TopTop
Begin typing your search above and press return to search.

ജേര്‍ണലിസ്റ്റ്, അവതാരക, മോഡല്‍, നടി, അധ്യാപിക; നിസയുടെ മെഴുകുതിരി വെളിച്ചങ്ങള്‍/അഭിമുഖം

ജേര്‍ണലിസ്റ്റ്, അവതാരക, മോഡല്‍, നടി, അധ്യാപിക; നിസയുടെ മെഴുകുതിരി വെളിച്ചങ്ങള്‍/അഭിമുഖം

പ്രമേയത്തിലും അവതരണത്തിലും പുതുമകളുമായി എത്തിയ പാവയ്ക്ക് ശേഷം സംവിധായകൻ സൂരജ് തോമസ് പ്രണയത്തിന്റെ ദൃശ്യ വിരുന്ന് ഒരുക്കി നിർമ്മിക്കുന്ന ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങൾ. ഏറെക്കാലത്തിന് ശേഷം

പൂര്ണമായും ഒരു പ്രണയകഥ പറയുന്ന ഈ ചിത്രം ഇന്ന് (ജൂലൈ 27) തീയേറ്ററുകളിലെത്തുകയാണ്. അനൂപ്‌ മേനോനാണ് ചിത്രത്തിലെ നായകന്‍. സിനിമയിലെ പ്രധാനപ്പെട്ട നാലു സ്ത്രീ കഥാപാത്രങ്ങളിൽ തുളസി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജേര്‍ണലിസ്റ്റും അവതാരകയുമൊക്കെയായി മലയാളികള്‍ക്ക് പരിചിതയായ എൻ.പി നിസയാണ്. നിസ അനു ചന്ദ്രയുമായി സംസാരിക്കുന്നു.

"എന്റെ എൻറെ മെഴുതിരി അത്താഴങ്ങൾ", ഒരു പ്രണയത്തിന്റെ അനുഭവപ്പെടുത്തൽ ഉണ്ടല്ലോ ഈ പേരിന്?

മെഴുകുതിരി ഡിസൈൻ ചെയ്യുന്ന ഒരു പെൺകുട്ടിയുടെയും ഒരു ഷെഫിന്റെയും കഥയാണ് ആത്യന്തികമായി ഈ ചിത്രം പറയുന്നത്. പക്ഷേ അതിനിടയിലൂടെ മറ്റു കഥാപാത്രങ്ങളും, അവരുടെ വൈകാരികതകളും, അവരുടെ ജീവിതവും എല്ലാം കടന്നുവരുന്നുണ്ട് ഇതിൽ. ഈ സിനിമയുടെ പേരിൽ തന്നെയുണ്ട് ഒരു പ്രണയത്തിന്റെ മൂഡ്. അത്തരത്തിൽ ഒരു പ്രണയത്തിന്റെ മൂഡ്‌ ഉള്ള സിനിമ തന്നെയാണ് ഇത്.

ഒരു നായകനോടൊപ്പം നാലു നായികമാർ. തുടക്കംമുതലേ പോസ്റ്ററുകളിൽ എല്ലാം നമ്മൾ ശ്രദ്ധിച്ചിട്ടുള്ള കാര്യമാണത്. വാസ്തവത്തിൽ എത്ര മാത്രം സ്ത്രീ പ്രാധാന്യമുണ്ട് ഈ സിനിമയിൽ?

സ്ത്രീകഥാപാത്രങ്ങൾക്ക് വലിയ തോതിൽ പ്രാധാന്യമുണ്ട് ഈ സിനിമയിൽ. ഒരു പുരുഷന്റെ ജീവിതത്തിൽ പല ഘട്ടങ്ങളിൽ കടന്നു വരുന്ന സ്ത്രീകളാണ് ഈ നാലു പേരും. അവർ തമ്മിലുള്ള ഇന്റിമസി, പ്രണയം, സൗഹൃദം തുടങ്ങിയവ തന്നെയാണ് ഈ നാല് സ്ത്രീകളും ഇയാളുടെ ജീവിതത്തിലേക്ക് വരുമ്പോൾ സംഭവിക്കുന്നത്. ഇത് ഒരു പുരുഷകേന്ദ്രീകൃത സിനിമയേ അല്ല.

നിസ ചെയ്യുന്ന കഥാപാത്രത്തെ കുറിച്ച്?

തുളസി എന്ന കഥാപാത്രമാണ് ഞാൻ ഇതിൽ ചെയ്യുന്നത്. തുളസി ഒരു സാധാരണ നാട്ടുമ്പുറത്തുകാരി പെൺകുട്ടിയാണ്. ഞാനെന്ന വ്യക്തിയിൽ നിന്നും ഒരുപാട് അന്തരമുണ്ട് തുളസിയിലേക്ക്. എവിടെയോ ഒരു നൊമ്പരം പ്രേക്ഷകരുടെ മനസ്സിൽ ബാക്കി വെക്കുന്ന കഥാപാത്രമാണ് തുളസി. പിന്നെ നമ്മൾ മനുഷ്യർ എപ്പോഴും കുറച്ച് മുൻവിധികൾ ഉള്ളവരാണ്. അതായത് ജീവിതത്തെ കുറിച്ച് , ചുറ്റുപാടുകളെ കുറിച്ചെല്ലാം തന്നെ. അത്തരം മുൻവിധികളെയെല്ലാം ബ്രേക്ക് ചെയുന്ന കഥാപാത്രമാണ് തുളസി. ഈ സിനിമ തീർച്ചയായും എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്. ഞാനൊരുപാട് മേഖലയിൽ ജോലി ചെയ്തിട്ടുള്ള, ഇപ്പോഴും ജോലി ചെയ്യുന്ന ഒരാളാണ്. റിയാലിറ്റി ഷോയിൽ കണ്ടസ്റ്റന്റായിരുന്നു, അഞ്ചു വർഷത്തോളം വിഷ്വല്‍ മീഡിയ ജേര്‍ണലിസ്റ് ആയിരുന്നു, ഞാൻ ഒരു അധ്യാപികയാണ്, ഒരു മോഡൽ ആണ്, അഭിനയത്തിലും നിലനിൽക്കുന്നു. ഇതിനു മുൻപ് ഞാൻ ഷോട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്. രണ്ടു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഈ സിനിമയിൽ പ്രധാനപ്പെട്ട, ഒഴിച്ചു കൂടാനാകാത്ത ഒരു കഥാപാത്രമാണ് തുളസി.

വനിതാരത്നത്തിലെ മത്സരാർത്ഥിയിൽ നിന്നും ഇപ്പൊ ഒരു നായികയിലേക്ക് മാറിയിരിക്കുന്നു. ഇതിനിടയിൽ സംഭവിച്ച കാലയളവിനെ കുറിച്ച്?

ജീവിതത്തിൽ വലിയൊരു വഴിത്തിരിവ് ആയിരുന്നു വനിതാരത്നം. കാരണം നമ്മുടെ ഉള്ളിലെല്ലാം ഒരുപാട് ഇഷ്ടങ്ങൾ ഉണ്ടായിരിക്കും. പക്ഷെ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് അത്തരം ഇഷ്ടങ്ങൾ പല കാരണങ്ങളാൽ പുറത്തെടുക്കാനോ അവിടേക്ക് എത്തിപ്പെടാനോ ചിലപ്പോള്‍ തുടരാന്‍ പോലുമോ സാധിക്കാറില്ല. വാസ്തവത്തിൽ നമ്മൾ തിരഞ്ഞെടുക്കുന്ന ജീവിതങ്ങൾക്ക് അപ്പുറത്ത് നമുക്ക് സാധിക്കാനാവാത്ത ഒരുപാട് ഇഷ്ടങ്ങൾ ഉണ്ടായിരിക്കും. എനിക്കും ഈ പറഞ്ഞതുപോലെ അഭിനയത്തോട്, ആങ്കറിംഗ്, ജേര്‍ണലിസം തുടങ്ങിയവയോടെല്ലാം ഒരു ഇഷ്ടമുണ്ടായിരുന്നു. പക്ഷേ വനിതാരത്നം എന്ന പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് ഞാൻ ജേണലിസം പഠിക്കുന്നത്. അതിനുശേഷമാണ് ഞാൻ ആങ്കറിങ് ചെയ്യുന്നത്. അതിനുശേഷമാണ് ഞാൻ മോഡലിംഗ് ചെയ്യുന്നത്. വാസ്തവത്തിൽ എന്നെ സംബന്ധിച്ചിടത്തോളം ഈ ഒരു കാലഘട്ടം എന്നു പറഞ്ഞാൽ ഒരുപാട് അനുഭവങ്ങളുടെ ഒരു സമയം തന്നെയായിരുന്നു. ഒരു ജേണലിസ്റ്റ് ആയിരിക്കുമ്പോൾ ജീവിതത്തിലെ പല തലത്തിലുള്ള മനുഷ്യരെ നമ്മൾ പരിചയപ്പെടേണ്ടി വരുന്നു. അത്തരത്തിൽ മനുഷ്യരുമായി നിരന്തരം ഇടപെടേണ്ടി വരുന്ന അനുഭവങ്ങൾ നമുക്കുണ്ട്. അതെല്ലാം വലിയ തരത്തിലുള്ള ഊർജം നമുക്ക് തരുന്നുണ്ട്. അത് നമ്മളെ ഒരുപാട് സ്‌ട്രോങ് ആക്കുകയാണ് സംഭവിക്കുന്നത്. വനിതാരത്നം മുതൽ ഇതു വരെയുള്ള കാലയളവിൽ നമ്മൾ നേടിയതും അതാണ്.അഭിനയം എന്ന മേഖല എത്രമാത്രം പ്രാപ്യമായിരുന്നു?

ചെറുപ്പത്തിലൊന്നും എനിക്ക് എത്തിപ്പെടാൻ പറ്റുന്ന ഒരു കാര്യമായിരുന്നില്ല അഭിനയം എന്ന് പറയുന്നത്. അതിന് നമുക്ക് കഴിവ് വേണം, കഴിവുണ്ടായാൽ തന്നെ എത്തിപ്പെടാനുള്ള അവസരങ്ങൾ വേണം. ഇപ്പോഴത്തെ കാലത്ത് നമ്മൾ ഏതെങ്കിലും തലത്തിൽ അറിയപ്പെട്ടു തുടങ്ങുമ്പോള്‍ നമുക്ക് അഭിനയമെന്ന മേഖലയിലേക്ക് എത്തിപ്പെടാൻ കുറെ കൂടി എളുപ്പകരമാകുന്നു എന്നത് തനെയാണ് വാസ്തവം. വി. കെ പ്രകാശ് സംവിധാനം ചെയ്ത കേയർഫുൾ ആണ് എന്റെ ആദ്യ സിനിമ. അതിൽ അജു വർഗീസിന്റെ ഭാര്യയായി ചെറിയ കഥാപാത്രമായിരുന്നു. ഞാൻ ആങ്കറിംഗ് ചെയ്ത സമയത്ത് എന്റർടെയിന്മെന്റ് ഡെസ്‌ക്ക് കൈകാര്യം ചെയ്തിരുന്നു. അതിൽ ഞാൻ ഒരുപാട് അഭിമുഖങ്ങളും ചെയ്തു. അങ്ങനെയാണ് ഇവരിൽ ഒക്കെ എത്തുന്നത്.

അനൂപ്‌ മേനോനോടൊത്തുള്ള നിമിഷങ്ങളെ കുറിച്ച്?

അനൂപേട്ടൻ വളരെ ഫ്രാൻഡ്‌ലി ആണ്. അദ്ദേഹത്തിന്റെ തിരക്കഥ ആയിരുന്നത് കൊണ്ടു തന്നെ പുള്ളിക്ക് ഓരോ കഥാപാത്രങ്ങളെ കുറിച്ചും കൃത്യമായ ധാരണകൾ ഉണ്ട്. അത് അതേ രീതിയിൽ തന്നെ നമുക്കു പറഞ്ഞു തരും. പൊതുവിൽ അനൂപേട്ടന്റെ തിരക്കഥകളിൽ ഉള്ള പ്രത്യേകത എന്നത് കഥാപാത്രങ്ങൾക്ക് ഉള്ള ആഴം, പൂർണ്ണത തുടങ്ങിയവയാണ്. ഈ സിനിമയിലും അത് അങ്ങനെ തന്നെയാണ്.

മറ്റു വിശേഷങ്ങൾ?

ഞാനിപ്പോൾ അധ്യാപികയാണ്; മലപ്പുറം പെരിന്തല്‍മണ്ണയില്‍.


Next Story

Related Stories