TopTop
Begin typing your search above and press return to search.

'മുഹമ്മദും കൃഷ്ണനും' എന്ന പേര് ലഭിക്കാനായി ഞാനവരുടെ കാലുപിടിച്ചു; ദിലീപ് സിനിമ ശുഭരാത്രിയുടെ സംവിധായകന്‍ വ്യാസൻ കെ പി വെളിപ്പെടുത്തുന്നു/അഭിമുഖം

വ്യാസൻ കെ പി സംവിധാനം ചെയ്ത ദിലീപ് ചിത്രം ശുഭരാത്രി തിയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ദിലീപും അനു സിത്താരയും നായിക നായകന്മാരായി എത്തുന്ന ചിത്രം കുടുംബ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. ചിത്രത്തിന്റെ വിശേഷങ്ങൾ സംവിധായകൻ വ്യാസൻ കെ പി പങ്ക് വെക്കുന്നു.

മുഹമ്മദിന്റെയും കൃഷ്ണന്റെയും ശുഭരാത്രി

ഈ സിനിമ മുൻപോട്ട് വെക്കുന്നത് ജാതിക്കും മതത്തിനും അപ്പുറം മനുഷ്യരെ മനുഷ്യരായി കാണുക, അവരെ സ്നേഹിക്കുക, അവരുമായി ഇടപെടുക അങ്ങനെ സഹോദര്യത്തിൽ അധിഷ്ഠിതമായ പ്രമേയമാണ്. രണ്ടു കഥാപാത്രങ്ങളാണ് പ്രധാനമായും ഉള്ളത്. മുഹമ്മദും കൃഷ്ണനും. മുഹമ്മദ് സമ്പന്നനാണ്. അയാൾക്ക് മൂന്ന് മക്കൾ ഉണ്ട്. മൂന്നു മക്കളും വിദേശത്താണ്. നിലവിൽ യാതൊരു വിധ ബാധ്യതകളും ഇല്ല. 62-ആം വയസിൽ അയാൾ ആദ്യമായി ഹജ്ജ് ചെയ്യാൻ തീരുമാനിക്കുന്നു. അതിന് അയാൾ പറയുന്ന കാരണം മനസ് കൊണ്ടും ശരീരം കൊണ്ടും അയാൾ പാകപ്പെട്ടത് അപ്പോഴാണ് എന്നാണ്. ഹജ്ജ് എന്നത് മനുഷ്യായുസ്സിലെ ഏറ്റവും വലിയ പുണ്യകർമ്മമാണ്. അത് ചെയ്യാനായി പുറപ്പെടുന്നതിനു മുൻപ് അയാൾക്ക് സ്വയം ബോധ്യപ്പെടണം താനതിന് അർഹനാണെന്ന്. അങ്ങനെയാണ് അയാൾ അതിലേക്ക് കടക്കുന്നത്. അങ്ങനെ ആദ്യത്തെ ഹജ്ജ് ചെയ്യാൻ തീരുമാനിക്കുന്ന ആ രാത്രി അയാളുടെ ജീവിതത്തിൽ ഒരു വഴിത്തിരിവായി മാറുകയാണ്. അയാൾക്ക് ഹജ്ജ് ചെയ്യാൻ പറ്റുമോ ഇല്ലയോ തുടങ്ങിയ ചില തലങ്ങളിലേക്ക് പിന്നീട് കഥ പോകുന്നു. അതാണ് മുഹമ്മദ് എന്ന കഥാപാത്രം. കൃഷ്ണൻ വളരെ സാധാരണകാരനാണ്. പ്രശ്നങ്ങളും പ്രതിസന്ധികളൊന്നും ഉള്ള ആളല്ല അയാൾ. ചെറിയൊരു വർക്ഷോപ്പിൽ ഒരു മുതലാളിക്ക് കീഴിൽ പണിയെടുത്തു കാലങ്ങൾ കൊണ്ട് ആ വാർക്ക്ഷോപ്പിന്റെ മുതലാളിയായി. അതിനിടയിൽ ഒരു പെൺകുട്ടിയുമായി അയാള്‍ പ്രണയത്തിലായി. അവൾ സാമ്പത്തികമായി ഉയർന്ന സാഹചര്യത്തിൽ ഉള്ള കുട്ടി ആയതിനാൽ അവളുമായി ഒളിച്ചോടി പോകുകയാണ് അയാൾ. അങ്ങനെ സന്തോഷത്തോടെ മറ്റൊരിടത്ത് ജീവിക്കുന്ന അയാളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഭൂതകാലം അയാളെ വേട്ടയാടുന്നു. അതയാളുടെ ഭാര്യയ്ക്ക് അറിയില്ല ഇയാൾ എന്തായിരുന്നു ഏതായിരുന്നു എന്ന്. ആ വേട്ടയാടപ്പെടുന്ന രാത്രിയും, മുഹമ്മദ് ഹജ്ജിനായി തീരുമാനമെടുക്കുന്ന രാത്രിയും ഒരു ദിവസമാണ്. അങ്ങനെയുള്ള രണ്ടുപേരുടെയും ജീവിതത്തിലെ ഒരു രാത്രി അഥവാ കാളരാത്രി അതിനെ നമ്മൾ ശുഭരാത്രി ആക്കി മാറ്റുകയാണ്. അതാണ് ശുഭരാത്രി. അതെങ്ങനെ ശുഭരാത്രി ആയി മാറുന്നു എന്നതാണ് കഥ.

യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ശുഭരാത്രി

ഈ കഥ രൂപപ്പെടുന്നത് മാധ്യമത്തിന്റെ കുടുംബ പതിപ്പിൽ വായിച്ച ഒരു വിഷയവുമായി ബന്ധപ്പെട്ട് ആണ്. എന്റെ ഒരു സുഹൃത്ത് ഒരു ദിവസം ഉച്ചക്ക് ശേഷം എന്‍റെ വീട്ടിൽ വന്നിട്ട് വ്യാസാ ഇത് വായിച്ചു നോക്ക് എന്ന് പറഞ്ഞുകൊണ്ട് പത്രത്തിലെ ഈ പേജ് എനിക്ക് തന്നു. ഇതു വായിച്ചപ്പോൾ വ്യാസനെ എനിക്ക് ഓർമ്മ വന്നു എന്നു പറഞ്ഞാണ് അയാൾ അത് എനിക്ക് തരുന്നത്. അതിൽ കഥയൊന്നും ഇല്ല ഒരു സംഭവം മാത്രമാണ് ഉള്ളത്. സംഭവിച്ചുപോയ ഒരു സംഭവം. അയാൾ അത് തന്നു. ഞാൻ അത് വായിച്ചു. ശേഷം മടക്കി വെച്ചു. അതിനുശേഷമാണ് ഞാൻ അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമ ചെയ്യുന്നത്. അതിന് ശേഷം ഇനിയെന്ത് എന്ന് ചിന്തിച്ചിരുന്ന സമയത്താണ് അന്ന് വായിച്ച ഈ സംഭവം എൻറെ ഓർമ്മയിൽ വരുന്നത്. ഞാനത് വീണ്ടും എടുത്തു വായിച്ചു. ഇതെങ്ങനെ സിനിമയ്ക്കുള്ള കഥയാക്കാം എന്നു ചിന്തിച്ചു. ടി ആർ രാജീവ്‌ കുമാർ എന്ന ഒരു അഡ്വക്കേറ്റ് ആണ് കുടുംബകോടതി വിശേഷങ്ങൾ എന്ന ഒരു പംക്തിയിൽ അത് എഴുതിയത്. ഞാൻ ആ ആളെ കണ്ടുപിടിച്ചു കഴിഞ്ഞപ്പോൾ ആൾ പറഞ്ഞു ചേട്ടാ ഇത് ഒരു സിനിമയ്ക്കുള്ള കഥയ്ക്കുള്ള വകുപ്പില്ല എന്ന്. അപ്പോൾ ഞാൻ പറഞ്ഞു അത് ഞാൻ ഉണ്ടാക്കി കൊള്ളാം. ഞാൻ ഇത് ചെയ്യാൻ പോവുകയാണ് എന്ന്. അങ്ങനെ അയാളോട് അനുവാദം ചോദിച്ച ശേഷം ആൾക്ക് പ്രതിഫലവും കൊടുത്തതിനു ശേഷമാണ് കഥയുണ്ടാക്കുന്നുണ്ട്‌. ഞാൻ വൈപ്പിൻകരയിലെ എടവനക്കാട് എന്ന സ്ഥലത്താണ് താമസിക്കുന്നത്. അത് ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശം ആണ്. അതുകൊണ്ടുതന്നെ നമുക്ക് പരിചിതമായ ഒരു അന്തരീക്ഷം ഉണ്ട്. ആ പരിചിതമായ ഒരു അന്തരീക്ഷത്തിൽ ഒരു കഥ പറഞ്ഞാൽ എങ്ങനെ ഉണ്ടാകും എന്ന് ഞാൻ ചിന്തിച്ചു. പിന്നെ ഇപ്പോഴത്തെ കാലഘട്ടത്തിൽ ഒരു പ്രത്യേക മതത്തിൽ ഉള്ളവർ ഭയങ്കരമായി തീവ്രവാദികളാണെന്നുള്ള ഒരു ആരോപണത്തിന് ഇരകളാകാറുണ്ട്. ഈയൊരു സാഹചര്യത്തിൽ നമുക്ക് തോന്നിയ ഒരു കാര്യമുണ്ട്. ഒരാൾ ചെയ്യുന്ന ഒരു കുറ്റത്തിന് എങ്ങനെ 100 പേർ കുറ്റക്കാരാകുന്നു എന്ന്. അങ്ങനെ ഒരു ഈ സാഹചര്യത്തിൽ ഈ കഥ പറയാം എന്ന് ഞാൻ തീരുമാനിച്ചു. അങ്ങനെ രൂപപ്പെട്ടതാണ് ഈ കഥ.

