TopTop
Begin typing your search above and press return to search.

പഴയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ അതേ പൂമരം; പക്ഷേ, ഇപ്പോള്‍ എവിടെ?

പഴയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ അതേ പൂമരം; പക്ഷേ, ഇപ്പോള്‍ എവിടെ?

ഒടുവിൽ പൂമരം റിലീസായി. സമീപ കാലത്ത് മലയാളി പ്രേക്ഷകർ ഇത്ര കണ്ടു കാത്തിരുന്ന, കളിയാക്കിയ സിനിമകൾ ഉണ്ടോ എന്ന് സംശയമാണ്. ജയറാമിന്റെ മകൻ കാളിദാസ് ജയറാം ആദ്യമായി നായകനാകുന്ന മലയാള സിനിമയാണ് എന്നതായിരുന്നു പൂമരത്തിനെ ചുറ്റിപ്പറ്റി ഉണ്ടായ ആദ്യ കൗതുകം. രണ്ടു സിനിമകളുടെ ചെറുപ്പത്തിലൂടെ തന്നെ പ്രതീക്ഷയുള്ള സംവിധായകനായ എബ്രിഡ് ഷൈൻ പൂമരത്തിന്റെ പ്രതീക്ഷ കൂട്ടുന്ന മറ്റൊരു ഘടകമായിരുന്നു. 2016 ഒടുവിലാണ് 'ഞാനും ഞാനുമെന്റാളും' എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങുന്നത്. ആ പാട്ട് കേരളം ഒന്നടങ്കം ഏറ്റെടുത്തു എന്ന് പറയാം. അന്ന് മറ്റെല്ലാ സിനിമകളെയും പോലെ സിനിമാ സമരത്തിൽ പെട്ട് പൂമരത്തിന്റെ റിലീസ് നീട്ടി എന്നാണ് വാർത്തകൾ വന്നത്. സമരം അവസാനിച്ചപ്പോൾ പൂമരത്തെ കണ്ടില്ല. പൂമരം സിനിമ റിലീസ് നീട്ടി നീട്ടി 'പൂമരമാകുക' എന്ന ഒരു പ്രയോഗം വരെ മലയാള ഭാഷക്ക് നൽകി. സമൂഹ മാധ്യമങ്ങളിൽ ട്രോളർമാരുടെ ഭാവനകളെ വികസിപ്പിക്കുന്നതിൽ പൂമരം വഹിച്ച പങ്കു ചെറുതല്ല. സുദീർഘവും അവ്യക്തവുമായ ആ കാത്തിരിപ്പിനാണ് ഇപ്പോള്‍ അവസാനമായത്.

എന്തായാലും ആ ട്രോളുകളുടെ സൃഷ്ടാക്കളെ കൂടി താങ്ക്സ് കാർഡിൽ ഉൾപ്പെടുത്തിയാണ് പൂമരം തുടങ്ങുന്നത്. കാത്തു കാത്തിരുന്ന റിലീസ് പരീക്ഷാകാലത്ത് ആയതിലെ ആശങ്കകൾ ചില പ്രേക്ഷകർക്കെങ്കിലും ഉണ്ടായിരുന്നു. എന്നാൽ ആശങ്കകളെ ആസ്ഥാനത്താക്കി ഈ കാത്തിരിപ്പിന്റെ ക്ലൈമാക്സ് അറിയാൻ നല്ല ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു. എന്തായാലും വ്യവസ്ഥാപിതമായ എല്ലാ തുടക്കങ്ങളെയും മാറ്റി എഴുതിത്തന്നെയാണ് ടൈറ്റിൽ കാർഡ് മുതൽ സിനിമ നീങ്ങിയത്. പാബ്ലോ നെരൂദയിൽ തുടങ്ങുന്ന ഗാന രചനാ ക്രെഡിറ്റ്സ് അത്ഭുതമുണ്ടാക്കുന്നു. പൂരം എന്ന പേരിൽ നടക്കുന്ന മഹാത്മാ സർവകലാശാല യുവജനോത്സവ കാഴ്ചകളുടെ മുന്നൊരുക്കങ്ങളിലൂടെ ആണ് കുറച്ചു ഭാഗങ്ങൾ. യൂണിവേഴ്സിറ്റി കലോത്സവത്തിൽ കപ്പെടുക്കാൻ രണ്ടു പ്രമുഖ കോളേജുകൾ തമ്മിൽ നടക്കുന്ന മത്സരമാണ് പ്രധാന കഥാതന്തു. യുവജനോത്സവ കാഴ്ചകളാണ് പൂമരം മുഴുവനും.

