UPDATES

സിനിമാ വാര്‍ത്തകള്‍

എനിക്ക് ഹാപ്പി ഹവേഴ്സ് നിർമ്മിച്ച ‘തമാശ’ കാണണം; നിര്‍മ്മാതാകൾക്ക് തമിഴ് നാട് സ്വദേശി ഹരീഷിന്റെ കത്ത്

സുഡാനി ഫ്രം നൈജീരിയക്ക് ലഭിച്ച അവാർഡു തുകകൾ മുഴുവനും ഹരീഷിന്റെ വെപ്പുകാലുകൾക്ക് വേണ്ടി ഇവര്‍ സംഭാവന ചെയ്തു.

എട്ടുവർഷം മുൻപ് കേരളം കാണാനും ഫുട്ബോൾ കളിക്കാനാവശ്യമായ ബൂട്ട്, ജഴ്സി തുടങ്ങിയവ വാങ്ങാനുമായി ലോറി ഡ്രൈവറായ പിതാവിനോടൊപ്പം കേരളത്തിലേക്ക് വന്നതാണ്
തമിഴ്‌നാട്ടിലെ മധുര സ്വദേശി ഹരീഷ്. എന്നാൽ ആ യാത്രയിൽ കുതിരാനിൽ വെച്ച് ലോറി മറിയുകയും ഹരീഷിന്റെ ഇരു കാലുകളും നഷ്ടമാവുകയുമുണ്ടായി. എന്നാല്‍ ഇപ്പോള്‍ ഹരീഷിന് ഒരൊറ്റ ദുഖം മാത്രമേയുള്ളു. സുഡാനി ഫ്രം നൈജീരിയക്കു ശേഷം ഹാപ്പി ഹവേഴ്സ് നിർമ്മിച്ച ‘തമാശ’ സിനിമ കാണണം.

ഈ സിനിമ കാണാൻ ഹരീഷ് ആഗ്രഹിക്കുന്നതിന് പിന്നിൽ ഒരു വലിയ കാരണവും ഉണ്ട്. ചികിത്സക്കുശേഷം തിരികേപ്പോയ ഹരീഷിനെ നാളുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ കഴിഞ്ഞവർഷം ഫോട്ടോഗ്രാഫറായ കെ.ആര്‍ സുനില്‍ മധുരക്കടുത്തുവെച്ച് കണ്ടെത്തുന്നത് ഹൃദയസ്പര്‍ശിയായി തന്നെ വീഡിയോ രൂപത്തില്‍ പുറത്ത് വന്നിരുന്നു. തുടര്‍ന്നും നടക്കാനും പഴയത് പോലെ ഫുട്ബോള്‍ കളിക്കാനും ഹരീഷിന് വേണ്ട വെപ്പുകാലുകള്‍ക്ക് സഹായം നല്‍കിയിരുന്നത് സിനിമാപ്രവര്‍ത്തകരായ ആഷിക് അബു, ഷൈജു ഖാലിദ്, കെ.എം.കമൽ തുടങ്ങിയവരായിരുന്നു. സുഡാനി ഫ്രം നൈജീരിയക്ക് ലഭിച്ച അവാർഡു തുകകൾ മുഴുവനും ഹരീഷിന്റെ വെപ്പുകാലുകൾക്ക് വേണ്ടി ഇവര്‍ സംഭാവന ചെയ്തു.

സിനിമ മധുരയിൽ വരാനായി കാത്തിരിക്കുകയാണ് ഈ ചെറുപ്പക്കാരനിപ്പോള്‍. തനിക്ക് സിനിമ കാണാനുള്ള ആഗ്രഹം പങ്കുവെച്ച് കൊണ്ട് ഹരീഷ് നിര്‍മ്മാതാക്കളായ ഹാപ്പി അവേഴ്സിന് കത്ത് അയച്ചിട്ടുണ്ട്. ‘മലയാളികള്‍ നല്‍കിയ സ്നേഹവും അനുഭാവവും ഒരിക്കലും മറക്കാന്‍ കഴിയില്ല. എനിക്ക് വേഗത്തില്‍ നടക്കാനാള്ള ആത്മവിശ്വാസം നല്‍കിയത് നിങ്ങളാണ്. മധുരയില്‍ തമാശ സിനിമ വന്നാല്‍ കാണാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു.’; ഹരീഷ് സനേഹത്തോടെ കുറിച്ചു.

ഹരീഷിന്റെ ഈ കത്ത് അണിയറപ്രവർത്തകരാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. നവാഗതനായ അഷ്റഫ് ഹംസ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. വിനയ് ഫോര്‍ട്ട് നായകയായി എത്തുന്നു. ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു ചാന്ദിനി, എന്നിവര്‍ നായികമാരായും. നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, ആര്യ സാലിം എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായും വേഷമിടുന്നു. സമീര്‍ താഹിര്‍, ഷൈജു ഷാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