Top

നമ്മുടെ വിധി നമ്മുടെ തീരുമാനങ്ങളാണ്; സംയുക്ത മേനോന്‍/അഭിമുഖം

നമ്മുടെ വിധി നമ്മുടെ തീരുമാനങ്ങളാണ്; സംയുക്ത മേനോന്‍/അഭിമുഖം
തീവണ്ടി എന്ന ടൊവീനോ ചിത്രത്തിലെ 'ജീവാംശമായി' എന്ന ഒറ്റപ്പാട്ടു കൊണ്ട് ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സംയുക്ത മേനോന്‍. സംയുക്തയുടെ മൂന്ന് ചിത്രങ്ങളാണ് ഉടന്‍ തീയേറ്ററുകളിലെത്തുക. പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ലില്ലി, ഫെല്ലിനി ടി.പിയുടെ തീവണ്ടി, ഒപ്പം തമിഴ് ചിത്രമായ കളരിയും അണിയറില്‍ ഒരുങ്ങുന്നുണ്ട്. ആദ്യം അഭിനയിച്ചത് കളരിയിലാണെങ്കിലും ആദ്യം തീയേറ്ററിലെത്തുക തീവണ്ടി ആയിരിക്കും. ചിത്രങ്ങളുടെ വിശേഷങ്ങളും പ്രതീക്ഷകളുമായി
സംയുക്ത മേനോന്‍
അഴിമുഖത്തോട് സംസാരിക്കുന്നു


ആദ്യം പോപ് കോണ്‍ എന്ന ചിത്രത്തിലാണ് അഭിനയിച്ചതെങ്കിലും തീവണ്ടിയിലെ ജീവാംശമായി എന്ന പാട്ടിലൂടെയാണ് സംയുക്ത ശ്രദ്ധിക്കപ്പെടുന്നത്...

അതെ, തീര്‍ച്ചയായും. പോപ് കോണ്‍ ആണ് എന്റെ ആദ്യ ചിത്രമെങ്കിലും അത് അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പോപ്പ് കോണില്‍ ഒരു ചെറിയ വേഷമായിരുന്നു, വലിയ സ്‌ക്രീന്‍ സ്‌പെയ്‌സും ഉണ്ടായിരുന്നില്ല. തീവണ്ടിയിലെ ജീവാംശമായിയിലൂടെയാണ് ജനങ്ങള്‍ തിരിച്ചറിയറിയാന്‍ തുടങ്ങിയത്. അതില്‍ വലിയ സന്തോഷവുമുണ്ട് ആ പാട്ട് സീനിലെ ടൊവീനോയുമായുള്ള എന്‍ഗേജ്‌മെന്റ് ആയിരുന്നു ഈ ചിത്രത്തില്‍ ഷൂട്ട് ചെയ്ത എന്റെ ആദ്യ സീന്‍.

പാട്ട് ചിത്രീകരിക്കുന്ന സമയത്ത് ഇത്ര വലിയ ഒരു ഹിറ്റ് പ്രതീക്ഷിച്ചിരുന്നോ?

ചിത്രീകരണ സമയത്തോ ആദ്യം പാട്ട് കേള്‍ക്കുന്ന സമയത്തോ സത്യത്തില്‍ പ്രതീക്ഷിച്ചതല്ല ഇത്ര വലിയൊരു വിജയം. മാത്രമല്ല, ഈ പാട്ട് ആദ്യം കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ തന്നെ രണ്ട് അഭിപ്രായമുണ്ടായിരുന്നു. പാട്ട് ഒന്നൂടെ റീ വര്‍ക്ക് ചെയ്യണമെന്ന് അഭിപ്രായമൊക്കെ വന്നിരുന്നു. പക്ഷെ കൈലാസും (സംഗീത സംവിധായകന്‍) ഫെല്ലിയും (ചിത്രത്തിന്റെ സംവിധായകന്‍) ഇത് തന്നെ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ഈ പാട്ട് തന്നെ ഷൂട്ട് ചെയ്തത്. പിന്നെ ഇതൊരു പാട്ടായിട്ട് അങ്ങനെ ചിത്രീകരിച്ച് പോയതല്ല. ഇടയില്‍ ടൊവീനോയും ഞാനും ഒരുമിച്ചുള്ളപ്പോള്‍ ഇതിന് വേണ്ടി ചില സീക്വന്‍സ് ചിത്രീകരിച്ച് ഉപയോഗിച്ചതാണ്. പിന്നെ ഒരു ജനുവരിയില്‍ പാട്ടിന്റെ ഫസ്റ്റ് കട്ട് ഇറങ്ങി. അത് കണ്ടപ്പോള്‍ മുതലാണ് വലിയ പ്രതീക്ഷ തോന്നി തുടങ്ങിയത്. പാട്ടിന് ഇവിടുത്തെ നാട്ടിന്‍പുറവുമായി നല്ല ബന്ധമുണ്ട്. നാട്ടിന്‍ പുറങ്ങളില്‍ നമ്മള്‍ കാണുന്ന നിഷ്‌കളങ്കമായ പ്രണയം, പ്രണയിക്കുന്നവര്‍ തമ്മിലുള്ള നിമിഷങ്ങള്‍... അങ്ങനെയൊക്കെ ബന്ധപ്പെടുത്തി കാണാവുന്ന ഒരു പാട്ടാണ്; അതാവും ഒരുപക്ഷെ ഇത്രയും ശ്രദ്ധിക്കപ്പെടാന്‍ കാരണം.

ടൊവീനോയ്ക്ക് ഒപ്പം അഭിനയിച്ചപ്പോള്‍?

ആദ്യം ചെറിയ ടെന്‍ഷന്‍ ഒക്കെയുണ്ടായിരുന്നു, നമ്മള്‍ ഒരു സീന്‍ ചെയ്യാന്‍ കുറേ സമയമെടുത്താല്‍ ടൊവീനോയ്ക്ക് ദേഷ്യം വരുമോ എന്നൊക്കെ. പക്ഷെ ടൊവീനോ ഭയങ്കര കൂളാണ്. പിന്നെ ഏറ്റവും ബുദ്ധിമുട്ട് ഞാന്‍ ടൊവിയെ അടിക്കുന്ന സീന്‍ ഷൂട്ട് ചെയ്യാനായിരുന്നു. കുറേ 'തല്ലി തല്ലി'യാണ് ശരിയായത്; ഫെല്ലി ഭയങ്കര പെര്‍ഫെക്ഷനിസ്റ്റ് ആണ്; അതുകൊണ്ട് തന്നെ കുറേ തല്ലേണ്ടി വന്നു.

തീവണ്ടി എന്ന ചിത്രത്തെ കുറിച്ചും സംയുക്തയുടെ കഥാപാത്രത്തെ കുറിച്ചും?


പാട്ടൊക്കെ കാണുമ്പോള്‍ എല്ലാവരും വിചാരിക്കും ഇതൊരു റൊമാന്റിക് മൂവിയാണെന്ന്. പക്ഷെ തീവണ്ടി ഒരു പൊളിറ്റിക്കല്‍ സറ്റയറാണ്. എന്റെ അച്ഛന്റെ കഥാപാത്രം ചെയ്യുന്ന സുരാജേട്ടന്‍ (സുരാജ് വെഞ്ഞാറമൂട്) ഒരു പൊളിറ്റീഷനാണ്. അങ്ങനെ സംഭവിക്കുന്ന ചില ട്വിസ്‌റ്റൊക്കെയാണ് ചിത്രം. പിന്നെ ചിത്രത്തിന്റെ പേര്, ടൊവീനോ ചെയ്യുന്ന കഥാപാത്രത്തിന്റെ ഇരട്ടപ്പേരാണ് തീവണ്ടി. സുഹൃത്തുക്കളുമായി 24 മണിക്കൂറും സിഗരറ്റ് വലിക്കുന്ന ബിനീഷെന്ന യുവാവാണ് ടെവിനോ. ബിനീഷ് എങ്ങനെ വലി തുടങ്ങുന്നു എന്നതിനും ഒരു രസകരമായ കഥ ചിത്രത്തിന് പറയാനുണ്ട്. പക്ഷെ പുകവലിയുടെ ദോഷങ്ങളെ കുറിച്ചൊന്നുമല്ല ചിത്രം പറയുന്നത്. ഇതൊരു ആക്ഷേപഹാസ്യമാണ്. ഒരു ഫീല്‍ ഗുഡ് മൂവി എന്ന് പറയാം. എന്റെ കഥാപാത്രത്തിന്റെ പേര് ദേവി എന്നാണ്. വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥയായ ഒരു സാധാരണക്കാരി. ബിനീഷുമായി സ്‌കൂള്‍ മുതലുള്ള പ്രണയമാണ് ദേവിക്ക്.

ചിത്രത്തിന്റെ റിലീസ് പലതവണ മാറ്റിവെച്ചിട്ടാണ് ഈ മാസം അവസാനം എന്ന് ഉറപ്പിച്ചത്...

അതെ. അതിന് പക്ഷെ പല കാരണങ്ങളുണ്ട്. ഒരു ചിത്രം റിലീസ് ചെയ്യുമ്പോള്‍ നമ്മള്‍ ഒരുപാട് ഘടകങ്ങള്‍ ശ്രദ്ധിക്കണം. വേള്‍ഡ് കപ്പ്, മഴ; നഗരങ്ങളില്‍ മഴ ബാധിക്കില്ലെങ്കിലും നാട്ടിന്‍പുറത്ത് ആരും ഈ സമയത്ത് സിനിമക്കൊന്നും പോകില്ല. അപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ നോക്കണ്ടേ. പക്ഷെ ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചത് കൊണ്ട് എനിക്ക് വ്യക്തിപരമായി ഉണ്ടായ നഷ്ടമെന്ന് പറഞ്ഞാല്‍ ഈ ചിത്രം തീയേറ്ററില്‍ എന്റെ ഒപ്പം കാണാന്‍ എന്റെ മുത്തച്ഛന്‍ ഉണ്ടാവില്ല എന്നുള്ളതാണ്. കഴിഞ്ഞ ഏഴാം തീയതിയാണ് മുത്തച്ഛന്‍ ഞങ്ങളെ വിട്ട് പോയത്. എനിക്ക് ശരിക്കും സുഹൃത്തും അച്ഛനും അമ്മയുമൊക്കെയായിരുന്നു മുത്തച്ഛന്‍. അവസാന ആഴ്ച ആയപ്പോഴേക്കും ഓര്‍മ്മയൊക്കെ പോയിരുന്നു എങ്കിലും പാട്ട് കാണുമ്പോള്‍ നോക്കി നില്‍ക്കുമായിരുന്നു. മുത്തച്ഛനുമായി തീയേറ്ററില്‍ പോയി കാണണം എന്ന് ഒരുപാട് ആഗ്രഹിച്ചതാണ്. ഇനി ഇപ്പോ എല്ലാം മുത്തച്ഛന്‍ എവിടെയോ ഇരുന്ന് കാണുന്നുണ്ടാകും എന്ന് വിശ്വസിക്കാം.സംയുക്ത മേനോന്‍, പേര് ഒരു പ്രശ്‌നമായിട്ടുണ്ടോ? മാറ്റുന്ന കാര്യം ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?

ഒരുപാട് പേര് ചോദിച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ എന്തായാലും ഈ പേര് മാറ്റില്ല. ഇതെന്റെ ഐഡന്റിറ്റിയുടെ ഭാഗമാണ്. എന്റെ അമ്മ വളരെ ആലോചിച്ച് എനിക്ക് വേണ്ടി കണ്ടെത്തിയ പേര്. ചിലപ്പോള്‍ കുറച്ച് നാളത്തേക്ക് ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടാകാം. പക്ഷെ അതിനെ ഒക്കെ അതിജീവിച്ച് എന്റെ ഒരു ഐഡന്റിന്റി ഉണ്ടാക്കിയെടുക്കുകയല്ലേ വേണ്ടത്. പിന്നെ പേരിലാണ് ഭാഗ്യമെന്ന് ഒന്നും ഞാന്‍ വിശ്വസിക്കുന്നില്ല. നമ്മുടെ വിധി നമ്മുടെ തീരുമാനങ്ങളാണ്.

തീവണ്ടിക്ക് മുമ്പ് അഭിനയിച്ചത് ലില്ലി എന്ന ചിത്രത്തിലാണ്; എന്താണ് ലില്ലി?

പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ലില്ലി ഒരു ത്രില്ലറാണ്. ഗര്‍ഭിണിയായ ഒരു സ്ത്രീ മൂന്ന് പേരുടെ തടങ്കലിലാകുന്നതും അവരെങ്ങനെ അിജീവിക്കുന്നു എന്നുള്ളതുമാണ് ചിത്രം. ശരിക്കും ലില്ലിയുടെ ഒരു സമയത്തൊക്കെയാണ് ഞാന്‍ സിനിമയെ സീരിയസായി കാണാന്‍ തുടങ്ങിയത്. പോപ്പ് കോണ്‍ ചെയ്യുമ്പോഴോ അതിന് ശേഷം കളരി ചെയ്യുമ്പോഴോ സിനിമയെ ഗൗരവത്തോടെ കണ്ടിരുന്നില്ല. പ്രശോഭിന് ഒപ്പം വര്‍ക്ക് ചെയ്യുമ്പോഴും അതിന് ശേഷം തീവണ്ടിയിലെത്തിയപ്പോഴുമൊക്കെയാണ് സിനിമയെ ഒരു കരിയറായി കാണാന്‍ തുടങ്ങിയത്.

സിനിമയിലേക്കുള്ള യാത്ര?

പാലക്കാട് ആണ് വീട്. പ്ലസ് ടു കഴിഞ്ഞ് മെഡിസിന് റിപ്പീറ്റ് ചെയ്യുമ്പോഴാണ് ഫേസ് ബുക്ക് വഴി വനിതയുടെ ഫോട്ടോ ഷൂട്ടിന് വിളിക്കുന്നത്. അതു കണ്ടിട്ടാണ് പോപ്പ് കോണില്‍ അവസരം ലഭിക്കുന്നത്. പിന്നെ ലില്ലിയുടെ സംവിധായകന്‍ പ്രശോഭ് എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്തായിരുന്നു. അങ്ങനെ ലില്ലിയിലെത്തി. ലില്ലിയുടെ എഡിറ്റര്‍ അപ്പു ഭട്ടതിരിയാണ് തീവണ്ടിയുടെയും എഡിറ്റര്‍. അങ്ങനെ തീവണ്ടിയിലും എത്തി.

പുതുമുഖം എന്ന നിലയില്‍ മലയാള സിനിമയിലുണ്ടായ അനുഭവം


മോശം അനുഭവമൊന്നും ഉണ്ടായിട്ടില്ല. പിന്നെ തുടക്കത്തില്‍ നമ്മളോട് ചിത്രത്തിന്റെ മുഴുവന്‍ കഥയും പറയാന്‍ ചിലര്‍ക്ക് വിമുഖതയുണ്ടായിരുന്നു. നമ്മുടെ ഭാഗം മാത്രം പറഞ്ഞു തരും. മുഴുവന്‍ അറിഞ്ഞാലല്ലേ നമുക്ക് നന്നായി ചെയ്യാന്‍ പറ്റൂ. ലില്ലിയുടേയും തീവണ്ടിയുടേയും കാര്യമല്ല കേട്ടോ. മറ്റ് ചിലര്‍. പിന്നെ ഒരേ സമയത്ത് നമ്മള്‍ ചിലപ്പോള്‍ രണ്ട് കഥ കേള്‍ക്കും; അപ്പോള്‍ നമ്മള്‍ തീരുമാനമെടുക്കാന്‍ ഒരാഴ്ചയൊക്കെ സമയം ചോദിച്ചാല്‍, എന്നാല്‍ വേണ്ട എന്ന് പറഞ്ഞ് പോയവരുണ്ട്. അതല്ലാതെ വേറെ അനുഭവമൊന്നും ഉണ്ടായിട്ടില്ല.

സിനിമയില്‍ എന്തൊക്കെയാണ് ആഗ്രഹങ്ങള്‍?

നല്ല കുറേ കഥാപാത്രങ്ങള്‍ ചെയ്യണം. തീര്‍ച്ചയായും മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിക്കണം. ഫഹദിന്റെ കൂടെയും ദിലീഷ് പോത്തന്റെ കൂടെയും വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്. അവരൊക്കെ ചെയ്യുന്നത് നേരിട്ട് കാണുകയും അറിയുകയും ചെയ്യാലോ ... എങ്ങനെ ഇതൊക്കെ ചെയ്യുന്നുവെന്ന്... മഹേഷിന്റെ പ്രതികാരത്തില്‍
ഫഹദിന്റെ ഒരു ചിരിയുണ്ട് . എന്തൊരു നാച്ചുറലാണ്. അതൊക്കെ നേരില്‍ കാണണം എന്ന് ആഗ്രഹമുണ്ട്. പിന്നെ സ്വരം നല്ലപ്പോ പാട്ട് നിര്‍ത്തണം, ഇതാണ് ആഗ്രഹം.

ജീവാംശമായി എന്ന ഗാനം നല്‍കുന്ന പ്രതീക്ഷ ചെറുതല്ല, ആശങ്കയുണ്ടോ?

ഞാന്‍ ഇപ്പോള്‍ തന്നെ ഒരു നൂറു തവണ ഫെല്ലിയോട് ചോദിച്ചിട്ടുണ്ടാകും എങ്ങനെയുണ്ടാകും എന്ന്. അവരൊക്കെ നല്ല ആത്മവിശ്വാസത്തിലാണ്. അതു തരുന്ന കോണ്‍ഫിഡന്‍സ് ചെറുതല്ല. പിന്നെ എല്ലാം പ്രേക്ഷകരുടെ കൈയില്‍ അല്ലേ. അതാണല്ലോ ഫൈനല്‍ വെര്‍ഡിക്ട്. ഏതായാലും കാത്തിരിക്കാം, പ്രതീക്ഷയുണ്ട്. പിന്നെ സിനിമയ്ക്ക് അ്പ്പുറത്ത് ലഭിച്ച ഈ സൗഹൃദങ്ങളാണ് ഏറ്റവും വലിയ സന്തോഷം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക

Next Story

Related Stories