മഹാരാജ കോളേജിലെ യൂണിയൻ ചെയർ പേഴ്സൺ ഗൗതമൻ ആയി കാളിദാസ് എത്തുന്നു. സിനിമയിലെ നായകൻ നായിക എന്നൊക്കെയുള്ള ബിംബങ്ങളെ കുറെയൊക്കെ നിരാകരിക്കുന്ന സിനിമ ആയതുകൊണ്ട് തന്നെ ഗൗതമന്റെ മാത്രം സിനിമ എന്നൊന്നും ഇല്ല. സെയിന്റ് ട്രീസ എന്ന വനിതാ കോളേജിന്റെ ചെയർപേഴ്സൺ ആയ ഐറിന്റെ (പുതുമുഖം നീത പിള്ള) നേതൃത്വത്തിലെ നിലവിലെ ചാമ്പ്യന്മാരുടെ ടീം ആണ് മഹാരാജ കോളേജിന്റെ മുഖ്യ എതിരാളികൾ. ഏതു സമയവും മത്സരത്തിന്റെ ഗതി മാറ്റാൻ മ്യൂസിക് കോളേജും ഉണ്ട്. ആകെ എറണാകുളത്തെ യൂണിവേഴ്സിറ്റി യൂണിയൻ കലോത്സവത്തെയും മഹാരാജാസിനെയും സെയിന്റ് തേരേസാസിനെയും തൃപ്പൂണിത്തുറ സംഗീത കോളേജിനെയും ഒക്കെ വളരെ പ്രകടമായി തന്നെ ഓർമിപ്പിച്ചു പൂമരം കടന്നു പോകുന്നു. ഒരു യൂണിയൻ കലോത്സവത്തിന്റെ ഡോക്യുമെന്റെഷൻ ആയി പൂമരം തുടങ്ങിയൊടുങ്ങുന്നു.

തീർച്ചയായും പൂമരം ഒരുപാട് സിനിമാ ശീലങ്ങളെ അട്ടിമറിക്കുന്നുണ്ട്. മലയാള സിനിമയിലെ ക്യാമ്പസ് 90കൾ മുതലെങ്കിലും ഏറ്റെടുക്കുന്ന അതിശയോക്തി കലർന്ന ഒരു കൃത്രിമത്വത്തെ, ഇപ്പോൾ കാണുന്ന എഞ്ചിനിയറിങ് പണക്കൊഴുപ്പ് ശീലങ്ങളെ ഒക്കെ വിട്ടു പിടിച്ചു ജീവനുള്ള ആർട്സ് കോളേജ് പരിസരങ്ങളിലേക്ക് പറിച്ചു നേടുന്നുണ്ട് കാഴ്ചകളെ. സർവകലാശാലയും ക്ലാസ്സ്മേറ്റ്സും മാത്രമായിരിക്കും അത്തരത്തിൽ ആർട്സ് ആൻഡ് സയൻസ് കോളേജുകളെ പോപ്പുലർ സിനിമയിൽ പ്രേക്ഷകരെ സ്പർശിക്കും വിധം പ്രതിനിധാനം ചെയ്തത് എന്ന് തോന്നുന്നു. പൂമരം നായകനോ വില്ലനോ നായികയോ ഒന്നുമില്ലാതെ ഒരു കലോത്സവ കാലത്തെ അടയാളപ്പെടുത്തുന്നു. ആ ഒറ്റവരി തന്നെയാണ് സിനിമയുടെ തിരക്കഥയും. ആ അടയാളപ്പെടുത്തൽ കുറെയൊക്കെ റിയലിസ്റ്റിക്കും കാവ്യാത്മകവും ഒക്കെയാണ്. എവിടെയൊക്കെയോ കലോത്സവ കാലം കടന്നു വന്നവർക്ക്, സാക്ഷിയായവർക്ക് ഗൃഹാതുരതയും സിനിമ നൽകിയേക്കാം. മഹാരാജാസിലെയും സെയിന്റ് ട്രീസയിലെയും സംഗീത കോളേജിലെയും കുട്ടികളുടെ പ്രതിനിധാനങ്ങൾ, രീതികൾ ഒക്കെ സൂക്ഷ്മമായ നിരീക്ഷണത്തിനു ശേഷം നിർമിക്കപ്പെട്ടവയാണ്. ഒരു കലോത്സവത്തെ അവർ സ്വീകരിക്കുന്ന രീതി, മൂല്യബോധങ്ങൾ ഒക്കെ മുൻ വിധികൾ ഉള്ളതാണെകിലും റിയലിസ്റ്റിക്ക് ആണ്. നൃത്ത മത്സരാനുബന്ധ കാഴ്ചകൾ ഒരു യുവജനോത്സവ വേദിയിൽ നിന്ന് നേരിട്ട് കാണിച്ചു തരും പോലെ സത്യസന്ധമാണ്.

ഒരു ഡോക്യൂമെന്റേഷന് കാലഗണന സംബന്ധിച്ച വ്യക്തത പ്രധാനമാണ്. ഏറ്റം വിഷാദാർദ്ര വരികൾ കേട്ട് കോണിപ്പടിയിലിരുന്നു കണ്ണീർ തൂകുന്ന ആൺകുട്ടികൾ ഒക്കെ ഇപ്പോഴത്തെ ആർട്സ് കോളേജുകളുടെ യൂണിയൻ ഓഫീസുകളിൽ എങ്കിലും ഉണ്ടാവുമോ എന്ന് സംശയമാണ്. നായകൻ ആരെയും മറിച്ചിടുന്നില്ല എന്ന രീതിയിൽ വേണമെങ്കിൽ സങ്കൽപ്പങ്ങളെ തിരിച്ചിടാം എങ്കിലും സാഹിത്യത്തിൽ അഗാധ പാണ്ഡിത്യമുള്ള ഗൗതമനെ പോലുള്ളവരും 'ഹീറോകൾ' തന്നെയാണ്. കിളിയെ പോലെ 'മണ്ടൻ ഫ്രീക്കന്റെ' എടുത്തുചാട്ടം അയാൾക്കില്ല. ലോർഡ് ബൈറനെ കുറിച്ചാണ് പ്രഭാത ഭക്ഷണത്തോടൊപ്പം അയാളും അച്ഛനും ചർച്ച ചെയ്യുന്നത്. പോലീസുകാരൻ ചോദിക്കുന്ന ഹെന്‍റ്റി തോറോയെ പറ്റി കേട്ടറിവുള്ളത് ഇയാൾക്ക് മാത്രമാണ്. അതികാല്പനികനും ആധുനിക കാലത്തു നിന്നും ബസ് കിട്ടാത്തവനും ആയ നായകനും മറ്റൊരു തരത്തിൽ ബിംബവത്കരണം തന്നെയാണ്. ഐറിൻ എന്ന കഥാപാത്രത്തിന്റെ ചടുലതയും വേഗവും ഒക്കെയാവും ഒരു ദശാബ്ദമെങ്കിലും ആയി കലോത്സവങ്ങൾ. കൃത്യമായ കണക്കുകളുമായി വന്നാണ് അവൾ തന്റെ കോളേജിന് ഊർജം നൽകുന്നത്. ആ ഓട്ടത്തിനിടക്ക് നിന്റെയും എന്റെയും നോവ് മാത്രം ഒന്നല്ലല്ലോ എന്ന് വളരെ കാല്പനികമായി എഴുതി അവൾ കവിതയ്ക്ക് ഗൗതമനൊപ്പം സമ്മാനം വാങ്ങുന്നുണ്ട്. ഗൗതമന്മാർ ആർട്സ് കോളജുകളിൽ നിന്ന് നരച്ച ബാഗുമെടുത്ത് ഇറങ്ങിയിട്ട് കാലങ്ങളായി എന്ന് തിരിച്ചറിയാത്ത പോലെ തോന്നി സിനിമയിൽ. ആക്ഷൻ ഹീറോയിൽ പറയാൻ ബാക്കി വച്ച രംഗങ്ങൾ പോലീസ് സ്റ്റേഷനിൽ വച്ച് ചിത്രീകരിച്ച പോലെയുണ്ട് ജോജോ ഉൾപ്പെട്ട രംഗങ്ങൾ കണ്ടാൽ. ബുദ്ധിസം ഒക്കെ സംസാരിച്ച സ്ഥിതിക്ക് നൃത്താധ്യാപകരെയും ട്രാന്സ്ജെന്ഡേഴ്സിനെയും കുറച്ചു കൂടി സത്യസന്ധവും മനുഷ്യത്വപരവും ആയി അവതരിപ്പിക്കാമായിരുന്നു. അത് റിയലിസ്റ്റിക്ക് ആവുമോ സിനിമ ഉദ്ദേശിക്കുന്ന രീതിയിൽ എന്നറിയില്ല. എബ്രിഡ് ഷൈൻ എന്ന സംവിധായകന് അത്തരം ശരികളുടെ ഭാരം ഇല്ല എന്നും അറിയാം. പക്ഷെ പൂമരം ഉദ്ദേശിക്കുന്ന രാഷ്ട്രീയ മാനം ഒന്നുകൂടി വ്യക്തമാവുമായിരുന്നു.

http://www.azhimukham.com/film-abrid-shine-movie-poomaram-actor-kalidas-interview-by-veena/

കലോത്സവങ്ങൾ തന്നെയാണ് കോളേജ് ജീവിതത്തിലെ ഏറ്റവും ഭംഗിയുള്ള ഒരോർമ. അതിനെ കുറെയേറെ റിയലിസ്റ്റിക്ക് ആയി പകർത്തിയിട്ടുമുണ്ട്. കോളജ് കലോത്സവങ്ങളിൽ പ്രതിഭകൾ തന്നെയാണ് സിനിമയിൽ കുറെ റോളുകൾ ചെയ്യുന്നതും. പക്ഷെ രണ്ടര മണിക്കൂറോളം നീണ്ട യുജനോത്സവ കാഴ്ചകളെ ഉൾക്കൊള്ളാൻ സജ്ജരായ പ്രേക്ഷകർ എത്രയുണ്ട് എന്നത് പൂമരത്തിനു മുന്നിൽ തീർച്ചയായും ഒരു ചോദ്യ ചിഹ്നമാകും. മാത്രവുമല്ല പത്തിലേറെ പാട്ടുകൾ ഒന്നിന് പുറകെ ഒന്നായി കടന്നു വരുന്നത് വല്ലാത്ത വൈചിത്ര്യം ഉണ്ടാക്കുന്നു. ഇത്രയും നീട്ടി മത്സര ഇനങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് ചിലപ്പോഴെങ്കിലും ക്ഷമയെ പരീക്ഷിക്കുന്നുണ്ട്. അച്ഛനും ഗൗതമനും തമ്മിലുള്ള സംഭാഷണങ്ങളുടെ അക്കാദമിക്ക് ഫിലോസഫിക്കൽ ഭാരം സാധാരണക്കാരനായ നായകൻ എന്ന അവകാശവാദത്തെ പൊളിച്ചെഴുതുന്നുണ്ട്. ആധുനികതയും ബൈറനും നെരൂദയുടെ കാല്പനിക വിരഹ വിഷാദവും ഒക്കെക്കൊണ്ട് ഉണ്ടാക്കുന്ന പരിവേഷത്തിനു ക്യാമ്പസ് റിയലിസം എന്ന് വിളിക്കാമോ എന്നറിയില്ല. അതിഥികൾ വന്നു സിനിമയുടെ പൊളിറ്റിക്സ് പ്രസംഗിക്കുന്നതും അരോചകമായി തോന്നി. കാണിയുടെ ആനന്ദത്തെ പറ്റി മീര ജാസ്മിൻ സംസാരിക്കുന്നത് ദൃശ്യവത്കരിച്ചിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി. ഒരു കലോത്സവത്തിന്റെ കാണിയാവാൻ പ്രേക്ഷകരെ ക്ഷണിക്കുകയാണ് സിനിമ. പക്ഷെ ഈ നീളവും അതികാല്പനികതയും ചിലരെ എങ്കിലും മടുപ്പിലാത്ത ആ കാഴ്ച്ചാനുഭവത്തിൽ നിന്ന് ദൂരെ നിർത്തിയേക്കാം.

പൂർണമായ അർത്ഥത്തിൽ ഒരു പരീക്ഷണമാണ് പൂമരം. ക്യാമ്പസ് ജീവിതത്തിന്റെ ഒരു ഭാഗത്തെ ഡോക്യുമെന്റ് ചെയ്യുന്നു എന്ന നിലയിൽ സിനിമ ഒരുപാട് അധ്വാനിച്ചിട്ടുണ്ട്. പക്ഷെ ഒരു സിനിമാ അനുഭവമെന്ന നിലയിൽ നിങ്ങൾ ആ ഓർമയിൽ നിന്ന്, അത്തരം ഒരു സിനിമ അനുഭവത്തിൽ നിന്ന് എത്ര ദൂരത്താണ് അല്ലെങ്കിൽ എത്ര അടുത്താണ് എന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories