UPDATES

സിനിമ

എമ്മ സ്റ്റോണ്‍ പറഞ്ഞതും റിമ കല്ലിങ്കല്‍ പറയുന്നതും

സിനിമയിലെ ലിംഗനീതി തന്നെ വിഷയം

സിനിമരംഗത്തെ ലിംഗവൈരുദ്ധ്യം മലയാളത്തില്‍ മാത്രമല്ല, ലോകത്തെല്ലായിടത്തും ഉണ്ടെന്നതാണ് വാസ്തവം. എന്നാല്‍ ആണിനും പെണ്ണിനും രണ്ടു നീതി എന്നതിനെ എതിര്‍ക്കാനും തുല്യതയ്ക്കുവേണ്ടി ശബ്ദമുയര്‍ത്താനും അതിനുവേണ്ടി പ്രവര്‍ത്തിക്കാനും മറ്റു പലയിടത്തും ശ്രമങ്ങളുണ്ടാകുമ്പോള്‍ അതിനോടെല്ലാം മുഖം തിരിച്ചുനില്‍ക്കുന്ന പ്രവണത മലയാള സിനിമ രംഗത്ത് മാറണമെന്നാണ് ഹോളിവുഡ് നടി എമ്മ സ്‌റ്റോണിന്റെ അനുഭവം മുന്‍നിര്‍ത്തി റിമ കല്ലിങ്കല്‍ പറയുന്നത്.

മറ്റൊരു സമാന്തര ലോകത്ത് എന്നൊരു തലവാചകം കൊടുത്തുകൊണ്ട് എമ്മ സ്റ്റോണിന്റെ വാക്കുകള്‍ കടമെടുത്തു റിമ കുറിക്കുന്നു; സ്ത്രീ ഇതാണ്, പുരുഷന്‍ അതാണ് എന്നതിനെക്കുറിച്ചല്ല, നമ്മളെല്ലാവരും ഒന്നാണ്, നമ്മള്‍ തുല്യരാണ് നമ്മള്‍ ഒരേപോലെ ബഹുമാനവും ഒരേ അവകാശങ്ങളും അര്‍ഹിക്കുന്നു എന്നതിനെക്കുറിച്ചാണ്…
റിമയുടെ ഈ വാക്കുകള്‍ വ്യക്തമാകണമെങ്കില്‍ എമ്മ സ്‌റ്റോണ്‍ പങ്കുവച്ച തന്റെ അനുഭവം കൂടി കേള്‍ക്കണം.

ഒസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടിയ ലാ ലാ ലാന്‍ഡ് താരമാണ് എമ്മ സ്റ്റോണ്‍. ഔട്ട് മാഗസിനു നല്‍കിയ ഒരു അഭിമുഖത്തില്‍ എമ്മ തന്റെ പുരുഷസഹതാരങ്ങള്‍ ചെയ്ത നല്ല പ്രവര്‍ത്തിയെക്കുറിച്ച് പറയുന്നുണ്ട്. തന്റെ സഹപ്രവര്‍ത്തകര്‍ അവരുടെ പ്രതിഫലം കുറച്ചു. കാരണം രണ്ടുതരം നീതി നടക്കേണ്ടെന്നവര്‍ തീരുമാനിച്ചു. പുതിയ ചിത്രമായ ബാറ്റില്‍ ഓഫ് സെക്‌സസിന്റെ പ്രമോഷന്‍ ചടങ്ങുകളില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് എമ്മയിപ്പോള്‍. ബോബി റിഗ്‌സും ബീല്ലി ജീന്‍ കിംഗു തമ്മില്‍ 1973 ല്‍ നടന്ന ടെന്നീസ് മത്സരത്തെ അടിസ്ഥാനമാക്കിയെടുത്തിരിക്കുന്ന സിനിമയാണ് ബാറ്റില്‍ ഓഫ് സെക്‌സസ്.

