TopTop
Begin typing your search above and press return to search.

'ഈട'യില്‍ ഹിന്ദുത്വവുമില്ല, കമ്മ്യൂണിസവുമില്ല; സംവിധായകന്‍ ബി. അജിത്കുമാര്‍/അഭിമുഖം

ഈടയില്‍ ഹിന്ദുത്വവുമില്ല, കമ്മ്യൂണിസവുമില്ല; സംവിധായകന്‍ ബി. അജിത്കുമാര്‍/അഭിമുഖം

ദേശീയ,സംസ്ഥാന പുരസ്‌കാരങ്ങള്‍ക്കര്‍ഹനായ ബി. അജിത്കുമാര്‍ എന്ന എഡിറ്ററുടെ ആദ്യ സംവിധാന സംരംഭമാണ് 'ഈട'. കേവലം ഒരു വാണിജ്യ സിനിമ എന്നതിലുപരി ദശാബ്ദങ്ങളായി കേരളീയ സമൂഹത്തെ അലോസരപ്പെടുത്തുന്ന, സമകാലീന കേരളത്തില്‍ ഏറ്റവും സെന്‍സിറ്റീവ് ആയ കണ്ണൂരിന്റെ രാഷ്ട്രീയത്തെ പ്രമേയമാക്കി ചിത്രീകരിച്ച 'ഈട' പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന സന്ദര്‍ഭത്തില്‍ സിനിമയെക്കുറിച്ച് ഉയര്‍ന്നുവന്ന നിരൂപണങ്ങളെയും വിമര്‍ശനങ്ങളെയും കുറിച്ച് കെ.ആര്‍ ധന്യയോട് സംസാരിക്കുകയാണ് ബി.അജിത് കുമാര്‍

'ഈട' എങ്ങനെയാണ് ജനിക്കുന്നത്?

ഞാനൊരു സാഹിത്യവിദ്യാര്‍ഥിയായിരുന്നു. റോമിയോ ജൂലിയറ്റ് ഒക്കെ പഠിച്ചിട്ടുണ്ട്. അതെല്ലാം ഒരു ബാക്ഗ്രൗണ്ടില്‍ ഉണ്ട്. അതിനൊപ്പം കേരളത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി, എന്റെ ചെറുപ്പം തൊട്ട് ഇന്നേ വരെ, നടന്നിട്ടുള്ള കണ്ണൂരിലെ രാഷ്ട്രീയ സംഭവവികാസങ്ങളും അതുമായി ബന്ധപ്പെട്ട ധാരണകളും പലപ്പോഴായി മനസ്സില്‍ കിടന്നതാണ്. അതിനെപ്പറ്റി സിനിമ ചെയ്യണമെന്നൊന്നും ഒരിക്കലും ആലോചിച്ചിട്ടില്ല. പക്ഷെ അതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിന്നിട്ടുണ്ട്. എന്തെങ്കിലും ഒരു സിനിമ ചെയ്യാന്‍ വേണ്ടി പോലുമല്ല ആ വിഷയങ്ങള്‍ ആലോചിച്ചത്. അങ്ങനെ ഇരിക്കുമ്പോള്‍ റാന്‍ഡം ആയി ഉണ്ടായ ഒരു തോന്നലാണ്. ഈ വിഷയത്തെപ്പറ്റി വൃത്തിയായിട്ടുള്ള ഒരു സിനിമ ഇതേവരെ ഉണ്ടായിട്ടില്ല. എന്നാല്‍പ്പിന്നെ അങ്ങനെയൊരു സിനിമ ചെയ്ത് നോക്കാമെന്ന് തോന്നി. അത് പെട്ടെന്ന് ഔട്ട് ഓഫ് ദി ബ്ലൂ, വന്ന ഒരു ആശയമാണ്. അത്തരമൊരു ആശയം തോന്നി, എന്നാല്‍ അത് തന്നെ ഒരു സിനിമയായി ചെയ്യാമെന്ന് കരുതി. ഒരുപക്ഷേ അതിന്റെ കാരണം ഈ രണ്ട് ബാക്ഗ്രൗണ്ടുകളായിരിക്കാം. സാഹിത്യം പഠിച്ചിട്ടുണ്ട്, റോമിയോ ജൂലിയറ്റ് ഒക്കെ വായിച്ചിട്ടുണ്ട്, അതേപോലെ കുറേ കാലമായി കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും സംഭവവികാസങ്ങളും ഒരു ഫിലിം മേക്കര്‍ എന്ന രീതിയിലല്ലാതെ തന്നെ നിരീക്ഷിക്കുന്ന ഒരാളുമാണ് ഞാന്‍. അതുകൊണ്ട് തന്നെയായിരിക്കാം ഇങ്ങനെയൊരാശയം സാധ്യമായത്.

കേരളത്തിലെ ഏറ്റവും പൊളിറ്റിക്കലി സെന്‍സിറ്റീവ് ആയ ഒരു വിഷയത്തെ ഒരു മുഖ്യധാര സിനിമയ്ക്ക് വിഷയമാക്കാമെന്ന് തോന്നിയ ധൈര്യം, അതെങ്ങനെയാണ് ഉണ്ടാവുന്നത്?

അതെന്തുകൊണ്ടാണ് ഒരു മുഖ്യധാരാ സിനിമയ്ക്ക് വിഷയമായില്ല എന്നുള്ളതാണ് നമ്മള്‍ ആലോചിക്കേണ്ടത്. കാരണം എല്ലാ ദിവസവും പത്രങ്ങളിലും മറ്റും വരുന്ന സ്റ്റാറ്റിസ്റ്റിക്‌സ് ആളുകള്‍ക്ക് വളരെ പരിചിതമായിക്കഴിഞ്ഞിരിക്കുന്നു. അവിടെ ഇത്രയാളുകള്‍ കൊല്ലപ്പെട്ടു, ആളുകള്‍ അത് കൗണ്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ആളുകള്‍ സ്‌കോര്‍ കറക്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്നൊരു ബിജെപിക്കാരന്‍ കൊല്ലപ്പെട്ടു, നാളെ ഒരു സിപിഎംകാരന്‍ കൊല്ലപ്പെടും എന്നതൊക്കെ വളരെ കാഷ്വല്‍ ആയി എടുക്കുന്ന പൊതുസമൂഹമായി മാറിക്കഴിഞ്ഞു കേരളം എന്ന് നമുക്ക് ചിലപ്പോഴെങ്കിലും സംശയം തോന്നിപ്പോവും. അങ്ങനത്തെയൊരവസ്ഥയില്‍ അതെന്തുകൊണ്ട് സിനിമയ്ക്ക് വിഷയമായില്ല എന്നതാണ്. ഇതിന് മുമ്പ് സിനിമകള്‍ വന്നിട്ടുണ്ട്. കണ്ണൂര്‍ എന്ന സിനിമയുണ്ട്, ജയരാജിന്റെ സിനിമയുണ്ട്. ആ സിനിമകള്‍ ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് എനിക്കതിനെക്കുറിച്ച് അറിയില്ല. എന്നാല്‍ അതൊന്നും ഒരു ചലനവുമുണ്ടാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ആ വിഷയത്തെപ്പറ്റിയും അതിലുള്‍പ്പെടുന്ന ആളുകളുടെ അവസ്ഥയെപ്പറ്റിയും ഒരു സിനിമ ചെയ്യേണ്ടത് ആവശ്യമാണെന്ന് തോന്നി. പിന്നെ, അതിനുള്ള ധൈര്യം വന്നതെങ്ങനെയെന്ന് ചോദിച്ചാല്‍, അതില്‍ പേടിക്കേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കാരണം നമ്മള്‍ ഒരു ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. നമുക്ക് അത്തരത്തിലുള്ള സിനിമകള്‍ ചെയ്യണമെന്ന് തോന്നിയാല്‍ അത് കാണാനും ഇപ്പോള്‍ ആള്‍ക്കാരുണ്ട്. അതുകൊണ്ട് ഭയപ്പെടേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയിരുന്നില്ല.

http://www.azhimukham.com/film-sunil-review-of-eeda/

അങ്ങനെയൊരു വിഷയം തിരഞ്ഞെടുക്കുമ്പോള്‍ കണ്ണൂരുകാരനല്ലാത്ത ഒരു ഫിലിംമേക്കര്‍ എങ്ങനെയാണ് കണ്ണൂരിന്റെ യാഥാര്‍ഥ്യത്തെ മനസ്സിലാക്കുന്നത് എന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നുവരും. ഇപ്പോഴും ആ ചോദ്യം നേരിടുന്നുണ്ടെന്ന് തോന്നുന്നു. ഈ സിനിമ എന്തുമാത്രം ആധികാരികമായിരുന്നു എന്ന് പറയാന്‍ എത്രമാത്രം പ്രിപ്പെയേഡ് ആണ്?

അതിന്റെ ആധികാരികതയെപ്പറ്റിയും സൂക്ഷ്മതയെക്കുറിച്ചുമുള്ള വിലയിരുത്തലുകള്‍ പല സ്ഥലത്തു നിന്നും കേള്‍ക്കുന്നുണ്ട്. അതിനകത്ത് ആര്‍ക്കും പ്രത്യേകിച്ചൊന്നും പറയാനില്ല. പക്ഷെ ഇതിനകത്ത് ഞാന്‍ മാത്രമല്ല, ഒരു കൂട്ടായ ശ്രമമാണ്. കണ്ണൂരും, കാസര്‍ഗോഡും, കോഴിക്കോടുമുള്ള നിരവധി സുഹൃത്തുക്കള്‍ അതില്‍ സഹകരിച്ചിട്ടുണ്ട്. സിനിമയുടെ ഡീറ്റെയ്‌ല്‌സിലും മറ്റും അവരുടേയും കൂടിപങ്കാളിത്തമുണ്ട്. അതിനെ എങ്ങനെ സിനിമയിലേക്ക് കൊണ്ടുവരുന്നു എന്ന ജോലി മാത്രമാണ് ഞാന്‍ ചെയ്തത്. ഈ ഇന്‍ഫര്‍മേഷനൊന്നും ആര്‍ക്കും കിട്ടാത്തതല്ല. പക്ഷെ അത് എല്ലാംകൂടെ ചേര്‍ത്തുവച്ച് എങ്ങനെ കാണിക്കാന്‍ പറ്റും എന്ന പണി മാത്രമേ എനിക്കുള്ളൂ. കണ്ണൂരിലെ ആളുകളുടെ അവസ്ഥയും അങ്ങനെയുള്ള കാര്യങ്ങളുമെല്ലാം പറയാന്‍ എനിക്ക് അവിടെ ജീവിച്ച് പരിചയമില്ല എന്ന കാര്യം തടസ്സമായി നില്‍ക്കുമെന്ന് ഞാന്‍ കരുതുന്നില്ല. കാരണം അങ്ങനത്തെ വിഷയങ്ങളെപ്പറ്റി മാത്രം സിനിമയെടുക്കാന്‍ പറ്റില്ല. ഏതൊരു കലാകാരനാണെങ്കിലും ഭാവനയും കൂടിയാണല്ലോ ഒരു സൃഷ്ടിക്ക് പിന്നിലുള്ളത്. ആ ഇമാജിനേഷന്‍ എന്നു പറയുന്നത് വേറൊരു തരത്തില്‍ ഒരു സ്വപ്‌നം കാണുന്ന രീതിയാണ്. നമുക്കുണ്ടായിട്ടുള്ള സമാനമായ പല അനുഭവങ്ങളും, ലഭിച്ചിട്ടുള്ള സമാനമായ പല അറിവുകളും അതിന് പ്രേരകമാവും. ഞാന്‍ നിരവധി ഡോക്യുമെന്ററികള്‍ ചെയ്തിട്ടുണ്ട്. കണ്ണൂരിനെക്കുറിച്ച് തന്നെ ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്. കണ്ണൂരിലെ ജീവിതത്തെക്കുറിച്ച് പഠിക്കുകയും, കണ്ണൂര്‍ സ്വദേശികളായ നിരവധി സുഹൃത്തുക്കളുമായി നിരന്തരം സംവദിക്കുകയും ചെയ്തിട്ടുണ്ട്.

പിന്നെ മറ്റൊരു കാര്യം, കോണ്‍ഫ്‌ളിക്ടിന്റേതായ അന്തരീക്ഷം കണ്ണൂരില്‍ മാത്രമുള്ളതല്ല. അത് ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ളതാണ്. അതിനെല്ലാം സമാനമായ പല സ്വഭാവങ്ങളുമുണ്ട്. അവിടുത്തെ ആളുകളുടെ ക്രൈസിസ്, അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍, ഒരു സാമൂഹ്യജീവിതത്തില്‍ അതുകൊണ്ടുണ്ടാവുന്ന മാറ്റങ്ങള്‍ക്കുമൊക്കെ ഒരു പൊതുസ്വഭാവമുണ്ട്. ഇത് ഞാന്‍ പലസ്ഥലത്തും നിരീക്ഷിച്ചിട്ടുണ്ട്. അത്തരം നിരീക്ഷണങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകളുമാണ് സിനിമയുടെ അടിത്തറ. അത് ശരിയായോ ഇല്ലയോ എന്നത് പ്രേക്ഷകര്‍ തന്നെ തീരുമാനിക്കേണ്ട കാര്യമാണ്. പക്ഷെ അത് ചെയ്യാന്‍ ഒരു കണ്ണൂരുകാരന്‍ തന്നെ വേണമെന്ന് പറയുന്നതില്‍ കാര്യമില്ല. കാരണം കണ്ണൂരുകാരന് അത് ചിലപ്പോള്‍ പറ്റിയേക്കില്ല. ഇത്രയും സംഘര്‍ഷഭരിതമായ ഒരവസ്ഥയുടെ ഉള്ളില്‍ നിന്നുകൊണ്ട് ഒരിക്കലും അതിനെ ഒബ്ജക്ടീവ് ആയി നോക്കിക്കാണണമെന്ന് നമുക്ക് പറയാനും പറ്റില്ല, അതിനുള്ള സാധ്യതയും കുറവാണ്. അപ്പോള്‍ അതിനെ മൂന്നാമതൊരു കണ്ണില്‍കൂടി നോക്കിക്കാണണമെങ്കില്‍ ഒരുപക്ഷേ പുറത്തുള്ളയാള്‍ക്കല്ലേ അത് കൂടുതല്‍ സാധിക്കുക. അല്ലെങ്കില്‍ വീണ്ടും പഴയ സര്‍ക്കിളിനകത്ത് കറങ്ങാനല്ലാതെ പറ്റില്ലല്ലോ.

http://www.azhimukham.com/film-actress-nimisha-sajayan-interview-by-veena/

പരിപൂര്‍ണമായും കണ്ണൂരിനെക്കുറിച്ച് പറയുന്ന ഒരു സിനിമ ചിത്രീകരിച്ചത് പൂര്‍ണമായും കണ്ണൂരിന് പുറത്താണെന്നതാണ് 'ഈട'യുടെ ചിത്രീകരണത്തെക്കുറിച്ച് കേട്ടതില്‍ കൗതുകമുള്ള ഒരു കാര്യം. എന്തായിരുന്നു അതിന്റെ ഒരു സാഹചര്യം?

ഞങ്ങള്‍ ഈ സിനിമ കണ്ണൂരില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ല. ശ്രമിക്കാത്തതിന് കാര്യമുണ്ട്. കണ്ണൂരിലെ പ്രത്യേക സാഹചര്യത്തില്‍ ഒരു സിനിമ അവിടെ എടുക്കുമ്പോള്‍, അത് ഈ വിഷയത്തെപ്പറ്റി തന്നെയാവുമ്പോള്‍, അതില്‍ത്തന്നെ രണ്ട് പക്ഷക്കാരും അവിടെ വളരെ സജീവമായി നിലനില്‍ക്കുന്ന ഒരു സ്ഥലത്ത് അത് കുറച്ച് പ്രയാസകരമായിരിക്കും. സിനിമയെടുക്കാന്‍ അതാത് നാട്ടുകാരുടെ സഹകരണം ഇല്ലാതെ സാധിക്കില്ല. തദ്ദേശവാസികളുടെ പൂര്‍ണമായ സഹകരണവും പിന്തുണയുമില്ലാതെ 'ഈട' പോലൊരു പ്രോജക്ടിന് മുന്നോട്ടുപോവാന്‍ പറ്റില്ല. ആ സഹകരണം ഒരു വശത്തു നിന്ന് കിട്ടിക്കഴിഞ്ഞാല്‍ മറുവശത്ത് നിന്ന് കിട്ടില്ലെന്ന് ഉറപ്പാണ്. 'ഈട'യെപ്പോലെ അതിനെ നിക്ഷ്പക്ഷമായി കാണാന്‍ ശ്രമിക്കുന്ന ഒരു സിനിമയ്ക്ക് ഇരുഭാഗത്തു നിന്നും പിന്തുണ കിട്ടാന്‍ സാധ്യതയില്ല. കാരണം, ഞാന്‍ ഈ സിനിമയില്‍ കാണിക്കാന്‍ ഉദ്ദേശിച്ചത് പോലെ തന്നെ വളരെ പൊളിറ്റിക്കലി ചാര്‍ജ്ഡ് ആയ അന്തരീക്ഷമാണവിടെ. അതിനിടക്ക് ആളുകള്‍ വിവേകബുദ്ധിയോടെ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. അങ്ങനെയൊരു റിസ്‌ക് എടുക്കാന്‍ കഴിയില്ല. വൊളറ്റൈല്‍ ആയ ഒരു സാഹചര്യത്തിന് നടുവില്‍ ഒരു സിനിമയെടുക്കുക ശ്രമകരമായ കാര്യമായിരിക്കും. അവിടെ പെട്ടെന്ന് ബോംബു പൊട്ടും പോലെയുള്ള കാര്യങ്ങളല്ല ഞാന്‍ പറയുന്നത്. മറിച്ച് എപ്പോഴും സംശയദൃഷ്ടിയോടെയാണ് ആളുകള്‍ പുറത്തുനിന്നുള്ളവരെ കാണുന്നത്. ഇവര്‍ നമ്മുടെ ഭാഗത്താണോ അതോ മറ്റവരുടെ ഭാഗത്താണോ എന്നുള്ള ഒരു ചിന്തയാണ് പലപ്പോഴും. കുഴപ്പമില്ലാത്തവരാണെന്ന് കണ്ടാല്‍ ഏതൊരു നല്ല മനുഷ്യരോടുമുള്ള സമീപനം ഉണ്ടാവുമെന്ന മാത്രം. അത് നീണ്ടു നില്‍ക്കുന്ന സംഘര്‍ഷാവസ്ഥയില്‍ നിന്ന് ആളുകളില്‍ ഉണ്ടായിട്ടുള്ള ഡീഹ്യൂമനൈസേഷന്റെ ഒരു ചിഹ്നമായാണ് ഞാനതിനെ കാണുന്നത്. അങ്ങനെയുള്ള ഒരു അന്തരീക്ഷത്തില്‍ നമുക്ക് ആവശ്യമുള്ളത് പോലെ ചിത്രീകരിക്കണമെങ്കില്‍ കൂടുതല്‍ പരിശ്രമവും റിസോഴ്‌സും വേണ്ടിവരും. അതിന്റെ പുറകെ നടക്കേണ്ടി വരും. അതുകൊണ്ട് അത് ഒഴിവാക്കി എന്നുമാത്രമേയുള്ളൂ.

സ്വാഭാവികമായും പ്രതീക്ഷിച്ചത് പോലെ തന്നെ ഇരുഭാഗങ്ങളില്‍ നിന്നും സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ടല്ലോ. പ്രത്യേകിച്ച് വളരെ വ്യക്തമായി കാണിക്കുന്നത് സംഘപരിവാറിനെയാണ്. ഗൂഢകേന്ദ്രങ്ങളില്‍ നിന്ന് ആസൂത്രണം ചെയ്യുന്നത് പോലെ അക്രമത്തിന് നേതൃത്വം കൊടുക്കുന്നവരായിട്ടും, അവരുടെ കയ്യില്‍ വിചാരധാരയേന്തിയിട്ടുള്ളവരായിട്ടും, ഭഗവത്ഗീത പഠിപ്പിക്കുന്നവര്‍ ഒക്കെയായിട്ടുള്ള ഒരു ചിത്രീകരണം അവരെ സംബന്ധിച്ച് ഉണ്ടായിട്ടുണ്ട്. അത്തരം വിമര്‍ശനങ്ങളേയും പ്രതികരണങ്ങളേയും എങ്ങനെയാണ് നോക്കിക്കാണുന്നത്?

അതിന്റെ ചരിത്രപരമായ അവസ്ഥയെന്ത് തന്നെയായാലും, അത് ഒരുപരിധിവരെ അങ്ങനെതന്നെയുള്ള നിരീക്ഷണങ്ങളുടെ പുറത്താണ് അത് ചെയ്തിട്ടുള്ളത്. സിനിമയിലെ കഥാപാത്രം പറയുന്നത് പോലെ തന്നെ, 1970-കളില്‍ വന്നിട്ടുള്ള ഹിന്ദുത്വ ഐഡിയോളജി ഉറപ്പിക്കുന്നതിനായി വന്നിട്ടുള്ള ഒരു ആര്‍എസ്എസ് പ്രചാരകനെ അതില്‍ കാണിക്കുന്നുണ്ട്. അതിലൊന്നും ആര്‍ക്കും ഒരു അതിശയോക്തിയും തോന്നിയിട്ടില്ല. കാരണം അങ്ങനെതന്നെയാണ് അത് സംഭവിച്ചിട്ടുള്ളതെന്നാണ് എന്റെ മനസ്സിലാക്കല്‍. ആര്‍എസ്എസിന് 1970കള്‍ക്ക് മുമ്പ് അവിടെയൊന്നും സ്വാധീനമുണ്ടായിരുന്നില്ല. പിന്നീട് അത് പെട്ടെന്ന് വളര്‍ന്നു. എന്നുവച്ചാല്‍ അവര്‍ വളരെ ഓര്‍ഗനൈസ്ഡ് ആയി തന്നെ ആളുകളെ കൊണ്ടുവരികയും ശാഖകള്‍ തുടങ്ങുകയും പ്രചരണം നടത്തുകയും ചെയ്തു. മറ്റുള്ള സ്ഥലങ്ങളിലെല്ലാം ചെയ്തിട്ടുള്ളതുപോലെ അത് ഓര്‍ഗനൈസ്ഡ് ആയ ഒരു പ്രവര്‍ത്തനം തന്നെയായിരുന്നു. ജനാധിപത്യ രാജ്യത്ത് അങ്ങനെ ചെയ്യാന്‍ ആര്‍ക്കും സ്വാതന്ത്ര്യമില്ലേ എന്ന് ചോദിച്ചാല്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷെ അവര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന തത്വശാസ്ത്രം എന്നു പറയുന്നതും പ്രാക്ടീസ് എന്നുപറയുന്നതും കായികമായിട്ട് ആളുകളെ നേരിടുക, അങ്ങനെ ആളുകളെ കൂട്ടുക എന്നുള്ളത് തന്നെയാണ്. വളരെ ഓര്‍ഗാനിക് ആയിട്ട് അവര്‍ക്കത് ചെയ്യാനും പറ്റി. ഒരുപാട് ആളുകളെ അവര്‍ക്ക് ആകര്‍ഷിക്കാനുമായി. പക്ഷെ സിപിഎമ്മിന്റെ പോലെ ആളുകളുടെ എണ്ണത്തിലും മറ്റും വലിയ ഒരു ശക്തിയാണ് അവരെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നില്ല. അത്തരത്തിലുള്ള ചരിത്രപരമായ നിരീക്ഷണങ്ങളാണ് അതില്‍ കാണുന്നത്.

http://www.azhimukham.com/film-criticism-on-movie-eeda-and-its-politics-by-anna/

പിന്നെ, സ്വാഭാവികമായിട്ടും വിചാരധാര വായിക്കുമല്ലോ. ഞാന്‍ സിനിമയില്‍ ഒരു വിചാരധാര കാണിക്കുന്നുണ്ടെങ്കില്‍ ആ പുസ്തകം ഇപ്പോഴും എക്‌സിസ്റ്റ് ചെയ്യുന്നുണ്ട്, അത് വായിക്കപ്പെടുന്നുണ്ട്, അതിനകത്ത് പറയുന്ന കാര്യങ്ങള്‍ പ്രാക്ടീസ് ചെയ്യപ്പെടാന്‍ ശ്രമിക്കുന്നുമുണ്ട്. അത് അങ്ങനെതന്നെ കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കാണിക്കാതിരുന്നിട്ട് കാര്യമില്ലല്ലോ. അതുകൊണ്ട് അതൊന്നും ആര്‍ക്കും അതിശയോക്തിയായി തോന്നേണ്ട കാര്യമില്ല. പുറത്തുനിന്ന് വന്ന ഒരു പ്രചാരകന്റെ കാര്യം പറയുന്നത്, ഒരു മാഷ്, ശ്രീറാംഭട്ട്, കളരിയും തിരുമ്മ് ചികിത്സയുമൊക്കെയുള്ളയാള്‍ അതെല്ലാം അവിടുത്തെ കള്‍ച്ചറിന്റെ ഭാഗം തന്നെയാണ്. മംഗലാപുരം ഭാഗത്താണ് ശരിക്കും തുളു കളരികളും, അത് അഭ്യസിക്കുന്ന ബ്രാഹ്മണരും, അവരുടെ ഹിന്ദുത്വ ആശയങ്ങളുമുള്ളത്. അതില്‍ എല്ലാവരും അങ്ങനെയായിക്കൊള്ളമണെന്നില്ല. എന്നാല്‍ അതെല്ലാം അവിടുത്തെ സാമൂഹ്യ പരിസ്ഥിതിയെ ചിത്രീകരിക്കുമ്പോള്‍ ആവശ്യമായി വരുന്ന കാര്യങ്ങളാണ്. അതിലൊക്കെയാണ് അതിന്റെ ആധികാരികത തോന്നിക്കുന്നതും. പക്ഷെ അത് ഇതേവരെ നമ്മുടെ സിനിമയിലൊന്നും അങ്ങനെ കാണിച്ചിട്ടില്ല. അല്ലെങ്കില്‍ സിനിമയില്‍ ആര്‍എസ്എസിനെ റെപ്രസന്റ് ചെയ്തിട്ടില്ല. ആര്‍എസ്എസിനെ റപ്രസന്റ് ചെയ്യാതിരിക്കുന്നതുകൊണ്ട് ആര്‍എസ്എസ് ഇല്ലാതാവുന്നില്ല. ആര്‍എസ്എസും അവര്‍ ചെയ്യുന്ന ഇത്തരം പരിപാടികളുമെല്ലാം അവിടെയുള്ളതാണ്. അവിടെയുള്ള ഒന്നിനെ, ഡിസ്‌റ്റോര്‍ട്ടഡായ രീതിയില്‍ അല്ലെങ്കില്‍ അവരെ വെറും വില്ലന്‍മാരായി കാണിക്കുക എന്നതാണ് കേരളത്തിലെ മുഖ്യധാരാ മാര്‍ക്‌സിസ്റ്റ് സിനിമകളില്‍ ചെയ്തിട്ടുള്ളത്. അതിനുള്ളില്‍ നടക്കുന്ന നെറ്റ്‌വര്‍ക്കിങ്, അല്ലെങ്കില്‍ അതിനുള്ളിലെ പ്രവര്‍ത്തന രീതികളിലേക്കോ അതിന്റെ വിശദാംശങ്ങളിലേക്കോ ഒന്നും ആരും പോയിട്ടില്ല. എന്തിനാ പോകുന്നത്, അതിനെ ഒരു ഡെയര്‍ ഈവിള്‍ ആയി കാണിച്ചാല്‍ പോരേന്ന് ചോദിക്കും. പക്ഷെ അങ്ങനെയല്ല, നിങ്ങള്‍ അതിനെ ആദ്യം മനസ്സിലാക്കുകയും അത് കാണിക്കുകയും ചെയ്താല്‍ മാത്രമാണ് അതിന്റെ പ്രക്രിയ എങ്ങനെ നടക്കുന്നു എന്ന് മനസ്സിലാവുകയുള്ളൂ. അതിനെ റെപ്രസന്റ് ചെയ്യാതിരിക്കുക എന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്.

അതുപോലെ തന്നെ സിപിഎമ്മിന്റെ ഭാഗത്തു നിന്നുള്ള കാര്യങ്ങളും കാണിച്ചത്. അത് കുറേക്കൂടി പബ്ലിക് ആണ്. അത് ഒരുപരിധിവരെ എല്ലാവര്‍ക്കും അറിയാവുന്നതും കുറേക്കൂടെ ഐഡിയലൈസ്ഡുമാണ്. മറ്റേത് ഒരു തരത്തില്‍ ഡീമണൈസ്ഡുമാണ്. ഡീമണൈസേഷന്‍ മോശമാണെന്നല്ല, ഇതിലെ ശരിയും തെറ്റിനെയും കുറിച്ചല്ല ഞാന്‍ പറയുന്നത്. പക്ഷെ രണ്ട് ഭാഗത്തും യഥാര്‍ഥത്തില്‍ നടന്നുകൊണ്ടിരിക്കുന്ന യഥാര്‍ഥകാര്യങ്ങളെപ്പറ്റി നമ്മള്‍ കണ്ണടച്ച് ഇരുട്ടാക്കാതെ സമീപിക്കുക എന്ന് മാത്രമാണ് ഉദ്ദേശിച്ചത്.

അതിലെ ഭട്ട് എന്ന കഥാപാത്രം തന്നെ യഥാര്‍ഥത്തില്‍ സിനിമയുടെ ഒരു സ്ഥലത്ത് പതിച്ച് വച്ചിട്ടുള്ള നരേന്ദ്ര മോദിയുടെ ചിത്രത്തെ ചൂണ്ടിക്കൊണ്ട്, 'നമ്മള്‍ ഇങ്ങനെയല്ലേ ഇവിടം വരെയായത്' എന്ന് പറയുന്നുണ്ട്. ഇവിടം വരെയായത് എന്നുപറഞ്ഞാല്‍ എണ്‍പതുകളിലൊന്നും ബിജെപി എന്ന പ്രസ്ഥാനം തന്നെയില്ല. ഇപ്പോള്‍ കുറേക്കൂടി ബിജെപി എന്ന് പറഞ്ഞ പൊതുധാരാ പ്രസ്ഥാനമുണ്ടായല്ലോ.

ബിജെപിയുടെ പ്രവര്‍ത്തനങ്ങളെ, അതിന്റെ ഐഡിയോളജി എന്താണ്, അല്ലെങ്കില്‍ അതിന്റെ മുസ്ലീം വിരുദ്ധത എന്താണ്, അതെങ്ങനെയാണ് ഫാസിസ്റ്റ് പ്രസ്ഥാനമായി മാറുന്നത് അത്തരം കാര്യങ്ങളെക്കുറിച്ചൊന്നും സിനിമയില്‍ ചര്‍ച്ച ചെയ്തിട്ടില്ല. അത് ചര്‍ച്ച ചെയ്യേണ്ട സ്ഥലം ഇതല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം ഇവിടുത്തെ സംഘര്‍ഷങ്ങളും, ആ സംഘര്‍ഷങ്ങള്‍ ആളുകളിലുണ്ടാക്കുന്ന മാനസികമായ വിഷമതകളും അതിനെക്കുറിച്ചുള്ള മാനുഷികമായ വിചിന്തനം മാത്രമാണിവിടെ ഉദ്ദേശിച്ചിട്ടുള്ളത്. ആ പ്രസ്ഥാനത്തെക്കുറിച്ച് പറയാന്‍, അതിന് വേറെ സിനിമ തന്നെ വേണം. അല്ലാതെ അത് കാണിക്കാതിരുന്നതുകൊണ്ട് അവരെല്ലാം നല്ലയാളുകളാണ്, അല്ലെങ്കില്‍ അവര്‍ ചെയ്യുന്നതെല്ലാം ശരിയാണെന്നൊന്നും ഈ സിനിമയില്‍ ശ്രമിച്ചിട്ടില്ല. അങ്ങനെയാര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അത് തോന്നുന്നുവരുടെ മാത്രം ഉത്തരവാദിത്തമാണെന്ന് പറയേണ്ടി വരും. കാരണം ഹിന്ദുത്വയുടെ മാനിപ്പുലേഷനുകള്‍ കൃത്യമായി കാണിക്കുന്നുണ്ട്. എങ്ങനെയാണ് ആളുകളെ ഇതില്‍ കുടുക്കുന്നതെന്നും യാതൊരു ഗതിയുമില്ലാത്തയാളുകളെ ഇതിലേക്ക് കൊണ്ടുവരുന്നതെന്നും അവരെയെങ്ങനെ മാനിപ്പുലേറ്റ് ചെയ്യുന്നു, കേസില്‍ പെടുത്തുന്നു, ക്വട്ടേഷന്‍ കൊടുക്കുന്നു, വെട്ടിക്കൊല്ലുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം വളരെ വ്യക്തമായി തന്നെ സിനിമ കാണിച്ചിട്ടുണ്ട്. അല്ലാതെ അതിന്റെ പിന്നിലുള്ള ഐഡിയോളജിക്കല്‍ കൂട്ടുകെട്ടുകളെക്കുറിച്ചൊന്നും ആലോചിക്കുന്നതേയില്ല. കാരണം ആ ഐഡിയോളജി രണ്ട് ഭാഗത്തിനുമില്ല. ഐഡിയോളജി പറയുന്നുവെന്നേയുള്ളൂ. ഒരു കൂട്ടര്‍ ഹിന്ദുത്വ പറയുന്നു, മറുകൂട്ടര്‍ കമ്മ്യൂണിസം പറയുന്നു. 'ഈട'യില്‍ ഹിന്ദുത്വവുമില്ല, കമ്മ്യൂണിസവുമില്ല. ഹിന്ദുത്വ എന്നു പറയുന്നത് അക്രമത്തില്‍ അധിഷ്ഠിതമായ കാര്യമായിട്ടാണ് എല്ലായിടത്തും മാനിഫെസ്റ്റ് ചെയ്യപ്പെടുന്നത്. സിപിഎം അങ്ങനെയല്ല എന്നും പറയുന്നു. അങ്ങനെയല്ലെങ്കില്‍ പോലും ഇവിടെ അത് അങ്ങനെയാണ്. ഈട അങ്ങനെയായതുകൊണ്ട് ഈട്‌ത്തെ കാര്യമേ ഇപ്പോള്‍ പറയുന്നുള്ളൂ. ഇതിന്റെ ദേശീയ, അന്തര്‍ദേശീയ മാനങ്ങളൊന്നും ഇതിനകത്തുനിന്ന് വായിച്ചെടുക്കാന്‍ ശ്രമിക്കരുത്.

http://www.azhimukham.com/cinema-eeda-malayalam-movie-review-aparna/

ഒരു എതിര്‍വാദമുള്ളത്, ഇങ്ങനെ അക്രമത്തെ മാനിഫെസ്റ്റ് ചെയ്യുന്ന, അക്രമങ്ങളെ പ്ലാന്‍ ചെയ്ത് നടപ്പിലാക്കുന്ന ഒരു സംഘം പ്രവര്‍ത്തിക്കുമ്പോള്‍ മറുഭാഗം പ്രതിരോധിക്കുകയല്ലേ വേണ്ടത് എന്നതാണ്?

അതുതന്നെയാണ് പറയുന്നത്. മറുഭാഗം പ്രതിരോധിക്കേണ്ടത് എങ്ങനെയാണ് എന്നുള്ളതാണ്. നിങ്ങള്‍ അവരുടെ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍ നിങ്ങളും അവരും തമ്മില്‍ ഒരു വ്യത്യസവുമില്ല. നിങ്ങള്‍ മിറര്‍ ചെയ്യുകയാണ്. ഇടതുപക്ഷത്തിന്റെ സ്വഭാവമെന്ന് പറയുന്നത്, അത് സ്വീകരിക്കുന്ന നയങ്ങളും തന്ത്രങ്ങളും കായികമായിട്ട് ആള്‍ക്കാരെ ഇല്ലാതാക്കല്‍ തുടങ്ങിയ കാര്യങ്ങളിലേക്ക് പോവുമ്പോള്‍ അവര്‍ മറുകൂട്ടരുടെ കെണിയില്‍ വീണ് പോവുകയാണ് ചെയ്യുന്നത്. അവര്‍ ചെയ്യുന്ന അതേ കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യാന്‍ തുടങ്ങിക്കഴിഞ്ഞാന്‍ പിന്നെ നിങ്ങളുടെ ആവശ്യമില്ലല്ലോ. അവര്‍ തന്നെ ചെയ്യുവല്ലോ. ഒരു ഓര്‍ഗനൈസേഷന്‍ സ്ട്രക്ചറുള്ള ഒരു പാര്‍ട്ടി അല്ലെങ്കില്‍ ഒരു സംഘടന എന്ന രീതിയില്‍ ആ സംഘടന അവരെ എതിര്‍ക്കുന്നയാളുകളുടെ സ്വഭാവം ഗ്രാജ്വല്‍ ആയി സ്വാംശീകരിച്ച് അവരെപ്പോലെ തന്നെയായി മാറുന്ന അവസ്ഥയാണ് നമ്മള്‍ കാണുന്നത്. ശത്രുവിന്റെ അതേ ടാക്ടിക്‌സ് തന്നെ അവരോട് പ്രയോഗിച്ച് പ്രയോഗിച്ച് ആന്തരികമായിപ്പോലും അവര്‍ ആ സ്വഭാവത്തിലേക്ക്, ഒരു തരം ഫാസിസ്റ്റ് സ്വഭാവത്തിലേക്ക് വീണുപോവുന്ന ഒരു ട്രാപ്പ് ആണ് അതെന്ന് വേണമെങ്കില്‍ പറയാം, സിംപതറ്റിക് ആയി നോക്കുകയാണെങ്കില്‍.

