TopTop
Begin typing your search above and press return to search.

ഉടലിന് രാഷ്ട്രീയമുണ്ട്; കേരളത്തിലെ ജനങ്ങള്‍ എന്തുകൊണ്ട് ക ബോഡി സ്കേപ്സ് കാണണം - ജയന്‍ ചെറിയാന്‍/അഭിമുഖം

ഉടലിന് രാഷ്ട്രീയമുണ്ട്; കേരളത്തിലെ ജനങ്ങള്‍ എന്തുകൊണ്ട് ക ബോഡി സ്കേപ്സ് കാണണം - ജയന്‍ ചെറിയാന്‍/അഭിമുഖം

ജീവിതവുമായി ബന്ധപ്പെട്ട എന്തും ഒരു രാഷ്ട്രീയ പ്രക്രിയയാണ്. ഒരു കലാകാരന്റെ ഇടപെടലുകള്‍ സമൂഹത്തില്‍ മാറ്റിത്തീര്‍ക്കലുകള്‍ക്ക് കാരണമാവുന്നതും അതുകൊണ്ടാണ്. അതുപോലെ തന്നെയാണ് അത്തരം മാറ്റങ്ങളെ ഭയപ്പെടുന്നവര്‍ ആര്‍ട്ടിസ്റ്റുകളെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നതും. പാപ്പിലിയോ ബുദ്ധ എന്ന സിനിമ കൊണ്ട് തന്നെ മലയാളി സമൂഹത്തില്‍ കോളിളക്കങ്ങള്‍ ഉണ്ടാക്കിയ സംവിധായകനാണ് ജയന്‍ ചെറിയാന്‍. ഉടലിന്റെ രാഷ്ട്രീയം പറയുന്ന, കേരളത്തിലെ നവമുന്നേറ്റങ്ങളെ അടയാളപ്പെടുത്തുന്ന അദ്ദേഹത്തിന്റെ ക ബോഡി സ്കേപ്സ് നാളെ (ഒക്ടോബര്‍ 5) തീയേറ്ററുകളില്‍ എത്തുകയാണ്. മതമൌലികവാദികളും ഭരണകൂടവുമെല്ലാം സിനിമ ജനങ്ങളിലേക്കെത്തുന്നത് തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ജയന്‍ ചെറിയാന്‍ ക ബോഡി സ്കേപ്സ് തീയേറ്ററുകളില്‍ എത്തിക്കുന്നത്. പി.എസ് രാംദാസുമായി ജയന്‍ ചെറിയാന്‍ സംസാരിക്കുന്നു.

ക ബോഡി സ്കേപ്സ് നാളെ തീയേറ്ററുകളിൽ എത്തുകയാണ്. നിയമപോരാട്ടങ്ങളെയും സിനിമക്കെതിരെ യഥാസ്ഥിതിക, മതവാദികളിൽ നിന്നുയർന്ന നിരവധി എതിർപ്പുകളെയും അതിജീവിച്ചാണ് ഈ സിനിമ തീയേറ്ററുകളിൽ എത്തുന്നത്. എന്തു തോന്നുന്നു ഈ ഘട്ടത്തിൽ?

ഇത്രയധികം ദീർഘമായ നിയമപോരാട്ടങ്ങൾക്കു ശേഷം ഒരു സിനിമ തീയേറ്ററിൽ എത്തുക എന്നതു തന്നെ മലയാളത്തിൽ അപൂർവമാണ്. സാധാരണഗതിയിൽ ഇത്തരം നിയമപോരാട്ടങ്ങളിലേക്ക് പോകുന്ന സിനിമകൾ പിന്നീട് വിസ്മൃതിയിലേക്ക് പോകുകയാണ് പതിവ്. നമ്മുടെ കേരളത്തിലെ എക്സിബിഷൻ സമ്പ്രദായവും ഡിസ്ട്രിബ്യൂഷൻ സംവിധാനവും ഇൻഡിപെൻഡഡ് ആയ എല്ലാ വോയ്സിനെയും നിശബ്ദമാക്കുന്ന തരത്തിലാണ് നിലനിൽക്കുന്നത്. എസ്റ്റാബ്ളിഷ്ഡ് ആയ വിതരണ സമ്പ്രദായത്തിന്റെ സപ്പോർട്ട് ഇല്ലാത്ത ഒരു സിനിമയും വെളിച്ചം കാണാറില്ല. ഈ സിനിമയുടെ കാര്യത്തിൽ അതിനെ മറികടക്കേണ്ടിയിരിക്കുന്നു. അനുനിമിഷം നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു ഫ്രീ സ്പെയ്സുണ്ടല്ലോ, ഇതൊരു പൊളിറ്റിക്കൽ ആക്ടാണ്. സിനിമ എന്നു പറയുന്ന ഈ മീഡിയം തന്നെ വളരെ പൊളിറ്റിക്കലായ ഒരു മീഡിയമാണ്. കമ്പോളസിനിമയായാലും, എന്തു തരം സിനിമയായാലും, അതിനൊരു ശക്തിയുണ്ട്. ഇന്ത്യ പോലുളള, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സമൂഹം എന്ന് നമ്മൾ വീമ്പിളക്കുന്ന ഒരു സമൂഹത്തിന് ഇൻഡിപെൻഡന്റ് ആയിട്ടുളള ഒരു എക്സ്പ്രഷൻ, ഒരു സിനിമയെ കുറിച്ചും സാധ്യമല്ല എന്നതാണ് വാസ്തവം. ഈ സിനിമക്കെതിരെ നിയമപ്രശ്നമായി ഉയർത്തിക്കൊണ്ടുവന്ന ഏറ്റവും വലിയ ആരോപണം, ഹോമോസെക്ഷ്വാലിറ്റിയെ പ്രചരിപ്പിക്കുന്നു എന്നതാണ്. ഇന്ത്യൻ

പീനൽ കോഡിൽ ക്രിമിനൽ കുറ്റമെന്ന് കല്പിക്കപ്പെട്ടിട്ടുളള ഒരു സെക്ഷ്വൽ ആക്ട് നമ്മൾ പ്രോത്സാഹിപ്പിക്കുന്നു, അതൊരു ക്രിമിനൽ കുറ്റമായി ഉയർത്തിക്കാട്ടി ഈ സിനിമയെ തടയിടാനും അവർ ശ്രമിച്ചു. പക്ഷെ, ആ തടസം ഇല്ലാതാക്കുന്ന ഒന്നാണ് ഈയടുത്ത് സെക്ഷൻ 377 റദ്ദാക്കിയ കോടതിവിധിയിലൂടെ ഉണ്ടായത്. അതിനുമപ്പുറം, എൽജിബിടി മൂവ്മാമെന്റുമായി ബന്ധപ്പെട്ട കേരളത്തിലെ പ്രധാനപ്പെട്ട ആക്ടിവിസ്റ്റുകളെല്ലാം ഈ സിനിമക്കൊപ്പമുണ്ടായിരുന്നു. ആ നിലയ്ക്ക്, ഇത് കേരളത്തിന്റെ എൽജിബിടി മൂവ്മെന്റിന്റെ സിനിമ കൂടിയാണ്. ഒരു കൊളോണിയൽ കരിനിയമം, വളരെ യുറോ സെൻട്രിക് ആയിട്ടുളള, വിക്ടോറിയൻ സദാചാരത്തിൽ അധിഷ്ഠിതമായ ഈ നിയമമായിരുന്നു കാലങ്ങളായി ഇന്ത്യയിലെ ലൈംഗികന്യൂനപക്ഷങ്ങളെ അടിച്ചമർത്താൻ ഉപയോഗിച്ചിരുന്നത്. അത് ഇല്ലാതാവുന്നത് ഒരു വലിയ സ്വാതന്ത്ര്യപ്രഖ്യാപനമാണ്.അതിന്റെ വെളിച്ചത്തിൽ കൂടിയാണ് നമ്മൾ ഈ സിനിമ റിലീസ് ചെയ്യുന്നത്.

സിനിമക്കെതിരെ മതവാദികളും ചില ഹിന്ദുസംഘടനകളും എതിപ്പുയർത്തിയ സാഹചര്യമുണ്ടായിരുന്നല്ലോ?

ഒരു ട്രഡീഷണൽ സൊസൈറ്റി എന്ന നിലയ്ക്ക് ഇന്ത്യയിൽ ലൈംഗികത അത്ര വലിയ പ്രശ്നം ഒന്നും ആയിരുന്നില്ല. പല തരത്തിലുളള Sexual manifestations, expressions ഒക്കെ ഒരു പരിധി വരെ അംഗീകരിച്ചിരുന്ന ഒരു ട്രഡീഷൻ ഉണ്ട് ഇതില്‍. നമ്മുടെ ദൈവങ്ങളാകട്ടെ, ഇനിയിപ്പൊ ഗ്രീക്ക് മിഥോളജിയായാലും, പുരാതന സമൂഹങ്ങളിലൊക്കെ സെക്ഷ്വാലിറ്റിയുടെ ബൈനറിക്കപ്പുറം ഉള്ള എക്സ്പ്രഷൻസ് ഉണ്ടായിരുന്നു. അത് പ്രകൃത്യാ തന്നെ മനുഷ്യർ അങ്ങനെയായിരുന്നു എന്നതു കൊണ്ടാണ്. ഇതിനു മാറ്റമുണ്ടാകുന്നത് സ്ട്രക്ചേർഡ് സമൂഹങ്ങൾ വരുന്നതോടെയാണ്. ഇന്ത്യ എന്നു പറയുന്നത് തന്നെ ഒരു കൊളോണിയൽ ആശയമാണ്. ഇന്ത്യൻദേശീയത എന്നതും കൊളോണിയൽ ആശയം തന്നെ. ഇന്ന് പ്രചരിപ്പിക്കപ്പെടുന്ന ഇന്ത്യനിസം കൊണ്ട് പുതിയ മതമുണ്ടായത് ഹിന്ദുമതമാണ്. ബിട്ടീഷുകാർ ഇന്ത്യയിൽ അവർക്ക് മനസിലാവാത്ത മുസ്ളിം, ക്രിസ്ത്യൻ, ബുദ്ധൻ, ജൈനൻ എന്നിവയ്ക്കപ്പുറമുളള വിവിധങ്ങളായ മതങ്ങളെയും ആചാരങ്ങളെയും ദർശനങ്ങളെയും എല്ലാം ചേർത്ത് വിളിച്ച പേരാണ് ഹിന്ദു എന്നത്. ജിയോഗ്രഫിക്കൽ സെൻസിൽ ആ പദം മുൻപ് പ്രചാരത്തിൽ ഉണ്ടായിരുന്നെങ്കിലും, അതിനെ റിലീജിയസ് സെൻസിൽ ആദ്യമായി ഉപയോഗിച്ചത് ബ്രിട്ടീഷുകാരാണ്. കോളനിവിരുദ്ധ കലാപങ്ങളുമായി ബന്ധപ്പെട്ടാണ് ഇന്ത്യൻദേശീയത എന്നൊരു കൺസെപ്റ്റ് ഉണ്ടാവുന്നത്. അതിന്റെ മോറൽ കോർ എന്നത് വിക്ടോറിയൻ സദാചാരമാണ്. അത് നമ്മുടെ ട്രഡീഷനല്ല. എന്നു വച്ച് നമ്മുടെ ട്രഡീഷണൽ സൊസൈറ്റി വളരെ പ്രോഗ്രസീവായിരുന്നു എന്നല്ല. അങ്ങനെ പറയുന്നവരുണ്ട്, അത് പക്ഷേ ശരിയല്ല. ജാതീയമായ ഉച്ച നീചത്വങ്ങളും ഹൈരാർക്കിയും അതുമായി ബന്ധപ്പെട്ട നാനാവിധ ചൂഷണങ്ങളും നിലനിന്നിരുന്ന, വളരെ അസമത്വപൂർണവും ദുരിതപൂർണവുമായ ജീവിതമായിരുന്നു ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉണ്ടായിരുന്നത്. ആര്യ, ദ്രാവിഡ ജനപഥങ്ങളിലും മറ്റ് വിവിധ ജനപഥങ്ങളിലും അത് വ്യത്യസ്തമായിരുന്നു എന്നേയുളളൂ.

പക്ഷെ ഞാൻ പറഞ്ഞു വന്നത്, ഈ റിലീജിയസ് മൊറാലിറ്റിയാണ് നമ്മുടെ പൊതുബോധത്തിന്റെ മൊറാലിറ്റി. സ്വാഭാവികമായും അതിൽ നിന്ന് എതിർപ്പുകളുണ്ടാവുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം ഇവിടെ ക്രിസ്ത്യൻ ഗ്രൂപ്പുകളും മുസ്ളീം ഗ്രൂപ്പുകളും ഹിന്ദുത്വ ഗ്രൂപ്പുകളുമാണ് ഇപ്പറഞ്ഞ സോഷ്യൽ മൊറാലിറ്റിയെ ഡിഫൈൻ ചെയ്യുന്നത്. പക്ഷെ നമ്മളെ സംബന്ധിച്ചിടത്തോളം കോൺസ്റ്റിറ്റ്യൂഷൻ അനുവദിക്കുന്ന ഒരു കോൺസ്റ്റിറ്റ്യൂഷണൽ മൊറാലിറ്റിയുണ്ട്. കോൺസ്റ്റിറ്റ്യൂഷണൽ മൊറാലിറ്റിയെ ഉയർത്തിപ്പിടിച്ചു കൊണ്ട് നിരന്തരമായ വ്യക്തിസ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും വേണ്ടിയുളള സിവിൽ സൊസൈറ്റിയുടെ മൂവ്മെന്റാണ് ജനാധിപത്യത്തെ നിലനിർത്തുന്നത്. തീർച്ചയായും, ഈ സിനിമയിൽ ഹോമോ ഫോബിയ മാത്രമല്ലല്ലോ, ഇത് ഫെമിനിസ്റ്റ് മൂവ്മെന്റുകളെ അടയാളപ്പെടുത്തുന്ന സിനിമ കൂടിയാണ്. സ്ത്രീവിമോചനത്തിന്റെ ഒരു തലം, അതിനുമപ്പുറം iconoclast എന്ന ഒരു സംഭവം ഉണ്ടല്ലോ, ആർട്ടിസ്റ്റുകൾ എങ്ങനെ പാരമ്പര്യങ്ങളെ ഉപയോഗിക്കുന്നു, എങ്ങനെ മിഥോളജിയെ ഉപയോഗിക്കുന്നു, അതിനെ എങ്ങനെ ഇന്റർപ്രെറ്റ് ചെയ്യുന്നു എന്നൊക്കെയുണ്ടല്ലോ...

എല്ലാ പാരമ്പര്യങ്ങളെയും എഴുത്തുകാരും നരേറ്റേഴ്സും പുനർവായന ചെയ്യുന്ന ഒരു രീതിയുണ്ട്. വാത്മീകി രാമായണം എന്നു പറയുന്ന ഒരു രാമായണത്തെ തുളസിദാസ് എന്നു പറയുന്ന കവി പുനർവായന ചെയ്തതാണ് രാമചരിതമാനസം. വാത്മീകി രാമായണത്തിലെ രാമൻ ഒരിക്കലും വിഷ്ണുവിന്റെ അവതാരമല്ലല്ലോ. അതുപോലെ പുനർവായന നടത്തിയാണ് എല്ലാ തരത്തിലുളള മിഥോളജികളും ഇതിഹാസങ്ങളുമൊക്കെ നിലനിൽക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ജീവിക്കുന്ന ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം, ഈ നാനാവിധമായ മിഥോളജികളും നാനാവിധമായ സാംസ്കാരിക വൈവിധ്യങ്ങളും സ്വാംശീകരിച്ചാണ് വളർന്നു വരുന്നത്. അതിനെ ഇന്റർപ്രെറ്റ് ചെയ്യുകയും പുനർവായന നടത്തുകയും ചെയ്യുക എന്നത് ഒരു കലാകാരൻ എന്ന നിലയ്ക്ക് എന്റെ കടമയാണ്.

ഈ സിനിമയിലെ കേന്ദ്ര കഥാപാത്രം ഒരു മുസ്ലിം കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയാണ്. മൊറാലിറ്റിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കപ്പുറത്തേക്ക് മതനിയമങ്ങളുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിലേക്ക് കൂടി ഈ സിനിമ കടക്കുന്നുണ്ട്. ഇത്തരമൊരു പ്ളോട്ട് സ്വീകരിക്കാൻ എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ?

എന്റെ കൂട്ടുകാരായ ചില സുഹൃത്തുക്കളുടെ അനുഭവത്തിൽ നിന്നാണ് ആ കഥാപാത്രമുണ്ടായത്. കേരളത്തിന്റെ മുന്നിൽ ജീവിക്കുന്ന തസ്നി ബാനു നമ്മുടെ മുന്നിലുണ്ട്. തസ്നി ബാനു ഈ സിനിമക്കൊപ്പം പ്രവർത്തിച്ച വ്യക്തി കൂടിയാണ്. അവളുടെ ജീവിതം ഈ സിനിമയിലുണ്ട്. അവൾ ഇതുപോലെ യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് സ്വയം ഇറങ്ങിപ്പോന്ന വ്യക്തിയാണ്. പിന്നെ ഈ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നസീറയുടെ സ്വന്തം ജീവിതം അതിലുണ്ട്. അതുപോലെ കെ.കെ ഷാഹിനയുടെ ജീവിതം... ആ സിനിമയുടെ ടൈറ്റിലിൽ ക്രഡിറ്റ് കൊടുത്തിട്ടുളള വ്യക്തികളുടെ പേരു വിവരങ്ങൾ നോക്കിയാലറിയാം, അവരെല്ലാം സ്ക്രിപ്റ്റ് ഡിസ്കഷനിൽ ഉണ്ടായിരുന്നവരാണ്. ഈ സിനിമയുടെ കഥ ഫിക്ഷൻ ആണ്. പക്ഷെ ഇതെല്ലാം എന്റെ സുഹൃത്തുക്കൾ, ഞാനറിയുന്നവർ, അല്ലെങ്കിൽ എന്നോടൊപ്പം വളർന്നവർ, ഒപ്പം പ്രവർത്തിച്ചിരുന്നവർ തുടങ്ങി നിരവധി പേരുടെ അനുഭവമേഖലകളിൽ നിന്നു വരുന്ന കഥകളാണ്. അതല്ലാതെ പർട്ടിക്കുലറായി ഒരു മുസ്ളിം കഥാപാത്രത്തെ കണ്ടുപിടിക്കാൻ ശ്രമിച്ചതൊന്നുമല്ല. അതൊരു റിയാലിറ്റിയാണ്, ആ ഒരു സോഷ്യൽ സാഹചര്യം നിലനിൽക്കുന്നുണ്ട്. ഇതിനോട് കുതറിയോടുന്ന ആ കുട്ടികളുടെ ജീവിതം ഇതിലുണ്ട്. അതുപോലെ ഇരുട്ടു നുണയാമെടികളെ എന്ന ഒരു സമരമുണ്ടായിരുന്നു. ഈ സിനിമയുടെ കഥാതലം എന്നു പറയുന്നത് കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ച്, നമ്മുടെ കൂടെയുണ്ടായിരുന്ന കുട്ടികളുടെ കഥയിൽ നിന്നാണ് ഈ സിനിമക്കു വേണ്ടിയുളള കഥയുണ്ടാക്കിയിരിക്കുന്നത്. അതിലേക്ക് ഒരു ഫിക്ഷൻ നരേറ്റീവ് ഇംപോസ് ചെയ്തു എന്നേയുളളൂ. ഹിന്ദു ബാക്ഗ്രൗണ്ടിലുളള, ആർഎസ്എസ് ശാഖയിൽ പോകുന്ന ഒരു പയ്യൻ, അവന് ഹോമോസെക്ഷ്വൽ ആയിക്കൂടാ എന്നുണ്ടോ? അല്ലെങ്കിൽ കൺസർവേറ്റീവായ ഒരു ക്രിസ്ത്യൻ പശ്ചാത്തലത്തിൽ ജനിച്ച ഒരാൾക്ക് നിരീശ്വരവാദിയായിക്കൂടാ എന്നുണ്ടോ? യേശുക്രിസ്തു സ്വവർഗാനുരാഗി ആണെന്നു വിശ്വസിക്കുന്ന ഒരു ക്രിസ്ത്യൻ ഗേ കമ്യൂണിറ്റി തന്നെയുണ്ട്, സ്വവർഗാനുരാഗികളായ ബിഷപ്പുമാരുണ്ട്. യേശുക്രിസ്തു സ്വവർഗാനുരാഗിയാണെന്ന് കേരളത്തിൽ പക്ഷെ, പറയാൻ കഴിയുമോ? പക്ഷെ യേശുക്രിസ്തുവിനെ സ്വവർഗാനുരാഗിയായി തന്നെ കണ്ട് ആരാധിക്കുന്ന വിഭാഗങ്ങളുണ്ട്.

