TopTop
Begin typing your search above and press return to search.

എളുപ്പമായിരുന്നില്ല അരുവിയായുള്ള ജീവിതം; അദിതി ബാലന്‍/അഭിമുഖം

എളുപ്പമായിരുന്നില്ല അരുവിയായുള്ള ജീവിതം; അദിതി ബാലന്‍/അഭിമുഖം

അരുവി എന്ന തമിഴ് സിനിമ കണ്ടവർക്കറിയാം, എത്രത്തോളം ഉള്ളിൽ തറച്ചു കയറുന്ന നോട്ടവും ചിരിയും ധൈര്യവുമാണ് ആ സിനിമയും അരുവി എന്ന പെൺകുട്ടിയും എന്ന്. സിനിമ തുടങ്ങി തീരുംവരെയുള്ള ഒരൊഴുക്കാണ് അദിതി ബാലൻ എന്ന പെൺകുട്ടിയുടെ അഭിനയം. പലപ്പോഴും അദിതി എന്നല്ല, അരുവി എന്ന് അറിയാതെ മാറി വിളിച്ചാണ് അവരോടുസംസാരിച്ചു തീർത്തത്. സിനിമയുമായി യാതൊരു മുൻപരിചയവുമില്ല അദിതിക്ക്. ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ എൽഎൽബിയാണ് പഠിച്ചത്. മാത്രവുമല്ല, പാതി മലയാളിയുമാണ്. മാവേലിക്കരക്കാരിയാണ് അമ്മ. അച്ഛൻ ചെന്നൈ സ്വദേശി. ഏക സഹോദരൻ മുംബൈയിലാണ്. അദിതി ബാലൻ സംസാരിക്കുന്നു. അരുവിയെ കുറിച്ചും തന്നെക്കുറിച്ചും.

അദിതി ബാലൻ എന്ന പെൺകുട്ടി അരുവിക്കും മുന്നേയും ശേഷവും എന്താണ്?

അരുവിക്ക് മുന്നേ ഞാൻ എല്ലാവരെയും പോലേ ഒരു സാധാരണ പെൺകുട്ടി മാത്രമായിരുന്നു. സ്കൂളിലും കോളേജിലും ഒക്കെ പോയി പഠിച്ച ഒരു ശരാശരിപെൺകുട്ടി. ജീവിക്കാനായി ജോലിക്കു പോയിരുന്ന ഒരാൾ. അത്ര മാത്രമേ എനിക്ക് എന്നെ എന്നെ പറ്റി പറയാനുണ്ടായിരുന്നുള്ളൂ. വളരെ ചെറിയ ജീവിതമായിരുന്നു. അരുവിക്ക് മുന്നേയും ശേഷവും ഞാൻ സിനിമ കാണുന്ന രീതി വരെ മാറി. വെറുതെ അലസമായി പോയി സിനിമ കാണുന്ന ആളായിരുന്നു ഞാൻ. ഇപ്പോൾ സിനിമയെ ക്രിട്ടിക്കലായി കാണാൻ തുടങ്ങി. മന:പൂർവം ചെയ്യുന്നതല്ല, അങ്ങനെ ആയിപ്പോയതാണ് ചിന്തകൾ. നിങ്ങളുടെ അടുത്ത വീട്ടിലൊക്കെ കാണുന്ന പെൺകുട്ടിയിൽ നിന്നാണ് ആ മാറ്റം.

അരുവി കാഴ്ചപ്പാടുകളിലും മാറ്റം വരുത്തിയോ?

