TopTop
Begin typing your search above and press return to search.

ലിബര്‍ട്ടി ബഷീറിന്റെ സംഘടന സമരം പിന്‍വലിച്ചു; പുതിയ സംഘടനയുമായി ദിലീപ്; സിനിമ മേഖല സംഘര്‍ഷഭരിതം

ലിബര്‍ട്ടി ബഷീറിന്റെ സംഘടന സമരം പിന്‍വലിച്ചു; പുതിയ സംഘടനയുമായി ദിലീപ്; സിനിമ മേഖല സംഘര്‍ഷഭരിതം

സംസ്ഥാനത്ത് തിയറ്റര്‍ ഉടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നടത്തിയിരുന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം അംഗീകരിച്ചും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ച സാഹചര്യത്തിലുമാണ് സമരം പിന്‍വലിക്കുന്നതെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. അതേസമയം ഒന്നും നേടിക്കൊണ്ടല്ല സമരം പിന്‍വലിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കുന്നെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

തിയറ്ററുകള്‍ക്കെതിരെ പ്രതികാര നടപടിയുണ്ടായാല്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. തിയറ്ററുകളുടെ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുമാസമായി സമരത്തിലായിരുന്നു സംഘടന. സമരം പിന്‍വലിച്ചതോടെ ഇന്ന് മുതല്‍ തിയറ്ററുകളില്‍ സിനിമ പ്രദര്‍ശനം ആരംഭിക്കും. നിര്‍മ്മാതാക്കളും വിതരണക്കാരും വിഹിതം വര്‍ദ്ധിപ്പിക്കുന്നതിനെ എതിര്‍ത്തതോടെയാണ് തിയറ്ററുകള്‍ അടച്ചിടുന്ന സാഹചര്യമുണ്ടായത്. ക്രിസ്മസ്, ന്യൂ ഇയര്‍ ചിത്രങ്ങള്‍ ഇക്കുറി വിതരണത്തിനെത്താത്ത സാഹചര്യവുമുണ്ടായി.

എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് ബദല്‍ സംഘടനയുണ്ടാക്കാന്‍ നീക്കം നടക്കുന്നതിനിടെയാണ് സമരം അവസാനിപ്പിച്ചിരിക്കുന്നത്. തിയറ്റര്‍ വിഹിതത്തിന്റെ അമ്പത് ശതമാനമാണ് തിയറ്റര്‍ ഉടമകളുടെ അസോസിയേഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നിലവിലെ 60-40 അനുപാതം മാറ്റാനാകില്ലെന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും കടുത്ത നിലപാടെടുത്തു.

ഇതിനിടെ സംഘടനയുടെ എതിര്‍പ്പ് വകവയ്ക്കാതെ തമിഴ് ചിത്രമായ ഭൈരവ മുപ്പതോളം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇരുപതോളം തിയറ്ററുകള്‍ സമരത്തില്‍ നിന്നും പിന്‍വാങ്ങി പുതിയ മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്യാനുള്ള ആലോചനയിലായിരുന്നു. ഈ തിയറ്റര്‍ ഉടമകളെ കൂട്ടുപിടിച്ച് നടന്‍ ദിലീപ് പുതിയ സംഘടന രൂപീകരിക്കാന്‍ ഒരുങ്ങുകയായിരുന്നു.

പുതിയ സംഘടന മലയാള സിനിമയിലെ എല്ലാവരുടെയും കൂട്ടായ്മയാണെന്ന് ദിലീപ് പറഞ്ഞു. യാതൊരു മുന്നറിയിപ്പുമില്ലാതെ സ്തംഭിക്കുന്ന എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ പ്രവര്‍ത്തിക്കെതിരെ പ്രതികരിക്കാന്‍ മലയാള സിനിമയിലെ വിവിധ മേഖലയിലുള്ളവര്‍ കൂടിയാലോചിച്ചാണ് പുതിയ സംഘടന തുടങ്ങുന്നതെന്ന് ദിലീപ് വ്യക്തമാക്കി. ലിബര്‍ട്ടി ബഷീറിന്റെ സംഘടന സമരം പിന്‍വലിച്ചിട്ടും ദിലീപ് പുതിയ സംഘടനയുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ സിനിമാ മേഖല കൂടുതല്‍ സംഘര്‍ഷഭരിതമാകുമെന്ന് ഉറപ്പായി കഴിഞ്ഞു.

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, ഫുക്രി എന്നീ സിനിമകളാണ് സമരത്തെ തുടര്‍ന്ന് റിലീസ് മുടങ്ങിയത്.


Next Story

Related Stories