Top

മായാനദി: ഫെമിനിസത്തിന്റെ മായക്കാഴ്ചയോ?

മായാനദി: ഫെമിനിസത്തിന്റെ മായക്കാഴ്ചയോ?
മായാനദി എന്ന സിനിമ മലയാള സിനിമയിലെ പുതിയ അധ്യായമായൊക്കെ വാഴ്ത്തപ്പെടുകയാണ്. മുൻനിര സിനിമകളുടെ പുരുഷാധിപത്യ പ്രവണതകളും സ്ത്രീയെ അപമാനിച്ചു കൊണ്ട് നായകന്‍റെ പുരുഷത്വത്തെ പ്രകീർത്തിക്കുന്നതും ചർച്ചാവിഷയമായിരിക്കുന്ന ഈ വേളയിൽ സ്ത്രീപക്ഷ സിനിമയുടെ ഉത്തരവാദിത്തങ്ങൾ കൃത്യമായി ഞാൻ മനസ്സിലാക്കുന്നുണ്ട്. സ്ത്രീ കേന്ദ്രീകൃത ഇതിവൃത്തമുള്ള മായാനദിയുടെ ചരിത്ര നിയോഗം അതുകൊണ്ട് തന്നെ വളരെ വലുതായി വീക്ഷിക്കപ്പെടുന്നുമുണ്ട്. സിനിമയുടെ നിർമ്മിതിയിലും ഇതിവൃത്തത്തിലും സ്ത്രീപക്ഷമാണെന്നു അടയാളപ്പെടുത്താൻ വളരെയധികം പണിപ്പെട്ടെടുത്ത ഒരു ചിത്രമാണിത്. പുരോഗമന പ്രത്യയശാസ്ത്രമായ ഫെമിനിസത്തിന്റെ വ്യത്യസ്ത മാനങ്ങൾ ഒരു തീവ്ര വലതു പക്ഷത്തിന്റെ ദൃഷ്ടികോണിലൂടെ അടിച്ചമർത്തലുകൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ, പുരോഗമനപരമെന്നു വാഴ്ത്തപ്പെടുന്ന ഒരു ചിത്രത്തിന്റെ ചില പാളിച്ചകൾ ചൂണ്ടിക്കാണിക്കേണ്ടി വരുന്നതിലെ അഭംഗി അറിയാഞ്ഞിട്ടല്ല. പക്ഷെ ഫെമിനിസം എന്ന ആശയത്തെ ഒരു റിവേഴ്‌സ് പാട്രിയാർക്കി എന്ന സങ്കൽപനത്തിൽ ഈ സിനിമ കൊണ്ടെത്തിച്ചോയെന്ന ശങ്കയാണ്‌ ഈ കുറിപ്പെഴുതാൻ പ്രേരിപ്പിക്കുന്നത്.

മായാനദിയിലെ കേന്ദ്ര കഥാപാത്രം സ്ത്രീയാണ്. അപർണ എന്ന വ്യക്തിയുടെ ജീവിതത്തിലെ രണ്ടു കാലഘട്ടങ്ങളെ മുന്‍ നിര്‍ത്തിയാണ്‌ സിനിമ ചലിക്കുന്നത്. അപർണ തന്റെ ഇന്നലെകളിലെ മുറിവുകൾ ഉണക്കി ജീവിതത്തെ മുന്നോട്ടു തുഴയാൻ, വളരെയധികം കഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. ഭാവിയിൽ ഒരു താരമാകുമെന്ന ഒരു ദൃഢനിശ്ചയം ഉള്ളിലുള്ളപ്പോഴും ജീവിതത്തിന്റെ ദൈനംദിന യാഥാർഥ്യങ്ങൾ (the mundaneness of everyday life) അവളെ വല്ലാതെ അലട്ടുന്നുണ്ട്. ഇതിലേക്കാണ് അവളുടെ ദീർഘകാല കാമുകനും ഒരിക്കൽ അവളെ മുറിപ്പെടുത്തി കടന്നു കളഞ്ഞവനുമായ മാത്തൻ എന്ന മാത്യൂസ് എത്തിപ്പെടുന്നത്. പിന്നീടുള്ള കഥ രണ്ടു തലങ്ങളിലാണ്. പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു ക്രൈം ത്രില്ലറിന്റെയും പ്രണയകഥയുടെയും കണ്ണികളിൽകൂടി മലയാളിക്ക് പരിചയമില്ലാത്ത, അല്ലെങ്കിൽ മലയാളി സദാചാര വിരുദ്ധം എന്ന് ധരിക്കുന്ന ചില സങ്കല്പങ്ങളെ പരിചയപ്പെടുത്താൻ ശ്രമിക്കുന്നുണ്ട് ആഷിക് അബു. പ്രണയം, സെക്സ്, വ്യക്തിത്വം തുടങ്ങിയവയിലൊന്നും മലയാളി ഇനിയും അംഗീകരിച്ചിട്ടില്ലാത്ത സ്ത്രീപക്ഷം ഈ സിനിമ അവതരിപ്പിക്കാൻ ശ്രമിക്കുന്നു. പുരോഗമനപരം എന്നതിനെ അടിവരയിടാനെന്ന പോലെ കിസ് ഓഫ് ലവ് പരാമർശം, പ്രകടമായ ലിപ് ലോക്ക് ഇവയെല്ലാം സിനിമയിൽ കാട്ടുന്നുണ്ട്.

സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ ആത്യന്തികമായി വ്യക്തികളാണ്. ക്ഷേത്രപരിസരത്തു നെറ്റിയിൽ വരച്ചു കണ്ടിട്ടുള്ള ഭസ്മക്കുറിയല്ലാതെ തെളിച്ചമുള്ള മത ചിഹ്നങ്ങളൊന്നും നായികയ്ക്കില്ല. അനാഥനായ നായകനും, പിതാവില്ലാത്ത, അതുകൊണ്ട് തന്നെ, അനാഥയായ നായികയും. പിതാവില്ലാത്ത കുടുംബത്തിലെ, മാതാവുൾപ്പെടെയുള്ളവർ നായികയെ ആശ്രയിച്ചു ജീവിക്കുന്നവർ. ജോലിയിൽ മികവ് തെളിയിക്കാനാകാത്ത അമ്മ, പഠിച്ചുകൊണ്ടിരിക്കുന്ന സഹോദരൻ. ഇവരൊക്കെ കൃത്യമായി നായികയുടെ ഭാരങ്ങളാണ്. സ്ത്രീകളുടെ ഒരു നെറ്റ്‌വർക്ക് എന്ന സങ്കല്പമൊക്കെ കൊണ്ട് വരാൻ ശ്രമിക്കുമ്പോഴും, ഒരു സെലക്ടീവ് എംപവര്‍മെന്‍റ് (empowerment) മാത്രമാണോ ഫെമിനിസം? ഉദാഹരണത്തിന്, നായികയുടെ അമ്മ, നായിക ചേച്ചി എന്ന് വിളിക്കുന്ന (രൂപ ഭംഗിയില്ലാത്ത) കൂട്ടുതാമസക്കാരി, ഒടുവിൽ ഇക്കാക്ക വന്നു ഒറ്റ അലർച്ചയിൽ കരിയര്‍ നശിപ്പിച്ചു തിരിച്ചു കൊണ്ടുപോകുന്ന സമീറ, ഇവർക്കൊന്നും എംപവര്‍മെന്‍റ് ബാധകമല്ല. ഒരൊറ്റ സ്ത്രീ കഥാപാത്രം മാത്രം കേന്ദ്രീകരിച്ചാണ് സിനിമയിലെ ശാക്തീകരണം. രാത്രിയിൽ സഞ്ചരിക്കുന്നവളും, ഒറ്റയ്ക്ക് സഞ്ചരിക്കുന്നവളുമായ അപർണ എന്ന സ്ത്രീ കഥാപാത്രം അത് കൊണ്ടുതന്നെ എടുത്താൽ പൊങ്ങാവുന്നതിലും കൂടുതൽ ഭാരം എടുക്കുന്നില്ലേ എന്നൊരു സംശയം. മലയാളിയുടെ മുഴുവൻ ഫെമിനിസ്റ്റ് സങ്കല്പങ്ങളും ഒറ്റയ്ക്ക് താങ്ങാൻ കെൽപ്പുള്ളതാണോ ഈ പെൺകൊച്ച് എന്നൊക്കെ നമുക്ക് തോന്നിപ്പോകും ഒരു തമാശ രൂപത്തിൽ പറഞ്ഞാൽ.