തീർച്ചയായും. ഒരുപാട്... സിനിമ സംസാരിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അവയിൽ പലതും എനിക്ക് അതിനു മുന്നേ അറിയാത്ത കാര്യങ്ങളായിരുന്നു. പല സാമൂഹ്യ വിഷയങ്ങളിലും എന്റെ ശ്രദ്ധ പതിഞ്ഞിരുന്നില്ല. സിനിമയിലെ പല സംഭാഷണങ്ങളും അധികാരം, പണം, നീതി ഇവയെപ്പറ്റി മറ്റൊരു രീതിയിൽ ചിന്തിച്ചു. ഷൂട്ടിങ്ങിനു കയറും മുന്നേ എനിക്ക് തന്നെ എന്റെ ചിന്തകളിൽ വ്യക്തത ഉണ്ടായിരുന്നില്ല. ഷൂട്ടിങ്ങിനിടയിൽ എനിക്ക് പല അവസ്ഥകളിലൂടെയും കടന്നു പോകേണ്ടി വന്നു. പലരെയും കാണേണ്ടി വന്നു. സമൂഹത്തിൽ പല രീതിയിലും മാറ്റങ്ങൾ ഉണ്ടാക്കുന്നവരെ, മാറ്റി നിർത്തിയവരെ ഒക്കെ കണ്ടു. അവരുടെ കൂടെ കുറെ നിമിഷങ്ങൾ ചിലവഴിച്ചു. അതൊക്കെ എന്നെ എത്രത്തോളം മാറ്റി എന്ന് പറയാൻ പറ്റില്ല. ആ ഷൂട്ടിങ് അത്തരത്തിൽ കൂടി ഒരു ലേർണിംഗ് എക്സ്പീരിയൻസ് ആയിരുന്നു. അദിതി എന്ന വ്യക്തിയെ കൂടി മാറ്റുന്ന നിലയിൽ ഉള്ള ഒരു സിനിമ.

വളരെ വ്യത്യസ്തമായ ഓഡിഷൻ കോൾ ആയിരുന്നു അരുവിയുടേത്. സ്വതന്ത്രയായി, വിപ്ലവകാരിയായ ഒരു പെൺകുട്ടിയെ ആവശ്യമുണ്ടെന്നു പറഞ്ഞ ഒന്ന്. ഇങ്ങനെ ഒരു ഓഡിഷന് അപേക്ഷിക്കുമ്പോൾ തെരഞ്ഞെടുക്കപ്പെടും എന്ന തോന്നൽ ഉണ്ടായിരുന്നോ?

ഒട്ടും ഇല്ലായിരുന്നു. സിനിമാ ഓഡിഷൻ എന്ന അനുഭവം എന്താണെന്ന് അറിയാൻ വേണ്ടി മാത്രം ഓഡിഷന് പോയ ഒരാളാണ്. ഞാൻ എന്ത് സിനിമയിൽ, ഏതുവേഷം ചെയ്യാൻ പോകുന്നു എന്നറിയില്ലായിരുന്നു. സ്ക്രിപ്റ്റിനെ പറ്റി ഒന്നും അറിയില്ലായിരുന്നു. ഒരു സിനിമയിൽ അഭിനയിക്കാം എന്ന മോഹം പോലും ഒരു പരിധിക്കപ്പുറം ഉണ്ടായിരുന്നില്ല. ഒരു ഓഡിഷന് പോയി എന്നൊക്കെ പറയാം എന്ന് മാത്രം കരുതി, അവിടെ എന്താ നടക്കുന്നത് എന്നറിയാമെന്നും. ഓഡിഷൻ കഴിഞ്ഞപ്പോഴും എനിക്ക് കിട്ടുമെന്ന് കരുതിയില്ല. കാരണം ഓഡിഷൻ നല്ല ബുദ്ധിമുട്ടുള്ള, പല ഘട്ടങ്ങളിൽ പലതും ചെയ്യിപ്പിച്ച ഒന്നായിരുന്നു. ഞാൻ വളരെ മോശമായാണ് ചെയ്തത് എന്ന് ഞാൻ കരുതി. പിന്നീട ടെസ്റ്റ് ഷൂട്ട് എന്ന മറ്റൊരു ഘട്ടം ഉണ്ടായിരുന്നു. അതിനു പോകുമ്പോഴും എനിക്ക് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ഞാനടക്കം ആറു പെൺകുട്ടികളാണ് അവിടെ ഉണ്ടായിരുന്നത്. ഒരു ദിവസം മുഴുവനും വിഡിയോ ഷൂട്ട് നടത്തി. ടീമിൽ നിന്നും ഫീഡ് ബാക്ക് എടുത്തു. പിന്നീട് എന്നെ സെലക്റ്റ് ചെയ്തതായി പറഞ്ഞു. പിന്നീടാണ് സ്ക്രിപ്റ്റ് കാണുന്നതും അരുവി ആകുന്നതും.

അരുവിയുടെ ഷൂട്ടിനിടയിൽ വല്ലാതെ ശാരീരിക, മാനസിക മാറ്റങ്ങൾക്കു വിധേയയായി എന്ന് കേട്ടിട്ടുണ്ട്. എന്തൊക്കെയായിരുന്നു അത്...

ക്ലൈമാക്സിനു മുന്നേ ആണ് ഈ പറഞ്ഞ സംഭവം ഉണ്ടാകുന്നത്. അത് വരെ റിഹേഴ്സലിനു ശേഷം ഒരു ടീം ആയി വളരെ രസകരമായി ഷൂട്ടിങ് മുന്നോട്ടുപോയി. ക്ലൈമാക്സ് ഷൂട്ട് ചെയ്യുന്നതിന് മുന്നേ 4-5 ദിവസത്തെ ഇടവേള എടുത്തു. എത്ര സമയം വേണമെങ്കിലും എടുത്ത് എന്നോട് പൂർണമായും റെഡി ആയി വരാൻ പറഞ്ഞു സംവിധായകൻ. ഞാൻ മുഴുവനായി റെഡി ആയാൽ മാത്രമേ ഷൂട്ടിങ്ങുമായി മുന്നോട്ടു പോകൂ എന്ന് അദ്ദേഹം പറഞ്ഞു. ഞാൻ ആദ്യം ആയുർവേദ ഡോക്ടറെ കണ്ടു. അദ്ദേഹം പറഞ്ഞ ഡയറ്റ് പ്ലാൻ പിന്തുടർന്നു. അവിടെ താമസിച്ചു. ഡയറ്റ് പ്ലാൻ എന്നൊന്നും പറയാൻ പറ്റില്ല. ദിവസത്തിൽ ഒരു നേരം കഞ്ഞി കുടിക്കും. അത് മാത്രമായിരുന്നു ഭക്ഷണം. ഞാൻ ഒറ്റയ്ക്കായിരുന്നു അവിടെ താമസം. അധികമാരും കാണാൻ വന്നിരുന്നില്ല. അരുവിയുടെ അതേ അവസ്ഥയിലൂടെ കടന്നു പോകുന്ന കുറെ പേരുടെ വീഡിയോകൾ ദിവസവും കണ്ടു. മാനസികമായി ഞാൻ തളർന്നു പോയ ദിവസങ്ങളായിരുന്നു. ഒറ്റപ്പെട്ട പോലെ തോന്നി. ആ അനുഭവവും എന്നെ ഒരുപാട് മാറ്റി എന്ന് തോന്നുന്നു. പിന്നീട് ക്ലൈമാക്സ് ഷൂട്ട് കഴിഞ്ഞ് ആ കഥാപാത്രത്തിൽ നിന്ന് പുറത്തു വരാനായില്ല. ഷൂട്ട് കഴിഞ്ഞ് വീട്ടിൽ എത്തിയ ശേഷം എന്റെ അമ്മ എപ്പോഴും പറയും, 'നീ അതിൽ നിന്ന് പുറത്തു വന്നേ തീരൂ എന്ന്...' കുറെ കാലമെടുത്താണ് എനിക്ക് അത് സാധിച്ചത്.

അദിതി ഒരു അഭിമുഖത്തിൽ പറയുന്നത് കണ്ടു, മേക്ക് അപ്പ് ഒട്ടും ഇഷ്ടമല്ലാത്ത ഒന്നാണ് എന്ന്. അതിനോട് പ്രതിരോധം ഉണ്ടെന്ന്. അഭിനേതാക്കൾ പറഞ്ഞു കേൾക്കാത്ത ഒരു കാര്യമാണിത്.

ഞാൻ എന്റെ ജീവിതത്തിൽ മേക്ക് അപ്പ് ചെയ്ത സന്ദർഭങ്ങൾ ഇല്ല എന്ന് പറയാം. തീർച്ചയായും ചില ഡാൻസ് പരിപാടികൾക്ക് പോകുമ്പോൾ വളരെ കുറച്ചു ചെയ്യും, ഒരു ഭരതനാട്യ൦ നർത്തകി എന്ന നിലയിൽ അത് അനിവാര്യമായത് കൊണ്ട് മാത്രം. അല്ലാതെ ഈ 25 വർഷം ഞാൻ മേക്ക് അപ്പ് ചെയ്ത് പുറത്തിറങ്ങിയിട്ടേ ഇല്ല. അരുവിക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ എന്റെ ടെൻഷൻ മുഴുവൻ അതായിരുന്നു. മേക്ക് അപ്പ് ആവശ്യമില്ലാത്ത കഥാപാത്രമാണ് എന്ന് പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത സന്തോഷം തോന്നി. മേക്ക് അപ്പ് ചെയ്യുമ്പോൾ ഇത് വരെ പരിചയമില്ലാത്ത എന്തോ ചെയ്യും പോലെ ആണ്. അതുമായി പൊരുത്തപ്പെടണമല്ലോഎന്നൊക്കെ ഓർത്തു സങ്കടപ്പെടുമ്പോൾ മേക്കപ്പ് വേണ്ട എന്നു പറഞ്ഞത് ഭാഗ്യമായാണ് തോന്നിയത്. അഭിനേതാക്കൾക്ക് ഒരു ചോയ്സ് ഉണ്ടായിരുന്നെങ്കിൽ അവർ മേക്ക് അപ്പ് ഇടില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എനിക്ക് ഒട്ടും കംഫർട്ടബ്ൾ അല്ല മേക്ക് അപ്പ്. കുട്ടിക്കാലം മുതലേ കാരണം അറിയാത്ത ഒരു പ്രതിരോധം ഉണ്ട്. പക്ഷെ ഇനിയൊരു സിനിമ ചെയ്യുമ്പോൾ ആ കഥാപാത്രം അത്രയും ആവശ്യപ്പെടുന്നെങ്കിൽ ഞാൻ മേക്ക് അപ്പ് ചെയ്യാൻ റെഡിയാണ്. അതിനോട് പൊരുത്തപ്പെടാൻ ഇത്തിരി സമയം എടുക്കും എന്ന് മാത്രം.

ട്രാൻസ്ജെൻഡർ വിഭാഗത്തെ വളരെ മോശമായാണ് സാധാരണ സിനിമകളിൽ ചിത്രീകരിക്കാറ്. അരുവിയിലെ എമിലി അത്തരം കുറെ ശീലങ്ങളെ മറികടന്ന കഥാപാത്രമാണ്... എന്താണ് അനുഭവം.

അഞ്ജലി വരദൻ എന്ന ഭരതനാട്യം ഡാൻസർ ആണ് ആ റോൾ ചെയ്തത്. അവൾ ശരിക്കും എനിക്ക് ഒത്തിരി പ്രിയപ്പെട്ടവളാണ്. അവളുടെ കൂടെ ജോലി ചെയ്ത ഓരോ നിമിഷവും എനിക്ക് അത്രയും പ്രിയപ്പെട്ടതാണ്. ഒരുപാട് തമാശ നിറഞ്ഞ അനുഭവങ്ങൾ ഉണ്ടായി. അതിലുപരി ഒരുപാട് പുതിയ വിവരങ്ങൾ കിട്ടി. ഞാനിതു വരെ ട്രാൻസ്ജെൻഡർ വിഭാഗത്തെക്കുറിച്ച് ഒന്നും ചിന്തിച്ചിട്ടില്ലായിരുന്നു. അവരിൽ ആരുമായും സംസാരിച്ചിട്ടില്ലായിരുന്നു. അവരുടെ ജീവിതത്തെ ക്കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു. അവളുടെ കൂടെ ഉള്ള അനുഭവം കൂടിയാണ് അരുവി എനിക്ക്. മുഴുവൻ സമയവും അഞ്ജലി എന്റെ കൂടെ ഉണ്ടായിരുന്നു. എപ്പോഴും അവൾ അവളുടെ ജീവിതത്തെ കുറിച്ച്, അവളുടെ അനുഭവങ്ങളെ കുറിച്ച് പറയും. അവളുടെ കമ്യൂണിറ്റിയെപ്പറ്റി പറയും. അവിടെ ഉള്ള ഫ്രണ്ട്സിനെ പറ്റി പറയും. ഇതൊക്കെ എനിക്ക് തികച്ചും പുതുമയുള്ള അനുഭവങ്ങളായിരുന്നു. എന്നെ ഒരുപാട് കെയർ ചെയ്ത ആൾ കൂടിയാണ് അഞ്ജലി. ക്ലൈമാക്സ് ഭാഗം എത്തിയപ്പോൾ എനിക്ക് ഒട്ടും വയ്യാത്ത അവസ്ഥ ആയി. ശാരീരികമായും മാനസികമായും അത്രയും തളർന്ന ദിവസങ്ങളായിരുന്നു അത്. അവൾ എപ്പോഴും എന്റെ കൂടെ ഇരിക്കും, എന്നെ നോക്കും. എന്റെ സ്വന്തം അക്ക (ചേച്ചി) ആണെന്ന് തോന്നി. ഇപ്പഴും ഞങ്ങൾ എന്നും സംസാരിക്കും. ഞാൻ അരുവിക്ക് മുന്നേയും ശേഷവും ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയെ കണ്ട രീതിക്ക് ഒരുപാടൊരുപാട് മാറ്റമുണ്ട്. അതിന് അവളാണ് കാരണം.

അദിതി ഒരു ഭരതനാട്യം നർത്തകിയാണ്. തീയറ്റർ വർക്ഷോപ്പുകളിൽ പങ്കെടുത്തു നാടകം ചെയ്തിട്ടുണ്ട്. ഇതൊക്കെ സിനിമയിൽ സഹായിച്ചോ?

തീയറ്റർ വർക്ഷോപ്പ് അത്ര ഗൗരവമായി ചെയ്ത ഒന്നല്ല. കോളേജ് കഴിഞ്ഞപ്പോൾ തീയറ്റർ എന്താണെന്നു പഠിക്കാനായി ചെയ്തതാണ്. അത് തുടക്കക്കാർക്കു വേണ്ടിയുള്ള പത്തു ദിവസത്തെ ഒരു വർക്ഷോപ്പ് ആയിരുന്നു. പത്തു മിനിറ്റ് നേരമുള്ള ഒരു ചെറിയ നാടകം ചെയ്തു ഞാൻ. പക്ഷെ അത് വല്ലാതെ മുന്നോട്ട് പോകുന്നതിനു മുന്നേ ഈ ഓഡിഷന് വന്ന് അരുവി ചെയ്തു. ഭരതനാട്യം ഞാൻ ഓർമ്മ വച്ച മുതൽ ചെയ്യുന്ന ഒന്നാണ്. രണ്ടും സിനിമയെ എങ്ങനെ സഹായിച്ചു എന്നു ചോദിച്ചാൽ, തീയേറ്ററും ഡാൻസും സിനിമയും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട്. ഡാൻസിലും നാടകത്തിലും അവസാന വരിയിലെ അവസാനത്തെ കാണിക്കു കൂടി കാണാനും ഉൾക്കൊള്ളാനും പാകത്തിലേ നമുക്ക് പെർഫോം ചെയ്യാൻ പറ്റൂ. റീടേക്കുകൾ ഇല്ല. മൂവി കാമറ മുഖത്തെ ഓരോ നേരിയ ചലനം പോലും ഒപ്പിയെടുക്കും. കണ്ണ് കൊണ്ടു പോലും ഒരു കളവ് ചെയ്യാനാവില്ല. എല്ലാം പിടിക്കപ്പെടും. അമിതമായി അഭിനയിക്കാൻ പറ്റില്ല, ഒന്നും കുറയ്ക്കാനും. പക്ഷെ ഡാൻസും തീയേറ്ററും നിങ്ങൾക്ക് ആത്മവിശ്വാസം തരും. സിനിമയിൽ എവിടെയൊക്കെയോ ഗുണം ചെയ്യും. കാണികളെ കണ്ടുള്ള പരിചയവും ഗുണം ചെയ്യും.

അഭിനയം എന്താണെന്നാണ് അരുവി പഠിപ്പിച്ചത്?

പുറമെ നിന്ന് ചിന്തിക്കും പോലെ എളുപ്പമുള്ള ഒരു ജോലി അല്ല അഭിനയം. ഗൗരവമായി അതിനെ കണ്ടാൽ ഓരോ നിമിഷവും ശ്രദ്ധിച്ചു ചെയ്യേണ്ട ഒന്നാണ് അത്. നേരത്തെ പറഞ്ഞ പോലെ ഒന്നും കുറയ്ക്കാനും കൂട്ടാനും പറ്റില്ല. ഓരോ നിമിഷവും ശ്രദ്ധിച്ചു ചെയ്യണം. അതിനപ്പുറം, കുറെ നമ്മളിൽ തന്നെ പലതും പരീക്ഷിക്കാൻ ഉള്ള വേദി കൂടിയാണ് അഭിനയം. പുതിയ ഭാവങ്ങൾ, ചലനങ്ങൾ ഒക്കെ നിരന്തരം പരീക്ഷിക്കുന്നതിന്റെ ത്രില്ല് കൂടിയാണ് അഭിനയം.

അദിതിയിൽ എത്രത്തോളം അരുവി ഉണ്ട്

അരുവിയിൽ ഉള്ള കുസൃതി, നിഷ്കളങ്കമായി പറയുന്ന കാര്യങ്ങൾ ഒക്കെ എന്റെ കൂടി സ്വഭാവമാണെന്ന് അടുപ്പമുള്ള പലരും പറഞ്ഞു. ചില ചലനങ്ങൾ ഒക്കെ സാമ്യമുണ്ട്. പക്ഷെ അരുവി മറ്റൊരു തലത്തിലുള്ള ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയ ആളാണ്. ആ സിനിമ കഴിഞ്ഞപ്പോൾ അരുവിയുടെ എന്തൊക്കെയോ രീതികൾ, സ്വഭാവം ഒക്കെ എന്റെ ഉള്ളിൽ കടന്നു കയറി. അരുവിയിൽ നിങ്ങൾ കണ്ടത് അദിതിയുടെയും അരുവിയുടെയും മിക്സ് ആയ കഥാപാത്രമാണ് എന്ന് പറയാനാണിഷ്ടം.

http://www.azhimukham.com/film-tamil-movie-aruvi-review-by-aparna/

കേരളത്തിൽ വേരുകളുണ്ട് അദിതിക്ക്

എന്റെ അമ്മ വീട് കേരളത്തിലാണ്. ഇടയ്ക്ക് അവധിക്കാലത്ത് അവിടെ വരാറുണ്ട്. കേരളം എന്ന് പറഞ്ഞാൽ എനിക്ക് ഞങ്ങൾ പോയ കുറെ അമ്പലങ്ങളാണ്. പിന്നെ ട്രെയിൻ യാത്രകൾ, കൊച്ചിയിലെ കുറെ സുഹൃത്തുക്കൾ, ഭക്ഷണം... ജനിച്ചതും വളർന്നതും ചെന്നൈയിൽ ആണെങ്കിലും കേരളം എനിക്ക് അവധിക്കാലം പോലുള്ള അനുഭവമാണ്.

കേരളത്തിൽ നിന്നും അരുവിക്ക് കിട്ടുന്ന പ്രതികരണങ്ങൾ അറിഞ്ഞിരുന്നോ?

അറിഞ്ഞിരുന്നു. ഒരുപാട് സന്തോഷം തോന്നുന്നു. സിനിമയെ കുറിച്ച് ഒരുപാട് അറിയുന്നവരാണ് മലയാളികൾ. മലയാളികൾക്ക് തമിഴ് സിനിമയോടുള്ള സ്നേഹം അറിയാം. ഞാൻ ബാംഗ്ലൂർ ആണ് പഠിച്ചത്. അവിടെ കോളേജിലെ മലയാളി സുഹൃത്തുക്കൾ മലയാള സിനിമ കാണും പോലെ തന്നെ തമിഴ് സിനിമ കാണുമായിരുന്നു. സിനിമ കണ്ട് തമിഴ് ഭാഷ പഠിക്കുന്നവർ തന്നെ ഉണ്ട്. ഇത്രയും സിനിമയെ കുറിച്ച് അറിയുന്നവർ, ഒരു പുതുമുഖമായ എന്നെക്കുറിച്ചും മുഖ്യധാരാ താരങ്ങൾ ഇല്ലാത്ത ഞങ്ങളുടെ സിനിമയെ പറ്റിയും നല്ലതു പറയുമ്പോൾ നല്ല സന്തോഷമുണ്ട്. മലയാളികളായ ആൾക്കാർ തിരിച്ചറിഞ്ഞു വരുമ്പോൾ നല്ല സന്തോഷം തോന്നി. നാട്ടിൽ ഒരിക്കൽ ചെന്നപ്പോഴും പലരും തിരിച്ചറിഞ്ഞു.

പുതിയ സിനിമകൾ...

അരുവി ഉണ്ടാക്കിയ പ്രതീക്ഷയിൽ കുറഞ്ഞ ഒരു സിനിമ ചെയ്യുന്നത് ചിന്തിക്കുന്നത് പോലും വയ്യ. ഞാൻ കഥകൾ കേൾക്കുന്നുണ്ട്. പക്ഷെ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല.

http://www.azhimukham.com/film-tamil-movie-aruvi-review-by-vivek-chandran/


Next Story

Related Stories