TopTop
Begin typing your search above and press return to search.

നോട്ട് നിരോധനത്തിന് കയ്യടിക്കുന്ന സൂപ്പര്‍താരങ്ങളോട്, നിങ്ങളുടെ കഥാപാത്രങ്ങള്‍ ക്യൂവിലാണ്

നോട്ട് നിരോധനത്തിന് കയ്യടിക്കുന്ന സൂപ്പര്‍താരങ്ങളോട്, നിങ്ങളുടെ കഥാപാത്രങ്ങള്‍ ക്യൂവിലാണ്

സുജയ് രാധാകൃഷ്ണന്‍

എല്ലാ മേഖലകളേയും പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണ് യാതൊരു തയ്യാറെടുപ്പുകളുമില്ലാതെ 500 രൂപയുടേയും 1000 രൂപയുടേയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി. കറന്‍സികള്‍ പിന്‍വലിക്കുക, മാറ്റം വരുത്തുക എന്നീ കാര്യങ്ങള്‍ വളരെ സ്വാഭാവികമായും ജനങ്ങളെ ദുരിതത്തിലാക്കാതെയും മുമ്പ് നടന്നിട്ടുണ്ട്. ഒരു സര്‍ക്കാരിന് ഇത്തരത്തില്‍ തീരുമാനമെടുക്കാന്‍ അവകാശവുമുണ്ട്. എന്നാല്‍ ഇത്രയും ജനദ്രോഹകരമായ തരത്തില്‍ ഇത് നടപ്പാക്കപ്പെടുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും. വിവിധ തൊഴില്‍ മേഖലകളേയും വ്യവസായങ്ങളേയും അത് വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ചലച്ചിത്ര വ്യവസായത്തേയും അത് കാര്യമായി ബാധിച്ചു കഴിഞ്ഞു. മലയാള സിനിമാ നിര്‍മ്മാണം പ്രതിസന്ധിയിലാണെന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. മലയാളത്തില്‍ നാദിര്‍ ഷാ സംവിധാനം ചെയ്യുന്ന കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സജിത് ജഗദ്‌നന്ദന്‍ സംവിധാനം ചെയ്യുന്ന ഒരേ മുഖം എന്നീ ചിത്രങ്ങളുടെ റിലീസിംഗ് മാറ്റി വെച്ചുകഴിഞ്ഞു. ജനങ്ങളുടെ കയ്യില്‍ നോട്ടില്ലാത്ത സ്ഥിതിക്ക് റിലീസിംഗ് മാറ്റി വയ്ക്കുന്നതാണ് ഉചിതമെന്ന് നാദിര്‍ഷാ പറയുന്നു. 18ന് ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ കഴിയുമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും പുതിയ സാഹചര്യത്തില്‍ ഈ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ എങ്ങനെ സ്വീകരിക്കപ്പെടും എന്നത് സംബന്ധിച്ച് ചിത്രങ്ങളുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ആശങ്കയുണ്ട്. നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി സിദ്ധാര്‍ത്ഥ ശിവ ഒരുക്കുന്ന സഖാവ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ഇത്തരത്തില്‍ വിവിധ ഭാഷാ സിനിമകളെ നോട്ട് പിന്‍വലിക്കല്‍ ബാധിച്ചിട്ടുണ്ട്.

