TopTop
Begin typing your search above and press return to search.

പോത്തന്റെയും ലിജോയുടേയും തട്ടകത്തില്‍ നിന്നും ഒരു യുവ എഴുത്തുകാരന്‍: മറഡോണയുടെ തിരക്കഥാകൃത്ത് കൃഷ്ണമൂര്‍ത്തി/അഭിമുഖം

പോത്തന്റെയും ലിജോയുടേയും തട്ടകത്തില്‍ നിന്നും ഒരു യുവ എഴുത്തുകാരന്‍: മറഡോണയുടെ തിരക്കഥാകൃത്ത് കൃഷ്ണമൂര്‍ത്തി/അഭിമുഖം

കഴിഞ്ഞ വര്‍ഷം ആറോളം ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങളാണ് മലയാള സിനിമയ്ക്ക് പല വിഭാഗങ്ങളിലായി ലഭിച്ചത്. അതിന് മുന്‍പുള്ള വര്‍ഷവും അത്ര തന്നെ പുരസ്ക്കാരങ്ങള്‍ ലഭിച്ചിരുന്നു. ഇതില്‍ മറ്റൊരു സവിശേഷത കൂടിയുണ്ട് രണ്ടു തവണയും മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് മലയാള സിനിമയ്ക്കായിരുന്നു 2016ല്‍ മഹേഷിന്റെ പ്രതികാരത്തിന് ശ്യാം പുഷ്ക്കരനും 2017ല്‍ തൊണ്ടിമുതലും ദൃക്സാക്ഷിയ്ക്ക് സജീവ്‌ പാഴൂരിനും. ടോവിനോയെ നായകനാക്കി വിഷ്ണു നാരായണ്‍ സംവിധാനം ചെയ്ത മറഡോണ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രലോകത്തിന് പുതിയൊരു തിരക്കഥാകൃത്തിനെ കൂടി ലഭിച്ചിരിക്കുകയാണ്, കൃഷ്ണമൂര്‍ത്തി. ദിലീഷ് പോത്തന്റെ ഒപ്പം മഹേഷിന്റെ പ്രതികാരത്തില്‍ കൃഷ്ണമൂര്‍ത്തിയും പങ്കാളിയായിരുന്നു. ആദ്യത്തെ സ്വതന്ത്ര രചനയായ മറഡോണയുടെ വിശേഷങ്ങളെ പറ്റി കൃഷ്ണമൂര്‍ത്തി സംസാരിക്കുന്നു.

Coming of age മലയാളികള്‍ക്ക് അത്ര അപരിചിതമായ genre അല്ല, മനസ്സില്‍ പതിഞ്ഞ ഒരുപാട് കഥാപാത്രങ്ങളുമുണ്ട്. ഇപ്പോള്‍ മറഡോണയും അത്ര ചെറുതല്ലാത്ത സ്ഥാനം നേടിയെടുത്തുക്കൊണ്ടിരിക്കുകയാണ്. ആക്ഷന്‍ മൂഡിലൊരു Coming of age. അങ്ങനെയൊരു കഥാഖ്യാനശൈലി തിരഞ്ഞെടുക്കാനുള്ള കാരണം?

സാധാരണ നമ്മള്‍ കാണാറുള്ള ഡിറ്റക്ടീവ് സിനിമയിലെയോ ക്യാറ്റ് ആന്‍ഡ്‌ മൗസ് സിനിമയിലെയോ ഒരു ഗ്രിപ്പിങ്ങ് എലെമെന്റ് ഇല്ലേ ചടുലമായ ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌, ഫാസ്റ്റ് കട്ട്സും ഒക്കെ. അതെല്ലാം കൂടിയാകുമ്പോള്‍ ചേസിങ്ങ് സൈഡ് വളരെ ലൗഡായിരിക്കും. പക്ഷേ മറഡോണ വളരെ പതിയെ പ്രേക്ഷകനെ സിനിമയിലേക്ക് കൊണ്ടുവരുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്. ഉപയോഗിക്കുന്ന ട്രീറ്റ്‌മെന്റിലൂടെ എന്തെങ്കിലുമൊരു ഫ്രഷ്‌നെസ്സ് കൊണ്ട് വരണം എന്നുള്ള ചിന്തയായിരുന്നു പതിവ് ആക്ഷന് പകരം ഇങ്ങനെയൊരു മൂഡിലേക്ക് സിനിമയെ കൊണ്ടുവന്നതിന്റെ കാരണം. തുറന്നു പറഞ്ഞാല്‍ ഒരു മണിക്കൂര്‍ അല്ലെങ്കില്‍ രണ്ടു മണിക്കൂര്‍ ഫ്ലാറ്റിനുള്ളിലെ വിഷ്വല്‍സ് മാത്രം കാണിച്ചാല്‍ പ്രേക്ഷകന് വിരസമായി തോന്നും. നമ്മള്‍ ക്ലാസിക് എന്ന് വിളിക്കുന്ന പല സിനിമകളും മൊബൈലിലോ ടി.വി.യിലോ കാണുമ്പോളാകും ഇഷ്ടപ്പെടുക തിയേറ്ററിലേക്ക് ആളുകളെ എത്തിക്കുക എന്നൊരു കാര്യമുണ്ടല്ലോ. അതിനു വേണ്ടി സിനിമയെ കൂടുതല്‍ ത്രില്ലിങ്ങാക്കി.

മറഡോണയുടെ പിറവിയെ പറ്റി?

കൊല്ലത്തെ മുഖത്തല എന്ന സ്ഥലത്താണ് ഞാന്‍ ജനിച്ചു വളര്‍ന്നത്‌. അവിടെയുള്ളയൊരു സുഹൃത്ത് ഒരു ഉത്സവത്തിന് തല്ലുണ്ടാക്കിയിട്ട് അവന്റെ മറ്റൊരു സുഹൃത്തിന്റെ പെങ്ങളുടെ വീട്ടില്‍ പോയി ഒളിച്ചു താമസിച്ചു, ഇതായിരുന്നു മറഡോണ എഴുതാന്‍ കിട്ടിയ സ്പാര്‍ക്ക്. തോന്നുന്ന പോലെ തെറിച്ചു നടക്കുന്ന ഒരാളെ പെട്ടന്നൊരു സ്ഥലത്ത് കൊണ്ട് അടച്ചിട്ടാല്‍ ആ സാഹചര്യം വ്യക്തിയിലുണ്ടാക്കാവുന്ന മാറ്റങ്ങള്‍ എന്തെല്ലാമാണ്. അയാള്‍ അപ്പോഴാകില്ലേ ചില കാര്യങ്ങള്‍ കൂടുതലായി നിരീക്ഷിക്കുക. പിടിച്ചിരുത്തിയാല്‍ പോലും ചില കാര്യങ്ങള്‍ക്ക് അയാള്‍ നിന്നുകൊടുക്കണം എന്നില്ല. ഒന്നിന്റെയും വരും വരായ്കകളെ പറ്റി ചിന്തിക്കാത്തൊരു വ്യക്തിയെ ഒരിടത്ത് അടക്കി നിര്‍ത്തിയിട്ട് നീ ചിന്തിക്ക് എന്ന് പറയുകയാണ് അയാളെ തടവറയിലിടുകയാണ് അയാളെ അങ്ങനെ നിര്‍ത്താനായി അയാളുടെ കൈയ്യും കാലും ഒടിക്കേണ്ടി വരുന്നു. ഒരു കാട്ടാനയെ മെരുക്കുന്ന പോലെ ഒരു കുഴിയ്ക്കകത്തിട്ട് മെരുക്കിയെടുക്കുന്നു. മറഡോണയെ അങ്ങനെ ആ ഫ്ലാറ്റില്‍ കൊണ്ടിട്ടു മെരുക്കിയെടുക്കുകയാണ് സിനിമയില്‍. സ്വഭാവികമായും ഫ്ലാറ്റിന് അരികില്‍ താമസിക്കുന്ന നന്മകളുടെ പ്രതീകങ്ങളായ കുറച്ച് ആളുകള്‍, വസ്തുക്കള്‍ അയാളില്‍ മാറ്റം കൊണ്ടുവരുന്നു. നന്ദിയും നന്മയും മാത്രമുള്ള മൃഗമാണ് പട്ടി. അതാണ്‌ അയാളിലെ മാറ്റത്തിന് തുടക്കം കുറിക്കുന്നത്. അതുപോലെ തന്നെ പലര്‍ക്കും ഇയാള്‍ എങ്ങനെയൊരു ക്രിമിനലായി എന്നതറിയണം. അങ്ങനെയൊരു ന്യായീകരണത്തിന്റെ ആവശ്യമുണ്ടോ കാരണങ്ങള്‍ പലതുണ്ടാകും, പക്ഷേ എന്തെല്ലാം കാരണങ്ങള്‍ നിരത്തിയാലും അയാള്‍ ക്രിമിനല്‍ തന്നെയാണ്. ആ ക്ലീഷേ ഒഴിവാക്കാനാണ് അയാളുടെ ഫാമിലി ബാക്ക്ഗ്രൗണ്ടൊക്കെ നമ്മള്‍ വേണ്ടായെന്ന് വച്ചത്.

