോസിയേറ്റും ചേര്‍ന്ന് കുറെ ലൊക്കേഷനുകള്‍ നോക്കിയിരുന്നു. ഷാജി സാറിനൊപ്പം മുഴുവന്‍ ഡിസ്‌കഷനുമുണ്ടായിരുന്നു.

സുജയ്: കടലിന് പിന്നീട് എന്ത് സംഭവിച്ചു? കടല്‍ എന്നും ഇടയ്ക്ക് 'ഗാഥ' എന്നുമൊക്കെ പേര് കേട്ടിരുന്നു. മോഹന്‍ലാലിനെ തന്നെയല്ലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാനായി ഉദ്ദേശിക്കുന്നത്?

സജീവ്‌: കടല്‍ നടക്കും. ഗാഥ എന്ന് പേര് മാറ്റിയിരുന്നു. കാസ്റ്റിംഗിന്റെ കാര്യത്തില്‍ ഇനിയും തീരുമാനമാകേണ്ടതുണ്ട്. ഒരു പാന്‍ ഇന്ത്യന്‍ ഫിലിമാണ് ആ ഉദ്ദേശിക്കുന്നത്. വലിയ ബജറ്റ് ആവശ്യമുള്ള സിനിമയാണ്. ചെറിയ കാന്‍വാസില്‍ അത് ചെയ്യാനാവില്ല.

സുജയ്: ഡോക്യുമെന്ററികളിലേയ്ക്കും സിനിമ ഇതര എഴുത്തിലേയ്ക്കും ശ്രദ്ധ തിരിക്കാന്‍ കഴിയുന്നുണ്ടോ?

സജീവ്‌: സംസ്ഥാന പുരസ്‌കാരം കിട്ടിയ 'അഗ്നിസാക്ഷിയുടെ സാക്ഷി', എംകെ അര്‍ജുനന്‍ മാസ്റ്ററെക്കുറിച്ചുള്ള 'സംഗീതം - എംകെ അര്‍ജുനന്‍' എന്നിവയടക്കം 75-ഓളം ഡോക്യുമെന്ററികള്‍ ഇതുവരെ ചെയ്തു. കൂടുതലും സര്‍ക്കാര്‍ പ്രോജക്ടുകളായിരുന്നു. കേരളത്തിന്റെ ഉണര്‍ത്തുപാട്ട് എന്ന പേരില്‍ 12-ഓളം ഡോക്യുമെന്ററികള്‍ അഗ്നിസാക്ഷിക്ക് മുമ്പ് ചെയ്തിട്ടുണ്ട്. എല്ലാം ദേശാഭിമാനിയില്‍ ജോലി ചെയ്യുന്ന സമയത്തായിരുന്നു. 19 വര്‍ഷം ദേശാഭിമാനിയിലുണ്ടായിരുന്നു. ഏരിയ ലേഖകനായാണ് തുടക്കം. പിന്നീട് സ്റ്റാഫായി. സീനിയര്‍ റിപ്പോര്‍ട്ടറായിരിക്കെ സിനിമകളുടെ ഭാഗമായി കുറേ ലീവെടുത്തു. സ്വപാനത്തിന്റെ സമയത്തൊക്കെ. ആ സമയത്താണ് സര്‍ക്കാര്‍ ജോലി കിട്ടുന്നത്. എസ്ആര്‍ ശക്തിധരന്‍ ദേശാഭിമാനിയില്‍ ഞങ്ങളുടെ ചീഫായിരുന്നു. അദ്ദേഹമാണ് അഗ്നിസാക്ഷിയുടെ സാക്ഷി പ്രൊഡ്യൂസ് ചെയ്തത്. ഷാജി സാറുമായുള്ള ബന്ധവും അന്ന് തുടങ്ങുന്നു. ദേശീയ പുരസ്‌കാരം നേടിയ ത്രിപുരയില്‍ നിന്നുള്ള ചിത്രം യാര്‍വിങ് (റൂട്‌സ്) അടക്കമുള്ളവയുടെ ഭാഗമായിരുന്നു. ഡോക്യുമെന്ററികളുടെ ഭാഗമായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒരുപാട് കറങ്ങി. കുറെ ഡോക്യുമെന്ററികള്‍ നോര്‍ത്ത് ഈസ്റ്റിലാണ് ചെയ്തത്.

ബഷീറിന്റെ കൃതികളുമായി ബന്ധപ്പെട്ട് പിആര്‍ഡി ചെയ്ത ശബ്ദങ്ങള്‍ എന്ന വര്‍ക്കുണ്ട്. ഇതിന്റെ സക്രിപ്റ്റ് വളരെ ഇന്ററ്സ്റ്റിംഗായി തോന്നിയിട്ടുണ്ട്. ബഷീറിന്റെ കഥകള്‍ മുഴുവന്‍ വായിച്ചിട്ട് ബഷീര്‍ ജീവിതത്തില്‍ അഡ്രസ് ചെയ്തിട്ടുള്ളവര്‍. ബാല്യം, കൗമാരം, യൗവനം, വിവാഹം, ഭാര്യ ഇതിനെ കുറിച്ചെല്ലാം തന്റെ കഥകളില്‍ ബഷീര്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ചേര്‍ത്താണ് ചെയ്തിരിക്കുന്നത്. ഫീച്ചര്‍ സിനിമകളെ പോലെ തന്നെ ഡോക്യുമെന്ററികളും ആസ്വദിക്കുന്നുണ്ട്. നമ്മള്‍ പലപ്പോഴും ചെയ്യാന്‍ ഉദ്ദേശിച്ച കാര്യങ്ങളൊന്നും ആയിരിക്കില്ല ചെയ്യുന്നത് എന്ന് മാത്രം. സിനിമകളുടെ വര്‍ക്ക് തുടങ്ങിയ ശേഷം ചെറുകഥ എഴുത്ത് നടക്കുന്നില്ല. മറ്റ് രണ്ട് പുസ്തകങ്ങളുടെ വര്‍ക്ക് നടന്നുകൊണ്ടിരിക്കുന്നു. രണ്ട് പഠനങ്ങളാണ്. പിന്നെ യോഗക്ഷേമ സഭയുടെ ഭാഗമായി നവോത്ഥാന പ്രസ്ഥാനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന നമ്പൂതിരി സ്ത്രീകളെ കുറിച്ചുള്ള ഒരു പുസ്തകം പണിപ്പുരയിലാണ്. സാഹിത്യ അക്കാഡമിയുടെ റിസര്‍ച്ച് സ്‌കോളര്‍ഷിപ്പിന്റെ ഭാഗമായാണ് ഇതിന് തുടക്കം കുറിച്ചത്.

സുജയ്: 'അഗ്നിസാക്ഷിയുടെ സാക്ഷി'യില്‍ ഇതിന്റെ തുടക്കം കാണാമല്ലോ ?

സജീവ്‌: ശരിക്കും ഞാന്‍ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന ഡോക്യുമെന്ററി, യോഗക്ഷേമ സഭയിലെ സ്ത്രീകളെ കുറിച്ചായിരുന്നു. ഇതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ക്കിടയിലാണ് അഗ്നിസാക്ഷി കിട്ടുന്നത്. പിന്നെ ഇതിന്റെ പിന്നാലെ പോവുകയായിരുന്നു. ഇതും പുസ്തകമാക്കാനുള്ള പരിപാടിയുണ്ട്.

സുജയ്: അഗ്നിസാക്ഷിയുടെ സാക്ഷിയില്‍ നരേന്ദ്ര പ്രസാദ് ഒരു അവതാരകന്റെ രൂപത്തില്‍ വരുന്നു. ഒരു ഡോക്യുമെന്ററിയെ സംബന്ധിച്ച് ഇത്തരമൊരു അവതരണം ആവശ്യമാണോ? നരേന്ദ്ര പ്രസാദിന്റെ ശബ്ദം മാത്രം നരേഷനായി ഉപയോഗിക്കുന്നതായിരുന്നില്ലേ കൂടുതല്‍ അനുയോജ്യമായിരുന്നത്?