നോട്ട് പിന്‍വലിക്കല്‍, സിനിമകളുടെ കളക്ഷനെ കാര്യമായി ബാധിച്ചതായി കോഴിക്കോട് ഫിലിം സിറ്റി മാനേജര്‍ എ പി ഹുബായ് പറയുന്നു. 100 കോടി ക്ലബില്‍ ഇടം പിടിച്ച പുലിമുരുകന്‍ അടക്കമുള്ള ചിത്രങ്ങളുടെ കളക്ഷന്‍, നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം കുത്തനെ കുറഞ്ഞതായി ഹുബായ് പറഞ്ഞു. റിലീസിംഗ് മാറ്റി വച്ചിട്ടില്ലാത്ത പല തമിഴ്, ഹിന്ദി ചിത്രങ്ങളേയും കാര്യമായി ഈ പ്രതിസന്ധി ബാധിക്കുമെന്ന് ഉറപ്പാണ്. ഓണ്‍ലൈന്‍ വഴിയോ ഡെബിറ്റ്, ക്രെഡിറ്റ് കാഡുകള്‍ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഇപ്പോഴും കുറവാണ്. കൂടുതല്‍ പേരും നേരിട്ട് തന്നെയാണ് ടിക്കറ്റെടുക്കുന്നത്.മേക്ക് അപ്പ് ആര്‍ട്ടിസ്റ്റുകളും വസ്ത്രാലങ്കാരം ചെയ്യുന്നവരും ലൈറ്റ്‌ബോയ്‌സ്, ടീ ബോയ്‌സ് അടക്കമുള്ള തൊഴിലാളികളും വേതനം ലഭിക്കാത്തതിനാല്‍ പലയിടങ്ങളിലും പണിമുടക്കിയിരിക്കുകയാണെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരുവനന്തപുരത്തും ഹൈദരാബാദിലുമെല്ലാം ലൈറ്റിംഗ് തൊഴിലാളികള്‍ പണിമുടക്കിയിരിക്കുകയാണ്. അണിയറയില്‍ ഒരുങ്ങുന്ന വലിയ താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങളടക്കം ഇതുകാരണം പ്രതിസന്ധിയിലാണ്.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ വ്യവസായമായ തെലുങ്കില്‍ മഹേഷ് ബാബുവിനെ നായകനാക്കി എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‌റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. മഹേഷ് ബാബുവും എആര്‍ മുരുഗദോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹൈദരാബാദിലും സെക്കന്ദരാബാദിലുമായാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ്. ഇന്നലെ കൂലി കിട്ടാത്തത് കാരണം തൊഴിലാളികള്‍ ജോലിക്കെത്താന്‍ വിസമ്മതിച്ചു. പവന്‍ കല്യാണ്‍ നായകനാകുന്ന അന്തരിന്തികി ദരേദി എന്ന ചിത്രത്തിന്‌റെ പ്രവര്‍ത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണ്. ചിത്രം മാറ്റിവയ്ക്കുന്നതായി നിര്‍മ്മാതാവ് ബിവിഎസ്എന്‍ പ്രസാദ് അറിയിച്ചു. ഹൈദരാബാദില്‍ ആറോളം തെലുങ്ക് ചിത്രങ്ങളുടെ ചിത്രീകരണം നിലച്ചിരിക്കുന്നു. സാങ്കേതിക പ്രവര്‍ത്തകരടക്കം ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും പണം നല്‍കാന്‍ നിര്‍മ്മാതാക്കള്‍ക്ക് കഴിയുന്നില്ല.

തമിഴ് സിനിമാ വ്യവസായവും കടുത്ത പ്രതിസന്ധിയിലാണ്. കൂടുതലും കറന്‍സി ഇടപാടുകളിലാണ് തമിഴ് സിനിമാ മേഖല കേന്ദ്രീകരിക്കുന്നത്. തൊഴിലാളികള്‍ക്ക് ദിവസക്കൂലി കയ്യില്‍ പണമായി കൊടുക്കുകയാണ്. ഇത് പുതിയ സാഹചര്യത്തില്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ലിങ്ക പ്രൊഡക്ഷന്‍സ് ക്രിയേറ്റീവ് ഹെഡ് രാജു മഹാലിംഗം പറയുന്നു. രജനീകാന്തും അക്ഷയ് കുമാറും അഭിനയിക്കുന്ന ശങ്കറിന്‌റെ 2.0, കമല്‍ഹാസന്‍ നായകനാകുന്ന സബാഷ് നായിഡു തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത് ലിങ്ക പ്രൊഡക്ഷന്‍സാണ്. താരസംഘടനയായ നടികര്‍സംഘം പ്രസിഡന്‍റ് നാസര്‍ അടക്കം തമിഴ് സിനിമയുമായി ബന്ധപ്പെട്ട പലരും കറന്‍സിരഹിത ഇടപാടുകളെക്കുറിച്ചെല്ലാം പറയുന്നുണ്ടെങ്കിലും യാഥാര്‍ത്ഥ്യം ഇവരെ തുറിച്ചുനോക്കുന്നുണ്ട്.പൂര്‍ണമായും കറന്‍സി രഹിത ഇടപാടുകള്‍ എന്ന ആവശ്യത്തിന്‌റെ പ്രായോഗികതയെ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ പ്രസിഡന്‌റ് ജി ശിവ ചോദ്യം ചെയ്തു. തൊഴിലാളികള്‍ അവരുടെ ദൈംദിന ചിലവുകള്‍ക്ക് കറന്‍സി നോട്ടുകളെ തന്നെയാണ് ആശ്രയിക്കുന്നതെന്ന് ശിവ ഓര്‍മ്മിപ്പിച്ചു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, ക്യാമറ അസിസ്റ്റന്‌റുകള്‍ തുടങ്ങിയവരെ സംബന്ധിച്ച് ഓണ്‍ലൈന്‍ ഇടപാടുകള്‍ ബുദ്ധിമുട്ടായേക്കില്ല. എന്നാല്‍ ലൈറ്റ് ബോയ്‌സ് അടക്കമുള്ള എല്ലാ തൊഴിലാളികളെ സംബന്ധിച്ചും ഇത് പ്രായോഗികമാവണമെന്നില്ലെന്നും ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ശിവ ചൂണ്ടിക്കാട്ടി. ഇതിനിടയില്‍ സാധാരണക്കാരോടൊപ്പം എളിമയോടെ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് പിന്‍വലിക്കല്‍ നടപടിയെ പ്രശംസിച്ചും പിന്തുണച്ചും ട്വിറ്ററില്‍ രംഗത്തെത്തി. നടന്‍ വിജയ്‌ മാത്രമാണ് നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ അപാകതയുണ്ടായിട്ടുണ്ട് എന്ന് പറഞ്ഞ് രംഗത്ത് വന്നത്. ഒരു പക്ഷെ ഇന്ത്യയിലെ വിവിധ ഭാഷാ സിനിമകള്‍ എടുത്താല്‍ വിജയിന്‍റെ ശബ്ദം ഒറ്റപ്പെട്ടതാണ് എന്ന് കാണാം. സമ്പന്നര്‍ ചെയ്യുന്ന തെറ്റിന്‍റെ ദുരിതം 80 ശതമാനം വരുന്ന സാധാരണക്കാര്‍ അനുഭവിക്കുകയാണെന്ന് വിജയ്‌ അഭിപ്രായപ്പെട്ടു. നോട്ട് മാറ്റം ധീരമായ നടപടിയാണെന്ന് തന്നെയാണ് വിജയിന്‍റെയും അഭിപ്രായം.

എന്നാല്‍ മലയാള സിനിമാ പ്രവര്‍ത്തകരില്‍ നിന്നും സര്‍ക്കാരിന്റെ ഡീമണിറ്റൈസേഷന്‍ എന്നറിയപ്പെടുന്ന നോട്ട് അസാധുവാക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് കാര്യമായി എന്തെങ്കിലും പ്രതികരണം വന്നിട്ടില്ല; എതിര്‍ത്തോ അനുകൂലിച്ചോ. സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ പോലെയോ നടന്‍ ജോയ് മാത്യുവിനെ പോലെയോ ചുരുക്കം ചിലര്‍ ഫേസ്ബുക്കിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അനുകൂലിച്ചതൊഴിച്ചാല്‍. ജോയ് മാത്യു പിന്നീട് നിലപാട് മാറ്റിയ മട്ടാണ്.