കമാകമാനമായി ബില്ലിയും ബോബിയും തമ്മില്‍ നടന്ന ടെന്നീസ് മത്സരം ഏകദേശം 90 മില്യണ്‍ ആളുകള്‍ കണ്ടിട്ടുണ്ടെന്നാണ് പറയുന്നത്. ബില്ലി അന്നു പോരാടിയത് തുല്യമായ ലിംഗനീതിക്കുവേണ്ടിയായിരുന്നുവെന്നു എമ്മ മാഗസിന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

തുടര്‍ന്നാണ് സിനിമയില്‍ തന്റെ ആണ്‍ സഹപ്രവര്‍ത്തകരുടെ കാര്യം പറയുന്നത്. അവര്‍ പ്രതിഫലത്തുക കുറച്ചത് എനിക്കുവേണ്ടിയാണ്. കാരണം അതാണു ശരിയെന്നും ഉചിതമായതെന്നും അവര്‍ക്ക് മനസിലായി. അവര്‍ എന്നെക്കാളും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നവരാണ്, പക്ഷേ എല്ലാവരും തുല്യരാണെന്നാണ് അവര്‍ പറയുന്നത്. ഞാനും അവര്‍ക്കൊപ്പമാണെന്ന് തെളിയിക്കാനാണ് അവര്‍ തങ്ങളുടെ പ്രതിഫലം കുറച്ചത്. ഈ പ്രവര്‍ത്തി ഭാവിയില്‍ എന്റെ പ്രതിഫലത്തില്‍ മാറ്റം വരുത്തും എന്നുമാത്രമല്ല എന്റെ ജീവിതത്തിലും മാറ്റമുണ്ടാക്കും; എമ്മ പറയുന്നു. സ്ത്രീ ഇതാണ്, പുരുഷന്‍ അതാണ് എന്നതിനെക്കുറിച്ചല്ല, നമ്മളെല്ലാവരും ഒന്നാണ്, നമ്മള്‍ തുല്യരാണ് നമ്മള്‍ ഒരേപോലെ ബഹുമാനവും ഒരേ അവകാശങ്ങളും അര്‍ഹിക്കുന്നു എന്നതിനെക്കുറിച്ചാണ്; എമ്മ പറയുന്നു.

പുരുഷ-സ്ത്രീ താരങ്ങളുടെ പ്രതിഫലത്തിലെ അന്തരത്തെക്കുറിച്ച് ആദ്യമായി പ്രതികരിക്കുന്ന സ്ത്രീയല്ല എമ്മ, അവര്‍ അതില്‍ ഒരു കണ്ണിയായിരിക്കുന്നുവെന്നുമാത്രം. ജെന്നിഫര്‍ ലോറന്‍സും സിയന്ന മില്ലറുമൊക്കെ ഇതേ അന്തരത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.

മലയാളത്തില്‍ ആണ്‍താരങ്ങള്‍ കോടികള്‍ പ്രതിഫലം വാങ്ങുമ്പോള്‍ അടിസ്ഥാന സൗകര്യം പോലും ലഭ്യമാകാതെ പോകുന്ന സത്രീ അഭിനേതാക്കളെക്കുറിച്ച് റിമയെപോലുള്ള ചിലര്‍ ഇതിനു മുമ്പും പ്രതികരിച്ചിട്ടുണ്ട്. റിമ തന്നെ പറയുന്നതുപോലെ ഒരു പെണ്ണ് തന്റെ അവകാശങ്ങള്‍ ചോദിച്ചാല്‍ മലയാള സിനിമ അവളെ അഹങ്കാരിയെന്നു മുദ്രകുത്തുകയാണ്. സിനിമയില്‍ സ്ത്രീവിരുദ്ധത ഒന്നും തന്നെ ഇപ്പോള്‍ ഇല്ലെന്നു താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞിരുന്നു. സ്ത്രീ വിരുദ്ധതയെന്നാല്‍ കിടക്കപങ്കിടല്‍ മാത്രമല്ലെന്നും ചെയ്യുന്ന ജോലിക്ക് ആണിനും പെണ്ണിനും രണ്ടുതരത്തില്‍ കൂലികൊടുക്കുന്നതും കൂടിയാണെന്ന് ഇന്നസെന്റിനെപോലുള്ളവര്‍ മനസിലാക്കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