സിനിമ

ഖരീബ് ഖരീബ് സിംഗിൾ; ബോളിവുഡിലെ പാര്‍വ്വതിയെ കാണാം, അല്‍പം കുഴപ്പംപിടിച്ച ബന്ധങ്ങളും

Print Friendly, PDF & Email

സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ഇർഫാൻ ഖാന്റെയും പാർവതിയുടെയും കെമിസ്ട്രി ആണ്

അപര്‍ണ്ണ

അപര്‍ണ്ണ

A A A

Print Friendly, PDF & Email

ദിൽ തോ പാഗൽ ഹേ യുടെ സഹ തിരക്കഥാകൃത്തായി കരിയർ തുടങ്ങിയതു മുതൽ തനൂജ ചന്ദ്ര ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ആദ്യ സംവിധാന സംരംഭമായ ദുശ്മൻ മുതൽ പോപ്പുലർ ബോളിവുഡിൽ നിന്നു കൊണ്ടു തന്നെ വ്യത്യസ്തമായ കാമ്പുള്ള പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ഹിന്ദി സിനിമയിൽ അത്ര എളുപ്പമല്ലാത്ത പരീക്ഷണങ്ങൾ നിരന്തരം നടത്തുന്നതു കൊണ്ട് അവരുടെ സിനിമകൾക്ക് ഗൗരവമായിത്തന്നെ കാഴ്ചക്കാരുണ്ട്. ഖരീബ് ഖരീബ് സിംഗിൾ ഇർഫാൻ ഖാനുമൊത്തുമുള്ള അവരുടെ സംവിധാന സംരംഭം എന്നതിലുപരി പാർവതിയുടെ ബോളിവുഡ് പ്രവേശത്തിലൂടെ കൂടിയാണ് മലയാളികൾക്ക് കൗതുകമുണ്ടാക്കുന്നത്. രൂപം കൊണ്ടല്ലാതെ കഥാപാത്രങ്ങൾ കൊണ്ട് ചർച്ച ചെയ്യപ്പെട്ട അപൂർവം സമകാലിക നടിമാരിൽ ഒരാളാണ് അവർ. സ്ത്രീ കഥാപാത്രങ്ങൾക്കു പ്രാധാന്യം നൽകുന്ന തനൂജയുടെ സിനിമയിൽ അവരുടെ പെർഫോമൻസ് കാണികൾ കാത്തിരുന്നു.

ജയ (പാർവതി) ഭർത്താവു മരിച്ച മുപ്പത്തഞ്ചുകാരിയാണ്. മലയാളിയായ ഇവർ മുംബൈയിലാണ് ജോലി ചെയ്യുന്നത്. ഒറ്റയ്ക്കുള്ള ജീവിതത്തിന്റെ മടുപ്പുകളും രസങ്ങളും ഒരു പോലെ ആസ്വദിക്കുന്നുണ്ട് ജയ. ഒരു ഡേറ്റിങ്ങ് സൈറ്റിൽ വച്ച് ജയ യോഗിയെ (ഇർഫാൻ ഖാൻ) പരിചയപ്പെടുന്നു. വിചിത്ര സ്വഭാവിയായ അയാളോട് ആദ്യം അകൽച്ച തോന്നിയെങ്കിലും പിന്നീട് ഇവർക്കിടയിൽ സൗഹൃദമുണ്ടാകുന്നു. ഒന്നിച്ച് വിചിത്രമായ ഒരു യാത്ര പോകുന്ന ഇവർക്കിടയിൽ ഉണ്ടാകുന്ന ആത്മബന്ധത്തിന്റെ കഥയാണ് ഖരീബ് ഖരീബ് സിംഗിൾ.

നടി എത്ര ഹിറ്റുണ്ടാക്കിയിട്ടും കാര്യമില്ല, വിപണി മൂല്യമുണ്ടാവില്ല; നടിമാര്‍ ‘അധിക പ്രസംഗം’ തുടങ്ങണം: പാര്‍വതി

ഒരു തരത്തിൽ ഹിന്ദി പോപ്പുലർ സിനിമയുടെ ഭാഗമായി നിന്നു കൊണ്ടു തന്നെ കരൺ ജോഹറും ഇംതിയാസ് അലിയുമൊക്കെ ഇപ്പോൾ നിരന്തരം കൈകാര്യം ചെയ്യുന്ന വിഷയമാണ് റിലേൻഷിപ്പ് കൺഫ്യൂഷൻ. ബന്ധങ്ങളുടെ അതേ ആശയക്കുഴപ്പത്തെ മറ്റൊരു രീതിയിൽ അവതരിപ്പിക്കുന്ന സിനിമയാണ് ഖരീബ് ഖരീബ് സിംഗിൾ. കല്യാണം, പ്രണയം ഒക്കെ സംബന്ധിച്ച സങ്കൽപ്പങ്ങൾ മാറുന്നുണ്ട്. ഇന്ത്യ പോലൊരു രാജ്യത്ത് അത് തീർച്ചയായും പൊട്ടിത്തെറികൾ ഉണ്ടാക്കുന്നുമുണ്ട്. അതിന്റെ അലകൾ ബോളിവുഡിനെ അതിന്റെ പതിവു പ്രണയ രീതികളെ ഒക്കെ ഒരു കോണിൽ നിന്നു മാറ്റുന്നുണ്ട്. തമാശ, യേ ജവാനി യേ ദിവാനി, യേ ദിൽ ഹെ മുശ്കിൽ, ജബ് ഹാരി മെറ്റ് സേജൽ ഒക്കെ ഈ പ്രമേയത്തെ പല രീതികളിൽ പറഞ്ഞ സമീപകാല സിനിമകളാണ്. മേൽപ്പറഞ്ഞ സിനിമകളെക്കാൾ റിയലിസ്റ്റിക്ക് ആയ സത്യസന്ധമായ ഒരൊഴുക്കുണ്ടെങ്കിലും പ്രമേയപരമായ ആവർത്തന വിരസത ഈ സിനിമക്കും ഉണ്ട്.

സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ഇർഫാൻ ഖാന്റെയും പാർവതിയുടെയും കെമിസ്ട്രി ആണ്. ഹാസ്യവും വളരെ സൂക്ഷ്മമായ വൈകാരികതയും രണ്ടു പേരും കൈകാര്യം ചെയ്യുന്ന രീതിയാണ് സിനിമയുടെ ജീവൻ. ശരീരഭാഷയിലെ വ്യതിയാനങ്ങളെ ഒരിക്കൽ കൂടി പാർവതി സൂക്ഷ്മമായി ഉപയോഗിക്കുന്നുണ്ട്. രണ്ടു പേർ ചേർന്നുള്ള യാത്രയും അതിനിടയിൽ ഉണ്ടാവുന്ന ഇഴയടുപ്പവും കൈകാര്യം ചെയ്തപ്പോൾ വന്ന എഡിറ്റിങ്ങിലെ പിഴവ് ചിലയിടത്തൊക്കെ സിനിമക്ക് പതിഞ്ഞ താളം നൽകുന്നുണ്ട്. സജീവമായ കഥാപാത്രങ്ങളുടെ ചലനങ്ങളോട് ഇത് ചേർന്നു പോവുന്നില്ല. റോഡ് മൂവി എന്ന രീതിയിൽ സിനിമക്കു പുതുമയൊന്നുമില്ല. ബോളിവുഡിന്റെ സ്ഥിരം പാത സിനിമ പിന്തുടരുന്നു. യാത്ര എന്നത് ഒരു ഫിസിക്കൽ അനുഭവം മാത്രമല്ല എന്ന അവസ്ഥയെ സിനിമ പൂർണമായി സംവദിക്കുന്നുമില്ല.

സിനിമ കൂടുതൽ കേന്ദ്രീകരിച്ചിട്ടുള്ളത് പാർവതിയുടെ ജയയിലാണ്. ഒന്നിനോടും വേണ്ടെന്ന് പറയാൻ അറിയാത്ത ആഗ്രഹങ്ങളെ അതിജീവിക്കാൻ കഷ്ടപ്പെടുന്ന ജയയിൽ നിന്ന് സ്വയം സ്നേഹിക്കാൻ പഠിച്ച ജയയിലേക്കുള്ള മാറ്റമാണ് ഒരർത്ഥത്തിൽ സിനിമ. ഏറ്റവും ഇളം നിറത്തിൽ നിന്ന് കടുംനിറ വസ്ത്രത്തിലേക്കുള്ള ജയയുടെ മാറ്റത്തിലൂടെയാണ് അത് സംവദിക്കുന്നത്. ഇർഫാൻ ഖാന്റെ യോഗിക്ക് ഒരു മോട്ടിവേറ്ററുടെ റോളാണുള്ളത്. ചിലപ്പോഴൊക്കെ ഡിയർ സിന്ദഗിയെ ഓർമിപ്പിച്ചെങ്കിലും 35 കഴിഞ്ഞ ഒരു സ്ത്രീയുടെ കഥ ബോളിവുഡിൽ വിപ്ലവം തന്നെയാണ്. ആത്മവിശ്വാസമില്ലാത്ത മലയാളി മധ്യവർത്തി സ്ത്രീയും ആ അർത്ഥത്തിൽ പുതുമ ഉണ്ടാക്കുന്നുണ്ട്. ഡേറ്റിങ്ങ് ആപ്പ് പോലുള്ള ശീലങ്ങളെ സിനിമ ശരി/ തെറ്റ് ദ്വന്ദത്തിൽ പ്രശ്നവത്കരിക്കുന്നുമില്ല.

പലകുറി സംസാരിച്ചെങ്കിലും ആവർത്തന വിരസമായ ചില ഘടകങ്ങൾ ഉണ്ടെങ്കിലും റിലേഷൻഷിപ്പ് കൺഫ്യൂഷനെ ഇന്ത്യൻ പശ്ചാത്തലത്തിൽ കുറെയൊക്കെ സത്യസന്ധമായി അവതരിപ്പിച്ച സിനിമയാണ് ഖരീബ് ഖരീബ് സിംഗിൾ. അത്തരം പുതിയ ഗണം ഇഷ്ടമാണെങ്കിൽ, പാർവതിയുടെ പെർഫോമൻസ് കാണാനിഷ്ടമുള്ളവർക്കു സിനിമക്ക് കയറാം.

‘ബാഹുബലിയോടൊപ്പം സെക്സി ദുര്‍ഗ്ഗ തിരഞ്ഞെടുക്കാത്തതിന് നന്ദി’; ഇന്ത്യന്‍ പനോരമ പ്രഖ്യാപിച്ചു

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Me:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