ഇവിടെ പ്രശ്നം ഫെമിനിസം എന്ന ആശയത്തിന്റെ മനസ്സിലാക്കലിലാണ്. ഫെമിനിസം അല്ലെങ്കിൽ ഫെമിനിസ്റ്റ് എന്നത് ഒറ്റയ്ക്ക് പോരാടി നേടേണ്ട ഒരു അവസ്ഥയോ, ഒറ്റയാൾ പോരാളിയുടെ പ്രതിബിംബമോ അല്ല. ഫെമിനിസം ഒരു കൂട്ടായ്മയാണ്. ഒന്നിച്ചു, വിഭിന്നങ്ങളായ സ്‌ത്രീകളെ, അവരുടെ വ്യത്യാസങ്ങൾ മനസ്സിലാക്കി, അവരുടെ വിഭിന്ന സ്വാതന്ത്ര്യ സങ്കൽപ്പങ്ങൾ മനസ്സിലാക്കി മുന്നോട്ടു നീങ്ങാൻ പര്യാപ്തരാക്കുന്ന ഒരു ആശയ സംഹിതയാണ്. ഇവിടെ ഒരാളുടെ മാത്രം മുന്നേറ്റം അല്ലെങ്കിൽ വ്യത്യസ്ഥരെല്ലാം അടിച്ചമർത്തപ്പെട്ടവർ എന്ന സങ്കല്പത്തിന് സാധ്യതയില്ല. 'Feminist Theory: From Margin to Center' എന്ന പുസ്തകത്തിൽ ബെല്‍ഹൂക്സ് (bell hooks) ഇത്തരത്തിലുള്ള ഇൻക്ലൂസീവ് ഫെമിനിസത്തിന്റെ സാധ്യതകൾ പരിശോധിക്കുന്നുണ്ട്. ബെൽ ഹൂക്‌സിന്റെ അഭിപ്രായത്തിൽ പുരുഷവിദ്വേഷ ഫെമിനിസം വെളുത്തവർഗ്ഗ സ്ത്രീകൾ മാത്രം ഉയർത്തിപ്പിടിക്കുന്ന ഒന്നാണ്. അതുപോലെ ഈ ഫെമിനിസത്തിന്റെ സാധ്യതകൾ വളരെ പരിമിതവുമാണ്. ഇവിടെ സ്വാതന്ത്ര്യമെന്ന ഉപരിമധ്യവർഗ്ഗത്തിന്റെ വിശേഷാധികാരം സാധ്യമാകുന്നത് അവർക്കായി പണിയെടുക്കാൻ തൊഴിലാളികളായ താഴെക്കിടയിലുള്ള സ്ത്രീകളുള്ളത് കൊണ്ടാണ്. (ഇന്ത്യൻ സാഹചര്യത്തിൽ ഇത് ദളിത്, മുസ്ലിം തുടങ്ങി എല്ലാ പാർശ്വവത്കൃത വിഭാഗത്തിൽ പെട്ട സ്ത്രീകളെയും ബാധിക്കുന്നു) അപർണയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു സ്വാതന്ത്ര്യ ബോധം, അല്ലെങ്കിൽ ഒരു graded സ്വാതന്ത്ര്യ സങ്കല്പമാണ് സിനിമ മുന്നോട്ടു വയ്ക്കുന്നത്.

http://www.azhimukham.com/offbeat-sexuality-masculinity-and-kerala-males-social-conditions-by-yacob/

സിനിമയുടെ പുരോഗമന മുഖം എന്ന് പലരും വാഴ്ത്തിപ്പറയുന്ന sex is not a promise എന്ന വാചകം നടുക്കമുണ്ടാക്കി. ഇത് പറയാനും പ്രവർത്തിക്കാനും എത്ര സ്ത്രീകൾക്ക് പ്രിവിലേജ് ഉണ്ട്? കേരളത്തിലെ പുരുഷന്മാർക്ക് ഈ സിനിമ ഇഷ്ടപ്പെട്ടെങ്കിൽ അത് ഈ ഒറ്റ ഡയലോഗ് കൊണ്ടാണോ എന്ന സംശയം എനിക്കുണ്ട്. ഈ ഒരു വാക്യം നൽകുന്ന സൗകര്യം കൃത്യമായി വിനിയോഗിക്കുന്നത് ഒരു പുരുഷ കേന്ദ്രീകൃത സമൂഹത്തിലെ പുരുഷന്മാരാണ്. അവിവാഹിതരായ അമ്മമാർ നരകയാതന അനുഭവിക്കുന്നതും, വിവാഹ പൂർവ ഗര്‍ഭധാരണം ഒരു സ്റ്റിഗ്മയും ആയ സമൂഹങ്ങളിൽ sex is not a promise എന്ന വാചകം പുരുഷന് വലിയ ആശ്വാസമാണ്. അത് ഒരു സ്ത്രീ തന്നെ പറഞ്ഞു കേൾക്കുമ്പോൾ പ്രത്യേകിച്ചും.