മിതത്വമുള്ള എഴുത്ത് ചിത്രത്തിലുടനീളം തെളിഞ്ഞു നില്‍ക്കുന്നുണ്ട്, ആദ്യ ചിത്രത്തില്‍ തന്നെ അങ്ങനെയൊരു കൈവഴക്കം നേടിയെടുത്തത് എങ്ങനെയാണ്?

പ്രേക്ഷകന് ഊഹിച്ചാല്‍ കിട്ടുന്ന കാര്യങ്ങള്‍ നമ്മള്‍ സിനിമയില്‍ പറയേണ്ടതില്ല എന്നായിരുന്നു എന്റെ ആദ്യം മുതല്‍ക്കേയുള്ള തീരുമാനം. ഓരോ സീന്‍ എഴുതുമ്പോഴും മനസ്സില്‍ അത് ഉണ്ടായിരുന്നു. ആകെ രണ്ട് മണിക്കൂറാണ് നമ്മള്‍ക്ക് കിട്ടുന്നത് ആ സമയത്തിനുള്ളില്‍ കഥയുടെ ഹൈലൈറ്റ്സ് ആയിരിക്കുണം നമ്മള്‍ പറയുന്നത് അങ്ങനെ പോകുമ്പോള്‍ എല്ലാം ഷോര്‍ട്ട് ആന്‍ഡ്‌ ക്രിസ്പ് ആയി മാറും. സ്ക്രിപ്റ്റിനെ അങ്ങനെയാക്കി എടുക്കുന്നതില്‍ വിഷ്ണുവിന്റെ പങ്കും വളരെ വലുതാണ്‌. ആദ്യം ഞാന്‍ എഴുതുന്ന സമയത്തൊരു വാചാലത ഉണ്ടായിരുന്നു അത് ഇല്ലാതായതും എല്ലാ സീനുകളിലും കഥയെ മുന്നോട്ട് നയിക്കുന്ന കഥയുടെയൊരു ഘടകം ഉണ്ടാകണം എന്ന് ബോധ്യപ്പെടുന്നതും വിഷ്ണു എന്നെ ഗൈഡ് ചെയ്തു തുടങ്ങിയപ്പോഴാണ്. കാച്ചി കുറുക്കി എഴുതിയാല്‍ മതി എന്ന് വിഷ്ണു പറഞ്ഞതിന് ശേഷമാണ് സിനിമയിലെ സീക്വന്‍സുകളും ഡയലോഗുകളും മിതാവസ്ഥയിലേക്ക് എത്തുന്നത്.

തുടക്കക്കാരന്‍ എന്ന് സംവിധായകനായ വിഷ്ണുവിനെയും താങ്കളേയും മാധ്യമങ്ങള്‍ ഒക്കെ വിളിക്കുന്നുണ്ടെങ്കിലും രണ്ടു പേര്‍ക്കും വര്‍ഷങ്ങളുടെ അനുഭവസമ്പത്തുണ്ടല്ലോ?

