TopTop
Begin typing your search above and press return to search.

ഞാന്‍ കഥകള്‍ മോഷ്ടിക്കുന്നത് ചുറ്റുമുള്ള മനുഷ്യരില്‍ നിന്നാണ്: രഞ്ജിത് ശങ്കര്‍ /അഭിമുഖം

ഞാന്‍ കഥകള്‍ മോഷ്ടിക്കുന്നത് ചുറ്റുമുള്ള മനുഷ്യരില്‍ നിന്നാണ്: രഞ്ജിത് ശങ്കര്‍ /അഭിമുഖം

രാമന്റെ ഏദൻ തോട്ടം രഞ്ജിത് ശങ്കറിന്റെ എട്ടാമത്തെ സിനിമയാണ്. ആദ്യ സിനിമ പാസഞ്ചർ മുതലുള്ള എട്ടു വർഷങ്ങളിൽ ഇവിടെ പരിക്കുകൾ അധികം ഏൽക്കാതെ നിലനിൽക്കുന്ന ഒരാളാണദ്ദേഹം. പലപ്പോഴും ഫീൽഗുഡ് സിനിമകളുടെ പുതുതലമുറ വക്താവായി പ്രേക്ഷകർ രഞ്ജിത്ത് ശങ്കറെ അടയാളപ്പെടുത്തുന്നുണ്ട്. രഞ്ജിത് ശങ്കറുമായി അപര്‍ണ സംസാരിക്കുന്നു, രാമന്റെ ഏദൻ തോട്ടത്തെ കുറിച്ച്, തന്റെ സിനിമാ യാത്രകളെ കുറിച്ച്...

അപര്‍ണ: രാമന്റെ ഏദൻ തോട്ടത്തിലെ മാലിനി എന്ന കഥാപാത്രത്തിന്റെ ഇൻട്രോ ടീസർ നല്ല ജനപ്രീതി നേടി. നായികക്ക് മാത്രമുള്ള റ്റീസർ മലയാളത്തിൽ അപൂർവ്വതയാണ്....

രഞ്ജിത് ശങ്കര്‍: ഇറക്കി കഴിഞ്ഞ ശേഷമാണ് അങ്ങനെയൊക്കെ ശ്രദ്ധിക്കുന്നത്. അപൂര്‍വമായാണ് അങ്ങനെ എന്നൊന്നും ഓർത്തില്ല. ഒരിക്കലും വ്യത്യസ്തമാകാൻ വേണ്ടി ചെയ്തതല്ല. സിനിമയെ ആൾക്കാർക്കു പരിചയപ്പെടുത്താൻ ആണല്ലോ നമ്മൾ ട്രെയിലറുകൾ ഒക്കെ ഇറക്കുന്നത്. മാലിനി മാത്രമുള്ള ട്രെയിലറും അത്തരത്തിൽ ഉള്ള ഒന്നാണ്. മാലിനിയിലൂടെയും കൂടിയാണ് ഈ സിനിമയിലെ ആശയങ്ങളും മറ്റും ചർച്ച ചെയ്യുന്നത്. നായകനായ രാമനോളം തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണ് മാലിനി. ഇതിൽ മാലിനി ജീവിതത്തെ കുറിച്ചൊക്കെ പറയുന്ന കാര്യങ്ങൾ സിനിമയുടെ എസൻസ് തന്നെയാണ്. സിനിമ മുന്നോട്ടു വെക്കുന്ന ആശയങ്ങൾ അതിലുമുണ്ട്. ജീവിതം വളരെ ലളിതമാണ്, വെറുതെ കോംപ്ലിക്കേറ്റഡ് ആക്കണ്ട എന്നൊക്കെ ഉള്ള സംഭാഷണങ്ങൾ ഉദാഹരണം. ഈ ആശയങ്ങൾ ഒരു ട്രെയിലർ രൂപത്തിൽ ആക്കി എന്നേ ഉള്ളൂ. പ്രേക്ഷകർക്ക് സിനിമ പരിചിതമാക്കുക്ക എന്ന ഉദ്ദേശം തന്നെയായിരുന്നു. മറ്റെല്ലാം യാദൃശ്ചികമായി സംഭവിച്ചതാണ്.

അപര്‍ണ: മാലിനിയായി അനു സിത്താരയെ പ്രേക്ഷകർ ഇപ്പോൾ തന്നെ ഇഷ്ടപ്പെടുന്നുണ്ട്. അവരെ കണ്ടെത്തുന്നത്?

രഞ്ജിത്: വല്ലാതെ ഡിമാൻഡിങ് ആയ ഒരു റോൾ ആണ് നായികയുടേത്. നായകനോളം തന്നെ അവർക്കും ചെയ്യാനുണ്ട്. സിനിമയുടെ ആദ്യ ഘട്ടത്തിലൊന്നും നായികയെ തീരുമാനിച്ചിരുന്നില്ല. ആദ്യം മുതൽ എനിക്ക് തോന്നിയിരുന്നു പുതിയ ഒരു ഫേസ്, ഒരു ഫ്രഷ്‌നെസ് ഉണ്ടെങ്കിലേ ആ കഥാപാത്രം വിജയിക്കൂ എന്ന്. പക്ഷെ കഥാപാത്രത്തിന്റെ ആഴം കൊണ്ട് എസ്റ്റാബ്ലിഷ്ഡ് ആയ ഒരു നായികയെ വിളിച്ചാലോ എന്നും തോന്നി. കുറെ പേരോട് സംസാരിച്ചു, പലർക്കും ഇഷ്ടവുമായി. പക്ഷെ അതൊന്നും നടന്നില്ല. എനിക്ക് ഒരു തൃപ്തി വരാതെയും ചിലർ ഒക്കെ ഒഴിവായി. അപ്പോഴും പുതുമുഖം എന്ന ആശയം മനസ്സിൽ തന്നെ നിന്നു. കുറെ പുതുമുഖങ്ങളെ കണ്ടു. പക്ഷെ എനിക്ക് ഈ റോൾ കൊടുക്കാൻ കോൺഫിഡൻസ് തോന്നുന്ന ആരും മുന്നിൽ വന്നില്ല. അനു സിത്താര എന്ന നടിയിലേക്കും അങ്ങനെ ഒരു യാത്ര പോയതാണ്. കാണുംവരെ എനിക്ക് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. വേണ്ട എന്നും തോന്നിയിരുന്നു. വളരെ പോളൈറ്റ് ആയി ഒരു നോ പറയാൻ ആണ് ഞാൻ പോകുന്നത്. ശരിയാവില്ല എന്ന ഉറച്ച ബോധ്യത്തിലാണ് പോകുന്നത്. പക്ഷെ അവരെ കണ്ടതും എനിക്ക് ഫീൽ ചെയ്തു, ഇത് മാലിനി ആണല്ലോ എന്ന്. അനു മേക്ക് അപ്പ് ഒക്കെ ഇട്ട് തന്നെയാണിരുന്നത്. എന്നിട്ടും അവർ ആ കഥാപാത്രത്തെ ശരിക്കും ഉൾക്കൊള്ളും എന്നെനിക്കു തോന്നി. ഡയലോഗ് ഒക്കെ അവർ പറഞ്ഞ രീതിയും മറ്റും പൂർണമായും ഓക്കേ ആയി തോന്നി. സ്ക്രിപ്റ്റ് പോലും അറിയാതെ അത് ചെയ്തപ്പോൾ തന്നെ നന്നായിരുന്നു. തിരിഞ്ഞു നോക്കുമ്പോൾ വളരെ നല്ല തീരുമാനം ആയി തോന്നി. ബാക്കി പറയേണ്ടത് പ്രേക്ഷകർ ആണ്, ട്രെയിലറുകളിലും ഒക്കെയുള്ള ഇഷ്ടം സിനിമ മുഴുവൻ കാണുമ്പോഴും ഉണ്ടാവട്ടെ.

അപര്‍ണ: എന്താണ്, എവിടെയാണ് രാമന്റെ ഏദൻ തോട്ടം ?

രഞ്ജിത്: ഞാനീ കഥ ആദ്യമായി ആലോചിക്കുന്നത് പാസഞ്ചർ ചെയ്ത സമയത്ത് നെല്ലിയാമ്പതിയിലേക്ക് കുടുംബത്തോടൊപ്പം ടൂർ പോയപ്പോഴാണ്. അന്ന് ഞാൻ കൊച്ചിയിലെ സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. എറണാകുളത്ത് നഗരത്തിന്റെ തിരക്കിലാണ് ഞാൻ കുറെ കാലമായി ഉണ്ടായിരുന്നത്. അവിടെ എത്തിയപ്പോൾ തന്നെ നമ്മൾ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ മിസ് ചെയ്യുന്നുണ്ടല്ലോ എന്ന് തോന്നി. പ്രകൃതി, പ്രകൃതിയുമായുള്ള സഹവാസം ഒക്കെ... അതിനോടൊക്കെ പൂർണമായും ഡിസ്കണക്റ്റഡ് ആയിട്ടാണല്ലോ നമ്മൾ ജീവിക്കുന്നത്. അവിടെ നിന്നും മമ്പാറയിലേക്കു ഒരു ജീപ്പ് ഡ്രൈവ് പോയി. ആ യാത്രയിൽ ജീപ്പ് ഡ്രൈവറോട് സംസാരിച്ച കുറെ കാര്യങ്ങളുണ്ട്. അവിടെ നിന്നാണ് രാമൻ എന്ന കഥാപാത്രത്തിന്റെ തുടക്കം. വർഷങ്ങൾ കുറെ കഴിഞ്ഞ് ഈ സിനിമ എടുക്കാൻ തുടങ്ങിയപ്പോളും ജീപ്പ് ഓടിക്കുന്ന രാമന്റെ ദൃശ്യം സിനിമയിൽ ഉണ്ട്. കാലവും കഥയും മാറിയെങ്കിലും ചില എലെമെന്റ്സ് മനസ്സിൽ മാറാതെ നിൽക്കും. അത് പോലെ റിസോർട്ടിന്റെ ഓണറും അന്നു മുതൽ മനസിലുണ്ട്. നെല്ലിയാമ്പതിയിൽ വച്ച് അതിന്റെ സ്വാഭാവികതയിൽ സിനിമ ചെയ്യാനുള്ള ആഗ്രഹം അന്ന് മുതൽ മനസിലുണ്ട്.

രണ്ടു തരത്തിലുള്ള സിനിമകൾ ആവും അവിടെ ഷൂട്ട് ചെയ്യാൻ പറ്റുക എന്നെനിക്ക് തോന്നി. ഒന്ന് ഹൊറർ സിനിമയും മറ്റൊന്ന് റൊമാന്റിക് സിനിമയും. എന്റെ ഹൊറർ ഫിലിം ഐഡിയ ഞാൻ ചെയ്ത പ്രേതം പോലുള്ളതാണ്. കാടിന് നടുവിൽ നിൽക്കുന്ന പ്രേതം ഒക്കെ ക്‌ളീഷേ ആണ്. പേടിപ്പിക്കാനുള്ള അന്തരീക്ഷം ഏത് നഗരത്തിലും ഉണ്ടാക്കിയെടുക്കാം. റിയൽ ആണേൽ ഫ്ലാറ്റിൽ വച്ചും അത് നമുക്ക് ഉണ്ടാക്കാം. പിന്നെയാണ് റൊമാൻസ് എന്നെ ഴോണറിലേക്ക് എത്തുന്നത്. ആദ്യമായി ഈ ജീപ്പ് ഡ്രൈവറെ, റിസോർട്ട് ഓണറെ ഒക്കെ കണ്ട ശേഷം ഞാൻ പാലക്കാട് വഴി പോകുമ്പോൾ എല്ലാം നെല്ലിയാമ്പതിയിലേക്കു പോകാറുണ്ട്. മൂന്നു മണിക്കൂറിലധികം ഡ്രൈവ് ചെയ്ത പോകുന്നത് ഇവരെ കാണാനും അവിടെയൊക്കെ ഇരിക്കാനും ആണ്. ശരിക്കും പറഞ്ഞാൽ ചെയ്യാൻ വല്ലാതെ പേടി തോന്നിയ ഒരു സിനിമ കൂടി ആയിരുന്നു രാമന്റെ ഏദൻ തോട്ടം. സിനിമയെ കൂടുതൽ മനസിലാക്കിയതൊക്കെ ആയിരുന്നു അതിനു കാരണം. പ്രേതം പോലെയൊക്കെ ഒരു സിനിമ എടുക്കുമ്പോൾ നമുക്കറിയാം അത് ആൾക്കാർ കുറച്ചൊക്കെ സ്വീകരിക്കാൻ സാധ്യത ഉണ്ട് എന്ന്. പല കാരണങ്ങൾ കൊണ്ടും ഈ സിനിമയെ പറ്റി അങ്ങനെ യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല.

അപര്‍ണ: അതെന്തു കൊണ്ടാണ് അങ്ങനെ ഒരു ഭയം

രഞ്ജിത്: വളരെ മെച്വർഡ് ആയ മനുഷ്യരുടെ റൊമാൻസ് ഇതിന്റെ ഒരു പ്രാധാന തീമാണ്. 40 വയസു കഴിഞ്ഞ ഒരു മനുഷ്യന്റെ പ്രണയമാണ് ഈ സിനിമയുടെ ഒരു കഥ. ബന്ധങ്ങളെ അത്തരത്തിൽ കുറച്ചു കൂടിയൊക്കെ സീരിയസ് ആയി അനലൈസ് ചെയ്യാനുള്ള ശ്രമം ഒക്കെ നടത്തിയിട്ടുണ്ട്. 40 വയസ്സിലെ പ്രണയം 20 വയസ്സിലെ പ്രണയം പോലെ പറയാൻ എളുപ്പമല്ലല്ലോ. അത് 20 വയസിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒന്നാണ്. നമ്മൾ ഒരു 20 കൊല്ലം കൂടി സഞ്ചരിച്ചാണല്ലോ 40 വയസിൽ എത്തുന്നത്. അപ്പോൾ ഒരു വ്യക്തിയെ കുറച്ചു കൂടി മനസിലാക്കാനും ഫിസിക്കൽ അപ്പിയറൻസിനപ്പുറം അയാളെ തിരിച്ചറിയാനും പ്രണയിക്കാനും സ്നേഹിക്കാനും ഒക്കെ പറ്റുന്ന ഒരവസ്ഥയിൽ ചിലർക്ക് എത്തിച്ചേരാൻ പറ്റും. അതിനെ കുറിച്ചൊക്കെയാണ് ഈ സിനിമ സംസാരിക്കുന്നത്. അങ്ങനെ ഒരു വാണിജ്യ സിനിമ ചെയ്യുമ്പോൾ അത് ഏത് രീതിയിൽ സ്വീകരിക്കപ്പെടും, എങ്ങനെ കാഴ്ചക്കാർ അതിനെ ഉൾക്കൊള്ളും എന്നൊക്കെയുള്ള സംശയങ്ങൾ ഉണ്ട്. പിന്നെയും പല സാഹചര്യങ്ങൾ കൊണ്ട് ഈ സിനിമ ഞാൻ നീട്ടി വെച്ചു കൊണ്ടേയിരുന്നു, പ്രേതം കഴിഞ്ഞപ്പോൾ എനിക്ക് പെട്ടന്ന് തോന്നി, ഞാൻ അത് ഉടൻ ചെയ്യണം എന്ന്. ഇപ്പോൾ ചെയ്തില്ലെങ്കിൽ അത് ഒരിക്കലും ചെയ്യില്ല എന്ന്. അങ്ങനെയാണ് ഈ സിനിമ ഉണ്ടാവുന്നത്.

അപര്‍ണ: നെല്ലിയാമ്പതിയെ ഉൾക്കൊണ്ട സിനിമ ഷൂട്ട് ചെയ്തത് പക്ഷെ, മറ്റു പല ഇടങ്ങളിലുമാണ്...

രഞ്ജിത്: കുറച്ചു കാലങ്ങൾക്കിപ്പുറം ഞാൻ ലൊക്കേഷൻ നോക്കാൻ നെല്ലിയാമ്പതിയിൽ ആ പഴയ സ്ഥലങ്ങളിൽ തന്നെയാണ് ആദ്യമായി എത്തിയത്. പക്ഷെ ആ സ്ഥലങ്ങൾ ഇപ്പോൾ കണ്ടപ്പോൾ എനിക്ക് വലിയ നിരാശ ഉണ്ടായി. അവിടെ ഭയങ്കര മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. കുറെ റോഡുകൾ വന്നു. പഴയ കാട്ടുവഴിയിൽ പഞ്ചനക്ഷത്ര ഹോട്ടൽ വന്നു. ചില കാട്ടുവഴികളേ ഇല്ലാതായി. അവിടെ ഒരിക്കലും ഈ കഥ ഷൂട്ട് ചെയ്യുന്നത് ആലോചിക്കാൻ പറ്റുമായിരുന്നില്ല. വളരെ വ്യത്യസ്തമായ രണ്ടു ലോകങ്ങളിൽ ജീവിക്കുന്ന ആൾക്കാർ ആണ് നായകനും നായികയും. ഈ വൈരുധ്യത്തിന് ഫിസിക്കൽ അന്തരീക്ഷം ഒരു വലിയ ഘടകമാണ്. ഒരാൾ കാടിന് ഉള്ളിൽ ജീവിക്കുന്നു, മറ്റൊരാൾ തീർത്തും നഗരജീവിയാണ്; അതൊരിക്കലും ഇന്നത്തെ നെല്ലിയാമ്പതിയിൽ വച്ച് പറയാൻ പറ്റില്ല. ആ വൈരുദ്ധ്യങ്ങളെ ഉൾക്കൊള്ളാൻ പറ്റില്ല. എന്നോട് ബിജിപാൽ ആണ് വാഗമണ്ണിനുള്ളിൽ ഒരു സ്ഥലം ഉണ്ടെന്ന് പറയുന്നത്. കേരളത്തിനകത്തും പുറത്തും കുറെ സ്ഥലങ്ങൾ നോക്കി അലഞ്ഞിട്ടുണ്ട് ഞാൻ. വാഗമൺ പക്ഷെ ചിന്തയിൽ വന്നില്ല. എനിക്ക് വേണ്ടിയിരുന്നത് ടാറിടാത്ത മൺവഴികളും കാടുകളും പാമ്പു വളരാവുന്ന ഇടങ്ങളും അരുവികളും കുന്നുകളും ഒക്കെ ആയിരുന്നു. ഒട്ടും പ്രാഥമിക സൗകര്യമില്ലാത്ത താമസസ്ഥലങ്ങൾ വേണമായിരുന്നു. പല ലൊക്കേഷനിൽ ഷൂട്ട് ചെയ്യാം എന്നൊക്കെ വിചാരിച്ചിരിക്കുമ്പോൾ ആണ് വാഗമണ്ണിൽ എത്തുന്നത്. ടൂറിസ്റ്റ് സ്ഥലം ആയതുകൊണ്ട് ഇതൊന്നും അവിടെ ഉണ്ടാവില്ല എന്നൊക്കെ കരുതിയാണ് പോയത്. ശരിക്കും എല്ലാം ഒത്തിണങ്ങിയ, ഒരു സെറ്റ് ഇട്ട പോലെ ഞങ്ങളെ വാഗമൺ കാത്തിരിക്കുന്നു എന്നൊക്കെയാണ് അവിടെ പോയപ്പോൾ എനിക്ക് തോന്നിയത്. നെല്ലിയാമ്പതി കണ്ട നിരാശ മുഴുവൻ മാറി ഒരു ആത്മവിശ്വാസം തോന്നിയത് അങ്ങനെയാണ്. നല്ല രീതിയിൽ ഉണ്ടാവാൻ വിധിക്കപ്പെട്ട ഒരു സിനിമ ആണിതെന്ന് അങ്ങനെ പെട്ടെന്ന് വാമണ്ണിൽ എത്തിയപ്പോൾ എനിക്ക് തോന്നി.

അപര്‍ണ: അസിസ്റ്റന്റും ഒന്നുമായി പ്രവർത്തിക്കാതെ നേരെ സംവിധാന രംഗത്തേക്ക് കടന്ന ഒരാളാണ് താങ്കൾ. അത് ഒരിക്കലും എളുപ്പമല്ലല്ലോ. എങ്ങനെ ആണത് സംഭവിച്ചത്?

രഞ്ജിത്: ഞാൻ ബേസിക്കലി എഴുതുന്ന ഒരാൾ ആണെന്നാണ് വിശ്വസിക്കുന്നത്. മിനിസ്‌ക്രീനിൽ തിരക്കഥ എഴുതിയിരുന്നു. പാസ്സഞ്ചറിന്റെ സ്ക്രിപ്റ്റ് എഴുതിയ സമയത്ത് അത് സംവിധാനം ചെയ്യാൻ ആരുമില്ലായിരുന്നു. പിന്നെ കുറെ കാലം കഴിഞ്ഞപ്പോൾ അത് ആ രൂപത്തിൽ സിനിമ ആവണമെങ്കിൽ ഞാൻ തന്നെ ചെയ്യേണ്ടി വരും എന്ന തിരിച്ചറിവിൽ നിന്നാണ് ആ പണിക്ക് ഇറങ്ങിത്തിരിച്ചത്. ആറു വർഷം നീണ്ട ഒരു ശ്രമം ആയിരുന്നു അത്. അതിലേക്ക് നയിച്ചത് നമ്മുടെ മനസിലുള്ള ആശയം ഒരു സിനിമയായി മാറണം എന്ന ആഗ്രഹം തന്നെയായിരുന്നു. അതിനെ പാഷൻ എന്നൊക്കെ നമുക്ക് വേണമെങ്കിൽ വിളിക്കാം. ശക്തമായ ആ ആഗ്രഹത്തിനപ്പുറം മറ്റൊന്നും സംഭവിക്കാൻ ജീവിതത്തിൽ ഇല്ല എന്ന് തോന്നിയ ഒരു അവസ്ഥയിൽ ഞാൻ അതിന് ഇറങ്ങിത്തിരിച്ചു. നമ്മൾ ഒരു ഷൂട്ടിങ്ങിന്റെ സമയത്ത് പോയി ഷോട്ട് പറയുന്നത് മാത്രമല്ലല്ലോ സംവിധാനം. അത് അതിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ്. കഥ ജനങ്ങൾ കാണാൻ ആഗ്രഹിക്കുന്നുണ്ടോ എന്നതിൽ തുടങ്ങി ഒരുപാട് തോട്ട് പ്രോസസ്സുകളിലൂടെ കടന്നു പോകുന്നിടത്ത് സംവിധായകന്റെ ജോലി തുടങ്ങുന്നു. കാസ്റ്റിംഗ്, ടെക്നിക്കാലിറ്റി തുടങ്ങി നിരവധി ഘട്ടങ്ങൾ കഴിഞ്ഞാണ് ഒരു സിനിമ ഫ്ലോറിലേക്കു പോകുന്നത്. ആ ഫ്ളോറിലും ആർട്ട് ഡിറെക്ഷൻ, പെർഫോമൻസ്, വസ്ത്രം, മേക് അപ്പ് തുടങ്ങി എല്ലാ സ്ഥലത്തും സംവിധായകന്റെ ശ്രദ്ധ പതിയണം. ആ ടെക്നിക്കാലിറ്റീസ് എന്നും എന്നെ ബോതർ ചെയ്തിട്ടുമുണ്ട്. അതാണ് ഞാൻ സംവിധായകൻ ആകാനുള്ള കാരണം എന്ന് തോന്നുന്നു.

അപര്‍ണ: സിനിമ തന്നെ ആണ് സ്വന്തം വഴി എന്ന ഉറപ്പും ധൈര്യവും വന്നത് എപ്പോഴാണ്?

രഞ്ജിത്: എനിക്ക് ഇപ്പോഴും ഉറപ്പു വന്നിട്ടില്ല എന്നതാണ് സത്യം. ഒരിക്കലും സംവിധായകൻ എന്ന ആഗ്രഹം എന്നെ നയിച്ചിട്ടില്ല. സ്ക്രിപ്റ്റ് എഴുതാൻ എന്നും മോഹമായിരുന്നു. കുട്ടിയാകുമ്പഴേ ആ മോഹം ഉണ്ടായിരുന്നു. വളരെ കുട്ടിയായിരിക്കുമ്പോൾ തന്നെ തിരക്കഥാ പുസ്തകങ്ങൾ വായിക്കുമായിരുന്നു. എം ടിയുടെയും പദ്മരാജന്റെയും തിരക്കഥകൾ ആണ് എന്നെ ഏറ്റവും സ്വാധീനിച്ച പുസ്തകങ്ങൾ. അത് എന്തുകൊണ്ടാണ് എന്നെനിക്കു പിന്നീടാണ് മനസിലായത്. വിഷ്വലി ചിന്തിക്കുന്ന ആളായിരുന്നു ഞാൻ. സ്ക്കൂളിലും കോളേജിലും കഥാമത്സരങ്ങൾക്കൊക്കെ പങ്കെടുക്കുമായിരുന്നു. അന്നെഴുതിയ കഥകൾ പോലും തിരക്കഥയുടെ ഫോർമാറ്റിൽ ഉള്ളതായിരുന്നു. സംവിധായകൻ എന്ന രീതിയിൽ ഒന്നും പക്ഷെ ചിന്തിച്ചിരുന്നില്ല. പിന്നെ ഇപ്പോഴും നിങ്ങൾ പറയുന്നത് പോലെ ഒരിക്കലും ഞാൻ എന്തെങ്കിലും ആയി എന്നൊന്നും ഞാൻ കരുതുന്നില്ല. വെറുതെ പറയുന്നതല്ല, സത്യസന്ധമായി ഞാൻ വിശ്വസിക്കുന്ന കാര്യമാണ്. ഇപ്പോൾ അവസരങ്ങൾ ഉണ്ട്. ആഗ്രഹിച്ച സിനിമകൾ ചെയ്യാൻ അവസരങ്ങളും ഉണ്ട്. പിന്നെ ഞാൻ ഇപ്പോൾ എന്റെ എട്ടാമത്തെ സിനിമയാണ് ചെയ്യുന്നത്. ഇതുവരെ എനിക്ക് ചെയ്യണം എന്ന് തോന്നിയ സിനിമകൾ മാത്രമേ ഞാൻ ചെയ്തിട്ടുള്ളു. അത് ഒരുപാട് സന്തോഷമുള്ള കാര്യമാണ്. സിനിമയിൽ ചെയ്യാൻ ബുദ്ധിമുട്ടുള്ള കാര്യമാണത്.

അപര്‍ണ: സ്വന്തം ഇഷ്ടങ്ങൾ മാത്രമാണ് ചെയ്തത് എന്ന് പറഞ്ഞു. അങ്ങനെ ഒരു കോമ്പ്രമൈസ് ഇല്ലാത്ത സിനിമാ മേക്കിങ്ങിലേക്ക് എത്തിയതിനു സഹായിച്ച കാര്യങ്ങൾ എന്താണ്. കൂടെ പ്രവർത്തിച്ചവരുടെ വിശ്വാസവും സ്വന്തം നിർമാണവും ആണോ?