യാഥാസ്ഥിതിക സമൂഹങ്ങൾ എല്ലായ്പ്പോഴും അൺസെറ്റിൽഡ് ആണ്. കേരളത്തെ സംബന്ധിച്ചിടത്തോളം അങ്ങനെ അൺസെറ്റിൽഡ് ആകാനുളള പൊളിറ്റിക്കൽ ബാക്ക് അപ് ഉണ്ടെന്നതാണ്. ഹിന്ദുവർഗീയതയെ ഉണർത്തി ഇന്ത്യയിൽ ഒരു വോട്ട് ബാങ്ക് സൃഷ്ടിച്ചെടുത്തതു പോലെ, കേരളത്തിൽ തിരുവിതാംകൂറിലെ അല്ലെങ്കിൽ തെക്കൻകേരളത്തിലെ ക്രിസ്ത്യാനികളെ ഒരു ഗ്രൂപ്പായി നിർത്തിക്കൊണ്ട്, സഭകൾ പൊളിറ്റിക്കൽ നേട്ടത്തിന് ബാർഗെയ്ൻ ചെയ്യുകയാണ് ചെയ്യുന്നത്. കേരളത്തിലെ രാഷ്ട്രീയക്കാർ ഈ മതവിധ്വംസക ശക്തികളുടെ ചരടിലാടുന്ന കളിപ്പാവകൾ മാത്രമാണ്. അവർക്കൊരു ഏജൻസിയില്ല. പൊളിറ്റിക്കൽ ഏജൻസി നഷ്ടപ്പെട്ട ഒരു ജനതയാണ് നമ്മൾ. ഇന്ത്യയിലെല്ലായിടത്തും അതു തന്നെയാണ് സ്ഥിതി. ഒരു കന്നുകാലി പ്രശ്നത്തിന് മുഴുവൻ രാജ്യത്തെയും സ്തംഭിപ്പിക്കാൻ കഴിയും. കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയുടെ കാര്യം തന്നെ നോക്കാം. അത് കത്തോലിക്ക സഭയെ സംരക്ഷിക്കേണ്ട സമയത്ത് സഭയെ സംരക്ഷിക്കും. ഇസ്ലാമിക് സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ട സമയത്ത് അവരെ സംരക്ഷിക്കും, സ്വയം പ്രഖ്യാപിത ദൈവങ്ങളെ സംരക്ഷിക്കേണ്ടിടത്ത് അവരെ സംരക്ഷിക്കും. ആത്യന്തികമായി ഇവരെയൊക്കെ നിയന്ത്രിക്കുന്നത് മൂലധനശക്തികളാണ്. അവർക്കൊരു മതമേയുളളൂ, അത് ലാഭത്തിന്റെ മതമാണ്. ഈ സിനിമയെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുളള യാഥാസ്തിതികത്വത്തെ അൺസെറ്റിൽ ചെയ്തതു കൊണ്ട് അവർ തീർച്ചയായും ഈ സിനിമക്കെതിരെ പ്രകോപിതരാകുന്നു. ഇസ്ളാമിക് ഫണ്ടമെന്റലിസ്റ്റുകളെയും ഹിന്ദു ഫണ്ടമെന്റലിസ്റ്റുകളെയും ക്രിസ്ത്യൻ ഫണ്ടമെന്റലിസ്റ്റുകളെയും സോ കോൾഡ് മോറലിസ്റ്റുകളെയും ഒരു പോലെ പ്രകോപിപ്പിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, ഒരാർട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം നമ്മുടെ കല, നിലനിൽക്കുന്ന നമ്മുടെ ബോധ്യങ്ങളെ ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുന്നില്ലെങ്കിൽ അത് കലയല്ല.

താങ്കളുടെ മുൻ ചിത്രമായ പപ്പീലിയ ബുദ്ധയും രാഷ്ട്രീയമായ ചില ചർച്ചകൾ തുറന്നു വിട്ട ഒരു സിനിമയാണ്. പപ്പീലിയോ ബുദ്ധയിൽ നിന്നും ക ബോഡി സ്കേപ്സിലെത്തുമ്പോൾ, ഒരു ഫിലിം മേക്കർ എന്ന നിലയിൽ എന്ത് തരം ശൈലീ വ്യത്യാസമാണ് ഉണ്ടായിട്ടുള്ളത്?

വാസ്തവത്തിൽ പപ്പിലീയോ ബുദ്ധയും ക ബോഡി സ്കേപ്സും സമാനമായ വർക്കുകളാണ്. മേപ്പാടി, ചെങ്ങറ, അരിപ്പ തുടങ്ങി കേരളത്തിലെമ്പാടും നടന്ന ഭൂസമരങ്ങളുമായി ബന്ധിപ്പിച്ച്, വിവിധദേശങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഇത്തരത്തിലുള്ള സമരങ്ങളെ എനിക്കെങ്ങനെ പറയാൻ കഴിയും എന്ന ചിന്തയിൽ നിന്നാണ് വേറൊരു ഫിക്ഷൻ നരേറ്റീവ് ആയി അതങ്ങനെ അവതരിപ്പിക്കുന്നത്. കല്ലൻ പൊക്കുടനെ പോലെയുളള ആൾക്കാരുടെ കഥ അതിലേക്ക് integrate ചെയ്യുകയായിരുന്നു. അദ്ദേഹം അതിൽ അഭിനയിച്ചിട്ടുമുണ്ട്. അതുപോലെ തന്നെ, കിസ് ഓഫ് ലവ് മൂവ്മെന്റിനു ശേഷം കേരളത്തിലെ എൽജിബിടി മൂവ്മെന്റ് ശക്തമാകുന്ന കാലത്ത്, ഇരുട്ടു നുണയാമെടികളെ, ആർത്തവസമരം തുടങ്ങിയ അക്കാലത്തെ സമരങ്ങളുമായി നേരിട്ടു ബന്ധപ്പെട്ടിട്ടുളള കുട്ടികളുണ്ട്. ഇത് 2012-നു ശേഷമുളള കേരളത്തിന്റെ ചരിത്രമാണ്. പാപ്പിലിയോ ബുദ്ധയ്ക്ക് സമാനമായ ഒരു കാര്യമാണ് സിനിമയെ സംബന്ധിച്ചിടത്തോളം ഇതിലും ചെയ്തത്. പക്ഷെ, പാപ്പിലിയോ ബുദ്ധയ്ക്ക് കുറച്ചു കൂടി വിപുലമായ ചിത്രീകരണ സംവിധാനങ്ങൾ ഉണ്ടായിരുന്നു, പ്രൊഡ്യൂസർമാരുണ്ടായിരുന്നു. അതുകൊണ്ട് അത് അല്പം കൂടി അനായാസമായി ചെയ്യാൻ കഴിഞ്ഞു. പക്ഷെ ഈ സിനിമയെ സംബന്ധിച്ചിടത്തോളം, ഇതിന് പ്രൊഡ്യൂസർമാരില്ല. എന്റെ തന്നെ പണം ഉപയോഗിക്കേണ്ടി വന്നു. അതിന്റേതായ സാമ്പത്തികബുദ്ധിമുട്ടുകളുണ്ടല്ലോ... കുറച്ചു കൂടി ബുദ്ധിമുട്ടുളളതായിരുന്നു ഇതിന്റെ പ്രൊഡക്ഷൻ. പക്ഷെ, ഇതിന്റെ ക്രിയേറ്റീവ് പ്രോസസ് ഏതാണ്ട് സമാനമാണ്. കാസ്റ്റ് ഐഡന്റിറ്റിയെ കുറിച്ചുളള ഒരന്വേഷണമാണ് പപ്പീലിയോ ബുദ്ധ എങ്കിൽ ഇത് സെക്ഷ്വൽ ഐഡന്റിറ്റിയെ കുറിച്ചുളള അന്വേഷണമാണ്. കേരളത്തിലെ യുവത്വം സ്വന്തം ശരീരം രാഷ്ട്രീയ പ്രതിരോധത്തിനുളള ഒരായുധമാക്കി ഉപയോഗിക്കാൻ തുടങ്ങുന്നു എന്നതാണ് ഇതിന്റെ പശ്ചാത്തലം. ഈ സിനിമയിൽ നിരന്തരമായി ശരീരത്തിന്റെ രാഷ്ട്രീയം കടന്നു വരുന്നുണ്ട്. ക ബോഡി സ്കേപ്സ് എന്ന പേരു തന്നെ അങ്ങനെ ഉണ്ടാവുന്നതാണ്.

ശരീരത്തിന്റെ സാധ്യതകളെയും രാഷ്ട്രീയത്തെയും മുൻനിർത്തി കേരളത്തിൽ നടന്ന സമരങ്ങൾക്ക് പിന്നീട് ആവർത്തനങ്ങളുണ്ടായില്ല എന്ന് വിലയിരുത്തുന്നവരുണ്ട്. എന്താണ് താങ്കളുടെ അഭിപ്രായം?

നവസമരങ്ങൾ എന്നറിയപ്പെടുന്ന ഈ സമരങ്ങളുടെ ഒരു പ്രത്യേകത എന്താണെന്നു വച്ചാൽ അത് ഒരു ഇഷ്യു കേന്ദ്രീകരിച്ചുണ്ടാവുന്ന പെട്ടെന്നുളള മൂവ്മെന്റുകളാണ്. അത് വളരെ ഓർഗാനിക് ആയ ഒരു മൂവ്മെന്റാണ്. ഒരു പൊളിറ്റിക്കൽ പാർട്ടിയുടെയോ ഗറില്ലാ സംഘങ്ങളുടെയോ നേതൃത്വത്തിൽ നടക്കുന്ന ദീർഘകാല മൂവ്മെന്റുകളെ കുറിച്ചുളള ഒരു ധാരണ നമുക്കുണ്ട്. എന്നാൽ ലോകത്തിലെമ്പാടും നടക്കുന്ന പുതിയ സമരങ്ങളുടെ മുന്നിൽ നിൽക്കുന്നവർ ഏതെങ്കിലും പാർട്ടി പ്രത്യയശാസ്ത്രത്തിൽ ഒതുങ്ങുന്നവരല്ല. അതുകൊണ്ട്, ഇത്തരം സമരങ്ങൾക്ക് തുടർച്ചകൾ ഉണ്ടാവണമെന്ന് നമ്മൾ നിർബന്ധം പിടിക്കുന്നത് ക്ലാസിക് സമരങ്ങളെ പറ്റിയുളള ബോധ്യം നമ്മുടെ മനസിൽ കിടക്കുന്നതു കൊണ്ടാണ്. ഇപ്പറഞ്ഞ മൂവ്മെന്റുകളെല്ലാം അതിന്റെ ഉദ്ദേശം നിറവേറ്റിക്കഴിഞ്ഞാൽ പിന്നീട് നിഷ്ക്രമിക്കുകയും ചെയ്യും.

Also Read: സിനിമ എന്ന പ്രതിരോധം: ജയന്‍ ചെറിയാന്‍ / അഭിമുഖം

നവ സമരങ്ങൾക്കൊപ്പം തന്നെ സ്ത്രീകളുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ നടന്ന തൊഴിൽ സമരങ്ങളും ശ്രദ്ധേയമായ മറ്റൊരു സംഗതിയാണ്. മൊറാലിറ്റിയെയും മത, സാമൂഹ്യ സാമ്പ്രദായികത്വങ്ങളെയും ചർച്ചക്ക് വിധേയമാക്കുന്നതോടൊപ്പം സ്ത്രീകളുടെ തൊഴിലിടങ്ങളെ പറ്റിയും സമരങ്ങളെ പറ്റിയും സിനിമ ചർച്ച ചെയ്യുന്നുണ്ട്. അത് ബോധപൂർവം നടത്തിയ ഇടപെടലായിരുന്നോ?

അത് ബോധപൂർവം ചെയ്യുന്നതല്ല, എന്നെ സംബന്ധിച്ചിടത്തോളം എന്റെ സിനിമകളെല്ലാം തന്നെ സോഷ്യൽ മൂവ്മെന്റുമായി ബന്ധപ്പെട്ടതാണ്. ഇതിനകത്തുളള ഒരു പാറ്റേൺ എന്നു പറയുന്നത് പല തരത്തിലുളള ഐഡന്റിറ്റികളുടെ അബ്സോർബ്ഷനുമായി ബന്ധപ്പെട്ടതാണ്. ഐഡന്റിന്റീസ് എന്നു പറയുന്ന സാധനത്തിന്റെ കൺസ്ട്രക്ഷൻ അതിന്റെ നിർവഹണമാണ്. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ഫെമിലിയർ ആയിട്ടുളള ലോകത്തിന്റെ ചിത്രമാണ് ഞാനെടുക്കുന്നത്. ബോധപൂർവമായി ഒരു സിനിമയിലേക്ക് എത്തിച്ചേരുകയല്ല, സിനിമ എന്നിലേക്കെത്തിച്ചേരുകയാണ് ചെയ്യുന്നത്. അത് പറയേണ്ടതാണെന്ന് എനിക്ക് അനുഭവപ്പെടുമ്പോഴാണ് ഞാൻ ആ കഥ പറയാൻ ശ്രമിക്കുന്നത്. നമ്മുടെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഒരു കഥയിലൂടെ പറയാൻ ശ്രമിക്കുക എന്നതാണ്. അടിസ്ഥാനപരമായി, നമ്മൾ ഒരു കഥയാണ് പറയാൻ ശ്രമിക്കുന്നത്. അത് ചരിത്രമൊന്നുമല്ല, മുഴുവനായും ഫിക്ഷനാണ്, അത് നമ്മുടെ വേർഷനാണ്. ഇപ്പോൾ നിൽപ്പുസമരത്തിന്റെ ചരിത്രം എന്താണ് എന്നു ചോദിച്ചാൽ നിൽപ്പുസമരത്തെ കുറിച്ച് അന്നത്തെ മാധ്യമങ്ങൾ പുറത്തുവിട്ട വാർത്തകളാണ്. പല പത്രങ്ങൾക്കും പല ചാനലുകൾക്കും പലതരം രാഷ്ട്രീയവും വീക്ഷണവുമാണുളളത്. ഇതിന്റെയെല്ലാം സംഘാതമാണ് ആർക്കേവ് ചെയ്യുന്ന ചരിത്രം എന്നു പറയുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ചില കാര്യങ്ങൾ ഞാൻ എന്റേതായ രീതിയിൽ പറയുന്നു.

ഈ സിനിമയുടെ തിരക്കഥ മുൻകൂട്ടി തയ്യാറാക്കിയിരുന്നോ? എന്നു തൊട്ടാണ് സിനിമയുടെ ജോലികൾ തുടങ്ങിയത്?

പപ്പിലിയോ ബുദ്ധ കഴിഞ്ഞ ശേഷം കേരളത്തിൽ താമസിക്കുകയും ഇതിന്റെ മുഖ്യസംഘാടകരായ കുട്ടികളോട് സംസാരിക്കുകയും അവരുമായി ചർച്ച ചെയ്യുകയും ചെയ്തതിലൂടെയാണ് ഈ കഥ രൂപപ്പെടുന്നത്. കേരളത്തിൽ തൊഴിലിടത്തിൽ സ്ത്രീകളുടെ തുണിയഴിച്ച് പരിശോധിച്ച ഒരു സംഭവമുണ്ടായിരുന്നു. ഷാഹിനയാണ് അത് കൃത്യമായി റിപ്പോർട്ട് ചെയ്തത്. പേഴ്സണലായി ഷാഹിനയുമായി ചർച്ച ചെയ്തപ്പോൾ ആ സംഭവം ഈ കഥയിൽ ഇന്റഗ്രേറ്റ് ചെയ്തിട്ടുണ്ട്. അങ്ങിനെ നൂറ് നൂറ് കഥകളുണ്ട്. പക്ഷെ അതൊന്നും നടന്നതു പോലെയല്ല ഇതിൽ ഉൾപ്പെടുത്തിയിട്ടുളളത്. അതുകൊണ്ടാണ് നമ്മൾ ഇത് ഫിക്ഷൻ ആക്കുന്നത്, അല്ലെങ്കിൽ ഡോക്യുമെന്ററി എടുത്താൽ മതിയല്ലോ. എല്ലാ ഫിക്ഷനിലും ഒരു നോൺഫിക്ഷൻ എലമെന്റുണ്ടല്ലോ, എല്ലാ നോൺഫിക്ഷനിലും ഒരു ഫിക്ഷൻ എലമെന്റുമുണ്ട്. ഫിക്ഷൻ ‐ നോൺഫിക്ഷൻ എന്നൊരു ബൈനറി ഇല്ല. സ്ക്രിപ്റ്റ് ഞാൻ നേരത്തെ എഴുതാൻ തുടങ്ങിയിരുന്നു. 2013 സമയത്താണ് എഴുതാൻ തുടങ്ങിയത്. അത് ഫിനിഷ് ചെയ്തത്, 2014 അവസാനം 2015-ഓടു കൂടിയാണ്. പിന്നെ ഞാൻ കോഴിക്കോട് വന്ന് ഒരു റൂമെടുത്തിരുന്ന് എഴുതി, എഴുതി തീർത്ത ശേഷം ഉടനെ തന്നെ ഷൂട്ടിങ്ങിലേക്ക് പോവുകയായിരുന്നു. അന്ന് സ്ക്രിപ്റ്റ് റീഡിങ്ങിൽ എന്നെ ഹെൽപ് ചെയ്തു കൊണ്ടിരുന്ന കുട്ടികൾ തന്നെയാണ് അതിൽ അഭിനയിച്ചതും; ചുരുക്കം ചിലർ മാത്രമേ പുറത്തു നിന്ന് വേണ്ടി വന്നുളളൂ...

സിനിമയുടെ കഥയ്ക്കും സിനിമ മുന്നോട്ടു വച്ച സാമൂഹ്യമായ ആശങ്കകൾക്കും അപ്പുറം ഈ സിനിമ മറ്റൊരു തരത്തിൽ ശ്രദ്ധിക്കപ്പെട്ടത്, അത് നടത്തിയ സുദീർഘമായ നിയമപോരാട്ടത്തിലൂടെയാണ്. എന്തായിരുന്നു ആ അനുഭവം?

അത് വളരെ ഭീകരമായിരുന്നു. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ തീർത്തും തളർത്തിക്കളയുന്ന ഒരു നടപടിയായിരുന്നു. നിയമപ്രശ്നവുമായി ബന്ധപ്പെട്ട് നടത്തേണ്ടി വന്ന നിരന്തരമായ യാത്രകൾ, അഞ്ച് പ്രാവശ്യമാണ് ഈ സിനിമ വിവിധ സെൻസർഷിപ്പ് ബോർഡുകളിൽ കാണിക്കേണ്ടി വന്നത്, സാങ്കേതികമായ കാരണങ്ങൾ പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നു, കോടതിയിൽ നിന്ന് കോർട്ടലക്ഷ്യത്തിന് വിധി സമ്പാദിക്കേണ്ടി വരുന്നു, അങ്ങനെ നൂറ് നൂറ് തരത്തിലാണ് അവർ ബുദ്ധിമുട്ടിച്ചത്. പിന്നെ പലയിടത്തും ഈ സിനിമയുടെ പ്രദർശനം തന്നെ സംഘടിപ്പിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഡൽഹിയിൽ ക്ളോൺ സിനിമാ ആൾട്ടർനേറ്റീവ് നടത്താൻ ശ്രമിച്ച പ്രദർശനവും തടസപ്പെട്ടിരുന്നല്ലോ. അങ്ങനെ പലയിടത്തും, അവിടെ പോയിട്ടും സിനിമ കാണിക്കാൻ പറ്റാതെ അവഹേളിതനായ തിരിച്ചു വരിക. അങ്ങനെ ഒത്തിരിയൊത്തിരി പ്രശ്നങ്ങൾ നമ്മൾ അഭിമുഖീകരിക്കുമ്പോഴാണ് നമ്മുടെ എനർജിയെ ഊതിക്കെടുത്തുന്ന അനുഭവമുണ്ടാകുന്നത്. പക്ഷെ നമ്മൾ മനുഷ്യർ അതിനെ അതിജീവിക്കേണ്ടിയിരിക്കുന്നു. ഫിലിം മേക്കിങ്ങ് എന്നെ സംബന്ധിച്ചിടത്തോളം ഒരു പൊളിറ്റിക്കൽ ആക്ടാണ്. അപ്പൊ ഇതിന്റെ ഓരോ സ്റ്റേജും പൊളിറ്റിക്കലാണ്. അതിലെ അവസാനത്തെ ഘട്ടമാണ് പ്രദർശനം എന്നു പറയുന്നത്. എക്സിബിഷൻ എന്ന ഘട്ടത്തിലേക്ക് ഇപ്പോൾ എത്തിയിട്ടേ ഉളളൂ. പ്രദർശനവും ഒരു പൊളിറ്റിക്കൽ ആക്ടാണ്. എന്നെ സംബന്ധിച്ചിടത്തോളം every aspect of film making is a political act.നമ്മുടെ ജീവിതം എന്നത് കലയിൽ നിന്ന് വേറിട്ടു നിൽക്കുന്ന ഒരു സാധനമല്ലല്ലോ.

Also Read: വേട്ടയാടപ്പെടുന്ന ശരീരം; ‘കബോഡിസ്കേപി’ന്റെ രാഷ്ട്രീയം

കേരളത്തിലെ അക്കാദമിക, ചലച്ചിത്രലോകം ഈ സിനിമക്കൊപ്പം നിന്നു എന്നു തോന്നുന്നുണ്ടോ? കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ കോടതിയിൽ നിന്നുള്ള പ്രത്യേക ഉത്തരവിന്റെ പുറത്ത് പ്രദർശിപ്പിച്ച ഒരു ചരിത്രവും ഈ സിനിമക്കുണ്ടല്ലോ?

ഐഎഫ്എഫ്കെ പ്രദർശനവുമായി ബന്ധപ്പെട്ട് അക്കാദമിയിൽ നിന്ന് അന്ന് കിട്ടിയത് ഈ സിനിമ കാണിക്കാൻ നിർവാഹമില്ല, കാരണം കേന്ദ്ര സെൻസർ ബോർഡ് ഇതിന് അനുമതി നിഷേധിച്ചിരിക്കുന്നു എന്നു കാണിച്ചു കൊണ്ടുള്ള ഒരു കത്താണ്. ആ സർട്ടിഫിക്കറ്റുമായിട്ട് വന്നാൽ കാണിക്കാൻ സമ്മതിക്കാം എന്ന മറുപടിയാണ് അന്നവർ തന്നത്. അതിനെതിരെ നമ്മൾ കോടതിയിൽ പോയി. കോടതിയിൽ നിന്നുള്ള ഇടക്കാല ഉത്തരവിന്റെ പുറത്താണ് സിനിമ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചത്. കേരളത്തിന്റെ ഒരു സവിശേഷ സ്വഭാവം, പ്രോഗ്രസീവാണ് എന്നു പറയുമ്പോഴും ഒത്തിരിയൊത്തിരി എത്നിക് ഗ്രൂപ്പുകൾ ഉണ്ട്. ആ ഗ്രൂപ്പുകളിലുളളവരെ മാത്രമേ അവർ സപ്പോർട്ട് ചെയ്യൂ. പക്ഷെ ഒത്തിരി കലാകാരൻമാരും ഇൻഡിപെൻഡഡ് ഫിലിം മേക്കേഴ്സായിട്ടുളള ഒത്തിരി പേരും കേരളത്തിൽ നിന്ന് നമ്മളെ സപ്പോർട്ട് ചെയ്തിട്ടുണ്ട്. സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂഷന്റെ കാര്യമല്ല ഞാൻ പറഞ്ഞത്. ഒരു അധികാര കേന്ദ്രം നമ്മളെ സപ്പോർട്ട് ചെയ്യണം എന്ന് നമ്മൾ ആഗ്രഹിക്കുന്നതു തന്നെ തെറ്റാണ്. ഒരു വ്യക്തി എന്ന രീതിയിൽ ഞാൻ പ്രത്യേകിച്ച് ഏതെങ്കിലും ഗ്രൂപ്പുകളുടെയൊന്നും ഭാഗമല്ലാത്തതു കൊണ്ട് അങ്ങനെയൊരു വ്യാപകമായ പിന്തുണ ഉണ്ടാവില്ല. പക്ഷെ സ്വതന്ത്രമായി ചിന്തിക്കുന്നവരുടെയും ഇൻസിപെൻറന്റ് ഫിലിം മേക്കേഴ്സിന്റെയും ഒക്കെ പിന്തുണ കിട്ടിയിട്ടുണ്ട്.

ഈ സിനിമയുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോൾ മാറ്റി നിർത്താനാകാത്ത ഒന്നാണ് സെൻസർഷിപ്പിനെ കുറിച്ച് താങ്കളുടെ കാഴ്ചപ്പാടെന്താണ് എന്ന ചോദ്യം.

സെൻസർഷിപ്പ് എന്ന ആശയം തന്നെ ഒരു ജനാധിപത്യ സമൂഹത്തിൽ തളളിക്കളയേണ്ടതാണ്. 1952 ലെ സിനിമോട്ടോഗ്രഫി ആക്ട് എന്നത് കത്തിച്ചു കളയേണ്ടതാണ്. ഈ 377 പോലെ എടുത്തു കളയേണ്ട ഒരു സാധനമാണത്. 1952-ലെ സിനിമോട്ടോഗ്രാഫി ആക്ട് നിലനിർത്തിക്കൊണ്ട് ഇന്ത്യയെ ജനാധിപത്യസമൂഹമെന്ന് വിളിക്കാൻ പറ്റില്ല. അത് വളരെ ഡ്രാക്കോണിയനായ നിയമമാണ്. ഏതു കാരണത്തിന്റെ പുറത്തും ഒരാർട്ടിസ്റ്റിനെയും ആർട്ട് ഫോമിനെയും നിരോധിക്കാൻ ഗവൺമെന്റിന് അധികാരമില്ല. ആർട്ടിസ്റ്റിക് ഫ്രീഡം എന്നു പറയുന്നത് അബ്സൊല്യൂട്ട് ആണ്. ഒത്തിരിയൊത്തിരി ബ്രിട്ടീഷ് കൊളോണിയൽ നിയമങ്ങൾ ഉണ്ട്. അത് നമ്മുടെ സ്വതന്ത്ര ഇന്ത്യയിൽ ഉണ്ടാക്കിയതല്ല. കോൺസ്റ്റിറ്റ്യൂഷണൽ മൊറാലിറ്റിയും സോഷ്യൽ മൊറാലിറ്റിയും തമ്മിലുളള കോൺഫ്ളിക്ട് വളരെ ഭീകരമാണ് ഇന്ത്യയിൽ. അതാണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സെൻസർഷിപ്പിനെ കുറിച്ചുളള എന്റെ വ്യക്തമായ അഭിപ്രായം അതിന് ജനാധിപത്യസമൂഹത്തിൽ യാതൊരു സ്ഥാനവുമില്ല എന്നതു തന്നെയാണ്. സെൻസർ ബോർഡ് എന്നത് വലിയൊരു മെഷിനറിയാണ്. ഒരു ജനാധിപത്യ രാജ്യത്ത് എന്തെഴുതണം, എന്തു കാണണം എന്ന് സർക്കാർ തീരുമാനിക്കുന്ന അവസ്ഥ പരിതാപകരാണ്. അതേസമയം, റേറ്റിങ്ങ് എന്നു പറയുന്നത് ഒരു കൊമേഴ്സ്യൽ ടേമാണ്. അതുകൊണ്ട്, റേറ്റിങ്ങ് വേണമെങ്കിൽ ആവാം. പക്ഷെ, ഈ സെൻസർഷിപ്പ് എന്നത് ഒരു വലിയ മെഷിണറിയാണ്. കോടിക്കണക്കിന് രൂപയാണ് ആ മെഷിനറിയെ നിലനിർത്താൻ വേണ്ടി സർക്കാർ ചെലവിടുന്നത്. ആ സംവിധാനം പിരിച്ചു വിട്ട്, അതിനു ചെലവാക്കുന്ന തുക സർക്കാർ ഇവിടത്തെ ഇൻഡിപെന്റ്ന്റ്റ് സിനിമകൾക്കായി മാറ്റി വെക്കണം.

കമ്പോളസിനിമാ വ്യവസായത്തിന് അനുകൂലമായി, ഫിനാൻസ് കാപിറ്റലിന് അനുകൂലമായി ഒരു ടൂൾ ഓഫ് എക്സ്ക്ളൂഷൻ ( tool of exclusion) ആയി സെൻസർ ബോർഡിനെ ഉപയോഗിക്കുന്നുണ്ട്. വിമതശബ്ദങ്ങളെ അടിച്ചമർത്താനുളള, ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ഒരു ഇൻസ്റ്റിറ്റ്യൂഷനാണ് സിബിഎഫ്സി.നാളെ സിനിമ തീയേറ്ററിലെത്തുമ്പോൾ സിനിമയെ പറ്റിയുളള പ്രതീക്ഷകൾ എന്തൊക്കെയാണ്?

തീയേറ്ററുകളിൽ സിനിമ എത്തിയിട്ടുണ്ട് എന്ന് ജനങ്ങളെ അറിയിക്കാൻ കമ്പോളസിനിമയുടേതു പോലുളള പബ്ളിസിറ്റി മാർഗങ്ങളോ പണമോ ഇല്ല. അതുകൊണ്ട്, സോഷ്യൽ മീഡിയ ഉപയോഗിച്ചുളള പ്രചരണമാണ് നടത്തുന്നത്. അതോടൊപ്പം സുഹൃത്തുക്കളുടെ പിന്തുണയും. ഇതൊരു ശ്രമമാണ്. ഈ സിനിമയോടു താത്പര്യമുളള സുഹൃത്തുക്കൾ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ജനം എന്തുകൊണ്ട് ക ബോഡി സ്കേപ്സ് കാണണം?

അതൊരു നല്ല ചോദ്യമാണ്. ഈ സിനിമ കേരളത്തിലെ പുതുതലമുറയുടെ പ്രശ്നങ്ങളാണ് ചർച്ച ചെയ്യുന്നത്. തീർച്ചയായും ജനം അത് കാണേണ്ടിയിരിക്കുന്നു. നമ്മൾ ജീവിക്കുന്ന കേരളത്തെ മറ്റൊരു വീക്ഷണത്തിൽ നിന്നു കൂടി നോക്കിക്കാണുന്നതാണ് ഈ സിനിമ. അതിനുമപ്പുറം അതൊരു നരേറ്റീവാണ്, പ്രണയകഥയാണ്, ആ ഒരു സ്റ്റോറിയുടേതായ എല്ലാ എക്സൈറ്റ്മെന്റുകളും ആ സിനിമയിലുണ്ട്. എം.ജെ രാധാകൃഷ്ണനാണ് സിനിമയുടെ ക്യാമറ. സിനിമയുടെ സാങ്കേതിക വശങ്ങങ്ങളിൽ പ്രവർത്തിച്ചവരൊഴികെ ഏറെ പേരും ആദ്യമായി സിനിമ ചെയ്യുന്നവരാണ്.

https://www.azhimukham.com/offbeat-third-anneversary-of-kiss-of-love-protest-diyasana/

https://www.azhimukham.com/jayan-cherian-ka-body-scapes-interview/

https://www.azhimukham.com/kabodyscape-jayan-cheriyan-politics-of-body-lgbt-film-review-manambur-suresh/

https://www.azhimukham.com/kiss-of-protest-one-year-kerala-india-moral-police-discourse-discussion-vishak/

https://www.azhimukham.com/kiss-of-protest-one-year-kerala-india-moral-police-discourse-discussion-vishak-2/


Next Story

Related Stories