ലൈലത്തുല്‍ ഖദര്‍ എന്ന അടിക്കുറിപ്പോടെയെത്തുന്ന ചിത്രം

മുഹമ്മദും കൃഷ്ണനും എന്നായിരുന്നു ഞാൻ ആദ്യം ഈ സിനിമയ്ക്ക് തീരുമാനിച്ച പേര്. എന്നാൽ ആ പേര് മറ്റാരോ അസോസിയേഷനിൽ അവരുടെ സിനിമയ്ക്കായി രജിസ്റ്റർ ചെയ്തു കഴിഞ്ഞിരുന്നു. അങ്ങനെ പേര് മാറ്റേണ്ട അവസ്‌ഥ വന്നു. പക്ഷെ ആ പേര് മാറ്റിയാൽ പിന്നെ എന്ത് പേര് എന്ന് ഞാൻ ഒരുപാട് ചിന്തിച്ചു. ഈ കഥയെ സംബന്ധിച്ചിടത്തോളം അത്രയും പ്രധാനപ്പെട്ട ഒരു പേരായിരുന്നു അത്. ആ പേര് ലഭിക്കാനായി ഞാനവരുടെ കാലു പിടിക്കുന്ന സാഹചര്യം വരെ വന്നു. പക്ഷെ അവർ അനുകൂലിച്ചില്ല. അങ്ങനെ പേര് മാറ്റാൻ നിക്കുന്ന സമയത്ത് തിരക്കഥയിലും സജീവമായി ഞാൻ മുന്നോട്ടു പോകുന്നുണ്ടായിരുന്നു. ആ സമയത്ത് മുഹമ്മദ് എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗിലേക്ക് ഞാൻ കോൺസെൻട്രേറ്റ് ചെയ്തു. ഞാനാണെങ്കിൽ ഈ സിനിമയ്ക്ക് വേണ്ടി ഖുർആനിലെ എല്ലാത്തരം പുസ്തകങ്ങളും വായിച്ചു. യൂട്യൂബിൽ അതുമായി ബന്ധപ്പെട്ട പരമാവധി വീഡിയോകൾ കണ്ടു. അത്യാവശ്യം ഖുർആനെ പറ്റിയുള്ള ധാരണകൾ പോലും വന്നുകഴിഞ്ഞു. കഥയിൽ പറയുന്നത് മുഹമ്മദ് എന്ന കഥാപാത്രത്തിന്റെ പ്രധാനപ്പെട്ട രാത്രിയിൽ അയാൾ ചെയ്യുന്ന ഒരു പ്രവർത്തിയിലൂടെ പുണ്യം പെയ്തിറങ്ങുന്ന രാത്രിയായി മാറുന്നതാണ്. ലൈലത്തുല്‍ ഖദര്‍ എന്ന വാക്ക് അർത്ഥമാക്കുന്നതും അതാണ്. പുണ്യം പെയ്തിറങ്ങുന്ന രാത്രി. നിരന്തരമായ പഠനങ്ങളിൽ നിന്ന് തന്നെയാണ് ആ വാക്ക് എനിക്ക് ലഭിക്കുന്നതും. സിനിമയ്ക്ക് അതേ പേര് നൽകാമെന്നു തന്നെയാണ് ഞാൻ വിചാരിച്ചിരുന്നത്. പക്ഷെ ആ പേര് ഇട്ടു കഴിഞ്ഞാൽ ആ സിനിമ പാർശ്വവൽക്കരിക്കപ്പെടുന്ന സാധ്യത അവിടെ ഞാൻ കാണുന്നുണ്ടായിരുന്നു. അതുകൊണ്ട് ഞാൻ ആ പേര് നൽകേണ്ട എന്നാലോചിച്ചു. പിന്നിടാണ് പുണ്യം പെയ്തിറങ്ങുന്ന രാത്രി എന്നത് ഒറ്റവാക്കാക്കി ശുഭരാത്രി എന്നാക്കുന്നത്.