അതേസമയം ബോളിവുഡിന്റെ കാര്യം അങ്ങനെയല്ല. ബോളിവുഡ് അഭിനേതാക്കളും സംവിധായകരും നിര്‍മ്മാതാക്കളുമൊക്കെ വലിയ തോതില്‍ സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്തു. മറ്റ് പല വിഷയങ്ങളിലെന്നത് പോലെ ഭിന്നസ്വരമൊന്നും ബോളിവുഡില്‍ നിന്ന് ഇക്കാര്യത്തില്‍ വന്നിട്ടില്ല. ചില ബോളിവുഡ് ചിത്രങ്ങളുടെയൊക്കെ തീയറ്റര്‍ കളക്ഷനെ നോട്ട് പിന്‍വലിക്കല്‍ നടപടി കാര്യമായി ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചലച്ചിത്ര നിര്‍മ്മാണത്തിനും അനുബന്ധ വ്യവസായത്തിനും ഏറെ പ്രതിസന്ധികളുണ്ടാക്കുന്ന നീക്കത്തെ ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാ വ്യവസായ മേഖലയായ ബോളിവുഡിന് എങ്ങനെയാണ് ഇത്ര ആവേശത്തോടെ സ്വീകരിക്കാനാവുന്നത്? അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, ഋത്വിക് റോഷന്‍, ഐശ്വര്യ റായ്, അജയ് ദേവ്ഗണ്‍, അനുഷ്‌ക ശര്‍മ, ഫറാന്‍ അക്തര്‍ തുടങ്ങിയവരെല്ലാം നോട്ട് പിന്‍വലിക്കല്‍ നടപടിയേയും സര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അഭിനന്ദിച്ച് രംഗത്തെത്തി.സിനിമാ വ്യവസായം, അത് ഏത് ഭാഷയിലേതാണെങ്കിലും കള്ളപ്പണവുമായി ബന്ധപ്പെട്ട് എക്കാലവും ആരോപണം നേരിടുന്ന ഒന്നാണ്. കള്ളപ്പണം വെളുപ്പിക്കാനാണ് പലരും സിനിമ എടുക്കുന്നത് എന്നും കള്ളപ്പണം വെളുപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ല മേഖല സിനിമ നിര്‍മ്മാണമാണെന്നും ഒക്കെയുള്ള ആരോപണങ്ങള്‍ എക്കാലവും സിനിമാ വ്യവസായം നേരിട്ടിട്ടുണ്ട്. പനാമ പേപ്പേഴ്സ് പുറത്തുവിട്ട വിദേശത്തെ കള്ളപ്പണ നിക്ഷേപകരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് അമിതാഭ് ബച്ചനും ഐശ്വര്യ റായിയും അടക്കമുള്ളവര്‍ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇത്തരം വൈരുദ്ധ്യങ്ങളാണ് കാണുന്നത്. തന്റെ ഏഴ് പതിറ്റാണ്ടിലധികം വരുന്ന ജീവിതകാലത്ത് അനുഭവിച്ച ഏറ്റവും പക്വവും യുക്തിസഹവുമായ തീരുമാനങ്ങളിലൊന്ന് എന്നാണ് സര്‍ക്കാര്‍ നടപടിയെ ബച്ചന്‍ വിശേഷിപ്പിച്ചത്. ഐശ്വര്യ റായ് ആകട്ടെ ഇത് എല്ലാ മേഖലയിലുമുള്ള അഴിമതി തുടച്ചുനീക്കാന്‍ പോവുകയാണെന്ന് അഭിപ്രായപ്പെട്ടു. ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് ഇപ്പോള്‍ വലിയ ചര്‍ച്ചയാക്കേണ്ടതില്ലെന്നും ഐശ്വര്യ പറഞ്ഞു. ഒട്ടുമിക്ക ബോളിവുഡ് താരങ്ങള്‍ക്കും ഇതേ അഭിപ്രായമാണ് ഉണ്ടായിരുന്നത്.

