സിനിമ

ജയസൂര്യ, ഈ നിമിഷം നിങ്ങളാണ് ക്യാപ്റ്റൻ

മലയാള സിനിമ കണ്ട ഏറ്റവും മികച്ച കാസ്റ്റിംഗുകളിൽ ഒന്നാണ് ഈ ചിത്രത്തിൽ ജയസൂര്യയുടേത്

മിമിക്രി ഒരു മോശം കലയല്ല. ആർക്കും അത്രമേൽ അനായാസേന വഴങ്ങുന്ന ഒന്നല്ല അനുകരണം. എന്നിട്ടും, ഒരാൾ മോശമായ അഭിനയം കാഴ്ച വെച്ചാൽ അതൊരുമാതിരി മിമിക്രിയായി എന്ന് വിലയിരുത്തുക പതിവാണ്. അനുകരണം മാത്രമായതിനാലും കഥാപാത്രത്തിലേക്കുള്ള പരകായപ്രവേശം അസാധ്യമായി എന്നതിനാലുമാകാം നാം ചിലപ്പോൾ അത്തരം നിരീക്ഷണങ്ങളിൽ എത്തിച്ചേരുന്നത്. ഒരാളെ അനുകരിക്കുന്നതും അയാൾ തന്നെയായി മാറുന്നതും രണ്ടാണ്. ചമയം കൊണ്ടല്ല, അരങ്ങിന് പുറത്തെ ചമയമില്ലാത്ത ജീവിതം അകം നിറച്ചാടിയാണ് വാനപ്രസ്ഥത്തിൽ കുഞ്ഞിക്കുട്ടനെ മോഹൻലാൽ അനശ്വരനാക്കിയത്. അൽപ്പമൊന്ന് പാളിയാൽ അനുകരണം മാത്രമായി മാറാവുന്ന പല കഥാപാത്രങ്ങളെയും മികവിന്‍റെ കൊടുമുടിയിൽ എത്തിച്ചവരാണ് മലയാളത്തിൽ ലാലും മമ്മൂട്ടിയും. പൊന്തൻമാടയും വിധേയനും സൂര്യമാനസവും മൃഗയയിലെ വാറുണ്ണിയും അടക്കം ഉദാഹരണങ്ങൾ നിരവധി. ഇക്കൂട്ടത്തിൽ അനുകരണം പോലുമാകാതെ വികലമായി പോയ മാതൃകകളും മലയാളത്തിലുണ്ട്. ദിലീപിന്‍റെ ചാന്ത് പൊട്ടും കുഞ്ഞിക്കൂനനും. ഒരു നടന്‍റെ അല്ലെങ്കിൽ നടിയുടെ സാധ്യതയും പരിമിതിയും അളക്കപ്പെടുന്നത് ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴാണ്. അതിൽ അസാമാന്യമായ വിജയം കൈവരിച്ചു എന്ന നിലയിൽ ജയസൂര്യ എന്ന നടനെ ഇനി ക്യാപ്റ്റൻ എന്നുതന്നെ പേരിട്ട് വിളിച്ചാലും തെറ്റില്ല എന്നിടത്താണ് മിമിക്രി വിട്ട് സിനിമയിലേക്ക് വന്ന മറ്റുള്ളവരിൽ നിന്നും ജയസൂര്യ വ്യത്യസ്തനാകുന്നത്.

മലയാള സിനിമ കണ്ട ഏറ്റവും മികച്ച കാസ്റ്റിംഗുകളിൽ ഒന്നാണ് ഈ ചിത്രത്തിൽ ജയസൂര്യയുടേത്. നായകന്‍റെ പിഴക്കാത്ത ഷോട്ടുകൾ, ഉന്നം തെറ്റാതെ എല്ലാം ഗോൾ, തോളിലേറ്റി ആരവം, കയ്യടി, വിസിലടി ഇതൊക്കെയാണല്ലോ കാലാകാലമായി കണ്ടുവരുന്ന ഫുട്ബോൾ സിനിമകൾ. ചിത്രീകരിക്കാൻ എളുപ്പമാണ് വിജയത്തിന്‍റെ ആരവങ്ങൾ. എന്നാൽ, ഉന്മാദങ്ങൾക്കപ്പുറം ഉന്നം പിഴച്ച ഒരു ജീവിതത്തെ വരക്കാൻ, പകർത്താൻ അത്ര എളുപ്പമല്ല. ആ കാഠിന്യത്തെയാണ് ആയാസരഹിതമായി ജയസൂര്യ എന്ന നടൻ അവിസ്മരണീയമാക്കിയത്. ഇനി മറ്റൊരാൾക്കാകാത്ത വിധം വി പി സത്യൻ എന്ന ഫുട്ബോൾ പ്രതിഭയെ വാക്കിൽ, നോക്കിൽ, ആ നടത്തത്തിൽ പോലും ആവാഹിക്കുകയാണ് അയാൾ. സദയം, കിരീടം, വാനപ്രസ്ഥം, ഭരതം, കമലദളം, ഭ്രമരം എന്നീ അസംഖ്യം ചിത്രങ്ങളിൽ മോഹൻലാലിന്‍റെ കണ്ണുകളിൽ നാം കണ്ട ജീവിതത്തിന്‍റെ വരൾച്ചയും ദൈന്യവും ഒറ്റപ്പെടലും വർഷങ്ങൾക്കിപ്പുറം ക്യാപ്റ്റന്‍റെ രണ്ടാം പകുതിയിൽ ജീവിതത്തിൽ തോറ്റുപോയ ആ കളിക്കാരന്‍റെ കണ്ണുകളിൽ കണ്ട് നാം നീറുകയാണ്, പിടയുകയാണ്. തന്നെ ആദരിക്കുന്ന വേദിയിൽ വി പി സത്യൻ മറുപടി പ്രസംഗം നടത്തുന്ന സന്ദർഭം. ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങളിൽ ഒന്നാണ് ആ സീൻ. കളിച്ചും ചിരിച്ചും മിമിക്രി കാണിച്ചും ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ വേഷമാടി നടന്ന ഒരാളാണ് ഇതെന്ന് ചിന്തിക്കാനേ ആകില്ല.

അമ്പരപ്പിക്കുന്ന വിസ്ഫോടനശേഷി അഭിനയത്തിൽ ഒളിപ്പിച്ച അഭിമാനകരമായ യുവത്വമാണ് മലയാള സിനിമയിൽ നമ്മുടേത്. ഫഹദ് ഫാസിലും ദുൽഖർ സൽമാനും ടൊവിനോയും നിവിൻ പോളിയും തന്നെയാണ് ആരോഗ്യകരമായ മത്സരത്തിൽ മുന്നിൽ. തൊണ്ടിമുതൽ കണ്ടാൽ ആരും പറയും ഒന്നാമൻ ഫഹദ് തന്നെയെന്ന്. അപ്പോൾ മായാനദിയിലെ ടൊവിനോ, ഉസ്താദ് ഹോട്ടലിലെയും ചാർലിയിലെയും ദുൽഖർ, ആക്ഷൻ ഹീറോ ബിജുവിലെയും ജൂഡിലെയും നിവിൻ ഇവരൊക്കെയോ എന്ന് ചോദ്യങ്ങൾ ഉയരും. അത്രമാത്രം കഠിനമാണ് ഇവർക്കിടയിൽ കൂടുതൽ മികച്ചയാൾ ആരെന്ന ചോദ്യത്തിന്‍റെ ഉത്തരം കണ്ടെത്തൽ. ഇതിനിടയിലാണ് നിശ്ശബ്ദമായി ജയസൂര്യയുടെ മുന്നോട്ടുപോക്ക്. ആട്, പുണ്യാളൻ പോലെ ആൾക്കൂട്ടത്തെ ആകർഷിക്കുന്ന ചിത്രങ്ങൾ ആഘോഷങ്ങൾ തീർത്ത് കടന്ന് പോവുകയേയുള്ളൂ. കാണുന്നവന്‍റെ ഉള്ളുലയ്ക്കാൻ അവയൊന്നും പോര എന്നതിനാൽ ഫഹദിനെ പോലെ, ടൊവിനോയെ പോലെ ജയസൂര്യ പരിഗണിക്കപ്പെട്ടില്ല എന്നതാണ് വാസ്തവം. മികവോടെ തകർത്താടിയാലും അഭിനയത്തിന്‍റെ സാധ്യതകൾ പിന്നെയും അവശേഷിപ്പിക്കുന്ന ആഴമേറിയ കഥാപാത്രങ്ങളാണ് തൊണ്ടിമുതലിലെ ഫഹദിന്‍റെ കള്ളനും മായാനദിയിലെ ടൊവിനോയുടെ മാത്തനും നിവിന്‍റെ ജൂഡും. അത്തരം മികച്ച കഥാപാത്രങ്ങളുടെ ആനുകൂല്യം അവരോളം ലഭിച്ചിട്ടില്ല ജയസൂര്യക്ക്. ലഭിച്ചപ്പോഴാകട്ടെ ഗംഭീരമാക്കിയിട്ടുമുണ്ട്. അതാണ് സു സു സുധി വാൽമീകത്തിലെ സുധിയിലും ട്രിവാൻഡ്രം ലോഡ്ജിലെ അബ്ദുവിലും കണ്ടത്. ഒരു കാലത്ത് നിർമ്മാതാവിന് മിനിമം ഗാരണ്ടി ഉറപ്പിക്കാവുന്ന നടനായിരുന്നു ജയറാം. പിന്നീട് കുഞ്ചാക്കോ ബോബനും ആ നിരയിലേക്ക് വന്നു. വിജയ ചിത്രങ്ങളിലെ പതിവ് നായകനായി ആ സ്ഥാനത്തേക്ക് ഒടുവിൽ കടന്നു വന്നയാൾ ജയസൂര്യയാണ്. എന്നാൽ, അവയെല്ലാം ആഘോഷ ചിത്രങ്ങൾ ആയതിനാൽ തന്നെ ഫഹദിനും ദുൽഖറിനും ടൊവിനോയ്ക്കും ലഭിച്ച കഥാപാത്രങ്ങളുടെ ക്ളാസ് പരിവേഷം, അതുമൂലം കൈവന്ന താര പദവി ജയസൂര്യയിൽ നിന്നും അന്യമായി. അകലെ നിന്ന ആ പദവിയെ അനന്യമായ അഭിനയ ചാരുതയാൽ അതിവേഗം തന്നിലേക്ക് അടുപ്പിക്കുകയാണ് ക്യാപ്റ്റനിലൂടെ ജയസൂര്യ.

രണ്ടു ഗോളുകള്‍ക്കിടയിലെ ക്യാപ്റ്റന്റെ ജീവിതം

2010ൽ പുറത്തിറങ്ങിയ കോക്ക്ടെയിൽ എന്ന ചിത്രത്തിലെ ഒരു രംഗം. അനൂപ് മേനോനും സംവൃതയും അവതരിപ്പിക്കുന്ന രവി, പാർവതി എന്നീ കഥാപാത്രങ്ങൾ ഫോർച്യൂണറിൽ യാത്ര പോകുന്നു. എന്‍റെ വണ്ടിയൊന്ന് പണിമുടക്കി, ഒരു ലിഫ്റ്റ് എന്ന് ചോദിച്ച് വാഹനം കൈ കാണിച്ച് തടഞ്ഞു നിർത്തി ജയസൂര്യയുടെ എൻട്രി. മിനുട്ടുകൾ നീണ്ട സൗഹൃദ സംഭാഷണത്തിനു ശേഷം പൊടുന്നനെ ഒരു ട്വിസ്റ്റ് ഉണ്ട്. ഏയ് വലത്തോട്ട് തിരിക്ക്യാ എന്നാദ്യം. പിന്നീട് പൊടുന്നനെ രവിയോട് തോക്ക് ചൂണ്ടിയുള്ള ആജ്ഞ, വണ്ടി വലത്തോട്ട് തിരിക്കെടാ. അവിടുന്നങ്ങോട്ടാണ് ചിത്രത്തിന്‍റെ സ്വഭാവം മാറുന്നത്. ജയസൂര്യ എന്ന നടന്‍റെ കരിയർ ഗ്രാഫിലും പ്രകടമായ മാറ്റം ദൃശ്യമാകുന്നത് ആ തോക്ക് ചൂണ്ടലിൽ നിന്നാണ്. ആദ്യം നിങ്ങൾ പരിചയപ്പെട്ട ആളേയല്ല ഞാനെന്ന് പിന്നീടങ്ങോട്ട് കോക്ക്ടെയിലിൽ എന്നതുപോൽ നമ്മോട് ഉറക്കെ പറയുന്നുണ്ട്, ബോദ്ധ്യപ്പെടുത്തുന്നുണ്ട് പഴയ ഈ മിമിക്രിക്കാരൻ പയ്യൻ. അതിന്‍റെ പൂർണ്ണതയല്ല, അമ്പരപ്പിക്കുന്ന തുടർച്ചയിൽ ഒന്ന് മാത്രമാണ് ക്യാപ്റ്റൻ. പൂർണ്ണതയിലേക്ക് ഈ നടനെ ആനയിക്കാൻ കാത്തിരിപ്പാണ് കഥാപാത്രങ്ങൾ ഇനിയും അനേകം.

ഇത് തോറ്റുപോയ ഒരാളുടെ കഥയാണ്; വിജയിച്ച ‘ക്യാപ്റ്റ’ന്റെ സംവിധായകന്‍ പ്രജേഷ് സെന്‍/അഭിമുഖം

ചിത്രം രേഖപ്പെടുത്തുന്നത് പോൽ പാടി പുകഴ്ത്തപ്പെടാത്ത ജീവിതമായിരുന്നു വി പി സത്യന്‍റേത്. വല നിറച്ച ആ വിഷാദഭാരം കണ്ണുകളിൽ കാണാമെങ്കിലും കാലുകൾ പിന്നെയും കുതിയ്ക്കാൻ കൊതിച്ചു. സന്തോഷ് ട്രോഫി ഫൈനൽ ഇടവേളയിൽ ഡ്രസ്സിങ് റൂമിൽ വേദനയാൽ പുളയുമ്പോഴും, കളി ജീവിതത്തിന്‍റെ അന്ത്യത്തിൽ വീട്ടിൽ പാതിരായ്ക്ക് ടെലിവിഷനിൽ ഫ്രഞ്ച് ടീം മൈതാനത്തിലിറങ്ങുന്നത് കാണാൻ കാത്തിരിക്കുമ്പോഴും, അനിത സമയത്തിന് വിളിക്കാത്തതിനാൽ മത്സരം കാണാനാകാതെ വന്ന് കോപവും നിരാശയും മനസ്സിന്‍റെ സമനില നഷ്ടപ്പെടുത്തുമ്പോഴും പ്രിയ ജയസൂര്യ, നിങ്ങളെയല്ല വി പി സത്യൻ എന്ന കളിക്കാരനെ മാത്രമാണ് ഞങ്ങൾ കണ്ടത്. അവിടെയൊന്നും ഒരിക്കൽ പോലും നിങ്ങൾ നിങ്ങളായില്ല, ഓരോ ഇഞ്ചിലും സത്യനെ മാത്രം കണ്ട്, ആ വേദനയിൽ സ്വയമലിഞ്ഞ് ഹൃദയം തകർന്ന് ‍ഞങ്ങൾ തിയേറ്റർ വിട്ടിറങ്ങി.

ആ ലോകകപ്പാണ് സത്യനെ ഇല്ലാതാക്കിയത്- അനിത മനസ് തുറക്കുന്നു

പ്രജേഷ് സെൻ എന്ന മുൻ മാധ്യമ പ്രവർത്തകന്‍റെ, സംവിധായകന്‍റെ കൂടി വിജയമാണ് ഇത്. പ്രജേഷ്, നിങ്ങളെ എങ്ങിനെയാണ് നവാഗത സംവിധായകൻ എന്ന് വിളിക്കുക. നവാഗതത്വം കൽപ്പിക്കുന്ന പരിമിതികൾക്ക് എപ്രകാരം സാധ്യമാകും ഇത്രയും മികച്ച കാസ്റ്റിംഗ്..? അനു സിത്താരയും രൺജി പണിക്കരും സിദ്ദിഖും അതൊന്ന് കൂടി ബലപ്പെടുത്തുകയും ചെയ്യുന്നു. ആത്യന്തികമായി സിനിമയുടെ ക്യാപ്റ്റൻ സംവിധായകൻ ആയതിനാൽ പ്രജേഷിന് നൂറ് മാർക്ക്. പക്ഷെ, ഉന്നം പിഴച്ച ആ ജീവിതം ഉജ്ജ്വലമായി കൊത്തി വെച്ച ജയസൂര്യ, ഫഹദും ദുൽഖറും ടൊവിനോയും നിവിനും അണിചേർന്ന മലയാള യുവനിരയുടെ ക്യാപ്റ്റൻസി അണിയാൻ കൂടി യോഗ്യത നേടുകയാണ്. അടുത്ത മണിക്കൂറിൽ മറ്റൊരാൾ ആകാം, പക്ഷെ ഈ നിമിഷം നിങ്ങളാണ് ക്യാപ്റ്റൻ. അതെ, നിങ്ങൾ മാത്രമാണ് യഥാർത്ഥ ക്യാപ്റ്റൻ.

ഞാന്‍ സത്യേട്ടനെ വീണ്ടും കാണാന്‍ പോവുകയാണ്, അതിന്റെ ആകാംക്ഷയാണ്; അനിത സത്യന്‍/അഭിമുഖം

അനിത ചേച്ചി തന്ന ധൈര്യമാണ് ആ കഥാപാത്രമാകാന്‍ എനിക്ക് കരുത്തായത്; അനു സിത്താര/ അഭിമുഖം

സുബീഷ് തെക്കൂട്ട്

സുബീഷ് തെക്കൂട്ട്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