രഞ്ജിത്: എനിക്ക് തോന്നുന്നു ഞാൻ എഴുതുന്നു എന്നതാണെന്ന്. എഴുതുന്നവർക്ക് സിനിമയുടെ ഡിസിഷൻ മേക്കിങ്ങിൽ കുറെ സഹായിക്കാൻ ആവും. ആ സാധ്യത പോസിറ്റിവ് ആണ്. അടുത്തത് ഏത് സിനിമ ചെയ്യണം എന്ന് ചിന്തിക്കുമ്പോൾ എപ്പോഴൊക്കെയോ ഓർത്ത കുറച്ചു കഥകൾ മനസ്സിൽ വരും. ഈ ചെയ്ത സിനിമകൾ വളരെക്കാലമായി ചിന്തിച്ചവയാണ്. പ്രത്യേക ഘട്ടത്തിൽ അതങ്ങു സിനിമ ആക്കും. കേൾക്കുന്നവർക്ക് വളരെ സില്ലി എന്നൊക്കെ തോന്നാവുന്ന ചില കാരണങ്ങൾ കൊണ്ട് ഞാൻ ചെയ്തതിൽ ഏറെ സിനിമകൾ ഉപേക്ഷിച്ചിട്ടുണ്ട്. കേൾക്കുന്നവർ ചിരിക്കുന്ന അത്തരം കാരണങ്ങൾ എനിക്ക് പക്ഷെ വളരെ വലുതാണ്. അങ്ങനെ തീരുമാനങ്ങൾ എടുക്കുന്നത് കൊണ്ടാണ് സിനിമ ഇതുപോലെ സന്തോഷമായി ചെയ്യാൻ പറ്റുന്നത്. എത്രകാലം പറ്റും എന്നൊന്നും അറിഞ്ഞു കൂടാ.

പിന്നെ കോംപ്രമൈസുകൾ ഒട്ടും ഇല്ല എന്നൊന്നും പറയാൻ പറ്റില്ല. ഈ പറഞ്ഞ ഞാനും കുറെ കോംപ്രമൈസുകൾ ചെയ്തു തന്നെയാണ് സിനിമ ഉണ്ടാക്കുന്നത്. പക്ഷെ അതിന്റെ ലെവൽ വ്യത്യസ്തമാകും. എനിക്കിഷ്ടമുള്ള കഥയാണ് ചെയ്യുന്നത് എന്നത് വലിയ ഒരു സ്വാതന്ത്ര്യം ആണെന്നിരിക്കെ തന്നെ വേറെ കുറെ വിട്ടുവീഴ്ചകൾ ഉണ്ടാവും. ബഡ്‌ജറ്റ്‌ പലപ്പോഴും കോംപ്രമൈസ് ചെയ്യേണ്ടി വരാറുമുണ്ട്. ഷെഡ്യൂളും അതെ. ഞാനും പലപ്പോഴും നായകന്റെ സമയം നോക്കി സിനിമ ചെയുന്ന ആളാണ്. ആ സമയത്തു നമ്മൾ മനസ്സിൽ കണ്ട നായികക്ക് ഡേറ്റ് ഉണ്ടാവണം എന്നില്ല. ചിലപ്പോൾ ചില കാരക്ടർ റോളുകൾ ചെയുന്ന നടീ നടന്മാരെ നമുക്ക് കിട്ടണം എന്നില്ല. ഇനി കാമറ ചെയ്യണം, എഡിറ്റിംഗ് ചെയ്യണം എന്നൊക്കെ ആഗ്രഹിച്ച ആളുകളെയും കിട്ടാറില്ല.

അപര്‍ണ: താങ്കളുടെ കാസ്റ്റിംഗ് പ്രേക്ഷകർക്ക് ഇഷ്ടപ്പെടാറുണ്ട്..

രഞ്ജിത്: ഞാൻ ഒരു നടനെയോ നടിയെയോ തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും ആദ്യം നോക്കുന്നത് എന്റത്രയും സ്നേഹവും ആവേശവും അവർക്ക് ആ കഥാപാത്രങ്ങളോട് ഉണ്ടോ എന്നതാണ്. അങ്ങനെ ഉള്ളവരെ വച്ച് മാത്രമേ സിനിമ ചെയ്യുന്നുള്ളു. ഇനിയും അങ്ങനെ തന്നെ ചെയ്യാനാണ് ശ്രമിക്കുന്നത്. എന്റെ കഴിഞ്ഞ കുറച്ചു പടങ്ങൾ എന്റെ കൂടെ ചേർന്ന് നിർമിച്ചത് അതിലെ നായകന്മാർ തന്നെയാണ് - പൃഥ്വിരാജ്, മമ്മൂട്ടി, ജയസൂര്യ ഒക്കെ... അങ്ങനെ സംഭവിച്ചത് ആ സമയത്ത് അവരെ അത് എക്‌സൈറ്റഡ് ആക്കി എന്നതു കൊണ്ടാണ്. ബേസ് ലെവലിൽ ഇങ്ങനെ സംഭവിച്ചത് കാര്യങ്ങളെ കൂടുതൽ എളുപ്പമാക്കി. എന്നെ മാത്രം എക്സൈറ്റഡ് ആകുന്ന സിനിമകൾ ചെയ്യാൻ സുഖമില്ല.

അപര്‍ണ: ഇതുകൊണ്ട് തന്നെയാണോ നിർമാതാവും കൂടി ആയത്?

രഞ്ജിത്: കഥയുടെ എക്സ്റ്റൻഷൻ ആണ് സംവിധാനം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നിർമാണം ഇതിന്റെ രണ്ടിന്റെയും എക്സ്റ്റൻഷൻ ആണ്. എന്റെ ഇഷ്ടങ്ങൾ തീരുമാനമായി എടുക്കാൻ ഉള്ള ആഗ്രഹമാണ് ഞാൻ നിർമാണ രംഗത്തേക്ക് എത്തിയത്. നമ്മുടെ ഓരോ സിനിമയും അത്രയും ആഗ്രഹിച്ചാണ് ചെയുന്നത്. നമ്മൾ തന്നെ നിർമാണം ചെയ്യുമ്പോൾ കോസ്റ്റ് കുറച്ച് എടുക്കാം എന്ന് ഒരിക്കലും കരുതില്ല. സ്വാതന്ത്ര്യം കിട്ടുന്നു. പ്രേതം സിനിമയുടെ സൗണ്ട് വിഭാഗം കൈകാര്യം ചെയ്തത് ബാഹുബലി ഒക്കെ ചെയ്ത ടീം ആണ്. പുറമെ നിന്നും ഒരു പ്രൊഡ്യൂസർ നോക്കുമ്പോൾ പ്രേതം വളരെ ചെറിയ ഒരു സിനിമയാണ്. സാധാരണ മലയാള സിനിമയിൽ സൗണ്ടിനൊന്നും അത്ര വലിയ ബഡ്ജറ്റ് ഇല്ല. പുണ്യാളൻ ചെയ്യുമ്പോൾ ഇഷ്ടപ്പെട്ട ക്യാമറകൾ ഉപയോഗിക്കാൻ ഉള്ള സ്വാതന്ത്ര്യവും അങ്ങനെ കിട്ടിയതാണ്. ആരോടും ഒന്നും ചോദിക്കണ്ട, സിനിമയെ കൂടുതൽ ബെറ്റർ ആക്കാൻ ഉള്ള ശ്രമം തന്നെയാണത്.

അപര്‍ണ: സിനിമയെ പറ്റി എന്നും കേൾക്കുന്ന തർക്കമാണ് അത് ആർട്ട് ആണോ ബിസിനസ് ആണോ എന്നുള്ളത്. സിനിമകൾ സംവിധാനം ചെയുകയും നിർമിക്കുകയും ചെയ്യുന്ന താങ്കൾക്ക് എന്താണ് തോന്നുന്നത്?

രഞ്ജിത്: മൂന്നു തരത്തിൽ അതിനുത്തരം പറയാം. സിനിമ ഒരു കച്ചവടം മാത്രം ആണെന്ന് വിശ്വസിക്കുന്നവർ എടുക്കുന്ന സിനിമ ഉണ്ട്. പിന്നെ ഓഫ് ബീറ്റ് സിനിമകൾ എന്നൊരു വിഭാഗമുണ്ട്. അതിലും ബിസിനസ് ഉണ്ട്. കാരണം അവാർഡ്, ഫെസ്റ്റിവൽ തുടങ്ങി വരുമാനത്തിന്റെ വ്യത്യസ്ത കാര്യങ്ങൾ ആണ് അവർ നോക്കുന്നത്. ഈ രണ്ടും അല്ലാത്ത സിനിമകൾ ഉണ്ട്. ആർട്ട് മാത്രമായി ഉണ്ടാവുന്ന സിനിമകൾ. എന്റെ ഒരു എക്സ്പ്രഷൻ സിനിമ ആണ്, ബിസിനസോ അവാർഡോ വിഷയമേ അല്ല എന്ന് കരുതുന്ന സിനിമകൾ. അത്തരം സിനിമകൾ വളരെ വളരെ കുറഞ്ഞു വരികയാണ്. എന്റെ കാര്യം, ബിസിനസ് ആണ് എന്റെ സിനിമകൾ. ഇത് പറയുമ്പോൾ കുഴപ്പം തോന്നും. പക്ഷെ ആർട്ട് ഈസ് മോർ പ്യുവർ. കലർപ്പില്ല അതിന്. അങ്ങനെ കലർപ്പില്ലാതെ ചെയ്യാവുന്ന ഒന്നല്ല സിനിമ. കോംപ്രമൈസുകൾ ഇല്ലാത്ത സിനിമ സാധ്യമല്ല. പൈസ മുടക്കുന്ന സിനിമകൾ അത് തിരിച്ചു കിട്ടണം ഏതെങ്കിലും മാർഗത്തിൽ എന്ന ആഗ്രഹത്തോടെ തന്നെയാണ് ചെയ്യുന്നത്. അപ്പൊ അതിനു പിറകിൽ ഒരു ബിസിനസ് ഇല്ലേ?

അപര്‍ണ: ഐ ടി മേഖലയിലെ അനുഭവങ്ങൾ സിനിമാ പ്രവർത്തനത്തെ സ്വാധീനിച്ചിട്ടും സഹായിച്ചിട്ടും ഉണ്ടോ?

രഞ്ജിത്: ഒരുപാട് സഹായിച്ചിട്ടുണ്ട്. ജോലി മാത്രമാണ് ഒരു വ്യക്തി എന്ന നിലയിൽ എന്നെ ഡിസിപ്ലിൻഡ് ആക്കിയത്. സമയക്രമം പാലിക്കണം, ലോകത്ത് മൊത്തമുള്ള ആളുകൾക്കൊപ്പം ജോലി എടുക്കണം. ക്ലയന്റ്സ് നമ്മുടെ ഭാഷ പോലും അറിയാത്തവർ ആണ്. പീപ്പിൾ മാനേജ്‍മെന്റ് ആണ് വിഷയം. ഒന്നാലോചിച്ചു നോക്കിയാൽ അത് സംവിധാനത്തെ പ്രത്യക്ഷമായി തന്നെ സഹായിക്കാറുണ്ട്. ഞാൻ നോക്കാറുള്ളത് കൂടെയുള്ള ടീമിന്റെ സിനിമയാക്കി എന്റെ കഥ മാറ്റാനാണ്. അങ്ങനെ ഉള്ള പ്രവർത്തനമേ ഔട്ട്പുട്ട് ഉണ്ടാക്കൂ. ടീം വർക്കിലൂടെയാണ് നല്ല സിനിമകൾ ഉണ്ടാവുന്നത്. എല്ലാവരുടെയും ആശയങ്ങൾ ഉൾക്കൊണ്ട് അതിൽ വേണ്ടത് മുഴവൻ സ്വീകരിച്ച് ഒക്കെയാണ് സിനിമ വളരുന്നത്. എന്റെ സ്ക്രിപ്റ്റ് വളർത്തേണ്ടത് മറ്റുള്ളവരാണ്. ആർക്കും എന്തും തുറന്നു പറയാവുന്ന അന്തരീക്ഷം ഉണ്ടാക്കുക. തുറന്നു വച്ച ചെവിയുമായി മറ്റുള്ളവരെ കേൾക്കുക. അഭിപ്രായവ്യത്യസങ്ങൾ ആളുകളെ നിശ്ശബ്ദരാക്കും. അത് എന്റെ സിനിമയെ ബാധിക്കും. എട്ടാമത്തെ സിനിമ ചെയ്യുന്ന ഞാൻ എണ്ണൂറാമത്തെ സിനിമ ചെയ്യുന്ന ഒരാളെ കേൾക്കാതെ പോകാൻ പറ്റുമോ?

അപര്‍ണ: എപ്പോഴും യഥാർത്ഥ ജീവിതത്തിലെ കഥാപാത്രങ്ങളെയും സംഭവങ്ങളെയുമാണ് താങ്കൾ സിനിമയാക്കാറുള്ളത്....

രഞ്ജിത്: കഥ നമ്മുടെ ചുറ്റും ഉണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കഥ ഉണ്ടാക്കാൻ വേണ്ടി ആകാശത്തേക്ക് നോക്കി ഭാവന വിടർത്താൻ ഒന്നും എനിക്കറിയില്ല. ചുറ്റുമുള്ള ലോകത്തേക്ക് കണ്ണും കാതും തുറന്നു വെച്ച് അവിടെയുമുള്ളത് എത്ര കാലം കാണാനും കേൾക്കാനും പറ്റും എന്നതാണ് വിഷയം. ഞാൻ അപരണയോടു സംസാരിക്കുമ്പോൾ അപർണയിൽ ഒരു കഥയുണ്ടാവും. അത് കണ്ടെത്താൻ പറ്റുന്നുണ്ടോ എന്നതാണ് വിഷയം. ഓരോ മനുഷ്യരും കഥകൾ കൊണ്ട് നടക്കുന്നവരാണ്. എന്നുകരുതി ഒരാളെ കാണുമ്പോൾ തന്നെ കഥ ഉണ്ടാക്കാൻ വേണ്ടി സംസാരിക്കുന്നതൊന്നുമല്ല. എനിക്ക് ആൾക്കാരെ അറിയാൻ ഇഷ്ടമാണ്. അത് എന്റെ സ്വഭാവത്തിന്റെ ഭാഗമാണ് പണ്ട് മുതലേ. പക്ഷെ അവരെ ഉപയോഗിച്ച് ഒരു കഥ ഉണ്ടാക്കാം എന്നൊന്നും വിചാരിച്ചല്ല ആദ്യം സംസാരിക്കുന്നത്. അത് ഒരു വലിയ പ്രോസസ് ആണ്. രാമന്റെ ഏദൻ തോട്ടത്തിൽ തന്നെ പിഷാരടി അവതരിപ്പിക്കുന്ന വർമ്മ എന്നൊരു കഥാപാത്രമുണ്ട്, ഇത് മസനഗുഡിയിൽ വച്ച് കുറെ വർഷം മുന്നേ പരിചയപ്പെട്ട ഒരാൾ ആണ്. അന്നയാൾ പറഞ്ഞ കുറെ കാര്യങ്ങൾ മനസ്സിൽ കിടപ്പുണ്ട്. സിനിമയുടെ അന്തരീക്ഷം എല്ലാം കാരണം അദ്ദേഹത്തെ പോലൊരു കഥാപാത്രത്തെ ഉണ്ടാക്കി.

എനിക്ക് എന്റെ ചുറ്റുമുള്ള കഥയേ പറയാൻ പറ്റൂ. അതുകൊണ്ടാവാം മോഷണ ആരോപണങ്ങൾ എന്റെ സിനിമകൾക്ക് ഉണ്ടാവാത്തത്. ഞാൻ കഥകൾ മോഷ്ടിക്കുന്നത് എന്റെ ചുറ്റുമുള്ള മനുഷ്യരിൽ നിന്നാണ്. പറഞ്ഞു വച്ച സിനിമാ കഥകളുടെ, കഥാപാത്രങ്ങളുടെ തുടർച്ചയിൽ നിന്നും ഒരു സിനിമ ഉണ്ടാക്കാൻ ഒരിക്കലും താത്പര്യം തോന്നിയിട്ടില്ല. എന്റെ സിനിമകൾ തന്നെ റീ മേക്ക് ചെയ്യാനുള്ള അവസരം ഞാൻ ഉപയോഗിക്കാത്തതും അതുകൊണ്ടാണ്. അവിടെ നമ്മൾ പുതുതായി, ജനുവിൻ ആയി ഒന്നും ചെയ്യുന്നില്ല.

അപര്‍ണ: രഞ്ജിത് ശങ്കർ സിനിമകളൊക്കെ നിലവിലുള്ള നായക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്നുണ്ട്. വിക്കുള്ള, അന്തർമുഖനായ, പരാജയപ്പെടുന്ന, ആത്മവിശ്വാസമില്ലാത്ത കുറെ നായകന്മാരാണ് പലപ്പോഴും താങ്കളുടെത്. ഇത് മനഃപൂർവം സംഭവിക്കുന്നതാണോ?

രഞ്ജിത്: എനിക്ക് തോന്നുന്നു എല്ലാ സംവിധായകരുടെയും സിനിമയിൽ അവരുടെ ട്രൈറ്റ് കുറച്ചൊക്കെ ഉണ്ടാവാം. എന്റെ ഉള്ളിൽ അത്തരമൊരു ഹീറോയിസം ഒട്ടുമില്ലാത്തത് ആവാം അതിന്റെ ഒരു പ്രധാന കാരണം. എനിക്ക് ഇഷ്ടമുള്ളതും റിയൽ ആയ ആൾക്കാരുടെ കഥയാണ്. ഞാൻ കാണുന്ന മനുഷ്യരും അങ്ങനെ ഉള്ളവരാണ്. എന്നെ സംബന്ധിച്ച് സുധി, വേണു ഒക്കെ വലിയ ഹീറോസ് ആണ്. നമുക്ക് ചുറ്റുമുള്ള ആള്‍ക്കാരാണ് ഇവരൊക്കെ. നേതാവും ഗുണ്ടയും എപ്പോഴും വിജയിക്കുന്ന കലാകാരനും ഒക്കെ എനിക്ക് ചുറ്റും ഉണ്ട്. പക്ഷെ എനിക്ക് അവരെ ഹീറോസ് ആയി തോന്നിയിട്ടില്ല. അതുകൊണ്ടാവാം എന്റെ സിനിമകളിൽ അവർ വരാത്തത്.

അപര്‍ണ: സാമൂഹ്യ, രാഷ്ട്രീയ അവസ്ഥകളോടുള്ള വിയോജിപ്പും പ്രതികരണങ്ങളും ഇതുവരെ ചെയ്ത എല്ലാ സിനിമകളിലും ഉണ്ട്...

രഞ്ജിത്: നമ്മുടെ ആഗ്രഹങ്ങളാണ് നമ്മുടെ സിനിമകൾ. മീഡിയം സിനിമ ആയതുകൊണ്ട് തന്നെ എന്റെ ആശയങ്ങൾ, കാഴ്ചപ്പാടുകൾ ഒക്കെ പറയാനും ഞാൻ അതിനെയാണ് ഉപയോഗിക്കാറ്. പക്ഷെ അതൊക്കെ പറയാനായി സിനിമ ഉണ്ടാക്കാൻ ശ്രമിക്കാറില്ല. പറയുന്ന കഥയിൽ അറിഞ്ഞോ അറിയാതെയോ വന്നു പോകുന്നതാണ്. കുറച്ചുകൂടി സിനിമയെ കൊമേർഷ്യൽ ആക്കാനും ഒക്കെയാണ് ഞാന്‍ ഇതിനെ ഉപയോഗിക്കുന്നത്. ഇപ്പോൾ പുണ്യാളനിൽ ഹർത്താൽ ഉപയോഗിച്ചത് അത് ആൾക്കാർക്ക് എളുപ്പത്തിൽ റിലേറ്റ് ചെയ്യാനൊക്കെ പറ്റും എന്നൊക്കെ ചിന്തിച്ചാണ്. വലിയ അടിക്കാരനും ഒന്നുമല്ലാത്ത ആളാണ് ജയസൂര്യയുടെ കഥാപാത്രം. ഹീറോയിസം ഒട്ടും ഇല്ലാതെ അയാൾ ഇതിനെപ്പറ്റി ഒക്കെ പറയുമ്പോൾ ആ ഫീൽ പെട്ടന്ന് പ്രേക്ഷകരിൽ എത്തും, അങ്ങനെ അവർക്ക് ഇഷ്ടപ്പെടും എന്നൊക്കെയുള്ള ചിന്തയാണ് ഇതിന്റെ കാരണം. പിന്നെ എന്റെ ചിന്തകളും ഇടക്കു കയറി വരാറുണ്ട് എന്നത് സത്യമാണ്. അത് സാമൂഹ്യതയിൽ മാത്രമുള്ള ഒന്നല്ല. പ്രേതത്തിൽ ജോൺ ഡോൺബോസ്‌കോ പറയുന്ന കാര്യങ്ങൾ ഒക്കെ പലപ്പോഴും എന്റെ ചിന്തകൾ ആണ്. പ്രത്യേകിച്ചും മരണാനന്തര ജീവിതത്തെപ്പറ്റിയൊക്കെ ഉള്ള ചിന്തകൾ... എനിക്ക് ആ ചിന്തകൾ വലിയ ആശ്വാസമാണ്.

അപര്‍ണ: രഞ്ജിത്ത് ശങ്കർ - ജയസൂര്യ കൂട്ടുകെട്ട് പുതുതലമുറ സിനിമാ കാണികൾ ചിലർക്ക് വളരെ പ്രിയപ്പെട്ടതാണ്. ആ കെമിസ്ട്രിയെ പറ്റി...

രഞ്ജിത്: അത് അങ്ങനെ ഒന്നും ചെയ്തതല്ല. ആ കഥാപാത്രങ്ങൾ ചെയ്യാൻ ജയസൂര്യ തന്നെയാണ് ഏറ്റവും നല്ലത് എന്നൊക്കെ തോന്നിയപ്പോൾ സംഭവിച്ചതാണ്. ശുദ്ധിയും പുണ്യാളനും ഒക്കെ അങ്ങനെ ആണ്. പ്രേതം ആണ് കുറച്ചു വ്യത്യസ്തമായ റോൾ. ജയൻ ആ സിനിമയിൽ ഉണ്ടാവും എന്നൊന്നും കരുതിയില്ല. അയാളോട് കഥ പറഞ്ഞിട്ടില്ല. പിന്നെ ഈ കഥാപാത്രം ചെയ്യാൻ ഒരാളുടെയും മുഖം മനസ്സിൽ വന്നില്ല. അങ്ങനെയും ചില കഥാപാത്രങ്ങൾ വരാം. ആര് ചെയ്താലും നിക്കില്ല എന്നൊക്കെ തോന്നി. അങ്ങനെ ഉള്ള കഥാപാത്രങ്ങൾ വളരെ വിശ്വസിച്ച് ഏൽപ്പിക്കാൻ പറ്റിയ നടനാണ് ജയസൂര്യ. അത്തരം റോളുകൾ എങ്ങനെയൊക്കെയോ വിശ്വസനീയമാക്കാന്‍ അയാൾക്ക്‌ കഴിയാറുണ്ട്. ലുക്ക് ആൻഡ് ഫീൽ മാറ്റി ഒക്കെ. അങ്ങനെ അയാൾ ചെയ്തു വിജയിപ്പിച്ച ഒരു റോൾ ആയിരുന്നു ജോൺ ഡോൺബോസ്‌കോ. ആ സിനിമയും ആ കഥയുമാണ് അത് ഡിസൈഡ് ചെയുന്നത്. മൂന്നും വ്യത്യസ്ത പാറ്റേണിൽ ഉള്ള സിനിമയാണ്. ജയസൂര്യയുടെ കൂടെ സിനിമ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. അതുപോലെ തന്നെയാണ് ഇത് വരെയുള്ള മറ്റുള്ളവരും. കഥ തന്നെയാണ് മാനദണ്ഡം. ജയസൂര്യയെ വച്ചു സിനിമ ചെയ്യാം എന്നൊന്നും ഓർത്ത് സംഭവിക്കുന്നതല്ല.

അപര്‍ണ: പേരുകൾ താങ്കളുടെ സിനിമയെ പെട്ടന്ന് ശ്രദ്ധിക്കപ്പെടാൻ കാരണമാകുന്നു എന്ന് തോന്നിയിട്ടുണ്ട്. വിചിത്രമായ പേരുകളിലേക്കുള്ള വഴി എന്താണ്?

രഞ്ജിത്: സിനിമയുടെ പേര് വലിയ പ്രാധാന്യമുള്ള ഒന്നാണ്. അത് നിർണയിക്കുന്ന കുറെ ഘടകങ്ങൾ ഉണ്ട്. സു... സു... സുധി വാത്മീകം ഒട്ടും ആകർഷകമല്ലാത്ത പേരാണ്. ആ പേര് കേട്ട് ആ സിനിമ കാണണ്ട എന്നു തീരുമാനിച്ച ഒരു ഓട്ടോ ഡ്രൈവറോ കോളേജ് സ്റുഡന്റോ ഉണ്ടാവാം. പേരിലൂടെ കാണികളെ ഇല്ലാതാക്കുകയാണ് അവിടെ. ആ സിനിമക്ക് ചേരുന്ന പേരുമാണ്. ഇത് അറിഞ്ഞോണ്ടാണ് പേരിടുന്നത്. പ്രേതവും അങ്ങനെ ആണ്. പ്രേതം ഉണ്ടോ ഫാമിലി മൂവി ആണോ എന്നൊക്കെ ആൾക്കാർക്ക് സംശയം വന്നിരുന്നു. അങ്ങനെ ഒന്നും വേണ്ട, പ്രേതം ഉണ്ട് എന്നൊക്കെ പറയാനാണ് നോക്കിയത്. രാമന്റെ ഏദൻ തോട്ടത്തിനു പല പേരുകൾ ആലോചിച്ചു. വർഷം, പ്രേതം ഒക്കെ പെട്ടന്ന് കിട്ടിയ പേരുകൾ ആണ്. രാമന്റെ ഏദൻ തോട്ടം കുറെ ആലോചിച്ചു...

അപര്‍ണ: ഇപ്പോൾ രാമന്റെ ഏദൻ തോട്ടം ട്രെയിലർ പ്രേക്ഷകർ സ്വീകരിക്കുന്നുണ്ട്. പ്രതീക്ഷയുടെ ടെൻഷൻ ഉണ്ടോ?

രഞ്ജിത്: ഇല്ല. ഞാൻ എന്നെ ഓവർറേറ്റ് ചെയ്യുമ്പോൾ ആണ് അത്തരം ടെൻഷൻ ഉണ്ടാവുന്നത്. പ്രേക്ഷക പ്രതീക്ഷ ഉണ്ട് എന്നൊരു തോന്നലും എനിക്ക് ഇല്ല. നിങ്ങൾ പോലും അഭിപ്രായം അറിഞ്ഞാവും ആ സിനിമ കാണുന്നത്. ഭൂരിഭാഗം പേരും അങ്ങനെ ആവും. ആൾക്കാർ സ്വമേധയാ എന്റെ സിനിമ കാണാനൊക്കെ പോവാൻ ഇനിയും കൊല്ലങ്ങളുടെ പരിശ്രമവും അത്രയും മികച്ച വർക്കുകളും വേണം. അങ്ങനെ ഇപ്പോൾ ഉണ്ട് എന്നൊക്കെ ഓർത്തു ടെൻഷൻ അടിക്കുന്നത് വെറുതെയാണ്.

അപര്‍ണ: ഭാവി പരിപാടികൾ, രാമന്റെ ഏദൻ തോട്ടത്തിന് ശേഷം...

രഞ്ജിത്: എനിക്കറിയില്ല. ഞാൻ ഇപ്പോഴും ഈ സിനിമയിൽ തന്നെയാണ്. സിനിമ തീരാറാവുമ്പോൾ ഞാൻ പൊതുവെ ഡിറ്റാച് ചെയ്യും. ഇതിൽ നിന്നും മാറി നിൽക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ സിനിമയുടെ വിജയ പരാജയങ്ങൾ വല്ലാതെ ബാധിക്കും. രണ്ടും അപകടമാണ്. ആ മാറി നിൽക്കലിന് ശേഷം അടുത്ത സിനിമ ചെയ്യും. ചെയ്യാൻ മനസിലുള്ള കഥകളിൽ ഏതെങ്കിലും ഒന്ന് ചെയ്യണം എന്നുണ്ട്. അത് ഏത് എന്നറിയില്ല, അതൊക്കെ തീരുമാനിക്കുന്നത് ഈ സിനിമയുടെ ഭാവി ആണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories