TopTop
Begin typing your search above and press return to search.

മേക്കിംഗിനാണ് മാർക്ക്, വെറുതെയാകില്ല വരത്തൻ

മേക്കിംഗിനാണ് മാർക്ക്, വെറുതെയാകില്ല വരത്തൻ

ആഷിഖ് അബുവും അമൽ നീരദും തമ്മിലുള്ള വ്യത്യാസമെന്ത് എന്ന ചോദ്യത്തിന് മായാനദിയും വരത്തനും തമ്മിലുള്ള വ്യത്യാസമെന്നാണ് മറുപടി. കിടിലൻ മേക്കിംഗിന്‍റെ ആശാനാണ് അമൽ നീരദ്. അത് വരത്തനിലും കാണാം. അതിനപ്പുറം വാസ്തവികതയുടെ രാഷ്ട്രീയം കൂടി മുന്നോട്ടുവെക്കും ആഷിഖ് അബു, അതാണ് മായാനദിയിൽ കണ്ടത്.

വരത്തൻ ഒരു സ്റ്റൈലൻ അമൽ നീരദ്, ഫഹദ് ഫാസിൽ, ഐശ്വര്യ ലക്ഷ്മി മൂവിയാണ്. ഫഹദിന്‍റെ എബിയും ഐശ്വര്യയുടെ പ്രിയയും ദുബായ് ജീവിതത്തിന് അവധി നൽകി നാട്ടിലേക്ക് വരികയാണ്. നഗരത്തിന്‍റെ അഴകും ആകാരവും പേറുന്ന ദമ്പതികൾക്ക് വിശ്രമത്താവളമാകുന്നത് പ്രിയയുടെ പപ്പയുടെ പതിനെട്ടാം മൈലിലെ തോട്ടവും വിജനമായ വസതിയും. നഗരവും ഗ്രാമവും വേ‍ർതിരിക്കപ്പെടുന്ന അതിരുകൾ എത്രമേൽ ബലിഷ്ഠമെന്ന് അമൽ നീരദ് വരച്ചിടുന്നുണ്ട്, എബിയും പ്രിയയും പതിനെട്ടാംമൈലിലേക്ക് കാറിൽ വന്നിറങ്ങുന്ന ആദ്യ ഷോട്ടിൽ തന്നെ. പിന്നീടങ്ങോട്ട് ആയിരം ആർത്തിനോട്ടങ്ങൾ പിന്തുടരുകയാണ് പ്രിയയെ. അതിലൊരുത്തൻ അവളുടെ അടിവസ്ത്രം പോലും കട്ടെടുത്ത് നെഞ്ചോട് ചേർത്തുവെച്ച് കൊണ്ടുപോകുന്നുണ്ട്. കിടപ്പറയിലേക്കും കുളിമുറിയിലേക്കും ഒളിഞ്ഞു നോക്കുന്നുണ്ട് കൂട്ടത്തിലെ മറ്റു ചിലർ. സമകാലിക യാഥാർത്ഥ്യങ്ങളുമായി ചേർന്നുപോകുന്നവ തന്നെ ഈ രംഗങ്ങൾ എങ്കിലും നാട്ടിൻപുറത്തുകാരെല്ലാം പെണ്ണിനെ കാണാത്തവരോ എന്ന ചോദ്യം തികട്ടുംമട്ടിലൊരു ഗ്രാമ്യ വിരുദ്ധത ചിത്രത്തിൽ അപകടകരമായ വിധം കടന്നുവരുന്നുവോ എന്നും സംശയം.

പുതിയകാല ചിത്രങ്ങളിൽ പലവട്ടം ആവർത്തിക്കപ്പെട്ട സദാചാര പോലീസിംഗ് അമൽ നീരദും പതിവ് രീതിയിൽ വിഷയമാക്കുന്നുണ്ട്. അത്ര പുതുമയില്ല അതിലും. പിന്നെ, പറയാവുന്നത് പെൺസുരക്ഷയാണ്. പെണ്ണിന് സ്വന്തം വീട്ടിൽ പോലും സമാധാനത്തോടെ കഴിയാനാകാത്ത അവസ്ഥ അതേ ഡയലോഗിലൂടെ പ്രിയയും ആവർത്തിക്കുന്നു. അതുംകടന്ന് പെണ്ണ് രതിയിൽ പോലും അധീശത്വം നേടുന്നത് മായാനദിയിൽ മനോഹരമായി മലയാള സിനിമ കണ്ടതിനാൽ, സെക്സ് ഈസ് നോട്ട് എ പ്രോമിസ് എന്ന അപുവിന്‍റെ പ്രസ്താവന ഇപ്പോഴും നാം മറക്കാത്തതിനാൽ, അധീരയാകുന്ന അമൽ നീരദിന്‍റെ പ്രിയ അത്രകണ്ട് കാലോചിതമല്ല. തനിക്ക് സുരക്ഷയൊരുക്കുന്നതിൽ ഭർത്താവ് പരാജയപ്പെടുമ്പോഴും പപ്പ ഉണ്ടെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല എന്ന ആണനുകൂല പരാമർശമേ അവളിൽ നിന്നും ഉണ്ടാകുന്നുള്ളൂ. ഒടുവിൽ അവൾക്ക് തന്നെ തോക്കെടുക്കേണ്ടി വരുന്നിടത്ത് മാത്രമാണ് ആ ധീരത നാം കാണുന്നത്.

മേൽപ്പറഞ്ഞ രാഷ്ട്രീയമെല്ലാം മാറ്റിവെച്ചാൽ കൊള്ളാവുന്ന ഒരു ത്രില്ലർ തന്നെ വരത്തൻ. കൂടെയിൽ നമുക്കൊപ്പം പോരുന്നുവല്ലോ ലിറ്റിൽ സ്വയംപിന്‍റെ ക്യാമറ, അതിവിടെയും അത്ഭുതങ്ങൾ കാണിക്കുന്നുണ്ട്. ഫഹദും ഐശ്വര്യ ലക്ഷ്മിയും പതിവുപോലെ തകർത്താടിയപ്പോൾ ഷറഫുദ്ദീൻ അടക്കം ഒപ്പമുള്ളവരും മികച്ചുനിന്നു. സുഹാസും ഷറഫുവും ചേർന്നൊരുക്കിയ തിരക്കഥ അമൽ നീരദ് ആവശ്യപ്പെടുന്ന ചടുലതക്ക് തീർച്ചയായും ഇണങ്ങുന്നത് തന്നെ. സുഷിൻ ശ്യാമിന്‍റെ സംഗീതവും തരക്കേടില്ല.

ചടഞ്ഞിരിപ്പും തണുപ്പൻമട്ടിലുള്ള പ്രതികരണങ്ങളും നിർത്തിവെച്ച് ഒടുവിൽ വില്ലന്മാരെ ഇടിച്ചിടാൻ നായകൻ തയ്യാറാകുമ്പോൾ തിയേറ്ററിൽ ഉയരുന്ന ആരവം മാത്രം മതി വരത്തൻ സൂപ്പർഹിറ്റാകാൻ. എങ്കിലും, കാശ് മുതലാകാൻ അത്രയേവേണ്ടൂ മലയാളിക്ക് എത്രകാലം പിന്നിട്ടാലും എന്ന ചിന്ത ബാക്കിയാകുന്നുണ്ട് ചിലരിൽ മാത്രം. ആ ചില‍രേക്കാൾ പലരാണ് ഭൂരിപക്ഷം എന്നതിനാൽ ബോക്സോഫീസിൽ വെറുതെയാകില്ല വരത്തന്‍റെ വരവ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories