Top

പുതുമുഖ ചിത്രങ്ങള്‍ ജനത്തെ കാണിക്കേണ്ട എന്നാണോ? അവഗണനയ്ക്കെതിരെ ഹിമാലയത്തിലെ കശ്മലന്റെ സംവിധായകന്‍

പുതുമുഖ ചിത്രങ്ങള്‍ ജനത്തെ കാണിക്കേണ്ട എന്നാണോ? അവഗണനയ്ക്കെതിരെ ഹിമാലയത്തിലെ കശ്മലന്റെ സംവിധായകന്‍
52 പുതുമുഖങ്ങളുടെ വലിയ നിരയുമായി കേവലം 38 തിയറററുകളിലായി പ്രദര്‍ശനം തുടരുന്ന ഹിമാലയത്തിലെ കശ്മലന്‍ എന്ന സിനിമ വലിയ തരക്കേടില്ലാത്ത അഭിപ്രായങ്ങള്‍ നേടുമ്പോഴും തിയേററര്‍ ഉടമകളില്‍ നിന്നുളള അവഗണന മൂലം വേണ്ടത്ര പരിഗണന കിട്ടാനാവാതെ വന്നതോടെ ഹോള്‍ഡ് ഓവര്‍ എന്ന വലിയൊരു പ്രതിസന്ധിയിലോട്ടാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്.ചെറിയ ബഡ്ജറ്റിലുളള ഈ ഒരു ചിത്രത്തിന്മേല്‍ തിയേററര്‍ ഉടമകളില്‍ നിന്നുളള പക്ഷപാതപരമായ പെരുമാററം പ്രേക്ഷകരില്‍ നിന്ന് സിനിമയെ അകറ്റി തുടങ്ങിയതോടെ ഈ സിനിമ ഇനി എന്ത് എന്നുളള ചോദ്യത്തെ വളരെ ആശങ്കയോടെയാണ് ചലച്ചിത്രപ്രേമികളും സിനിമാ അണിയറ പ്രവര്‍ത്തകരും നോക്കി കാണുന്നത്. ചിത്രത്തിന്റെ സംവിധായകന്‍
അഭിരാം സുരേഷ് ഉണ്ണിത്താനു
മായി അനു ചന്ദ്ര നടത്തുന്ന അഭിമുഖം


അനു ചന്ദ്ര: സൂപ്പര്‍താര, പ്രമുഖ നിര്‍മ്മാണ കമ്പനികളുടെതായ അസാന്നിധ്യത്തില്‍ നിന്നല്ലേ തിയേറ്റര്‍ ഉടമകളുടെ സഹകരണ കുറവ് ഈ ചിത്രത്തില്‍ സംഭവിച്ചത്?

അഭിരാം സുരേഷ് ഉണ്ണിത്താന്‍: ബേസിക്കലി ചാര്‍ട്ടിംങ് മാനേജര്‍, തിയേററര്‍ ഉടമ തുടങ്ങിയവര്‍ക്ക് ഒരു പുതുമുഖ സിനിമ എന്ന് പറയുമ്പോള്‍ തന്നെ ഒരു കണ്‍സപ്റ്റ് ഉണ്ട്. വിജയസാധ്യത ഇല്ലാത്ത, പൊളിയാന്‍ പോണ പടമാണ് ഇതെന്ന്. അല്ലെങ്കില്‍ ആള് കയറില്ല, ഇതൊരു മോശം പടമാണെന്ന ധാരണയുണ്ടാകും. വാസ്തവത്തില്‍ ഇവിടെയും ഇതൊക്കെ തന്നെയാണ് സംഭവിച്ചത്. പക്ഷേ ഇവിടെ ഫസ്റ്റ് ഡേ, സെക്കന്റ് ഡേ, തേഡ് ഡേ തുടങ്ങി ഓരോ ദിവസം കൂടും തോറും പോസിറ്റീവ് ആയിട്ടുളള റെസ്‌പോണ്‍സ് ആണ് സാധാരണക്കാരില്‍ നിന്ന് കിട്ടിയത്. അത് തിയേറ്ററില്‍ നിന്ന് തന്നെ അറിയാന്‍ പറ്റും. ഈ സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററിലെ ഡോര്‍ ഒന്നു തുറന്ന് നോക്കിയാല്‍, ആളുകളുടെ ആസ്വാദനത്തോടുളള ചിരിയില്‍ നിന്ന് തന്നെ അതറിയാന്‍ സാധിക്കും. ഒരു സൂപ്പര്‍ സ്റ്റാറിന്റെ സിനിമക്കാണ് ഇത് പോലെ ചിരിക്കുന്നതെങ്കില്‍ ആ സിനിമ തീര്‍ച്ചയായും 150 ദിവസം ഓടും. ഒരു പുതുമുഖ സിനിമയിലെ തമാശ രംഗങ്ങള്‍ പ്രേക്ഷകര്‍ ആസ്വദിക്കുമ്പോള്‍ അതിന് യാതൊരു വിലയുമില്ല. ഒരു തരം പുച്ഛമാണ്. ഇതിന് പുറകിലെ കാരണമെന്തെന്നതില്‍ എനിക്കിത് വരെയും വ്യക്തതതയില്ല.അനു: പക്ഷപാതപരമായ ഇത്തരം തിയേററര്‍ ഉടമകളുടെ നിലപാടുകള്‍ കേരളത്തിനകത്ത് മാത്രം ഒതുങ്ങുന്ന ഒന്നായിട്ടാണോ തോന്നിയത്?

അഭിരാം: നമ്മുടെ പടം, ഇതേ പടം, ഇതേ മലയാള സിനിമ മറ്റു സംസ്ഥാനങ്ങളില്‍, അവിടുത്തെ മള്‍ട്ടിപ്ലെക്‌സിലായാലും അവിടുത്തെ തീയേറ്ററിലായാലും അവര്‍ വലിയ താത്പര്യത്തോടെയാണ് ഏറ്റെടുക്കുക. അതിപ്പൊ ബാംഗ്ലൂര്‍, മൈസൂര്‍, ചെന്നൈ പോലുളള ഇടങ്ങളില്‍ എല്ലാം ഇങ്ങനെയാണ്. നമ്മള്‍ ജസ്റ്റ് ഒന്ന് വിളിക്കുമ്പോള്‍ അവര്‍ വേറൊന്നും ചെയ്യുന്നില്ല, എഫ്.ബിയിലൊന്ന് ഓടിച്ച് നോക്കും, ഗൂഗിളില്‍ നോക്കും, റിവ്യൂസ് വായിക്കും. അപ്പോള്‍ ഞാന്‍ അവരുമായൊന്നു വിളിച്ചു സംസാരിച്ചു. എന്താണ് ഈ രണ്ട് ഇടങ്ങളിലെയും തിയേററര്‍ ഉടമകള്‍ തമ്മിലുളള നിലപാടുകളിലെ വൈരുദ്ധ്യമെന്നറിയാന്‍. അപ്പോള്‍ അവര്‍ പറഞ്ഞ ഉദാഹരണങ്ങളെന്നു പറയുന്നത് നവാഗതനായ കാര്‍ത്തിക് നരേന്‍ റഹ്മാനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ധ്രുവങ്ങള്‍ 16 എന്ന സിനിമ ആദ്യ ദിവസത്തില്‍ വലിയ പിന്തുണയും ബഹളമൊന്നുമില്ലാതെയാണ് പ്രദര്‍ശനത്തിന് വന്നത്. പിന്നീട് അതിന് പ്രേക്ഷകരില്‍ നിന്ന് ലഭിച്ച നല്ല പ്രതികരണം അപ്രതീക്ഷിതമായിരുന്നുവെങ്കിലും അക്കാരണത്താല്‍ അത് സൂപ്പര്‍ ഹിറ്റ് ആയി തീരുകയായിരുന്നു. അങ്ങനെയതിന് പ്രൈം ഷോ കൊടുക്കാന്‍ തയ്യാറായി. അതുകൊണ്ട് തന്നെ ഇതര സംസ്ഥാനങ്ങളില്‍ അംഗീകരിക്കാനുളള പ്രവണത ഇപ്പോള്‍ തുടക്കത്തിലെ കാണിക്കുന്നു എന്നത് സന്തോഷം തരുന്നു.

