TopTop
Begin typing your search above and press return to search.

ഞാനും പ്രിഥ്വിയും വ്യത്യസ്തര്‍, താരതമ്യത്തില്‍ കാര്യമില്ല; സിനിമ, ജീവിതം- ഇന്ദ്രജിത്/അഭിമുഖം

ഞാനും പ്രിഥ്വിയും വ്യത്യസ്തര്‍, താരതമ്യത്തില്‍ കാര്യമില്ല; സിനിമ, ജീവിതം- ഇന്ദ്രജിത്/അഭിമുഖം

ഇന്ദ്രജിത് മലയാള സിനിമയുടെ ഭാഗമായിട്ട് ഒന്നര പതിറ്റാണ്ടാകുന്നു. ഈ കാലയളവിനുള്ളില്‍ ഇന്ദ്രജിത് ചെയ്തിടത്തോളം വ്യത്യസ്തവും വെല്ലുവിളിയുണ്ടാക്കുന്നതുമായ കഥാപാത്രങ്ങൾ ചെയ്ത സമകാലികർ കുറവാണ്. ഈപ്പൻ പാപ്പച്ചിയും വട്ടു ജയനും വട്ടോളിയച്ചനും പോലെ പ്രേക്ഷകർ എന്നും ഓർമിക്കുന്ന റോളുകൾ ചെറിയൊരു കാലം കൊണ്ട് അദ്ദേഹം ചെയ്തു തീർത്തു. വരാനിരിക്കുന്ന ഇന്ദ്രജിത്ത് സിനിമകളും പ്രേക്ഷകർ കൗതുകത്തോടെ കാത്തിരിക്കുന്നവയാണ്. സഹോദരന്‍ പ്രിഥ്വിരാജിനൊപ്പമുള്ള ടിയാൻ, മോഹന്‍ ലാല്‍, നരകാസുരന്‍ തുടങ്ങിയ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ഇന്ദ്രജിത്, അപര്‍ണയുമായി സംസാരിക്കുന്നു...

അപര്‍ണ: ടിയാൻ എന്നൊക്കെ കണ്ടത് ആധാരമെഴുത്തിലും മറ്റുമൊക്കെയാണ്. എന്താണ് ടിയാൻ?

ഇന്ദ്രജിത്: അതു തന്നെയാണ്‌ സിനിമയിലും ഉദ്ദേശിക്കുന്നത്. മേപ്പടിയാൻ എന്നു പറയുന്നില്ലേ... കൃഷ്ണ കുമാർ - മുരളി ഗോപി ടീമിന്റെ സിനിമയാണിത്. ടിയാൻ ഒരു പാൻ ഇന്ത്യൻ സിനിമയാണ്. പൂർണമായും കേരളത്തിന് പുറത്ത്, എന്നാൽ ഇന്ത്യക്കകത്ത് ചിത്രീകരിച്ച സിനിമ. ആദ്യ പോസ്റ്ററിൽ തന്നെ ഉണ്ടായിരുന്ന ടാഗ് ലൈൻ ആയിരുന്നു, 'ഒരു ദേശത്തിന്റെ കഥ പറയുന്ന സിനിമ' എന്നത്. അങ്ങനെ ഇന്ത്യയുടെ കഥ പറയുന്ന സിനിമ എന്ന് വേണമെങ്കിൽ ടിയാനെ വിശേഷിപ്പിക്കാം. പലതരം മതങ്ങളും രാഷ്ട്രീയ പാർട്ടികളും ആചാരങ്ങളും ഒക്കെ ഉള്ള നാടാണ് ഇന്ത്യ. ജനാധിപത്യ രാജ്യം ആയിരിക്കുമ്പോഴും ആ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കുറെ കാര്യങ്ങളും നാട്ടിൽ നടക്കുന്നു. ഭൂമിക്കു വേണ്ടിയും വെള്ളത്തിനു വേണ്ടിയും ഉള്ള യുദ്ധങ്ങൾ, ഐഡന്റിറ്റിക്കു വേണ്ടിയുള്ള യുദ്ധങ്ങൾ. കേരളത്തെ സംബന്ധിച്ച് മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഗ്രാസ് റൂട്ട് ലെവൽ മുതൽ ഈ പ്രശ്നങ്ങളെ മറികടക്കുന്ന ഒരു ഐക്യം നിലനിൽക്കുന്നുണ്ട്. ഈ അവസ്ഥകളിൽ നിൽക്കുമ്പോൾ ഇന്ത്യക്ക് കേരളത്തോടും കേരളത്തിന് ഇന്ത്യയോടും പറയാനുള്ള കഥയാണ് ടിയാൻ. ഇന്ത്യക്കാരായ ഏത് കാണിക്കും ആ സിനിമയോട് ഒരു ഐക്യപ്പെടൽ സാധിക്കും എന്ന് തന്നെയാണ് കരുതുന്നത്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളും ചരിത്രവും ഐതിഹ്യവും ഒക്കെ കടന്നു വരുന്നുണ്ട് സിനിമയിൽ. അതൊക്കെ കൂടിയത് തന്നെയാണല്ലോ ഇന്ത്യൻ റിയലിസവും. പല അടരുകൾ ഉള്ള ഒരു തിരക്കഥയാണ് ടിയാന്റെത്. പലതരം ഴോണറുകളുടെ മിക്സ് ആണ് ടിയാൻ.

അപ: ട്രെയിലർ വ്യത്യസ്തവും പുതുമയുള്ളതുമാണ്. പക്ഷെ കഥാഗതിയെ പറ്റി സൂചനകൾ ഒന്നും തന്നെ തരുന്നില്ല. ട്രെയിലറിനൊപ്പം അതും ചർച്ച ആയല്ലോ...