സജീവ്‌: ശരിയാണ്. അതൊരു പഴയ രീതിയായിരുന്നു. ഇന്നാണ് ഞാന്‍ ആ ഡോക്യുമെന്ററി ചെയ്യുന്നതെങ്കില്‍ ഇത്തരത്തില്‍ ചെയ്യില്ലായിരുന്നു. പകരം ശബ്ദം മാത്രമേ ഉപയോഗിക്കുമായിരുന്നുള്ളൂ. സാധാരണ എന്റെ മറ്റ് ഡോക്യുമെന്ററികളിലൊന്നും ഇത്തരത്തിലൊരു രീതി ഉപയോഗിക്കാറില്ല. അര്‍ജുനന്‍ മാഷെ കുറിച്ചുള്ള ഡോക്യുമെന്ററിയടക്കം നോക്കിയാല്‍ അറിയാം. പ്രേക്ഷകര്‍ക്ക് വിശ്വസനീയമായ രീതിയിലുള്ള ഒരു നരേഷന് നരേന്ദ്ര പ്രസാദിനെ പോലെ ഇക്കാര്യത്തില്‍ ആധികാരികമായി സംസാരിക്കാന്‍ കഴിയുന്ന ഒരു പരിചിത മുഖം ആവശ്യമാണെന്നാണ് അന്ന് തോന്നിയത്.

അഗ്നിസാക്ഷിയുടെ സബ്ജക്ട് കുറച്ച് കോംപ്ലിക്കേറ്റഡായിരുന്നു. ഒരു കഥാപാത്രം തന്നെ നാല് വ്യക്തിത്വങ്ങളോടെ നാല് ഭാവത്തില്‍ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലായി വരുന്നു. തേതി, ദേവകി മാനമ്പള്ളി, ദേവി ബഹന്‍, സുമിത്രാനന്ദ യോഗിനി എന്നിങ്ങനെ. ഇതിന് പ്രചോദനമായ യഥാര്‍ത്ഥ ജീവിതത്തിലെ കഥാപാത്രമാകട്ടെ നങ്ങേലി, നീലി മംഗലസ്, നീലി ബഹന്‍, സുഭദ്രാനന്ദ യോഗിനി എന്നിങ്ങനെ നാലായി ഇരിക്കുന്നു. പിന്നെ തേതിയുടെ ഭര്‍ത്താവ് അടക്കമുള്ള മറ്റ് കഥാപാത്രങ്ങള്‍. ഇവര്‍ക്കെല്ലാം ബദലുകളുണ്ട്. ഇവരെ എല്ലാവരേയും കൂടി അര മണിക്കൂര്‍ കാന്‍വാസിനകത്തേയ്ക്ക് കൊണ്ടുവരുമ്പോള്‍ അത് ശരിയായി കമ്മ്യൂണിക്കേറ്റ് ചെയ്യണമെങ്കില്‍ ഒരു ഇന്റര്‍മീഡിയേറ്റര്‍ വേണമെന്ന് തോന്നി. അയാള്‍ക്ക് ഒരേസമയം ആധികാരികതയും കലാപരമായ സമീപനവും കൊണ്ടുവരാന്‍ കഴിയണം. ഞാന്‍ പറയുന്നത് സത്യമാണെന്ന് വിശ്വസിപ്പിക്കാന്‍ ഏറ്റവും നല്ല ടൂള്‍ ഒരു ആക്ടര്‍ എന്നതിലുപരി പ്രൊഫ. നരേന്ദ്ര പ്രസാദ് എന്ന നടനായിരുന്നു. അങ്ങനെയാണ് അദ്ദേഹം ഇതിലേയ്ക്ക് വരുന്നത്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. എനിക്കിത് വില്‍ക്കാന്‍ നരേന്ദ്ര പ്രസാദ് എന്ന നടനെ ആവശ്യമുണ്ട്. എന്നാല്‍ അതിലുപരി പ്രൊഫ. നരേന്ദ്ര പ്രസാദിനെയാണ് എനിക്ക് ആവശ്യം എന്ന്. ഏതായാലും ആ വര്‍ക്ക് കുറേ കാലത്തേയ്ക്ക് നില്‍ക്കാന്‍ കഴിയുന്നതാണ് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. സംസ്ഥാന പുരസ്‌കാരം നേടിയിട്ടുള്ള തങ്കമണിയാണ് ഇതില്‍ സ്ത്രീ ശബ്ദം നല്‍കിയിരിക്കുന്നത്. വാനപ്രസ്ഥത്തില്‍ സുഹാസിനിക്ക് ശബ്ദം നല്‍കിയത് തങ്കമണിയായിരുന്നു.

സുജയ്: നരേന്ദ്ര പ്രസാദ് എങ്ങനെയാണ് അഗ്നിസാക്ഷിയുടെ ഭാഗമാകുന്നത്?

സജീവ്‌: പ്രസാദ് സാറിനെ ഞാന്‍ പരിചയപ്പെടുന്നത് ഷാജി സാര്‍ വഴിയാണ്. ജോസ്‌കോയുടെ പരസ്യം ഷൂട്ട് ചെയ്യുന്ന സ്ഥലത്ത് വച്ചാണ് ഞാന്‍ അദ്ദേഹത്തെ ചെന്ന് കാണുന്നത്. എന്റെ ഡോക്യുമെന്ററിയില്‍ അവതാരകനാകാന്‍ അദ്ദേഹത്തിന് ചില നിബന്ധനകളൊക്കെ ഉണ്ടായിരുന്നു. ഒരു ഇന്റര്‍വ്യൂ തന്നെ നടത്തി. ഇതില്‍ ഞാന്‍ പാസായപ്പോഴാണ് അദ്ദേഹം ഇതില്‍ ഭാഗമാകാമെന്ന് സമ്മതിച്ചത്. അദ്ദേഹത്തിന് പ്രതിഫലം കൊടുക്കുന്നത് സംബന്ധിച്ച് എസ്ആര്‍ ശക്തിധരനുമായി ആലോചിച്ചു. പക്ഷെ പ്രസാദ് സാര്‍ ശരിക്കും അദ്ഭുതപ്പെടുത്തി. എനിക്ക് കാശൊന്നും തരണ്ട. ഇത് ഞാന്‍ നിനക്ക് തരുന്ന സമ്മാനമാണ് എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. എന്നാലും അദ്ദേഹം ഷൂട്ടിംഗിന് വരുമോ എന്ന സംശയമുണ്ടായിരുന്നു. എന്നാല്‍ പറഞ്ഞ ദിവസം കൃത്യസമയത്ത് തന്നെ ആളെത്തി. ഷൂട്ടിംഗ് കഴിഞ്ഞ ശേഷവും വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുമായിരുന്നു. അപ്പോഴേക്ക് അദ്ദേഹം അസുഖം ബാധിച്ച് കിടപ്പിലായി. ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഒരു ദിവസം എന്നെ വിളിച്ചു. എന്താ നീയത് ചെയ്ത് തീര്‍ത്തില്ലേ എന്ന് ഒരു അധ്യാപകന്റെ ഗൗരവത്തോടെ ചോദിച്ചു. എനിക്കത് കാണണം എന്നും പറഞ്ഞു. പക്ഷെ എനിക്കത് സാറിനെ കാണിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ എനിക്കൊപ്പം സാറിനും ആ വര്‍ഷം സ്റ്റേറ്റ് അവാഡ് കിട്ടി - അവതാരകന്‍ എന്ന നിലയില്‍. സാറിന്റെ ഭാര്യയാണ് അവാഡ് ഏറ്റുവാങ്ങിയത്. അതിപ്പോഴും മനസിലിങ്ങനെ നില്‍ക്കുന്നു.

സുജയ്: ആനന്ദ് പട്‌വര്‍ദ്ധനൊക്കെ ചെയ്യുന്ന തരത്തില്‍ ശക്തമായ, നേരിട്ട് രാഷ്ട്രീയം പറയുന്ന ഡോക്യുമെന്ററികളുടെ അഭാവം മലയാളത്തിലില്ലേ?

സജീവ്‌: മലയാളത്തിലെ ഡോക്യുമെന്ററികള്‍ക്ക് അതിന്റേതായ താളമുണ്ടായിരുന്നു. നല്ല റിഥമുള്ള ഡോക്യുമെന്ററികളുണ്ടായിരുന്നു. ഡോക്യുമെന്ററികള്‍ക്ക് അപാരമായ ലൈഫുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. പട്‌വര്‍ദ്ധനെ സംബന്ധിച്ച് ശക്തമായ ഡയറക്ട് പൊളിറ്റിക്‌സ് തന്നെയാണ് ഉള്ളത്. പിന്നെ പൊതുവെ രാജ്യത്ത് ഒരു ഭയം രൂപപ്പെട്ട് വരുന്നുണ്ട്. ആ ഭയത്തിനെതിരെ ശക്തമായ പ്രതിരോധങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. അത് പ്രതിഫലിപ്പിക്കാന്‍ ആവശ്യമായ ഡോക്യുമെന്ററികള്‍ വേണം. അത്തരം വര്‍ക്കുകള്‍ ഇനി കൂടുമെന്നാണ് കരുതുന്നത്. സിനിമയില്‍ മാത്രമല്ല, എല്ലാ തരത്തിലുമുള്ള സെന്‍സറിംഗ് ശക്തമാവുകയാണ്. ഇപ്പോഴത്തെ stagnation ബ്രേക്ക് ചെയ്യപ്പെടും. അതാണ് ചരിത്രം പറയുന്നത്. യുദ്ധങ്ങള്‍ക്ക് ശേഷമാണ് ഏറ്റവും നല്ല സിനിമകളുണ്ടായിട്ടുള്ളത്. അത് കാലത്തിന്റെ ആവശ്യമാണ്. അടിച്ചമര്‍ത്തലുകളേയും പ്രതിസന്ധികളേയും സെന്‍സര്‍ഷിപ്പുകളേയുമെല്ലാം കലാവിഷ്‌കാരങ്ങള്‍ അതിജീവിക്കും.