ഈടയെപ്പോലെ ഒരു വിവാദവിഷയം കൈകാര്യം ചെയ്ത ഒരു സിനിമ തിയേറ്ററിലെത്തിക്കഴിഞ്ഞു. പൊതുവെ പ്രതികരണം എങ്ങനെയുണ്ട്?

പ്രതികരണം എന്ന് പറയുന്നത്, ഒന്ന് അത് നിങ്ങളെപ്പോലുള്ള വായനക്കാരോ പ്രേക്ഷകരോ വിലയിരുത്തേണ്ട കാര്യമാണ്. പക്ഷെ വ്യക്തിപരമായി, ഇതില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളുകള്‍ക്ക് വളരെ നല്ല റെസ്പോണ്‍സ് ആണ് എല്ലാ സ്ഥലത്തുനിന്നും കിട്ടിക്കൊണ്ടിരിക്കുന്നത്. കാണുന്നയാളുകളില്‍ നിന്ന് മുഴുവനും, 99.9 ശതമാനമാളുകളും ഇതിനകത്ത് ഉദ്ദേശിച്ചിരിക്കുന്ന മനുഷ്യത്വപരമായ അല്ലെങ്കില്‍ മനുഷ്യസ്‌നേഹപരമായ സന്ദേശത്തെ കൃത്യമായി ഉള്‍ക്കൊള്ളുകയും അത് വളരെ ഇമോഷണല്‍ ആയി തന്നെ സ്വീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. അക്രമത്തിന്റെ നിരര്‍ത്ഥകതയെപ്പറ്റി ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ആരാണ് ശരി, ആരാണ് തെറ്റ് എന്നൊന്നും അപ്പോളവര്‍ ആലോചിക്കുന്നില്ല. കാരണം ഇതില്‍ ശരിയും തെറ്റുമൊന്നുമില്ല. ഇതില്‍ ആരും ശരിയല്ല. അതിനപ്പുറത്ത് അവര്‍ പറയുന്ന ഐഡിയോളജിയും, അവരുടെ മറ്റുള്ള പ്രവര്‍ത്തനങ്ങളും മറ്റ് കാര്യങ്ങളുമൊക്കെയുണ്ടാവും. അതിനെപ്പറ്റിയുള്ള ജഡ്ജ്‌മെന്റൊന്നും ഈ ചിത്രത്തിനകത്ത് ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടേയില്ല. ഈ സിനിമ കാണുമ്പോള്‍ അതിനെക്കുറിച്ചൊന്നും ആരും ആലോചിക്കുന്നത് തന്നെയില്ല. 'ഈട' അത്രയും ഫോക്കസ്ഡ് ആയിട്ട് പ്രണയവും വിദ്വേഷവും തമ്മിലുള്ള വൈരുധ്യങ്ങളില്‍ മാത്രമേ ഊന്നിയിട്ടുള്ളൂ. ഇന്‍വിസിബിള്‍ മൈനോരിറ്റിയല്ലാതെ മറ്റുള്ളവരെല്ലാം സിനിമയെ പോസിറ്റീവ് ആയി തന്നെയാണ് എടുത്തിട്ടുള്ളത്. അത്തരത്തിലുള്ള പ്രതികരണങ്ങള്‍ ഓരോ ഷോ കഴിയുമ്പോഴും കണ്ണൂരില്‍ നിന്നടക്കം ആളുകള്‍ വിളിച്ചുപറയുന്നുണ്ട്. അങ്ങനെ പറയുന്നവര്‍, അവര്‍ മണ്ടന്‍മാരാണെന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ക്ക് ആ സിനിമ ഫീല്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിനര്‍ഥം ഞാന്‍ പറയാനുദ്ദേശിച്ച മെസേജ് അവിടെയെത്തി എന്നുള്ളതാണ്.

ഏതെങ്കിലും വിഭാഗത്തില്‍ നിന്ന് പ്രകോപനങ്ങളോ ഭീഷണികളോ ഉണ്ടായോ?

ഇല്ല. ഇതുവരെ അങ്ങനെയൊന്നുമുണ്ടായിട്ടില്ല. എന്നുമാത്രമല്ല, ഇത്തരത്തില്‍ ജനാധിപത്യപരമായ വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അതിനെ പ്രകോപനം കൊണ്ട് നേരിടാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും അവര്‍ക്കെതിരെ തന്നെ തിരിച്ചടിക്കുമെന്നത് ഒരുപക്ഷേ അവര്‍ക്കറിയാമായിരിക്കാം. അല്ലെങ്കില്‍ അത്രയും വിവേകം അവര്‍ കാണിച്ചിട്ടുണ്ട്. കാണിക്കുമെന്നാണ് പ്രതീക്ഷയും. അല്ലാതെയുള്ള അസഹിഷ്ണുത ഈ സിനിമയ്ക്ക് നേരെ ഉണ്ടായിട്ടുള്ളതായി ഞങ്ങള്‍ക്ക് അറിഞ്ഞുകൂട. അങ്ങനെയൊരു വിമര്‍ശനത്തിന്റെ ആവശ്യവുമില്ല. അത്തരത്തിലുള്ള വിമര്‍ശനമോ പ്രകോപനമോ ആരെങ്കിലും സൃഷ്ടിക്കാന്‍ ശ്രമിച്ചുകഴിഞ്ഞാല്‍ അതിന്റെ പുറകിലുള്ള സ്ഥാപിത താത്പര്യം പെട്ടെന്ന് തന്നെ ജനങ്ങള്‍ക്ക് മനസ്സിലാവും. അതുകൊണ്ട് തന്നെയാവും അങ്ങനെയൊന്നും വരാത്തത്.

http://www.azhimukham.com/cinema-eeda-movie-love-and-politics-jipsa/

ഇത്രയും പൊളിറ്റിക്കലി കോംപ്ലിക്കേറ്റഡ് ആയ ഒരു സബ്ജക്ടിനെ സിനിമയാക്കുമ്പോള്‍, ചലച്ചിത്ര ഭാഷയില്‍ നേരിടുന്ന വെല്ലുവിളിയെന്താണ്?