അനു: പുതുമുഖ സിനിമയെന്ന നിലയില്‍ തിയേററര്‍ ഉടമകള്‍, നിരുത്സാഹപ്പെടുത്തലിന്റെ ഭാഗമായി പ്രദര്‍ശന സമയത്തില്‍ വരെ നീതികേട് പുലര്‍ത്തിയതായി വിശ്വസിക്കുന്നുണ്ടൊ?

അഭിരാം: ഈ പടത്തിന് കിട്ടിയ ഒട്ടുമുക്കാല്‍ ഷോയും 10:00, 11:00 ആണ്. പേഴ്‌സണലി, ഞാന്‍ ആണെങ്കില്‍ ഈ ഷോ പ്രിഫര്‍ ചെയ്യില്ല. തൃശൂര്‍ ഒക്കെ റിലീസിങ്ങിന്റെ ആദ്യ ദിവസം 10:30-ന് ഒരു പക്ഷേ വിജയ്, സൂര്യ സിനിമകള്‍ ഒക്കെ ജനങ്ങള്‍ കാത്തിരുന്ന് കണ്ടേക്കാം. പക്ഷേ ഇത് പോലൊരു പുതുമുഖ സിനിമ ആര് കാണാനാണ് ഈ സമയത്ത്. ഞങ്ങള്‍ തിയേററര്‍ ഉടമകളോടും ചാര്‍ട്ട് ഇടുന്നവരോടും കാല് പിടിച്ച് പറഞ്ഞു, ഒരു ഷോ മതി 6:30/9:30 എന്ന്. അവര്‍ കേട്ടില്ല. ഞങ്ങള്‍ക്കറിയാം ഞങ്ങള്‍ തെരഞ്ഞെടുത്തത്/ചെയ്തതായ സിനിമ അതിഭീകരമായ ഒന്നല്ലെന്ന്. പക്ഷേ ഞങ്ങള്‍ ചെയ്തത് നല്ലതോ ചീത്തതോ ആകട്ടെ അത് പ്രേക്ഷകരെ വേണ്ട രീതിയില്‍ കാണിക്കാനായി ഉളള അവസരത്തെ നിഷേധിക്കുന്നത് ശരിയാണോ? എന്നാല്‍ കൂട്ടത്തില്‍ ചില നല്ല തിയേറ്ററുകള്‍ നമ്മളുമായി സഹകരിച്ചു, ബി. ഉണ്ണികൃഷ്ണനെ പോലുളളവര്‍ പിന്തുണച്ച് സിനിമ പ്രദര്‍ശിപ്പിക്കാനായി മുമ്പോട്ട് വന്നു എന്നത് സന്തോഷമാണ്.

ഹിമാലയത്തിലെ കശ്മലന്‍-മാരിലെ താരങ്ങള്‍

അനു: സംവിധായകനെന്ന നിലയില്‍ സ്വന്തം സിനിമക്ക് മേലുളള വിലയിരുത്തല്‍ എങ്ങനെയാണ്?

അഭിരാം: ഹിമാലയത്തിലെ കശ്മലന്‍ തീര്‍ച്ചയായും നല്ലൊരു എന്റര്‍ടെയിനിങ് ആകും. കാഷ്വലായി കാര്‍ട്ടൂണൊക്കെ കാണുന്ന ലാഘവത്തോടെ ഫാമിലിയുമായി എന്‍ജോയ് ചെയ്ത് കാണാവുന്ന സിനിമ. പലരും വിളിച്ച് പറയുന്ന അഭിപ്രായവും അതാണ്. അതിഭീകരമായ കഥയോ അതിഭീകരമായി ചിന്തിപ്പിക്കുന്നതോ ആയ ഒന്നും ഇതിലില്ല. കോര്‍ത്തിണക്കിയതത്രയും ഒരുപാട് ചിരിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളാണ്.

അനു: 52 പുതുമുഖങ്ങളെ വെച്ചൊരു സിനിമ എടുക്കുക എന്നതൊരു പരീക്ഷണമല്ലെ?

അഭിരാം: ആ പരീക്ഷണത്തിലാണ് ഇപ്പോള്‍ പെട്ടിരിക്കുന്നതും. എന്ത് പരീക്ഷണമായാലും അത് ജനത്തിന് കാണാനായില്ലെങ്കില്‍ പിന്നെ എന്ത് അര്‍ത്ഥമാണുളളത്.

അനു: രേവതി കലാമന്ദിര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചിറങ്ങിയ ധൈര്യത്തില്‍ ഒരു കൂട്ടം ആളുകള്‍ സിനിമയെടുക്കുമ്പോള്‍, സംവിധായകനായി അവിടത്തെ അധ്യാപകനെ തെരഞ്ഞെടുക്കുന്നു. എങ്ങനെ സംഭവിച്ചു?

അഭിരാം: ഞാന്‍ ഫിലിം സ്‌കൂള്‍ പാസ്സ് ഔട്ട് ആയതാണ്. പ്രസ്തുത സിനിമയുടെ സിനിമാറ്റോഗ്രാഫര്‍, സംഗീത സംവിധായകന്‍ എല്ലാം എന്റെ സഹപാഠികള്‍ ആയിരുന്നു. ഞങ്ങളുടെ ഒരു ടീമിലേക്ക് രേവതി കലാമന്ദിറില്‍ പഠിച്ചിറങ്ങിയ ഒരു കൂട്ടം യുവാക്കള്‍ വരുന്നു. നന്ദു മോഹന്‍ തിരക്കഥ എഴുതുന്നു, നിര്‍മ്മാതാവാകുന്നു. അങ്ങനെയാണ് ഈ സിനിമ രൂപപ്പെടുന്നത്. ബട്ട് സിനിമ ഇനി എന്ത് എന്നുളളത് മുമ്പില്‍ വലിയൊരു ചോദ്യമായി കിടക്കുകയാണ്. ചെറിയ സിനിമകള്‍ ഫേസ് ചെയ്യുന്ന വലിയൊരു ക്രൈസിസ് ആണ് പോസ്റ്റര്‍ ഷോട്ടേജ് എന്ന് പറയുന്നത്. ഈ പോസ്റ്ററുകള്‍ പബ്ലിസിറ്റിയുടെ ഭാഗമായി എവിടെക്ക് പോകുന്നു, എവിടെ പോകുന്നു എന്ന് കണക്ക് ചോദിക്കുമ്പോള്‍ ഒട്ടിച്ചിട്ടുണ്ടെന്ന് പറയുന്നു. പക്ഷെ ഇതൊന്നും പ്രത്യക്ഷത്തില്‍ കാണുന്നില്ല. ഇതൊക്കെ എവിടെ പരാതിപ്പെടാനാണ്.അനു: തിയേറ്ററിനകത്തെ സൗകര്യ കുറവാണ് അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍ സിനിമ നേരിട്ടിരുന്ന പ്രശ്‌നം എങ്കില്‍ തിയേറ്റര്‍ ഉടമകളുടെ അവഗണനയാണ് ഇവിടെ നേരിടുന്ന പ്രശ്‌നം. മൊത്തത്തില്‍ പ്രതിസന്ധിയാണല്ലേ നവാഗതരെ സംബന്ധിച്ചിടത്തോളം?