വിഷ്ണു ഏതാണ്ട് ട്രാഫിക്കിന് മുന്നേ തൊട്ട് ഇന്‍ഡസ്ട്രിയിലുണ്ട്. ട്രാഫിക്ക് തൊട്ട് നല്ലൊരു പറ്റം ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യാനും പറ്റി. അത് വിഷ്ണുവിന്റെ സിനിമയോടുള്ള സമീപനം തന്നെ മാറ്റി. ഏതാണ്ട് ഞങ്ങള്‍ രണ്ടുപേര്‍ക്കും എട്ട് വര്‍ഷമായി പരിചയമുണ്ട്. അന്ന് എന്നോട് ഈ കഥയെ പറ്റി ചോദിക്കുകയും കഥയുടെ സോള്‍ വിഷ്ണുവിന് ഇഷ്ടപ്പെടുകയും ചെയ്തു. കഥയില്‍ അല്ല സീക്വന്‍സുകളിലെ പുതുമകളായിരുന്നു ഇഷ്ടപ്പെട്ടത്. പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഞങ്ങള്‍ തമ്മില്‍ വഴക്കിടുകയാണ് എന്നേ തോന്നുകയുള്ളൂ. പക്ഷേ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും അറിയാം ഒരേ കാര്യമാണ് ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും വേണ്ടതെന്ന്. ഞങ്ങള്‍ രണ്ടാള്‍ക്കും ഇഷ്ടപ്പെടാത്തതായി ഒന്നും തന്നെ ഈ സിനിമയിലില്ല. സിനിമയുടെ സെറ്റില്‍ ആണെങ്കിലും ഒരു ഈഗോയും ഇല്ലാതെയാണ് വര്‍ക്ക് ചെയ്തത്. രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് ചെയ്ത സിനിമയുടെ എല്ലാ ഗുണങ്ങളും അതിലുണ്ടാകണം എന്ന ആഗ്രഹം ഞങ്ങള്‍ക്കുണ്ടായിരുന്നു.

ദിലീഷ് പോത്തന്‍, ലിജോ ജോസ് പല്ലിശ്ശേരി നടപ്പ് രീതികളില്‍ നിന്ന് മാറി നടന്നവര്‍ക്കൊപ്പമായിരുന്നല്ലോ ചലച്ചിത്ര ജീവിതമാരംഭിച്ചത്?

പോത്തന്‍ ശരിക്കും ബ്രില്ല്യന്റ് തന്നെയാണ്. പോത്തന്റെ വാക്കുകള്‍ ഒക്കെ നമ്മളെ വല്ലാതെ ഇന്‍സ്പെയര്‍ ചെയ്യും. എപ്പോഴും വ്യത്യസ്തമായി ചിന്തിക്കുന്ന ആളാണ്‌ പോത്തന്‍. മഹേഷിന്റെ പ്രതികാരം ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും തന്ന ആത്മവിശ്വാസം വളരെ വലുതാണ്‌. റാണി പത്മിനിയുടെ വര്‍ക്കിനു വേണ്ടി വിഷ്ണു ഒക്കെ പോയപ്പോള്‍ ഞാനും പോത്തനും കുറച്ചു അസ്സിസ്റ്റെന്‍സും കൂടി പ്രകാശില്‍ വീടെടുത്ത് താമസിക്കുകയായിരുന്നു ഒരു മാസത്തോളം. പോത്തന്റെ മേക്കിംഗ് സ്റ്റൈല്‍ എനിക്ക് വളരെ ഇഷ്ടമുള്ള ഒന്നാണ്. ലിജോ ചേട്ടനെ കുറിച്ച് പറയുവാണെങ്കില്‍ സിനിമയോടുള്ള അദ്ദേഹത്തിന്റെ പാഷന്‍ അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല. അങ്കമാലി ഡയറീസ് പോലൊരു ഫിലിം ചെയ്തയാള്‍ക്ക് അതിനെക്കാള്‍ ബഡ്ജെറ്റില്‍ അടുത്ത ഒരു സിനിമ ചെയ്യാം. പക്ഷേ ചെയ്തത് ഈ.മ.യൗ. പോലെയൊരു സിനിമയാണ്. വെറും പതിനെട്ട് ദിവസം കൊണ്ട് ഷൂട്ട്‌ ചെയ്ത സിനിമയാണ്. അധികം ആര്‍ട്ടിസ്റ്റുകളെ ഒന്നും ഉപയോഗിക്കാതെ ലോ ബഡ്ജെറ്റില്‍ ചെയ്ത സിനിമ. അങ്ങനെയൊരു പരീക്ഷണചിത്രത്തിന് പിന്നിലെ കാരണവും ആ പാഷനാണ്. വര്‍ക്ക് ചെയ്യുന്ന സമയത്തെ അദ്ദേഹത്തിന്റെ എനര്‍ജി ലെവലും ശരിക്കും അതിശയിപ്പിക്കുന്നതാണ്. രാവിലെ നാല് മണിക്ക് എഴുന്നേറ്റിരുന്നു ദിവസവും സ്ക്രിപ്റ്റ് വായിക്കും. ഒരു പടത്തിന്റെ തന്നെ സ്ക്രിപ്റ്റ് എത്രയാവര്‍ത്തി വായിച്ചിട്ടുണ്ടാകും എന്നൊരു ഊഹവുമില്ല. അത്ര ഹോം വര്‍ക്ക് ചെയ്യുന്നൊരു വ്യക്തിയാണ് ലിജോ ചേട്ടന്‍.