ഇന്ദ്ര: ആ ആകാംക്ഷ നിലനിർത്തിക്കൊണ്ട് തന്നെ പ്രേക്ഷകരെ സിനിമയോട് അടുപ്പിക്കാൻ ഉദ്ദേശിച്ചു തന്നെയാണ് ആ ട്രെയിലർ കട്ട് ചെയ്തിട്ടുള്ളത്. പിന്നെ ഒറ്റയടിക്ക് ഒറ്റ ലയറിലായി പറയാവുന്ന കഥയല്ല ടിയാന്റെത്. ഒരു ചട്ടക്കൂടിൽ പ്രേക്ഷകരെ ഒതുക്കി നിർത്തി, ഇതാ ഇതാണ് കഥ എന്നൊന്നും പറയാതെ ഴോണർ മിക്സ് ആയ ഒരു സിനിമയിലേക്ക് പ്രേക്ഷകരെ എത്തിക്കാനാണ് ഞങ്ങൾ ട്രെയിലറിലൂടെയും ശ്രമിച്ചത്. ഇത്തരം ഘടകങ്ങൾക്കെല്ലാം അപ്പുറം വാണിജ്യമായ ഒരു ഘടകവും ടിയാനുണ്ട്, പ്രേക്ഷകർക്ക് കണ്ട് ആസ്വദിച്ച് ഇറങ്ങി പോരാവുന്ന ഒന്ന്. പല കഥാപാത്രങ്ങളിലൂടെ പല കാര്യങ്ങൾ സംസാരിക്കുന്ന ഒന്നായിരിക്കുമ്പോൾ തന്നെ അതും സാധ്യമാണല്ലോ.

അപ: ടിയാനിലെ കഥാപാത്രത്തെ കുറിച്ച് എന്തെങ്കിലും പറയാൻ സാധിക്കുമോ?

ഇന്ദ്ര: പട്ടാഭിരാമൻ നിർവചനാതീതമായ കഥാപാത്രമാണ്. പക്ഷെ തീർച്ചയായും ഇതുവരെ ചെയ്തതിൽ ഏറ്റവും വെല്ലുവിളി ഉയർത്തിയ കഥാപാത്രങ്ങളിൽ ഏറ്റവും മുൻനിരയിൽ ഉള്ള കഥാപാത്രമാണ്. ഒരുപാട് ഇമോഷണൽ ഗ്രാഫ് ഉള്ള കഥാപാത്രമാണ്. വിചിത്രമായ വെല്ലുവിളികൾ ഉയർത്തുന്ന നിരവധി അവസ്ഥകളിലൂടെ അയാൾ കടന്നു പോകുന്നുണ്ട്. വടക്കേ ഇന്ത്യയിൽ നടക്കുന്ന കഥ ആയതുകൊണ്ട് തന്നെ അയാൾക്ക് ആ നാടിന്റെ സ്വാധീനം എല്ലാ രീതികളിലും ഉണ്ട്. ഒരുപാട് ഹിന്ദി സംഭാഷണങ്ങൾ ഉണ്ട്. ശക്തവും തീവ്രവുമായ വൈകാരിക വിക്ഷോഭങ്ങളിൽ കൂടി അയാൾ കടന്നു പോകുന്നുണ്ട്. സിനിമ സഞ്ചരിക്കുന്നതിനോടൊപ്പം സാമൂഹ്യ, രാഷ്ട്രീയ അവസ്ഥകളിൽ കൂടിയൊക്കെ പട്ടാഭിരാമനും സഞ്ചരിക്കുന്നുണ്ട്. ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത ഒരു സിനിമ കൂടിയാണിത്.

എന്റെ കഥാപാത്രം മാത്രമല്ല, പൃഥ്വിയുടേയും മുരളിയുടെയും പദ്മപ്രിയയുടെയും ഒക്കെ കഥാപാത്രങ്ങൾ ഇങ്ങനെ വെല്ലുവിളികൾ ഉള്ളവ തന്നെയാണ്.മുരളി ഗോപിയുടെ എല്ലാ തിരക്കഥകളും കാരക്റ്റർ ഡ്രിവൺ തന്നെയാണ് എന്നതാണ് അനുഭവം. അഭിനേതാക്കൾക്ക് അത്തരം തിരക്കഥകൾ കിട്ടുന്നത് സന്തോഷമാണ്. അദ്ദേഹം ഒറ്റയടിക്ക് കഥാപാത്രങ്ങളെ നമുക്കങ്ങ് ഇട്ടു തരില്ല. ഷൂട്ട്‌ തുടങ്ങുന്നതിന് ഒരു കൊല്ലമോ ആറു മാസമോ മുന്നേ തന്നെ നമ്മുടെ കൂടെ ഇരുന്ന് കഥാപാത്രത്തിന് വേണ്ട മെറ്റീരിയൽസ് നമുക്കൊപ്പം പങ്കു വെക്കുന്ന ആളാണ്. ഷൂട്ടിങ്ങിനെത്തുമ്പോൾ തന്നെ കഥാപാത്രം എങ്ങനെ നടക്കും, എങ്ങനെ സംസാരിക്കും, എങ്ങനെ പെരുമാറും എന്നൊക്കെ അറിയാൻ പറ്റും. പട്ടാഭിരാമൻ ഓരോ രംഗത്ത് അഭിനയിക്കുമ്പോഴും ആ രംഗം മാത്രമല്ല, വലിയൊരു ഭൂതകാലം അയാളെ പിന്തുടരുന്നുണ്ട്. ആ ഭൂതകാലം ചരിത്രപരവും ആണ്. ഒരുപാട് കഷ്ട്പെട്ടു ചെയ്തു തീർത്ത കഥാപാത്രം തന്നെയാണിത്, ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നതും.

അപ: 'മോഹൻലാൽ' എന്ന സിനിമയുടെ ഷൂട്ടിങ്ങിൽ ആണല്ലോ. മലയാളത്തിൽ ഒരു താരത്തിന്റെ പേരിൽ ഇത്തരം ഒരു പരിശ്രമം ആദ്യമാണല്ലോ...