നിശ്ചയമായും സെക്സ് ഒരു പ്രോമിസ് അല്ല. പക്ഷെ അത് ചില ഉത്തരവാദിത്തങ്ങൾ അതിൽ ഏർപ്പെടുന്നവർക്ക് നൽകുന്നുണ്ട്. സ്നേഹത്തിന്റെ, പരസ്പര വിശ്വാസത്തിന്റെ, കരുതലിന്റെ. അതുകൊണ്ടുതന്നെ, ആ വിശ്വാസം വ്രണപ്പെടുത്തുന്നത് സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും ഫെമിനിസം എന്ന തത്വശാസ്ത്രത്താൽ ന്യായീകരിക്കാനാകില്ല. റിവേഴ്‌സ് സെക്സിസം അല്ല ഫെമിനിസം. സ്ത്രീയെക്കൊണ്ട് പുരുഷ ശരീരത്തെ വർണിപ്പിച്ചത് കൊണ്ടോ, സെക്സ് എന്ന പ്രവൃത്തി സ്ത്രീ മുൻകൈയെടുത്തു നടത്തിയത് കൊണ്ടോ മാത്രം ഒരു സ്ത്രീ ലൈംഗിക സ്വാതന്ത്ര്യം നേടി എന്ന് പറയാനാകുമോ? ഇന്നലെ എന്നെ ചൂഷണം ചെയ്ത ആളെ ഞാൻ ഇന്ന് ചൂഷണം ചെയ്തു എന്നത് ഫെമിനിസ്റ്റ് സങ്കൽപം അല്ല. ഈ സ്വാതന്ത്ര്യം ഞാൻ നേരത്തെ പറഞ്ഞ graded എന്ന ആശയവുമായി ചേർത്ത് വായിക്കേണ്ടതാണ്. prostitute എന്ന പദം സിനിമയിൽ ഉപയോഗിച്ചിട്ടുള്ളത് വളരെ സന്ദിഗ്ധമായാണ്. സെക്സ് ഒരു പ്രോമിസ് അല്ല എന്ന് പറയാനുള്ള സ്വാതന്ത്ര്യം സെക്സ് വർക്ക് ചെയ്യുന്നവർക്കില്ല. അവരെ സംബന്ധിച്ചിടത്തോളം അതൊരു തൊഴിലാണ്. അതിന്റെ ഒടുവിൽ കൂലി കിട്ടിയേ മതിയാകൂ. അതു പോലെ സെക്സ് എന്നത് പരസ്പര വിശ്വാസത്തിന്റെ തലത്തിൽ നടക്കുന്ന ഒരു ക്രിയ അല്ലെങ്കിൽ അതിന്റെ തുടക്കത്തിൽ രണ്ടു പേരും അതേക്കുറിച്ചു ചർച്ച ചെയ്യേണ്ടതാണ്. അല്ലെങ്കിൽ അതു ചൂഷണം തന്നെയാകും. അതു മാത്രമല്ല, സെക്സ് ഒരു പ്രോമിസ് അല്ലെങ്കിലും, ലൈംഗിക സ്വാതന്ത്ര്യം അതു നിരാകരിക്കാനുള്ളത് കൂടിയാണ്. സെക്സിനോട് നോ എന്ന് പറയാനുള്ള സ്വാതന്ത്ര്യം രണ്ടു പേർക്കും ഉണ്ടാകണം. ഒരു ഉമ്മ തരട്ടെ എന്ന ചോദ്യത്തിന് ആയിട്ടില്ല എന്ന മറുപടിയാണ് അപർണ നൽകുന്നത്. നിരന്തരം സ്ത്രീയുടെ തിരഞ്ഞെടുപ്പിനെ കുറിച്ചു ഇങ്ങനെ സിനിമ നമ്മളെ ഓർമ്മിപ്പിക്കുന്നുണ്ട്. അതെ സമയം ആ ചോയ്സ് അപര്‍ണയ്ക്ക് മാത്രമേ ലഭ്യമാകുന്നുള്ളൂ.

http://www.azhimukham.com/film-mammootty-fans-misogyny-and-slut-shaming-against-paravathy-arrest-by-aparna/

മായാനദി ഒരു മായക്കാഴ്ചയാണ്. സ്വാതന്ത്ര്യം സ്നേഹം ഇവയ്ക്കൊക്കെ പുതിയ മാനങ്ങൾ നൽകുമ്പോഴും ആ മാനങ്ങളിൽ ഒരു വല്ലാത്ത തിരഞ്ഞെടുപ്പുണ്ട്. മുതലാളിത്ത വ്യവസ്ഥിതിയുടെ, മുന്നോക്ക തിരഞ്ഞെടുപ്പുകളുടെ, മധ്യവർഗ്ഗ സങ്കല്പങ്ങളുടെ. ചിലർക്ക് മാത്രം ബാധകമായ സ്വാതന്ത്ര്യങ്ങൾ. അതോടൊപ്പം, ആ സ്വാതന്ത്ര്യ ബോധം സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെ പരിമിതവുമാണ്. നവഫെമിനിസ്റ്റ് എന്നവകാശപ്പെടുന്ന മുഖ്യധാരാ ഹോളിവുഡ് സിനിമകൾ സ്ത്രീയുടെ ഏജൻസി വ്യക്തിത്വം എന്നിവയെ കേന്ദ്രീകരിച്ചാണ് എന്ന് പറയുമ്പോഴും ഭർത്താവ്, കുട്ടികൾ, കുടുംബം തുടങ്ങിയ സങ്കൽപ്പങ്ങളിൽ നിന്നും സ്ത്രീയെ പുറത്തു കൊണ്ടുവന്നു എന്ന് അവകാശപ്പെടുമ്പോഴും, പുരുഷന് പ്രീതിദത്തമായ ആകാരവും, മുഖ്യധാരാ സൗന്ദര്യ സങ്കല്പങ്ങളുടെ അംഗീകാരവും, കൺസ്യുമറിസത്തിന്റെ ദൃശ്യാവിഷ്കാരവുമാണ് നടക്കുന്നത് എന്ന് വളരെ മുൻപ് തന്നെ പാശ്ചാത്യ ഫെമിനിസ്റ്റ് ഫിലിം ക്രിട്ടിക്കുകൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.

വളരെ കൃത്യമായ സ്ക്രിപ്റ്റ്, മികച്ച ഛായാഗ്രാഹണം, കൈയടക്കമുള്ള സംവിധായകന്റെ തെളിച്ചം, മികച്ച അഭിനേതാക്കൾ ഇതെല്ലാം അവകാശപ്പെടാനുള്ള ഒരു സിനിമ തന്നെയാണ് മായാനദി. മികവുറ്റ ഗാന രചന, സംഗീതം ഇവയെല്ലാം എടുത്തു പറയേണ്ടതുമാണ്. മുഖ്യ ധാര സിനിമകളിലെ സ്ത്രീ വിരുദ്ധതയുടെ ചെടിപ്പിക്കുന്ന വാചാലതയും പുരുഷ കേസരികളുടെ സ്ത്രീവിരുദ്ധ പ്രഭാഷണങ്ങളും ഇല്ലാത്ത സിനിമയാണ്. മായനദി എന്ന സിനിമ അത്തരം ചിത്രങ്ങളോട് താരതമ്യം ചെയ്യേണ്ടതുമല്ല. അതുകൊണ്ട് തന്നെയാണ്, മറ്റൊരു തലത്തിൽ നിന്നും മലയാളി പ്രേക്ഷകനോട് സംവദിക്കാൻ ശ്രമിക്കുമ്പോൾ ഫെമിനിസ്റ്റ് സങ്കല്പങ്ങളിലെ വീഴ്ച കുറച്ചുകൂടി പ്രകടമാകുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

http://www.azhimukham.com/newswrap-omkv-to-malayalacinema/

Next Story

Related Stories