അഭിരാം: തീര്‍ച്ചയായും ഇത് വലിയൊരു പ്രതിസന്ധിയാണ്. പുതുമുഖ നായകന്മാരെ വെച്ച് സുനില്‍ ഇബ്രാഹിം ചെയ്യുന്ന വൈ എന്ന സിനിമ പോലുളള ഒരുപാട് അറ്റംപ്റ്റ് വരുന്നുണ്ട് ഇപ്പോള്‍. അപ്പോള്‍ ഇത്തരം അവസ്ഥ, പലരീതിയിലായി ഈ പുതിയ ശ്രമങ്ങളുമായി കടന്നു വരുന്നവരെല്ലാം ഫേസ് ചെയ്യേണ്ടതായ സാധ്യതയുണ്ട്. അത് കഷ്ടമാണ്. ഒരുപക്ഷേ ഇതില്‍ രണ്ട് മൂന്ന് സിനിമകള്‍ നല്ല ബാനറിന്റെ പിന്തുണയുണ്ടെങ്കില്‍ വിജയിച്ചേക്കാം. അതല്ലാത്ത ചെറിയ ബാനറിലുളള സിനിമകള്‍ നേരിടാന്‍ പോണതെല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ ആകാം.

അനു: ചലച്ചിത്ര സംഘടനയില്‍ നിന്നും പ്രസ്തുത പ്രശ്‌നത്തിനായുളള സഹകരണം എപ്രകാരമായിരുന്നു?

അഭിരാം: എക്‌സിക്യൂട്ടീവ്‌സില്‍ 2, 3 പേരെയൊക്കെ വിളിച്ചു സംസാരിച്ചു. ഏതാണ്ട് ഒരു സര്‍ക്കാര്‍ ഓഫീസില്‍ പോയ അവസ്ഥയാണ്. അങ്ങോട്ട് പോകൂ, ഇങ്ങോട്ട് പോകൂ എന്നൊക്കെ പറഞ്ഞ്. പടം റിലീസ് ചെയ്യുന്നതിന്റെ തലേ ദിവസം നമ്മള്‍ ആരുടെ കാല് പിടിക്കാനാണ്. ഇനിയുള്ള പ്രതീക്ഷ പ്രേക്ഷകരാണ്. 52 ആര്‍ട്ടിസ്റ്റുകളാണ് പുതുതായി വരുന്നത്, എല്ലാവരും നല്ല അഭിനയമാണ്. ഭാവിയില്‍ വലിയ താരങ്ങള്‍ ഒന്നുമായില്ലെങ്കിലും നല്ല നടന്മാരാകാനായി കഴിവുളള പലരും ഇതിലുണ്ട്. പിന്നെ ഒരു സിനിമയ്ക്കകത്ത് പഠിച്ചുവെച്ച നിയമങ്ങളെ ബ്രെയ്ക്ക് ചെയ്ത് കൊണ്ടാണ് 52 പുതുമുഖങ്ങളെ വെച്ചത്.

അനു: ഹിമാലയത്തിലെ കശ്മലന് പ്രതീക്ഷിക്കുന്ന, അര്‍ഹിക്കുന്ന രീതിയിലുള്ള പരിഗണന ലഭിക്കട്ടെ...

അഭിരാം: അതാണ് ആഗ്രഹം. യക്ഷിയെന്ന സിനിമയ്ക്ക് ശേഷം രണ്ടാമതായി ഞാന്‍ ചെയ്യുന്ന സിനിമയാണിത്. മീഡിയയുടെ പിന്തുണ നന്നായി ഉണ്ട്. ഇനിയുളള പ്രതീക്ഷ പ്രേക്ഷകരിലാണ്.

Next Story

Related Stories