ഇന്ദ്ര: സാജിദ് യഹിയയുടെ പക്കാ എന്റെർറ്റൈനെർ ആയ ഒരു സിനിമയാണ് മോഹൻലാൽ. ലാലേട്ടന് ഒരു ട്രിബ്യൂട്ട് എന്ന മട്ടിൽ എടുത്ത ഒരു സിനിമ കൂടിയാണിത്. ഭയങ്കരമായ ഒരു മോഹൻലാൽ ആരാധികയുടെയും അവരുടെ ഭർത്താവിന്റെയും കഥയാണ് ഈ സിനിമ. മഞ്ജു വാര്യരും ഞാനുമാണ് ആ കഥാപാത്രങ്ങൾ ആകുന്നത്. അമിത ആരാധന കാരണം ഇവരുടെ ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ ഒക്കെ ഹാസ്യത്തിലൂടെ വരച്ചു കാട്ടുന്ന ഒരു സിനിമ. സറ്റയറിന്റെ നിരവധി സാധ്യതകൾ ഈ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. അതെ സമയം ലാലേട്ടന്റെ പ്രൊഫഷണൽ ജീവിതവും വളർച്ചയും ജീവിത യാത്രയും ഒക്കെ പാരലൽ ആയി പറയുന്നുമുണ്ട് സിനിമയിലൂടെ. സാന്നിധ്യം ഇല്ലെങ്കിലും ലാലേട്ടന്റെ കൂടി കഥയാണ് ഈ സിനിമ. വളരെ ഇന്‍ട്രസ്റ്റിംഗ് ആയ ഒരു ത്രെഡ് ആയി തോന്നി അത്. ദാമ്പത്യത്തിൽ ഒക്കെ ഊന്നിയ സിനിമ ആണെങ്കിലും ഒരു വലിയ താര നിര തന്നെ ഈ സിനിമയുടെ ഭാഗമായി ഉണ്ട്. ഞാനും മഞ്ജുവും മാത്രമായി മുന്നോട്ട് നയിക്കുന്ന ഒരു സിനിമ അല്ല ഇത്. സലിം കുമാർ, അജു വർഗീസ്, സൗബിൻ അങ്ങനെ നൂറോളം ആർട്ടിസ്റ്റുകൾ അണിനിരക്കുന്നു. തമാശ നിറഞ്ഞ, എല്ലാ പ്രേക്ഷകർക്കും രസിക്കുന്ന സിനിമയാണിത്. ക്രിസ്മസ് റിലീസ് ആയാണ് ഉദ്ദേശിക്കുന്നത്.

അപ: നരകാസുരൻ എന്നത് താങ്കളുടെ ആദ്യ തമിഴ് സിനിമയാണ്. കാർത്തിക് നരേന്റെ സിനിമ എന്നത് പ്രതീക്ഷയുടെ പുതിയ ടാഗ്‌ലൈൻ ആണ്..

ഇന്ദ്ര: ഞാൻ ആ തിരക്കഥ വായിച്ചു ഞെട്ടിപ്പോയി. വല്ലാത്ത ഒരു തിരക്കഥയാണ്. കാർത്തിക്ക് നരേന്റേതു തന്നെയാണ് സ്ക്രിപ്റ്റ്. ഇതുവരെ അത്തരം ഒരു ആശയം ഇന്ത്യൻ സിനിമയിൽ വന്നിട്ടുള്ളതായി അറിവില്ല. വളരെയധികം പുതുമകൾ ഉള്ള, തമിഴ് ചരിത്രം ശക്തമായി പറയുന്ന ഒന്നാണ് ആ സിനിമ. സിനിമയെ കുറിച്ചോ കഥാപാത്രങ്ങളെ കുറിച്ചോ കൂടുതൽ എനിക്കിപ്പോൾ പറയാനാവില്ല. ഒരു ഡാർക്ക് ത്രില്ലർ ആണ് ഈ സിനിമ. ത്രില്ലർ എന്ന് പറയുമ്പോൾ തന്നെ ഇത് വരെ ഉണ്ടായ ത്രില്ലറിൽ നിന്ന് വ്യത്യസ്തമായ ഒന്ന് ഉണ്ടായാലല്ലേ പ്രേക്ഷകർ സ്വീകരിക്കൂ. നരകാസുരൻ അങ്ങനെ വ്യത്യസ്തമായ ഒന്നാണ് എന്ന് ഉറപ്പാണ്. പശ്ചാത്തലവും കഥാഗതിയും വളരെ പുതുമകൾ നിറഞ്ഞതാണ്. എന്റർറ്റൈനിംഗ് ആണ്, പ്രേക്ഷകരെ കൂടെ കൊണ്ട് പോകും.

കഥാപാത്രങ്ങൾ മുന്നോട്ട് നയിക്കുന്ന ഒരു തിരക്കഥയാണിതിന്റെത്. അരവിന്ദ് സ്വാമി, ഞാൻ, സന്ദീപ് കിഷൻ എല്ലാവർക്കും ഒരേ പോലെ പ്രാധാന്യമുണ്ട്. പക്ഷെ ഹീറോ തിരക്കഥയാണ്. ഡി 16- ഉം അങ്ങനെ തന്നെ ആയിരുന്നല്ലോ. 21 വയസിൽ അങ്ങേർ ചെയ്ത സിനിമ ആണത്. നിർമാതാക്കളെ കിട്ടാതെ സ്വന്തം അച്ഛൻ പണം മുടക്കി, താരങ്ങൾക്ക് പുറകെ നടന്നു, കുറെ കഷ്ടപ്പെട്ട് അവസാനം റഹ്‌മാൻ സമ്മതിച്ചു, അങ്ങനെ കുറെ അലച്ചിലിനും അതിലേറെ പരിമിതികൾക്കും ഇടയിൽ എടുത്ത സിനിമയായിരുന്നു അത്. എന്നിട്ട് അതിമനോഹരമായി ഒരു റിസൾട്ട് ഉണ്ടാക്കി. അതിന്റെ കൂടി ഫലമായിരിക്കും, നരകാസുരൻ നിർമിക്കുന്നത് ഗൗതം മേനോൻ ആണ്. വലിയൊരു ടീമിന്റെ പിന്തുണയുണ്ട്.

തമിഴിൽ പത്തു വർഷത്തിനിടയിൽ കുറെ ഓഫറുകൾ എനിക്ക് വന്നിരുന്നു. തമിഴിൽ ഒരു സിനിമ ചെയ്തു എന്ന് പറയാൻ വേണ്ടി പോയി ഒരു സിനിമ ചെയ്യാൻ എനിക്ക് താത്പര്യമില്ല. എനിക്ക് എന്തെങ്കിലും ചെയ്യാൻ വേണം എന്ന് നിർബന്ധം ഉണ്ടായിരുന്നു. ഇവിടെ ഞാൻ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഒരു നടൻ എന്ന നിലയിൽ ആയിരുന്നു. ഏത് ഇൻഡസ്ട്രിയിൽ ചെന്നാലും അത് അങ്ങനെ തന്നെ ആവണം എന്ന് ഞാൻ കരുതി. അതിപ്പോഴാണ് ഒത്തു വന്നത്. 45 ദിവസം കൊണ്ട് ഒറ്റ ഷെഡ്യുളിൽ തന്നെ അത് തീർക്കാനാണ് പ്ലാൻ. ഊട്ടിയിലാണ് ഷൂട്ടിങ്.

അപ: ഈ പറഞ്ഞ മൂന്നു സിനിമകളും താങ്കളുടെ കഥാപാത്രങ്ങളും വെല്ലുവിളി ഉള്ളതും വ്യത്യസ്തവുമാണ് . ഈ വ്യത്യസ്തതയാണ് തുടക്കം മുതൽ ഇന്ദ്രജിത്ത് എന്ന നടന്റെ ട്രേഡ് മാർക്ക്...

ഇന്ദ്ര: അത് വളരെ നല്ല ഒരു അനുഭവമായാണ് ഞാൻ കരുതുന്നത്. എന്റെ കരിയർ എളുപ്പവഴിയിലൂടെ ഉണ്ടാക്കിയെടുത്ത ഒന്നായിരുന്നില്ല. ഞാൻ വന്ന സമയത്താണ് പൃഥ്വിയും ജയസൂര്യയും ഒക്കെ വന്നത്. പിന്നെയും കഴിവുള്ള ഒരുപാട് നടന്മാർ വന്നു. ആ സമയം ക്ഷമയോടെ കാത്തിരുന്നു. വലിയ സംവിധായകന്റെ, ബാനറിന്റെ ഒക്കെ കീഴിൽ ഹീറോ ആയി വരിക, കിട്ടുന്ന നല്ല കഥാപാത്രങ്ങൾ സ്വീകരിക്കുക എന്നീ രണ്ട് ഓപ്‌ഷനുകൾ ഉണ്ടായിരുന്നു. ഞാൻ രണ്ടാമത്തെ വഴി തെരഞ്ഞെടുക്കാൻ തീരുമാനിച്ചു. അത് കുറച്ചു കൂടി വലിയ യാത്ര ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ആ വഴിയിലൂടെ നടന്നു തുടങ്ങിയത്. ഒരു നടൻ എന്ന രീതിയിൽ എന്നെ പ്രൂവ് ചെയ്യാൻ തന്നെയാണ് ഞാൻ ആദ്യം ശ്രമിച്ചത്. സമയമെടുക്കും എന്നറിഞ്ഞു കൊണ്ട് തന്നെയായിരുന്നു ആ തീരുമാനം. എന്തോ ഭാഗ്യം കൊണ്ടാവാം കരിയറിന്റെ തുടക്കം മുതൽ തന്നെ ആ രീതിയിൽ എന്നെ തെളിയിക്കാനുള്ള കഥാപാത്രങ്ങൾ കിട്ടിക്കൊണ്ടിരുന്നു.

വളരെ വ്യത്യസ്തമായ പരീക്ഷണങ്ങൾക്കുള്ള സാധ്യതകൾ എനിക്ക് കിട്ടി. മീശ മാധവൻ എന്റെ രണ്ടാമത്തെ സിനിമയായിരുന്നു, ഏതാണ്ട് അതിനൊപ്പം തന്നെയാണ് മിഴി രണ്ടിലും ചെയ്തത്. അങ്ങനെ എല്ലാ ഘട്ടത്തിലും വ്യത്യസ്തമായ റോളുകൾ അടുപ്പിച്ചു ചെയ്യാൻ ഉള്ള ഭാഗ്യം ഒരു നടൻ എന്ന രീതിയിൽ എനിക്ക് കിട്ടിയിട്ടുണ്ട്. നടൻ എന്ന രീതിയിൽ മലയാളി പ്രേക്ഷകർ എവിടെയൊക്കെയോ എന്നെ അംഗീകരിച്ചു എന്നൊക്കെ കേൾക്കുമ്പോൾ സന്തോഷമുണ്ട്. മലയാളികളുടെ മനസ്സിൽ അങ്ങനെ കയറിപ്പറ്റൽ അത്ര എളുപ്പമല്ലല്ലോ. ഒരു നടൻ ആയി അത്തരത്തിൽ അംഗീകരിച്ചതായി പറയാറുണ്ട്. ഞാൻ ആ രീതിയിൽ വളരാൻ എല്ലാ നിമിഷവും പരിശ്രമിക്കാറുണ്ട്. ആ പരിശ്രമത്തെ സഹായിക്കുന്ന രീതിയിൽ തന്നെ ഉള്ള പ്രോജക്റ്റുകൾ കിട്ടിക്കൊണ്ടിരിക്കുന്നത് മറ്റൊരു സന്തോഷം. എന്റെ കരിയറിലെ ഏറ്റവും എക്സൈറ്റിങ് ആയ പ്രോജക്റ്റുകൾക്കിടയിലൂടെയാണ് ഞാൻ ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അവയെക്കുറിച്ചുള്ള ആകാംക്ഷകളും പ്രതീക്ഷകളുമാണ് എന്നെ ഇപ്പോൾ മുന്നോട്ട് നയിക്കുന്നത്.

അപ: അപ്പോൾ താരം എന്നതിനേക്കാൾ ഒരു നടൻ എന്ന നിലയിലാണോ ആദ്യം മുതൽ ചിന്തിച്ചു കൊണ്ടിരുന്നത്?

ഇന്ദ്ര: താരമാകുക എന്നത് വേറെ ഒരു ആസ്‌പെക്റ്റിൽ ഉള്ള കാര്യമല്ലേ. അതിനെക്കുറിച്ച് അങ്ങനെ ചിന്തിച്ചിട്ടില്ല. ചിന്തിച്ചിട്ട് മുന്നോട്ട് പോകുക എന്നതും സാധ്യമല്ല. ജയം, തോൽവി, സ്റ്റാർഡം ഒക്കെ പിന്നീട് എപ്പോഴോ സംഭവിക്കുന്ന റിസൾട്ടുകൾ ആണ് എന്ന് ഞാൻ കരുതുന്നു. ഏത് തൊഴിൽ സ്ഥലങ്ങളിലും ജയവും തോൽവിയും ഒക്കെ പിന്നീട് സംഭവിക്കുന്ന കാര്യങ്ങളാണ്. സിനിമ അനിശ്ചിതത്വങ്ങളുടെ തൊഴിൽ മേഖല കൂടിയാണല്ലോ. നാളെ സിനിമ ഉണ്ടാവുമോ വിജയിക്കുമോ എന്നൊന്നും നമുക്ക് അറിയില്ല. ഗാംബ്ലിങ്ങിന്റെ ഏതൊക്കെയോ തലങ്ങൾ ആ രീതിയിൽ സിനിമയിൽ ഉണ്ട്. നമ്മുടെ കയ്യിൽ നിൽക്കാത്ത ഒന്നാണത്. ഇന്നുകളിൽ നിൽക്കുക, ഇഷ്ടപ്പെട്ട തിരക്കഥകളെ സ്വീകരിക്കുക, ചെയ്യുന്ന കഥാപാത്രത്തിൽ പൂർണമായും സമർപ്പിതമാകുക ഇതിലൊക്കെയാണ് ഞാൻ ശ്രദ്ധിക്കാറുള്ളത്. ബാക്കി ഒക്കെ സംഭവിക്കുന്നത് മറ്റു കുറെ ഘടകങ്ങളെ ആശ്രയിച്ചാണ്. ഒരു പത്തു വർഷം മുന്നേ ഉണ്ടായിരുന്ന ഇന്ദ്രജിത് അല്ല ഇപ്പോൾ ഉള്ള ഇന്ദ്രജിത്. ഒരു പത്തു വർഷം ഇനിയും കഴിയുമ്പോൾ ഇന്ദ്രജിത് എന്ന നടന് ഇനിയും മാറ്റങ്ങൾ സംഭവിക്കാം. ഞാൻ ഇപ്പോഴും ഒരു നടൻ എന്ന രീതിയിൽ എന്നെ തന്നെ ചലഞ്ച് ചെയ്യാറുണ്ട്. ഇപ്പോഴും എന്നെ വീണ്ടും കണ്ടെത്താൻ ശ്രമിക്കാറുണ്ട്. പുതുതായി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്നു. അതിനു സഹായകരമായ സിനിമകൾ ചെയുന്നു. സ്റ്റാർഡം അതിനിടയിൽ ഉണ്ടോ ഇല്ലയോ എന്ന ചിന്ത ഇല്ല. ശരി, എന്നാൽ നാളെ മുതൽ ഞാൻ ഒരു സ്റ്റാർ ആയേക്കാം എന്നൊന്നും വിചാരിക്കാൻ ആവില്ലല്ലോ. അത് വരും പോലെ വരട്ടെ എന്നാണ് ഞാൻ കരുതുന്നത്.

അപ: ബാഹുബലി തീയറ്ററിൽ എത്തിയ സമയത്ത് താങ്കൾ അഭിനയിച്ച ലക്‌ഷ്യം അടക്കം നിരവധി മലയാള സിനിമകൾ റിലീസ് ആയിരുന്നു. മലയാളം ചെറിയ ഒരു ഇൻഡസ്ട്രി ആണല്ലോ... അതിനിടയിൽ വലിയ സിനിമകൾ വരുമ്പോൾ നമ്മുടെ നാട്ടിലെ തന്നെ ചില നല്ല സിനിമകൾ പ്രേക്ഷകർക്ക് ആഗ്രഹിച്ചാലും കാണാൻ പറ്റാത്ത അവസ്ഥ വരാറുണ്ട്. ഒരു നടൻ എന്ന രീതിയിലും ഈ മേഖല ഉപജീവനത്തിനായി സ്വീകരിച്ച ആൾ എന്ന നിലയിലും ഇതിനെ എങ്ങനെ കാണുന്നു?

ഇന്ദ്ര: ലക്ഷ്യത്തിന്റെ കാര്യം എന്ന രീതിയിൽ എടുത്തുപറയുന്നില്ല എങ്കിലും ഈ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. ചെറിയ സിനിമകൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്, ചിലതൊക്കെ അർഹിക്കുന്ന വിജയം കിട്ടാതെ പോകുന്നു. ലക്‌ഷ്യം ഇവിടുത്തെ തീയറ്ററിൽ ഒരു ദിവസം പോയി കണ്ടിരുന്നു. അന്ന് നല്ല ആളും ഉണ്ടായിരുന്നു. പിറ്റേന്ന് എവിടെയും ഇല്ല. ലക്ഷ്യത്തിലും ചെറിയ തോതിൽ നിർമിക്കുന്ന നല്ല സിനിമകളുടെ ഗതി എന്താവും അപ്പോൾ? സിനിമ എന്ന ഇന്‍ഡസ്ട്രിക്കും കലയ്ക്കും പ്രേക്ഷകരിൽ എത്താതെ നിലനിൽപ്പ് ഇല്ലല്ലോ. 'വലിയ' സിനിമകൾ വരുമ്പോൾ പല 'ചെറിയ' സിനിമകൾക്കും തീയറ്ററുകൾ കിട്ടുന്നില്ല എന്നത് ഒരു യാഥാർഥ്യമാണ്. സിനിമയുടെ എണ്ണം വളരെ കൂടുതലും തീയറ്ററുകളുടെ എണ്ണം വളരെ കുറവുമാണ് നമ്മുടെ നാട്ടിൽ. അതെ സമയം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലെ വലിയ സിനിമകളോടൊന്നും കിടപിടിക്കാൻ നമ്മുടെ ചെറിയ സിനിമകൾക്ക് പറ്റി എന്ന് വരില്ല. പിന്നെ ഇതിനെ മറികടന്ന് നമ്മുടെ നാട്ടിലെ സിനിമാ വ്യവസായത്തെ രക്ഷിക്കാൻ തീയറ്ററുകളും മനസ് വെക്കണം. തമിഴ്നാട്ടിൽ തമിഴ് റിലീസ് വരുമ്പോൾ അവർ ഹിന്ദിക്കോ മറ്റു ഭാഷകൾക്കോ കൊടുക്കുന്നതിലും കൂടുതൽ ഇടം ആ സിനിമക്ക് കൊടുക്കും, അല്ലെങ്കിൽ ഈക്വൽ സ്പേസ് എങ്കിലും കൊടുക്കും. അങ്ങനെ അല്ലേ ഒരു വ്യവസായത്തെ താങ്ങി നിർത്തുക. കന്നഡ ഇൻഡസ്ട്രിയിൽ ഒരു കാലത്ത് ഇത്തരം ഒരു പ്രശ്നം ഉണ്ടായിരുന്നു. നഗര പരിസരത്ത് അന്യഭാഷാ ബിഗ് ബജറ്റ് സിനിമകൾ മാത്രമാണ് റിലീസ് ചെയ്തിരുന്നത്. ഒരുപാട് പ്രയത്നിച്ച് അവർ ആ മേഖലയെ തിരിച്ചു പിടിച്ചു. ചെറിയ സിനിമകൾക്ക് പോലും ഇടം കൊടുത്ത് അവർ ആ പ്രശ്നം പരിഹരിച്ചു.

മലയാളം ഇൻഡസ്ട്രി ആ പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. വലിയ അന്യഭാഷാ റിലീസുകൾക്ക് മുന്നിൽ ചെറിയ മലയാളം സിനിമകൾ ഇല്ലാതാവുന്നു. നല്ല രീതിയിൽ ഓടുന്ന സിനിമകൾ പോലും ഈ പറഞ്ഞ വലിയ സിനിമകൾക്ക് വേണ്ടി എടുത്തു മാറ്റപ്പെടുന്നുണ്ട്. തീയറ്റർ ഇൻഡസ്ട്രി ഒരു വ്യവസായം ആണെന്നതിനെ മാനിക്കുന്നു. പക്ഷെ അതിനും മുകളിലാണ് സിനിമ. സിനിമ ഉള്ളതു കൊണ്ടാണെല്ലോ തീയറ്ററുകളും നമ്മളും ഒക്കെ അതിജീവിക്കുന്നത്. ഈ രീതിക്ക് മാറ്റം വരുത്തേണ്ടതാണ്. ഉത്സവകാലത്തൊക്കെ മലയാളത്തിനും അന്യഭാഷകൾക്കും ഒരു പോലെ റിലീസ് ഉണ്ടാവും. അന്യഭാഷാ സിനിമകൾക്കൊക്കെ വലിയ തീയറ്ററുകൾ കിട്ടുക, നമ്മുടെ സിനിമകൾ പ്രേക്ഷകർ ഇഷ്ടപ്പെട്ടാലും ഇല്ലാതാവുക എന്നൊക്കെ ഉള്ള അവസ്ഥ സർക്കാർ സഹായത്തോടെ തന്നെ മാറ്റം വരുത്തേണ്ടതാണ്. എല്ലാത്തിനെയും ഉൾക്കൊള്ളാൻ തക്കവണ്ണം തീയറ്ററുകൾ ഉണ്ടാവുക എന്നതും അനിവാര്യമാണ്. മലയാള സിനിമയെ പിന്തുണക്കാൻ നമുക്കല്ലേ പറ്റൂ...

അപ: സോഷ്യൽ മീഡിയ സിനിമക്ക് നല്ലതോ മോശമോ ആയ സ്വാധീനം ഉണ്ടാക്കിയതായി അറിയുമോ?

ഇന്ദ്ര: സോഷ്യല്‍ മീഡിയ നല്ലതും മോശവുമായി പലപ്പോഴും സ്വാധീനിച്ചിട്ടുണ്ട്. അതിപ്പോൾ നമ്മുടെ ഉപയോഗ രീതിയും തിരഞ്ഞെടുക്കുന്ന രീതിയും ഒക്കെ അനുസരിച്ചിരിക്കും. ചില സന്ദർഭങ്ങളിൽ സിനിമയിലേക്ക് നേരിട്ട് ഒരു റീച് അതിനു കിട്ടും. പക്ഷെ സോഷ്യൽ മീഡിയയ്ക്കപ്പുറം ഒരു നല്ല സിനിമ അതിജീവിക്കും, എന്നാല്‍ ഏത് ഹൈപ്പിനു ശേഷവും നല്ലതല്ലാത്ത സിനിമ അതിജീവിക്കില്ല. ഇപ്പോഴും സിനിമ കാണുന്ന 50 ശതമാനത്തിലേറെ കാണികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നില്ല. അല്ലെങ്കിൽ സജീവമായി കാണുന്നില്ല. അവർ വരുന്നു, ടിക്കറ്റ് എടുക്കുന്നു, സിനിമ കാണുന്നു. സിനിമ വിജയിക്കാനും പരാജയപ്പെടാനും കുറെ കാരണങ്ങൾ വേറെ ഉണ്ട്. മൗത്ത് പബ്ലിസിറ്റി മറ്റൊരു കാരണമാണ്. പക്ഷെ നമ്മൾ നേരത്തെ പറഞ്ഞ തീയറ്റർ വിഷയം പോലുള്ള പ്രശ്നങ്ങൾ സിനിമയെ വളരെ നേരിട്ട് ബാധിക്കും.

അപ: താങ്കളും പ്രിത്വിയും മുഖ്യധാരാ നടന്മാരാണ്. കുടുംബത്തിൽ എല്ലാവരും ക്യാമറയ്ക്കു മുന്നിൽ നിന്നവർ. സ്വന്തം ഇടം നേടിയപ്പോഴും താരതമ്യങ്ങൾ കൊണ്ട് ആൾക്കാർ പുറകെ വരുന്നുണ്ടോ?

ഇന്ദ്ര: അത്തരത്തിൽ താരതമ്യങ്ങൾ ആൾക്കാർ നടത്താറുണ്ടാവാം ചിലപ്പോൾ. ഞാൻ ശ്രദ്ധിക്കാറില്ല. പക്ഷെ ഞങ്ങൾ തികച്ചും വ്യത്യസ്തരായ നടന്മാരാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞങ്ങൾ ഇവിടെ എത്തിയത് മുതൽ ആ വ്യത്യസ്തത നിലനിൽക്കുന്നുണ്ട്. അവൻ അവന്റെ രീതിയിലും ഞാൻ എന്റെ രീതിയിലും യാത്ര ചെയ്യുന്നു. വളർച്ചയുടെ ഘട്ടങ്ങൾ, വഴികൾ ഒക്കെ വേറെയാണ്. അഭിനേതാക്കൾ എന്ന രീതിയിലും തികച്ചും വിഭിന്നരാണ് ഞങ്ങൾ. നേരിട്ട് വന്ന് ആരാണ് നല്ലത് എന്ന താരതമ്യം പറഞ്ഞിട്ടില്ല. ഇനി നടത്തിയാലും അതിൽ അർത്ഥമില്ല എന്നാണ് എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളത്. സുകുമാരന്റെ മകൻ എന്ന നിലയിൽ സിനിമയിൽ നിൽക്കുന്ന കാര്യം ആണെങ്കിൽ ഒരാൾക്കും എളുപ്പത്തിൽ നിലനിന്ന് പോകാവുന്ന ഒരു മേഖല അല്ല ഇത്. ഒരു കാലത്ത് അത്യാവശ്യം അറിയപ്പെടുന്ന ഒരാളുടെ മക്കൾക്ക് സിനിമ മേഖലയിലേക്ക് ഉള്ള എൻട്രി എളുപ്പമായേക്കാം.

എനിക്കും പൃഥ്വിക്കും ചെറുപ്പത്തിൽ സിനിമാ ലൊക്കേഷനിൽ പോയിരുന്ന് ആ മേഖലയിൽ ഉള്ളവരെ നല്ല പരിചയം ഉണ്ട്. അവർക്ക് ഞങ്ങളുടെ മുഖം നല്ല പരിചിതമായ ഒന്നായിരുന്നു. പിന്നെ സ്കൂളിലും കോളേജിലും നാടകത്തിലും മറ്റും ഞങ്ങൾ അഭിനയിച്ചിരുന്നു. ഒരു ഡോക്ടറുടെ മകന് ആ മേഖലയിലെ കാര്യങ്ങളെ കുറിച്ചൊക്കെ നല്ല പരിചയം ഉണ്ടാകും. എൻട്രി ആ നിലയിൽ എളുപ്പമാക്കാം, ഒന്നോ രണ്ടോ പടം ചെയ്യാം. പക്ഷെ അതിജീവനം കഠിനാധ്വാനവും സമർപ്പണവും അങ്ങനെ കുറെ കാര്യങ്ങളെ മാത്രം ആശ്രയിച്ചിരിക്കുന്നതാണ്. ഇത് എളുപ്പമുള്ള ഒരു തൊഴിൽ മേഖല അല്ല. ശാരീരിക, മാനസിക പിരിമുറുക്കങ്ങൾ നിരവധി ഉണ്ടാവും എന്ന ഉറപ്പിൽ മാത്രമേ ഇവിടെ നില്ക്കാൻ ആവൂ. നിരന്തര ശ്രദ്ധ, കഠിനാധ്വാനം, മനക്കട്ടി, കഴിവ് ഒക്കെ ഒരു പോലെ എന്നും ഡിമാൻഡ് ചെയുന്ന ഒരു ഇൻഡസ്ട്രി ആണിത്. പിന്നെ മലയാളി പ്രേക്ഷകർ വളരെ ബുദ്ധിപരമായും വിമർശനാത്മകമായും സിനിമയെ സ്വീകരിക്കുന്നവരാണ്. ഇവിടെ നിരന്തരം നമ്മളെ പ്രൂവ് ചെയ്യാതെ നിലനിൽക്കാൻ, പാരമ്പര്യം കാരണമാകും, സഹായിക്കും എന്നൊക്കെ കരുതുന്നത് മണ്ടത്തരമാണ്.

അപ: മകളിലൂടെ അടുത്ത തലമുറ കൂടി സിനിമയിലെത്തുന്നു...

ഇന്ദ്ര: അത് യാദൃശ്ചികമായി സംഭവിച്ചതാണ്. ഒരു ദിവസം മുരളിയും കൃഷ്ണകുമാറും വീട്ടിലിരുന്ന് കാസ്റ്റിങ്ങിനെ കുറിച്ച് സംസാരിച്ചിരിക്കുമ്പോൾ മകൾ സ്കൂൾ വിട്ട് കയറിവന്നു. അപ്പോൾ മുരളി പെട്ടന്ന് ചോദിച്ചു, എന്നാൽ നമുക്ക് അവളെക്കൊണ്ടു തന്നെ ആ വേഷം ചെയ്യിച്ചൂടെ എന്ന്. അപ്പോൾ ഞാനും ഓർത്തു അത് ശരിയാണെന്ന്. അവൾക്കും അത് പുതിയ അനുഭവമാകുമല്ലോ. അങ്ങനെ ചെറിയ ഒരു റോൾ ചെയ്തു. പക്ഷെ അവളിൽ കലയുടെ അംശങ്ങൾ ഉണ്ടെന്നു തോന്നുന്നു. പെർഫോർമർ ആണ് അവൾ. ഒന്നും പറയാറായില്ല.

അപ: കൂടെ വന്ന നടന്മാർ ഒക്കെ സ്വന്തമായി പ്രൊഡക്ഷൻ ഹൌസ്, സംവിധാനം അങ്ങനെ മറ്റു പല പരീക്ഷണങ്ങളിലേക്കും കടക്കുന്നുണ്ട്. അങ്ങനെ ഒരു പദ്ധതി ഉണ്ടോ?

ഇന്ദ്ര: തീർച്ചയായും. എനിക്ക് പരിചയമുള്ള, അടുത്തറിയാവുന്ന എന്തെങ്കിലും ചെയ്യാം എന്ന ആത്മവിശ്വാസം ഉള്ള ഒരേ ഒരു മേഖല സിനിമയാണ്. ഭാവിയിൽ പ്രൊഡക്ഷൻ കമ്പനി എന്റെ വലിയ പ്ലാൻ ആണ്. സിനിമ സംവിധാനം ചെയുക എന്നതും എന്റെ ഭാവി പദ്ധതിയാണ്. പക്ഷെ അടുത്ത നിമിഷം ചെയ്യാൻ പോകുന്നു എന്നല്ല, രണ്ടും ചെയ്യണം എന്ന തീരുമാനം ഉണ്ട്. ഒറ്റയടിക്ക് ആ വഴിക്കു പോകുക എന്നത് എളുപ്പമല്ല. ചെയ്യാൻ ഉള്ള ശരിയായ സമയം കാത്തിരിക്കുന്നു.

അപ: ചുരുങ്ങിയ കാലം കൊണ്ട് തന്നെ പലതരം ഴോണറിലും ഉള്ള സിനിമകൾ ചെയ്ത നടൻ ആണ് താങ്കൾ. ചെയ്യാൻ ആഗ്രഹമുള്ളതും ബുദ്ധിമുട്ടുള്ളതും ആയ യോണർ ഏതൊക്കെയാണ്

ഇന്ദ്ര: കോമഡി ആണെങ്കിൽ ജനങ്ങളെ ചിരിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ. ഏത് ഇമോഷനും നമ്മൾ ആഗ്രഹിക്കുന്ന അളവിൽ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് ഒട്ടും എളുപ്പമായ കാര്യമല്ലല്ലോ. അണ്ടർപ്ളേ ചെയുക എന്നത് വളരെ അധികം ബുദ്ധിമുട്ടി എത്തിക്കാൻ ശ്രമിക്കുന്ന ഒന്നാണ്. വട്ടു ജയനെ പോലെ ഒരു കഥാപാത്രം എടുത്തു നോക്കിയാൽ, അയാൾ ഒരുപാട് സംഘർഷങ്ങൾ ഉള്ള, പാസ്ററ് എപ്പോഴും വേദനിപ്പിക്കുന്ന ഒരാളാണ്. പക്ഷെ ഇതൊക്കെ കണ്ണിലൂടെ മാത്രമായിരിക്കും അയാൾ അത് പറയുന്നത്. എനിക്ക് ഇഷ്ടം ഒരുപാട് തയ്യാറെടുപ്പുകൾ നടത്തി ചെയ്യുന്ന റോളുകൾ ആണ്. ഒരുപാടിരുന്ന് കുഞ്ഞു കുഞ്ഞു ഡീറ്റയിലിങ് കൂടി ശ്രദ്ധിച്ചു ചെയ്ത, ചെയ്യുന്ന സിനിമകൾ എനിക്ക് ഇഷ്ടമാണ്. പുതിയ കുറെ കാര്യങ്ങൾ പഠിച്ച്, തയ്യാറെടുത്ത്, കുറെ പരിശ്രമിച്ചു ചെയ്യുന്ന റോളുകൾ എന്നെ എപ്പോഴും ത്രില്ലടിപ്പിക്കാറുണ്ട്. ആ കഥാപാത്രം ആകും വരെയുള്ള ഓരോ പ്രോസസിനെയും ഞാൻ ആസ്വദിക്കുന്നു. കുറെ കാര്യങ്ങൾ പഠിക്കുന്നു. ഏത് ഴോണറില്‍ ഉള്ള കഥാപാത്രം ആയാലും ആ കഥാപാത്രത്തിൽ മാത്രം മുഴുകിയുള്ള യാത്രയെ, പഠനങ്ങളെ ആണ് എനിക്ക് ഇഷ്ടം, അതാണ് എന്റെ ഏറ്റവും വലിയ വെല്ലുവിളി.


Next Story

Related Stories