സുജയ്: ഡോക്യുമെന്ററിയുടെ സ്വഭാവം പുലര്‍ത്തുന്ന ഫീച്ചര്‍ സിനിമകള്‍ക്ക് എത്രത്തോളം സാധ്യതകളുണ്ട്?

സജീവ്‌: ഇപ്പൊ പരസ്യങ്ങളുടെ പൊളിറ്റിക്‌സ് എടുക്കാം. എത്ര സുന്ദരമായിട്ടാണ് പരസ്യങ്ങള്‍ ഇത് കൈകാര്യം ചെയ്യുന്നത്. 10 സെക്കന്റ് നേരത്തേയ്ക്ക് നമ്മുടെ ശ്രദ്ധ പിടിച്ചെടുക്കുന്നു. ഒരു വലിയ കഥ ഈ സമയത്തിനുള്ളില്‍ പറയുന്നു. കമ്മ്യൂണിക്കേറ്റ് ചെയ്യുക എന്നതാണ് പ്രധാനം. സോഷ്യോ പൊളിറ്റിക്കല്‍ വിഷയങ്ങള്‍ ഒരു സ്റ്റഡി ക്ലാസായി സിനിമയില്‍ അവതരിപ്പിച്ചാല്‍ അത് സ്വീകാര്യമായേക്കില്ല. ഇത്തരത്തിലുള്ള ശ്രമങ്ങളെല്ലാം എക്കാലത്തും നടക്കുന്നുണ്ട്. നമുക്ക് ഇക്കാര്യത്തില്‍ യാതൊരു മുന്‍വിധിയും ആവശ്യമില്ല. 'സിനിമ മരിച്ചു' തുടങ്ങിയ നിലവിളികളൊക്കെ എല്ലാ കാലത്തും ഉണ്ടാവാറുണ്ട്. ഇതില്‍ കാര്യമില്ല. എത്ര വരള്‍ച്ചയ്ക്ക് ശേഷവും ആ മണ്ണിലേയ്ക്ക് മഴ പെയ്യുമ്പോള്‍ ചെടി വളരും. എവിടെയായിരുന്നു ഈ ചെടിയുടെ വിത്ത് കിടന്നിരുന്നത്, അതിന് എന്താണ് സംഭവിക്കുന്നത് എന്നൊന്നും നമുക്കറിയില്ല.

സുജയ്: കുടുംബം?

സജീവ്‌: ഭാര്യ ദീപ. പൂജപ്പുരയിലെ സ്‌കോള്‍ കേരള ഗവ. ഓപ്പണ്‍ സ്‌കൂളില്‍ ജോലി ചെയ്യുന്നു. ആകാശവാണിയിലും പരിപാടികള്‍ ചെയ്യുന്നുണ്ട്. മക്കള്‍ ദേവികയും ആദിത്യനും വിദ്യാര്‍ത്ഥികളാണ്. അച്ഛനും അമ്മയും കൂടെയുണ്ട്. പിറവത്ത് നിന്ന് തിരുവനന്തപുരത്തോട്ട് മാറി. അമ്മയുടെ നാട് ഇവിടെയാണ്. ദേശാഭിമാനിയില്‍ ജോലി ചെയ്യുമ്പോള്‍ ട്രാന്‍സ്ഫര്‍ വാങ്ങി ഇങ്ങോട്ട് പോന്നതാണ്. പിന്നെ ഇവിടെ സ്ഥിരമാക്കി.

സുജയ്: സംവിധാനം ചെയ്യുന്ന ചിത്രത്തെ പറ്റി ആലോചിച്ച് തുടങ്ങിയോ?