ജീവിതം സിനിമയാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷം?

ചെറുപ്പത്തില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ പത്താം ക്ലാസില്‍ ഒക്കെ പഠിക്കുന്ന സമയം. എനിക്ക് മാത്രം തിയേറ്ററില്‍ പോയി സിനിമ കാണാനുള്ള അനുവാദം വീട്ടില്‍ നിന്നുണ്ടായിരുന്നു. അങ്ങനെ കണ്ടിട്ട് വരുന്ന സിനിമയുടെ കഥകള്‍ ഈ സ്വാതന്ത്ര്യം ഇല്ലാത്ത എന്റെ കൂട്ടുകാരോട് പറയുന്ന ശീലം എനിക്കുണ്ടായിരുന്നു. നട്ട്ഷെല്‍ ആയിരിക്കില്ല അവരോട് പറയുന്നത് വളരെ വിസ്തരിച്ച് സിനിമയുടെ അതെ ഓര്‍ഡറിലായിരിക്കും ഞാന്‍ പറയുന്നത്. ഇത് കേള്‍ക്കാന്‍ കുറെ കൂട്ടുകാര്‍ ഉണ്ടായിരുന്നു, അന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു എന്റെയുള്ളിലൊരു സ്റ്റോറിടെല്ലര്‍ ഉണ്ടെന്ന്. ഇപ്പോഴും ഞാന്‍ എവിടെയും ഒരു എഴുത്തുകാരന്‍ എന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ല. കാരണം എനിക്ക് അങ്ങനെ പദസമ്പത്ത് ഒന്നുമില്ല വായനാശീലം കുറവാണ്. വായിക്കാന്‍ ശ്രമിക്കുന്നുണ്ട്, പത്ര വായന കുറവാണ്. ഇങ്ങനെയൊക്കെ ആയിരുന്നിട്ടും സിനിമയിലേക്ക് വന്നതിന്റെ കാരണം ഞാന്‍ പറയുന്ന കഥകള്‍ വിഷ്വലായി കാണാന്‍ പറ്റുന്നുണ്ട് എന്ന കൂട്ടുകാരുടെ വാക്കുകളാണ്. ഞാന്‍ ജോലി ഉപേക്ഷിച്ചാണ് സിനിമയിലേക്ക് വന്നത്. അതുകൊണ്ടുതന്നെ എഴുതുന്ന കഥകള്‍ ഏറ്റവും ഭംഗിയായി അവതരിപ്പിക്കേണ്ടത് എന്റെ കടമ കൂടിയാണ്.

മറഡോണയിലേക്ക് വരാം ടൈറ്റില്‍ ക്യാരക്ടറിനൊരു പൊളിറ്റിക്കല്‍ സ്റ്റാന്റ് നല്‍കുന്നില്ല, പക്ഷേ അയാളൊരു പൊളിറ്റിക്കല്‍ ടൂള്‍ ആയി മാറുന്നുമുണ്ട്. ചിത്രത്തിന്റെയൊരു പ്രധാന സബ് പ്ലോട്ട് തന്നെയല്ലേ മറഡോണയുടെ അപൊളിറ്റിക്കല്‍ സ്റ്റാന്റ്?

തീര്‍ച്ചയായും സിനിമയുടെ ഷൂട്ടിന്റെ നാല് ദിവസം മുന്‍പ് വരെ മറ്റൊരു ക്യാരക്റ്റര്‍ കൂടി ഉണ്ടായിരുന്നു. ഈ ക്രൈമിലെ ഏറ്റവും പ്രാധാന്യം കുറഞ്ഞ പങ്കാളി അയാള്‍ ജയിലില്‍ അകപ്പെടുകയും ചെയ്യുന്നു. വളരെ സാധുവായൊരു പയ്യന്‍. മറഡോണ എന്ന നെഗറ്റീവ് ഷെഡ്‌ ഉള്ള ക്യാരക്റ്റര്‍ നല്ല മനുഷ്യരുടെ ഇടയില്‍പ്പെട്ട് നന്മയുടെ വഴിയിലേക്ക് വരുന്നു അതിനു സമാന്തരമായി ഈ സാധുവായ പയ്യന്‍ ജയിലിലെ ക്രിമിനലുകളുടെ ഇടയില്‍പ്പെട്ട് ഒരു ക്രിമിനലായി മാറുന്നു. ഇങ്ങനെയൊരു പൊളിറ്റിക്കല്‍ സ്റ്റാന്റ് ഉണ്ടായിരുന്നു. ജയിലില്‍ പോയ ഒരു വ്യക്തിയ്ക്ക് പിന്നെ സമൂഹത്തിലൂടെ തലയുയര്‍ത്തി നടക്കുവാന്‍ സാധ്യമല്ല. അയാള്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും സമൂഹം അയാളെ തള്ളിക്കളയും. ജയിലില്‍ എത്തിപ്പെട്ടാലോ, അയാള്‍ക്ക്‌ ചുറ്റും അയാളെക്കാള്‍ അക്രമവാസനയുള്ളവരാണ് ഉള്ളത് സ്വാഭാവികമായും അയാള്‍ അവരിലേക്ക്‌ ആകര്‍ഷിക്കപ്പെടും. അയാള്‍ എങ്ങനെ നന്നായി പുറത്തേക്ക് വരും. ഒരു കുറ്റം ചെയ്ത വ്യക്തിയ്ക്ക് എകാന്തമായ തടവറയാണ് നല്‍കേണ്ടത്. A clockwork orange എന്ന സിനിമയില്‍ സ്റ്റാന്‍ലി കൂബ്രിക്ക് അത് നന്നായി ചര്‍ച്ച ചെയ്യുന്നുണ്ട്. ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞ് ഇറങ്ങുന്ന പ്രതി നല്ല മനുഷ്യനായിട്ടല്ല ഇറങ്ങിപ്പോകുന്നത്. ഇത് നമ്മള്‍ പറയാന്‍ ഉദ്ദേശിച്ചിരുന്ന ഒരു പൊളിറ്റിക്സ്‌ ആയിരുന്നു. നാല് നോണ്‍ ലീനിയര്‍ കട്ടിലേക്ക് പോകും എന്നതുകൊണ്ട്, അതായത് സുധിയുടെ മറഡോണയുടെ ചെമ്പന്റെ ക്യാരക്റ്ററിന്റെ പിന്നെ ഈ പയ്യന്റെ അത്രയും വന്നു കഴിഞ്ഞാല്‍ പ്രേക്ഷകന്‍ ആകെ ആശയക്കുഴപ്പത്തിലാകും പിന്നെ ദൈര്‍ഘ്യവും വല്ലാതെ കൂടും. ഈ ചോദ്യത്തിന്റെ ഉത്തരമായി പറയേണ്ട ഒരു കാര്യം കൂടിയുണ്ട്. സിനിമയില്‍ പാര്‍ട്ടിക്കാരന്‍ മാര്‍ട്ടിനോട് ചോദിക്കുന്നുണ്ട് പാര്‍ട്ടിക്കാര്യം ഒന്നുമല്ലല്ലോ എന്ന്. പാര്‍ട്ടിക്കാര്യം അല്ലെങ്കില്‍ അവര്‍ക്ക് ഈ വാടക ഗുണ്ടകളുടെ കാര്യത്തിലൊന്നും താല്പര്യമില്ല എന്നതാണ് അതില്‍ നിന്നും മനസ്സിലാക്കേണ്ട കാര്യം. ഗുണ്ടകള്‍ പറയുന്ന ന്യായത്തിനോട് എനിക്ക് യോജിക്കാന്‍ കഴിയാറില്ല, ജീവിക്കാന്‍ വേറെ വഴിയില്ല എന്ന കാരണം. ഒരുപാട് മാര്‍ഗ്ഗങ്ങള്‍ ഉണ്ട് ഇവിടെ ജീവിക്കാന്‍. പക്ഷേ അദ്ധ്വാനിക്കാനുള്ള മനസ്സ് വേണം.

മുന്‍പ് വര്‍ക്ക് ചെയ്ത അങ്കമാലി ഡയറീസില്‍, മഹേഷിന്റെ പ്രതികാരത്തില്‍ ഒക്കെ റീജിയണല്‍ എലെമെന്റ്സ് ധാരാളം ഉണ്ടായിരുന്നു, മറഡോണ പക്ഷേയൊരു കോസ്മോപൊളിറ്റന്‍ ആണ് ചുറ്റുമുള്ള ക്യാരക്റ്റേഴ്സും കഥയുടെ പശ്ചാത്തലവുമെല്ലാം അങ്ങനെയാണ്. ബോധപൂര്‍വ്വമായിരുന്നോ ആ തിരഞ്ഞെടുപ്പുകള്‍?

രണ്ടു മൂന്നു കാരണങ്ങള്‍ ഉണ്ട്. അങ്കമാലി ഡയറീസിലെ ഏതാണ്ട് എണ്‍പത് ശതമാനം കാര്യങ്ങളും അങ്കമാലിയില്‍ നടന്നതാണ്. ലൗവ്‌ ട്രാക്ക് ഒഴിച്ച് മറ്റെല്ലാം അങ്കമാലിയില്‍ സംഭവിച്ച കാര്യങ്ങള്‍ തന്നെയാണ്. പന്നി കച്ചവടം ആയിരുന്നില്ല മണ്ണ് കടത്ത് മറ്റോ ആയിരുന്നു ചെറിയ സിനിമാറ്റിക്ക് മാറ്റങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റുള്ളതെല്ലാം അവിടെ നടന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ്. മഹേഷിന്റെ പ്രതികാരവും നടന്ന സംഭവമാണ്. പോത്തന് നന്നായി അറിയാവുന്ന സ്ഥലങ്ങളാണ് കോട്ടയവും ഇടുക്കിയും. പോത്തന് അതുകൊണ്ട് വളരെ ആധികാരികമായി അതിന്റെ ഡീറ്റൈലിങ്ങിലേക്ക് ഇറങ്ങി ചെല്ലാം എന്നുറപ്പുള്ളതുകൊണ്ടാണ് ആ കഥ അവിടം പശ്ചാത്തലമാക്കിയെടുത്തത്. പക്ഷേ മറഡോണ പൂര്‍ണ്ണമായും ഫിക്ഷനാണ് ആ സ്ഥലമോ ആള്‍ക്കാരോ എനിക്ക് പരിചിതമല്ല. അത് എവിടെ വേണമെങ്കിലും സംഭവിക്കാം. ഇപ്പോഴത്തെ കുട്ടികള്‍ പെട്ടന്ന് പണം സമ്പാദിക്കാന്‍ ശ്രമിക്കുന്നത് കൊണ്ടാണ് വണ്ടിക്കച്ചവടം ഒക്കെ അയാളുടെ കഥയുമായി കൂട്ടിയിണക്കിയത്. ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ചാവക്കാട് ഭാഗത്ത് അത്തരം ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ ആ പ്രദേശത്തെ സിനിമയുമായി അധികം ബന്ധിപ്പിക്കാതെ ലൈറ്റായി അവതരിപ്പിച്ചതിന്റെ കാരണം മറഡോണ എവിടെയും പ്ലെയിസ് ചെയ്യാന്‍ പറ്റുന്ന ഒരു ക്യാരക്റ്റര്‍ ആകണം എന്നുള്ളത് കൊണ്ടാണ്. ആ കഥ ആരുമായും കണക്റ്റ് ആകണമെങ്കില്‍ ഈ രീതിയില്‍ പോയാലേ സാധിക്കുകയുള്ളു.

https://www.azhimukham.com/film-malayalam-movie-edior-saiju-sreedhar-interview-by-anu-chandra/

തീരെ കോമേഴ്‌സ്യലൈസ്ഡ് അല്ലാത്തൊരു കോമേഴ്സ്യല്‍ ഫിലിം അങ്ങനെയായിരുന്നോ മറഡോണയെ സങ്കല്‍പ്പിച്ചത്?

അങ്ങനെ പറയാന്‍ മാത്രമായോ എന്നറിയില്ല. എന്നാലും പറയുകയാണ്‌, ഞാനും വിഷ്ണുവും ആഗ്രഹിച്ചത്‌ മാസ്സും ക്ലാസും ഒന്നിച്ചു കൊണ്ടുവരാനാണ്. ജനത്തിന് ഇഷ്ടപ്പെടുന്നൊരു ക്ലാസ് പടം, അത്രേ ഉദ്ദേശിച്ചുള്ളു. സിനിമയില്‍ ഏതാണ്ട് ആറ് പാട്ടുകള്‍ ഉണ്ട്, രണ്ടോളം ഫൈറ്റുകള്‍ ഉണ്ട്, എപ്പോഴും നിലനില്‍ക്കുന്ന ക്യാറ്റ് ആന്‍ഡ്‌ മൗസ് ചേയസ് ഉണ്ട്. ഇതൊക്കെ കോമേഴ്സ്യല്‍ മൂല്യങ്ങള്‍ ഭദ്രമാക്കാന്‍ വേണ്ടി തന്നെ ചെയ്തതാണ്. ബാക്കി എല്ലാം ക്ലാസ് ആയി തന്നെ നിലനിര്‍ത്താനാണ് ഞങ്ങള്‍ ഉദ്ദേശിച്ചത്, ഉദാഹരാണത്തിനു മറഡോണ എന്ന വ്യക്തിയുടെ വളരെ സാവകാശമുള്ള ട്രാന്‍സ്ഫര്‍മേഷന്‍. ഞാന്‍ എ.ആര്‍. റഹ്മാന്റെയൊരു കടുത്ത ആരാധകനാണ്. റഹ്മാന്‍ സംഗീതം ചെയ്യുന്ന പോലെ വേണം സിനിമ ചെയ്യുവാന്‍, അതായിരുന്നു നമ്മളുടെ ആഗ്രഹം. പാട്ടുകള്‍ ഒക്കെ കര്‍ണാടക രാഗങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും, പക്ഷേ ഉപകരണങ്ങള്‍ കൊണ്ട് നല്‍കുന്ന രൂപം വെസ്റ്റേണ്‍ ആയിരിക്കും, ആളുകളെ ആകര്‍ഷിക്കുന്ന തരത്തില്‍.

മികച്ച അഭിപ്രായമാണ് സിനിമയെ പറ്റി പൊതുവേ. ധാരാളം അഭിനന്ദനങ്ങള്‍ താങ്കള്‍ക്കും ലഭിച്ചു കാണുമല്ലോ. ഏറ്റവും കൂടുതല്‍ മനസ്സില്‍ തട്ടിയത് ആരുടെ വാക്കുകളായിരുന്നു?

രഞ്ജിത് ശങ്കര്‍, മധുപാല്‍ ഇവരൊക്ക വളരെ നല്ല അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. ക്രിട്ടിക്കുകള്‍, ഇന്റസട്രിയിലുള്ളവര്‍, സാധാരണക്കാര്‍ ഇവരില്‍ നിന്നെല്ലാം ലഭിക്കുന്ന അനുമോദനങ്ങള്‍ നിറഞ്ഞ മനസ്സോടെയാണ് ഞാന്‍ സ്വീകരിക്കുന്നത്. നമ്മളെ യാതൊരു പരിചയവുമില്ലാത്ത ആളുകള്‍ സിനിമ കണ്ടിട്ട് സിനിമ വളരെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു അയക്കുന്ന മെസ്സജുകള്‍ക്ക് പോലും ഞാന്‍ മറുപടി കൊടുത്തിരുന്നു. കാരണം അവരുമായി ഈ സിനിമ എങ്ങനെയോ കണക്റ്റായത് കൊണ്ടാണല്ലോ അവര്‍ നമ്മളുടെ നമ്പര്‍ കണ്ടെത്തി അല്ലെങ്കില്‍ ഫേസ്ബുക്ക് ഐഡി കണ്ടെത്തി അവരുടെ സന്തോഷം അറിയിക്കുന്നത്.

https://www.azhimukham.com/film-maradona-review-by-safiyafathima/

https://www.azhimukham.com/film-maradona-review-by-aparna/


Next Story

Related Stories