ചലച്ചിത്രഭാഷയില്‍ അങ്ങനെ വിപ്ലവകരമായ എന്തെങ്കിലും ഈടയില്‍ ചെയ്യാന്‍ ഉദ്ദേശിച്ചിട്ടുമില്ല, അങ്ങനെ ചെയ്തിട്ടുമില്ല. അല്ലെങ്കില്‍ നിലവിലുള്ള ചലച്ചിത്രഭാഷയുടെ പരിമിതികള്‍ക്കകത്തു തന്നെ നിന്നുകൊണ്ട് അതിന്റെ മാര്‍ഗങ്ങളും സാങ്കേതങ്ങളും തന്നെയാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എക്‌സപ്ഷണലി എക്‌സ്പിരിമെന്റല്‍ ആയിട്ടുള്ള സിനിമയായൊന്നും അതിനെ എടുത്തിട്ടുമില്ല, ചെയ്തിട്ടുമില്ല. ഷോട്ടുകളെടുക്കുന്നതിലോ ഒന്നും ചലച്ചിത്ര ഭാഷയില്‍ വിപ്ലവകരമായ സംഗതികളൊന്നും നടത്തിയിട്ടില്ല. പക്ഷെ വൃത്തിയായിട്ടെടുക്കുക എന്നതായിരുന്നു. കാണിക്കാനുദ്ദേശിക്കുന്ന സ്ഥലവും അവിടുത്തെ ആള്‍ക്കാരും അവര്‍ തമ്മിലുള്ള ബന്ധങ്ങളും ആ സ്ഥലത്തിന്റെ പ്രത്യേകതകളും, കണ്ണൂരല്ലെങ്കില്‍ പോലും കണ്ണൂരാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ജ്യോഗ്രഫിക്കല്‍ സംഗതികളും അതില്‍ കൊണ്ടുവരാന്‍ പറ്റിയിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. അത് അതിനായിത്തന്നെ വളരെ കാര്യമായി ശ്രമിച്ചതുകൊണ്ട് കൂടിയാണ്. ആ പരിസരത്തെ കൃത്യമായി കാണിക്കുക, അതിനകത്ത് ആളുകളുടെ ഇമോഷനുകള്‍ ഒപ്പിയെടുക്കുക എന്നത് മാത്രമേ അതില്‍ ചെയ്തിട്ടുള്ളൂ. പ്രത്യേകിച്ച് ഇമോഷണല്‍ പ്രതികരണങ്ങള്‍ക്കും മറ്റും പ്രാമുഖ്യമുള്ള സ്ഥലങ്ങളില്‍ അങ്ങനെതന്നെ ഷോട്ടുകള്‍ ചെയ്യാനും ശ്രമിച്ചിട്ടുണ്ട്. അല്ലാതെ മറ്റെന്തെങ്കിലും ശൈലീപരമായ വ്യത്യസ്തത അതില്‍ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെ ആരെങ്കിലും കാണുന്നുണ്ടെങ്കില്‍ അത് ഓര്‍ഗാനിക് ആയി ഇവോള്‍വ് ചെയ്ത ഒരു സംഭവമായിരിക്കും.

ഈടയിലെ കഥാപാത്രങ്ങളില്‍, ആണ്‍കഥാപാത്രങ്ങളില്‍ ഒട്ടുമിക്കവരും ശക്തിയുടേയും അധികാരത്തിന്റെയും ആളുകളായി നില്‍ക്കുമ്പോള്‍ സ്ത്രീകഥാപാത്രങ്ങളാണ് കുറേക്കൂടെ വൈബ്രന്റ് ആവുന്ന ജീവിതത്തിന്റെ വേദന പ്രതിഫലിപ്പിക്കുന്നതൊക്കെ. തീരുമാനങ്ങളും അവര്‍ക്കാണ്. അവരാണ് പ്രിസൈസീവ് ആയ തീരുമാനങ്ങളടക്കം പറയുന്നത്. ഉദാഹരണത്തിന്, കൊല്ലപ്പെട്ട ദിനേശന്റെ ഭാര്യ പാര്‍ട്ടി കമ്മറ്റിയില്‍ അവരെ പ്രവര്‍ത്തിക്കാന്‍ ക്ഷണിക്കുമ്പോള്‍ ദിനേശേട്ടന്‍ ചെയ്ത പണി എനിക്ക് ചെയ്യാന്‍ പറ്റില്ലല്ലോ എന്ന് ചോദിക്കുന്നുണ്ട്. തീരുമാനങ്ങളും ഉറപ്പും ഉള്ള കഥാപാത്രങ്ങള്‍ സ്ത്രീകഥാപാത്രങ്ങളാണ്.

നായക കഥാപാത്രമൊഴിച്ച് എല്ലാ ആണ്‍കഥാപാത്രങ്ങളും ആണായിട്ട് ജനിച്ചാല്‍ നരിയായിട്ട് മരിക്കണം എന്ന് കരുതുന്നവര്‍ തന്നെയാണ്. സംഘര്‍ഷബാധിത പ്രദേശത്ത് സ്വാഭാവികമായും സംഭവിക്കുന്ന ഒരു കാര്യമാണത്. ആ സംഘര്‍ഷത്തെ അതിജീവിക്കുന്നവര്‍ കൂടുതലും സ്ത്രീകളാണ്. കണ്ണൂരിലെ എല്ലാ സ്ത്രീകളും അതുപോലെയായിരിക്കണമെന്നില്ല. പക്ഷെ നമുക്ക് കാണിക്കേണ്ടിയിരുന്നത്, ഈ സംഘര്‍ഷത്തിനിടയ്ക്ക് ആളുകള്‍ രക്തസാക്ഷികള്‍ ആവുന്നുണ്ടാവും, ബലിദാനികളാവുന്നുണ്ടാവും. അതില്‍ ആണുങ്ങളാണ് കൂടുതലും. അത്തരത്തിലുള്ള ഒരു സമൂഹത്തില്‍ പക്ഷേ അതിന്റെ ദുരിതം പേറേണ്ടി വരുന്നത് സ്ത്രീകള്‍ തന്നെയാണ്. അവരാണ് അതില്‍ പ്രോഗ്രസീവ് ആയിട്ടുള്ള നിലപാടെടുക്കാന്‍ സാധ്യതയുള്ളവര്‍. അക്രമങ്ങള്‍ക്ക് അറുതി വരുത്താന്‍ സാധ്യതയുള്ള ഒരു ഇച്ഛ ഉണ്ടാവാന്‍ സാധ്യതയുള്ളതും സ്ത്രീസമൂഹത്തില്‍ തന്നെയാണ്. കാരണം അവരുടെ റോള്‍ അങ്ങനെയാണ് ഡിഫൈന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ പോലും അക്രമത്തിന് പോവുന്ന വീരനായകന്‍മാരെ പുകഴ്ത്തിക്കൊണ്ടിരിക്കുകയും അവരെ പുകഴ്ത്തുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ ഇതിനകത്തുമുണ്ട്. അങ്ങനെ ചെയ്യുന്നവരുമുണ്ട്. അക്രമം എന്ന് പറയുന്നത് ഒരു പുരുഷ ഡൊമെയ്ന്‍ ആണ്. അങ്ങനൊണ് റോളുകള്‍ ഡിഫൈന്‍ ചെയ്യപ്പെട്ടിട്ടുള്ളത്. അല്ലാതെ ആമസോണിലെപ്പോലെ സ്ത്രീകള്‍ യുദ്ധം ചെയ്യാന്‍ പോവുന്ന സ്ഥലമല്ല നമ്മുടേത്. അങ്ങനെ നില്‍ക്കുന്ന സമയത്ത് സ്വാഭാവികമായും പോസിറ്റീവായ ഒരു കാര്യം, സമാധാനത്തിന്റെ സന്ദേശം വരാന്‍ സാധ്യതയുള്ളതും ആ തിരിച്ചറിവ് ആദ്യമുണ്ടാവാന്‍ സാധ്യതയുള്ളതും സ്ത്രീകളില്‍ തന്നെയാണ്. അതുകൊണ്ട് തന്നെ സ്ത്രീകഥാപാത്രങ്ങളെ അങ്ങനെയൊരു കൗണ്ടര്‍ പോയിന്റായിട്ട് തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്.