സജീവ്‌: ഏതായാലും ഉടന്‍ അത്തരമൊന്ന് ചെയ്യാന്‍ ആലോചിക്കുന്നില്ല. കുറെ കഥകള്‍ പറയാനായി ആഗ്രഹമുണ്ട്. ഡയറക്ട് ചെയ്യുന്നതിനേക്കാള്‍ അതിന് പറ്റിയവരുമായി ചേര്‍ന്ന് അത്തരം സിനിമകളുടെ ഭാഗമാകാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇപ്പൊ പോത്തന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍, അതുപോലെ അങ്കമാലി ഡയറീസ് പോലുള്ള പടങ്ങള്‍ കാണുമ്പോള്‍ സത്യത്തില്‍ പേടി തോന്നുന്നുണ്ട്. സിനിമ മേഖലയുമായി ബന്ധപ്പെട്ട് ഒരു 10-15 വര്‍ഷത്തെ എക്‌സ്പീരിയന്‍സൊക്കെ ഉളള സ്ഥിതിക്ക് ഒരു പടം സംവിധാനം ചെയ്തുകളയാം എന്നൊക്കെയുള്ള തോന്നലില്‍ നമ്മളങ്ങനെ നില്‍ക്കുമ്പോള്‍, ഇതത്ര ലാഘവത്തോടെ ചെയ്യാവുന്ന പണിയല്ല എന്നും, വളരെ ശ്രദ്ധിച്ചും സീരിയസായും ചെയ്യേണ്ട പണിയാണെന്നും പോത്തന്‍ നമ്മളോട് പറയാതെ പറയുകയാണ്.

ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്യുന്നുണ്ട്. ഏറ്റവും ഒടുവില്‍ 'ചൂട്' എന്ന ഷോര്‍ട്ട് ഫിലിം. എപ്പോളും വിയര്‍ക്കുന്ന ഒരാളുടെ കഥയാണ്. ആ വിയര്‍പ്പ് അയാളുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് പറയുന്നത്. പിന്നെ മൃതദേഹങ്ങള്‍ സംബന്ധിച്ചുള്ളതാണ് മറ്റൊന്ന്. സ്വാശ്രയ കോളേജുകളിലെ ഡെഡ്‌ബോഡിയുടെ ലഭ്യതാ പ്രശ്‌നം. ഡെഡ്‌ബോഡി ഇല്ലാതെ വന്നാല്‍ എന്തുചെയ്യും. ഇല്ലാത്ത ഒരു സാധനം ഉണ്ടാക്കേണ്ടി വരും. ഡെഡ് ബോഡി ഉണ്ടാക്കണമെങ്കില്‍ ഒരാളെ കൊന്നേ പറ്റൂ. ഐഡന്റിറ്റിയുള്ള ഒരാളെ കൊല്ലാന്‍ പറ്റില്ല. എന്നെ കൊന്നാല്‍ നാളെ ആരെങ്കിലും അന്വേഷിച്ച് വരും. പക്ഷെ ആരും ചോദിക്കാനില്ലാത്ത, ഐഡന്റിറ്റിയില്ലാത്ത ഒരാളെയാണെങ്കിലോ, നമുക്ക് വേണമെങ്കില്‍ കൊല്ലാം. അങ്ങനെ വഴിയില്‍ കിടന്നുറങ്ങുന്നവരെ കൊല്ലുന്ന അഞ്ച് പേരില്‍ ഒരാളുടെ കണ്‍ഫെഷനാണ് ഇതിനകത്തുള്ളത്. ഈ ചിത്രം ചെയ്യുന്ന സമയത്ത് സെല്‍ഫ് ഫിനാന്‍സിംഗ് കോളേജുകള്‍ കേരളത്തില്‍ വന്നുതുടങ്ങിയിട്ടേ ഉള്ളൂ. സ്വാശ്രയ കോളേജുകള്‍ വന്ന ആദ്യ വര്‍ഷമായിരുന്നു. അന്ന് അത് സംഭവിച്ചിട്ടില്ല. പിന്നീട് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പലപ്പോഴും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഭാഗ്യവശാല്‍ അത്തരമൊരു സംഭവം കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവിക്കാതിരിക്കട്ടെ. ഏതായാലും അടുത്ത സിനിമ ഉടനുണ്ടാകും.

Next Story

Related Stories