TopTop
Begin typing your search above and press return to search.

My Story സംവിധായിക റോഷ്നി ദിനകറിനു പറയാനുള്ളത്/അഭിമുഖം

My Story സംവിധായിക റോഷ്നി ദിനകറിനു പറയാനുള്ളത്/അഭിമുഖം

മൈ സ്റ്റോറി ആണ് മോളിവുഡിലെ ഇപ്പോഴത്തെ സംസാര വിഷയം. പാർവതി എന്ന നടിയിൽ കേന്ദ്രീകരിച്ച ചർച്ചയിൽ അതിനപ്പുറം നിൽക്കുന്ന കുറെ പേരുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട പേര് റോഷ്നി ദിനകറിന്റേതാണ്. റോഷ്നി എന്ന നവാഗതയാണ് മൈ സ്റ്റോറിയുടെ സംവിധായിക. കര്‍ണാടക സർക്കാരിന്റെ അവാർഡ് നേടിയ ഇന്ത്യയിലെ തന്നെ മികച്ച കോസ്റ്റ്യൂം ഡയറക്റ്റർമാരിൽ ഒരാൾ. തന്റെ കന്നി സംവിധാന സംരംഭത്തെ പറ്റിയും സിനിമാ സ്വപ്നങ്ങളെയും സങ്കൽപ്പങ്ങളെയും പറ്റി റോഷ്നി ദിനകർ, അപര്‍ണയുമായി സംസാരിക്കുന്നു.

എന്താണ് 'മൈ സ്റ്റോറി'?

മൈ സ്റ്റോറി ഒരു റൊമാന്റിക്ക് കോമഡിയാണ്. ഒരു ഫീൽ ഗുഡ് ലവ് സ്റ്റോറി. ആർക്കു വേണമെങ്കിലും റിലേറ്റ് ചെയ്യാവുന്ന ഒരു സ്റ്റോറിയാണത്. ചെറിയ സന്തോഷങ്ങൾ, ദുഃഖങ്ങള്‍... ഇതിലൂടെയാണല്ലോ എല്ലാവരും ജീവിതത്തിൽ മുന്നോട്ട് പോകുന്നത്. മൈ സ്റ്റോറിയും അങ്ങനെയൊക്കെ തന്നെയാണ്. ക്യൂട്ട് ആയ, സുന്ദരമായ, ലളിതമായ ഒരു പ്രണയകഥ എന്ന് പറയാം ആ സിനിമയെ എന്ന് തോന്നുന്നു.

എങ്ങനെയാണ് പൃഥ്വിരാജ് - പാർവതി കോംബിനേഷനിൽ എത്തുന്നത്?

ആദ്യ ഘട്ടം മുതലേ പൃഥ്വിരാജ് ഈ സിനിമയുടെ ഭാഗമാണ്. കഥ തീരുമാനിക്കുന്ന കാലം മുതൽ എന്ന് തന്നെ പറയാം. ഞാൻ, ശങ്കർ രാമകൃഷ്ണൻ, അരുൺ നാരായണൻ, പൃഥ്വിരാജ്; ഈ നാല് പേരാണ് സിനിമയുടെ കഥ തീരുമാനിക്കുന്ന ഘട്ടം മുതൽ ഒന്നിച്ചുണ്ടായിരുന്ന ഇന്റഗ്രൽ പാർട്ട് ആണ് പൃഥ്വി. സിനിമയുടെ ഇത്രയുമുള്ള വളർച്ചയിൽ പൃഥ്വിയുടെ സപ്പോർട്ട് വളരെ വളരെ വലുതാണ്. എല്ലാ നിർണായക ഘട്ടങ്ങളിലും പൃഥ്വിയുടെ സഹകരണം ഉണ്ടായിരുന്നു. അത് കഴിഞ്ഞ ഒരു ഘട്ടത്തിലാണ് പാർവതി വരുന്നത്. കഥാപാത്രങ്ങളെ കുറിച്ച് ആലോചിച്ചു മുന്നോട്ട് പോയപ്പോൾ, ഈ സിനിമയിലെ വളരെ ശക്തമായ ഒരു കഥാപാത്രമാണ് പാർവതിയുടേത്. വളരെ സ്ട്രെങ്ത് ഉള്ള ഒരു പെർഫോമൻസ് ആ കഥാപാത്രം ആവശ്യപ്പെടുന്നുണ്ട്. അതെന്താണ് എന്ന് കൂടുതൽ വെളിപ്പെടുത്താൻ എനിക്കിപ്പോൾ പറ്റില്ല. സിനിമ ഇറങ്ങിക്കഴിഞ്ഞ് കണ്ടു മനസിലാക്കേണ്ട ഒന്നാണത്. ഒരു നോൺ ലീനിയർ പ്രസന്റേഷൻ ആണ് സിനിമയുടേത്. അങ്ങനെയൊരു പ്രെസന്റേഷനിൽ, കഥാപാത്രത്തിന്റെ സ്ട്രെങ്ത് അറിഞ്ഞു പെർഫോം ചെയ്യുന്ന നടിമാരെ ഓർത്തപ്പോളാണ് പാർവതി മനസ്സിൽ വന്നത്. അങ്ങനെ അവരോടു കഥ പറഞ്ഞു. വളരെ ചൂസി നടിയായിട്ടും ഭാഗ്യവശാൽ അവർക്ക് ആ സ്ക്രിപ്റ്റ് വളരെ ഇഷ്ടപ്പെട്ടു. അങ്ങനെയാണ് അവർ മൈ സ്റ്റോറിയിൽ എത്തുന്നത്.

പോർച്ചുഗലിൽ ഒരു സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിക്കുക എന്നത് മലയാള സിനിമയിൽ അപൂർവമായി സംഭവിക്കുന്ന കാര്യമാണ്. എന്താണ് അങ്ങനെയൊരു തീരുമാനത്തിന് പിന്നിൽ? എന്തൊക്കെയായിരുന്നു അനുഭവങ്ങൾ...

വളരെ നല്ല അനുഭവങ്ങളാണ് അവിടുത്തെ ഷൂട്ടിംഗ് തന്നത്. ഞങ്ങൾ 31 ദിവസം അവിടെ ഷൂട്ട് ചെയ്തു. ഇത് സിനിമയുടെ 80 ശതമാനത്തോളം വരും. 13 വ്യത്യസ്ത സ്ഥലങ്ങളിൽ വെച്ചായിരുന്നു ചിത്രീകരണം. ഇപ്പോൾ നമ്മൾ കണ്ട പാട്ടും അവിടത്തെ ഒരു ബീച്ചിനടുത്തു വെച്ച് ഷൂട്ട് ചെയ്തതാണ്. വളരെ മനോഹരമായ ഒരു നഗര പ്രാന്ത പ്രദേശമാണത്. ആ പാട്ടിലെ ദൃശ്യങ്ങൾ കുറെ പേർക്കൊക്കെ ഇഷ്ടപ്പെട്ടു എന്നാണ് വിശ്വസിക്കുന്നത്. ഇങ്ങനെ തന്നെയാണ് 13 സ്ഥലങ്ങളിലെയും ഷൂട്ടിങ് അനുഭവങ്ങൾ. പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായിരുന്നു. കൊടുംതണുപ്പായിരുന്നു, മഞ്ഞുണ്ടായിരുന്നു... മൈനസ് ഡിഗ്രി വരെ എത്തിയ അവസ്ഥകൾ ഉണ്ടായിരുന്നു. പക്ഷെ എന്നാലും അത് മികച്ച അനുഭവമായിരുന്നു. ചെയ്യണം എന്ന് കരുതിയ കാര്യങ്ങൾ എല്ലാം തന്നെ ചെയ്യാൻ പറ്റി. ഒന്നും മാറ്റി വെക്കേണ്ടി വന്നില്ല. ഭാഷാ പ്രശ്നം ഒന്നും ഉണ്ടായില്ല. അവിടത്തെ ഭൂരിഭാഗം പേരും ഇംഗ്ലീഷ് സംസാരിക്കുന്നവരാണ്. പിന്നെ നമ്മുടെ മേശ, കസേര ആ വാക്കുകളുടെ ഒക്കെ ഉത്ഭവം അവിടെ നിന്നല്ലേ... ഭക്ഷണവും നമ്മുടെ മലബാറി രീതികളുമായി നല്ല സാമ്യമുണ്ട്. സിനിമയുടെ മറ്റൊരു ഷെഡ്യൂൾ കൂടി പോർച്ചുഗലിൽ ഉണ്ട്. മാർച്ചിൽ സിനിമ റിലീസ് ആവും.

പിന്നെ എന്ത് കൊണ്ട് പോർച്ചുഗൽ എന്ന് ചോദിച്ചാൽ... സിനിമയ്ക്ക് ഏതു ഫോറിൻ ലൊക്കേഷനും ഓക്കേ ആയിരുന്നു. പക്ഷെ ഇന്ത്യൻ സിനിമകളെ എടുത്തു നോക്കിയാൽ അത്രയൊന്നും എക്‌സ്‌പ്ലോർ ചെയ്യാത്ത ഒരു ലൊക്കേഷൻ ആണ് പോർച്ചുഗൽ. സ്വിറ്റ്‌സർലൻഡ് പോലുള്ള കുറെ സ്ഥലങ്ങൾ നമ്മൾ പല ഇന്ത്യൻ സിനിമകളിലും പല കാലത്തും കണ്ടു മടുത്തതാണ്. ആ ഒരു ഫ്രഷ്‌നെസ്സ് കാണികളെ രസിപ്പിക്കുമെന്നും സിനിമയുടെ ആമ്പിയൻസിലേക്കു കൊണ്ട് പോകുമെന്നും പ്രതീക്ഷയുണ്ട്. എഡിറ്ററും ഡബ്ബും ഒക്കെ കഴിഞ്ഞ ഭാഗങ്ങൾ കാണുമ്പോൾ അത് ഗുണം ചെയ്തു എന്ന് തന്നെ തോന്നുന്നു.

പതിനഞ്ചു വർഷമായി ഇൻഡസ്ട്രയിൽ ഉണ്ട്. സംവിധാനം പക്ഷെ പുതിയ അനുഭവമാണ്. എന്തൊക്കെയായിരുന്നു ആദ്യ സിനിമ ചെയ്യുമ്പോൾ ഉള്ള വെല്ലുവിളികൾ...

അങ്ങനെ ആ അനുഭവത്തെ വെല്ലുവിളി എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നില്ല. വെല്ലുവിളി ഇവിടെ തെറ്റായ പ്രയോഗമാണെന്നു ഞാൻ കരുതുന്നു. എന്നെ സംബന്ധിച്ച് ഇത് ഒരു സ്വപ്നത്തിനു പുറകെ പോകലാണ്. അങ്ങനെ പോകുമ്പോൾ വെല്ലുവിളികളൊന്നും വെല്ലുവിളികളായി തോന്നാറില്ല. ഒരു സംഭവം കിട്ടാൻ വേണ്ടി നമ്മൾ നടത്തുന്ന ശ്രമങ്ങൾ നിത്യജീവിതത്തെ തന്നെ കൂടുതൽ മനോഹരമാക്കി എന്നാണ് തോന്നിയത്‌. അത് ഒരിക്കലും ഒരു വെല്ലുവിളിയാണ്, ജീവിതത്തിൽ സംഭവിച്ച ഏറ്റവും സുന്ദരമായ കാര്യങ്ങളിൽ ഒന്നാണ്. ക്രിയേറ്റിവിറ്റിയുമായി ബന്ധപ്പെട്ട എന്തും ഡിവൈൻ ആണെന്ന് ഞാൻ വിശ്വസിക്കുന്നു. ഡിവിനിറ്റി പെട്ടന്നൊരാൾക്കു ലഭിക്കുന്ന കാര്യമല്ലല്ലോ... ആ ഡിവിനിറ്റി കിട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായേ ഞാൻ ഫിലിം മേക്കിങ്ങിനെ കാണുന്നുള്ളൂ.

http://www.azhimukham.com/prithviraj-against-movie-misogyny-malayalam-film-cs-chandrika/

പോപ്പുലർ സിനിമയിൽ, മലയാളത്തിൽ വനിതാ സംവിധായകർ കുറവാണ്. അങ്ങനെ ഒരിടത്തു വന്നിരിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുള്ള അനുഭവങ്ങൾ ഉണ്ടായിരുന്നോ...

ഏയ്... അങ്ങനെയൊന്നുമില്ല. നമ്മൾ തന്നെ ബാരിയർ ബിൽഡ് അപ്പ് ചെയ്യരുത് എന്ന് മാത്രമേ ഉള്ളു. ആരാണ് നമ്മളെ തടയുന്നത്... അല്ലെങ്കിൽ ആർക്കാണ് അങ്ങനെ ആരെയെങ്കിലും തടയാനാവുക... നമ്മുടെ ഏറ്റവും വലിയ ബ്ലോക്ക് നമ്മുടെ തന്നെ മെന്റൽ ബ്ലോക്ക് ആണ്. മറ്റൊരാൾക്ക് നിങ്ങളുടെ ക്രിയേറ്റിവിറ്റിയെ തടയാനാവില്ല. ഈ ഇന്‍ഡസ്ട്രി ഒരുപാട് വലുതാണ്. നമ്മൾ ഒരിക്കലും നമ്മളെ നിർവചിക്കുകയോ ചുരുക്കുകയോ ചെയ്യരുത്. നമുക്കറിയില്ലാത്ത ഒന്നും നിലനിൽക്കുന്നില്ല എന്ന വിശ്വാസമാണ് തെറ്റ്. അത് നമുക്കറിയില്ല എന്നത് നമ്മുടെ പരിമിതിയാണ്, അതിന്റെയല്ല. അങ്ങനെയാണ് എനിക്ക് എന്റെ പതിനഞ്ചു കൊല്ലത്തെ സിനിമാ അനുഭവങ്ങളിൽ നിന്ന് തോന്നിയിട്ടുള്ളത്

കോസ്റ്റ്യൂം ഡിസൈനിങ്ങിൽ നിന്ന് സംവിധാനത്തിലേക്ക്... തികച്ചും വ്യത്യസ്തമായ അനുഭവമല്ലേ?

നമ്മുടെ ശരീരം എന്നത് പല ഭാഗങ്ങൾ കൂടിച്ചേർന്നു ഉണ്ടാവുന്ന ഒന്നല്ലേ... അത് പോലെ തന്നെ സിനിമയും പൂർണമാകുന്നത് അതിന്റെ എല്ലാ ഡിപ്പാർട്മെന്റും ചേരുമ്പോളാണ്. ഏത് ഡിപ്പാർട്മെന്റിൽ ആയാലും നിങ്ങൾ ഈ ഇൻഡസ്ട്രിയുടെ ഭാഗമാണ്. ഫിലിം മേക്കിങ് എന്ന പ്രോസസ്സ് മനസിലാക്കാൻ എന്നെ ഈ അനുഭവങ്ങൾ ഒരുപാട് സഹായിച്ചിട്ടുണ്ട്. നമ്മൾ അറിയാതെ തന്നെ, പലതും പഠിക്കുന്ന പോലെ ആണ് ഇപ്പോൾ തോന്നുന്നത്. നമ്മൾ കാണുന്നു, ആ ഫിലിം മേക്കിങ് പ്രോസസ്സിലൂടെ കടന്നു പോകുന്നു. വ്യത്യസ്തരായ മേക്കേഴ്സിനൊപ്പം ജോലി ചെയ്യുന്നു... മനഃപൂർവം പഠിക്കാൻ ശ്രമങ്ങൾ ഒന്നും നടത്തിയില്ല. പല ജോലികൾ ചെയ്യുന്നതിനിടക്ക് പുതിയ പാഠങ്ങൾ വന്നു കൊണ്ടേ ഇരുന്നു. അങ്ങനെ വ്യത്യസ്തമായ ഒന്ന് എന്ന് സിനിമയിലില്ല, നിങ്ങൾ ഒരേ സിനിമയുടെ വ്യത്യസ്ത ഡിപ്പാർട്ട്മെന്റുകളിൽ ജോലി ചെയ്യുന്നു . ഈ എല്ലാ ഡിപ്പാർട്മെന്റും ഒന്നിച്ചു ഒരുപോലെ ജോലി ചെയ്താലേ വിജയിച്ച ഒരു സിനിമ ഉണ്ടാവൂ.

പിന്നെ കോസ്റ്റ്യൂം ഡിപ്പാർട്മെന്റ് സിനിമയിൽ നിന്ന് മാറി നിൽക്കുന്ന ഒന്നാണെന്ന് തോന്നുന്നില്ല. നമുക്ക് സ്ക്രിപ്റ്റും കഥാപാത്രങ്ങളും ഒക്കെ ശരിയായി അറിഞ്ഞാലല്ലേ ജോലി ചെയ്യാൻ പറ്റൂ. അവരുടെ മാനറിസങ്ങൾ, അവരെ ചിത്രീകരിക്കുന്ന രീതി ഒക്കെ അറിഞ്ഞാലേ കോസ്റ്റ്യൂം ഡിപ്പാർട്മെന്റിന് സ്വന്തം ജോലി വൃത്തിയായി ചെയ്യാൻ പറ്റൂ... ഇവിടെ എങ്ങനെയാണെന്നറിയില്ല. പക്ഷെ ഞാൻ ഡിസൈനിങ്ങിൽ ജോലി ചെയ്തിരുന്നപ്പോൾ സ്ക്രിപ്റ്റ് ചോദിക്കുമായിരുന്നു. കഥാപാത്രങ്ങളെ മനസിലാക്കിയാൽ മാത്രമേ അവർ എങ്ങനെയൊക്കെയായിരിക്കണം കാണാൻ എന്ന് നമുക്ക് തീരുമാനിക്കാൻ പറ്റൂ.

ബോളിവുഡിലും സാൻഡൽവുഡിലും ഒക്കെ വർക്ക് ചെയ്തിട്ടുണ്ട്. ഇപ്പോൾ മലയാളത്തിലും... ഈ ഇന്‍ഡസ്ട്രികൾ തമ്മിൽ പ്രകടമായ വ്യത്യാസങ്ങൾ തോന്നിയിട്ടുണ്ടോ?

ഒരർത്ഥത്തിൽ എല്ലാ ഇന്‍ഡസ്ട്രിയും ഒരുപോലാണ്. 200 പേരോളം അല്ലെങ്കിൽ അതിൽ കൂടുതൽ പേർ ഒരൊറ്റ സിനിമയുടെ ഭാഗമായി ജോലി ചെയ്യുന്നുണ്ട്. അവരെല്ലാം ഒരു പോലെ സിനിമയ്ക്ക് വേണ്ടി പ്രയത്നിക്കുന്നവരാണ്. ഒരേ പ്രോസസിലൂടെ എല്ലാവരും കടന്നു പോകുമ്പോളാണ് സിനിമ ഉണ്ടാകുന്നത്. ശാരീരികമായും മാനസികമായും നമ്മുടെ എനർജി മൊത്തം കൊടുത്താണ് ഒരു സിനിമ ഉണ്ടാക്കുന്നത്. ലൈറ്റ് ബോയ് ആവട്ടെ കോസ്റ്റ്യൂം ഡിപ്പാർട്മെന്റ് ആവട്ടെ, ആർട്ട് ഡിപ്പാർട്മെന്റ് ആവട്ടെ ടെക്‌നീഷ്യന്മാരാവട്ടെ സംവിധായകരാവട്ടെ എല്ലാവരും ഒരൊറ്റ പ്രോജക്റ്റിനു വേണ്ടിയാണ് ജോലി ചെയ്യുന്നത്. സമയം കൊടുത്താണ് അവരെല്ലാം ജോലി ചെയ്യുന്നതും. ആ സമയത്തിനു വലിയ വില കൊടുക്കുന്നു ഞാൻ. ആ തരത്തിൽ നോക്കുമ്പോൾ എല്ലാ ഇന്‍ഡസ്ട്രിയും ഒരുപോലാണ് എനിക്ക്.

തമാശ സിനിമയിലെ ഗാനരംഗവുമായി ഇപ്പോൾ പുറത്തു വന്ന ഗാനരംഗത്തിനു സാമ്യമുണ്ടെന്ന് പലരും ആരോപിക്കുന്നു...

എനിക്ക് ഇപ്പോളും അതിന്റെ സാമ്യം ഒട്ടും മനസിലായിട്ടില്ല. ഈ പറയുന്നത് കേട്ട് ഞാനും തമാശയിലെ പാട്ട് വീണ്ടും കണ്ടു നോക്കി. ഒരേ ടീം തന്നെയാണ് രണ്ടു പാട്ടും കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. അറിയാതെയെങ്കിലും സാമ്യം വന്നോ എന്നറിയാനാണ് ഞാൻ നോക്കിയത്. ഒറ്റ സിംഗിൾ സ്റ്റെപ്പ് പോലും സിമിലർ ആയി ഇല്ലല്ലോ... മൂഡ് ഓഫ് ദി സോങ് ചിലപ്പോൾ സാമ്യമുണ്ടാവും. പിന്നെ ഇത് ഒരിക്കലും തമാശയുടെ റീമേക്കും അല്ല. ഞാൻ എന്റെ ജീവിതത്തിൽ ഒരിക്കലും ഒരു റീമേക്ക് ചെയ്യില്ല എന്ന് തീരുമാനിച്ച ആളാണ്. നിങ്ങൾക്ക് ക്രിയേറ്റ് ചെയ്യാൻ ഒത്തിരി പുതിയ കാര്യങ്ങൾ ഉള്ളപ്പോൾ എന്തിനാണ് ഒരു റീമേക്ക് ചെയ്യുന്നത്. വെറുതെ ഓരോന്ന് പറയുമ്പോൾ ഇത്രയും പേരുടെ ഹാർഡ് വർക്ക് ആണെന്നെങ്കിലും ഓർക്കണം.

വളരെ വിചിത്രമാണ് ഈ പാട്ടിനെ ചുറ്റിപ്പറ്റിയുണ്ടായ മറ്റു വിവാദങ്ങളും

എന്ത് പറയാനാണ്... ആൾക്കാർ ചെയ്യുന്നത് ചെയ്യട്ടെ. നിങ്ങൾ കണ്ടിട്ടില്ലേ... അതുപോലെ കേരളം മൊത്തം അത് കാണുന്നുണ്ട്. പിന്നെ ഒരാൾ എന്തെങ്കിലും ചെയ്യുന്നതിന് അയാളുടേതായ കാരണം ഉണ്ടാവുമല്ലോ. അയാളുടെ ശരി എന്റെ ശരി ആവണമെന്നില്ല. ഡിസ്‌ലൈക്ക് അടിക്കുന്നത് അയാളുടെ ശരി. അയാൾക്ക് അത് ചെയ്യാനുള്ള റൈറ്റിനെ ഞാൻ മാനിക്കുന്നു. പക്ഷെ അതെന്റെ നോട്ടത്തിൽ ശരിയല്ല എന്ന് മാത്രം. പിന്നെ മമ്മൂട്ടിയുടെ യഥാർത്ഥ ആരാധകർ ഇങ്ങനെ ചെയ്യുമോ... ഞാൻ കരുതുന്നില്ല. അദ്ദേഹത്തെ നേരിട്ടറിയാം... അദ്ദേഹത്തിന്റെ പേര് ചീത്തയാക്കാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നവർ ശ്രമിക്കുമോ... ഇത്ര വർഷം പൊതുജീവിതം ഇത്രയും നന്നായി ജീവിച്ച ഒരാളെ ആരാധനയോടെ പിന്തുടരുന്നവരുടെ രീതി അല്ല ഇത് എന്ന് തോന്നുന്നു.

ഇത് സിനിമയെ ബാധിക്കും എന്ന ഭയമുണ്ടോ?

ഞാൻ കാണികളെ അങ്ങനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യുന്നില്ല. അവർക്ക് നല്ലത് കൊടുക്കാൻ കഴിഞ്ഞാൽ അവർ സ്വീകരിക്കും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അതിൽ മാത്രമാണ് ഞാൻ ശ്രദ്ധിക്കുന്നത്. സിനിമയെ എങ്ങനെ മികച്ചതാക്കാം എന്നത് മാത്രമാണ് ഞാൻ ശ്രദ്ധിക്കുന്നത്. ഞാൻ സിനിമ ഉണ്ടാക്കാൻ ശ്രമിക്കുന്നത് കാണികളുടെ ഭാഗത്തു നിന്നാണ്, അല്ലാതെ ഫിലിം മേക്കർ ആയല്ല. പിന്നെ ദിവസക്കൂലിക്കൊക്കെ പല മേഖലകളിൽ ജോലി ചെയ്യുന്ന ആൾക്കാർ ഉള്ള നാടാണ് നമ്മുടേത്. ഇങ്ങനെ കിട്ടുന്നതിന്റെ ഒരു പകുതി കൊടുത്ത് കുടുംബവുമായി സിനിമ കാണാൻ എത്തുന്ന ആൾക്കാരുണ്ട്. അങ്ങനെയുള്ള ആളുകള്‍ക്ക് എന്റെ സിനിമയ്ക്ക് പൈസ മുടക്കാൻ തോന്നുന്നതാണ് എന്റെ വിജയം. ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു, ഭൂരിഭാഗം ആൾക്കാരും ആ രീതിയിൽ ഉള്ളവരാണ്. പിന്നെ നിങ്ങൾ നിങ്ങളുടെ വിലപ്പെട്ട സമയവും പണവും എന്റെ സിനിമ കാണാൻ ചിലവഴിക്കുന്നുണ്ടെങ്കിൽ ഞാൻ നിങ്ങൾക്ക് മികച്ച ഒരു ഓഡിയോ വിഷ്വൽ അനുഭവം തിരിച്ചു തരാൻ ബാധ്യസ്ഥയാണ്‌. അത് നല്കാനാണ് എന്റെ ശ്രമം.

http://www.azhimukham.com/cinema-dislike-campaign-against-prithvi-parvathy-movie-mystory/

കൂവും, സിനിമ ബഹിഷ്ക്കരിക്കും എന്നൊക്കെ പറയുന്നവർ ഉണ്ട്...

അങ്ങനെ തീയേറ്ററിലിരുന്നു കൂവുന്നവരെ നമുക്ക് നിയന്ത്രിക്കാൻ പറ്റില്ലല്ലോ... ഒന്നും ചെയ്യാൻ പറ്റില്ല. അതുകൊണ്ട് തന്നെ മാർച്ചിൽ ഇങ്ങനെയൊക്കെ സംഭവിക്കും എന്നോർത്ത് ഞാന്‍ ദു:ഖിക്കൊന്നുന്നുമില്ല. എന്റെ വർക്ക് നല്ലതാണെങ്കിൽ, അതിൽ കലർപ്പില്ലെങ്കിൽ വിജയമുണ്ടാകും എന്ന് കരുതുന്നു. അതിൽ പരാജയപ്പെടാതിരിക്കാൻ ശ്രമിക്കുന്നു. പിന്നെ ഇത് എന്റെ കയ്യിലുള്ള കാര്യമല്ല. കൂകേണ്ടവർ അതാണ് ശരിയെന്നു കരുതുന്നുന്നുണ്ടെങ്കിൽ കൂവട്ടെ. കൂവാതിരുന്നാൽ സന്തോഷം, കൂവിയേ തീരൂ എന്നുണ്ടെങ്കിൽ അതും നടക്കട്ടെ.

പിന്നെ, ഈ സിനിമയുടെ ഭാഗമായ ഒരു വ്യക്തി 'മൈ സ്റ്റോറി'യുമായി യാതൊരു ബന്ധവുമില്ലാത്ത വിഷയത്തിൽ പറഞ്ഞ അഭിപ്രായത്തിന് ഇത്രയും പേരുടെ അധ്വാനത്തെ ഇങ്ങനെ പറയുന്നതിൽ തീർച്ചയായും വിഷമമുണ്ട്. ഷാൻ റഹ്‌മാൻ ആണ് സംഗീത സംവിധായകൻ. ഒറ്റക്കിരുന്നു പാട്ടൊക്കെ ചെയ്യുന്നു. വളരെ കഷ്ടപ്പെട്ട് ഞങ്ങളുടെ കൂടെ ജോലി ചെയ്തു. ആ ലെവലിൽ ഷൂട്ട് ചെയ്തു കൊണ്ട് വന്നു. ഇത് ഒക്കെ വിചിത്രമാണ് എന്ന് മാത്രം.

http://www.azhimukham.com/cinema-parvathy-talks-scroll-sexism-malayalam-cinema-industry/

ഈ അനുഭവം ഏതെങ്കിലും തരത്തിൽ ഇവിടെ തുടർന്ന് നില്ക്കാൻ ഭയം ഉണ്ടാക്കുന്നുണ്ടോ?

ഏയ്, ഒരിക്കലുമില്ല. എന്റെ അടുത്ത പടം അനൌണ്‍സ് ചെയ്തു കഴിഞ്ഞു. മെറ്റമോർഫോസിസ് എന്നാണ് അതിന്റെ പേര്. നാല് ദക്ഷിണേന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലും ആയാണ് ചെയ്യുന്നത്. മൂന്നുപേർ ഒരേ അനുഭവത്തിലൂടെ കടന്നു പോകുന്നത് ഒക്കെയാണ് മൂലകഥ... താരനിർണ്ണയം നടന്നു വരുന്നേ ഉള്ളു... സിങ്ക് സൗണ്ട് അടക്കം ഉപായോഗിക്കുന്ന പരീക്ഷണ സിനിമയാണ്. ഒരു ഇമോഷണൽ ജേർണി എന്ന്പറിയാം. കഥാഗതിയെ പറ്റി കൂടുതൽ പറയുന്നില്ല. എന്തായാലും സിനിമകളുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം.

https://www.azhimukham.com/film-year-end-malayalam-cinema-industry-and-wcc-fight-against-misogyny-patriarchy-by-dhanya/

http://www.azhimukham.com/prithviraj-sukumaran-facebook-fans-azhimukham/


Next Story

Related Stories