കൃഷ്ണനായി ദിലീപ്

വളരെ യാദൃശ്ചികമായാണ് അത് സംഭവിക്കുന്നത്. ഞാൻ ഈ കഥ ആദ്യം പറയുന്ന രണ്ടു പേർ എന്നു പറയുന്നത് ദിലീപും ബി ഉണ്ണികൃഷ്ണനുമാണ്. ഈ രണ്ടു പേരും സിദ്ദിഖിനെ വിളിച്ചു പറഞ്ഞു വ്യാസൻ ഒരു കഥ പറഞ്ഞു ഗംഭീര കഥാപാത്രമാണ് നിങ്ങൾക്കെന്ന്. രണ്ടു കഥാപാത്രങ്ങൾ ഉണ്ട്, പക്ഷേ വ്യാസൻ സിദ്ദിഖിനെയാണ് മുന്നില്‍ കാണുന്നത് എന്നും അവര്‍ സിദ്ദിഖിനോട് പറഞ്ഞു. സത്യത്തിൽ ആ ഒരു കഥാപാത്രം സിദ്ദിഖ് ചെയ്യണമെന്ന് മാത്രമേ ഉള്ളിൽ ഉണ്ടായിരുന്നുള്ളൂ. മറ്റ് കഥാപാത്രത്തെ പറ്റി ഞാൻ ചിന്തിച്ചിരുന്നില്ല. പിന്നെ ദിലീപ് എന്ന് പറയുന്നത് സ്റ്റാർഡത്തിൽ നിക്കുന്ന ആളാണ്. അങ്ങനെ ഒരാളെ കൊണ്ട് ഈ കഥാപാത്രം ചെയ്യിക്കുക എന്നതൊക്കെ നമുക്ക് ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു. ദിലീപിനോട് കഥ പറയുമ്പോൾ പോലും എന്‍റെ കഥ ഇങ്ങനെയാണെന്ന് മാത്രമേ ദിലീപിനോട് പറഞ്ഞിട്ടുള്ളൂ. അല്ലാതെ ദിലീപിന് ചെയ്യാൻ വേണ്ടി ഉള്ള കഥ എന്ന തരത്തിൽ ഞാൻ സംസാരിച്ചിട്ടില്ല. ആ കഥയിൽ ദിലീപ് എന്ന ചിന്തയെ ഉണ്ടായിരുന്നില്ല. ആളുമായി വർഷങ്ങളുടെ പരിചയം, സൗഹൃദം എല്ലാമുണ്ടായിട്ടും അങ്ങനെ ഒരു ചിന്ത എനിക്ക് ഇല്ലായിരുന്നു. സിദ്ദിഖിന്റെ മകനായി നാദിർഷ. സിദ്ദിഖിന്റെ കൂട്ടുകാരനായി ഇന്ദ്രൻസ്. ഈ മൂന്നു പേരുമാണ് എന്‍റെ മനസ്സിൽ ഉണ്ടായിരുന്നത്. സിദ്ദിഖ് ഇക്കയോട് കഥ പറഞ്ഞപ്പോൾ അദ്ദേഹം വളരെ സെന്റിമെന്റൽ ആയിട്ട് പറഞ്ഞു മോനെ ഇത് ചെയ്യണമെന്ന്. പിന്നെ കൃഷ്ണൻ എന്ന കഥാപാത്രത്തിനു വേണ്ടി ഞാൻ നമ്മുടെ സുഹൃത്ത് ആയ ജോജുവിനോട് സംസാരിച്ചു. ജോജു ചെയ്യാം എന്ന് പറഞ്ഞു. അതിനു ശേഷമാണ് ജോസഫ് സിനിമ ഇറങ്ങുന്നതും ഹിറ്റ് ആവുന്നതും. അപ്പോൾ ഞാൻ കരുതി പ്രൊഡ്യൂസറായ ശേഷം ജോജുവുമായി സംസാരിക്കാം എന്ന്. അങ്ങനെ ഇരിക്കെ ഒരു ദിവസം അരോമ മോഹനോട് ഞാൻ ഈ കഥ പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു ഇതൊരു ഗംഭീര കഥയാണ്. പക്ഷേ സിദ്ദിഖ് മാത്രം പോരാ മറ്റേ കഥാപാത്രം ചെയ്യാൻ ഒരു ആർട്ടിസ്റ്റ് ഉണ്ടെങ്കിൽ ഈ സിനിമ ഗംഭീര സിനിമ ആകും, ജനങ്ങളിലേക്ക് ഇറക്കാൻ പറ്റും എന്ന്. അങ്ങനെ ഞാൻ എന്തു ചെയ്യും എന്ന ചിന്തയിൽ ഇരിക്കുമ്പോഴാണ് ഒരു ദിവസം ദിലീപ് എന്നോട് ഒരു ചോദ്യം ചോദിച്ചു പണ്ട് ഭായ് എന്റെ അടുത്തൊരു കഥ പറഞ്ഞിട്ടില്ലേ. മുഹമ്മദിന്റെയും കൃഷ്ണന്റെയും. അതിനകത്തെ കൃഷ്ണന്റെ കഥാപാത്രം ഞാൻ ചെയ്യാം എന്ന്. വാസ്തവത്തിൽ ആ നിമിഷം ഞാൻ ശരിക്കും ഷോക്കായി. കാരണം അത്തരത്തിലൊരു ചോദ്യം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു. പുള്ളി പിന്നെ പറയുന്നത് ഇങ്ങനെയാണ്. ആ സിനിമ നിങ്ങളുദ്ദേശിക്കുന്ന തലത്തിൽ മാത്രം ചെയ്താൽ മതി. ഞാനാണ് അഭിനയിക്കുന്നത് എന്ന് കരുതി എനിക്ക് വേണ്ടി പ്രത്യേകമായി ഒന്നും എഴുതി ചേർക്കരുത് എന്ന്. അങ്ങനെ ഞാൻ അത് സമ്മതിച്ചു. ഇന്ന് ഈ നിമിഷം വരെ ആ കഥാപാത്രം ചെയ്യാനായി ഞാൻ കണ്ടു വെച്ച നടന്മാരുടെ പേരൊന്നും ദിലീപിന് അറിയില്ല. ദിലീപ് ആ കഥാപാത്രം ചെയ്യാൻ ഏറ്റെടുത്തതിന് വെറും പത്തു ദിവസങ്ങൾക്ക് ഉള്ളിൽ പ്രൊഡ്യൂസർ തുടങ്ങി എല്ലാം സെറ്റായി. അങ്ങനെ ദിലീപിന്‍റെ ഒറ്റവാക്കിൽ ആണ് ഈ സിനിമ സംഭവിക്കുന്നത്.