ട്വിറ്ററിലാണ് മിക്കവരും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചു കൊണ്ടുള്ളതായിരുന്നു ബോളിവുഡിന്റ കിംഗ് ഖാന്‍ ആയി അറിയപ്പെടുന്ന ഷാരൂഖ് ഖാന്റെ ട്വീറ്റ്. ഒട്ടും രാഷ്ട്രീയപ്രേരിതമല്ലാത്തതും ദീര്‍ഘവീക്ഷണത്തോടെയുള്ളതുമാണ് തീരുമാനമെന്ന് നവംബര്‍ ഒമ്പതിന്റെ ട്വീറ്റില്‍ ഷാരൂഖ് ഖാന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഗുണപരമായ മാറ്റമുണ്ടാക്കുമെന്നും ഷാരൂഖ് പ്രതീക്ഷ പ്രകടിപ്പിച്ചു.സാധാരണക്കാരന്റെ ചെറിയ കാലത്തെ ബുദ്ധിമുട്ടുകള്‍ കാര്യമാക്കേണ്ടതില്ലെന്നാണ് പൊതുവെ വലിയ സാമൂഹ്യപ്രതിബദ്ധതയുണ്ടെന്ന പ്രതിച്ഛായ സൃഷ്ടിച്ചിട്ടുള്ള ആമിര്‍ ഖാന്‍ അഭിപ്രായപ്പെട്ടത്. തന്റെ സിനിമകളിലൂടെയും സത്യമേവ ജയതേ പോലുള്ള ടെലിവിഷന്‍ പരിപാടികളിലും നര്‍മ്മദ പ്രശ്നം പോലുള്ളവയിലും പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുന്ന ജനപക്ഷ രാഷ്ട്രീയത്തോട് തനിക്ക് അനുഭാവമുണ്ടെന്ന പ്രതീതി ആമിര്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ വെറുമൊരു ബോളിവുഡ് താരം മാത്രമാണെന്ന് മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് ഇതിലൂടെ തെളിയിച്ചു. സാധാരണക്കാരന്റെ പ്രശ്നങ്ങളെ അവഗണിച്ച് മഹത്തായ രാഷ്ട്രം നിര്‍മ്മിക്കുന്നതിനെ കുറിച്ച് ആമിറും സംസാരിച്ച് തുടങ്ങി. മധ്യവര്‍ഗക്കാരുയോ ഏറ്റവും പാവപ്പെട്ടവരുടേയുമോ കയ്യിലുള്ള കാശ് പോലും തന്റെ കയ്യിലില്ലാത്തതുകൊണ്ടാവാം നോട്ട് പിന്‍വലിക്കല്‍ തന്നെ ബാധിച്ചിട്ടേ ഇല്ലെന്ന ക്രൂരമായ തമാശയും ആമിര്‍ വിളമ്പി. സാധാരണക്കാരനോട് കറന്‍സിരഹിത സമ്പദ് വ്യവസ്ഥയിലേയ്ക്ക് നീങ്ങാനുള്ള യാഥാര്‍ത്ഥ്യബോധമില്ലാത്ത ഉപദേശമാണ് ഈ പറഞ്ഞതിന്റെ ഉള്ളിലുള്ളത്.

മോദിയുടെ നീക്കത്തെ പ്രശംസിച്ച സല്‍മാന്‍ ഖാന്‍, ആര്‍ക്കെങ്കിലും ബാങ്കില്‍ നിന്ന് പണം കിട്ടാന്‍ പ്രയാസമുണ്ടെങ്കില്‍ താന്‍ തന്നെ ബാങ്കില്‍ പോയി അത് ശരിയാക്കി തരാമെന്ന് തട്ടിവിട്ടു. ബിഗ് ബോസ് എന്ന പരിപാടിയിലാണ് സല്‍മാന്‍ ഇക്കാര്യം പറഞ്ഞത്. ഏതായാലും സല്‍മാന്‍ ഇത്തരത്തില്‍ ക്യൂ നിന്ന് നോട്ടി മാറ്റിക്കൊണ്ടുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. മാസ്റ്റര്‍ സ്ട്രോക്ക് എന്നാണ് സല്‍മാന്‍ സര്‍ക്കാരിന്റ നടപടിയെ വിശേഷിപ്പിച്ചത്. മോദിക്ക് ഒരു സല്യൂട്ടും കൊടുത്തു. ബോളിവുഡില്‍ നിന്ന് മറ്റ് പലരും ഈ മാസ്റ്റര്‍ സ്ട്രോക്ക് പ്രയോഗം നടത്തി.

വളരെ പക്വവും പ്രചോദനം നല്‍കുന്നതുമായ നടപടിയെന്നാണ് ഋത്വിക് റോഷന് തോന്നുന്നത്. ഇത്തരത്തിലുള്ള എല്ലാ നടപടികളും തുടക്കത്തില്‍ വലിയ എതിര്‍പ്പ് നേരിടേണ്ടി വരുമെന്നും അത് കാര്യേമാക്കേണ്ടെന്നും ഋത്വിക് റോഷന്‍ കരുതുന്നു. 2000 രൂപ നോട്ടുകള്‍ എന്തിനാണെന്ന സംശയമെങ്കിലും സോനാക്ഷി സിന്‍ഹയ്ക്കുണ്ട്. പകരം ചെറിയ തുകയുടെ നോട്ടുകള്‍ ഏര്‍പ്പെടുത്തിയാല്‍ പോരേ എന്ന് സോനാക്ഷി ചോദിക്കുന്നു.സിനിമാ ടിക്കറ്റ് വില്‍പ്പനയെ നടപടി സാരമായി ബാധിക്കുമെന്ന് സംവിധായകന്‍ ശ്യാം ബെനഗല്‍ സമ്മതിക്കുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് തീയറ്ററിലെത്തിയ റോക്ക് ഓണ്‍ ടു എന്ന ചിത്രത്തിന്‌റെ കളക്ഷനെ നോട്ട് പിന്‍വലിക്കല്‍ ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും നായകന്‍ ഫറാന്‍ അക്തര്‍ വലിയ ആവേശത്തിലാണ്. സൂപ്പര്‍ മൂവ് ബൈ നരേന്ദ്ര മോദി ഗവണ്‍മെന്‌റ് എന്നാണ് ഫറാന്‍ ട്വിറ്ററില്‍ കുറിച്ചത്. ഇത് കള്ളപ്പണത്തിനെതിരായ യുദ്ധമാണെന്ന് അഭിപ്രായപ്പെട്ട ഫറാന്‍ അഴിമതി തുടച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടു. ഇതൊരു മാസ്റ്റര്‍ സ്‌ട്രോക്കാണെന്ന് പറഞ്ഞ് അഭിനന്ദിച്ച കരണ്‍ ജോഹറിന് നന്ദി പറഞ്ഞ് മോദിയുടെ മറുപടി ട്വീറ്റെത്തി. ഭാവി തലമുറകള്‍ക്ക് വേണ്ടി അഴിമതിരഹിതമായ ഇന്ത്യ നമ്മളുണ്ടാക്കണമെന്ന് മോദി അഭിപ്രായപ്പെട്ടു.

റോക്ക് ഓണ്‍ 2, ബോക്‌സ് ഓഫീസില്‍ സാമ്പത്തികമായി തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‌റെ നിലവാരമില്ലായ്മയും പരാജയത്തിന് കാരണമായിട്ടുണ്ടെങ്കിലും ആദ്യ ദിവസങ്ങളിലെ കളക്ഷന്‍ തന്നെ വളരെ മോശമായതിന് കാരണം ആളുകള്‍ നോട്ട് മാറാന്‍ ക്യൂ നില്‍ക്കുന്നതും കൂടിയാണ്. നിര്‍മ്മാതാവ് റിതേഷ് സിദ്ധ്വാനിയും നോട്ട് പിന്‍വലിക്കല്‍ നടപടി ചിത്രത്തെ ബാധിച്ചതായി സമ്മതിച്ചു. ചിത്രത്തിന്‌റെ റിലീസിംഗ് മാറ്റി വയ്ക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നതാണെന്നും വ്യാജ പതിപ്പുകളെ പേടിച്ചാണ് റിലീസിംഗ് മാറ്റാതിരുന്നതെന്നും സിദ്ധ്വാനി പറഞ്ഞു. സാസേ, 30 മിനുട്ട്‌സ് എന്നീ ചിത്രങ്ങളുടെ റിലീസിംഗ് നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് മാറ്റി വച്ചിരുന്നു. രാജ്യത്തുടനീളം റിലീസ് ചെയ്ത ചിത്രം ആദ്യ ദിവസം നേടിയത് വെറും 2.2 കോടി രൂപ. തൊട്ടടുത്ത ദിവസവും വലിയ പുരോഗതിയൊന്നും ഉണ്ടായില്ല. ഇത് വലിയ പരാജയമാണെന്നാണ് വിലയിരുത്തല്‍.സിനിമാ വ്യവസായത്തെ ഇത് ബാധിക്കില്ലെന്നും തനിക്ക് ചെക്ക് വഴിയാണ് പണം കിട്ടുന്നതെന്നും നടന്‍ ഓംപുരി പറഞ്ഞു. തന്‌റെ ഡ്രൈവര്‍ക്ക് പോലും ചെക്ക് വഴിയാണ് പണം കിട്ടുന്നത്. സാധാരണക്കാര്‍ക്ക് കുറച്ച് കാലത്തേയ്ക്ക് ബുദ്ധിമുട്ടുണ്ടാകും. കള്ളപ്പണം കൈവശം വയ്ക്കുന്ന കുറച്ച് വ്യവസായികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മാത്രമാണ് ഇത് പ്രശ്‌നമുണ്ടാക്കുക എന്നാണ് ഓംപുരിയുടെ വിലയിരുത്തല്‍. മോദിയുടെ പെട്ടെന്നുള്ള പ്രഖ്യാപനം സാധാരണക്കാരനെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട് എന്ന് ഓംപുരി സമ്മതിക്കുന്നു. എന്നാല്‍ ഏത് നല്ല കാര്യത്തിനും നമ്മള്‍ അല്‍പ്പമൊക്കെ സഹിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഈ നമ്മള്‍ എന്ന് പറയുന്നുണ്ടെങ്കിലും അതിനകത്ത് ഓംപുരി വരില്ല എന്നത് വലിയ ആശ്വാസം.

ബോളിവുഡിനെ ഒരു തരത്തിലും നോട്ട് പിന്‍വലിക്കല്‍ ബാധിച്ചിട്ടില്ലെന്നാണ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ പ്രസിഡന്റ് മുകേഷ് ഭട്ട് പറയുന്നത്. ഞങ്ങള്‍ നോട്ടുകള്‍ കൊണ്ടുള്ള പണമിടപാട് നടത്തുന്നില്ല, ഞങ്ങളെ ഇത് ബാധിക്കുന്നില്ല എന്നൊക്കെയാണ് മുകേഷ് ഭട്ട് പറയുന്നത്. പൂര്‍ണായും കറന്‍സിരഹിത ഇടപാടുകളിലേയ്ക്ക് അല്ലെങ്കില്‍ പ്ലാസ്റ്റിക് മണിയിലേയ്ക്ക് മാറിയതിന്റെ സുരക്ഷയില്‍ നിന്നുകൊണ്ടാണ് മുകേഷ് ഭട്ട് പറയുന്നത്. ഞങ്ങളെ ഇതൊന്നും ബാധിക്കുന്നില്ല എന്ന വരേണ്യ ന്യായം. ഇതേ ന്യായം നഗരവാസികളായ ചില മദ്ധ്യവര്‍ഗ യുവാക്കളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്.

ബോളിവുഡ് അടക്കമുള്ള ചലച്ചിത്ര വ്യവസായ മേഖലകളിലെ സാങ്കേതിക പ്രവര്‍ത്തകരേയും തൊഴിലാളികളേയും നോട്ട് പിന്‍വലിക്കല്‍ ബാധിച്ചിട്ടുണ്ടാവും എന്ന കാര്യത്തില്‍ സംശയമില്ല. അവര്‍ക്ക് ബോളിവുഡിലെ വരേണ്യന്മാരെ പോലെ നോട്ടുകളെ ഒരു തരത്തിലും ആശ്രയിക്കാതെ ജീവിക്കാന്‍ കഴിയില്ല. തങ്ങള്‍ ഭാഗമായ വ്യവസായ മേഖലയിലെ തൊഴിലാളികളെ കുറിച്ചെങ്കിലും കുറഞ്ഞ പക്ഷം താരങ്ങള്‍ക്ക് ആശങ്കയുണ്ടാകേണ്ടതായിരുന്നു.

ഈ രാജ്യത്ത് സാധാരണക്കാരന് എന്ത് സംഭവിക്കുന്നു എന്ന് ബോളിവുഡിന്റെ പരിഗണനാ വിഷയമാകാന്‍ സാധ്യതയില്ല. അവരില്‍ പലര്‍ക്കും ഈ മാസറ്റര്‍ സ്ട്രോക്ക് അല്ലെങ്കില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് വലിയ അടിയായി തോന്നിയിരിക്കാനാണ് സാദ്ധ്യത. മഹത്തായ ഈ സര്‍ജിക്കല്‍ സട്രൈക്ക് തുടങ്ങി ഒരാഴ്ചയാവുമ്പോള്‍ ഈ രാജ്യത്ത് 25 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. ഇതില്‍ ചികിത്സ നിഷേധിക്കപ്പെട്ടത് മൂലം മരണപ്പെട്ട ഒരു നവജാത ശിശുവും ഉള്‍പ്പെടുന്നു. സര്‍ജിക്കല്‍ സ്ട്രൈക്കില്‍ ആഘാതമേറ്റത് ഈ രാജ്യത്തെ കള്ളപ്പണക്കാര്‍ക്കല്ല. പകരം ഏറ്റവും താഴ്ന്ന സാമ്പത്തിക നിലയിലുമുള്ള ഈ നാട്ടിലെ അടിസ്ഥാന വര്‍ഗങ്ങള്‍ക്കും മധ്യവര്‍ഗത്തില്‍ പെട്ടവര്‍ക്കുമാണ്. ചെറുകിട കച്ചവടക്കാര്‍, ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികള്‍, കരാര്‍ തൊഴിലാളികള്‍, നാട്ടില്‍ നിന്ന് ദൂരെ മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവരെല്ലാം ദുരിതത്തിലാണ്. പലരുടേയും ഒരു ദിവസത്തിന്റെ നല്ലൊരു ഭാഗവും ജോലിക്ക് പോകാനാവാതെ ബാങ്കിന് മുന്നിലെ ക്യൂവില്‍ തീരുന്നു. പലര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ പോലുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.


ഞങ്ങളെ ഇതൊന്നും ബാധിക്കുന്നില്ല എന്നു പറയുന്ന താരങ്ങള്‍ കുറേ മുഷിഞ്ഞ നോട്ടുകളാണ് തങ്ങളെയെല്ലാം താരങ്ങളാക്കിയത് എന്ന് എന്നാണ് തിരിച്ചറിയുക. സാമൂഹ്യപ്രതിബദ്ധതയുള്ള സിനിമകളേയും തെളിച്ചുകൊണ്ട് ഇനിയും ഇവര്‍ ഇതുവഴി വരുമായിരിക്കും. അപ്പോള്‍ ഇവര്‍ ജീവന്‍ നല്‍കിയ പല കഥാപാത്രങ്ങളും ഇവരുടെ മുഖത്ത് തുപ്പാന്‍ സാദ്ധ്യതയുണ്ട്. കാരണം അവരെല്ലാം ക്യൂവിലാണല്ലോ.

(അഴിമുഖം സബ് എഡിറ്ററാണ് ലേഖകന്‍)


Next Story

Related Stories