TopTop
Begin typing your search above and press return to search.

ടൊവിനോയോടൊപ്പം അഭിനയിച്ചുവെന്നത് അവിശ്വസനീയം: മറഡോണ നായിക ശരണ്യ/അഭിമുഖം

ടൊവിനോയോടൊപ്പം അഭിനയിച്ചുവെന്നത് അവിശ്വസനീയം: മറഡോണ നായിക ശരണ്യ/അഭിമുഖം

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ വിഷ്ണു നാരായണന് സംവിധാനം ചെയ്ത ചിത്രമായ മറഡോണയിൽ നായികയായെത്തുന്നത് പുതുമുഖ നടി ശരണ്യയാണ്. ചിത്രത്തിലെ ആശ എന്ന തന്റെ കഥാപാത്രത്തെ തന്‍മയത്തോടെ മികവോടെ അഭിനയിച്ച ശരണ്യ ആർ നായർ അഭിനയ വിശേഷങ്ങൾ അഴിമുഖത്തോട് പങ്കു വയ്ക്കുന്നു.

ആദ്യചിത്രമെന്ന് തോന്നിപ്പിക്കാത്ത വിധത്തിൽ ഗംഭീരമായ അഭിനയമാണല്ലോ മറഡോണയിൽ?

എന്റെ ആദ്യ സിനിമയാണ് മറഡോണ. അതിപ്പോള്‍ സ്ക്രീനിൽ വന്നു, ഞാൻ കണ്ടു. ഒരുപാട് നല്ല അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ട് സിനിമയ്ക്കും എൻറെ അഭിനയത്തിനും. എന്റെ ഭാഗം ഞാൻ നന്നായി ചെയ്തു എന്ന് ഒരുപാട് പേർ പറഞ്ഞു. സൌഹൃദത്തിന്റെയും പ്രണയത്തിന്റെയും തിരിച്ചറിവുകളുടെയും കഥയാണ് മറഡോണ പറയുന്നത്. അതിൽ നായകനായ മറഡോണയുടെ കാമുകിയായാണ് ഞാൻ എത്തുന്നത്. മറഡോണ എന്ന ചെറുപ്പക്കാരൻ ഒരു അസാധാരണ സാഹചര്യത്തിൽ വീടു വിട്ടു മാറി ബംഗളൂരുവില്‍ ഉള്ള തന്റെ അകന്ന ബന്ധുവിന്റെ വീട്ടിലേക്ക് താമസം മാറ്റുന്നു. തുടർന്ന് മറഡോണയെ ചുറ്റിപ്പറ്റിയുള്ള രസകരമായ സംഭവങ്ങളാണ് സിനിമ പറയുന്നത്. അതിനിടയിൽ സംഭവിക്കുന്ന ഒന്നാണ് മറഡോണയുടെ പ്രണയം. ഏറ്റവും വലിയ സന്തോഷമെന്താണെന്ന് വെച്ചാൽ ഈ സിനിമയിൽ വർക്ക് ചെയ്തവരും എന്നോട് നല്ല അഭിപ്രായം പറഞ്ഞു എന്നതാണ്. ഇനിയങ്ങോട്ട് സിനിമ കാണാൻ പ്രേക്ഷകർ കൂടും എന്നുള്ളതാണ് എന്റെ വിശ്വാസം.

എങ്ങനെയാണ് മറഡോണയിൽ നായികാ സ്ഥാനത്തേക്ക് എത്തുന്നത്?

ഓഡിഷൻ വഴിയാണ് ഞാനീ സിനിമയിലേക്കെത്തുന്നത്. എം ബി എ കഴിഞ്ഞു ജോലിക്ക് കയറുന്ന സമയത്താണ് ഒഡീഷൻ ഉള്ള കാര്യം അറിയുന്നതും പോകുന്നതും. അങ്ങനെ ഓഡിഷനിൽ പോയി പങ്കെടുത്തു. ഈശ്വരാനുഗ്രഹം കൊണ്ട് ഫസ്റ്റ് ഓഡിഷനിൽ തന്നെ സെലക്ഷൻ ലഭിച്ചു.

സിനിമയിൽ നായികയാവുക എന്നത് തന്നെയായിരുന്നോ ലക്ഷ്യം?

ലക്ഷ്യം എന്നതിലുപരി എന്റെ സ്വപ്നമായിരുന്നു സിനിമ എന്നു പറയാം. സിനിമയിൽ വരുന്നതിനു മുൻപ് എനിക്ക് വാസ്തവത്തിൽ ഈ ഇൻഡസ്ട്രിയുമായി യാതൊരു ബന്ധവും, ഇൻഡസ്ട്രിയിലെ ആരുമായും യാതൊരു കണക്ഷനും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ഈ മേഖലയിലേക്ക് എങ്ങനെ എത്തിപ്പെടണം എന്നുള്ളതിനെപ്പറ്റി എനിക്ക് വലിയ ധാരണയില്ലായിരുന്നു. കൊച്ചി കുസാറ്റിലായിരുന്നു എന്റെ എം. ബി. എ ചെയ്തിരുന്നത്. അവിട പഠിക്കുന്ന സമയത്ത് ചെറിയ ചെറിയ ചില പ്രോഗ്രാമുകൾ ഒക്കെയായി നടക്കുമായിരുന്നു. അവിടുത്തെ പഠനം കഴിഞ്ഞപ്പോഴാണ് ഈ ഒഡിഷൻ നടക്കുന്ന കാര്യം അറിഞ്ഞത്. വാസ്തവത്തിൽ ചെറിയൊരു ഭാഗ്യ പരീക്ഷണമാണ് നടത്തിയത്. ഭാഗ്യമെന്നു പറയട്ടെ ഫസ്റ്റ് ഒഡീഷൻ കഴിഞ്ഞപ്പോൾ തന്നെ സെക്കൻഡ് ഒഡീഷനിലേക്ക് വിളിച്ചു. അപ്പോൾ പിന്നെ ഹാപ്പിയായി.

ടൊവിനോയോടൊത്തുള്ള അനുഭവങ്ങൾ?

നല്ല അനുഭവങ്ങൾ തന്നെയായിരുന്നു. പ്രതിബന്ധങ്ങൾ, അടി, തിരിച്ചടി, പ്രണയം, ആഘോഷം എന്നിങ്ങനെ ഒരുപാട് മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന മറഡോണ എന്ന കഥാപാത്രമാണ് ടോവിൻ ചേട്ടൻ ഇതിൽ ചെയ്യുന്നത്. വാസ്തവത്തിൽ റൊമാൻറിക് ഹീറോ ആയ ടൊവിനോയോടൊപ്പം ഈ സിനിമയിൽ അഭിനയിക്കാൻ പറ്റി എന്നുള്ളത് തന്നെ ഒരു ഭാഗ്യമാണ്. ടൊവിനൊപ്പം അഭിനയിക്കാൻ അവസരം കിട്ടി എന്നത് ആദ്യമൊക്കെ എനിക്ക് അവിശ്വസനീയമായ ഒന്നായി തോന്നിയിരുന്നു. പിന്നീട് അത് ഉൾകൊള്ളാൻ അല്പം സമയമെടുക്കേണ്ടി വന്നു.

മറഡോണ-ആശ. ഈ പ്രണയ ജോഡികൾക്ക് ഇടയിലെ കെമിസ്ട്രി എങ്ങനെ വർക്ക് ഔട്ടായി?

മായാനദിയിലെ അലസനായ മാത്തനെ പോലെയല്ല മറഡോണ. കർക്കശക്കാരനും ക്ഷിപ്രകോപിയും ഹൃദയമില്ലാത്തവനുമൊക്കെയായ എന്നാൽ അതിൽ നിന്നെല്ലാം മാറുന്ന ഒരു കഥാപാത്രമാണ് മറഡോണ. ആശയാകട്ടെ സംസാരപ്രിയായ ഒരു ഹോം നേഴ്സും. ഇവർക്കിടയിൽ പ്രണയമുണ്ട്. ആ പ്രണയത്തിന്റെ കെമിസ്ട്രി വർക്ക് ഔട്ട് ആകാൻ അധിക സമയം ഒന്നും വേണ്ടി വന്നില്ല വാസ്തവത്തിൽ. കാരണം എന്റെ ആദ്യ ഷൂട്ട് തന്നെ ഈ റൊമാൻസ് സീൻ ആയിരുന്നു. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിൽ ടൊവിനോയും, സംവിധായകൻ വിഷ്ണു ഏട്ടനും തിരക്കഥകൃത് കൃഷ്ണമൂർത്തി ചേട്ടനും എല്ലാം ഒരുപാട് സഹായിച്ചു. അതിനു വേണ്ടി സമയമെടുത്തു തന്നെ ചെയ്യാനുള്ള അവസരവും അവർ തന്നു.

ബംഗളൂരുവിലെ ലൊക്കേഷൻ അനുഭവങ്ങൾ എങ്ങനെയായിരുന്നു?

സ്വതവേ തിരക്ക്‌ പിടിച്ച നഗരമാണ്. അതുകൊണ്ട് തന്നെ അവിടത്തുകാർക്ക് ഷൂട്ടിങ്ങോ മറ്റൊന്നും തന്നെ ശ്രദ്ധിക്കാനുള്ള സമയവുമില്ല. പക്ഷേ ഇവിടം അങ്ങനല്ല. ഇവിടെ ആളുകൾ ഷൂട്ട് കാണാൻ കൂടി നില്കുമ്പോഴേക്കും ആകെ ടെന്‍ഷന്‍ ആകും.

ഒരു പുതുമുഖ നായിക എന്ന നിലയിൽ ശരണ്യക്ക് സംവിധായകൻ എത്രമാത്രം പിന്തുണ നൽകി?

എന്നെ ഈ സിനിമയിൽ ഓഡിഷൻ വഴി സെലക്റ്റ് ചെയ്തത് തന്നെ വിഷ്ണു എട്ടനാണ്. വിഷ്ണു ഏട്ടൻ പൂർണ പിന്തുണ തന്നെ തന്നു. പിന്നെ അദ്ദേഹം ഒരുപാട് എക്സ്‌പീരിയൻസ് ഉള്ള ആളാണ് ഇൻഡസ്ട്രിയിൽ. അതിന്റെതായ ഔട്ട്പുട്ട് സിനിമയിൽ കാണാനും ഉണ്ട്.

ശരണ്യയെ കുറിച്ച്?

ഞാൻ തിരുവനന്തപുരം സ്വദേശി യാണ്.വീട്ടിൽ അച്ഛൻ 'അമ്മ ചേട്ടൻ എന്നിവരാണ് ഉള്ളത്.കുസാറ്റിൽ എം ബി എ ചെയ്തു. വർക്ക് ചെയ്യുന്നുണ്ട്. കൂടെ സിനിമയും ചെയ്തു. ഇനിയും നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ സിനിമയും ഓഫീസ് വർക്കും ഒരുമിച്ച് കൊണ്ടുപോകാൻ തന്നെയാണ് പ്ലാൻ.

https://www.azhimukham.com/film-maradona-review-by-aparna/


Next Story

Related Stories