'അയാൾ ജീവിച്ചിരിപ്പുണ്ട്' എന്ന ആദ്യ സിനിമക്ക് ശേഷം 'ശുഭരാത്രി'

'അയാൾ ജീവിച്ചിരിപ്പുണ്ട്' എന്ന എന്‍റെറെ ആദ്യ സിനിമക്ക് ശേഷം ചെയ്യുന്നതാണ് 'ശുഭരാത്രി' എന്ന സിനിമ. ആദ്യ സിനിമയിൽ നിന്നും നോക്കുമ്പോൾ ശുഭരാത്രിയും അതും സാമ്യപ്പെട്ടുകിടക്കുന്നത് രണ്ടു സിനിമകളും റിയലിസ്റ്റിക്കായി എടുത്തു എന്ന തരത്തിലാണ്. നമ്മുടെ അടുത്ത വീട്ടിൽ നടക്കുന്ന കഥ അല്ലെങ്കിൽ അടുത്ത വീട്ടിൽ നടക്കുന്ന ഒരു സംഭവം പോലെ തോന്നുകയെയുള്ളൂ. പിന്നെ ആദ്യത്തെ സിനിമയില്‍ വലിയ താരങ്ങളെയൊന്നും സമീപിക്കാൻ എനിക്കായില്ല. അതിൻറെതായ അപാകതകൾ പരിഹരിച്ച് ഉള്ള സിനിമയാണ് ശുഭരാത്രി എന്ന് പറയുന്നത്.

Read More: ‘മാധ്യമപ്രവർത്തകരുടെ മുഖംമൂടിയിട്ട ഷൂ നക്കികളെ കുറെയെണ്ണത്തിനെ കണ്ടിട്ടുണ്ട്’: താൻ ഇന്ത്യയിൽ പ്രശസ്തി നേടിയതിനെക്കുറിച്ച് യുഎസ് മാധ്യമപ്രവർത്തകൻ


Next Story

Related Stories