ഈ സിനിമ വരുത്തിത്തീര്‍ക്കുന്നത് കണ്ണൂര് ആകെ കുഴപ്പം പിടിച്ച ഒരു സ്ഥലമെന്നാണ്, ഒന്നു പ്രണയിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത നാടാണ് കണ്ണൂര്‍ എന്ന് വരുത്തിത്തീര്‍ക്കുന്നു എന്ന ആക്ഷേപവും ഉയര്‍ന്നു വന്നിട്ടുണ്ട്. അതെങ്ങനെയാണ് കാണുന്നത്?

കണ്ണൂര് പ്രണയിച്ചിട്ടുള്ളയാളുകളെ നമ്മള്‍ സിനിമയ്ക്കകത്തും കാണിക്കുന്നുണ്ടല്ലോ. സ്വന്തം പാര്‍ട്ടിക്കകത്തുള്ളവരെ പ്രണയിക്കുന്നതിന് കണ്ണൂര് ആരും അങ്ങനെ എതിര് പറയുമെന്ന് എനിക്ക് തോന്നുന്നില്ല. അല്ലെങ്കില്‍ പ്രണയത്തിനുള്ള വിഘാതങ്ങള്‍ കേരളത്തിലെ മറ്റേത് സ്ഥലത്തും ഉള്ളപോലെ തന്നെയേ കണ്ണൂരും ഉണ്ടാവൂ. അതിന്റെ കൂട്ടത്തിലുള്ള ഒരു കാര്യം കൂടി ഉണ്ടെന്ന് മാത്രം. ഈ സിനിമയില്‍ പോലും കണ്ണൂരില്‍ ഇന്റര്‍ പാര്‍ട്ടി വിവാഹങ്ങള്‍ നടക്കില്ല എന്ന് നമ്മള്‍ പറയുന്നില്ല. സിനിമയില്‍ ശ്രദ്ധിച്ച്, ഇതില്‍ പ്രണയിക്കുന്ന ഇരുവരുടേയും വീട്ടുകാര്‍ അവരെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയോ അല്ലെങ്കില്‍ അവര്‍ അറിയുന്നതായി പോലുമോ ഞാന്‍ കാണിച്ചിട്ടില്ല. അവര്‍ പ്രണയിക്കുന്നതിനെപ്പറ്റി മറ്റുള്ളവരാരും അറിഞ്ഞിട്ടുമല്ല, അവര്‍ അക്കാര്യത്തില്‍ ശ്രദ്ധാലുക്കളുമല്ല. പക്ഷെ അക്രമത്തിന്റെ ട്രാപ്പിലേക്ക് നായകന്റെ സുഹൃത്തും പെണ്‍കുട്ടിയുടെ സഹോദരനും പെടുമ്പോഴാണ് അത് പ്രശ്‌നമായി മാറുന്നത്. അപ്പോഴാണ് ഈ ബന്ധം ഒരിക്കലും നടക്കില്ല എന്ന് വരുന്നത്. ശരിക്കും റോമിയോ-ജൂലിയറ്റിലുള്ളത് പോലെ തന്നെയാണ്. ഒരുപക്ഷേ ഈ പ്ലോട്ടിലെ ആളുകളെല്ലാം അങ്ങോട്ടുമിങ്ങോട്ടുമുള്ള ഒരു ഇടപാടില്‍ വന്നില്ലായിരുന്നെങ്കില്‍ പ്രശ്‌നമുണ്ടാകില്ലായിരുന്നു. രണ്ട് വ്യക്തകളുടെ ജീവിതത്തില്‍, സമൂഹത്തില്‍ ഉണ്ടായേക്കാന്‍ എല്ലാവിധത്തിലും സാധ്യതയുള്ള ഒരു കാര്യം അവതരിപ്പിച്ചു എന്നേയുള്ളൂ. അതുകൊണ്ട് എല്ലായിടത്തും, എല്ലാ കേസുകളിലും അതങ്ങനെ ആയ്‌ക്കൊള്ളണമെന്നില്ല. അത് ഒരു ആര്‍ട്ടിസ്റ്റിക് പ്രോസസ്സിനകത്തെ സെലക്ഷനുണ്ട്. നിങ്ങള്‍ ഫോക്കസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതിനെ മുന്നോട്ട് കൊണ്ടുവന്ന് കാണിക്കും. അതുപോലെയായിരിക്കണം എല്ലാ സംഭവങ്ങളും എന്ന് അതുകൊണ്ട് അര്‍ഥമില്ലല്ലോ. അങ്ങനെ നോക്കിക്കഴിഞ്ഞാല്‍ പിന്നെ ഒരു സിനിമയും ഉണ്ടാക്കാനാവില്ല. അല്ലെങ്കില്‍ എല്ലാം കാണിച്ചുകൊണ്ടും ഒരു സിനിമയുണ്ടാക്കാനാവില്ല. അത് വളരെ ഡൈല്യൂട്ടഡും ന്യൂട്രലുമായി മാറും.

ഇവിടെ ഞാനുദ്ദേശിക്കുന്ന വിഷയം കാണിക്കണമെങ്കില്‍ ഇങ്ങനത്തെയൊരു പരിതസ്ഥിതി വേണം. അങ്ങനെയാണല്ലോ ഷേക്‌സ്പിയര്‍ റോമിയോ-ജൂലിയറ്റും എഴുതിയത്. അത്തരത്തില്‍ പ്ലോട്ടിന്റെ സങ്കീര്‍ണതയിലേക്ക് വരുമ്പോഴാണ് അത് ട്രാജഡിയിലേക്ക് നീങ്ങുന്നത്. എന്നാല്‍ ഇതില്‍ കാണിക്കുന്നതെല്ലാം നൂറ് ശതമാനം സാധ്യതയുള്ള കാര്യങ്ങളാണ്. ഇതില്‍ കാണിക്കുന്നത് എല്ലാ പ്രാവശ്യവും സംഭവിക്കാന്‍ സാധ്യതയില്ല എന്ന് പറയുന്നത് പോലെ തന്നെ ഇതില്‍ പറയുന്ന ഏതൊരു കാര്യവും സംഭവിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞു എന്നു പറഞ്ഞാല്‍ കണ്ണൂരില്‍ ഏത് സമയവും ആളുകള്‍ കൊന്നുകൊണ്ടിരിക്കുകയാണോ. അവര്‍ക്ക് വേറെ ജോലിയില്ലേ? അതുപോലെ തന്നെ കൊലപാതക രാഷ്ട്രീയവും പ്രണയവും ഞാന്‍ പറഞ്ഞെങ്കില്‍ അതെന്റെ ആര്‍ട്ടിസ്റ്റിക് ചോയ്‌സ് ആണ്. എന്റെ ചോയ്‌സിനെ ഏറ്റവും ഫലപ്രദമായി അവതരിപ്പിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ തിരഞ്ഞെടുത്താണ് ഞാന്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇത്തരത്തിലുള്ള വിമര്‍ശനം ആരെങ്കിലും പറയുകയാണെങ്കില്‍ അവര്‍ക്ക് കല, സിനിമ, നാടകം ഒന്നും ഉണ്ടാക്കുന്നതിന്റെ പ്രോസസിനെപ്പറ്റി അറിയാത്തതുകൊണ്ടാവും.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories